Search this blog


Home About Me Contact
2009-04-10

ഡോ. ശശി താരൂര്‍ വിവാദ ലേഖനത്തില്‍ പറഞ്ഞത് എന്ത്?  

ചില മലയാള പത്രങ്ങള്‍ തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി ഡോ. ശശി തരൂരിനെതിരെ, അമേരിക്കന്‍ സാമ്രാജ്യത്വ പക്ഷപാതവും സയണിസ്റ്റ്‌ ബന്ധങ്ങളും ആരോപിച്ച്‌, പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്‌. ഇസ്രായേലി പത്രമായ 'ഹാരെറ്റ്‌സ്‌' (ജനവരി 23, 2009) ഉള്‍പ്പെടെയുള്ള ചില പത്രങ്ങളില്‍ വന്ന അദ്ദേഹത്തിന്റെ ലേഖനമാണ്‌ 'ഇന്ത്യയുടെ ഇസ്രായേല്‍ അസൂയ' ആരോപണവിഷയം. മുംബൈയില്‍ നടന്ന ഭീകരാക്രമണങ്ങളെക്കുറിച്ചായിരുന്നു ലേഖനം.

വിമര്‍ശകരുടെ അഭിപ്രായത്തില്‍, ഈയിടെ നടന്ന ഗാസാ ആക്രമണത്തില്‍ ഇസ്രായേല്‍ വീടുകളും പോലീസ്‌ സ്റ്റേഷനുകളും റോഡുകളും കെട്ടിടങ്ങളും മറ്റും നശിപ്പിക്കുന്നതും പിഞ്ചുപൈതങ്ങളും സ്‌ത്രീകളും ഉള്‍പ്പെടെയുള്ളവരെ കൊല്ലുന്നതും ഡോ. തരൂരിനെ 'ആഹ്ല്‌ളാദ ചിത്തനാക്കി'. അദ്ദേഹം ഇസ്രായേലിനെ 'വാനോളം പുകഴ്‌ത്തി'. ഹമാസിന്റെ അധീനതയിലുള്ള ഗാസയില്‍നിന്നുള്ള ആക്രമണത്തെ ചെറുക്കുന്നതിലുള്ള ഇസ്രായേലിന്റെ വൈദഗ്‌ധ്യവും നൈപുണ്യവും കണ്ടപ്പോള്‍ എന്തുകൊണ്ട്‌ നമുക്ക്‌ ഇങ്ങനെ ചെയ്യാന്‍ കഴിയുന്നില്ല എന്നതാണ്‌ അദ്ദേഹത്തിന്റെ ആശ്ചര്യം എന്നും ഒരു ലേഖകന്‍ എഴുതി.

ശശി തരൂരിന്റെ ലേഖനം അത്‌ പ്രസിദ്ധീകരിച്ച സമയത്തുതന്നെ ഞാന്‍ വായിച്ചിരുന്നു. മലയാള പത്രങ്ങളില്‍ വന്ന വിമര്‍ശനങ്ങള്‍ കണ്ടപ്പോള്‍ വീണ്ടും വായിച്ചു. അദ്ദേഹം ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലാത്ത കാര്യങ്ങളാണ്‌ മുന്‍വിധിയോടെ ചില ഭാഗങ്ങള്‍ തിരഞ്ഞെടുത്ത്‌ ഉദ്ധരിച്ച്‌ ചില പത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന്‌ ബോധ്യപ്പെടുകയും ചെയ്‌തു.

ഏറ്റവും പ്രധാനപ്പെട്ട കാര്യം ലേഖനത്തിന്റെ സാഹചര്യം (അല്ലെങ്കില്‍ പശ്ചാത്തലം) ആണ്‌. ഇസ്രായേലിന്റെ ഗാസാ ആക്രമണമോ, ഇസ്രായേലികളും പലസ്‌തീനികളും തമ്മിലുള്ള തര്‍ക്കത്തിന്റെ ന്യായങ്ങളോ അന്യായങ്ങളോ ആയിരുന്നില്ല ലേഖന വിഷയം. അതുകൊണ്ട്‌ ഇസ്രായേലിന്റെ ആക്രമണത്തെ ന്യായീകരിക്കുകയോ ന്യായീകരിക്കാതിരിക്കുകയോ ചെയ്യുന്ന പ്രശ്‌നമുണ്ടായിരുന്നില്ല.

