Search this blog


Home About Me Contact
2009-07-22

ചന്ദ്രയാത്രക്ക് നാല്‍‌പത് വയസ്സ്  

മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയിട്ട്‌ നാല്‍പ്പത് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു‌. ഇന്നോളം മനുഷ്യന്‍ നടത്തിയ ഏറ്റവും സാഹസികമായ പര്യവേഷണമായിരുന്നു മൂന്നു മനുഷ്യരെ പരലോകത്തേക്കയച്ച അമേരിക്കന്‍ ഐക്യ നാടുകളുടെ ഈ ദൗത്യം. എന്നാല്‍ സോവിയറ്റ് യൂണിയനും അമേരിക്കന്‍ ഐക്യനാടുകളും തമ്മിലുള്ള ശീതസരത്തിന്മേല്‍ വിജയം നേടാനുള്ള ഒരു തന്ത്രം മാത്രമായിരുന്നു ഈ ആകാശയാത്ര എന്നതാണ് ഇതിലെ ഏറ്റവും രസാവഹമായ കാര്യം. സ്‌പുട്‌നിക്‌-1നും, സോവിയറ്റ്‌ വോസ്‌റ്റോക്‌-1നും ഒപ്പം യൂറി ഗഗാറിനെയും ബഹിരാകാശത്തെത്തിച്ച സോവിയറ്റ്‌ യൂണിയനെ തോല്‍പ്പിക്കാന്‍ അന്നത്തെ യു. എസ്‌ പ്രസിഡന്റ്‌ ജോണ്‍ എഫ്‌. കെന്നഡിയുടെ മുന്നില്‍ ഇതല്ലാതെ വേറെ വഴികണ്ടില്ല. 'ഈ പതിറ്റാണ്ട്‌ തീരുംമുമ്പ്‌ മനുഷ്യനെ ചന്ദ്രനിലിറക്കി സുരക്ഷിതനായി തിരിച്ചെത്തിക്കും' എന്ന് സോവിയറ്റ് യൂണിയനെ വെല്ലുവിളിച്ചുകൊണ്ട് അമേരിക്കന്‍ ഐക്യനാട് ഇന്നോളം കണ്ടിട്ടുള്ള ഏറ്റവും ശക്തനായ പ്രസിഡന്റ് , വെടിയേറ്റ് മരിക്കുന്നതിന് രണ്ട് വര്‍ഷം മുമ്പ്, 1961, മെയ് 26-ന് പ്രഖ്യാപിച്ചു. പക്ഷേ നീല്‍ ആംസ്‌ട്രോങ്‌ ചന്ദ്രനില്‍ യു. എസ്‌. പതാക നാട്ടിയതും രണ്ടര മണിക്കൂര്‍ സമയം നടന്നതും കാണാന്‍ കെന്നഡി ഉണ്ടായിരുന്നില്ല. 1969 ജൂലായ്‌ 21-ന്‌ 'മിസ്റ്റര്‍ പ്രസിഡന്റ്‌, ഈഗിള്‍ ഹാസ്‌ ലാന്‍ഡഡ്‌ ' എന്ന് ആരോ എഴുതിയത് അദ്ദേഹം അറിഞ്ഞിട്ടുണ്ടാവുമോ?

