2011-01-08
പന്തളം കൊട്ടാരവും അയ്യപ്പന്റെ തിരുവാഭരണവും
എല്ലാവർഷവും മകര സംക്രാന്തിനാളിൽ ശബരിമലയിൽ എത്തിച്ചേരുന്ന പന്തളത്തെ ചരിത്ര പ്രധാനമായ തിരുവാഭരണ ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ശാസ്താ ക്ഷേത്രത്തിൽ നിന്നുമാണ് ആരംഭിക്കുന്നത്. അച്ഛന്‍ മകന് അണിയാനുള്ള ആഭരണങ്ങളുമായി പോകുന്നുവെന്നതാണ് തിരുവാഭരണ ഘോഷയാത്രയ്ക്ക് പിന്നിലുള്ള വിശ്വാസം. തനി തങ്കത്തിൽ തീർത്തിട്ടുള്ള തിരുവാഭരണങ്ങൾ പന്തളം രാജാവ് അയ്യപ്പന് സമ്മാനിച്ചതാണന്നാണ് ഐതീഹ്യം. ഇന്നും പന്തളം രാജകൊട്ടാരത്തിനു മാത്രം സ്വന്തമായിട്ടുള്ള ഈ തിരുവാഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്നത് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തോട് ചേർന്നുള്ള ശ്രാമ്പിക്കൽ കൊട്ടാരത്തിലാണ്. പന്തളത്തുനിന്നുള്ള തിരുവാഭരണങ്ങള്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയശേഷം മാത്രമേ മകരസംക്രമ സന്ധ്യയില്‍ സന്നിധാനത്ത് ദീപാരാധന നടത്തുകയുള്ളു.
ചന്ദനത്തിൽ തീർത്ത മൂന്നു പേടകങ്ങളിലായാണ് തിരുവാഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഇതിൽ പ്രധാനം ഗോപുരത്തിന്റെ ആക്യതിയിലുള്ള നെട്ടൂർ പെട്ടിയിൽ സൂക്ഷിച്ചിട്ടുള്ള തനി തങ്കത്തിൽ തീർത്ത തിരുമുഖം, ശരപ്പൊളിമാല, എരിക്കിൻ പൂമാല, വില്ലുതള മാല, നവരത്ന മോതിരം, അരപ്പട്ട, ആനകൾ, പുലി, ചുരികകൾ, നെറ്റിപ്പട്ടം എന്നിവയാണ്. തങ്കത്തിൽ തീർത്ത കലശം കുടവും, മകര സംക്രാന്തിനാളിൽ ശബരിമലയിൽ നടക്കുന്ന പ്രത്യേക പൂജകൾക്കുള്ള സാധന സാമഗ്രികളും രണ്ടാമത്തെ പെട്ടിയിലും, കൊടിപ്പെട്ടി എന്നു വിളിക്കുന്ന ദീർഘ ചതുരാക്യതിയിലുള്ള പെട്ടിയിൽ മല ദൈവ്വങ്ങൾക്കുള്ള കൊടികൂറകളാണ് സൂക്ഷിച്ചിട്ടുള്ളത്. തിരുവാഭരണ ഘോഷയാത്രയിലുടനീളം നെട്ടൂർപ്പെട്ടി ഒന്നാമതായും, കൊടിപ്പെട്ടി മൂന്നാമതായും ആയിട്ടായിരിക്കും പോകുക. നാല്പത്തിയൊന്നു ദിവസത്തെ കഠിന വ്രതമനുഷ്ഠിച്ച പതിനഞ്ച് അയ്യപ്പ ഭക്തന്മാർ, സർവ്വ വിധ സെക്യൂരിറ്റിയോടും കൂടിയ സേനാവിഭാഗത്തിന്റെയും, ആയിരക്കണക്കിന് അയ്യപ്പ ഭക്തന്മാരുടേയും അകമ്പടിയോടെ തലച്ചുമടായിട്ടാണ് തിരുവാഭരണ പേടകങ്ങൾ ശബരിമലയിലേക്ക് വഹിച്ചുകൊണ്ടു പോകുന്നത്.
എല്ലാ വർഷയും ധനു 28-നാണ് തിരുവാഭരണം പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്നതെങ്കിലും തലേദിവസം വൈകിട്ടുതന്നെ തിരുവാഭരണങ്ങൾ പേടകത്തിലടക്കം ചെയ്ത് കൊട്ടാരത്തിൽ നിന്നും ദേവസ്വം ബോർഡ് ഏറ്റുവാങ്ങി പിറ്റേദിവസം രാവിലെ ശ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്നും വലിയ കോയിക്കൽ ക്ഷേത്രത്തിലേക്ക് കൊണ്ടുവരും. അന്ന് വെളുപ്പിനെ ക്ഷേത്രത്തിൽ ചാർത്തുന്ന തിരുവാഭരണം കണ്ടു തൊഴാൻ പതിനായിരകണക്കിനു ഭക്ത ജനങ്ങൾ ശരണം വിളികളോടെ കിലോമീറ്ററുകൾ നീണ്ട ക്യൂവിൽ കാത്തു നിൽക്കും. തിരുവാഭരണം കൊട്ടാരത്തിൽ നിന്നും ഏറ്റുവാങ്ങുന്ന നിമിഷം മുതൽ തിരികെ ശബരിമലയിൽ നിന്നും തിരുവാഭരണം തിരിച്ച് കൊട്ടാരത്തിൽ തിരിച്ചെത്തിക്കും വരെ തിരുവാഭരണത്തിന്റെ ഉത്തരവാദിത്വം ദേവസ്വം ബോർഡിനായിരിക്കും.
