Search this blog


Home About Me Contact
2009-04-07

ഡോ. താരൂരിന് സാധാരണക്കാരെയും അവരുടെ പ്രശ്‌നങ്ങളേയും മനസ്സിലാക്കാന്‍ കഴിയുമോ?  

രാഷ്ട്രീയക്കാരെക്കുറിച്ച് ഉപരിപ്ലവമായി താങ്കള്‍ നടത്തിയിട്ടുള്ള പരാമര്‍ശങ്ങള്‍, ഈ വിഷയത്തെപറ്റി വലിയ ഗ്രാഹ്യമില്ലാത്ത ഏതൊരു അരാഷ്ട്രീയ വാദിയും പറയുന്ന തൊട്ടു ന്യായങ്ങളാണ്. രാഷ്ട്രീയക്കാരന്‍ മറ്റൊരു രാജ്യത്തുനിന്ന് ഇങ്ങോട്ട് കുടിയേറിയ ആളൊന്നുമല്ലല്ലോ, ഈ നാട്ടിലെ സാധാരണക്കാരന്‍ തന്നെയാണ് പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ന്ന് നേതാവാകുന്നത്.
-അനില്‍@ബ്ലോഗ് -
ശ്രീ. അനില്‍ @ബ്ലോഗ്,

താങ്കള്‍ പറഞ്ഞതുപോലെ ഇവിടുത്തെ ഗുണ്ടാരാഷ്ട്രീയത്തിന് കൊടിപിടിക്കുന്നവനും, മുലപ്പാലിന്റെ മണം മാറാത്ത പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ട് അദ്ധ്യാപകനെ വെട്ടികൊലപ്പെടുത്തുകയും ചെയ്യുന്നവര്‍ക്കും, അതിന് ആക്ഞ കൊടുക്കുക്കയും, ഒത്താശപാടുകയും ചെയ്യുന്നവര്‍ക്ക് ജയ് വിളിക്കയും, അവരെ പൂമാലയും പൊന്നാടയും ചാര്‍ത്തുകയും ചെയ്തങ്കില്‍ മാത്രമേ രാഷ്ടീയ പ്രബുദ്ധന്‍ ആകൂ എന്നുണ്ടങ്കില്‍ ഞാന്‍ സമ്മതിക്കുന്നു ഞാന്‍ ഒരു അരാഷ്ട്രീക്കാരനാണ്. ഇംഗ്ലീഷോ ഹിന്ദിയോ അറിയാത്ത ശ്രീ. പന്ന്യന്‍ രവീന്ദ്രന്‍ ഉള്‍പ്പെടെ, കേരളത്തില്‍ നിന്നുപോയ M.P മാര്‍ ഒന്നടങ്കം ലോകസഭയില്‍ പോയി ഞങ്ങള്‍ക്ക് മന്ത്രി സ്ഥാനം വേണ്ട, ഞങ്ങള്‍ ഈ പുറകിലത്തെ കസേരയില്‍ ചാരി ഇരുന്ന് ഉറങ്ങിക്കോളാം എന്ന് പറഞ്ഞ് അഞ്ച് കൊല്ലം അവിടയിരുന്നിട്ട് കൈയ്യും വീശി കോട്ടുവായും ഇട്ട് ഇറങ്ങിപോന്നപോലെ പോരുന്നവനാണോ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന M.P?

