Search this blog


Home About Me Contact
2008-12-21

പ്ലാത്തിന് പകരം പ്ലാത്ത് മാത്രം  

വിശ്വപ്രശസ്തയായ, കവിതക്കുവേണ്ടി ജീവിച്ചു മരിച്ച കവയത്രി സില്‍‌വിയ പ്ലാത്ത്, അമേരിക്കന്‍ കവയത്രി എന്നതിനപ്പുറം ലോകത്തിന്റെ കവയത്രിയാണ്. കേവലം 8 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ തന്റെ ആദ്യ കവിത പ്രസിദ്ധീകരിച്ചുകൊണ്ട് കവിതാലോകത്തേക്ക് പിച്ചവെച്ചവള്‍. നന്നേ ചെറുപ്പത്തില്‍ തന്നെ ഫെലോഷിപ്പുകളും, സ്കോളര്‍ഷിപ്പുകളും അവാര്‍ഡുകളും അവളെ തേടിയിയത്തി. കവിതകള്‍ക്കു പുറമേ മനോഹരങ്ങളായ ഒരുപാട് കഥകളും, ജീവിത ഗന്ധിയായ ഒരു നോവലും സാഹിത്യലോകത്തിന് സമ്മാനിച്ചവള്‍. ജീവന്റെ തിരി സ്വയം ഊതികെടുത്തി മരണത്തിന്റെ മരവിപ്പിക്കുന്ന തണുപ്പിലേക്ക് നടന്നുപോകുന്നതിനുമുന്‍പ് എഴുതി തീരാത്ത നൂറുകണക്കിനു പേജുകള്‍ അഗ്നിക്ക് ഇരയാക്കി കടന്നു പോയ ഒരു അത്ഭുത പ്രതിഭ‍.

നന്ദിത കവയത്രി ആയിരുന്നോ, കവിത എഴുതിയിരുന്നൊ ഇതൊക്ക ഇന്നും തര്‍ക്ക വിഷയമാണ്. നന്ദിത, ആത്‌മഹത്യ ചെയ്യുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പേ എഴുതിയ ഡയറികുറിപ്പുകളോടൊപ്പം കുറെ ദുരൂഹതകളും അവശേഷിപ്പിച്ച് കടന്നുപോയ ഒരുവള്‍. അവര്‍ മരിച്ചുകഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഡയറികുറിപ്പുകള്‍ ഒരു കവിതാ പുസ്‌തകമായ് അച്ചടിച്ചുവന്നു. പുസ്‌തകത്തിലെ കവിതകളുടെ മൂല്യത്തെകാള്‍ നന്ദിത അവശേഷിപ്പിച്ച ദുരൂഹതകളാണ് ആ പുസ്‌തകത്തിന്റെ സര്‍ക്കുലേഷന് ഹേതുവായത്. "സത്യസന്ധമായി പറഞ്ഞാല്‍ നന്ദിതയുടെ ഒരു കവിത പോലും അത്യാകര്‍ഷകം എന്നു തോന്നിപ്പിക്കുന്നില്ല" എന്ന അഭിപ്രായക്കാരാണ് നന്ദിതയുടെ ആരാധകരില്‍ ഭൂരിഭാഗവും. പ്രണയം, വിലാപം, നൈരാശ്യം, സങ്കടം, മരണം, ദുരൂഹത ഇവയെല്ലാം കൂടി സ്യഷ്‌ടിച്ചടുക്കുന്ന സഹതാപം മാത്രമാണ് നന്ദിത. എന്നാല്‍ പ്ലാത്ത് ഇതൊന്നുമല്ല. പ്ലാത്ത് ജീവിക്കുന്നത് അവരുടെ കവിതകളിലൂടെയാണ്. മരണം അവരുടെ മാതൃത്വത്തിന് മാറ്റുകൂട്ടി എന്നതിനപ്പുറം കവിതയെയോ ആരാധകരെയോ സ്വാധീനിച്ചിട്ടില്ല. പ്ലാത്തിന്റെ കവിതകളിലൂടെ പ്ലാത്ത് എന്ന വ്യക്തിയിലേക്ക് എത്തുമ്പോള്‍, നന്ദിത എന്ന വ്യക്തിയില്‍ നിന്നുമാണ് അവരുടെ ഡയറികുറിപ്പുകളിലേക്ക് ഒരാള്‍ എത്തിപ്പെടുന്നത്.