നീല്‍ ആംസ്‌ട്രോങ്ങും, എഡ്വിന്‍. ഇ. ആല്‍ഡ്രിന്‍ ജൂനിയറും, മൈക്കല്‍ കോളിന്‍സും പേടകത്തിലേക്ക് കാലെടുത്തു വയ്‌ക്കുമ്പോള്‍ അമേരിക്കന്‍ ഐക്യനാടിന്റെ ഹ്യദയമിടിപ്പിന്റെ താളം മുറുകി. സെക്കന്റില്‍ ആയിരം ഗ്യാലന്‍ ഇന്ധനം എരിച്ചുതള്ളിക്കൊണ്ട്‌ 1969 ജൂലായ്‌ 16-ലെ പ്രഭാതത്തില്‍, പ്രാദേശിക സമയം 9.32-ന്, സാറ്റേണ്‍-v, ഈഗിള്‍ എന്ന ഓമനപേരിട്ടു വിളിച്ച അപ്പോളോ 11മായി ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നും കുതിച്ചുയര്‍ന്നപ്പോള്‍ ഹ്യദയാഘാത്തില്‍ ചിലര്‍ മരിച്ചുവീണു. പക്ഷഘാതത്തില്‍ ചിലര്‍ തളര്‍ന്നു വീണു. സമ്മര്‍ദ്ദം താങ്ങാനാവാതെ ലക്ഷങ്ങള്‍ വാവിട്ടു നിലവിളിച്ചു. വൈറ്റ് ഹൗസിലെ ഓവല്‍ ആഫീസിലിരുന്ന പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണും, ദശലക്ഷകണക്കിന് ജനങ്ങളും,ടി. വിയില്‍ കണ്ടുകൊണ്ടിരുന്ന വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാന്‍ പത്തുലക്ഷത്തിലധികം ജനങ്ങള്‍ കെന്നഡി സ്‌പെ‌യ്‌സ് സെന്ററിനടുത്ത് തടിച്ചുകൂടിയിരുന്നു.

