Search this blog


Home About Me Contact
2009-07-25

ചന്ദ്രനെതൊട്ട ആദ്യമനുഷ്യര്‍ക്ക് എന്ത് സംഭവിച്ചു?  

നാലുപതിറ്റാണ്ട് മുന്‍പ്, ചന്ദ്രമണ്ഡലത്തിലെ അനന്തതയോളം പുരാതനമായ മൗനം ഭേദിച്ച് ചന്ദ്രനില്‍ കാലുകുത്തിയ ധൈര്യശാലികളായ നീല്‍ ആംസ്‌ട്രോംങ്, എഡ്വിന്‍ ആല്‍ഡ്രിന്‍ മൈക്കിള്‍ കോളിന്‍സ് എന്നീ ബഹിരാകാശ സഞ്ചാരികള്‍ക്ക് ഭൂമിയില്‍ തിരിച്ചെത്തിയ ശേഷം എന്തു സംഭവിച്ചു? അമ്മൂക്കഥകളിലെന്നോണം തന്നെ തൊട്ടശുദ്ധമാക്കിയ മനുഷ്യനുമേല്‍ ചന്ദ്രന്‍ ചൊരിഞ്ഞ ശാപത്തില്‍ നശിച്ചുപോയവരാണോ ഈ ശാസ്ത്രകാരന്മാര്‍? കുറ്റം ചെയ്യുന്നവന് ശിക്ഷ കൂടുതല്‍ കൂട്ടുനില്‍ക്കുന്നവന് കുറവ് എന്ന ലോക നിയമത്തെ ഓര്‍മ്മിപ്പിക്കുമാറ്, ഉപരിതലത്തില്‍ സ്പര്‍ശിക്കാതെ, തന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തുന്ന മനുഷ്യരുടെ ചെയ്‌വനകള്‍ക്ക് സാക്ഷിയായി ലൂണാന്‍ മോഡ്യൂളില്‍ പൊങ്ങികിടന്ന മൈക്കിള്‍ കോളിന്‍സിന് മേല്‍ ചന്ദ്രന്‍ ചൊരിഞ്ഞ ശാപവര്‍ഷത്തിന്റെ കഠിന്യം കുറവായിരുന്നുവോ എന്നു സംശയമുളവാക്കുന്നു, ചന്ദ്രനിനെ കീഴടക്കി തിരിച്ചുവന്ന ഈ മൂന്നുമനുഷ്യരുടെ പിന്നീടുള്ള ജീവിതം. 1969 ജൂലൈ 20-ല്‍ അമ്പിളിമാമനെതൊട്ട്, തിരിച്ചെത്തിയ നീല്‍ ആംസ്‌ട്രോങ്ങും, എഡ്വിന്‍ ആല്‍ഡ്രിനും, മൈക്കിള്‍ കോളിന്‍സും അതിപ്രശസ്തിയുടെ ചുഴലികാറ്റിലേക്കാണ് എടുത്തെറിയപ്പെട്ടത്. മൂവരുടേയും ജീവിതം പിന്നീട് ഒരിക്കലും പഴയതുപോലെയായില്ല. ലക്ഷക്കണക്കിനാളുകളുടെ സ്നേഹാദരങ്ങളോടെ വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസിലേക്കുള്ള ആനയിക്കല്‍, ആട്ടോഗ്രാഫിനായ് പിന്തുടരുന്ന ആരാധകര്‍, ജനലക്ഷങ്ങല്‍ പങ്കെടുക്കുന്ന സ്വീകരണങ്ങള്‍, ലോകത്തിന്റെ എല്ലാ കോണുകളിലേക്കുമുള്ള പര്യടനങ്ങള്‍, യാത്രകള്‍, എപ്പോഴും പിന്തുടരുന്ന പത്രങ്ങള്‍, മീഡിയ പ്രവര്‍ത്തകര്‍. എന്നിട്ടും മൂവരും അധികനാള്‍ നാസയില്‍ തുടര്‍ന്നില്ല. അടുത്ത രണ്ടൂവര്‍ത്തിനുള്ളില്‍ മൂവരും നാസ വിട്ട് തട്ടകം മറി.