ആരായിരുന്നു നന്ദിത? എന്തായിരുന്നു അവള്‍? പലരും പലതും പറയുന്നു. ഉരുക്കഴിക്കാന്‍ കഴിയാത്ത കുറെ ദുരൂഹതകള്‍ അവശേഷിപ്പിച്ച് വയനാടന്‍ ചുരങ്ങളെ മഞ്ഞുപൊതിയുന്ന മകര മാസത്തിലെ ഒരു തണുത്ത പാതിരാവില്‍, മൂടല്‍ മഞ്ഞിന്റെ പട്ടുകുപ്പായമണിഞ്ഞ് മഹാനിദ്രയുടെ തണുത്ത താഴ്വരയിലേക്ക്‌ സ്വയം നടന്നുപോയ ഒരു നിരാശാകാമുകി മാത്രമായിരുന്നില്ലേ നന്ദിത. പ്രണയത്തിന്റെയും പ്രണയനഷ്‌‌ടത്തിന്റെയും മാനസിക പിരിമുറുക്കത്തില്‍, ആരും കാണാതെ സ്വന്തം ഡയറിയില്‍ എഴുതിയ കുറെ ആത്മഹത്യാകുറിപ്പുകള്‍. നിരാകരിക്കപ്പെട്ട സ്‌നേഹത്തിന്റെ പേരില്‍ പലരെയും കണ്ണീരുകുടിപ്പിച്ച് തെറ്റായ വഴികളിലൂടെ സഞ്ചരിച്ച് കടന്നുപോയവള്‍.

ഇരുപതാം നൂറ്റാണ്ടിലെ ബസ്റ്റ് സെല്ലിങ് ബുക്കായ Ariel എഴുതിയ പ്ലാത്തുമായ് നന്ദിതയെ എങ്ങനെ താരതമ്യം ചെയ്യാന്‍ കഴിയും? ഹെപ്‌റ്റണ്‍ സ്റ്റാല്‍-ലെ സെമിത്തേരിയിലെ നിശബ്‌ദതയില്‍ വെള്ളുള്ളിപൂക്കള്‍ പുതച്ച് ശാന്തമായുറങ്ങുന്ന ഇരുപതാം നൂറ്റണ്ടിന്റെ സ്വന്തം കവയത്രി സില്‍‌വിയ പ്ലാത്ത്. 1963-ലെ മഞ്ഞുപൊഴിയുന്ന ഫബ്രുവരി മാസത്തിലെ പതിനൊന്നാമത്തെ തണുത്ത വെളുപ്പാന്‍ കാലത്ത് സുഖസുഷുപ്‌തിയിലാണ്ടുകിടന്ന സ്വന്തം മക്കള്‍ക്ക് അവസാനത്തെ പ്രഭാതഭക്ഷണം തയ്യാറാക്കി അവരുടെ ശയനമുറിയില്‍ വിളമ്പിവച്ചിട്ട്, നനഞ്ഞ ഒരു പട്ടുപുതപ്പിനാല്‍ പുതപ്പിച്ച് മക്കള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തിയിട്ട്, ജനാലകളിലെയും വാതിലിലെയും എല്ലാ പഴുതുകളും നനഞ്ഞതുണികൊണ്ട് അടച്ച്, അടുക്കളയില്‍ കയറി പാചകവാതകം തുറന്നുവിട്ട്, ഓവനിലേക്കു മുഖംകയറ്റിവെച്ച്‌ മരണത്തിന്റെ മരവിപ്പിക്കുന്ന തണുപ്പിലേക്ക് നടന്നുപോകുമ്പോഴും പേറ്റുനോവിന്റെ സത്യസന്ധതയില്‍ ഒരുകി ഒലിച്ച സില്‍‌വിയ പ്ലാത്തില്‍ നിന്നും നന്ദിതയിലേക്കുള്ള ദൂരം പ്രകാശവര്‍ഷങ്ങള്‍പോലെ അനന്തമാണ്.