ഇന്ത്യ തുടരെത്തുടരെ ഭീകരാക്രമണങ്ങള്‍ക്ക്‌ വിധേയമാകുന്നുണ്ട്‌. ഏറ്റവും ഒടുവിലത്തേത്‌ മുംബൈയില്‍ നടന്നതായിരുന്നു. ഭീകരാക്രമണങ്ങളെ ഇന്ത്യയും ഇസ്രായേലും എങ്ങനെ ചെറുക്കുന്നുവെന്ന്‌ നിരീക്ഷിക്കുന്ന ഇന്ത്യക്കാര്‍ ഇസ്രായേലിന്റെ ആക്രമണങ്ങളും പ്രതിരോധനടപടികളും ഇന്ത്യയുടെ 'വൈരാഗികളുടേ തായ മരവിപ്പു'മായി തട്ടിച്ചുനോക്കുമ്പോള്‍ അസൂയ ജനിപ്പിക്കുമാറ്‌ ഫലപ്രദമായി കാണുന്നുവെന്നതായിരുന്നു അദ്ദേഹം എഴുതിയത്‌. ഹമാസിന്‌ തിരിച്ചടിക്കാന്‍ കഴിയില്ലെന്ന്‌ ഇസ്രായേലിന്‌ നല്ലപോലെ അറിയാമെന്നും ആണവായുധങ്ങളുള്ള പാകിസ്ഥാനോട്‌ ഇന്ത്യയ്‌ക്ക്‌ ഇസ്രായേല്‍ പലസ്‌തീനികളോടെന്നതുപോലെ പെരുമാറാന്‍ കഴിയില്ലെന്നും അദ്ദേഹം തുടര്‍ന്നു വാദിക്കുന്നു. എന്റെ അഭിപ്രായത്തില്‍ ഡോ. തരൂരിന്‌ പറ്റിയ വീഴ്‌ച പലസ്‌തീനികള്‍ ഇസ്രായേലിനെതിരെ കൈക്കൊള്ളുന്ന നടപടികളും മാര്‍ഗങ്ങളും ചെറുത്തുനില്‍പ്പിന്റെ (ഭീകരതയുടേതല്ല) ഭാഗമാണെന്ന വസ്‌തുത അദ്ദേഹം വിസ്‌മരിച്ചുപോയി എന്നതാണ്‌.

പക്ഷേ, ഗാസയില്‍ മരണം നഗ്‌നനതാണ്ഡവമാടുന്നതുകണ്ടപ്പോള്‍ മഴക്കാറു കണ്ട ആഹ്ല്‌ളാദത്തോടെ പീലി വിടര്‍ത്തിയാടിയ മയിലായി ഡോ. ശശി തരൂരിനെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ അദ്ദേഹത്തിന്റെ ജീവിത വീക്ഷണമോ, വിവാദലേഖനത്തിന്റെ അന്തസ്സത്തയോ മനസ്സിലാക്കാന്‍ ശ്രമിക്കാത്തവരാണ്‌. 'ഹാരെറ്റ്‌സി'ല്‍ വന്ന ലേഖനത്തിന്റെ കാതലായ ഭാഗം ഇതാണ്‌:

''പാകിസ്ഥാനുമായുള്ള യുദ്ധംകൊണ്ട്‌ ഒന്നും നേടാനാവില്ലെന്ന്‌ ഇന്ത്യയ്‌ക്ക്‌ അറിയാമെന്നുള്ളതാണ്‌ വാസ്‌തവം. ഭീകരന്മാര്‍ ആഗ്രഹിക്കുന്നത്‌ ഇത്തരത്തിലുള്ള ഒരു യുദ്ധമാണ്‌. അവരുടെ കെണിയില്‍ വീഴുന്നതിന്‌ ഇന്ത്യാ ഗവണ്‍മെന്റ്‌ യാതൊരു ന്യായവും കാണുന്നില്ല.''