നീല്‍ ആംസ്‌ട്രോംങ്-മൗനത്തിന്റെ മാഹാനിദ്രയില്‍

കൊറിയന്‍ യുദ്ധകാലത്ത്, നാവിക സേനാ പൈലറ്റായും, 1966-ല്‍ ജെമിനി എട്ടിന്റെ കമാന്‍ഡ് പൈലറ്റായ് ആദ്യ ബഹിരാകാശ യാത്ര നടത്തിയ അനുഭവ സമ്പത്തുമായുമാണ് നീല്‍ ‍ആംസ്‌ട്രോങ് ചന്ദ്രനിലേക്ക് പുറപ്പെട്ടത്. എന്നാല്‍ സ്വയം തീര്‍ത്ത അഗാധമായ മൗനത്തിന്റെയും, ഭീതിപ്പെടുത്തുന്ന ഒറ്റപ്പെടലിന്റെയും മഹാസമുദ്രത്തിലേക്ക് ഊളിയിട്ടു പോകാനായിരുന്നു ആദ്യമായ് ചന്ദ്രനെ സ്പര്‍ശിച്ച ആ മനുഷ്യന്റെ വിധി. ഓഹായോയിലെ വാപാകെന്റ-യില്‍, 1930 ആഗസ്‌ത്‌ 5-ന്‌ ജനിച്ച നീല്‍ ആംസ്‌ട്രോങ്, ചന്ദ്രനില്‍ കാലുകുത്തിയ ആദ്യമനുഷ്യന്‍ എന്ന വാനോളമുയര്‍ന്ന പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്ന് മൗനത്തിന്റെ അഗാധമായ നീലിമയിലേക്ക് അത്മഹത്യാപരമായ് ഒളിച്ചോടുകയായിരുന്നു. 'മൗഷ്യന് ഒരു കാല്‍‌വെയ്‌പ്, മാനവരാശിക്കോ വന്‍ കുതിച്ചു ചാട്ടം' എന്ന് ചന്ദ്രനില്‍ നിന്നും ഭൂമിയിലെ മനുഷ്യരോട് വിളിച്ചുപറഞ്ഞ നിമിഷം മുതല്‍, നീല്‍ ആംസ്‌ട്രോങ്ങില്‍ എന്തക്കയോ രാസമാറ്റം സംഭവിച്ചുതുടങ്ങുകയായിരുന്നു.

മുന്‍പും പിന്‍പും നോക്കാതെ പണം വാരിയെറിഞ്ഞുകൊണ്ടുള്ള ഒരു കളിയായിരുന്നു അപ്പോളോ-11-ന്റെ കുതിച്ചുചാട്ടം. ഇന്നത്തെ മൂല്യം വച്ച് ലക്ഷം കോടിഡോളര്‍ [അന്‍പത ലക്ഷം കോടി രൂപ] കൊണ്ടുള്ള ഞാണിന്മേല്‍ കളി. നാലു ലക്ഷത്തിലധികം ജനങ്ങള്‍ വിശ്രമമെന്തന്നറിയാതെ ഏതാണ്ട് ഒന്‍പത് വര്‍ഷകാലം പണിയെടുത്തു. അപ്പോളൊ-11 നിര്‍മ്മിച്ച ന്യൂജേഴ്‌സിയിലെ തൊഴിലാളികള്‍ ദിവസവും വൈകിട്ട് അഞ്ചുമണിക്ക് പണി നിര്‍ത്തി മുന്‍‌വാതിലിലൂടെ പുറത്തിറങ്ങി, പിന്‍‌വാതിലിലൂടെ അകത്തുകയറി പാതിരാവെളുക്കോളം പണിയെടുത്തു. ഇത്രയധികം പണവും വിയര്‍പ്പും ചിലവിട്ടിട്ട് അവസാനം അതില്‍ കയറി ചന്ദ്രനില്‍ ഇറങ്ങിയന്ന ഒറ്റകാര്യം കൊണ്ട് എല്ലാ പ്രശസ്തിയും എനിക്കാവുന്നതെങ്ങിനയന്നു ചോദിച്ചുകൊണ്ട് സ്വയം തീര്‍ത്തെടുത്ത കൊക്കൂണിനുള്ളിലേക്ക് സ്വയം ഒതുങ്ങുകയായിരുന്നു നീല്‍ ആംസ്‌ട്രോങ്ങ്. പിന്നീട് അദ്ദേഹം ആര്‍ക്കും അഭിമുഖങ്ങള്‍ നല്‍കിയില്ല. എവിടയും പ്രസംഗിച്ചില്ല. കഴിവതും പ്രശസ്തിയില്‍ നിന്നും മറ്റെല്ലാ തിരക്കുകളില്‍ നിന്നും വിട്ടു നിന്നു.

1971-ല്‍ നാസയില്‍ നിന്നും വിടപറഞ്ഞ്, അദ്ദേഹം, സിന്‍സിനാറ്റി സര്‍‌വകലാശാലയില്‍ പ്രൊഫസറായി ജോലി സ്വീകരിച്ചു. ജോലിയില്‍ പ്രവേശിച്ച ആദ്യദിവങ്ങളില്‍ മണികൂറുകളോളം അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായ് ഒപ്പിട്ടുകൊടുക്കുകയായിരുന്നു നീല്‍ ആംസ്‌ട്രോങ്ങിന്റെ ജോലി. സ്വസ്തമായ് സര്‍‌വ്വകലാശാലാ കാമ്പസില്‍ കൂടി നടക്കാന്‍പോലും ആരാധകര്‍ അദ്ദേഹത്തെ വിട്ടില്ല. എവിടേക്കു പോയാലും ചുറ്റും ഓടികൂടുന്നവരുടെ എണ്ണമറ്റ ചോദ്യങ്ങള്‍. ഒന്നിനും അദ്ദേഹം മറുപടി പറഞ്ഞില്ല. അടച്ചുപൂട്ടി തന്റെ ഓഫീസ് മുറിയിലിരുന്നാല്‍, പുറത്ത് മനുഷ്യ പിരമിഡുകള്‍ തീര്‍ത്ത് മുകളിലുള്ള ജനലിലൂടെ ആളുകള്‍ എത്തിനോക്കി. ഒടുവില്‍ എല്ലാം മതിയാക്കി ജന്മനാട്ടിലേക്ക് തിരിച്ചുപോയി. ചന്ദ്രനില്‍ എന്തു സംഭവിച്ചുവന്നോ, ചന്ദ്രനില്‍ കാലുകുത്തിയപ്പോഴും, അവിടെ ചന്ദ്രധൂളികള്‍ പറത്തി നടന്നപ്പോഴും തനിക്ക് എന്തു തോന്നി എന്നും ഒരിക്കലും അദ്ദേഹം ആരോടും പറഞ്ഞില്ല. 1994-ന് ശേഷം ആര്‍ക്കും ആട്ടോഗ്രാഫ് നല്‍കിയില്ല. കഴിഞ്ഞ നാല്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ രണ്ടു തവണ മാത്രമാണ് അദ്ദേഹം ടി. വി പരിപാടികളില്‍ പങ്കെടുത്തത്. തന്റെ കയ്യൊപ്പ് പതിനായിരക്കണക്കിന് ഡോളറുകള്‍ക്ക് വിറ്റു കാശാക്കി. ബഹിരാകാശ യാത്രികരുടെ ആരാധകര്‍ക്ക് തന്റെ മുടി വില്‍ക്കുന്നു എന്ന പരാതിയുമായ് 2005-ല്‍ മുടിവെട്ടുകാരനെതിരേ കോടതിയില്‍ പരാതി നല്‍കി. ഇപ്പോള്‍ ഓഹായോയിലെ സിന്‍സാനിറ്റിയിലെ ഇന്ത്യന്‍ ഹില്‍സ് എന്ന ചെറുപട്ടണത്തില്‍ എല്ലാ തിരക്കില്‍ നിന്നും ഒഴിഞ്ഞ് അദ്ദേഹം ഒറ്റപ്പെട്ട് ജീവിക്കുന്നു.
തുടരും.........
Picture caption: Astronaut Neil Armstrong, the first human to step on the Moon on July 20, 1969, speaks during a lecture in honor of Apollo 11 at the National Air and Space Museum in Washington, Sunday, July 19, 2009.
അവലംബം. വിക്കിപീഡിയ, മാത്യഭൂമി, മലയാള മനോരമ
ചിത്രം: ഇവിടെ നിന്ന്

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



2 comments: to “ ചന്ദ്രനെതൊട്ട ആദ്യമനുഷ്യര്‍ക്ക് എന്ത് സംഭവിച്ചു?

  • Dr. Prasanth Krishna
    Saturday, July 25, 2009 3:43:00 PM  

    നാലുപതിറ്റാണ്ട് മുന്‍പ്, ചന്ദ്രമണ്ഡലത്തിലെ അനന്തതയോളം പുരാതനമായ മൗനം ഭേദിച്ച് ചന്ദ്രനില്‍ കാലുകുത്തിയ ധൈര്യശാലികളായ നീല്‍ ആംസ്‌ട്രോംങ്, എഡ്വിന്‍ ആല്‍ഡ്രിന്‍ മൈക്കിള്‍ കോളിന്‍സ് എന്നീ ബഹിരാകാശ സഞ്ചാരികള്‍ക്ക് ഭൂമിയില്‍ തിരിച്ചെത്തിയ ശേഷം എന്തു സംഭവിച്ചു?

  • Manoj മനോജ്
    Saturday, July 25, 2009 8:29:00 PM  

    എന്ത് കൊണ്ടായിരിക്കാം അവര്‍ മൌനത്തിലേയ്ക്ക് ഊളിയിട്ടത്? അവര്‍ സ്വയം പിന്വലിഞ്ഞതോ അതോ? കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടപ്പോഴും ചന്ദ്രനില്‍ ഇറങ്ങിയതിനെ കുറിച്ചല്ല മറിച്ച് സാങ്കേതികതകളെ പറ്റിയും, മാര്‍സില്‍ ഇറങ്ങണമെന്നതിനെ പറ്റിയുമാണ് പറഞ്ഞത്!