Search this blog


Home About Me Contact
2011-01-09

ആർത്തവ രക്തം-വിത്തുകോശങ്ങളുടെ അക്ഷയ ഖനി  

പുരാതന കാലം മുതൽക്ക് ആവിഷ്ക്കാര വിഷയമാക്കി സ്ത്രീ ലൈംഗിക പ്രാപ്തിയെ സൂചിപ്പിക്കാനുപയോഗിച്ചിരുന്ന വാക്കാണ്‌ ആർത്തവരക്തം. യവന സുന്ദരിയായ ഹൈപ്പേഷിയ പ്രേമാഭ്യർത്ഥനയുമായി സമീപിച്ചവരിൽ ഒരാളെ തന്റെ ആർത്തവരക്തം പുരണ്ട തുണി കാണിച്ചു എന്ന കഥ വളരെ പ്രസിദ്ധമാണ്‌. അന്നേകാലം മുതൽ കഥാപാത്രങ്ങളുടെ സ്ത്രൈണതക്ക് ഭാവുകത്വമണിയിക്കാനുപയോഗിച്ച വാക്ക് ഉത്തരാധുനികരായ എഴുത്തുകാർ അവശ്യത്തിനും അനാവശ്യത്തിനുപയോഗിച്ച് അത്യന്താധുനികതയുടെ പ്രതീകമാക്കി. രജസ്വലയാകുന്ന ദേവീ വിഗ്രഹങ്ങളിലെ തീണ്ടാരിതുണി പൂജാമുറികളിൽ വച്ചാരാധിച്ചും, യുവതിയുടെ ആർത്തവരക്തം കൊണ്ട് അൾത്താര വെഞ്ചരിച്ചും വിശ്വാസികളും അന്ധവിശ്വാസികളും ആത്മനിർവ്യതിയടയുന്നു. കൗമാരകാലം മുതൽ രഹസ്യമായി ഒഴുക്കി കളയുന്ന ബീജത്തെ ശാസ്ത്രീയമായ് ശേഖരിച്ച് അച്ഛനാരന്നറിയാത്ത തലമുറയെ പരീക്ഷണശാലയിയിലെ സ്പടിക പാത്രങ്ങളിൽ സ്യഷ്ടിച്ച ശാസ്ത്രജ്ഞർ മാസാമാസം ഒഴുകിപോകുന്ന ആർത്തവരക്തത്തെ എങ്ങനെ മനുഷ്യന്റെ നന്മക്കുവേണ്ടി ഉപയോഗിക്കാം എന്നു ചിന്തിച്ചു തുടങ്ങി. അതിന്റെ ഫലമായി മനുഷ്യൻ അശുദ്ധരക്തമെന്ന് പറഞ്ഞ് മാറ്റി നിർത്തിയിരുന്ന ഈ തീണ്ടാരിചോര വിത്തുകോശങ്ങളുടെ (stem cells) അക്ഷയ ഖനിയാണന്ന് തിരിച്ചറിഞ്ഞു. വൈദ്യശാസ്ത്ര രംഗത്ത് വമ്പൻ കുതിച്ചുചാട്ടത്തിന്‌ ഇടവരുത്തിയേക്കാവുന്ന പരീക്ഷണശാലയിലെ ഈ മഹത്തായ കണ്ടുപിടുത്തം ആർത്തവ രക്തത്തിന്‌ പുതിയ മാനങ്ങൾ നൽകിയിരിക്കുന്നു.

