2011-08-23
ഋതു പറഞ്ഞ കഥ-ഭാഗം-02
ഋതുവും വാവയും തമ്മിലുള്ള ബന്ധം ക്രമേണ അവരുടെ കുടുംബങ്ങള്‍ തമ്മിലുള്ള അടുപ്പത്തിന് കാരണമായി. വാവ ഋതുവിന്റെ വീട്ടിലെ അംഗമായിമാറാന്‍ അധികനാൾ വേണ്ടി വന്നില്ല. അവന്റെ അച്ഛനും അമ്മയ്ക്കും വാവയെ ജീവനായിരുന്നു. വാവ സ്വന്തം അച്ഛനും അമ്മയും പോലെ അവരെയും സ്നേഹിച്ചു. ജീവിതത്തില്‍ വീടുവിട്ടു നില്‍ക്കാത്ത ഋതു ദിവസങ്ങളോളം വാവയുടെ വീട്ടില്‍ പോയി താമസിച്ചു. വാവ അവന്റെ വീട്ടിലും. ഋതുവിനെപോലെ ഒരാൾക്ക് അതു ഒരു പുതിയ ലോകം ആയിരുന്നു. അച്ഛനും അമ്മയും അവനും മാത്രമായിരുന്ന ചെറിയ ലോകത്തില്‍ നിന്നും വന്ന അവന് അതു സന്തോഷത്തിന്റെ നാളുകളായിരുന്നു. വാവയുടെ ഏട്ടന്മാര്‍ അവനെ സ്വന്തം അനുജനെ പോലെ കരുതി. ദൈവീക ചൈതന്യം നിറഞ്ഞു തുളുമ്പുന്ന ഐശ്വര്യമുണ്ടായിരുന്നു വാവയുടെ അമ്മയ്ക്ക്. അവന് ഒരുപാട് ഒരുപാട് ഇഷ്ടമായിരുന്നു ആ അമ്മയെ. ഒരിക്കല്‍ അവരെ ചേര്‍ന്നു നിര്‍ത്തി ഈ സ്നേഹബന്ധം ഒരിക്കലും പിരിയരുതേയെന്ന് വാവയുടെ അമ്മ പറഞ്ഞു. അവന്റെ വാവയ്ക്ക് അവനെ ജീവനായിരുന്നു. കുട്ടിക്കാലത്ത് നഷ്ടമായ പലതും അവന് ആ വീട്ടില്‍ നിന്നും കിട്ടി. വിശാലമായ തൊടി, ശംഖനാദം കേട്ടുണരുന്ന ഗ്രാമം, ഏട്ടന്മാരുടെ സ്നേഹം, നിറയെ അംഗങ്ങളുള്ള ഒരു വീട്ടിലെ വലിയ വലിയ സന്തോഷങ്ങളും കൊച്ചു കൊച്ചു ദുഃഖങ്ങളും അതിലുപരിയായി അവന്റെ വാവയുടെ സ്നേഹവായ്പുകൾ.
അങ്ങനെയിരിക്കെ ഋതുവിന്റെ ഓഫീസിലെ ചില പ്രശ്നങ്ങള്‍ കാരണം പെട്ടന്ന് അവൻ ജോലി രാജി വയ്ക്കാന്‍ തീരുമാനിച്ചു. ആ സമയം വാവയാണ് അവനെ ആശ്വസിപ്പിച്ചതും ധൈര്യം കൊടുത്തതും. അവന് ഒന്നിനും ഒരു കുറവും വരാതെ അവന്റെ വാവ നോക്കി. അവൻ പോലുമറിയാതെ അവന്റെ പേഴ്സില്‍ വാവ പണംവയ്ക്കുമായിരുന്നു. ഏത് ജന്മത്തിന്റെ പുണ്യം കൊണ്ടാണ് വാവയെ അവന് കിട്ടിയതെന്ന് അവൻ ചിന്തിച്ച ദിവസങ്ങളായിരുന്നു അത്. വാവയോടുള്ള സ്നേഹം കൊണ്ട് അവൻ തന്റെ പല നല്ല സുഹൃത്തുക്കളെയും ഒഴിവാക്കി തുടങ്ങിയിരുന്നു. അവന്റെ ലോകം മുഴുവന്‍ വാവയായിരുന്നു. ജീവിതത്തില്‍ ഒരു മിഠായി പോലും പങ്കുവച്ചിട്ടില്ലാത്ത അവന്‍ അവന്റെ ശരീരവും ജീവിതം വാവയ്ക്ക് വേണ്ടി മാത്രം മാറ്റിവച്ചു. അവരുടെ പ്രൊഫഷൻ തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ടായിരുന്നു. എങ്കിലും ഒരുമിച്ചു ജീവിക്കാന്‍ വേണ്ടി ഒരു നല്ല ബിസിനസ് തുടങ്ങാന്‍ അവർ തീരുമാനിച്ചു. അവരുടെ യഥാർത്ഥ ബന്ധത്തെകുറിച്ച് അറിയാത്ത വീടുകാര്‍ക്കും അതില്‍ സന്തോഷം തോന്നി.
അങ്ങനെ ഇരിക്കെ വാവ എറണാകുളത്തിന് അടുത്ത് ചെറായി എന്ന സ്ഥലത്ത് ഒരു ബീച്ച് റിസോർട്ടിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യാൻ തുടങ്ങി. വാവയുടെ നാട് പുനലൂര്‍ അയിരുന്നു. അതിനാല്‍ എല്ലാ ആഴ്ചയും ശനിയും ഞായറും കോട്ടയത്തുള്ള ഋതുവിന്റെ വീട്ടില്‍ വന്നു നില്‍ക്കുമായിരുന്നു. ഋതുവിനും വാവക്കും അത് സന്തോഷത്തിന്റെ നാളുകളായിരുന്നു. പുനലൂര്‍ പോകുമ്പോൾ അവർ ഒരുമിച്ചായിരുന്നു പോകാറുള്ളത്. രണ്ടു വീടുകളും അവർക്ക് ഒരുപോലെ തന്നെ ആയിരുന്നു. ഒരാഴ്ച വാവ വീട്ടില്‍ വന്നില്ലെങ്കില്‍ അവന്റെ അയല്‍പക്കത്തുള്ളവർവരെ വാവയെ തിരക്കുമായിരുന്നു. അവന് എല്ലാവരും ഉണ്ടന്ന് അവൻ വിശ്വസിച്ചു. അവന് മനസില്‍ ഒരുപാട് സന്തോഷം തോന്നി. വീട്ടില്‍ വന്നു തിരിച്ചു പോകുമ്പോള്‍ വാവയുടെ കണ്ണുകള്‍ പലപോഴും ഈറനണിയുന്നത് അവന്‍ കണ്ടിട്ടുണ്ട്. ഒരോ ആഴ്ചയും വന്നു പോകുമ്പോള്‍ വാവ അവനെ കൊണ്ടു അയാളുടെടെ മാറില്‍ കടിച്ചു പാടു വീഴ്താന്‍ ആവശ്യപ്പെമായിരുന്നു. കാരണം അവന്റെ സ്നേഹവും സാന്നിധ്യവും വാവയ്ക്ക് അത്രമാത്രം പ്രിയപ്പെട്ടവ ആയിരുന്നു.
അവർ ചേർന്ന് ഒരു റിസോർട്ട് ആരംഭിക്കാന്‍ തീരുമാനിച്ചു. അതിനായി കുറെ സ്ഥലങ്ങള്‍ കാണുകയും വാവയുടെ ഒരു ബന്ധുവിന്റെ സഹായം തേടുകയും ചെയ്തു. അവർ ഒരുമിച്ചു നില്‍ക്കാന്‍ അവരെക്കാളും സന്തോഷം അവരുടെ വീട്ടുകാര്‍ക്ക് ആയിരുന്നു. അതുകൊണ്ടുതന്നെ റിസോർട്ട് ആരംഭിക്കുന്നതിന് വീട്ടിൽ ആർക്കും ഒരു എതിര്‍പ്പും ഉണ്ടായിരുന്നില്ല. സന്തോഷവും ചെറിയ ചെറിയ യാത്രകളും അവരുടെ ജീവിതത്തെ കൂടുതല്‍ സുന്ദരമാക്കി. ഒരു കോഫി ഗ്ലാസില്‍ നിന്നും അവർ പരസ്പരം ഷെയർ ചെയ്തു കുടിച്ചിരുന്നു. വാവയുടെ അമ്മ അവർക്ക് ഒരുപാത്രത്തിൽ ചോറുവിളമ്പി.
വാവയുടെ വരവോടെ അവന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങള്‍ വന്നിരുന്നു. അവന്റെ വാക്കുകളിൽ പറഞ്ഞാൽ സ്നേഹം കൊണ്ട് വാവ അവനെ മാറ്റി എന്നു പറയുന്നതാണ് കൂടുതല്‍ ശരി. പൊതുവേ പരുക്കന്‍ സ്വഭാവമായ അവന് സൗമ്യശീലം വന്നതില്‍ അവന്റെ അമ്മ ഒരുപാട് സന്തോഷിച്ചു. വാവ ഉറങ്ങുമ്പോൾ പലരാത്രികളും ജനാലയിലൂടെ മുറിയിലേക്കരിച്ചെത്തുന്ന ചന്ദ്രശോഭയിൽ അവൻ വാവയെ നോക്കിയിരികാറുണ്ട്. ഈ ഒരു ജന്മത്തില്‍ മാത്രം അല്ല ഇനിയേത് ജന്മങ്ങള്‍ എടുത്താലും വാവ അവന് കൂട്ടായി വരണമെന്ന് അവന്‍ പ്രാര്‍ത്ഥിച്ചു. പ്രണയത്തിന്‍റെ മധുരമുള്ള കൊച്ചു കൊച്ചു പിണക്കങ്ങള്‍ ഉണ്ടാകുമെങ്കിലും ഒരിക്കലും പിരിയാന്‍ പറ്റില്ലെന്ന് അവർക്ക് പൂര്‍ണ്ണവിശ്വാസം ഉണ്ടായിരുന്നു.
വാവ ഏറ്റവും കൂടുതല്‍ വിഷമിച്ചു അവൻ കണ്ടിരിക്കുന്നത് അയാൾക്ക് അതികഠിനമായ തലവേദന (കൊടിഞ്ഞി) വരുമ്പോഴാണ്. അപ്പോൾ അയാൾ കട്ടിലിൽ കിടന്ന് വേദനകൊണ്ട് പിടയുന്നത് പലപ്പോഴും കണ്ടു നില്‍ക്കാന്‍ അവന് കഴിഞ്ഞിരുന്നില്ല. രാത്രികാലത്ത് തലവേദന വരുമ്പോള്‍ അവന്റെ മടിയില്‍ കിടത്തി വാവയുടെ മുഖം കൈകള്‍ കൊണ്ടു വലയം ചെയ്തു പിടിക്കുമായിരുന്നു. പഞ്ഞിയിൽ വെള്ളം നനച്ച് അയാളുടെ നെറ്റിയിൽ ഇട്ട്കൊടുത്തുകൊണ്ട് വെളുക്കോളം കാവലിരിക്കും. തലവേദനക്കു എറണാകുളത്തു ഒരു പ്രശസ്തനായ ഡോക്ടറെ കാണിക്കാന്‍ അവന്റെ അച്ഛന്‍ വാവയെ കൊണ്ടുപോയി. മുപ്പത് ദിവസത്തെ മരുന്നുകള്‍ നിര്‍ദ്ദേശിച്ചു. രാവിലെയും വൈകിട്ടും മരുന്ന് കഴിക്കാൻ പതിവായി അവൻ വാവയെ വിളിച്ചു ഓര്‍മ്മിപ്പിച്ചു. അന്നും ഇന്നും അവന്റെ പ്രാര്‍ത്ഥനകളില്‍ ആദ്യസ്ഥാനം അവന്റെ വാവക്കാണ്.
അവരുടെ സ്നേഹം മഴയായി പൊഴിഞ്ഞതും നദിയായി വളര്‍ന്നതും വളരെ വേഗത്തില്‍ അയിരുന്നു. നദികള്‍ പാറകള്‍ നിറഞ്ഞ ഇടതിങ്ങിയ തുരുത്തുകളിലൂടെ പലപ്പോഴും ഒഴുകിയിരുന്നു. വാവ സ്നേഹം കൊണ്ടു പലപോഴും അവനെ വീര്‍പ്പുമുട്ടിച്ചിരുന്നു. വാവ കൊടുക്കുന്ന സ്നേഹം ഏതളവില്‍ തിരികെ നല്‍കുമെന്ന് പലപോഴും അവൻ ചിന്തിച്ചിട്ടുണ്ട്. ചെറിയ ചെറിയ വഴക്കുകൾ ഉണ്ടാക്കുന്ന വാവയെ, അതുകഴിഞ്ഞ് കെട്ടിപിടിച്ച് തെരുതെരെ ഉമ്മവെയ്ക്കുന്ന വാവയെ അവൻ ഒരുപാട് സ്നേഹിച്ചിരുന്നു. കൊച്ചുകൊച്ച് ഇണക്കങ്ങളും പിണക്കങ്ങളും മറ്റുമായി ദിവസങ്ങൾ കടന്നു പൊയ്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ വാവയുടെ ഏട്ടന് കല്യാണ ആലോചനകള്‍ തുടങ്ങി. ഒരു അനുജന്റെ സ്വാതന്ത്ര്യം അവന് അവിടെയും ഉണ്ടായിരുന്നു. ആ സ്വാതന്ത്ര്യം കൂടെപിറപ്പകള്‍ ഇല്ലാത്ത അവൻ ഒരുപാട് ആസ്വദിച്ചിരുന്നു. ആ വീട്ടിലെ അവനുള്ള അടുപ്പം കൊണ്ടു തന്നെ, എല്ലാ കാര്യങ്ങളും വാവയുടെ അമ്മ അവനെ വിളിച്ച് പറയുകയും, അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി പെണ്ണ് കാണാന്‍ അവരുടെ ഒപ്പം ഒരു അനുജനെപോലെ അവനും പോകുമായിരുന്നു. ഇന്നും അവനു കിട്ടിയ ഈ മഹാഭാഗ്യം ഓര്‍ക്കുമ്പോള്‍ അവന്റെ കണ്ണുകള്‍ പലപോഴും ഈറനണിയുന്നു. ഒരു പൂവ് ചോദിക്കുമ്പോള്‍ ഒരു പൂക്കാലം തന്നെ ലഭിക്കുന്ന അവസ്ഥയിലൂടയാണ് അവൻ കടന്നുപോയ്കൊണ്ടിരുന്നത്. പക്ഷേ കാലത്തിന്‍റെ കണക്ക് മറ്റൊന്നായിരുന്നു....
തുടരും........