Search this blog


Home About Me Contact
2012-01-23

ന്യൂസ് പേപ്പർ ബാറ്ററി-ഇനി ഉപയോഗ ശൂന്യമായ ന്യൂസ് പേപ്പർ ഉപയോഗിച്ച് മൊബൈൽ ചാർജ് ചെയ്യാം  

നിങ്ങൾ വെറുതേ കത്തിച്ചു കളയുന്ന അല്ലങ്കിൽ നിസാരവിലക്ക് തൂക്കിവിറ്റ് വീട്ടിലെ സ്ഥാലം ഒഴിക്കുന്ന പഴയ പത്രകടലാസ് ഉപയോഗിച്ച് നിങ്ങളുടെ മൊബൈൽ ഫോൺ, ലാപ്ടോപ്, ക്യാമറ തുടങ്ങിയ ഉപകരണങ്ങൾ ചാർജു ചെയ്യുന്ന കാര്യം ഒന്നു ആലോചിച്ചുനോക്കൂ. വെറുതേ ഭ്രാന്ത് പറയരുതേ എന്നാവും നിങ്ങൾക്ക് എന്നോട് പറയാൻ തോന്നുക. എന്നാൽ സംഗതി യാഥാർഥ്യമാകാൻ പോകുകയാണ്. ബയോബാറ്ററികൾ എന്നവിഭാഗത്തിൽ പെടുത്താവുന്ന ഈ ബാറ്ററികളുടെ പ്രാഥമിക രൂപംലാബിൽ വികസിപ്പിച്ചെടുത്തുകഴിഞ്ഞു. കടലാസുകഷണങ്ങൾ എൻസൈം സെലുലോസിക് ലായനിയിൽ കുതിർത്തെടുത്ത് അതിനെ ഒരു ബൾബുമായ് ഘടിപ്പിച്ചാൽ മിനിട്ടുകളോളം അത് പ്രകാശിക്കുന്ന ഡിസ്പ്ലേ എനർജി റിസേർച്ച് എക്സിബിഷനുകളിൽ ഇതിനോടകം പ്രദർശിപ്പിച്ചു കഴിഞ്ഞു.

സെലുലോസിനെ എൻസൈം സെലുലോസിക് ലായനിയുടെ സാന്നിധ്യത്തിൽ വിഘടിപ്പിച്ച് ഗ്ലോക്കോസാക്കി മാറ്റുകയും ഇറ്റിനെ അന്തരീക്ഷ വായുവിലെ ഓക്സിജനുമായ് സംയോജിച്ച് സെലുലോസിനെ എൻസൈം സെലുലോസിക് ലായനിയുടെ സഹായത്തോടെ ഇലക്ട്രോണുകളും ഹൈഡ്രജൻ അയോണുകളുമാക്കി മാറ്റുന്നു. ഇങ്ങനെ സ്വതന്ത്രമാകുന്ന ഇലക്ട്രോണുകളെ ഒരു എക്സ്റ്റേണൽ സർക്യൂട്ടിന്റെ സഹായത്തോടെ കടത്തിവിട്ട് വൈദ്യുതപ്രവാഹമാക്കി മാറ്റുന്നു. ഈ വൈദ്യുതി ഉപയോഗിച്ച് ബൾബുകൾ കത്തിക്കുകയും മൊബൈൽ ഫോണുകളിലും ലാപ്ടോപ്പുകളിലും ഐപാഡുകളിലും മറ്റും ഉപയോഗിക്കുന്ന ലിതിയം അയോൺ ബാറ്ററികൾ ചാർജ് ചെയ്യാനും കഴിയും.
.

2012-01-20

ഐഫോണുകളില്‍ ഫ്യുവല്‍ ബാറ്ററികള്‍ വരുന്നു  

ആപ്പിൾ, സ്മാര്‍ട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ തുടങ്ങിയവയില്‍ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ ഉപയോഗിക്കാൻ ഒരുങ്ങുകയാണ്. യു.എസ്. പേറ്റന്റ് ആന്‍ഡ് ട്രേഡ് മാര്‍ക്ക് ഓഫീസിൽ ഇതുമായ് ബന്ധപ്പെട്ട അപേക്ഷകൾ ആപ്പിൾ സമർപ്പിച്ചു കഴിഞ്ഞു. ഇതു സാധ്യമാകുന്നതോടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നാണ് യാഥാർത്ഥ്യമാകാൻ പോകുന്നത്. നിലവിൽ ഉപയോഗിക്കുന്ന ലിതിയം അയോൺ ബാറ്ററികൾ ദിവസവും ചാർജ് ചെയ്യേണ്ട ഗതികേടിലാണ് ഓരോ ഉപയോക്താവും. ഉയർന്ന എനർജി ഡൻസിറ്റി ബാറ്ററികൾ (High energy density batteries) ഡവലപ് ചെയ്യുന്നുണ്ടങ്കിലും ഫോണിന്റെ ഭാരവും കനവും കൂടുമന്നതിനാലാണ് ആപ്പിൾ ഫ്യൂവൽ സെല്ലുകളിലേക്ക് തിരിഞ്ഞിരിക്കുന്നത്.

