2008-12-27
അന്‍ഡോങ് - കൊറിയന്‍ ട്രഡീഷണല്‍ വില്ലേജ് - യാത്രാ വിവരണം - രണ്ടാം ഭാഗം
തീയ്യതി - 22 ഡിസംബര്‍ 2008
എന്റെ സീറ്റിന് പുറകില്‍ നിന്നും കര്‍ണ്ണങ്ങള്‍ക്ക് അരോചകമാം രീതിയിലുള്ള ഒരു തമിഴ് പാട്ടിന്റെ വരികള്‍ക്കൊപ്പം അലോസരപ്പെടുത്തുന്ന തരത്തില്‍ ചവിട്ടുനാടകത്തിലേതുപോലെയുള്ള ചുവടുവയ്പിന്റെ ശബ്ദം കേട്ട് ഞാന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന് പിന്നോട്ടുനോക്കി. ഔചിത്യവും അനൗചിത്യവും ഒന്നും നോക്കാതെ, ഒരു മരണ വീട്ടില്‍ പോയാല്‍ പോലും തമാശപൊട്ടിച്ച് ആര്‍ത്തട്ടഹസിക്കാന്‍ മടിയില്ലാത്ത നമ്മള്‍ ഇന്ത്യക്കാര്‍ ഇവിടേയും വിഭിന്നമാകുന്നില്ല. ബസിലുള്ള സഹയാത്രികരെല്ലാം തങ്ങളെ കാത്തിരിക്കുന്ന സുന്ദര ദൃശ്യങ്ങളെ സ്വപ്നം കണ്ടും, ആഗോള സാമ്പത്തിക മാന്ദ്യത്തെകുറിച്ചും, തങ്ങളുടെ ഗവേഷണങ്ങളെകുറിച്ചുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, ഭാരത സംഗീതത്തില്‍ പുതിയ രാഗങ്ങളും താളങ്ങളും സന്നിവേശിപ്പിച്ച്, ഓടികൊണ്ടിരിക്കുന്ന ബസില്‍ ബഹളം വച്ച് മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. ഞാന്‍ ഉണര്‍ന്നു എന്നു മനസ്സിലാകിയപ്പേഴേക്കും എന്നയും അവരുടെ കൂട്ടത്തില്‍ കൂട്ടാനുള്ള ശ്രമമായി. കൂട്ടത്തില്‍ ഉണ്ടായിരുന്ന തമിഴ് പെണ്‍കൊടി എന്റെ കൈയ്യില്‍ പിടിച്ചു വലിച്ചു. അല്പം കഴിയട്ടെ എന്നു പറഞ്ഞ് തല്‍കാലത്തേക്ക് ഒഴിഞ്ഞുമാറി. എങ്കിലും ആ മൂന്നുപേര്‍ മുപ്പതുപേരുടെ ബഹളം ബസില്‍ ഉണ്ടാക്കികൊണ്ടിരുന്നു. ഇവര്‍ക്ക് എന്തേ മര്യാദ അറിയില്ലേ എന്ന് മനസ്സിലോര്‍ത്തിട്ടോ എന്തോ ഉസ്‌ബക്കിസ്ഥാനില്‍ നിന്നുമുള്ള Alam Iftekhar എന്ന ഗവേഷണ വിദ്യാര്‍ത്ഥി മൂവിക്യാമറയില്‍ ആ രംഗങ്ങള്‍ പകര്‍ത്തികൊണ്ടിരുന്നു. ക്യാമറ കണ്ണുകള്‍ തങ്ങള്‍ക്കുനേരെ തുറക്കുന്നതു കണ്ടപ്പോഴേക്കും ബഹളം അതിന്റെ പാരമ്യതയിലെത്തി. ബഹളം ഇനി സഹിക്ക വയ്യ എന്ന് തോന്നിപ്പിക്കുമാറ് കാമറൂണില്‍ നിന്നുമുള്ള റോഡ്‌റിഗോ മൈക്രഫോണ്‍ എടുത്ത് ചില പ്രത്യേക അറിയിപ്പുകള്‍ തരാന്‍ തുടങ്ങി. അപ്പോഴേക്കും ബഹളക്കാര്‍ തങ്ങളുടെ സീറ്റുകളില്‍ പോയി ഇരുന്നു.