ചന്ദ്രനിലിറങ്ങുക എന്ന സ്വപ്‌ന ദൗത്യവുമായ് മനുഷ്യരേയും വഹിച്ചുകൊണ്ടുള്ള മൂന്നാമത്തെ ബഹിരാകാശ യാത്ര. മൂന്നു മനുഷ്യരേയും വഹിച്ചുകൊണ്ട് അന്ന് സാറ്റന്‍-v കുതിച്ചുയര്‍ന്നത് ചരിത്രത്തിലേക്കായിരുന്നു. ഹ്യദയം പൊട്ടിപോകുന്ന ആകാംഷയുടെ നീണ്ട മൂന്നു ദിവസങ്ങള്‍ക്കൊടുവില്‍ ജൂലായ്‌ 20-ന്‌ ആ ചെറുപേടകം ചന്ദ്രനിലിറങ്ങാന്‍ ഇടം തേടി നടന്നു. പെട്ടെന്ന്‌ അപായസൂചന നല്‍കി വാഹനത്തിലെ മഞ്ഞവെളിച്ചം തുടരെ മിന്നി. അമൂല്യമായ ഇന്ധനം എരിഞ്ഞു തീരുന്നു. ചന്ദ്രനരികെ, അതിനെ തൊടാനാകാതെ. എല്ലാം അവസാനിച്ചുവന്ന് തോന്നിയ നിമിഷങ്ങള്‍. കാലുകുത്താനിടം കാണാതെ അപ്പോഴും ഈഗിള്‍ ചന്ദ്രനുചുറ്റും കറങ്ങി നടന്നു. ഒരുമിനിറ്റു നേരംകൂടി പറക്കാനുള്ള ഇന്ധനം മാത്രം ബാക്കി. ഈഗിള്‍ ഇനിയും ചന്ദ്രനെ തൊട്ടിട്ടില്ല. ആകാക്ഷയുടേയും പ്രാര്‍ത്ഥനകളുടേയും ഒടുവില്‍ കോര്‍ഡിനേറ്റഡ് യൂണിവേഴ്‌സല്‍ സമയം 20. 17-ന്, വെറും ഇരുപത്തിയഞ്ച് സെക്കന്‍ഡ് കൂടി മാത്രം കത്താനുള്ള ഇന്ധനവുമായി ഈഗിള്‍ ചന്ദ്രോപരിതലം തൊട്ടു. ഫ്ലോറിഡയിലെ പ്രാദേശിക സമയം രാത്രി 10.56-ന് ചന്ദ്രനില്‍ ആദ്യമായ് മനുഷ്യന്‍ കാലുകുത്തി. അങ്ങനെ നീല്‍ ആംസ്‌ട്രോങ് ചന്ദ്രന്റെ ആദമായി. അവിടെ നിന്ന്‌ ആദം ഭൂമിയോട്‌ വിളിച്ചു പറഞ്ഞു: 'മനുഷ്യന്‌ ഒരു കാല്‍വെപ്പ്‌; മനുഷ്യരാശിക്ക്‌ ഒരു കുതിച്ചു ചാട്ടം'. നീണ്ട നാല്‍‌പത് കൊല്ലങ്ങള്‍ കടന്നുപോയിട്ടും മനുഷ്യരാശി കുതിച്ചു ചാടിയില്ല. പുത്തന്‍ ബഹിരാകാശ പര്യവേഷണങ്ങള്‍ക്കും, ചന്ദ്രനില്‍ പുതിയ പഠനങ്ങള്‍ക്കും തുടക്കമാവുമെന്നു കരുതിയ അപ്പോളോ 11-ന്റെ യാത്ര തുടര്‍ന്നു പത്തുപേരെകൂടി ചന്ദ്രനിലെത്തിച്ചുകൊണ്ട്, നടന്ന നാലു‌ യാത്രകളിലായ്, മൂന്നു മനുഷ്യരുടെ അസാമാന്യ ധീരതയുടെയും വൈദഗ്‌ധ്യത്തിന്റെയും തെളിവും സാങ്കേതികവിദ്യയുടെ നേട്ടവും മാത്രമായൊതുങ്ങി. ശീതയുദ്ധത്തില്‍ സോവിയറ്റ്‌ യൂണിയനുമേല്‍ വിജയം നേടുക-റഷ്യക്കാര്‍ക്കു മുമ്പേ ചന്ദ്രനിലെത്തുക- എന്ന ലക്ഷ്യം നിറവേറ്റിയതോടെഅമേരിക്കയുടെ ബഹിരാകാശ സ്വപ്‌നങ്ങള്‍ അവസാനിച്ചു. ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സാറ്റേണ്‍ v-യുടെ, നിര്‍മാതാവ്‌ വെര്‍നെര്‍ വോണ്‍ ബ്രൗണിന്റെ 'സമുദ്ര ജീവികള്‍ കരയിലേക്കിഴഞ്ഞുകയറിവന്ന പരിണാമത്തിന്റെ നിമിഷത്തിനു തുല്യം ഈ നിമിഷം' എന്ന അതിഭാവുകത്വം നിറഞ്ഞ വാക്കുകളെ വെറും ജല്‍‌പനങ്ങളായ് അവശേഷിപ്പിച്ചുകൊണ്ട് അവസാനിച്ചത് ബഹിരാകാശ പര്യവേഷണത്തെപ്പറ്റിയുള്ള ലോകത്തിന്റെ മുഴുവന്‍ സ്വപ്‌നങ്ങളായിരുന്നു.
തുടരും........


അവലംബം. വിക്കിപീഡിയ, മാത്യഭൂമി, മലയാള മനോരമ
ചിത്രം: വിക്കിപീഡിയ ഒന്ന്, രണ്ട്


What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



1 comments: to “ ചന്ദ്രയാത്രക്ക് നാല്‍‌പത് വയസ്സ്

  • Dr. Prasanth Krishna
    Friday, July 24, 2009 1:59:00 PM  

    വെര്‍നെര്‍ വോണ്‍ ബ്രൗണിന്റെ 'സമുദ്ര ജീവികള്‍ കരയിലേക്കിഴഞ്ഞുകയറിവന്ന പരിണാമത്തിന്റെ നിമിഷത്തിനു തുല്യം ഈ നിമിഷം' എന്ന അതിഭാവുകത്വം നിറഞ്ഞ വാക്കുകളെ വെറും ജല്‍‌പനങ്ങളായ് അവശേഷിപ്പിച്ചുകൊണ്ട് അവസാനിച്ചത് ബഹിരാകാശ പര്യവേഷണത്തെപ്പറ്റിയുള്ള ലോകത്തിന്റെ മുഴുവന്‍ സ്വപ്‌നങ്ങളായിരുന്നു.