കവലപ്രസംഗങ്ങള്‍ക്ക് ഭദ്രദീപം കൊളുത്താന്‍ വേണ്ടിയും, അടിയന്തിരവും കല്ല്യാണവും മാറിമാറി പാവങ്ങളുടെ ഒപ്പം ഉണ്ണാന്‍ വേണ്ടിമാത്രം തിരഞ്ഞെടുക്കപ്പെടേണ്ടവനാണ് ഒരു നല്ല ‌എം.പി എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നാഷാണല്‍ ഹൈവേ, വിമാനതാവളങ്ങളുടെ ഡവലപ്‌മെന്റ്, നഗര വികസനം, റയില്‍‌വേ സ്റ്റേഷനുകളുടേയും, റയില്‍ പാതകളുടേയും വികസനം, കേന്ദ്രീയ വിദ്യാഭ്യാസ സ്ഥാപനങ്ങളായ് IIST യുടേയും IISER ന്റെയും IIT യുടെയും മറ്റും സ്ഥാപനം, ഗവേഷണ സ്ഥാപനങ്ങളും സാങ്കേതിക സ്ഥാപനങ്ങളുടേയും ഡവലപ്‌മെന്റ് തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ അധീനതയില്‍ വരുന്ന കാര്യങ്ങള്‍ നേടിയെടുത്ത് വികസനം നടപ്പാക്കുക എന്നതാണ് ഒരു M.P ചെയ്യേണ്ട കര്‍ത്തവ്യങ്ങളില്‍ പ്രധാനം. ഇവയൊക്കെ നടപ്പിലാക്കാന്‍ മറ്റാരേക്കാളും കഴിവുറ്റ വ്യക്തിത്വം ഡോ. ശശി താരൂര്‍ ആണന്നതില്‍ തര്‍ക്കമില്ല. ജനങ്ങളെ അറിയാനും അവന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും ഇവിടെ എം. എല്‍. എ യും ത്രിദല പഞ്ചായത്ത് മെമ്പര്‍മാരും ഇല്ലേ? അവര്‍ കാര്യങ്ങള്‍ എം. പിയെ അറിയിക്കുകയും അതിന് കേന്ദ്രത്തില്‍ നിന്നും ചെയ്യാവുന്നതൊക്കെ ചെയ്യുകയും അതുവഴി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും, കേന്ദ്രത്തിന്റെ പരിധിയിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കയും ചെയ്യുന്ന ജനസേവകനാണ് ഒരു എം.പി എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുനത്. ഇല്ലങ്കില്‍ പിന്നെ ത്രിദല പഞ്ചായത്തുള്‍പ്പെടെയുള്ള വികേന്ദ്രീക്യത ഭരണഘടനയുടെ ആവശ്യം നമുക്കുണ്ടാകേണ്ടതില്ലയിരുന്നല്ലോ?

നിങ്ങള്‍ എന്താ ഈ ജനം എന്നു പറയുന്നത് എന്ന് മനസ്സിലാകുന്നില്ല. പട്ടിണിമാറ്റാന്‍ നാടും വീടും വീട്ടുകാരയും സുഹ്യത്തുക്കളേയും എന്തിന് സ്വന്തം ഭാര്യയേയും കുഞ്ഞുങ്ങളേയും പോലും ഉപേക്ഷിച്ച് അന്യരാജ്യങ്ങളിലേക്ക് ജോലിതേടിപോകുന്നവരും, വിദ്യാസമ്പന്നരും, രാജ്യത്തിന്റെ പ്രതിനിധികളായ് അന്യരാജ്യത്ത് പ്രവര്‍ത്തിക്കേണ്ടി വരുന്നവരുമൊന്നും ജനങ്ങളല്ലേ? അവാര്‍ക്കൊന്നും മനസ്സും ഹ്യദയവും ഒന്നും ഇല്ലേ? അതോ ഇവിടുത്തെ പട്ടിണി പാവങ്ങള്‍ എന്ന് മുറവിളികൂട്ടി രാഷ്ട്രീയക്കാര്‍ മുതലെടുക്കുന്ന അക്ഷരാഭ്യാസമില്ലാത്തവര്‍ മാത്രമാണോ ജനങ്ങള്‍. ഔദ്യോഗികമായ് അമേരിക്കയിലായിരുന്ന ഡോ. താരൂരിന് കേരളത്തിലെ പട്ടിണിപാവങ്ങളുമായ് ഇടപഴകാന്‍ കഴിഞ്ഞിട്ടില്ല എന്നത് ശരിതന്നെ.