എന്റെ സീറ്റിന് പുറകില്‍ നിന്നും കര്‍ണ്ണങ്ങള്‍ക്ക് അരോചകമാം രീതിയിലുള്ള ഒരു തമിഴ് പാട്ടിന്റെ വരികള്‍ക്കൊപ്പം അലോസരപ്പെടുത്തുന്ന തരത്തില്‍ ചവിട്ടുനാടകത്തിലേതുപോലെയുള്ള ചുവടുവയ്പിന്റെ ശബ്ദം കേട്ട് ഞാന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന് പിന്നോട്ടുനോക്കി. ഔചിത്യവും അനൗചിത്യവും ഒന്നും നോക്കാതെ, ഒരു മരണ വീട്ടില്‍ പോയാല്‍ പോലും തമാശപൊട്ടിച്ച് ആര്‍ത്തട്ടഹസിക്കാന്‍ മടിയില്ലാത്ത നമ്മള്‍ ഇന്ത്യക്കാര്‍ ഇവിടേയും വിഭിന്നമാകുന്നില്ല. ബസിലുള്ള സഹയാത്രികരെല്ലാം തങ്ങളെ കാത്തിരിക്കുന്ന സുന്ദര ദൃശ്യങ്ങളെ സ്വപ്നം കണ്ടും, ആഗോള സാമ്പത്തിക മാന്ദ്യത്തെകുറിച്ചും, തങ്ങളുടെ ഗവേഷണങ്ങളെകുറിച്ചുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, ഭാരത സംഗീതത്തില്‍ പുതിയ രാഗങ്ങളും താളങ്ങളും സന്നിവേശിപ്പിച്ച്, ഓടികൊണ്ടിരിക്കുന്ന ബസില്‍ ബഹളം വച്ച് മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. ഞാന്‍ ഉണര്‍ന്നു എന്നു മനസ്സിലാകിയപ്പേഴേക്കും എന്നയും അവരുടെ കൂട്ടത്തില്‍ കൂട്ടാനുള്ള ശ്രമമായി. കൂട്ടത്തില്‍ ഉണ്ടായിരുന്ന തമിഴ് പെണ്‍കൊടി എന്റെ കൈയ്യില്‍ പിടിച്ചു വലിച്ചു. അല്പം കഴിയട്ടെ എന്നു പറഞ്ഞ് തല്‍കാലത്തേക്ക് ഒഴിഞ്ഞുമാറി. എങ്കിലും ആ മൂന്നുപേര്‍ മുപ്പതുപേരുടെ ബഹളം ബസില്‍ ഉണ്ടാക്കികൊണ്ടിരുന്നു. ഇവര്‍ക്ക് എന്തേ മര്യാദ അറിയില്ലേ എന്ന് മനസ്സിലോര്‍ത്തിട്ടോ എന്തോ ഉസ്‌ബക്കിസ്ഥാനില്‍ നിന്നുമുള്ള Alam Iftekhar എന്ന ഗവേഷണ വിദ്യാര്‍ത്ഥി മൂവിക്യാമറയില്‍ ആ രംഗങ്ങള്‍ പകര്‍ത്തികൊണ്ടിരുന്നു. ക്യാമറ കണ്ണുകള്‍ തങ്ങള്‍ക്കുനേരെ തുറക്കുന്നതു കണ്ടപ്പോഴേക്കും ബഹളം അതിന്റെ പാരമ്യതയിലെത്തി. ബഹളം ഇനി സഹിക്ക വയ്യ എന്ന് തോന്നിപ്പിക്കുമാറ് കാമറൂണില്‍ നിന്നുമുള്ള റോഡ്‌റിഗോ മൈക്രഫോണ്‍ എടുത്ത് ചില പ്രത്യേക അറിയിപ്പുകള്‍ തരാന്‍ തുടങ്ങി. അപ്പോഴേക്കും ബഹളക്കാര്‍ തങ്ങളുടെ സീറ്റുകളില്‍ പോയി ഇരുന്നു.
12 മണിയോടെ ഞങ്ങള്‍ ഫോഹാങ് POSCO-യില്‍ എത്തി. ബസ് പാര്‍ക്ക് ചെയ്തിട്ട് എല്ലാവരും ഉച്ചഭക്ഷണത്തിനായ് പോയി. നമ്മള്‍ കേരളീയരെപോലെ പോകുന്നവഴി ഏതങ്കിലും തട്ടുകടയിലോ , വഴിയോര ഹോട്ടലിലോ കയറി ഭക്ഷണം കഴിക്കുന്ന രീതി കൊറിയക്കാരുടെ ഇടയില്‍ തീരെ ഇല്ല. കാലേകൂട്ടി തയ്യാറക്കുന്ന ട്രാവല്‍ പ്ലാന്‍ അനുസരിച്ച് ഭക്ഷണത്തിനും താമസത്തിനുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ടാകും. ഇത്തവണ ഞങ്ങള്‍ക്കുള്ള ഉച്ച ഭക്ഷണം POSCO-യുടെ മെസ്സിലായിരുന്നു തരപ്പെടുത്തിയിരുന്നത്.
ചെറിയ ഒരു കുന്നിന്‍ മുകളില്‍ വളരെ മനോഹരമായ് പണിതീര്‍ത്തിട്ടുള്ള ഒരു ഇരുനില കെട്ടിടമാണ് POSCO മെസ്സ്. ഗ്ലാസ് ഭിത്തികളാല്‍ നിര്‍മ്മിച്ച രണ്ടാമത്തെ നിലയിലാണ് മെസ്സ് ഹാള്‍. 500 പേര്‍ക്ക് ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുള്ള വിശാലമായ ഒരു ഹാള്‍. അതിന്റെ പ്രധാന കവാടത്തില്‍ രണ്ട് കൊറിയന്‍ സുന്ദരികള്‍ മനോഹരമായ് ചിരിച്ച് അവരുടെ തനതു ശൈലിയില്‍ കുനിഞ്ഞ് വണങ്ങികൊണ്ട് "ആനേ ഹസയോ" എന്ന് പറഞ്ഞ് ഞങ്ങളെ ഓരോരുത്തരെയായി അകത്തേക്ക് സ്വീകരിച്ചു. ഹാളിലേക്ക് കയറിചെല്ലുന്നതിന്റെ വലതു വശത്തായി മൂന്നു വരികളിലായി ഞങ്ങള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കി ആതിഥേയര്‍ ഞങ്ങളേയും കാത്ത് നില്‌ക്കുന്നു. ചതുരാക്യതിയിലുള്ള ഒരു താലത്തില്‍ സൈഡ് ഡിഷസ് എടുക്കാനുള്ള നാലു കുഴികളോടുകൂടിയ ഒരു പ്ലയിറ്റും, സൂപ്പ് എടുക്കാനുള്ള പാത്രവും എടുത്തുവച്ച് ച്യൂയിങ് സ്റ്റിക്കും, സ്‌പൂണും എടുത്ത് ഞങ്ങള്‍ വരിവരിയായി നീങ്ങി.
തൂവെള്ള വസ്ത്രം ധരിച്ച്, തലയില്‍ തൊപ്പിയും, കൈയ്യില്‍ സുതാര്യമായ പ്ലാസ്റ്റിക് ഗ്ലൗസും ഇട്ട കൊറിയന്‍ സുന്ദരികള്‍ ഒരു ചെറിയ പാത്രത്തില്‍ സ്റ്റീമഡ് റൈസ് എടുത്ത് "ആനേ ഹസയോ" എന്ന് പറഞ്ഞ് പുഞ്ചിരിച്ചുകൊണ്ട്, നമ്മള്‍ അമ്പലത്തില്‍ നിന്നും പ്രസാദം വാങ്ങാന്‍ കൈകള്‍ നീട്ടുന്നവിധത്തില്‍ ആദരവോടെ താലത്തിലേക്ക് വച്ചുതന്നു. ഭാരതിയര്‍ക്കാണ് ആതിഥ്യ മര്യാദ ഏറ്റവും കൂടുതല്‍ എന്നു നമ്മള്‍ പറയാറുണ്ടങ്കിലും കൊറിയക്കാരുടേയും, ജപ്പാന്‍ കാരുടേയും അത്ര ആതിഥ്യ മര്യാദ ഞാന്‍ മറ്റൊരു രാജ്യക്കാരനിലും കണ്ടിട്ടില്ല. "കംസാ ഹമീദ" എന്നു പറഞ്ഞുകൊണ്ട് റൈസ് താലത്തില്‍ വാങ്ങി, ആ വശ്യത്തിന് സൈഡ് ഡിഷും, മസാല പുരട്ടാതെ എണ്ണയില്‍ പൊള്ളിച്ച മത്സ്യവും, സൂപ്പും എടുത്ത് ഓരോരുത്തരായ് ഊണുമേശയിലേക്ക് നീങ്ങികൊണ്ടിരുന്നു.
നാലു പേര്‍ക്കു വീതം ഇരുന്നു ഭക്ഷണം കഴിക്കാവുന്ന രീതിയിലായിരുന്നു തീന്‍മേശയുടെ ക്രമീകരണം. ടേബിളിനു മുകളില്‍ വ്യത്തിയുള്ള മനോഹരമായ സ്പടിക കുപ്പികളില്‍ കുരുമുളക് പൊടി, ടൊമാറ്റൊ സോസ്, ഉപ്പ് എന്നിവയും, തടിയില്‍ കൊത്തുപണി ചെയ്ത ഒരു പെട്ടിയില്‍ ടിഷ്യൂ പേപ്പറും വച്ചിട്ടുണ്ടായിരുന്നു. എന്റെ അടുക്കളയിലും പരീക്ഷണ ശാലയിലും ആവശ്യത്തിലധികം പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തുന്നതിനാല്‍ എല്ലാ സൈഡ് ഡിഷസും ടേസ്റ്റ് ചെയ്ത് ഒരു പരീക്ഷണം നടത്താന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. കിംചി എന്നു കേട്ടാലേ ഓക്കാനം വരുമായിരുന്ന ഞാന്‍ ചോറും പൊള്ളിച്ച മീനും സൂപ്പും ചേര്‍ത്ത് കഴിച്ച് സായൂജ്യമടഞ്ഞു. കേരളീയരുടെ തനതു ചക്കപായസം പോലെ മഞ്ഞനിറത്തിലുള്ള മാധുര്യമേറിയ ഒരു ഒരു പാനീയം എടുത്തുവങ്കിലും ഒരു സ്‌പൂണ്‍ മാത്രം കഴിച്ച് മതിയാക്കി.
ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ പാത്രങ്ങളും ഉച്ചിഷ്‌ടവും അതിനായുള്ള പ്രത്യേക സ്ഥലത്ത് നിക്ഷേപിക്കുക്ക എന്നത് കഴിക്കുന്നവര്‍ തന്നെ ചെയ്യേണ്ട ഒരു ജോലിയാണ്. ഹാളിന്റെ അങ്ങേ അറ്റത്തായി ക്രമീകരിച്ചിരിക്കുന്ന, സദാ മുന്നോട്ട് ചലിച്ചുകൊണ്ടിരിക്കുന്ന കണ്‍വെയറിലേക്ക് ഉച്ചിഷ്‌ടം നീക്കം ചെയ്ത് പാത്രങ്ങള്‍ വെയ്ക്കുക. കണ്‍വെയര്‍ പാത്രങ്ങളെ വാഷിങ് റൂമില്‍ എത്തിച്ചുകൊള്ളും. കണ്‍വെയറിന് അപ്പുറത്തായി കുടിവെള്ളത്തിനുള്ള അന്‍പതോളം പൈപ്പുകള്‍ ഉണ്ട്. ഓരോ പൈപ്പുകളിലും സദാ ചൂടുവെള്ളവും തണുത്ത വെള്ളവും ലഭ്യമാണ്. കഴുകി വ്യത്തിയാക്കി ഉണക്കിയ ഗ്ലാസ് ഒരു ചാനല്‍ വഴി പൈപ്പിന് മുകളിലെത്തും. ഒരു ഗ്ലാസ് എടുക്കുമ്പോള്‍ അടുത്ത ഒന്ന് ആ സ്ഥാനത്തേക്ക് എത്തും. വെള്ളം കുടിച്ച ശേഷം ഗ്ലാസ് പൈപ്പിന് അടിയിലായുള്ള ചാനലിലേക്ക് ഇടുക. ചാനല്‍ വഴി ഗ്ലാസ് വാഷ് റൂമിലേക്ക് എത്തികൊള്ളും.
ഉച്ച ഭക്ഷണം കഴിഞ്ഞ് കുന്നിന്‍ മുകളിലും അതിനു താഴയുള്ള കുളത്തിന് അരികിലും ഒക്കെയായി അല്പസമയം വിശ്രമിച്ച് ക്യത്യം 2 മണിക്ക് POSCO-യിലേക്ക് പുറപ്പെട്ടു. ആ ഉച്ച സമയത്തും അന്തരീക്ഷ ഊഷ്മാവ് -10 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സ്റ്റീല്‍ നിര്‍മ്മാണ കമ്പനിയായ POSCO 1968-ല്‍ ആണ് സ്ഥാപിതമായത്. വെറും മുപ്പത്തി ഒന്‍പത് ജോലിക്കാരുമായ് പ്രൊഡക്‌ഷന്‍ ആരംഭിച്ച POSCO-യില്‍ ഇന്ന് മുപ്പത്തി എണ്ണായിരത്തിലധികംപേര്‍ ജോലി ചെയ്യുന്നു. കൊറിയയെ, പട്ടിണിയില്‍ നിന്നും രക്ഷിക്കാന്‍ ഒരു പരിധിവരെ ഇരുമ്പു വ്യവസായത്തിന് കഴിയും എന്ന് മുന്നില്‍ കണ്ടുകൊണ്ട് പാര്‍ക്ക് തേ ജൂന്‍സ്-ന്റെ നേത്യത്വത്തിലാണ് POSCO സ്ഥാപിതമായത്. ജപ്പാന്‍, ആസ്‌ട്രേലിയ, ഇന്ത്യ, അമേരിക്ക, വിയ്‌റ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇരുമ്പയിര് ഇറക്കുമതി ചെയ്ത്, ഇരുമ്പു വ്യവസായം നടത്തുന്ന POSCO മുപ്പത്തി എണ്ണായിരത്തിലധികം പേര്‍ക്ക് ജോലി നല്‍കുന്ന ഒരു കമ്പനിയായ് വളര്‍ന്നു വന്നത് ദേശ സ്‌നേഹവും കൂട്ടായ്‌മയും ആയുധമാക്കികൊണ്ട് 1000 ഡിഗ്രി സെല്‍ഷ്യസില്‍ ഇരുമ്പ് ഉരുക്കുന്ന ഫര്‍ണസുകളോട് മല്ലടിച്ച അതിലെ ഓരോ ജീവനക്കാരന്റെയും വിയര്‍പ്പിന്റെ വിലകൊണ്ടാണ്. കൊടിപിടിക്കാനും, മുദ്രാവക്യം മുഴക്കനും, സത്യാഗ്രഹം നടത്താനും അറിയാതെപോയ ഒരു ജനസമൂഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലം. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യമായിരുന്ന കൊറിയ കേവലം അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകത്തെ ഏറ്റവും സമ്പന്നമായ എട്ടു രാജ്യങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചത് അവരുടെ കഠിനാധ്വാനം ഒന്നുകൊണ്ടുമാത്രമാണ്.
POSCO-യുടെ ഓഫീസിന് മുന്നില്‍ എത്തിയ ഞങ്ങളെ അവരുടെ പ്രതിനിധികള്‍ സ്വീകരിച്ചാനയിച്ച് അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ അഞ്ഞൂറ് പേര്‍ക്ക് ഇരിക്കാവുന്ന ഒരു ഡിജിറ്റല്‍ തീയറ്ററിലേക്കാണ്. സുന്ദരിയായ, സ്യൂട്ടിട്ട കൊറിയന്‍ സുന്ദരിയെ അനുഗമിച്ച് മൂന്ന് സുന്ദരികളായ പെണ്‍കുട്ടികളും തീയറ്ററിലേക്ക് കടന്നുവന്നു. തനതു ശൈലിയില്‍ വിഷ് ചെയ്ത് "അനേ ഹസയോ" എന്നു ചോദിച്ചുകൊണ്ട് POSCO-യെ കുറിച്ച് ഇംഗ്ലീഷില്‍ ഒരു ചെറു വിവരണം നല്‍കി. ഒപ്പം കൂടയുള്ള ആ മൂന്നു സുന്ദരികള്‍ POSCO-യുടെ ഉള്ളിലേക്ക് ഞങ്ങളെ കൂട്ടികൊണ്ടുപോകുവാന്‍ വന്ന ഗൈഡുകളാണന്നും പരിചയപ്പെടുത്തി. ഇംഗ്ലീഷിലുള്ള ആ ചെറു വിവരണം കഴിഞ്ഞപ്പോള്‍ സാവധാനം തീയേറ്ററിനുള്ളിലെ വൈദ്യുത ദീപങ്ങള്‍ അണഞ്ഞ് ഇരുട്ടു പരക്കുകയും, കാതടപ്പിക്കുന്ന ഒരു ശബ്ദത്തോടെ മുന്നിലുള്ള സ്ക്രീനില്‍ POSCO യെ കുറിച്ചുള്ള ഒരു ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിക്കയും ചെയ്തു. പോഹാങ്-ലും ഗ്വങ് ഗയങി-ലും ആയി രണ്ടൂ പ്ലാന്റുകളാണ് POSCO-യ്ക്ക് ഉള്ളത്. ഹെഡ് ഓഫീസ് പോഹങ്ങിലാണ്. ഒരു ഇന്‍ഡസ്‌ടിയല്‍ കോമ്പ്ലക്സ്, ഹെഡ് കോട്ടഴ്‌സ് കെട്ടിട സമുച്ചയം, POSCO മ്യൂസിയം, എപ്ലോയീസ് ഡോര്‍മിറ്റൊറീസ്, ഫുട്ബോള്‍ ഗ്രൗണ്ട്, ഹെലി പോര്‍ട്ട് എന്നിവ അടങ്ങുന്ന വിശാലമായ് ഒരു കോമ്പൗണ്ടാണ് പോഹാങ്ങില്‍ POSCO-യ്‌ക്കുള്ളത്.