രാവിലെ വലിയ കോയിക്കൽ ക്ഷേത്രത്തിൽ ചാർത്തുന്ന തിരിവാഭരണം ദർശിക്കുവാൻ ഉച്ചക്ക് 12 മണിവരെ ഭക്തർക്ക് അനുവാദമുണ്ടായിരിക്കും. ക്യത്യം പന്ത്രണ്ടുമണിക്ക് ക്ഷേത്ര നടയടച്ച് വലിയ തമ്പുരാന്റെ സാന്നിധ്യത്തിൽ പ്രത്യേക പൂജകളും വഴിപാടുകളും നടക്കും. ഈ സംമയം കൊട്ടാരത്തിലെ അംഗങ്ങൾക്കൊഴികെ മറ്റാർക്കും ക്ഷേത്രത്തിൽ പ്രവേശനമുണ്ടായിരിക്കില്ല. ദീപാരാധനയോടെ പൂജാകർമ്മങ്ങളവസാനിച്ചാലുടൻ തന്നെ ആഭരണ പേടകങ്ങളടച്ച് വീരാളിപട്ടു വിരിച്ച് പൂമാലകൾ ചാർത്തി ഘോഷയാത്രക്ക് തയ്യാറാക്കും. അപ്പോഴേക്കും പൂജിച്ച ഉടവാളുമായി എത്തുന്ന മേൽശാന്തിക്ക് പണക്കിഴി ദക്ഷിണയായി നൽകി വലിയ തമ്പുരാൻ ഉടവാൾ സ്വീകരിക്കും. പന്തളം രാജവംശത്തിലെ വലിയ തമ്പുരാന്‍ സ്ഥാനമേല്‍ക്കുന്നയാള്‍ പിന്നീട് ശബരിമല ക്ഷേത്രം ദര്‍ശനം നടത്താൻ പാടില്ലാത്തതിനാൽ ഈ ഉടവാളുമായ് തമ്പുരാന്റെ പ്രതിനിധിയായ ഇളമുറതമ്പുരാൻ ഘോഷയാത്രക്ക് നേത്യത്വം നൽകും.
ക്യത്യം ഒരുമണിയോടെ വടക്കു പടിഞ്ഞാറ് ഭാഗത്തുനിന്നും പറന്നെത്തുന്ന രണ്ട് ശ്രീക്യഷ്ണ പരുന്തുകൾ വലിയകോയിക്കൽ ക്ഷേത്രത്തിന്റെ ശ്രീകോവിലുനു മുകളിൽ മൂന്നു തവണ വട്ടമിട്ടു പറക്കുന്നതോടെ ക്ഷേത്രത്തിന്റെ നടതുറക്കും. പതിനായിരക്കണക്കിനു വരുന്ന ഭക്ത ജനങ്ങളുടെ കണ്ട്ഠത്തിൽ നിന്നുയരുന്ന ശരണം വിളികളുടെ അകമ്പടിയോടെ തിരുവാഭരണങ്ങളടങ്ങിയ പേടകങ്ങളേന്തിയ അയ്യപ്പന്മാർ തുള്ളിയുറഞ്ഞ് ക്ഷേത്രത്തിനു പുറത്തേക്കു വരികയായി. ഇതോടെ പതിനായിരക്കണക്കിനു ഭക്തജനങ്ങളുടെ ശരണം വിളികളാൽ മുഖരിതമായ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ പഞ്ച വാദ്യത്തിന്റെയും പമ്പമേളത്തിന്റെയും നാദസ്വരത്തിന്റെയും അകമ്പടിയോടെ തിരുവാഭരണഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെടുകയായി. ഘോഷയാത്രയുടെ തൊട്ടുപിന്നാലെ പല്ലക്കിൽ വലിയ തമ്പുരാനും പരിവാരങ്ങളും ഇരുമുടിയേന്തിയ പതിനായിരകണക്കിന് അയ്യപ്പ ഭക്തന്മാരും യാത്രയാവും.
0 comments: to “ പന്തളം കൊട്ടാരവും അയ്യപ്പന്റെ തിരുവാഭരണവും ”
Post a Comment