Search this blog


Home About Me Contact
2008-12-12

സിനദിന്‍ സിദാന്‍-ദുരന്തനായകനായ രാജകുമാരന്‍  

1972 ജൂണ്‍ 23-ന് ഫ്രാന്‍സിലെ മാര്‍സെയിലി (Marseille) ല്‍ സ്‌മെയിലിന്റെയും മലികയുടെയും (Smail and Malika) മകനായ് ജനിച്ച സിദാന്‍ ഫ്രാന്‍സിനുവേണ്ടി പത്താം നമ്പര്‍ ജേഴ്‌സിയണിഞ്ഞ് കളികളത്തിലേക്കിറങ്ങുമ്പോള്‍, വംശാധിക്ഷേപമുള്‍പ്പെടെ കുടിയേറ്റക്കാര്‍ക്കുമേല്‍ ഫ്രഞ്ചുവരേണ്യത കല്‍പിച്ചിരുന്ന അപമാനങ്ങല്‍ അഴിഞ്ഞുവീഴുകയായിരുന്നു. അന്നുവരെ അടിച്ചമര്‍ത്തപ്പെട്ടുകിടന്ന ലാ കാസ്റ്റലന്‍ പ്രവിശ്യയിലെ അറബ് കുടിയേറ്റ കുടുംബങ്ങള്‍ക്ക് ഫ്രാന്‍സിന്റെ ദേശീയ വികാരത്തിന്റെ ഭാഗമാവുകയെന്നത് അസാധ്യമായ കാര്യമായിരുന്നു. അള്‍ജീരിയയൈലെ കബ്യലിയ (Kabylia) പ്രവിശ്യയില്‍ നിന്നും 1953-ല്‍ പാരീസിലേക്ക് കുടിയേറിയവരായിരുന്നു സിദാന്റെ മാതാപിതാക്കള്‍. ഇന്ന്, അള്‍ജീരിയന്‍ വംശജനായ സിദാന്‍ ഫ്രാന്‍സിന്റെ ദേശീയ ബിംബങ്ങളിലൊന്നാണ്. കാനഡയിലും, ബോര്‍ഡോയിലും കളിച്ചുവളര്‍ന്നപ്പോള്‍ത്തന്നെ സിദാനെ ഫ്രാന്‍സ് കണ്ടിരുന്നു. 1986-ല്‍ കേവലം 14 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍, 1909-ല്‍ തുടക്കംകുറിച്ച ഫ്രഞ്ച് ഫുട്ബോള്‍ ക്ലബ്ബായ Association Sportive de Cannes Football ( AS Cannes) സിദാനെ നോട്ടമിട്ടു. 1988-ല്‍ Cannes-ന്റെ ജേഴ്‌സി അണിഞ്ഞ സിദാന്‍ 1991-ല്‍ ആദ്യ ലീഗിന് കളിക്കളത്തിലേക്കിറിങ്ങി, ഫബ്രുവരി 8-ന് തന്റെ ആദ്യ ചരിത്ര ഗോള്‍ നേടി തുടക്കം കുറിച്ചു. 1994ല്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെ ദേശീയ ടീമിലരങ്ങേറിയപ്പോഴേക്കും കളിയുടെ മികവില്‍ സിദാനെ ഫുട്‌ബോളിലെ ഇതിഹാസങ്ങള്‍ക്കൊപ്പം ഉയര്‍ത്തപ്പെട്ടുതുടങ്ങി. അന്ന് അരങ്ങേറ്റ മത്സരത്തില്‍ 17 മിനിറ്റുകള്‍ക്കിടയില്‍ രണ്ടു ഗോളടിച്ച് സിദാന്‍ വിസ്മയം തീര്‍ത്തു. 1996ല്‍ ബോര്‍ഡോയെ യുവേഫ കപ്പ് റണ്ണര്‍ അപ്പാക്കിയതോടെ പല വമ്പന്മാരും സിദാന് വിലപറഞ്ഞു. 1996ല്‍ അന്നത്തെ റെക്കോഡ് തുകയായ മൂന്നു ദശലക്ഷം പൗണ്ട് ട്രാന്‍സ‌ര്‍ ഫീയുമായ് സിദാന്‍ ഇറ്റാലിയന്‍ ടീംആയ യുവന്റസിലെത്തി.