ഹാരെറ്റ്‌സ്‌ ഇടതുപക്ഷ പത്രമാണ്‌, ഇസ്രായേലിനെക്കുറിച്ച്‌ അമേരിക്കന്‍ പത്രങ്ങളായ വാഷിങ്‌ടണ്‍ പോസ്റ്റ്‌, ന്യൂയോര്‍ക്ക്‌ ടൈംസ്‌ എന്നിവ ഉറക്കത്തില്‍ പോലും പറയാന്‍ പേടിക്കുന്ന കാര്യങ്ങള്‍ വെട്ടിത്തുറന്നെഴുതുന്ന ഒരു പത്രം എന്നുകൂടി ഇവിടെ എടുത്തുപറയേണ്ടതുണ്ട്‌.

നവംബറില്‍ മുംബൈയില്‍ നടന്നത്‌ ഇന്ത്യയുടെ സപ്‌തംബര്‍ 11 ആണെന്ന്‌ വരുത്തിത്തീര്‍ക്കുവാനും അങ്ങനെ ഇന്ത്യയെ അമേരിക്കയുടെ ഭീകര യുദ്ധത്തില്‍ പങ്കാളിയാക്കാനും അമേരിക്കന്‍ പത്രങ്ങളും നിയോകോണ്‍ വൃത്തങ്ങളും അങ്ങേയറ്റം ശ്രമിച്ചിരുന്നു. ഇന്ത്യ ഈ ആഖ്യാനം ഉള്‍ക്കൊള്ളരുതെന്നും അതിന്‍േറതായ ശൈലിയിലും രീതിയിലും ഭീകരതയെ നേരിടണമെന്നുമാണ്‌ ഡോ. ശശി തരൂര്‍, അദ്ദേഹത്തിന്റെ മക്കളായ കനിഷ്‌ക്‌ തരൂര്‍, ഇഷാന്‍ തരൂര്‍ (രണ്ടുപേരും അച്ഛനപ്പോലെ മികവും കഴിവും ഉറ്റ എഴുത്തുകാരാണ്‌), പ്രിയംവദ ഗോപാല്‍ എന്നിവരെപ്പോലെ വിദേശ പത്രങ്ങളില്‍ എഴുതാറുള്ള, മിക്ക ഇന്ത്യന്‍ ലിബറല്‍ ബുദ്ധിജീവികളും വാദിച്ചത്‌.

ഡോ. ശശി തരൂരിനെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലായിക്കാണാന്‍ സയണിസ്റ്റ്‌ വൃത്തങ്ങളും അമേരിക്കയും ആഗ്രഹിച്ചിരുന്നുവെന്നാണ്‌ മറ്റൊരു വാദം. എങ്കില്‍ അദ്ദേഹം തോറ്റുപോയത്‌ എന്തുകൊണ്ടാണ്‌? ''ഓ അത്‌ എതിര്‍സ്ഥാനാര്‍ഥി ബാന്‍ കി മൂണ്‍ കൂടുതല്‍ സ്വീകാര്യനും സമ്മതനും (കൂടുതല്‍ സയണിസ്റ്റും അമേരിക്കന്‍ സാമ്രാജ്യത്വ വാദിയും) ആയതുകൊണ്ടാണെ''ന്നാണ്‌ മറുപടി. ഇത്‌ മനസ്സിലാക്കാതെയായിരുന്നു സയണിസ്റ്റുകള്‍ ആദ്യം തരൂരിന്റെ സ്ഥാനാര്‍ഥിത്വത്തെ തലതൊട്ടനുഗ്രഹിച്ചതെന്ന്‌ പറയുന്നവര്‍ക്ക്‌ സയണിസ്റ്റുകളുടെ ബുദ്ധികൂര്‍മതയെക്കുറിച്ചോ പ്രവര്‍ത്തന തന്ത്രങ്ങളെക്കുറിച്ചോ ഒന്നും അറിയില്ല.

ഡോ. തരൂരിന്‌ ഐക്യരാഷ്ട്രസഭയുടെ പരമോന്നത പദവി ലഭിക്കാതെ പോയത്‌ അദ്ദേഹത്തിന്റെ യോഗ്യതക്കുറവുകൊണ്ടായിരുന്നില്ല. ഇന്ത്യക്കാരനായതുകൊണ്ടാണ്‌. ചൈനയോ പാശ്ചാത്യ രാഷ്ട്രങ്ങളോ ഒരു ഇന്ത്യക്കാരനെ ആ സ്ഥാനത്തിരിക്കുവാന്‍ ഒരിക്കലും അനുവദിക്കില്ല. ഇന്ത്യ അമേരിക്ക പറയുന്നതിനനുസരിച്ച്‌ തുള്ളുന്ന ഒരു ചെറുകിട രാഷ്ട്രമല്ല എന്നതുമാത്രമല്ല കാരണം. കശ്‌മീര്‍ പ്രശ്‌നം ഇല്ലെങ്കിലും ഉണ്ടെങ്കിലും പാശ്ചാത്യശക്തികളുടെ ഓമനയായ പാകിസ്ഥാന്‍ അത്‌ ഇഷ്‌ടപ്പെടുകയില്ലെന്നതാണ്‌ മറ്റൊരു കാരണം. ചൈന ഏഷ്യയില്‍ എതിരാളിയായി കാണുന്ന രാജ്യം ഇന്ത്യയാണ്‌.

ഒരു ഇന്ത്യക്കാരനെ ഇത്ര തന്ത്രപ്രധാനമായ സ്ഥാനത്തിരുത്തുന്നത്‌ തങ്ങളുടെ താത്‌പര്യങ്ങള്‍ക്ക്‌ ഒരിക്കലും യോജിക്കില്ലെന്ന്‌ ചൈനയ്‌ക്ക്‌ നന്നായറിയാം- സെക്രട്ടറി ജനറല്‍ ഹാമര്‍ ഷോളിന്റെ കാലത്തുണ്ടായിരുന്ന അധികാരമോ അന്തസ്സോ ഇപ്പോഴില്ലെങ്കിലും. അതീവ ലളിതമായ ഈ സത്യം ഡോ. ശശി തരൂരിനെപ്പോലുള്ള ഒരു വ്യക്തി കാണാതെപോയത്‌ എന്തുകൊണ്ടാണെന്ന്‌ ഞാന്‍ പലപ്പോഴും അമ്പരന്നിട്ടുണ്ട്‌.

കൂടുതല്‍ പ്രസക്തമായ ചോദ്യം പലസ്‌തീന്‍ തിരുവനന്തപുരം തിരഞ്ഞെടുപ്പില്‍ ഒരു വിഷയമാകണമോ എന്നതാണ്‌. അറബ്‌ രാജ്യങ്ങളില്‍ ധാരാളം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നതുകൊണ്ട്‌ ഇന്ത്യ അറബ്‌ രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്തണമെന്ന്‌ നമുക്ക്‌ വാദിക്കാം. ഇസ്രായേലിനെതിരെ 55 അറബ്‌ മുസ്ലീം രാജ്യങ്ങളുണ്ട്‌. ഇവയുമായി ഇന്ത്യയ്‌ക്ക്‌ നല്ല വ്യാപാരബന്ധങ്ങളുണ്ട്‌. ഇതിനര്‍ഥം നാളെ ബി.ജെ.പി. അധികാരത്തില്‍വന്നാലും ഈ ബന്ധങ്ങള്‍ തുടരുമെന്നാണ്‌. തുടര്‍ന്നിട്ടുമുണ്ട്‌. ഇത്‌ ഇന്ത്യയുടെ മൊത്തത്തിലുള്ള പ്രശ്‌നമാണ്‌; മുസ്ലീംങ്ങളുടേതല്ല. അറബ്‌ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വിദേശവ്യാപാരത്തിന്റെ 90 ശതമാനവും അ-മുസ്ലീംങ്ങളാണ്‌ കൈകാര്യം ചെയ്യുന്നത്‌.

മുസ്ലീം സംഘടനകള്‍ പലസ്‌തീന്‍പ്രശ്‌നം ഇപ്പോള്‍ പൊക്കിപ്പിടിക്കുന്നത്‌, വൈകാരികമായ പ്രശ്‌നങ്ങളില്‍ (അതായത്‌ സാധാരണ മുസ്ലീംങ്ങളുടെ ദൈനംദിന ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്തവ) ഭാവനാ വിജയം നേടുകയെന്ന പതിവു രാഷ്ട്രീയം അവര്‍ ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ലെന്നതിന്‌ തെളിവാണ്‌. ഇസ്രായേല്‍ ഇന്ത്യയുടെ ആഭ്യന്തര നയമാക്കുവാന്‍ ശ്രമിക്കുന്നവര്‍ ഫലത്തില്‍ ചെയ്യുന്നത്‌, ഇന്ത്യയിലെ മുസ്ലീംങ്ങളെ ശരിക്ക്‌ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ തങ്ങള്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നോ, ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നോ വിളിച്ചുപറയുകയാണ്‌.