ഓക്‌സിജനും ഹൈഡ്രജനും സംയോജിപ്പിച്ച് ജലവും വൈദ്യുതിയും ഉണ്ടാക്കുന്ന നൂതന സാങ്കേതികവിദ്യയാണ് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകളുടേത്. ഏതാനും വർഷങ്ങൾക്ക് മുൻപേതന്നെ വൻകിട വാഹന കമ്പനിയായ നിസാൻ അവരുടെ ഫ്യൂവൽ സെൽ ഇലക്ട്രിക് കാറുകളിൽ ഈ സാങ്കേതിക വിദ്യ ഉപ്യോഗിച്ചുവരുന്നുണ്ട്. എന്നാൽ മൊബൈൽ ഫോണുകളിലും ലാപ്ടോപ് തുടങ്ങിയ പോർട്ടബിൽ ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഈ സാങ്കേതിക വിദ്യ നടപ്പിലാക്കുക അത്ര എളുപ്പമല്ല. അതിനാൽ ഒരേസമയം വൈദ്യുതി ഉത്പാദിപ്പിക്കാനും, റീച്ചാര്‍ജ് ചെയ്യാവുന്ന High energy density ലിതിയം അയോൺ ബാറ്ററിയിൽ നിന്നും വൈദ്യുതി ഉപയോഗിക്കാനും സാധിക്കുന്ന നൂതനമായ ഫ്യുവല്‍സെല്‍ സംവിധാനമാണ് ആപ്പിള്‍ വിഭാവന ചെയ്തിരിക്കുന്നത്. ഈ സങ്കേതം സാധ്യമാക്കുകയെന്നത് അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞ ഒന്നാണെന്ന് ആപ്പിളും സമ്മതിക്കുന്നു. വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞാൽ ചാര്‍ജുചെയ്യാതെ ദിവസങ്ങളോ ആഴ്ചകളോ തുടർച്ചയായി പ്രവര്‍ത്തിക്കാന്‍ ഇത്തരം ഫ്യുവല്‍ സെല്‍ സംവിധാനത്തിന് കഴിയുമെന്ന ആപ്പിളിന്റെ അവകാശവാദത്തെ ഈ മേഖലയിൽ ഗവേഷണം ചെയ്യുന്ന ഞാനും അംഗീകരിക്കുന്നതോടോപ്പം പോർട്ടബിൽ ഇലക്ട്രോണിക് രംഗത്ത് വമ്പൻ സാധ്യതകൾക്ക് വഴിയൊരുക്കുമന്നും സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ പുതിയ ബാറ്ററി സിസ്റ്റവുമായ് ഐഫോണുകളും മാക്ബുക്കുകളും ഐപാഡുകളും വിപണിയിലെത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും.
.

2011-12-15

ഇന്ത്യയിലെ ആദ്യത്തെ ഡോക്ടറൽ ബിരുദധാരിയായ ശാസ്ത്രകാരി  

എഴുത്തുകാരും കലാകാരന്മാരും സാഹിത്യ പ്രവർത്തകരും രാഷ്ട്രീയക്കാരും പൊതു സമൂഹത്തിൽ അറിയപ്പെടുമ്പോൾ ഒരുജന്മം മുഴുവൻ ശാസ്ത്രഗവേഷണത്തിലൂടെ മാനവജനതയുടെ ജീവിത നിലവാരം ഉയർത്താൻ കെമിക്കലുകളോടും കാഴ്സനോജനിക് മെറ്റീരിയലുകളോടും മല്ലിടുന്ന ശാസ്ത്രകാരന്മാരെ മുഖ്യധാരാ സമൂഹവും മാധ്യമങ്ങളും അറിപ്പെടാതെപോകുന്നു. അറിയിക്കാൻ അവർ ശ്രമിക്കാറുമില്ല. പൊതുസമൂഹത്തെ നമുക്ക് വിടാം. സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ള എത്രപേർക്ക് കേരളത്തിൽ ഇന്നു ജീവിച്ചിരിക്കുന്ന 10 ശാസ്ത്രജ്ഞൻമാരുടെ പേരുകൾ പറയാൻ കഴിയും? ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള ഒരു ഉദ്യോഗാർത്ഥിയോട് മന:പ്പൂർവ്വം ഞാൻ രണ്ട് ചോദ്യങ്ങൽ ചോദിച്ചു. ഒന്നാമത്തെ ചോദ്യം മലയാളത്തിലെ പ്രമുഖനായ ഒരുനായകന്റെ 10 സിനിമകളുടെ പേരും രണ്ടാമത്തെ ചോദ്യം കേരളത്തിലെ ജീവിച്ചിരിക്കുന്ന 10 ശാസ്ത്രക്ഞ്ജന്മാരുടെ പേരുകളുമായിരുന്നു. ആദ്യത്തെ ചോദ്യത്തിന് വളരെ ക്യത്യമായ് ഉത്തരം തന്ന ഉദ്യോഗാർത്ഥി രണ്ടാമത്തെ ചോദ്യത്തിന് തന്നത് വെറും അഞ്ച് പേരുകൾ മാത്രം. നമുക്ക് ഇന്നും ആകെ അറിയുന്ന ജീവിച്ചിരിക്കുന്ന ഒരു ശാസ്ത്രജ്ഞൻ എ.പി.ജെ അബ്ദുൾ കലാം മാത്രമാണ്. അതും അദ്ദേഹം ഇന്ത്യൻ പ്രസിഡന്റായതുകൊണ്ടുമാത്രം. അത്രയേയുള്ളൂ നമ്മുടെ ശാസ്ത്രജ്ഞാനം. ഇ.കെ.ജാനകി അമ്മാള്‍ എന്ന പേര് കേരളത്തിലെ ശാസ്ത്ര സമൂഹത്തിനുപോലും അത്ര പരിചയമുണ്ടന്ന് എനിക്ക് തോന്നുന്നില്ല. വിദേശ രാജ്യങ്ങളിൽ പോലും ഇന്നും ക്യഷിചെയ്യുന്ന കരിമ്പിനങ്ങളായ സക്കാറം സീ (Saccharum x Zea), സക്കാറം എറിയാന്തസ് (Saccharum x Erianthus), സക്കാറം ഇംപെറാറ്റ് (Saccharum x Imperata), സക്കാറം സോര്‍ഘം (Saccharum x Sorghum) തുടങ്ങിയവ പലരും കേട്ടിട്ടുണ്ടങ്കിലും അതു വികസിപ്പിച്ചെടുത്ത പ്രതിഭയെകുറിച്ച് അധികം ആർക്കും അറിവില്ല എന്നതാണ് സത്യം. ഒരിക്കൽ ബോട്ടണിയിൽ എം.എസിയും ബി.എഡും ഉള്ള ഒരു കോളജ് അധ്യാപികയോട് ജാനകി അമ്മാളിനെ അറിയുമോ എന്നു ചോദിച്ചപ്പോൾ കിട്ടിയത് അവർ സംഗീതക്ഞയല്ലേ എന്ന വളരെ രസകരമായ മറുപടിയായിരുന്നു.

ഇന്ത്യയുടെ ചരിത്രത്തിൽ ശാസ്ത്രവിഷത്തിൽ ഡോക്ട്രറേറ്റ് നേടിയ ആദ്യവനിതയന്ന ഇനി ഒരിക്കലും ആരാലും തകർക്കപ്പെടാൻ കഴിയാത്ത ചരിത്രം തങ്കലിപികളിൽ എഴുതി ചേർക്കപ്പെട്ട ഇ.കെ ജാനകി അമ്മാളിനെ കേരളം പോലും ഓർക്കാതെ പോകുന്നത് ദയനീയമാണ്. ശാസ്ത്രരംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകി മൺമറഞ്ഞുപോയ -നൽകികൊണ്ടിരിക്കുന്ന- ധാരളം ഇന്ത്യൻ വനിതകൾ ഉണ്ടന്നിരിക്കിലും ഉന്നത കുലജാതകളായ സ്ത്രീകളെപോലും വിദ്യാഭ്യാസം ചെയ്യിക്കുവാനോ ജോലിക്കു വിടുവാനോ തയ്യാറാകാതിരുന്ന തികച്ചും അപരിഷ്ക്യതമായ ഒരു സമൂഹിക ചുറ്റുപാടിൽ യാഥാസ്ഥിതികരായ ഒരു ജനസമൂഹത്തെ മുഴുവൻ വെല്ലുവിളിച്ചുകൊണ്ട് പുരുഷാധിപത്യം മാത്രം നിലനിന്ന ഒരു സമൂഹത്തിലേക്കാണ് ജാനകി അമ്മാൾ ശാസ്ത്ര ഗവേഷണങ്ങളുമായ് സധൈര്യം കടന്നു വന്നത്.

1987-ൽ തലശ്ശേരിയില്‍ സബ് ജഡ്ജിയായിരുന്ന ദിവാന്‍ ബഹാദൂര്‍ ഇ.കെ.കൃഷ്ണന്റെയും ദേവി അമ്മയുടെയും മകളായി ജനിച്ച ജാനകി അമ്മാള്‍ തലശ്ശേരിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം സ്വന്തം ഇഷ്ടപ്രകാരം, സാമൂഹികവും സാമുദായികവുമായ എല്ലാ വെല്ലുവിളികളേയും സ്വയം ഏറ്റെടുത്തുകൊണ്ട് ബിരുദപഠനത്തിനായി മദ്രാസിലേക്ക് വണ്ടികയറി. 1921 പ്രസിഡന്‍സി കോളേജില്‍ നിന്ന് സസ്യശാസ്ത്രത്തില്‍ ഹോണേഴ്‌സ് ബിരുദം നേടിയശേഷം മദ്രാസ് വിമന്‍സ് കൃസ്ത്യന്‍കോളേജില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. ചുരുങ്ങിയകാലത്തെ അധ്യാപനവ്യത്തിക്കുശേഷം ജാനകി അമ്മാൾ 1921-ല്‍ മിഷിഗണ്‍ സര്‍വകലാശാലയുടെ സ്‌കോളര്‍ഷിപ്പോടുകൂടി ബിരുദാനന്തര ബിരുദം നേടുന്നതിനായ് അമേരിക്കയിലേക്ക് പോയി. തിരിച്ച് കൃസ്ത്യന്‍കോളേജിലെത്തിയെങ്കിലും മിഷിഗണ്‍ സര്‍വകലാശാലയുടെ ആദ്യ ബാര്‍ബോര്‍ സ്‌കോളര്‍ഷിപ്പിനായ് തിരഞ്ഞെടുക്കപ്പെട്ട അവർ വീണ്ടും അമേരിക്കയിലേക്ക് തിരികെപോയി. 1931-ല്‍ അവർ സസ്യശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയപ്പോൾ ശാസ്ത്രവിഷയത്തില്‍ ഒരു ഇന്ത്യന്‍വനിത നേടുന്ന ആദ്യ ഗവേഷണ ബിരുദമായി അത്.

ഉന്നതനിലയിൽ ഗവേഷണം പൂർത്തിയാക്കിയ ജാനകി അമ്മാളെ തേടി ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും ധാരാളം ഓഫാറുകൾ വന്നങ്കിലും ഇന്ത്യയെ തന്നെ തന്റെ കർമ്മ മണ്ഡലമായ് അവർ തിരഞ്ഞെടുത്തു.തിരുവനന്തപുരം മഹാരാജാസ് കേളേജ് ഓഫ് സയന്‍സില്‍ സസ്യശാസ്ത്ര പ്രൊഫസറായി രണ്ടുവര്‍ഷം സേവനം അനുഷ്ഠിച്ചശേഷം കോയമ്പത്തൂര്‍ ഷുഗര്‍കേന്‍ ബ്രീഡിങ് ഇന്‍സ്റ്റിറ്റിയൂട്ടിൽ ശാസ്ത്രജ്ഞയായ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുമ്പോഴും അന്താരാഷ്ട്ര ശാസ്ത്രസമൂഹം ജാനകി അമ്മാളിന്റെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 1940 ല്‍ ലണ്ടനിലെ പ്രശസ്തമായ ജോണ്‍ ഇന്‍സ് ഹോട്ടികള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആ ഗവേഷകയെ അവിടേക്ക് ക്ഷണിച്ചു. അവിടെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ സസ്യശാസ്ത്രജ്ഞന്‍ സി.ഡി.ഹാമില്‍ട്ടനുമായി ചേര്‍ന്നെഴുതിയ 'ദ ക്രോമസോം അറ്റ്‌ലസ് ഓഫ് കള്‍ട്ടിവേറ്റഡ് പ്ലാന്റ്‌സ് ' എന്ന ഗ്രന്ഥം ഇന്നും സസ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗദര്‍ശിയാണ്. സ്വാതന്ത്യാനന്തരം അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹറുവിന്റെ പ്രത്യേക ക്ഷണപ്രകാരം അവർ ഇന്ത്യയിലേക്ക് വീണ്ടും മടങ്ങിവന്നു. 1956 ല്‍ മിഷിഗണ്‍ സര്‍വകലാശാല ഹോണററി ഡോക്ടറേറ്റും 1957 ല്‍ ഇന്ത്യ പദ്മശ്രീയും നല്‍കി ആദരിച്ച ജാനകിഅമ്മാള്‍ സസ്യശാസ്ത്രത്തിന് നല്‍കിയ സംഭാവനകള്‍ അമൂല്യമാണ്. 1970-ല്‍ മദ്രാസ് സര്‍വകലാശാലയിൽ എമിററ്റസ് സയന്റിസ്റ്റായി നിയമിച്ചതോടെ ജാനകി അമ്മാള്‍ കര്‍മമണ്ഡലം വീണ്ടും മദ്രാസിലേക്ക് മാറ്റി. അവിവാഹിതയായിരുന്ന ജാനകി അമ്മാള്‍ 1984 ല്‍ മരിക്കുന്നതുവരെ പഠനഗവേഷണങ്ങളുമായി മദ്രാസില്‍ കഴിഞ്ഞു. പ്രാക്തനമായ ഒരു കാലഘട്ടത്തിന്റെ പരിമിതികളെ ഭേദിച്ച് അനസ്യൂതം തന്റെ കര്‍മപഥത്തില്‍ മുന്നേറിയ അവർ തന്റെ നേട്ടങ്ങളെ സ്വന്തം സുഖസൗകര്യങ്ങള്‍ക്ക് ഉപയോഗിക്കാതെ തികച്ചും ലളിതമായ ജീവിതം നയിച്ച് ശാസ്ത്രഗവേഷണത്തിനായ് തന്റെ ജീവിതം ഉഴിഞ്ഞുവച്ചു. കേരളത്തിൽ അധികം ആരും അറിയപ്പെടാതെ പോയ അപൂർവ്വമായ ആ പ്രതിഭയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.
.

2011-11-27

മുല്ലപ്പെരിയാർ പൊട്ടുമന്ന് കേരളത്തിനങ്കിലും ഉറപ്പുണ്ടോ?  