ശരീരത്തിലെ രോഗബാധിതരായ കലകളെ പുനരുല്പാദിപ്പുന്നതിന്‌ ഉപയോഗിക്കുന്ന അടിസ്ഥാന കോശങ്ങളെയാണ്‌ വിത്തുകോശങ്ങളെന്നു വിളിക്കുന്നത്. ശരീരത്തിലെ ഏതുതരം കലകളായും രൂപാന്ത്രം പ്രാപിക്കാൻ കഴിവുള്ള വിത്തുകോശങ്ങൾ, പൂർണ്ണവളർച്ചയെത്തിയ ഭ്രൂണങ്ങളിൽ വളരെ കുറവായിരിക്കും. പ്രത്യുല്പാദനാനന്തരം സ്യഷ്ടിക്കപ്പെടുന്ന ഭ്രൂണത്തിൽ പൂർണ്ണമായും വിത്തുകോശങ്ങളായിരിക്കും ഉണ്ടായിരിക്കുന്നത്. അഞ്ചു ദിവസം പ്രായമെത്തിയ ഒരു ഭ്രൂണത്തിൽ ഏതാണ്ട് നൂറ്റൻപത് വിത്തുകോശങ്ങളുണ്ടാവും. കോശാന്തര വസ്തുക്കൾക്ക് രൂപമാറ്റം സംഭവിച്ചുണ്ടാകുന്ന വിഭേദീകരണ ശേഷിയുള്ള ഈ കോശങ്ങൾ ഭ്രൂണത്തിന്റെ വളർച്ചാ ഘട്ടങ്ങളിൽ എൻഡോഡേം (Endoderm), മീസോഡേം (Mesoderm), എക്റ്റോഡേം (Ectoderm) എന്നിവയിലേതെങ്കിലും കലകളായും, കലകൾ ചേർന്ന് അവയവമായും രൂപാന്ത്രം പ്രാപിക്കുന്നു. പിന്നീട് ഈ അവയവങ്ങൾക്ക് ഏതങ്കിലും വിധത്തിലുള്ള ക്ഷതം സംഭവിച്ചാൽ അതിനെ അറ്റകുറ്റപണി ചെയ്ത് പുനരുജ്ജീവിപ്പിക്കാൻ വിത്തുകോശങ്ങൾ ഈ അവയവങ്ങളിൽ ഉണ്ടായിരിക്കുകയില്ല. അതിനാൽ വിത്തുകോശങ്ങളുപയോഗിച്ചുള്ള കോശാരോപം മാത്രമാണ്‌ ഏക പോംവഴി. പൂർണ്ണ വളർച്ചയെത്തിയ ഭ്രൂണത്തിൽ പുക്കിൾകൊടിയിലും അസ്ഥിയുടെ മജ്ജയിലുമാണ്‌ അധികമായ് വിത്തുകോശങ്ങൾ കാണപ്പെടുന്നത്. ഈ കോശങ്ങളാണ്‌ അടിയന്തിര ഘട്ടങ്ങളിൽ ഇന്ന് വിത്തുകോശങ്ങളായ് പരക്കെ ഉപയോഗിക്കപ്പെടുന്നത്. എന്നാൽ മജ്ജയിൽ നിന്നും പുക്കിൾകൊടിയിൽ നിന്നും മറ്റും വിത്തുകേശങ്ങൾ ശേഖരിക്കുന്നതിലെ പ്രായോഗികവും ധാർമ്മികവുമായ പ്രശ്നങ്ങൾക്കും, വളരെ കുറഞ്ഞ അളവിൽ ഒരിക്കൽ മാത്രമേ ശേഖരിക്കപ്പെടാൻ കഴിയുകയുള്ളൂ എന്ന പരിമിതികൾക്കും അടിവരയിടുന്നതാണ് ഈ പുതിയ കണ്ടുപിടുത്തം‌. മാത്രമല്ല മജ്ജയിൽ നിന്നും പുക്കിൾകൊടിയിൽ നിന്നും ശേഖരിക്കപ്പെടുന്ന വിത്തുകോശങ്ങളെക്കാൾ പതിന്മടങ്ങ് പ്രതിരോധശേഷിയുള്ളവയാണ്‌ നൈതിക പ്രശ്‌നങ്ങൾക്ക് വശംവദകാമാതെ സംഭരിക്കപ്പെടാവുന്ന ഈ തീണ്ടാരി കോശങ്ങൾ. അലസിപ്പിക്കപ്പെടുന്ന ഭ്രൂണങ്ങളിൽ നിന്നും, മുറിച്ചു മാറ്റപ്പെടുന്ന പുക്കിൾ കൊടിയിൽ നിന്നും മറ്റും വിത്തുകോശങ്ങൾ ശേഖരിക്കാൻ നെട്ടോട്ടമോടിയിരുന്ന വൈദ്യശാസ്ത്ര വിദഗ്ധന്മാർക്ക് അപ്രതീക്ഷിതമായ് തുറന്നു കിട്ടിയ ഒരു അക്ഷയ ഖനിയാണ്‌ ആർത്തവരക്തം.