രാഷ്ട്രീയക്കാരന്‍ മറ്റൊരു രാജ്യത്തുനിന്ന് ഇങ്ങോട്ട് കുടിയേറിയ ആളൊന്നുമല്ലല്ലോ എന്ന് അനില്‍ ചോദിക്കുന്നു. ഡോ. താരൂര്‍ എന്തേ അമേരിക്കക്കരനോ, യൂറോപ്യനോ, ആഫ്രിക്കനോ ആണോ? അതോ അദ്ദേഹത്തിന് മലയാളം അറിയില്ല എന്നാണോ? താങ്കള്‍ ഏതു നാട്ടിലാണ് ജീവിക്കുന്നത്? ഡോ. കെ. ആര്‍ നാരായണന്‍ എത്ര കാലം ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച് രാഷ്ടീയക്കാരന്റെ കുപ്പയം അണിഞ്ഞു? ലോകം കണ്ട എറ്റവും പ്രഗല്‍ഭരായ പ്രസിഡന്റുമാരില്‍ ഒരാള്‍ എന്ന് വിശേഷിപ്പിക്കുന്ന ഡോ. എ.പി.ജെ അബ്ദുള്‍ കലാം ഇവിടുത്തെ എത്ര പട്ടിണിപാവങ്ങളുടെകൂടെ പ്രവര്‍ത്തിച്ച് രാഷ്ട്രീയ പാരമ്പര്യം ഉണ്ടാക്കിയിരുന്നു? അതോ ഡോ. കെ. ആര്‍ നാരായണനും, ഡോ. എ.പി.ജെ അബ്ദുള്‍ കലാമും ഒന്നും ഇവിടുത്തെ പട്ടിണിപാവങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയിട്ടില്ല എന്നാണോ?

ഇവിടെ ആരും ഒരു രാഷ്ട്രീയ പാര്‍ട്ടികളുടേയും വക്താവായിട്ടല്ല സംസാരികുന്നത്. കോണ്‍ഗ്രസിനേയും, കമ്യൂണിസ്റ്റിനേയും, ഭാരതീയ ജനതാപാര്‍ട്ടിയേയും ഇവരുടെയൊക്കെ ഒത്താശപാര്‍ട്ടികളേയുമൊക്കെ കണ്ടുമടുത്ത ഒരു വ്യകതിയാണ് ഞാന്‍. ഡോ. താരൂരിനുള്ള എന്റെ സപ്പോര്‍ട്ട് വളച്ചൊടിച്ച് ഒരു കോണ്‍ഗ്രസുകാരനായ് മുദ്രകുത്താന്‍ ശ്രമിക്കുന്നതും, പ്രശാന്ത്‌ കൃഷ്‌ണയുടെ അന്ധമായ ശശി തരൂര്‍ ആരാധനയാണ്‌ എന്റെ ബ്‌ളോഗില്‍ കാണുന്നതന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതുമൊക്കെ എന്നെ അറിവില്ലാത്തതിനാലാണ്. ഡോ. താരൂര്‍ വിജയിക്കണമന്ന് ആത്മാര്‍ത്ഥമായും അഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. നമ്മുടെ നാടു നന്നാവണം എന്ന ഒറ്റ ആഗ്രഹം കൊണ്ടുമാത്രമാണത്. അത് ഡോ. താരൂരിനോടുള്ള ആരാധനയോ വിധേയത്വമോ ആണന്ന് തെറ്റിധരിക്കുന്നുവങ്കില്‍ എനിക്കതില്‍ സഹതാപം മാത്രം.

ഹ്യൂമന്‍ റിസോഴ്സും നാച്യുറല്‍ റിസോഴ്സും ആവശ്യത്തിലധികമുള്ള നമ്മുടെ നാട് എന്നാണ് ഒന്നു നന്നാവുക എന്ന്, ഇതൊന്നും ഇല്ലാത്ത ലോകത്തിന്റെ പല ഭാഗങ്ങളിലും യാത്ര ചെയ്യുമ്പോള്‍ വല്ലാത്ത വേദനോടെ ഓര്‍ത്തിട്ടുണ്ട്. നാട്ടില്‍ ആയിരുന്ന സമയത്ത് അങ്ങനെ ഒരു വേദന തോന്നിയിട്ടില്ല. കാരണം അന്ന് കൂപമണ്ഡൂകത്തെപോലെ ഇട്ട വട്ട നമ്മുടെ നാടുമാത്രമേ അറിയുമായിരുന്നുള്ളൂ. അന്നൊക്കെ ആലോചിക്കുക എന്നാണ് എന്റെ ഗ്രാമം തിരുവനന്തപുരം സിറ്റിപോലയോ എറണാകുളം സിറ്റിപോലയോ ആകുക എന്നായിരുന്നു. മേല്പറഞ്ഞതിന് ഏറ്റവും നല്ല ഒരു ഉദാഹരണമാണ് ദക്ഷിണകൊറിയ. നമ്മുടെ നാട്ടില്‍ നിന്ന് ഇരുമ്പ് അയിര് കൊണ്ടുവന്ന് ദക്ഷിണകൊറിയ ഇരുമ്പുവ്യവസായത്തിന്റെ കുത്തകക്കാരാകുന്നത് കാണുമ്പോള്‍ തലകുനിഞ്ഞുപോകുന്നു.

ഇത്രയും വര്‍ഷക്കാലം എല്ലാവരേയും മാറി മാറി പരീക്ഷിച്ചവരാണ് നമ്മള്‍. അവരില്‍ നിന്നും വ്യത്യസ്തനായ, വിദ്യാ സമ്പന്നനും, അനുഭവ സമ്പത്തിന്റെ ഉടമയും, തന്റെ കഴിവുകള്‍വഴി ലോകോത്തര പ്രശംസ പിടിച്ചുപറ്റിയ ഒരു ക്യാന്‍ഡിഡേറ്റിനെ എന്തുകൊണ്ട് പരീക്ഷിച്ചുകൂടാ? അഡ്വ. രാമചന്ദ്രന്‍ നായര്‍ക്ക് എത്രത്തോളം ചെയ്യാന്‍ കഴിയുമന്ന് പന്ന്യന്‍ രവീന്ദ്രനിലൂടെവരെ പരീക്ഷണം നടത്തി അറിഞ്ഞവരാണ് നമ്മള്‍. ഇന്നും ശ്രീ. ഒ. രാജഗോപാലിനെ തിരുവനന്തപുരത്ത് തോല്പിച്ചതില്‍ അമര്‍ഷം ഉള്ള വ്യക്തിയാണ് ഞാന്‍ എന്നുകൂടി പറഞ്ഞുകൊള്ളട്ടെ. മലയാള മണ്ണില്‍ താമര വിരിയിക്കുക എന്ന ഗൂഡ ഉദ്ദേശത്തോടു കൂടിയായിരുന്നകില്‍ പോലും കേരളത്തിനുവേണ്ടി പലതും ചെയ്ത ഒരു മധ്യപ്രദേശിലെ എം.പിയായിരുന്നു ശ്രീ. ഒ. രാജഗോപാല്‍.