കുറേ കാലങ്ങളായി മലയാളിയുടെ ഉറക്കം കെടുത്തുന്നു എന്ന് കൊട്ടി(ആ)ഘോഷിക്കപ്പെടുന്ന ഒരു വലിയ ദുരന്തം. ഒരു മുഖവുരയുടേയോ വിശദീകരണത്തിന്റെയോ ആവശ്യമില്ല മുല്ലപെരിയാർ അണകെട്ടുതന്നെ. ഏതുസമയവും പൊട്ടി ഒഴുകി കേരളത്തിലെ മുപ്പത്തഞ്ച് ലക്ഷത്തില്പരം ജനങ്ങളേയും അഞ്ചു ഡിസ്റ്റിക്കുകളേയും നിമിഷങ്ങൾകൊണ്ട് അറബികടലിലെത്തിക്കുമന്ന് ചർച്ചകൾക്കുമേലെ ചർച്ച ചെയ്യപ്പെടുന്ന മുല്ലപെരിയാർ ജലബോംബ്. അങ്ങനെ സംഭവിച്ചാൽ ലോകെത്തെവിടെയും നടന്നതിൽ വച്ച് ഏറ്റവും വലിയ അണക്കെട്ടു ദുരന്തം, അതിലുപരി മുൻകൂട്ടിയറിഞ്ഞിട്ടും ഇന്ത്യയിലെ പരമോന്നത നീതിന്യായ വ്യവസ്ഥയുടെ ചുവപ്പുനാടകളിൽ കുരുക്കിയിട്ട് പിടിപ്പില്ലാത്ത ഭരണകൂടങ്ങളുടെ അനാസ്ഥയാൽ വിളിച്ചുവരുത്തിയ ചരിത്രത്തിലെ ഏറ്റവും മലിയ മഹാദുരന്തം. ഇന്നോ നാളയോ ഡാമിലെ ജലനിരപ്പ് പെട്ടന്ന് ഒന്നുയർന്നാൽ, പൊട്ടിയൊലിക്കുന്ന വിള്ളലുകളിലൊന്ന് വലുതായാൽ ഇടുക്കി ഒന്നു നന്നായ് കുലുങ്ങിയാൽ മുല്ലപെരിയാർ തകർന്ന് സംഹാര താണ്ഡവമാടുമെന്നു മാസമാസം ഉണ്ടാകുന്ന ഉൾവിളിയിൽ ഉറപ്പിച്ചു പറയുമ്പോൾ ഈ ഡാം പൊട്ടുമെന്നതിൽ മലയാളിക്ക് എന്തങ്കിലും ഉറപ്പുണ്ടോ ആശങ്കയുണ്ടോ? അണകെട്ടി നിര്‍ത്തിയിരിക്കുന്ന മഹാദുരന്തത്തിന്റെ ചുവട്ടില്‍ ജീവിതത്തിന്‍റെ അടുപ്പു കൂട്ടിയിരിക്കുന്നവർക്കുപോലും ഈ പറയുന്ന ആശങ്കയില്ലന്നതല്ലേ സത്യം? ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടും എന്നു വിളിച്ചുകൂവുമ്പോഴും പൊട്ടില്ല എന്ന് ഉറപ്പുള്ളതുപോലെയാണ് ഓരോ മലയാളിയുടെയും പെരുമാറ്റം. അതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം എറണാകുളത്ത് മറൈൻ ഡ്രൈവിൽ കണ്ടതും. സോഷ്യൽ മീഡിയയും നാട്ടുകാരും സാമൂഹികപ്രവർത്തകർ മുതൽ സമൂഹത്തിന്റെ എല്ലാതുറയിലുമുള്ള പ്രശസ്തരുൾപ്പെടെ അണിനിരന്നിട്ടും വിരലിലെണ്ണാവുന്നവരെ മാത്രമേ മെഴുകുതിരി കത്തിക്കാനും പ്ലക്കാർഡുയർത്താനും തൊണ്ടപൊട്ടി വിളിക്കാനും മറൈൻ ഡ്രൈവിലെത്തിയുള്ളൂ എന്നത് ഇതിന്റെ ഏറ്റവും വലിയ തെളിവാണ്.


വെറുതേ തമിഴ്നാടിനെ കുറ്റം പറഞ്ഞു നമ്മളും നമ്മുടെ ഭരണകൂടവും കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇപ്പോൾ പൊട്ടും എന്നു പറയുന്ന ഡാമിന്റെ ചുവട്ടിൽ താമസിക്കുന്ന ഒരാളിനെപോലും സുരക്ഷിത മേഖലകളിലേക്ക് മാറ്റി പാർപ്പിക്കാൻ ഗവണ്മന്റിന്റെ ഭാഗത്തുനിന്ന് യാതൊരു വിധ നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഇതെഴുതുമ്പോൾ ഇന്നലെ പെയത പേമാരിയിൽ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയിൽ നിന്നും 135.8 അടിയായി ഉയർന്നിട്ടുണ്ട്. ഡാമിന്റെ പരമാവധി ജലനിരപ്പായ 136 അടി എത്തിയാൽ ഡാമിലെ വെള്ളം സ്പിൽവേ വഴി ഇടുക്കി ഡാമിലേക്ക് ഒഴുകി തുടങ്ങും. ലോകത്ത് അഗ്നിപർവ്വത പ്രദേശങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾ അധിവസിക്കുന്നുണ്ട്. അഗ്നിപർവ്വതം അപകടാവസ്ഥയിൽ പുകഞ്ഞു തുടങ്ങിയാൽ ഇടൻ തന്നെ പ്രദേശ വാസികൾ അവിടം വിട്ടുപോകും. അല്ലങ്കിൽ ഭരണകൂടം ബലമായി അവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മറ്റും. എന്നാൽ മുല്ലപ്പെരിയാറിന്റെ അടിയിൽ താമസിക്കുന്ന ഒരാൾ പോലും ഒഴിഞ്ഞുപോകുകയോ ആരയും ഒഴുപ്പിക്കുകയോ ചെയ്തിട്ടില്ല എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. തമിഴ്നാട് വാദിക്കുമ്പോലെ അണക്കെട്ടിന് യാതൊരു ബലഹീനതയും സംഭവിച്ചിട്ടില്ല എന്ന കേരളീയരുടെ ആത്മവിശ്വാസം തന്നെ അല്ലേ ഇതിന്റെ കാരണം. അല്ലങ്കിൽ ഇപ്പോൾ പൊട്ടും എന്നു വിളിച്ചു പറഞ്ഞ് തമിഴ് മക്കളെ തെറിപറയുമ്പോഴും പൊട്ടില്ല എന്ന മലയാലിയുടെ ആത്മവിശ്വാസം. ഇത്രയും എഴുതികഴിഞ്ഞപ്പോഴേക്കും അണക്കെട്ടിലെ വെള്ളം അടിക്കടി ഉയർന്ന് 136 അടിയിലെത്തി സ്പിൽവേയിലൂടെ ഇടുക്കിയിലേക്ക് നീരൊഴുക്കു തുടങ്ങി.

ശീതീകരിച്ച മുറികളിലിരുന്ന് ഫെയ്സ് ബുക്ക് ട്വിറ്റർ തുടങ്ങിയ വിവര സാങ്കേതികവിദ്യയുടെ ചുവരുകളിൽ സേവ് മുല്ലപെരിയാർ എന്ന് മലയാളി എഴുതി കളിക്കുമ്പോൾ ആർക്കാണ് മുല്ലപെരിയാർ സംരക്ഷിക്കണമന്ന് ആത്മാർത്ഥമായ ആഗ്രഹമുള്ളത്. അത് തമിഴ്നാട്ടുകാർക്കുമാത്രമാണ്. അത് സംരക്ഷിക്കപ്പെട്ടില്ലങ്കിൽ പട്ടിണിയിലാവുന്നത് വൈഗാ നദിയിലൂടെ വെള്ളം ഒഴിക്കി കൊണ്ടുപോയി ജലസേചനം നടത്തുന്ന മധുര തേനി കമ്പം തുടങ്ങിയ ജില്ലകളിലെ കർഷകരും അവരുടെ നിലങ്ങളിൽ വിളയുന്ന കാർഷിക വിളകൾകൊണ്ട് മ്യഷ്ടാന്ന ഭോജനം നടത്തുന്ന കേരള മക്കളുമാണ്. മുല്ലപെരിയാർ പൊട്ടരുതന്ന് ആത്മാർത്ഥമായ് ആഗ്രഹിക്കുന്നത് തീർച്ചയായും തമിഴ് നാട്ടുകാർതന്നയാണ്. ഒരു ഭൂകമ്പമോ പേമാരിയോ അണക്കെട്ടിന്റെ അടിത്തറ ഇളക്കിയാൽ, തരുശുനിലമായ് പൊയ്പോയേക്കാവുന്ന വിളനിലങ്ങൾ അതിനെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷോപലക്ഷം ജനങ്ങൾ, ഇതൊക്കെ പുതിയൊരു അണക്കെട്ടു നിർമ്മിക്കുന്നതിനേക്കാൾ ബാധ്യത തഴ്നാടിന് ഉണ്ടാക്കും. 142 അടി വെള്ളം വേണമെന്നു പറഞ്ഞു കോടതികയറിയ തമിഴ്നാട് എന്നും 134 അടിയില്‍ കൂടുതല്‍ ജലം ഉയരാന്‍ അവസരം കൊടുക്കാത്തതിന്റെ കാരണം നമ്മൾ ഇവിടെ കൂട്ടിവായിക്കേണ്ടിയിരിക്കുന്നു.

എല്ലാവരും പുതിയ ഡാം പണിയുന്നതിനെ കുറിച്ചു സംസാരിക്കുകയും ബഹളം വക്കുകയും ചെയ്യുമ്പോൾ നമ്മൾ മന:പ്പൂർവ്വം തമസ്കരിക്കുന്ന ഒരു പ്രധാന കാര്യമുണ്ട്. പുതിയ ഒരു ഡാം പണിയാൻ കുറഞ്ഞത് അഞ്ചു വർഷങ്ങളെങ്കിലുമെടുക്കും. ഇത്ര ദുർ:ബലമന്ന് മുറവിളികൂട്ടുന്ന ഡാം പുതിയ അണകെട്ട് പണിയും വരെ സുരക്ഷിതമായ് പൊട്ടാതെ നിൽക്കും എന്നാണോ അതുകൊണ്ട് അർത്ഥമാക്കുന്നത്? അതായത് മുല്ലപ്പെരിയാറിനെ കുറിച്ച് വികാരാധീനതയോട് സംസാരിക്കുന്നവർക്കും പ്രംസംഗിക്കുന്നവർക്കും മെഴുകുതിരി കത്തിക്കാൻ ഒത്തുകൂടുന്നവർക്കുപോലും ഡാം അടുത്തകാലത്തെങ്ങാനും പൊട്ടുമോ എന്നതിനെപറ്റി പൂർണ്ണ ബോധ്യമില്ലന്നതല്ലേ സത്യം. അതുതന്നെയല്ലേ തമിഴ്നാട് കേരളത്തിനോട് ചോദിക്കുന്നതും? ജീവനില്‍ കൊതിയുള്ള ആരും പൊട്ടുമെന്നുറപ്പുള്ള ഡാമിനു താഴെ താമസിക്കില്ലന്നിരിക്കെ എന്തുകൊണ്ട് അവരെ മാറ്റിപർക്കിക്കാൻ സർക്കാർ തയ്യാറവുന്നില്ല. ഡാം പണിയുനതിനുമുന്നേ അതിനുള്ള അനുമതി വാങ്ങുന്നതിനുമുന്നേ അപകട മേഖലയിൽ താമസിക്കുന്ന ജനങ്ങളെ പുനരധി:വസിപ്പിക്കാനുള്ള സഹായമല്ലേ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടേണ്ടത്?
.

2011-11-22

പനിപോലെ പടരുന്ന why this kolaveri di  

രജനീകാന്തിന്റെ മകളും ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യ കഥയെഴുതി സംവിധാനം ചെയ്യുന്ന മൂന്റ്റ് എന്ന തമിഴ് ചിത്രത്തിലെ സോണി മ്യൂസിക് ഇന്ത്യ പുറത്തുവിട്ട why this kolaveri di എന്ന പാട്ട് ലോകമാകെ ഒരു പനിപൊലെ പടരുകയാണ്. ധനുഷ് നായകനും കമലഹാസന്റെ മകള്‍ ശ്രുതി ഹാസന്‍ നായികയുമായി അഭിനയിക്കുന്ന മൂന്റ്റിൻ എന്ന സിനിമക്ക് ഈ ഒറ്റ പാട്ടിലൂടെ അൽഭുതപൂർവ്വമായ പബ്ലിസിറ്റിയാണു ലഭിച്ചുകൊണ്ടിരിക്കുന്നത്. ദിവസങ്ങളായി പല സോഷ്യൻ നെറ്റുവർക്കുകളിലും ഷെയർ ചെയ്യപ്പെടുന്ന ടോപ് വീഡിയോയായി പൊയ്കൊണ്ടിരിക്കുന്ന പാട്ടിന്റെ ചിത്രീകരണ വിഡിയോ അഭിഷേക് ബച്ചൻ ഉൾപ്പടെ ഇന്ത്യയിലെ പ്രമുഖർ വരെ ഷെയർ ചെയ്യുകയും റീഷെയർ ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ഒരു സിനിമാതാരത്തിന്റെ യാതൊരുവിധ തിളക്കമോ ജാഡയോ ഇല്ലാതെ ഒരു പബ്ബിലെ അരണ്ട വെളിച്ചത്തിൽ താളം മുറുകുന്ന ലാഘവത്തോടെ വെറും സാധാരണക്കാരനെപോലെ സ്റ്റുയോവിൽ ആടിപാടുന്ന ധനുഷ് തന്നയാണ് ഈ പാട്ടിന്റെ വിജയത്തിലെ പ്രധാന ഘടകം. തമിഴ് സംഗീതത്തിന്റെ സ്വതസിദ്ധമായ ദ്രാവിഡതാളത്തിൽ ഇംഗ്ലീഷ് വാക്കുകൾ തമിഴിന്റെ ഉച്ചാരണ ശൈലിയിൽ വിളക്കിയെടുത്ത why this kolaveri di തീരെ ആയസമില്ലാത്ത തരത്തിൽ ധനുഷിന്റെ ശബ്ദത്തിൽ സംഗീതാസ്വാദന്റെ മനസ്സിലേക്ക് ഒരു അരുവിപോലെ ഒഴുകി ഇറങ്ങുകയാണ്. അനുപമമായ ആ സംഗീതം ഒരിക്കൽ കൂടി ഇവിടെ ഷെയർ ചെയ്യുന്നു.


.