2011-02-14
എന്റെ വാലന്റയിൻ
എപ്പോഴാണ് പ്രണയനിലാവ് പൈയ്തിറങ്ങിയ എന്റെ മനസ്സിന്റെ മലമടക്കുകളിലേക്ക് ഒരു ക്ളിക്കിന്റെ അകമ്പടിയിൽ, ഫ്ളാഷിന്റെ മിന്നൽ എറിഞ്ഞുകൊണ്ട്, സദാ വിഷാദ ഛായയുള്ള കണ്ണുകളുമായ് അവൻ വന്നത്?. അന്ന്, 'അനന്തമായ യാത്ര ഒരു കൊച്ചു ചുവടുവയ്പിൽ തുടങ്ങുന്നു' എന്ന് പറഞ്ഞതുമാത്രം ഓർമ്മയിലുണ്ട്. മെലിഞ്ഞ വിരൽ തുമ്പുകൊണ്ട് അവൻ എന്റെ ഹ്യദയത്തിനുമേൽ കൈയ്യൊപ്പിടുമ്പോൾ, ഞാൻ പോലുമറിഞ്ഞില്ല അത് ഒടുക്കമില്ലാത്ത ഒരു യാത്രയുടെ തുടക്കമാണന്ന്. കാണാമറയത്തിരുന്ന് സന്ദേശങ്ങൾ കൈമാറിയ നിമിഷങ്ങളിൽ ഒരിക്കലും ഒരു അകലം വിട്ട് അടുക്കരുതേ എന്നാഗ്രഹിച്ചിട്ടും, അവൻ കൂടുകൂട്ടിയത് എന്റെ ഹ്യദയത്തിനുള്ളിലാണ്. കൊടുങ്ങല്ലൂർ ഭരണിയുടെ ശീലുകൾക്ക് താളം മുറുകുമ്പോൾ, ഒരു ക്യാമറ ഉയർത്തിപിടിച്ച് വൈഡാംഗിളിൽ ചിത്രമെടുക്കുന്ന അവനെ ഞാൻ എന്റെ ഫ്രയിമിലേക്കു പകർത്തുമ്പോൾ, ഇനി ഒരിക്കലും മനസ്സിൽ നിന്നും മാഞ്ഞുപോകാത്ത ഒരു ചിത്രമായ് അവൻ എന്റെ ഹ്യദയത്തിൽ പതിഞ്ഞു കഴിഞ്ഞിരുന്നു. പുഴ ഒഴുകുന്ന സ്വഛ്ചതയോടെ....സാഹോദര്യത്തിന്റെ ഊഷ്മളതയിൽ കുതിർന്ന സ്നേഹം. എന്നും, മഴപോലെ നെഞ്ചില്‍ തിമിര്‍ത്തു പെയ്യുന്ന സ്നേഹത്തേക്കാൾ നിലാവുപോലെ പരന്നൊഴുകുന്ന വാൽസല്യമാണ് എനിക്ക് അവനോട്. പക്വതയെത്തിയ പെരുമാറ്റത്തിലും പ്രായത്തിന്റെ അന്തരമായിരിക്കാം അങ്ങനെ ഒരു അടുപ്പത്തിലേക്ക് എത്തിച്ചത്. അക്ഷരങ്ങളുടെ വര്‍ണ്ണമഴയിൽ, ഋതുക്കൾ പലത് പിന്നിട്ടങ്കിലും തിരിഞ്ഞുനോക്കുമ്പോൾ ഹ്യദയം തുടിക്കുകയാണ്. ആരായിരുന്നു അവൻ എനിക്ക്?. ഉത്തരമില്ലാത്ത ഒരു ചോദ്യം പോലെ അത് എന്നും എന്നെ അലട്ടിയിരുന്നു. എങ്കിലും രാത്രിയിൽ നിലാവിനൊപ്പം പേരറിയാത്ത പൂക്കളുടെ ഗന്ധം എന്റെ ജനാലയിലൂടെ അരിച്ചെത്തുമ്പോഴും, മഴനൂലുകൾ കിനാവള്ളിപോലെ എന്റെ സ്വപ്നങ്ങളെ വരിയുമ്പോഴും വല്ലാത്ത ഇഴയടുപ്പമുള്ള ഒരു ബന്ധം ഞങ്ങൾക്കിടയിൽ വളരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. അവന്റെ നട്ടെല്ലിലൂടെ കടന്നുപോകുന്ന മിന്നൽ പിണരുകൾ, അവനെ പ്രതീക്ഷിച്ചിരുന്ന എന്റെ ദിവസങ്ങളെ മങ്ങലേല്പിച്ചപ്പോൾ, കലഹത്തിന്റെ ചുവയുള്ള വാക്കുകളിൽ പരസ്പരം മുറിവേല്പ്പിച്ച്, പാതിപറഞ്ഞിട്ട വരികളിൽ അവന്റെ മൗനം കുടിയേറിയ നിമിഷങ്ങളിൽപോലും അവൻ എനിക്ക് ആരക്കയോ ആണന്ന് ഞാൻ അറിയുകയായിരുന്നു. അവന്റെ ക്യാമറകണ്ണിലൂടെ അവൻ സ്വന്തം ഭാവിയെ സ്വപ്നം കാണുമ്പോഴും, അവന്റെ സുഷുമ്‌നയിലൂടെ പ്രവഹിക്കുന്ന ഓരോ പൾസും മിഴികളിൽ വിഷാദം പടർത്തുമ്പോഴും പിറക്കാനിരിക്കുന്ന എന്റെ മകന്റെ മുഖം മനസ്സിൽ തെളിഞ്ഞുവരുന്നു. അവൻ, എനിക്ക് ആരാണ് എന്ന് അറിയില്ലങ്കിലും, കഷായത്തിന്റെ മണമുള്ള അവന്റെ ചുണ്ടുകളിൽ വിരിയുന്ന പുഞ്ചിരികൾ എന്റെ നട്ടെല്ലിൽ ഒരു വേദനയായ് പടരുമ്പോൾ ഞാനറിയുന്നു കഴിഞ്ഞ ജന്മങ്ങളിലൊന്നിൽ അവൻ എനിക്ക് മകനായിരുന്നുവന്ന്.
.
.
Monday, February 14, 2011 9:34:00 AM
അവൻ, എനിക്ക് ആരാണ് എന്ന് അറിയില്ലങ്കിലും, കഷായത്തിന്റെ മണമുള്ള അവന്റെ ചുണ്ടുകളിൽ വിരിയുന്ന പുഞ്ചിരികൾ എന്റെ നട്ടെല്ലിൽ ഒരു വേദനയായ് പടരുമ്പോൾ ഞാനറിയുന്നു കഴിഞ്ഞ ജന്മങ്ങളിലൊന്നിൽ അവൻ എനിക്ക് മകനായിരുന്നുവന്ന്.
Monday, February 14, 2011 10:34:00 PM
നല്ല എഴുത്ത് എന്തൊക്കെയോ മനസ്സില്‍ തട്ടും പോലെ