ഒരു M.P എന്ന നിലയില്‍ ഡോ. തരൂര്‍ തിരുവനന്തപുരത്തിന്റെയോ, അവിടുത്തെ മുഴുവന്‍ ജനങ്ങളുടെയൊ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുമന്നോ പറയാന്‍ കഴിയില്ല. എന്നാല്‍ നിഷ്‌ക്രിയനായ ഒരു എം.പിയായ് ഇരുന്നിട്ട് ഇറങ്ങിപോരാന്‍ കര്‍മ്മ നിരതനായ അദ്ദേഹത്തിനാവില്ല. ഡോ. തരൂരിന് പാര്‍ലമന്റില്‍ തിരുവനന്തപുരത്തെ പ്രതിനിധീകരിക്കാന്‍ അവസരം ഉണ്ടായാല്‍ അതിന്റെ പ്രത്യക്ഷമായ മാറ്റങ്ങള്‍ തലസ്ഥാനനഗരിയില്‍ കാണാന്‍ കഴിയുമന്നതില്‍ ഒരു തര്‍ക്കത്തിന്റെ ആവശ്യമില്ല. തിരുവനന്തപുരത്തിനു മാത്രമല്ല കേരളത്തിനും ഡോ. താരൂര്‍ ഒരു മുതല്‍കൂട്ട് തന്നയായിരിക്കും.

ഡോ. താരൂരിനെ ബ്യൂറൊക്രാറ്റായോ ഹിപ്പോക്രാറ്റായോ അതിനുമപ്പുറം ദേശദ്രോഹിയായോ തീവ്രവാദിയായോ ഭീകരവാദിയോ എങ്ങനെ വേണമങ്കിലും ഇഷ്ടം പോലെ കണ്ടോളുക. അത് അവരവരുടെ വ്യക്തി സ്വാതന്ത്യമാണ്. മറ്റ് സ്ഥാനാര്‍ത്ഥികളില്‍ നിന്നും വ്യത്യസ്ഥനായ് അനന്തപുരിയില്‍ നടത്തേണ്ട വികസനങ്ങളെകുറിച്ച് അദ്ദേഹത്തിന് വ്യകതമായ് കാഴ്ചപാടുണ്ട്. ഡോ. താരൂര്‍ അദ്ദേഹത്തിന്റെ വികസന സങ്കല്പങ്ങളെ കുറിച്ച് പറയുന്നത് ദാ ഇവിടെ ക്ലിക് ചെയ്താല്‍ കേള്‍ക്കാം.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



4 comments: to “ ഡോ. താരൂരിന് സാധാരണക്കാരെയും അവരുടെ പ്രശ്‌നങ്ങളേയും മനസ്സിലാക്കാന്‍ കഴിയുമോ?

  • Dr. Prasanth Krishna
    Wednesday, April 08, 2009 2:07:00 PM  

    നാഷാണല്‍ ഹൈവേ, വിമാനതാവളങ്ങളുടെ ഡവലപ്‌മെന്റ്, നഗര വികസനം, റയില്‍‌വേ സ്റ്റേഷനുകളുടേയും, റയില്‍ പാതകളുടേയും വികസനം, കേന്ദ്രീയ വിദ്യാഭ്യാസ സ്ഥാപനങ്ങളായ് IIST യുടേയും IISER ന്റെയും IIT യുടെയും മറ്റും സ്ഥാപനം, ഗവേഷണ സ്ഥാപനങ്ങളും സാങ്കേതിക സ്ഥാപനങ്ങളുടേയും ഡവലപ്‌മെന്റ് തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ അധീനതയില്‍ വരുന്ന കാര്യങ്ങള്‍ നേടിയെടുത്ത് വികസനം നടപ്പാക്കുക എന്നതാണ് ഒരു M.P ചെയ്യേണ്ട കര്‍ത്തവ്യങ്ങളില്‍ പ്രധാനം. ഇവയൊക്കെ നടപ്പിലാക്കാന്‍ മറ്റാരേക്കാളും കഴിവുറ്റ വ്യക്തിത്വം ഡോ. ശശി താരൂര്‍ ആണന്നതില്‍ തര്‍ക്കമില്ല.

  • ullas
    Wednesday, April 08, 2009 5:37:00 PM  

    തരൂരിന്റെ വ്യക്തി പ്രഭാവത്തെ ക്കുറിച്ച് എല്ലാവര്‍ക്കും ഇപ്പോ മനസ്സിലായിക്കഴിഞ്ഞു .ഒരു തല തിരിഞ്ഞ വികസനത്തിന്റെ വക്താവാണ്‌ അയാള്‍ .ഇന്ത്യന്‍ സാഹചര്യങ്ങളോട് തികഞ്ഞ പുച്ഛം വച്ച് പുലര്‍ത്തുന്ന ഇയാള്‍ എങ്ങനെയാണ് മലയാളിയെ അനുഭാവ പൂര്‍വ്വം കാണുന്നത് . യശ ശരീരനായ ശ്രീ കെ ആര്‍ നാരായണന്‍ വേറൊരു മഹാ വ്യക്തിത്വം ആയിരുന്നു .അദ്ദേഹത്തെ ഇയാളുമായി താരതമ്യം ചെയ്യരുതേ .

  • സാജന്‍| SAJAN
    Wednesday, April 08, 2009 6:53:00 PM  

    പ്രീയ ഉല്ലാസ്ജി,

    1, ഒരു തലതിരിഞ്ഞ വികസനത്തിന്റെ വക്താവാണയാള്‍!

    2, ഇന്‍ഡ്യന്‍ സാഹചര്യങ്ങളോട് തികഞ്ഞ പുച്ഛം വച്ച് പുലര്‍ത്തുന്ന ഇയാള്‍....

    ചുമ്മാ പ്രമറിസ്കൂളിലെ കുട്ടികളെ പ്പോലെ വായില്‍ അപ്പോള്‍ വരുന്ന എന്തെങ്കിലും പറഞ്ഞിട്ട് ഓടിപ്പോകാതെ ഈ എഴുതിയവ കാര്യകാരണം സഹിതം എഴുതിയിരുന്നുവെങ്കില്‍ വായനക്കാര്‍ക്കും വ്യക്തമായി അയാളെ മനസിലാക്കുന്നതിനോടൊപ്പം, ശശി തരൂറിനെ അന്ധമായി അല്ല താങ്കള്‍ എതിര്‍ക്കുന്നതെന്നും കൂടേ മനസിലാക്കാനുള്ള ഒരവസരം കൂടെ ആയേനേ ഇത് :)

  • മൂലധനം (Das capital)
    Thursday, April 09, 2009 9:35:00 AM  

    തിരുവനന്തപുരത്തിന്റെ ഗതികേട്. ഈ മനുഷ്യൻ പണ്ട് രാഷ്ട്രീയത്തെ പുച്ചിച്ച് പ്രസ്താവനകളോക്കെ നടത്തിയതല്ലെ? പിന്നെ ഇപ്പോൾ.ഇദ്ദ് എഹത്തിനു കേരളസമൂഹത്തെ കുറിച്ച് എന്തറിയാം? അറിയാവുന്നത് ഇംഗ്ലണ്ട് സമൂഹവും കനഡാ സമൂഹത്തെ കുറിച്ചൊക്കെയാണ്.കാരണം അദ്ദേഹത്തിനു ഏറ്റവും ബന്ധം ആ സമൂഹവുമായാണ്. കേരളത്തെകറിച്ച് വായിച്ചറിവുണ്ടാവും.ജയിച്ചാലും സ്ഥിതി അതു തന്നെ. കാര്യങ്ങളെല്ലം അദ്ദേഹത്തിന്റെ സെക്രട്ടറിക്കു എഴുതിക്കൊടുക്കേണ്ടി വരും. സാധാരണക്കാരന്റെ ജീവിത പ്രശ്നങ്ങളൊന്നും ഇദ്ദേഹത്തിനറിയില്ല. അതുകൊണ്ടാണ് വി.വി.ഐ.പി.കളെ സൃഷ്ഠിക്കുന്ന സംവിധാനങ്ങളെ കുറിച്ചു മാത്രം സംസാരിച്ചു നടക്കുന്നത്.