രാജ്യാന്തര നിലവാരമുള്ള പ്രഫഷണൽ കോളജുകളിലെ വിദ്യാർത്ഥികളുടെ ബീജങ്ങൾ വമ്പൻ വിലക്ക് വാങ്ങി ബീജബാങ്കുകളിൽ സൂക്ഷിക്കുന്ന കമ്പനികൾ ആർത്തവരക്തം വിലക്കുവാങ്ങുന്നകാലം വിദൂരമല്ല. ഒരുപക്ഷേ കൗമാരം മുതൽ വാർദ്ധക്യത്തിലേക്കെത്തും വരെ സ്ത്രീകൾക്ക് ഒരു സ്ഥിരവരുമാനം നേടികൊടുക്കാൻ ഈ കണ്ടുപിടുത്തത്തിന്‌ കഴിഞ്ഞന്നുവരാം. അമേരിക്കയിലെ ഷെപ്പേർഡ് സെന്റർ അതിന്‌ തുടക്കം കുറിച്ചു കഴിഞ്ഞു.

അടുത്തിടെ അറ്റ്ലാന്റയിലുള്ള ഷെപ്പേർഡ് സെന്റർ വൈദ്യശാസ്ത്ര രംഗത്ത് പുത്തൻ വിപ്ളവത്തിന്‌ വഴിതുറന്നുകൊണ്ട് വിത്തുകോശ ചികിൽസ ലോകത്ത് ആദ്യമായി മനുഷ്യനിൽ പരീക്ഷിച്ചു. സുഷുമ്‌ന തകർത്ത എലികളിൽ നടത്തിയ പരീക്ഷണങ്ങൾ വിജയം കണ്ടതിനെതുടർന്ന്, സാന്‍ഫ്രാന്‍സിസ്‌കോയിലെ സിലിക്കണ്‍വാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ജെറോൺ‍' എന്ന ബയോടെക് കമ്പനിയുടെ സഹകരണത്തോടെ 170 ദശലക്ഷം ഡോളര്‍ ചിലവിട്ടുകൊണ്ടാണ്‌ സുഷുമ്‍നക്ക് കാര്യമായ് പരിക്കേറ്റ് ചലനശേഷി നഷ്ടമായ രോഗിയിൽ വിത്തുകോശത്തെ സന്നിവേശിപ്പിച്ചത്. പരീക്ഷണത്തിന്റെ ആദ്യഘട്ടത്തിൽ നട്ടെല്ലിനു കാര്യമായ തകരാറു സംഭവിച്ച് ചലനശേഷി നശിച്ച ഒരു ഡസനോളം രോഗികളിൽ വിത്തുകോശ ചികിൽസ നടത്താനാണ്‌ പദ്ധതിയിട്ടിരിക്കുന്നത്. വിത്തുകോശ ചികിൽസക്കു ശേഷം രോഗികൾക്ക് ചലനശേഷി തിരിച്ചു കിട്ടുമന്നും, ഗുരുതരമായ സുഷുമ്‌‍നാ തകരാറുമൂലമുണ്ടാകുന്ന പക്ഷാഘാതം തടയാൻ വിത്തുകോശ ചികിൽസക്ക് കഴിയുമന്നും വൈദ്യശാസ്ത്ര ഗവേഷകർ കരുതുന്നു.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories