Search this blog


Home About Me Contact
2008-03-18

നിനയാതെ പൈയ്തൊഴിഞ്ഞ മഴ  

ഞാന്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയില്‍ പഠിക്കുന്ന കാലം. എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്കുള്ള ഒരു ട്രയിന്‍ യാത്രയില്‍ മലബാര്‍ എക്സ്പ്രസ്സില്‍ പരിചയപ്പെട്ട ഒരു സുഹ്യത്ത്..ഡോ. രാജീവ് കുമാര്‍. അമ്യത ഇന്‍സ്‌റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഊര്‍‌ജ്ജസ്വലനായ യുവ ഡോക്ടര്‍. വെറുംരണ്ടു മണിക്കൂര്‍ മാത്രം നീണ്ട ഒരു ട്രയിന്‍ യാത്ര...ആ രണ്ടുമണിക്കൂര്‍ കൊണ്ട് ആത്മാവു തൊട്ടറിഞ്ഞ ഒരു സുഹ്യത്താകുക അതു ജീവന്റെ ഭാഗമയ് തീരുക....അങ്ങിനയുള്ള സൗഹ്യദങ്ങള്‍ ലോകത്തില്‍ എത്രപേര്‍ക്കുണ്ടായിട്ടുണ്ടാകും. അധികം ഉണ്ടാവനിടയില്ല.

മലബാര്‍ എക്സ്പ്രസ്സ് എറണാകുളം നോര്‍ത്ത് റയിവേസ്റ്റേഷനില്‍ നിന്നും പുറപ്പെടുമ്പോള്‍ രാത്രി മൂന്ന് മണി. മറ്റ് യാത്രക്കാരല്ലാവരും നല്ല ഉറക്കം. പൊതുവേ ഉറക്കം നഷ്ടപ്പെടുത്താന്‍ ഇഷ്ടമില്ലാത്ത അവന്‍ ആ രാത്രി മുഴുവന്‍ എന്നോട് സംസാരിച്ചുകൊണ്ടേ ഇരുന്നു. അത്യാവശ്യത്തിനു മാത്രം സംസാരിക്കുന്ന അവന്‍ പിന്നീട് അതില്‍ അതിശയം പ്രകടിപ്പിക്കയും ചെയ്തു. പരസ്പരം ഫോണ്‍ നമ്പറുകല്‍ കൈമാറി രാവിലെ ചെങ്ങന്നൂര്‍ റയില്‍‌വേ സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ വളരെ പ്രീയപ്പെട്ട ഒരു സുഹ്യത്തിനെ വിട്ടുപോകുന്നപോലെ ഒരു വേദനയായിരുന്നു മനസ്സില്‍. വീട്ടിലെത്തി കിടന്നുറങ്ങിയ ഞാന്‍ ഫോണ്‍ റിങ് ചെയ്യുന്നതു കേട്ടാണ് ഉണര്‍ന്നത്. മൊബൈല്‍ എടുത്ത് കോള്‍ അറ്റന്‍ഡ് ചെയ്തു. മറുതലക്കല്‍ നിന്നു "ഹലോ പ്രശാന്ത് ഞാന്‍ രാജീവാണ്, ഇപ്പോള്‍ വീട്ടിലെത്തിയതേയുള്ളൂ......". എന്നു പറഞ്ഞു തുടങ്ങിയ, അരമണിക്കൂറോളം നീണ്ട ആ സംസാരം "ശരി ഞാന്‍ ഇനി ഒന്നു കിടക്കട്ടെ, ഉറക്കം കഴിഞ്ഞു വിളിക്കാം" എന്നു പറഞ്ഞ് അവസാനിപ്പിച്ചു. പിന്നീട് ദിവസവും ഞങ്ങളുടെ ഫോണ്‍ തുടരെ ശബ്ദിച്ചുകൊണ്ടിരുന്നു. കോളുകളും മിസ്‌കോളുകളുമായി ഞങ്ങള്‍ സംവദിച്ചുകൊണ്ടേ ഇരുന്നു. ഒരു റിങ്, രണ്ടു റിങ് , ഒരു മിസ്കോള്‍, രണ്ടൂ മിസ് കോള്‍ എന്നിങ്ങനെ ഞങ്ങളൂടെ ഹ്യദയം തൊട്ടറിയുന്ന കുറേ കോഡുകള്‍. ഞങ്ങള്‍ സൗഹ്യദം അനുഭവിക്ക മാത്രം ആയിരുന്നില്ല ആഘോഷിക്കുക കൂടിയായിരുന്നു.

അന്നത്തെ ട്രയിന്‍ യത്രക്കുശേഷം പിന്നീട് ഒരിക്കല്‍ മാത്രം അടുത്ത ഒരു ബന്ധുവിനെ കാണാന്‍ അമ്യത ഇന്‍സ്‌റ്റിട്യൂട്ടില്‍ ചെന്നപ്പോഴാണ് അവനെ കാണുന്നത്. അന്ന് അവന്‍ നല്ലതിരക്കിലായിരുന്നു. അപ്രതീക്ഷിതമായ സന്ദര്‍ശനമായിരുന്നതിനാല്‍ നേരത്തെ അറിയിക്കാനും കഴിഞ്ഞില്ല, മാത്രമല്ല അവന് ഒരു സര്‍പ്രൈസ് ആകട്ടെ എന്നും കരുതി. അവിടെ ചെന്നപ്പോഴാണറിയുന്നത് അന്ന് അവന് ഓപ്പറേഷന്‍ തീയറ്റര്‍ ഉള്ള ദിവസം ആണ് എന്ന്. അതുകൊണ്ട് അധികസമയം അവന് എന്നോടോപ്പം ചിലവിടാന്‍ കഴിയുമായിരുന്നില്ല.

പിന്നീട് അവന്‍ അമ്യത ഇന്‍സ്‌റ്റിട്യൂട്ടില്‍ നിന്നും തിരുവനന്തപുരത്തുള്ള കിംമ്‌സ് ഹോസ്പിറ്റലിലേക്ക് മാറി. വീടിന് അടുത്തായതുകൊണ്ടും, വീട്ടില്‍ അമ്മ തനിച്ചായതുകൊണ്ടും അതായിരുന്നു അവന് കൂടുതല്‍ സൗകര്യം. അപ്പോഴും ഞങ്ങളുടെ ഫോണ്‍‌വിളിയും മിസ്‌കോളുകളും തുടര്‍ന്നുകൊണ്ടിരുന്നു. ഒരു ഡോക്ടര്‍ എന്ന തിരക്കിനിടയിലും മെസേജ് അല്ലഅങ്കില്‍ മിസ്കോള്‍ ഇടാന്‍ അവന്‍ ഒരിക്കലും മറക്കുമായിരുന്നില്ല. ഒരു വര്‍ഷത്തെ സൗഹ്യദത്തിനൊടുവില്‍ ഞാന്‍ ഡല്‍ഹിയില്‍ ഇന്ത്യന്‍ ഇന്‍‌സ്റ്റി‌‌ട്യൂട്ട് ഓഫ് ടെക്നോളജിയില്‍ സയിന്റിസ്റ്റായി ജോലികിട്ടി ‌പോയി. പിന്നെ തുടരെയുള്ള ഫോണ്‍ വിളികളും മിസ്കോളുകളും കഴിയാതെ ആയി. പിന്നീട് ഓരോ മൂന്നുമാസവും കൂടുമ്പോള്‍ നാട്ടിലെത്തുമ്പോള്‍ പഴയതുപോലെ ഫോണില്‍ സംസാരിക്കും. മണിക്കൂറുളോളം നീണ്ട സംസാരങ്ങള്‍. പൊതുവേ ഡോക്ടര്‍മാര്‍ ഇന്റര്‍നെറ്റ് വിരോധികള്‍ ആയതുകൊണ്ട് മെയിലും ചാറ്റും തീരെ ഇല്ലായിരുന്നു.

ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ അവനെ വിളിച്ചപ്പോള്‍, അമ്യത ഇന്‍സ്‌റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നും നല്ല ഓഫര്‍ വന്നു അതുകൊണ്ട് അവിടെ റീജോയിന്‍ ചെയ്തു എന്നു പറഞ്ഞു. പതിവുപോലെ ആ തവണയും അവനെ കാണുവാന്‍ കഴിഞ്ഞില്ല. വെറും പത്തുദിവസത്തെ അവധിയുമായ് നാട്ടില്‍ വരുന്ന എനിക്ക് അവനെ ചെന്നു കാണാന്‍ വേണ്ടി ഒരു ദിവസം കളയാന്‍ ഉണ്ടായിരുന്നില്ല അല്ലങ്കില്‍ അതിനുള്ള മനസ്സുണ്ടായിരുന്നില്ല എന്നു വേണം പറയാന്‍. പിന്നീട് നാട്ടില്‍ വന്നപ്പോള്‍ വിളിച്ചപ്പോഴൊന്നും അവനെ കിട്ടിയില്ല. കുറച്ച് ദിവസത്തെ അവധിക്കു വരുന്ന എനിക്ക് എപ്പോഴും തിരക്കയിരുന്നു. അങ്ങനെ ഒരുതവണ ഞാന്‍ നാട്ടില്‍ വന്നപ്പോള്‍ തൈറോഡക്ടമിയുമായ് ബന്ധപ്പെട്ട് അമ്മക്ക് അമ്യതയില്‍ പോയി എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. വിജയകുമാറിനെ കണ്‍സള്‍ട്ട് ചെയ്യേണ്ടിയിരുന്നു.

അമ്മയുമായി ഡോ. വിജയകുമാറിനെ കാണാന്‍ വരുന്നുണ്ട്, അവിടെവച്ചു കാണാം എന്നറിയിക്കാമന്ന്കരുതി ഞാന്‍ അവനെ വിളിച്ചു, പക്ഷേ ആ മൊബൈയില്‍ നംമ്പര്‍ നിലവിലില്ല എന്നമെസ്സേജാണ് കിട്ടിയത്. ഉടനെ ഹോസ്പിറ്റല്‍ നംമ്പറില്‍ വിളിച്ച് ഡയാലിസിസ് വിങില്‍ കണക്ട് ചെയ്യിച്ചു. ഒരു പുതിയ സ്റ്റാഫ് നേഴ്സാണ് ഫോണ്‍ എടുത്തത്. അവനെ കുറിച്ച് അന്വഷിച്ചപ്പോള്‍ അങ്ങനെ ഒരു ഡോക്ട്ര്‍ ഇല്ല എന്നുപറഞ്ഞ് പഴയ സ്റ്റാഫിന് ഫോണ്‍ കൊടുത്തു. അവരോട് അവനെപറ്റി ചോദിച്ചപ്പോള്‍ നാലുമസം മുന്‍പ് അവിടനിന്നും റിസയിന്‍ ചെയ്തുപോയി എന്നുപറഞ്ഞു. അവനെ കാണാന്‍ കഴിയില്ലല്ലോ എന്ന ഒരുനിരാശയോടെ ഉടനെ തന്നെ അവന്റെ വീട്ടിലെ നംമ്പറില്‍ വിളിച്ചു. നിര്‍ഭാഗ്യവശാല്‍ റിംങ് ഉണ്ടായിട്ടും ആരും ഫോണ്‍ എടുത്തില്ല. പലതവണ പല സമയങ്ങളില്‍ വിളിച്ചുനോക്കി. രാത്രിവൈകിയും അതിരാവിലെയും ഒക്കെ. എപ്പോഴും റിംങ് ഉണ്ടാവും ആരും ഫോണ്‍ എടുക്കില്ല. അവസാനം അവധികഴിഞ്ഞ് ഞാന്‍ ഡല്‍‍ഹിക്ക് തിരിച്ച്പോയി.

ഡല്‍ഹിയില്‍ നിന്നും പലതവണ വിളിച്ചുനോക്കി പതിവുപോലെ റിംങ് ഉണ്ടാവും ആരും ഫോണ്‍ എടുക്കില്ല. കുറെദിവസം കഴിഞ്ഞപ്പോള്‍ പിന്നെ റിംങ്ങും ഇല്ലാതെ ആയി. എന്നിട്ടും ഇടക്കൊക്കെ വീട്ടിലേക്കു ഫോണ്‍ ചെയ്യുമ്പോള്‍ അവന്റെ നംമ്പറിലും വിളിച്ചു കൊണ്ടേ ഇരുന്നു. അങ്ങനെ ഒരു ദിവസം പ്രായം ചെന്ന ഒരു സ്ത്രീ ഫോണ്‍ എടുത്തു. ആശ്വസത്തോടെ ഡോ. രാജീവ് ഉണ്ടോ എന്നു ചോദിച്ചപ്പോള്‍ റോങ് നംബര്‍ എന്നു പറഞ്ഞ് അവര്‍ ഫോണ്‍ കട്ട് ചെയ്തു. വീണ്ടും വിളിച്ചു അപ്പോഴും പഴയ ആ പ്രായം ചെന്ന സ്ത്രീ തന്നെ ഫോണ്‍ എടുത്ത് റോങ് നംബര്‍ എന്നു പറഞ്ഞു. അവസാനം ഒന്നുകൂടി വിളിച്ച് ചോദിച്ചു ഇതു പുതിയ കണകഷന്‍ ആണോ എന്ന്. അതെ, പുതിയ കണക്ഷന്‍ ആണ് എന്നു പറഞ്ഞപ്പോള്‍ മനസ്സിലായി ലാന്റ് ലൈന്‍ അവന്‍ കട്ട് ചെയ്തിരിക്കുന്നു എന്ന്. അന്ന് മൊബൈല്‍ ഫോണുകള്‍ പോപ്പുലറായ് വരികയും, ലാന്റ് ലൈനുകള്‍ ലാഭകരമല്ലാത്തതിനാല്‍ പലരും കട്ട് ചെയ്യുകയും ചെയ്യുന്ന സമയമായിരുന്നതിനാല്‍ അതില്‍ അസ്വാഭാവികത ഒന്നും തോന്നിയില്ല. എന്നിരുന്നാലും നം‌മ്പര്‍ മാറിയപ്പോള്‍ എന്നെ ഒന്നു അറിയിക്കാഞ്ഞതിലും, ഒന്നു വിളിക്കാഞ്ഞതിലും തെല്ലൊരു ഈര്‍ഷ്യ അവനോട് തോന്നാതിരുന്നില്ല.

ഫോണ്‍ വഴി ബന്ധപ്പെടാന്‍ കഴിയാതെ വന്നപ്പോള്‍ പലതവണ മെയില്‍ ചെയ്തു. ഒരു റിപ്ലേയും കണ്ടില്ല. അവസാനം അടുത്ത അവധിക്ക് നാട്ടില്‍ എത്തിയപ്പോള്‍ വീണ്ടൂം അമ്യത ഇന്‍സ്‌റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വിളിച്ചു പഴയ ആ സ്റ്റാഫിനോട് അവന്‍ എവിടെ ആണന്ന് എന്തങ്കിലും വിവരം ഉണ്ടോ എന്നന്വഷിച്ചു. അപ്പോള്‍ അറിഞ്ഞ കാര്യങ്ങള്‍ ശരിക്കും വിഷമിപ്പിക്കുന്നതായിരുന്നു.

അമ്മ ഹോസ്പിറ്റലില്‍ ആണ് എന്നു പറഞ്ഞ് അവധി എടുത്ത് വീട്ടിലേക്കു പോയ അവന്‍, പിന്നീട് റിസൈയിന്‍ ലെറ്ററുമായാണ് അമ്യതയില്‍ എത്തിയതന്നും, അപ്രതീക്ഷിതമായ അമ്മയുടെ മരണം അവന് താങ്ങാവുന്നതിലധികമായിരുന്നുവന്നും അവര്‍ പറഞ്ഞപ്പോള്‍ അമ്മയുടെ മരണം എത്രത്തോളം ആഘാതം അവനുണ്ടാക്കിയിട്ടുണ്ടാവുമന്ന് എനിക്ക് ഊഹിക്കാന്‍ കഴിയുമായിരുന്നു. നന്നേ ചെറുപ്പത്തില്‍ തന്നെ അഛ്ചനെ നഷ്ടപ്പെട്ട അവന്റെ താങ്ങും തണലും എന്നും അമ്മമാത്രമായിരുന്നു. അമ്മയുടെ ആഗ്രഹം സാധിക്കാന്‍ വേണ്ടികൂടിയാണ് അവന്‍ മെഡിസിനുചേര്‍ന്നതന്നും, അമ്മയെ ഒറ്റക്കാക്കി പോകാന്‍ വയ്യാത്തതുകൊണ്ടാണ് വിദേശത്തേക്ക് പോകാത്തതന്നും ആദ്യ ട്രയിന്‍ യാത്രയില്‍ തന്നെ അവന്‍ എന്നോടു പറഞ്ഞപ്പോള്‍ അമ്മയോടുള്ള അവന്റെ സെന്റിമെന്റല്‍ അറ്റാച്ച്മെന്റ് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു.

അമ്യതയില്‍ നിന്നും റിസൈന്‍ ചെയ്തുപോയ അവനെ കുറെ കാലത്തിനു ശേഷം അവിടുത്തെ ഒരു സ്റ്റാഫ് കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ചു കണ്ടു എന്നും, അപ്പോള്‍ പ്രൊഫഷന്‍ ഒക്കെ വിട്ട് അമ്യത ആശ്രമത്തില്‍ ജോയിന്‍ ചെയ്തു എന്ന് പറഞ്ഞുവന്നും അവര്‍ പറഞ്ഞു. അന്നുമുതല്‍ ഞാന്‍ അവനെ തിരയുകയാണ്. നിര്‍ഭാഗ്യവശാല്‍ അവന്റെ മറ്റ് സുഹ്യത്തുക്കളെയോ, ബന്ധുക്കളയോ എനിക്കറിയില്ല.

അവനെ അറിഞ്ഞിടത്തോളം അത്ര അടുപ്പമുള്ള സുഹ്യത്തുക്കള്‍ ആരും അവനുള്ളതായ് അറിവില്ല. പലപ്പോഴും അവന്‍ പറയുമായിരുന്നു ഞാന്‍ ആണ് അവന്റെ ഏറ്റവും അടുത്ത സുഹ്യത്ത് എന്ന്. അവന്റെ റസിഡന്‍സ് അഡ്രസ്സും എന്റെ കയ്യില്‍ ഇല്ലാതെ പോയി. എന്നിട്ടും അവനെ കണ്ടുപിടിക്കാന്‍ എന്നെ കൊണ്ട് കഴിയും പോലെ എല്ലാം ശ്രമിച്ചു നോക്കി. ഇതുവരെയും ഒരു തുമ്പും കിട്ടിയിട്ടില്ല. ഞാന്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് അവനെ തിരയുകയാണ്. ഇവിടെ കൊറിയയില്‍ ‍ എത്തിയിട്ടും ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കയാണ് അവന്‍ എവിടെ ഉണ്ട് എന്ന് അറിയാന്‍. എന്നങ്കിലും കാണുമന്നോ, കണ്ടുപിടിക്കാമന്നോ എന്ന് ഇന്നും പ്രതീക്ഷിക്കയാണ്. ഒന്നിനുമല്ല ഒന്നു കാണണം ഒന്നു കണ്ടാല്‍ മാത്രം മതി.

സമര്‍പ്പണം

.......ചന്ദനത്തിന്റെ മണമുള്ള സൗഹ്യദം പകര്‍ന്നുതന്നിട്ട് ഒരു വാക്കുപറയാതെ എങ്ങോട്ടോ മറഞ്ഞുപോയ പ്രീയപ്പെട്ട എന്റെ സ്വന്തം രാജുവിന്...നിന്നെ എന്നങ്കിലും ഒരിക്കല്‍ കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെ.......
നിന്റെ സ്വന്തം ക്യഷ്‌ണ

Links to this post

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories2 comments: to “ നിനയാതെ പൈയ്തൊഴിഞ്ഞ മഴ

 • Prasanth. R Krishna
  Friday, March 21, 2008 8:15:00 AM  

  .......ചന്ദനത്തിന്റെ മണമുള്ള സൗഹ്യദം പകര്‍ന്നുതന്നിട്ട് ഒരു വാക്കുപറയാതെ എങ്ങോട്ടോ മറഞ്ഞുപോയ പ്രീയപ്പെട്ട എന്റെ സ്വന്തം രാജുവിന്...നിന്നെ എന്നങ്കിലും ഒരിക്കല്‍ കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെ.......

 • ശ്രീ
  Monday, March 24, 2008 9:13:00 AM  

  പ്രശാന്ത്...
  അന്ന് ഈ സംഭവം ഒരു കമന്റായി എന്റെ ഒരു പോസ്റ്റില്‍ ഇട്ടപ്പോള്‍ തന്നെ എനിയ്ക്കു തോന്നിയിരുന്നു ഇതും കൂടുതല്‍ പേരറിയേണ്ട ഒന്നാണെന്ന്. അതാണ് ഒരു പോസ്റ്റാക്കിക്കൂടേ എന്ന് ഞാന്‍ അന്നേ ചോദിച്ചത്. എന്തായാലും പോസ്റ്റാക്കിയതു നന്നായി. ഇതു വഴി ആരെങ്കിലും ആ പഴയ സുഹൃത്തിനെ തിരിച്ചു കിട്ടാന്‍ സഹായിച്ചാലോ?
  ഇന്ന് ആശ്രമ ജീവിതം നയിയ്ക്കുന്ന ആ പഴയ സുഹൃത്തിനെ, ഡോക്ടര്‍ രാജീവിനെ പ്രശാന്തിനു തിരികെ ലഭിയ്ക്കട്ടേ എന്ന് ആശംസിയ്ക്കുന്നു.