Search this blog


Home About Me Contact
2011-04-16

വി.എസിന്റെ വിവരക്കേടും അമൂലിന്റെ പ്രായോഗിക ബുദ്ധിയും  

ഇന്നത്തെ തിരക്കിട്ട ജീവിതത്തിൽ അമൂൽ എന്ന ഒന്നില്ലാതെ കുട്ടികളെ വളർത്താൻ പറ്റാത്ത അവസ്ഥ- യിലൂടെയാണ്‌ ഇന്ത്യയിലെ അമ്മമാർ കടന്നുപോകുന്നത്. മുലപ്പാൽ കഴിഞ്ഞാൽ കുട്ടികൾ ആദ്യം കഴിച്ചു തുടങ്ങുന്ന ഭക്ഷണവും അമൂൽ തന്നെ. എന്നു വച്ചാൽ അമൂൽ അത്ര ശുദ്ധവും നല്ലതുമാണ്‌ എന്നർത്ഥം. ഇന്ത്യയിലെ ശരാരി കുട്ടികൾ അമൂൽ കഴിച്ചിട്ടുണ്ടന്ന് അറിയാമങ്കിലും ഇറ്റാലിയൻ മമ്മിക്കു പിറന്ന, കോടീശ്വരനും, ഗാന്ധി കുടുംബക്കാരനുമായ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി അമൂൽ കഴിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. കേരളത്തിലെ തട്ടുകടയിൽ നിന്ന് സെക്യൂരിറ്റിവലയം ഭേദിച്ച് പൊറോട്ടയും മുട്ടകറിയും കഴിച്ച ധീരനേതാവ് അമൂലും കഴിച്ചിട്ടുണ്ടാകും എന്നു തന്നെയാണ്‌ കേരളാ മുഖ്യനെപ്പോലെ എന്റെയും വിശ്വാസം. ഇനി കഴിച്ചിട്ടില്ല എങ്കിൽ തന്നെ ഇതൊന്നും അല്ല പ്രശ്നം. തന്റെ പാതി വയസ്സുപോലുമില്ലാത്ത രാഹുല്‍ ഗാന്ധി കേരളത്തിൽ ഇലക്ഷനു വന്നപ്പോൾ, തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം അല്പം സർക്കാർ വിരുദ്ധം വിളമ്പിയപ്പോഴേക്കും, അദ്ദേഹത്തെ എൺപയേഴു കടന്ന കേരള മുഖ്യമന്ത്രി അമൂൽ ബേബി എന്ന് വിളിച്ചാക്ഷേപിച്ചു. ഞാൻ വിളിച്ചതാണ്‌ ഞാൻ വിളിച്ചതാണ്‌ എന്ന് വി. എസും, അതു തന്നെയാണ്‌ ചെയ്തതന്ന് അണികകളും സമ്മതിക്കുന്നു. തമിഴ്നാട്ടിൽ വീൽചെയറിൽ ജീവിതം മുന്നോട്ടുതള്ളുന്ന തൊണ്ണൂറുകഴിഞ്ഞ നേതാവിനെ കെട്ടിപിടിച്ചിട്ട്, കേരളത്തിൽ വന്ന് അഞ്ചു വര്‍ഷത്തേക്കുകൂടി വി.എസിനു മുഖ്യമന്ത്രി പദം നീട്ടിക്കൊടുത്താൽ കേരളത്തിന്‍റെ മുഖ്യമന്ത്രിക്കു പ്രായം തൊണ്ണൂറ്റി രണ്ടാവില്ലേ എന്നു യുവത്വത്തിന്‍റെ ചോരതിളപ്പില്‍ രാഹുൽ ഗാന്ധിക്ക് ചോദിക്കാൻ തീർച്ചയായും അവകാശമുണ്ട്.

പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും കവിയുമായ ടി. സുബ്രഹ്മണ്യന്‍ തിരുമുമ്പിന്റെ 'തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം, തലനരയ്ക്കാത്തതല്ലെന്‍ യുവത്വവും, കൊടിയ ദുഷ്‍പ്രഭുത്വത്തിന്റെ തിരുമുമ്പില്‍ തലകുനിക്കാത്ത ശീലമെന്‍ യൗവനം...' എന്ന് വിവരവും വിദ്യാഭ്യാസവുമുള്ള ആരോ എഴുതികൊടുത്തത് പാടി അണികളെ ആവേശം കൊള്ളിക്കാന്‍ വി.എസിനും സ്വാതന്ത്യമുണ്ട്

നാൽ‍പത് വയസ്സായ രാഹുൽഗാന്ധി, സോണിയയുടെ അമൂല്‍ പുത്രനാണന്നും, കേരളത്തില്‍ ചില അമൂല്‍ പുത്രന്മാരെ സ്ഥാനാര്‍ഥികളാക്കിയിട്ടാണ് രാഹുല്‍ഗാന്ധി ഇത്തരം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതന്നും പറയുമ്പോൾ, വി.എസിന്‌ അമൂൽ എന്താണന്നോ, അതു നിർമ്മിച്ച് വിതരണം നടത്തുന്ന ആനന്ദ് മില്‍ക്ക് യൂണിയന്‍ ലിമിറ്റഡിന്‍റെ ചരിത്രമെന്തന്നോ, ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ എന്താണന്നോ അറിയില്ല എന്നു സാരം.

കേരളത്തിലെ മിൽ‍മ പോലെ ഗുജറാത്തിലെ ഇരുപത്തഞ്ച് ലക്ഷത്തോളം വരുന്ന ക്ഷീര കർഷകരുടെ ഐതിഹാസികമായ ഒരു കൂട്ടയ്മ. സംഘടിത കർഷക വിപ്ള‍വത്തിലൂടെ 1946-ൽ‍, പോള്‍സണ്‍ ഡയറി എന്ന കുത്തക സ്ഥാപനത്തിന്‍റെ കൊടും ചൂഷണത്തിനെതിരേ ആഞ്ഞടിച്ചുകൊണ്ട് പിറവിയെടുത്ത അമൂൽ ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യ ബ്രാൻഡാണ്‌. ഇന്ത്യൻ ധവള വിപ്ളവത്തിന്റെ പര്യായവും ലോകത്തിലെ ക്ഷീരോൽ‍പാദക രാഷ്ട്രങ്ങളൂടെ മുൻ‍പന്തിയിൽ ഇന്ത്യയെ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന അമൂൽ ലോകത്തിലെ ഒന്നാം കിട പാൽ ഉല്പന്ന ബ്രാൻഡും, ഏറ്റവും വലിയ ചീസ് ഉല്പാദക സ്ഥാപനവുമാണ്‌. കുത്തക കമ്പനികെളെ സംഘടിത ശക്തികൊണ്ടൂം പ്രക്ഷോഭം കൊണ്ടും പൂട്ടിക്കെട്ടിച്ച്, ലക്ഷകണക്കിന്‌ ക്ഷീരകർഷകർ ജീവരക്തമൂട്ടി വളര്‍ത്തിയ അമൂൽ എന്നാൽ ഇന്ത്യയിലെ കർഷക സമര ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട ഒരു ഏടാണന്നും ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിലും വികസനത്തിലും സുപ്രധാന പങ്കുവഹിക്കുന്ന കർഷകരുടെ ഒരു കൂട്ടായ്മയാണന്നും കർഷക തൊഴിലാളി സമരങ്ങളിലൂടെ കേരളത്തിന്റെ മുഖ്യമന്ത്രി പദംവരെ അലങ്കരിച്ച പഴയ കർഷക തൊഴിലാളി അറിയാതെ പോയതും, ഇന്ത്യയുടെ ചരിത്രത്തിലും വർത്തമാനകാലത്തിലും ഇത്രത്തോളം പ്രാധാന്യമുള്ള അമൂലിനെ ആക്ഷേപ വാക്കായി ഉപയോഗിച്ചതും, ഞാൻ വിളിച്ചതാണ്‌ ഞാൻ വിളിച്ചതാണ്‌ എന്നു ഞ്ഞു കവലപ്രസംഗം നടത്തുന്നതും കേരളത്തിനുപോലും അപമാനകരമാണ്‌.

