Search this blog


Home About Me Contact
2011-04-12

താരതിളക്കത്തിലെ കേരള രാഷ്ട്രീയം  

കേരളം നാളെ പോളിം‍ങ് ബൂത്തിലേക്ക് നീങ്ങുകയാണ്‌. ഭാവി കേരളത്തിന്റെ ശോഭനമായ ഭാവി അടുത്ത അഞ്ചു വർഷക്കാലത്തേക്ക് ആരുടെ കൈയ്യിൽ ഏല്പിക്കണമന്ന് തീരുമാനിക്കുവാനും, കഴിഞ്ഞ അച്ചുതാനന്ദൻ ഗവണ്മന്റിനെകുറിച്ചുള്ള കേരള ജനതയുടെ വിധിയെഴുത്തുമാണ്‌ 20758 ബൂത്തുകളിലായി 23147871 സമ്മതിദായകർ രേഖപ്പെടുത്താൻ പോകുന്നത്. സീറ്റുകിട്ടാത്തതിനാൽ കളം മാറിചവിട്ടുന്നതും, പരസ്പരം ചെളിവാരിയെറിയുന്നതും, പറയുന്നതെന്തന്ന് അറിയാതെ വിടുവായിത്തരം വിളിച്ചു പറഞ്ഞ് തലമൂത്ത നേതാക്കന്മാർ ഇളിഭ്യരാകുന്നതും ജനം കണ്ടുകഴിഞ്ഞു. രാഹുല്‍ ഗാന്ധിയെയും, അദ്ദേഹത്തിന്റെ താല്പര്യപ്രകാരം അംഗീകരിക്കപ്പെട്ടന്ന് പറയപ്പെടുന്ന സ്ഥാനാര്‍ഥികളെയും, അമൂല്‍ പുത്രന്മാർ എന്നു വിളിച്ച പടുവങ്കത്തരവും, ഡോ. സിന്ധു ജോയി എൽ.ഡി.എഫ് വിട്ട് കൂടുമാറിയപ്പോൾ, ഒരുത്തി പാർട്ടി വിട്ടു എന്നു പറയുകയും, ലതികാ സുഭാഷ് പ്രസിദ്ധയാണന്നും ഏതുരീതിയിലന്ന് മാധ്യമങ്ങൾ അന്വേഷിച്ചാൽ അറിയാമന്ന് പറയുകയും ചെയ്ത കേരള മുഖ്യന്റെ സംസ്കാര ശൂന്യതക്കും ജനം സാക്ഷികളായി. എന്നും വോട്ടെടുപ്പും തിരഞ്ഞെടുപ്പു പ്രചരണവും ഇങ്ങനെയൊക്ക തന്നെയാണ്‌. എന്നാൽ ഇത്തവണ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. ഏറ്റവും കൂടുതൽ താരതിളക്കം പ്രചാരണ വേദികൾ കീഴടക്കിയ ആദ്യ തിരഞ്ഞെടുപ്പാണിത്. പലരും സൗഹ്യദത്തിന്റെ പേരിൽ പ്രചരണത്തിന്‌ ഇറങ്ങിയങ്കിൽ മറ്റു ചില താരങ്ങൾ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ കളിക്കാൻ കളത്തിലിറങ്ങിയവരാണ്‌.

