2011-10-30
ഋതു പറഞ്ഞ കഥ-ഭാഗം-05
എല്ലാറ്റിലും തുല്യപങ്കുണ്ടായിട്ടും സ്വന്തം വീട്ടുകാരുടെയും കൂട്ടുകാരുടേയും മുന്നിൽ താൻ മാത്രം തെറ്റുകാരനും സ്വവർഗ്ഗഭോഗിയുമായ് ചിത്രീകരിക്കപ്പെട്ടതിൽ അവന് ആരോടും പരാതിയോ പരിഭവമോ ഇല്ല. അത് സ്വന്തം വിധി എന്നു വിശ്വസിക്കുമ്പോഴും വാവയുടെ കാപട്യമുള്ള മുഖംമൂടി ചീന്തി എറിയാൻ കഴിയാത്ത നിസഹായത അവനെ വല്ലാത്ത ഒരു മാനസിക അവസ്ഥയിൽ കൊണ്ടെത്തിച്ചുകഴിഞ്ഞു. ഇനി അവൻ സത്യങ്ങൾ മുഴുവൻ പറഞ്ഞാലും അവന്റെ അമ്മപോലും അവനെ വിശ്വസിക്കാത്ത ഒരു സാഹചര്യത്തിൽ എത്തിപെട്ടിരിക്കുന്നു അവൻ. എന്നിട്ടും വാവ ഇല്ലാതെ ഒരു ലോകത്തെകുറിച്ച് ചിന്തിക്കാൻ അവന് കഴിയുന്നില്ല എന്നതാണ് സത്യം. ദൈവ്വം മുന്‍കൂട്ടി നിശ്ചയിച്ചുവെച്ച നിര്‍ജീവമായ ഒരു ജീവിതത്തിലൂടെയാണ് അവൻ കടന്നുപോകുന്നത്.
ഓര്‍മ്മകള്‍ സമ്മാനിച്ച മുറിവിൽ നിന്നും ഇപ്പോഴും ചോര പൊടിയുന്നു. ഒരിക്കലൂം തിരിച്ച് വരില്ല എന്ന് അറിയാം എന്നിട്ടും അവൻ കാത്തിരിക്കുന്നു. അവർ നട്ടുപിടിപ്പിച്ച മരം ഒരുപാട് വളര്‍ന്നിരിക്കുന്നു. ഋതുക്കള്‍ ആ മരത്തിലും ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. കാലം മാറുമ്പോൾ പ്രക്യതിയും മാറും. പക്ഷേ കാലത്തിനൊപ്പം നടക്കാൻ അവന് കഴിഞ്ഞില്ല. മൂകാംബികയിൽ വച്ച് ഒന്നിച്ചു ജീവിക്കുമന്ന ശപഥമെടുത്ത ദിവസം, ലോകത്തിന്റെ ഏതുകോണിലാണങ്കിലും എല്ലാവർഷവും രണ്ടുപേരും സൗപർണ്ണികാനദിയുടെ കരയിലുള്ള ആ സ്ഥലത്ത് വരുമന്ന് പരസ്പരം വാക്കുകൊടുത്തിരുന്നു. ഇന്നും അവൻ വാവയെയും പ്രതീക്ഷിച്ച് എല്ലാവർഷവും ആ നദിയുടെ കരയിൽ എത്തി നദിക്കരയെ ഇരുട്ടു വിഴുങ്ങും വരെ കാത്തിരിക്കും. കൂരിരുട്ടില്‍ അവൻ എന്താണ് തിരയുന്നത് എന്നു അവനുതന്നെ അറിയില്ല. കടന്നു പോയ പ്രകാശത്തിന്റെ നിഴൽപാടുകളാണോ അവൻ തിരയുന്നത്? എവിടയോ അലയുന്ന പ്രകാശത്തെ തന്‍റെ നെഞ്ചില്‍ ആവാഹിക്കാന്‍ കാത്തിരിക്കുന്ന ഇരുട്ട് അവനെ വല്ലാതെ ശ്വാസംമുട്ടിക്കുന്നു. അവൻ ചോദിക്കുന്നു, ഇരുട്ടിലേക്ക് സ്വപ്നങ്ങളെ നാം കടത്തിവിടുന്നത് എന്തിനാണ്? കണ്ടുതീരുന്ന സ്വപ്നങ്ങള്‍ ഇരുട്ടില്‍ നിഴലായി നമ്മളില്‍ നിന്നും പൊഴിഞ്ഞു പോകുന്നുണ്ടാവാം. ഇരുട്ടില്‍ ഉതിരുന്ന വാക്കുകള്‍ സ്വപ്നത്തിലേക്ക് ഉള്ള പാതിവഴിയിലാണ്. ജീവന്റെ ഒരു ഭാഗത്തെ ഹ്യദയത്തിൽ നിന്നടർത്തി മാറ്റാൻ കഴിയാതെ അവൻ ഇന്നും നമുക്ക് മുന്നിൽ കിടന്നു പിടയുകയാണ്. ചിലര്‍ ജീവിച്ചിരിക്കേ നഷ്ടപ്പെടുന്നു. മറ്റു ചിലരാകട്ടെ, നഷ്ടപ്പെട്ടിട്ടും ഹ്യദയങ്ങളിൽ ജീവിക്കുന്നു. ചിതറുന്ന മൂല്യങ്ങളും, ചിതലരിച്ച സ്നേഹബന്ധങ്ങളും നമ്മെ അസ്വസ്ഥ മാനസരാക്കുമ്പോൾ, നഷ്ടപ്പെടലിന്റെ വേദയിൽ പുളയുന്ന ഒരുവന് ബന്ധങ്ങളെ തിരിച്ചറിയാനുള്ള വിവേകം നശിക്കുന്നു.
എത്രയൊക്കെ മറക്കാൻ ശ്രമിച്ചിട്ടും, എത്രയൊക്കെ ആഗ്രഹിച്ചിട്ടും, രാത്രികാലങ്ങളിൽ വാവയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലല്ലോ ഈശ്വരാ എന്നവൻ നിലവിളിക്കുന്നു. ഋതുക്കൾ മാറിവരുന്നത് പോലെ ഒഴിവാക്കാന്‍ ആവാത്ത ഏതോ ഒരു വിധി അവരെ അകറ്റിയിരിക്കുന്നു എന്നവൻ വിശ്വസിക്കുന്നു.......ഭീതിപ്പെടുത്തുന്ന ഏകാന്തതമാത്രമുള്ള മരണതാളം മുറുകുന്ന അവന്റെ കൊച്ചു ലോകത്തേക്ക് അവൻ വീണ്ടും തനിച്ചായി... വേദനയോടെ ആ സത്യം അവൻ അറിയുന്നു. ഇന്നലകളുടെ തിരുശേഷിപ്പുകള്‍ പേറിയുള്ള അവന്റെ ഈ യാത്ര അവനു നന്നേ മടുത്തിരിക്കുന്നു. ഓര്‍മകളുടെ ഈ കൂട്ടില്‍ നിന്നും അവന് പറന്ന് അകലാൻ സമയമായിരിക്കുന്നു. പക്ഷേ അവന്റെ ചിറകുകള്‍ കരിഞ്ഞു. ഓര്‍മകള്‍ തണുത്തുറഞ്ഞ ഈ കൂട്ടില്‍ നിന്നും പുറത്തു കടക്കാന്‍ അവന് കഴിയുന്നില്ല....ഓർമ്മകളിലും ജീവിതത്തിലും സങ്കടങ്ങള്‍ കൊണ്ട് മഴവില്ല് തീർത്ത്, മ്ലാനതയാർന്ന ഒരു യുവത്വം കൂടി നമുക്കുമുന്നിൽ എരിഞ്ഞടങ്ങുകയാണ്.