ഫുട്‌ബോളിന്റെ തീവ്ര ചലനങ്ങളിലേക്ക് നിമിഷാര്‍ദ്ധംകൊണ്ട് കാലുകളെയും മനസിനെയും സംക്രമിപ്പിക്കുന്ന സിദാന്‍ ഏത് കാവല്‍നിരയുടേയും പഴുതുകള്‍ കണ്ടെത്തുന്നു. മധ്യരേഖയിലൂന്നി, തന്റെ ടീമിന് മിന്നല്പിണരിന്റെ വേഗത്തിനനുസരിച്ച് പന്തെത്തിക്കുന്നതിലും ചിലപ്പോള്‍ വേഗതയാര്‍ന്ന നീക്കങ്ങളിലൂടെ സ്വയം ചാട്ടുളിയായും സിദാന്‍ ഫുട്‌ബോള്‍ലോകം ദര്‍ശിച്ചുട്ടള്ള മിഡ്‌ഫീല്‍ഡ് ജനറല്‍മാര്‍ക്കിടയില്‍ ഒന്നാം പേരുകാരിലൊരാളായി.


1998 ലെ ലോകകപ്പില്‍ ഫ്രാന്‍സിനുവേണ്ടി നമ്പര്‍ 10 ജേഴ്‌സി അണിഞ്ഞ സിദാന്‍ ഒത്തിണക്കമില്ലാതിരുന്ന ഫ്രഞ്ചുപടയെ ഒരു സ്വര്‍ണ നൂലിഴയായി ചേര്‍ത്തു നിര്‍ത്തുകയായിരുന്നു. മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് സൗത്താഫ്രിക്കയെയും (0-3), നാലുഗോളുകള്‍ക്ക് സൗദി അറേബ്യയേയും (0-4), ഒരു മറുപടിഗോള്‍ ഏറ്റുവാങ്ങി ഡന്മാര്‍ക്കിനെയും (1-2) ഫ്രഞ്ചുപട കീഴടക്കുമ്പോള്‍ സിനദിന്‍ സിദാന്‍ ലോകത്തിന്റെ മുന്നില്‍ ഒരു ഹീറോയായി മാറുകയായിരുന്നു.


ഫ്രാന്‍സ് ആതിഥേയത്വം വഹിച്ച ആ ലോകകപ്പില്‍ പരേഗ്വയെ (0-1) നും, ഇറ്റലിയെ (3-4) നും തോല്പിച്ച് മറുപടിയില്ലാതെ ബ്രസീലിനെ (0-3) മൂന്നു ഗോളുകള്‍ക്കും തോല്പിച്ച് ലോകകപ്പില്‍ ഫ്രാന്‍സ് മുത്തമിടുമ്പോള്‍ സിനദിന്‍ യാസിദ് സിദാന്‍ എന്നും ഫുട്‌ബോള്‍ലോകം കണ്ടിട്ടുള്ള മിഡ്‌ഫീല്‍ഡ് ജനറല്‍മാര്‍ക്കിടയില്‍ ഒന്നാം പേരുകാരനായി. ലോകകപ്പിന്റെ ഫൈനലില്‍ ഫ്രാന്‍സിനുവേണ്ടി എണ്‍പതിനായിരത്തിലധികം വരുന്ന കാണികള്‍ തിങ്ങിനിറഞ്ഞ Stade de France, നാഷണല്‍ സ്റ്റേഡിയത്തില്‍ സുന്ദരമായ രണ്ടു ഗോളുകള്‍ ചാട്ടുളിപോലെ ബ്രസീലിന്റെ ഗോള്‍ വലക്കുള്ളില്‍ എത്തിച്ചുകൊണ്ട് സിദാന്‍ ലോകത്തിന്റെ മുഴുവന്‍ ആരാധ്യപുരുഷനായി. യൂറോ 2000-ല്‍ നിര്‍ണ്ണായകമായ രണ്ടുഗോളുകള്‍ സമ്മാനിച്ചുകൊണ്ട് ഫ്രാന്‍സിനെ ചാമ്പ്യനാക്കിയപ്പോള്‍ സിദാന്‍ തിരുത്തികുറിച്ചത് വേള്‍ഡ് കപ്പും യൂറോകപ്പും ഒരുമിച്ചു കരസ്ഥമാക്കുന്ന ടീം എന്ന ഇരുപത്താറുവര്‍ഷം പഴക്കമുള്ള ചരിത്രമായിരുന്നു. 2001-ല്‍ എക്കാലത്തെയും റക്കോര്‍ഡ് തുകയായ 46 ദശലക്ഷം പൗണ്ട് ട്രാന്‍സ്‌ഫര്‍ഫീയില്‍ യുവന്റസില്‍ നിന്നും ഇരുപതാം നൂറ്റാണ്ടിലെ മോസ്റ്റ് സക്‌സസ്‌ഫുള്‍ ടീം ആയി FIFA വോട്ടുചെയ്ത സ്‌പാനിഷ് ക്ലബ്ബായ റിയല്‍ മാഡ്രിഡിലെത്തി.