സംസ്കൃതത്തിലെ അമൂല്‍ എന്ന വാക്ക് ഗുജറത്തിലെ ക്ഷീര കർഷകർ ഉപയോഗിച്ചത് ശ്രേഷ്ഠം അഥവാ അമൂല്യം എന്ന അർത്ഥത്തിലാണ്‌. രാഹുൽ ഗാന്ധിയും അദ്ദേഹം കണ്ടെത്തിയ അമൂൽ പുത്രന്മാരും അമൂൽ പോലെ വളരെ ശ്രേഷ്ഠരാണന്നും, അവരുടെ കൈകളിൽ കേരളത്തിന്റെയും ഇന്ത്യയുടെയും ഭാവി സുരക്ഷുതമാണന്നും തിരുത്തി, തിരഞ്ഞടുപ്പ് പ്രചരണത്തിൽ കോൺഗ്രസിന്‌ വളരെ പോസിറ്റീവായ് ഉപയോഗിക്കാൻ ശക്തിയുണ്ടായിരുന്ന വി.എസിന്റെ അമൂൽ പ്രയോഗത്തെ, വെറുതേ പ്രതിഷേധിച്ച് കൂടുതൽ കുഴപ്പത്തിലേക്ക് കൊണ്ടെത്തിച്ചു.

എന്നാൽ അമൂലിന്റെ ചരിത്രം നന്നയി അറിയാവുന്ന ഒരാളങ്കിലും കോൺഗ്രസിൽ ഉണ്ടായിരുന്നു എന്നത് ആശ്വാസകരമാണ്‌. Great Indian Novel-ലും, India : From Midnight to the Millennium and Beyond-ഉം രചിച്ച, സർവ്വോപരി ട്വിറ്ററിന്റെ ബ്രാൻഡ് അംബ്ബാസിഡറുമായ ആ ജനനായകൻ ട്വിറ്ററിൽ ഇങ്ങനെ ഇങ്ങനെ എഴുതി "Amul babies are fit, strong, focused on the future. (They) symbolize white revolution which brought milk to the masses,". വി.എസ് അച്ചുതാനന്ദൻ, രാഹുൽ ഗാന്ധിയെ അമൂല്‍ ബേബി എന്നു വിളിച്ചതില്‍ ആക്ഷേപകരമായി ഒന്നുമില്ലന്ന് പറഞ്ഞ അദ്ദേഹം അമൂൽ പുത്രന്മാർ വളരെ സ്ട്രോങ്ങും, രാജ്യത്തിന്റെ ശോഭനമായ ഭാവിയെ ലക്ഷ്യം വച്ചു പ്രവർത്തിക്കുന്നവരുമാണന്ന് കൂട്ടിചേർത്തു.

കാര്യങ്ങൾ ഇങ്ങനെ ഒക്ക ആണങ്കിലും വി.എസിന്റെ അമൂൽ വിളി ഞൊടി ഇടയിൽ തന്നെ അമൂൽ കമ്പനി തങ്ങളൂടെ ഉൽ‍പന്നങ്ങളൂടെ മാർക്കറ്റിങ് തന്ത്രമാക്കി മാറ്റി, തൊട്ടതെല്ലാം പൊന്നാക്കി മാറ്റാൻ മാത്രം ശക്തിയുള്ള പ്രായോഗിക ബുദ്ധി തങ്ങൾക്കുണ്ടന്ന് തെളിയിച്ചു കഴിഞ്ഞു. മലയാളിയായ വര്‍ഗീസ് കുര്യന്‍റെ സാരഥ്യത്തിൽ അമൂൽ, പാലിന്റെ ലോക പര്യായമായതും ഇന്ത്യൻ ധവള വിപ്ളവത്തിന്റെ അടയാളയമായതിലും, വിപരീതമായ ഘടകങ്ങളെപോലും അനുകൂലമാക്കാനുള്ള അമൂലിന്റെ ഈ പ്രായോഗിക ബുദ്ധിതന്നെ. രാഹുൽ ഗാന്ധിയെ ആക്ഷേപിക്കാൻ വി.എസ് ഉപയോഗിച്ച അമൂൽ പ്രയോത്തിന്റെ ചുവടുപിടിച്ച് അവർ ഉണ്ടാക്കിയ "ദേ ആർ ബോത് അമൂൽ ബേബീസ്" എന്ന ക്യാപ്ഷനോടുള്ള പരസ്യം സൂപ്പർ ഹിറ്റായത് അമൂലിന്റെ ഈ പ്രായോഗിക ബുദ്ധിയുടെ തെളിവാണ്‌. അതിന്റെ പാതി ബുദ്ധിയങ്കിലും നമ്മുടെ രാഷ്ട്രീയക്കാർക്കുണ്ടായിരുന്നങ്കിൽ കഴിഞ്ഞ അഞ്ചുകൊല്ലംകൊണ്ട് തന്നെ കേരളം രക്ഷപെട്ടുപോകുമായിരുന്നു എന്നതിൽ സംശയമില്ല.
.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories