2011-04-17
പ്രമേഹവും ദന്തരോഗങ്ങളും
നമ്മളിൽ ഏറിയഭാഗവും വളരെ നിസാരമായ് കരുതിപോരുന്ന, നിശ്ശബ്ദ കൊലയാളി എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന പ്രമേഹം ഇന്ന് സർവ്വസാധാരണമാണങ്കിലും ഗുരുതരമായ വിപത്തുകളാണ് ഇത് വരുത്തിവെക്കുന്നതെന്ന് എത്രപേര്‍ക്കറിയാം? ശരീരത്തിലെ സുപ്രധാന അവയവങ്ങളെയെല്ലാം തകരാറിലാക്കി ആരോഗ്യമുള്ള ഒരു മനുഷ്യനെ പൂര്‍ണമായും അവശനാക്കാന്‍ കഴിയുന്ന ഈ രോഗം എല്ലാ പ്രായക്കാർക്കും ഒരു ഭീഷണിയാണ്. നവജാത ശിശുക്കൾ മുതൽ വ്യദ്ധരെ വരെ ഈ രോഗം കീഴടക്കുന്നു. ആഗോള കണക്കനുസരിച്ച് ഓരോ 10 സെക്കൻഡിലും ഒരാളെ വീതം കൊല്ലുകയും രണ്ടുപേരെ കീഴ്‍പെടുത്തുകയും ചെയ്യുന്ന ഒരു മഹാവിപത്തായി പ്രമേഹം മാറികഴിഞ്ഞിരിക്കുന്നു. ഒരിക്കൽ പിടിപെട്ടാൽ പൂർണ്ണമായും ചികിൽസിച്ച് ഭേദമാക്കാൻ കഴിയില്ല എന്നത് പ്രമേഹത്തിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു.
മറ്റു രോഗങ്ങളെ അപേക്ഷിച്ച് പ്രമേഹം പിടിപെട്ടുകഴിഞ്ഞ് എത്രയോ വർഷങ്ങൾക്ക് ശേഷമായിരിക്കും പലപ്പോഴും രോഗനിർണ്ണയം നടത്തുന്നത് പോലും. സാധരാണ രോഗ ലക്ഷണങ്ങളായ വേദനയോ, ക്ഷീണമോ, കാഴ്ചകുറവോ ഒന്നും അനുഭവപ്പെടാത്തതിനാൽ ആദ്യത്തെ 5-6 വർഷത്തോളം രോഗം തിരിച്ചറിഞ്ഞു എന്നു പോലും വരില്ല.
മിക്കവരിലേയും മിഥ്യാധാരണ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കൽ മാത്രമാണ് ചികിൽസ എന്നാതാണ്. എന്നാൽ ഇത്രത്തോളം തന്നെ പ്രാധാന്യമാണ് പ്രമേഹവുമായ് ബന്ധപ്പെട്ട മറ്റ് രോഗങ്ങളെ ചികിൽസിച്ചു ഭേദമാക്കുകയോ അതിന്റെ തീവ്രത ചെയ്യുക കുറച്ചു കൊണ്ടുവരികയോ ചെയ്യുക എന്നത്. എന്നാൽ ഇതിലും പ്രധാനമാണ് പ്രമേഹവുമായ് ബന്ധപ്പെട്ട രോഗങ്ങൾ വരാതെ സൂക്ഷിക്കുക എന്നത്.
പ്രമേഹ രോഗികളില്‍ പ്രധാനമായും കണ്ടുവരുന്ന രോഗങ്ങളാണ് ഹൃദ്രോഗം, ദന്തരോഗങ്ങൾ, ഞരമ്പ് രോഗങ്ങൾ, വൃക്ക സംബന്ധമായ രോഗങ്ങൾ, കാലിലെ ഉണങ്ങാത്ത വ്രണങ്ങൾ, ഡയബറ്റിക് ററ്റിനോപ്പതി തുടങ്ങിയവ. ഹൃദ്രോഗത്തിന് ചികിത്സിക്കപ്പെടുന്നവരില്‍ 80 ശതമാനത്തിലേറെയും പ്രമേഹരോഗികളായിരിക്കുമ്പോൾ പ്രമേഹ രോഗികളിൽ 95 ശതമാനത്തിലേറയും ദന്തരോഗികളാണ്. മോണരോഗം, പെരിയോ ഡോന്‍ഡൈറ്റീസ്, പൂപ്പൽ, പുഴുപ്പല്ല്, വായപ്പുണ്ണ്, ഭക്ഷണത്തിന് രുചിയില്ലായ്മ, നാവിന്റെ അറ്റത്ത് തരിപ്പ്, വേദന തുടങ്ങിയ രോഗങ്ങള്‍ പ്രമേഹമുള്ളവരില്‍ സാധാരണമാണ്. ശ്രദ്ധാപൂർവ്വമുള്ള ദന്ത സംരക്ഷണത്തിലൂടെ ഏതാണ്ട് പൂർണ്ണമായും ഇത് ഒഴിവാക്കാവുന്നതാണ്. രണ്ടുനേരം ബ്രഷ് ചെയ്യുന്നതിലൂടതന്നെ ഒരു പരിധിവരെ ഈ ദന്ത രോഗങ്ങളെ നിയന്ത്രണ വിധേയമാക്കാവുന്നതാണ്.
പ്രമേഹ രോഗികളുടെ രകതത്തിലെന്നപോലെ ഉമിനീരിലും ഉയർന്ന പഞ്ചസാരയുടെ അളവ് ഉണ്ടായിരിക്കും. ഇത് രോഗാണുക്കൾക്ക് വേഗം വളരാനും ദന്ത രോഗങ്ങൾ ഉണ്ടാക്കാനും ഇടവരുത്തും. പ്രമേഹരോഗികളീലെ ദന്തരോഗങ്ങളിൽ പ്രധാനം മോണരോഗമാണ്. ഇത് ആരംഭത്തിൽ തെന്നെ വേണ്ടവിധത്തിൽ ചികിൽസിച്ചില്ലങ്കിൽ പല്ലുകൾ മുഴുവനായും നഷ്ടപ്പെടാൻ ഇടവരുത്തും. പൂപ്പൽ, പുഴുപ്പല്ല്, വായപ്പുണ്ണ് തുടങ്ങിയ രോഗങ്ങൾ പ്രമേഹ രോഗികളിൽ ഉമിനീരിന്റെ അളവ് കുറക്കുകയും ഇത് മോണരോഗങ്ങൾക്കും ദന്തക്ഷയത്തിനും കാരണമായി തീരുകയും ചെയ്യും. അതിനാൽ ചിട്ടയായ ദന്ത സംരക്ഷണം പ്രമേഹ രോഗികൾ കർശനമായും പാലിക്കേണ്ടതാണ്.
.
Sunday, April 17, 2011 4:11:00 PM
നമ്മളിൽ ഏറിയഭാഗവും വളരെ നിസാരമായ് കരുതിപോരുന്ന, നിശ്ശബ്ദ കൊലയാളി എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന പ്രമേഹം ഇന്ന് സർവ്വസാധാരണമാണങ്കിലും ഗുരുതരമായ വിപത്തുകളാണ് ഇത് വരുത്തിവെക്കുന്നതെന്ന് എത്രപേര്‍ക്കറിയാം?