2002-ല്‍ ഏറപ്രതീക്ഷയോടെ ദക്ഷിണകൊറിയയില്‍ എത്തിയ ഫ്രഞ്ച് പടക്ക് സിയോള്‍ വേള്‍ഡ് കപ്പ് സ്റ്റേഡിയത്തില്‍ സെനഗലിനോടു (1-0) വഴങ്ങി , ബുസാന്‍ ഏഷ്യാഡ് മെയിന്‍ സ്റ്റേഡിയത്തില്‍ ഉറേഗ്വയോട് സമനില നേടി, ഇഞ്ചന്‍ മുന്‍‌ഹാക്ക് സ്റ്റേഡിയത്തില്‍ ഡന്മാര്‍ക്കിനോടു (2-0) കീഴടങ്ങി കളം വിടാനായിരുന്നു വിധി. ദക്ഷിണ കൊറിയക്കെതിരെ നടന്ന സന്നാഹ മത്സരത്തില്‍ തുടയ്ക്ക് സാരമായ പരിക്കു പറ്റി ആദ്യത്തെ രണ്ടുകളികളില്‍ നിന്നുമാറിനില്‍ക്കേണ്ടി വന്ന സിദാന്‍ തന്റെ ടീമിനെ പരാജയത്തില്‍ നിന്നും രക്ഷിക്കാന്‍ ഡന്മാര്‍ക്കിനെതിരെ കളിക്കിറങ്ങിയങ്കിലും തുടയിലെ പരിക്ക് കാരണം എതിരാളികള്‍ക്ക്നേരെ പാഞ്ഞുകയറാനായില്ല.