Out of the ash
I rise with my red hair
And I eat men like air.


(from 'Lady Lazarus', in Ariel)

Links to this post

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories6 comments: to “ പ്ലാത്തിന് പകരം പ്ലാത്ത് മാത്രം

 • Prasanth. R Krishna
  Tuesday, December 23, 2008 4:39:00 PM  

  സില്‍‌വിയ പ്ലാത്തിനെ കുറിച്ച് ഞാന്‍ ഇട്ട സില്‍‌വിയ പ്ലാത്ത്-വിഷാദ രോഗിയായ രാജകുമാരി
  എന്ന് പോസ്റ്റില്‍ പ്ലാത്തിനെ നന്ദിതയും ആയി സാമ്യപ്പെടുത്തിയ ചില കമന്റുകള്‍ കണ്ടു, അതിന് ഒരു മറുപടിയാണ് ഈ പോസ്റ്റ്.

 • Prasanth. R Krishna
  Tuesday, December 23, 2008 4:40:00 PM  

  മരണത്തിന്റെ മരവിപ്പിക്കുന്ന തണുപ്പിലേക്ക് നടന്നുപോകുമ്പോഴും പേറ്റുനോവിന്റെ സത്യസന്ധതയില്‍ ഒരുകി ഒലിച്ച സില്‍‌വിയ പ്ലാത്തില്‍ നിന്നും നന്ദിതയിലേക്കുള്ള ദൂരം പ്രകാശവര്‍ഷങ്ങള്‍പോലെ അനന്തമാണ്.

 • ചിത്രകാരന്‍chithrakaran
  Tuesday, December 23, 2008 9:10:00 PM  

  താരതമ്യപ്പെടുത്തേണ്ട ആവശ്യമില്ലായിരുന്നു.
  രണ്ടുപേരെക്കുറിച്ചും വ്യത്യസ്ത പോസ്റ്റുകള്‍ ആകാമായിരുന്നു.
  ഏതായാലും ഈ കവികളെക്കുറിച്ച് അറിയാനായതില്‍ സന്തോഷം.

 • ഏകാന്ത പഥികന്‍
  Wednesday, December 24, 2008 1:30:00 PM  

  ഒരു മലയാളം കുടുംബ ചിത്രവും ഹോളിവുഡ്‌ സയൻസ്‌ ഫിക്ഷൻ സിനിമയും തമ്മിലുള്ള അന്തരമുണ്ട്‌ പ്ലാത്തും നന്ദിതയും. അവ രണ്ടും രണ്ടു നിലവാരത്തിലും മൂല്യത്തിലും ഉള്ളതാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ ആണല്ലോ നമ്മൾ അവ കാണുന്നതും അംഗീകരിക്കുന്നതും. അതുപോലെ പരസ്പരം താരതമ്യം ചെയ്യാതെ വെവ്വേറെ അർത്ഥതലങ്ങളിൽ നിന്നുകൊണ്ട്‌ നോക്കിക്കാണുമ്പോൾ പ്ലാത്തിന്റെ കവിതകൾ പോലെ തന്നെ സുന്ദരമായിരിക്കും നന്ദിതയുടെ കവിതകളും.