(Korean Traditional dance)പതിനഞ്ച് മിനിട്ട് നീണ്ടുനിന്ന പ്രദര്‍ശനത്തിനു ശേഷം ഗൈഡുകള്‍ ഞങ്ങളെ POSCO-യുടെ ഇന്‍ഡസ്‌ട്രിയല്‍ കോപ്ലക്‌സിലേക്ക് കൊണ്ടുപോയി. പ്രധാന പാതയുടെ ഇരുവശങ്ങളിലായ് ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന സ്റ്റീല്‍ പ്ലാന്റുകള്‍. അതിന്റെ മുകളിലുള്ള പുകക്കുഴലുകളില്‍ കൂടി പഞ്ഞികെട്ടുകള്‍ പോലെ വെളുത്ത പുക ആകാശത്തേക്ക് ഉയര്‍ന്നു പൊങ്ങുന്നു. റോഡിനോട് ചേര്‍ന്ന് ഇരുവശങ്ങളിലായ് ഇരുപത് അടിയിലധികം ഉയരത്തില്‍ കൂറ്റന്‍ പൈപ്പു ചാനലുകളും കണ്‍വെയറുകളും കടന്നുപോകുന്നു. നൂറ്റി അന്‍പത് കിലോമീറ്റര്‍ നീളമുള്ളവയാണ് ആ കണ്‍വെയറുകള്‍ എന്ന് ഗൈഡ് വിശദീകരിച്ചു തന്നു. പ്രധാന കവാടത്തിന് അടുത്തായ് ഒരു അഴിമുഖം. അവിടെയായ് നാലു പടുകൂറ്റന്‍ ചരക്കു കപ്പലുകള്‍ വന്നു കിടക്കുന്നു. ഒരു വശത്ത് ആസ്‌ട്രേലിയയില്‍ നിന്നും ജപ്പാനില്‍ നിന്നുമൊക്കയായ് ഇരുമ്പയിര് കൊണ്ടുവരുന്ന കപ്പലുകളാണ്. മറുവശത്ത് സംസ്‌കരിച്ചെടുത്ത സ്റ്റീല്‍ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന കപ്പലുകളാണ്.
ബസിനുള്ളില്‍ വച്ച് ഇരുമ്പയിര് എങ്ങനെയാണ് സംസ്‌കരിച്ചെടുക്കുന്നത് എന്ന് ഗൈഡ് വിശദീകരിച്ചുതരുമ്പോള്‍, പണ്ട് പത്താം ക്ലാസിലെ രസതന്ത്ര പുസ്തകം നോക്കി ഇരുമ്പയിര് എങ്ങനെ സംസ്‌കരിക്കാം എന്ന് കാണാപാഠം പഠിക്കുന്ന ഒരു പതിനാലു വയസ്സുകാരന്റെ മുഖം ഓര്‍മ്മയില്‍ വന്നു. ബസിന്റെ ഗ്ലാസ് വിന്‍ഡോയിലൂടെ, പുറത്ത് വളഞ്ഞു പുളഞ്ഞ് പോകുന്ന പടുകൂറ്റന്‍ കണ്‍വെയറുകളും പൈപ്പ് ലൈനുകളും ഒരു മായ കാഴ്‌ചയിലെന്നോണം ഞാന്‍ നോക്കിയിരുന്നു. 1000 ഡിഗ്രി സെല്‍ഷ്യസ് ഊഷ്‌മാവില്‍ ഇരുമ്പയിര് സംസ്‌കരിച്ചെടുക്കുന്ന ഫര്‍ണസുകള്‍ ക്രമീകരിച്ച പ്രൊഡക്‌ഷന്‍ പ്ലാന്റുകള്‍ക്ക് ഇടയിലൂടെയുള്ള റെയില്‍വേ പാളവും, അതുനടുത്തുള്ള, ഒരേ സമയം രണ്ട് ഹെലികോപ്‌റ്ററുകള്‍ക്ക് പര്‍ക്ക് ചെയ്യാവുന്ന വലിയ ഹെലി പാഡിനെയുംകാള്‍ അവിടുത്തെ നീറ്റ്നസും ഗ്രീനറിയും ആണ് എന്നെ അല്‍ഭുതപ്പെടുത്തിയത്. ഗ്രീന്‍ ആന്‍ഡ് ക്ലീന്‍ എന്ന് എല്ലാവരും പറയുമങ്കിലും അക്ഷരാര്‍ത്ഥത്തില്‍ അത് നടപ്പാക്കുന്നത് POSCO ആണന്നത് കൊറിയക്കാരുടെ സത്യസന്ധതക്ക് ഒരു തിലകക്കുറിയായ് എനിക്ക് തോന്നി.
(Green and Clean POSCO)
ഇരുമ്പുരുക്കി ദണ്ഡുകളാക്കുന്ന ആ ഫാക്ടറിയിലേക്ക്, കയറിയപ്പോള്‍ ജാക്കറ്റും സ്യൂട്ടും എല്ലാം അഴിച്ചു വച്ചിരുന്നുവങ്കിലും നല്ല ചൂട് അനുഭവപ്പെട്ടു. കനല്‍ പഴുത്തപോലെയുളള ഉരുകിയ ഇരുമ്പിനെ ദണ്ഡുകളാക്കി മോള്‍ഡ് ചെയ്യുന്നത് ആദ്യമായായിരുന്നു ഞങ്ങള്‍ എല്ലാവരും കാണുന്നത്. പല ഫാക്ടറികളിലും വിസിറ്റ് ചെയ്തിട്ടുണ്ടങ്കിലും തീര്‍ത്തും വ്യത്യസ്ഥമായ് ഒരു അനുഭവമായിരുന്നു അത്. ഏതാണ്ട് നാലുമണിയോടെ ഗൈഡിനോട് നന്ദി രേഖപ്പെടുത്തി POSCO-യില്‍ നിന്നും ഞങ്ങള്‍ ഫോഹാങ് ട്രഡീഷണല്‍ സിറ്റിയിലേക്ക് യാത്രയായി.
തുടരും..............
Tuesday, December 30, 2008 4:40:00 PM
കൊടിപിടിക്കാനും, മുദ്രാവക്യം മുഴക്കനും, സത്യാഗ്രഹം നടത്താനും അറിയാതെപോയ ഒരു ജനസമൂഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലം. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യമായിരുന്ന കൊറിയ കേവലം അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകത്തെ ഏറ്റവും സമ്പന്നമായ എട്ടു രാജ്യങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചത് അവരുടെ കഠിനാധ്വാനം ഒന്നുകൊണ്ടുമാത്രമാണ്.
Tuesday, December 30, 2008 10:52:00 PM
കൊറിയന്‍ യാത്രാവിവരണം നന്നായി മാഷെ,
ഫോട്ടോകളും നന്ന്...
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....
നവവത്സരാശംസകള്‍.....
Wednesday, December 31, 2008 12:27:00 AM
അപരിചിതമായ സ്ഥലങ്ങള്‍...
വായിക്കുമ്പോള്‍ ഒരു യാത്രചെയ്യുന്ന അനുഭൂതി!!!
മനോഹരമായ ചിത്രങ്ങളും...
ആശംസകള്‍...
Wednesday, December 31, 2008 10:16:00 AM
യാത്രാവിവരണം നന്നായിട്ടുണ്ട്.
ബാക്കി കൂടി പോരട്ടെ പ്രശാന്തകുമാരാ. കൂടുതല്‍ പടങ്ങള്‍ പ്രതീക്ഷിക്കുന്നു അടുത്തതില്‍.
-സുല്‍