2006-ല്‍ ഒരുപാട് വിവാദങ്ങളോടെ ഫ്രാന്‍സിനുവേണ്ടി കളിക്കാനിറങ്ങിയ സിദാന്‍ ഫ്രഞ്ചുപടയെ ഫൈനലില്‍ വരെ എത്തിച്ചു. മററെരാസിയുടെ പ്രതിരോധക്കാലില്‍ തട്ടിത്തടഞ്ഞ് മലൂദ വീഴുമ്പോള്‍ അര്‍ജന്‍റീന റഫറി എലിസാന്‍ഡോ പെനല്‍ററി സ്പോട്ടിലേക്ക് വിരല്‍ ചൂണ്ടി. ലോകറെക്കോര്‍ഡു മോഹിച്ചു മുന്നില്‍ നിന്ന ഇററാലിയന്‍ ഗോളി ബഫണു മുന്നില്‍ ഫൈനലില്‍ ഒന്നു വിറച്ചെങ്കിലും സിദാന്‍ ഫ്രഞ്ച് ജനതയുടെ വിശ്വാസം കാത്തു. ബാറിന് മുകളില്‍ ഇടിച്ച പന്ത് ഗോള്‍ വര കടന്ന് അകത്തു മുത്തി തിരിച്ചുവന്നപ്പോള്‍ ബഫണിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. റെക്കോഡ് മോഹം തകര്‍ന്നെന്നു ബഫണ്‍ ഉറപ്പിക്കുമ്പോള്‍, ഗോളാണോ എന്ന സംശയത്തോടെ സിദാന്‍ വിരലുയര്‍ത്തി പായുമ്പോള്‍ റഫറി ഉറപ്പിച്ചു. അതുഗോള്‍ തന്നെ. സിദാന്‍റെ ലോകകപ്പിലെ മൂന്നാം ഗോള്‍. ഗാലറികളില്‍ ഫ്രഞ്ചുകാരുടെ ആരവം. ലോകകപ്പില്‍ ഇററലിയുടെ പോസ്ററില്‍ എതിരാളികള്‍ വീഴ്ത്തുന്ന ആദ്യ ഗോള്‍.

ആക്രമണ പരമ്പരകള്‍ക്കിടെ പത്തൊന്‍പതാം മുനുട്ടില്‍, കിട്ടിയ കോര്‍ണര്‍ കിക്കില്‍ തലവച്ച ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ മാര്‍ക്കോ മറ്റെരാസി പന്ത് വലയിലാക്കി സമനിലനേടി. എക്സ്ട്രാ ടൈമില്‍ ചാട്ടുളിപോലെ പാഞ്ഞുവന്ന സിദാന്റെ ഹെഡ്ഡര്‍ ബഫണ്‍ വിഷമിച്ച് കുത്തിക്കളഞ്ഞിരുന്നില്ലങ്കില്‍ ഫുട്ബാള്‍ ചരിത്രത്തിലെ അമരത്വവുമായിട്ടാകുമായിരുന്നു സിദാന്‍ കളിക്കളം വിടുക. ശാന്തത എന്നും മുഖമുദ്രയാക്കിയിരുന്ന സിദാന്‍, അധിക സമയത്തിന്‍റെ ഇരുപത്തൊന്നാം മിനിറ്റില്‍ പ്രകോപനങ്ങള്‍ക്ക് വഴങ്ങി മാര്‍ക്കോ മറ്റെരാസിയെ തലകൊണ്ട് ഇടിച്ചിട്ട് ചുവപ്പു കാര്‍ഡുമായി കരിയര്‍ അവസാനിപ്പിച്ചു. ദുരന്തനായകനായി സിനദിന്‍ സിദാന്‍ കളമൊഴിഞ്ഞപ്പോഴാണ് ഇറ്റലി നേടിയത്. ലോകകപ്പ് ഫൈനല്‍ ചരിത്രത്തില്‍ രണ്ടാമത്തെ മാത്രം പെനാല്‍റ്റി ഷൂട്ടൗട്ട്. സിദാന്റെ അഭാവം പെനാല്‍റ്റിയിലും പ്രതിഫലിച്ചതോടെ ഫ്രാന്‍സിനു രണ്ടാം സ്ഥാനവുമായി മടക്കയാത്ര.

ഫൈനലില്‍ ഇറ്റലിക്കെതിരേ ഏഴാം മിനുട്ടില്‍ സുവര്‍ണ്ണ ഗോള്‍ നേടിയങ്കിലും ലോകകപ്പും മാറത്തു ചേര്‍ത്ത് പടിയിറങ്ങാമെന്ന സ്വപ്നങ്ങള്‍ക്ക് തിരശീല വീഴ്ത്തി ദുരന്തനായകനായി സിനദിന്‍ സിദാന്‍ ഫുട്ബോള്‍ കളമൊഴിയേണ്ടിവന്നു. അപ്പോഴും ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരന് ഫിഫ നല്‍കുന്ന സ്വര്‍ണപന്തുമായാണ് ആറടി ഒരിഞ്ചു നീളമുള്ള ഫ്രാന്‍സ് ക്യാപ്റ്റന്‍ സിനദിന്‍ സിദാന്‍ ലോക ഫുട്ബോളില്‍ നിന്നും വിടവാങ്ങിയത് എന്നതില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് എന്നും അഭിമാനിക്കാം. മൂന്നുതവണ ലോക ഫുട്ബോളര്‍ കിരീടം ചൂടിയ സിനദിന്‍ സിദാന്‍ വിടവാങ്ങല്‍ വേളയില്‍ ലോക ഫുട്‌ബോള്‍ പ്രേമികളുടെ ഇടനെഞ്ചില്‍ കോരിയിട്ട തീ അണയുമന്ന് ഒരിക്കലും ഞാന്‍ വിശ്വസിക്കുന്നില്ല.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



7 comments: to “ സിനദിന്‍ സിദാന്‍-ദുരന്തനായകനായ രാജകുമാരന്‍

  • Dr. Prasanth Krishna
    Sunday, December 14, 2008 2:43:00 PM  

    മൂന്നുതവണ ലോക ഫുട്ബോളര്‍ കിരീടം ചൂടിയ സിനദിന്‍ സിദാന്‍ വിടവാങ്ങല്‍ വേളയില്‍ ലോക ഫുട്‌ബോള്‍ പ്രേമികളുടെ ഇടനെഞ്ചില്‍ കോരിയിട്ട തീ അണയുമന്ന് ഒരിക്കലും ഞാന്‍ വിശ്വസിക്കുന്നില്ല.

  • സുല്‍ |Sul
    Sunday, December 14, 2008 6:04:00 PM  

    മറവിയുടെ ആഴങ്ങളിലേക്ക് പതിക്കുന്ന സിദാനെ ഒന്നുകൂടെ ഓര്‍മ്മിച്ചതു നന്നായി.

    വര കൊള്ളാം.

    -സുല്‍

  • Areekkodan | അരീക്കോടന്‍
    Monday, December 15, 2008 1:21:00 PM  

    Oh....I thought he had happened something today on seeing the title of the post.

  • മുക്കുവന്‍
    Monday, December 15, 2008 9:18:00 PM  

    he was a talented player. the cruel italian know how to ge that poor out of the game. they knew wihout Sidan france cant win the match. they might have planned this earlier...but got the chance only in extra time.

  • Dr. Prasanth Krishna
    Sunday, December 21, 2008 7:53:00 PM  

    സുല്‍, സുരേഷ്, അരീക്കോടന്‍, മുക്കുവന്‍
    അഭിപ്രായം അറിയിച്ചതിന് പ്രത്യേകം നന്ദി.

    മുക്കുവന്‍ പറഞ്ഞതുതന്നയാണ്, അന്ന് ഫൈനലില്‍ ക്രൂക്കഡ് ആയ ഇറ്റാലിയന്‍സ് ചെയ്തത്. സിദാനെ പ്രകോപിപ്പിച്ച് പുറത്തു ചാടിച്ചില്ലായിരുന്നങ്കില്‍ സ്വര്‍ണ്ണകപ്പിനൊപ്പം ലോകകപ്പും കൂടി മാറത്തുചേര്‍ത്തുപിടിച്ചാകുമായിരുന്നു ഫുട്ബോളിലെ രാജകുമാരന്റെ വിടവാങ്ങല്‍.

  • Anonymous
    Monday, December 22, 2008 12:01:00 AM  

    ഒരു ലോകകപ്പ് നേടുന്നതിലും വലിയ സന്തോഷമാണ് സിദാന്‍റെ കളി കാണുന്നത് ..
    നന്ദി പ്രശാന്ത് ഇതെല്ലാം ഓര്‍മ്മിപ്പിച്ചതിന്