-എ.എം. പക്കര്‍കോയ-അറബ്‌ ന്യൂസ്-

Links to this post

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories4 comments: to “ ഡോ. ശശി താരൂര്‍ വിവാദ ലേഖനത്തില്‍ പറഞ്ഞത് എന്ത്?

 • Prasanth Krishna
  Friday, April 10, 2009 6:27:00 PM  

  സ്ലീം സംഘടനകള്‍ പലസ്‌തീന്‍പ്രശ്‌നം ഇപ്പോള്‍ പൊക്കിപ്പിടിക്കുന്നത്‌, വൈകാരികമായ പ്രശ്‌നങ്ങളില്‍ (അതായത്‌ സാധാരണ മുസ്ലീംങ്ങളുടെ ദൈനംദിന ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്തവ) ഭാവനാ വിജയം നേടുകയെന്ന പതിവു രാഷ്ട്രീയം അവര്‍ ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ലെന്നതിന്‌ തെളിവാണ്‌. ഇസ്രായേല്‍ ഇന്ത്യയുടെ ആഭ്യന്തര നയമാക്കുവാന്‍ ശ്രമിക്കുന്നവര്‍ ഫലത്തില്‍ ചെയ്യുന്നത്‌, ഇന്ത്യയിലെ മുസ്ലീംങ്ങളെ ശരിക്ക്‌ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ തങ്ങള്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നോ, ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നോ വിളിച്ചുപറയുകയാണ്‌.

 • കലികാലം
  Friday, April 10, 2009 8:52:00 PM  

  *ചായ നിറച്ച ഗ്ലാസ് കൈയില്‍പിടിച്ച് ശശി തരൂര്‍ തട്ടുകടയ്ക്കുമുന്നില്‍ ചിരിച്ചുകൊണ്ടു നിന്നു. കുടിക്കണോ...? ഒപ്പമുണ്ടായിരുന്ന പന്തളം സുധാകരന്‍ ആംഗ്യഭാഷയിലൂടെ പറഞ്ഞു: കുടിച്ചോ, കുടിച്ചോ. വോട്ടുചോദിച്ച് ഇറങ്ങിയതാണ്, കാത്തുനില്‍ക്കാന്‍ സമയമില്ല. ഒറ്റവലിക്ക് ചായ അകത്താക്കി ഗ്ലാസ് തിരിച്ചുനല്‍കി കാറിലേക്ക്. കാറിനുള്ളില്‍, ജഗതി ശ്രീകുമാറിനെപ്പോലെ മുഖംചുളിച്ച്, നെഞ്ചു തടവി മുന്‍ യുഎന്‍ അണ്ടര്‍ സെക്രട്ടറി പറഞ്ഞു-

  മിസ്റ്റര്‍ സുധാകരന്‍, അതിലപ്പടി കിഡാണുവായിരിക്കും, കിഡാണു...''.

  അവിടെ യുഡിഎഫ് സ്ഥാനാര്‍ഥി എം.ഐ. ഷാനവാസാണ്. അഞ്ചുതവണ മല്‍സരിച്ചു തോറ്റ് ആറാമതു ജനവിധി തേടുന്നതാണു വിഷയം.

  അറിഞ്ഞോ?'

  എന്ത്'?

  ഭരണഘടനാ ഭേദഗതി വരുന്നു'

  എന്തിന്'?

  കോണ്‍ഗ്രസ് അധികാരത്തില്‍വന്നാല്‍ ഭരണഘടനാ ഭേദഗതി വഴി ആറുതവണ തുടര്‍ച്ചയായി തോല്‍ക്കുന്നവരെ രാജ്യസഭയിലേക്ക് അയയ്ക്കും. ന മ്മുടെ ഷാനവാസ് ഈ പ്രാവശ്യം മന്ത്രിയാകും കേട്ടോ!

 • അങ്കിള്‍
  Saturday, April 11, 2009 3:32:00 PM  

  ഇതാ ഇവിടെ ഇഞ്ചിപ്പെണ്ണ് കാരാട്ടിന്റെ വെല്ലുവിളി സ്വീകരിച്ചിരിക്കുന്നു.

 • Nireekshakan
  Monday, April 13, 2009 4:07:00 PM  

  പക്കര്‍കോയയുടെ മാതൃഭൂമി പത്രത്തിലെഴുതിയ ഈ ലേഖനം കാണാന്‍ കൂട്ടാക്കാത്ത ഒരു സത്യമുണ്ട്‌. അതായത്‌ പ്രശ്നത്തിന്റെ മര്‍മ്മം തന്നെ. വേട്ടക്കാരനെയും ഇരയേയും ഒരുപോലെ കാണുന്നതോ വേട്ടക്കരനു ഇരയുടെ സ്ഥാനം കല്‍പിച്ചു നല്‍കുന്നതോ നീതിയല്ല. പാകിസ്താന്റെ പിന്തുണയോടെ തീവ്രവാദികള്‍ ഇന്ത്യയിലെ മുംബൈയില്‍ ആക്രമണം നടത്തുന്നതും അനീതിയുടെയും കയ്യൂക്കിന്റെയും ബലത്തില്‍ രുപംകൊണ്ട ഇസ്രയേല്‍ എന്ന രാജ്യം നിരാലംബരരായ പലസ്തീനികളെ കൊന്നൊടുക്കുന്നതും എങ്ങനെ താരതമ്യത്തിനു വിധേയമാക്കാന്‍ പറ്റും.

  ഇവിടെ ഇന്ത്യയാണു ഇരയെങ്കില്‍ അവിടെ പലസ്തീനികളാണല്ലൊ ഇരകള്‍. വേട്ടക്കരോ, ഇവിടെ പാക്‌പിന്തുണയുള്ള തീവ്രവാദികളും അവിടെ ഇസ്രയേല്‍ എന്ന അക്രമി രാഷ്ട്രവും. പ്രൊജക്ട്‌ സിന്‍ഡിക്കേറ്റ്‌ എന്ന ലാഭരഹിത സ്വാഭാവത്തോടെ പ്രവര്‍ത്തിക്കുന്ന രാജ്യാന്തര പത്രസിന്‍ഡിക്കേറ്റില്‍ പ്രസിദ്ധീകരിച്ച ശ്രീ ശശി തരൂരിന്റെ വിവാദമായ ആ ലേഖനം വിവിധ വ്യാഖ്യാനങ്ങള്‍ക്ക്‌ പഴുതു നല്‍കിയാണു എഴുതപെട്ടിട്ടുള്ളത്‌ എന്ന്‌ വളരെ വ്യക്‌തമാണു.

  നെഹ്‌റു,ഗാന്ധിജി പോലുള്ളവര്‍ പലസ്തീനെ അനുകൂലിക്കുക മാത്രമല്ല ഇസ്രയേലിനെ അതിശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു.അതിനുകാരണം അതൊരു മുസ്ളിം വിഷയമാണെന്ന്‌ അവര്‍ കരുതിയതിനാലല്ല മറിച്ച്‌ ഒരു ജനതയുടെ മനുഷ്യാവകാശ പ്രശ്നം അതിലടങ്ങീട്ടുണ്ട്‌ എന്നതിനാലായിരുന്നു. ഇസ്രയേല്‍ അതിന്റെ പഴ നിലപാടില്‍ ഒരു മാറ്റവും വരുത്തീട്ടില്ല എന്നു മത്രമല്ല പൂര്‍വ്വാധികം ശക്തിപ്പെടുത്തുന്നതാണു നമുക്ക് കാണാന്‍ കഴിയുന്നത്‌. അതിനാല്‍ നാം ആ പഴയ വിദേശനയം തന്നെ തുടരേണ്ടിയിരിക്കുന്നു. അതിനു ശ്രീ ശശി തരൂര് തയ്യറാവുമോ എന്നതാണ് പ്രസക്‌തമായ ചോദ്യം