ദിലീപ്, കാവ്യ മാധവന്‍, ജഗദീഷ്, സുരേഷ് ഗോപി, ഷമ്മി തിലകന്‍, ജയറാം, പ്രിയദർശൻ, ലാൽ ജോസ് എന്നിവർ യു.ഡി.എഫിനുവേണ്ടി പ്രചരണത്തിനിറങ്ങിയപ്പോൾ കലാഭവൻ മണിയും സത്യന്‍ അന്തിക്കാടും എൽ.ഡി.എഫിനു വേണ്ടി കളരിയിലിറങ്ങി. ഇവരൊക്കെ താരങ്ങളായതിനാൽ തിരഞ്ഞെടുപ്പു പ്രചരണത്തിനിറങ്ങരുതന്നോ, ഇവരൊന്നും മൽസരിക്കാൻ പടില്ലന്നോ ഇല്ല. ഇന്ത്യൻ ഭരണ ഘടനയും, ഇലക്ഷൻ കമ്മീഷനും ഇതൊന്നും വിലക്കുന്നില്ല. പിന്നെ എന്തുകൊണ്ടാണ്‌ സഖാവ് പിണറായിവിജനെ, കക്ഷിരാഷ്ട്രീയ ഭേദമില്ലാത്ത താരങ്ങളൂടെ ജനസമ്മിതി ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിയുടെ സ്ഥാനാർത്ഥിക്കുവേണ്ടി ഉപയോഗിക്കുന്നത് ശരിയാണോ എന്ന ഒരു വിഡ്ഡി ചോദ്യത്തിലേക്ക് കൊണ്ടുചെന്ന് എത്തിച്ചത്. കാരണം മറ്റൊന്നല്ല. തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ മുൻ‍നിര താരങ്ങളിൽ 88% പേരും യു.ഡി.എഫിനുവേണ്ടി പ്രചരണത്തിനിറങ്ങി എന്നതാണ്‌. ഇവിടെ സ്വാഭാവികമായും ഒരു ചോദ്യം ഉയർന്നു വരുന്നു. കലാഭവൻ മണി എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയത് സഖാവ് അറിഞ്ഞില്ല എന്നുണ്ടോ? അതോ കലാഭവൻ മണിയെ ഒരു താരമായ് സഖാവ് കണുന്നില്ല എന്നാണോ? മണിയെ ഇന്നും ചാലക്കുടി ചന്തയിൽ ബാഡ്ജും കുത്തി ഓട്ടോ ഓടിച്ചു നടന്ന പഴയ സഖാവായ് മാത്രം കാണാനാണോ സഖാവിന്‌ ഇഷ്ടം? അതിലെ രാഷ്ട്രീയം എന്തുതന്നെയും ആകട്ടെ.

പക്ഷേ പിണറായി സഖാവേ പറയാതിരിക്കാനാവില്ല. സഖാവിന്റെ ഈ ചോദ്യം അസ്ഥാനത്താണ്‌. സഖാവ് കേരളത്തെ, കേരള ജനതയെ അറിഞ്ഞിട്ടില്ല എന്നു വേണം കരുതാൻ. തമിഴ്‍നാട്ടിലും, ആഡ്രയിലും, കർണ്ണാടകയിലും താരത്തിളക്കം ജനങ്ങളൂടെ രാഷ്ട്രീയത്തെ മറ്റിമറിക്കുമ്പോലെ കേരളത്തിൽ അതിനു സ്കോപ്പില്ല എന്ന് വളരെ മുൻപുതന്നെ എൽ.ഡി.എഫ്-കാർ തങ്ങളുടെ ഉരുക്കു കോട്ടകളിൽ തെളിയിച്ചതാണ്‌. അപ്പോൾ കെ.ബി ഗണേഷ്‍കുമാറോ എന്ന് സ്വാഭാവികമായും നിങ്ങൾക്ക് ചോദിച്ചേക്കാം. താരമായും രാഷ്ട്രീയക്കാരനായും മന്ത്രിയായും ഗണേഷ് ജന ഹ്യദയങ്ങളിൽ സ്ഥാനം പിടിച്ചുവങ്കിൽ, ഗണേഷിന്റെ താരതിളക്കം രാഷ്ട്രീയത്തെയോ, രാഷ്ട്രീയം താരതിളക്കത്തെയോ സ്വാധീനിച്ചിട്ടുണ്ടന്ന് തോന്നുന്നില്ല. കേരള ജനതക്ക് രാഷ്ട്രീയക്കാരനായ ഗണേഷ്‍കുമാറും, സിനിമാതാരമായ ഗണേഷ്‍കുമാറും രണ്ടാണ്‌. താരത്തിന്റെ രാഷ്ട്രീയത്തിനൊപ്പം ചലിക്കുന്ന രാഷ്ട്രീയ ബോധമില്ലാത്ത അല്ലങ്കിൽ രാഷ്ട്രീയ അരാജകത്വമുള്ള ഒരു ജനതയല്ല കേരളത്തിലുള്ളത്. രാഷ്ട്രീയത്തെ രാഷ്ട്രീയമായും, സിനിമയെ സിനിമയായും കാണുന്ന വ്യക്തമായ അഭിപ്രായവും, രാഷ്ട്രീയവബോധവുമുള്ള ഒരു ജനതതി കേരളത്തിലുള്ളപ്പോൾ, താരതിളക്കത്തിന്‌ ഒരു വോട്ടുപോലും, ഒരു രാഷ്ട്രീയ പാർട്ടിക്കുവേണ്ടി മറിക്കാൻ കഴിയുകയില്ല എന്നാണ് ഏതൊരു ശരാശരി മലയാളിയുടെയും വീക്ഷണം. അതിനു മാറ്റം വരുത്തുവാൻ സ്ഥാനാർത്ഥിയായ് ജനങ്ങളുടെ മുന്നിൽ അവതരിച്ചാൽ പോലും ഒരു മുൻ‍നിര താരത്തിനും കഴിയില്ലന്ന് നടൻ മുരളിയിലൂട മുൻപേ തെളിയിക്കപ്പെട്ടതാണ്‌. അപ്പോൾ ഒരു താരം ഒരു സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയാൽ കേരള രാഷ്ട്രീയത്തിലോ ബാലറ്റുപെട്ടിയിലോ ഒന്നും തന്നെ സംഭവിക്കില്ല എന്ന കേരളജനതയുടെ നയം പണ്ടേ വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്‌. എന്നാൽ താരങ്ങൾക്ക് എന്നും ബഹുമാനവും ആദരവും നൽകുന്ന കേരളജനതയുടെ മുന്നിൽ , അലക്കി തേച്ചഖദറിൽ ബ്ളയിഡുകൊണ്ട് കീറലുണ്ടാക്കിയോ, അരിവാൾചുറ്റിക നക്ഷത്രം ഉയർത്തി കാട്ടിയോ താരങ്ങൾ പ്രത്യക്ഷപ്പെടാതിരിക്കുന്നതാണ്‌ നല്ലത്.
.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



1 comments: to “ താരതിളക്കത്തിലെ കേരള രാഷ്ട്രീയം

  • Anonymous
    Wednesday, April 13, 2011 10:30:00 AM  

    നിര്‍മ്മാതാവായ പി.വി. ഗംഗാധരന് വേണ്ടിയാണ് ജയറാം പ്രചരണത്തിനെത്തിയത്... മറ്റെവിടെയും അദ്ദേഹം പ്രചരണത്തിനെത്തിയില്ല. ദിലീപും കാവ്യയും സുരേഷ് ഗോപിയും ആര്‍ക്കുവേണ്ടിയാണെന്നുള്ള വാര്‍ത്ത ഞാന്‍ കണ്ടില്ല... അതുപോലെ ക്ലാസ്‌മേറ്റ് സിനിമയ്ക്ക് പ്രചോദനമായ സൗഹൃദക്കൂട്ടായ്മയിലെ അംഗമായ ശ്രീരാമകൃഷ്ണനുവേണ്ടിയാണ് ലാല്‍ ജോസ് എത്തിയത്. ഇതൊക്കെ സുഹൃത്തുക്കള്‍ക്ക് വേണ്ടിയുള്ള വ്യക്തിപരമായ വോട്ടുപിടുത്തം മാത്രമാണെന്നാണ് ഈ താരങ്ങളുടെ സംഭാഷണത്തില്‍ നിന്ന് മനസ്സിലായത്. സലീംകുമാറിനെയും ജഗദീഷിനെയും പോലുള്ള ചില താരങ്ങള്‍ മാത്രമാണ് രാഷ്ട്രീയക്കാരന്റെ കുപ്പായമണിഞ്ഞത്. ഇതില്‍ ജഗദീഷ് നടത്തിയ തനി രാഷ്ട്രീയക്കാരന്റെ കവലപ്രസംഗം കണ്ട ചിലരാണ് ഈ വിവാദം കുത്തിപ്പൊക്കിയതും ബ്ലോഗുകളിലും ഗ്രൂപ്പുകളിലും ഇത് ചര്‍ച്ചയാക്കിയതും.