 • Prasanth. R Krishna
  Thursday, December 25, 2008 3:21:00 PM  

  ചിത്രകാരന്‍

  ഞാന്‍ ഒരിക്കലും നന്ദിതയെയും പ്ലാത്തിനെയും താരതമ്യം ചെയ്യണമന്ന ഉദ്ദേശത്തോടെ ഇട്ട ഒരു പോസ്റ്റല്ല ഇത്. മാസങ്ങള്‍ക്ക് മുന്‍പേ നന്ദിതയെ കുറിച്ച് "ചിന്തകള്‍ എന്നെ ഭ്രാന്ത് പിടിപ്പിക്കും‌മുമ്പേ.... അവശേഷിച്ച ഈ ചലനവും നിലച്ചങ്കില്‍" എന്ന തലക്കെട്ടില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. കഴിഞ്ഞ ദിവസം പ്ലാത്തിനെ കുറിച്ച് "സില്‍‌വിയ പ്ലാത്ത്-വിഷാദ രോഗിയായ രാജകുമാരി" എന്ന ഒരുപോസ്റ്റ് ഇട്ടപ്പോള്‍ അവിടെ പ്ലാത്തിനെ നന്ദിതയും ആയി താരതമ്യപ്പെടുത്തിയ ചില കമന്റുകള്‍ കണ്ടു. അവരെ, പ്ലാത്തിനെ നന്ദിതയുമായ് ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ല എന്ന് ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയാണ് ഈ പോസ്റ്റ് ഇട്ടത്. അതുകൊണ്ടാണ് ഈ പോസ്റ്റിന് "പ്ലാത്തിന് പകരം പ്ലാത്ത് മാത്രം" എന്ന തലക്കെട്ട് ഇട്ടതും, "സില്‍‌വിയ പ്ലാത്തില്‍ നിന്നും നന്ദിതയിലേക്കുള്ള ദൂരം പ്രകാശവര്‍ഷങ്ങള്‍പോലെ അനന്തമാണ്" എന്ന് പറഞ്ഞുകൊണ്ട് പോസ്റ്റ് അവസാനിപ്പിച്ചതും.

  ഇവിടെക്ക് വന്നതിനും അഭിപ്രായം അറിയിച്ചതിനും പ്രത്യേകം നന്ദി. തുടര്‍ന്നും അഭിപ്രായവും വിമര്‍ശവും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു

 • Prasanth. R Krishna
  Thursday, December 25, 2008 4:51:00 PM  

  ഏകാന്ത പഥികന്‍,

  സില്‍‌വിയ പ്ലാത്തില്‍ നിന്നും നന്ദിതയിലേക്ക് പ്രകാശവര്‍ഷങ്ങളുടെ അകലം ഉണ്ടന്നിരിക്കെ ഒരിക്കലും പ്ലാത്തിന്റെയും നന്ദിതയുടെയും കവിതകള്‍ താരതമ്യം ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. പ്ലാത്തിനെ കുറിച്ച് "സില്‍‌വിയ പ്ലാത്ത്-വിഷാദ രോഗിയായ രാജകുമാരി" എന്ന ഒരു പോസ്റ്റ് ഇട്ടപ്പോള്‍ താങ്കള്‍ സില്‍‌വിയ പ്ലാത്തിനെ അമേരിക്കന്‍ നന്ദിത എന്നു വിശേഷിപ്പിച്ചു കണ്ടു.

  നന്ദിത കവയത്രി ആയിരുന്നോ, കവിത എഴുതിയിരുന്നോ എന്നുള്ള തര്‍ക്കം നിലനില്‍ക്കു‌മ്പോള്‍, അല്‍ഭുത പ്രതിഭയും വിശ്വപ്രശ‌സ്തയുമായ പ്ലാത്തിനെ ആക്ഷേപിക്കും വിധത്തില്‍ "അമേരിക്കന്‍ നന്ദിത" എന്ന് വിളിക്കുന്നതു കണ്ടപ്പോള്‍ പ്ലാത്തിനെ അറിയുന്ന പലര്‍ക്കും വേദനിച്ചു. അതിനെതിരെ പലരും ശക്തമായ് പ്രതിഷേധമറിയിക്കുകയും,‍ രണ്ടുവരി മറുപടി ഇടുന്നതിലും വിശദമായ ഒരു പോസ്റ്റിടുന്നതാവും ഉചിതം എന്ന് അഭിപ്രായപെടുകയും ചെയ്തു. അതുകൊണ്ടാണ്‌ ഇങ്ങനെ ഒരു പോസ്റ്റ് ഇടാന്‍ ഞാന്‍ നിര്‍ബന്ധിതനായത്.

  ഇവിടെക്ക് വന്നതിനും അഭിപ്രായം അറിയിച്ചതിനും പ്രത്യേകം നന്ദി. തുടര്‍ന്നും അഭിപ്രായവും വിമര്‍ശവും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു