Search this blog


Home About Me Contact
2013-12-13

ഗോപാൽ സ്വാമി ബട്ടയിലേക്കൊരു യാത്ര-ഭാഗം-01 വയനാട്  

എപ്പോഴും ഓര്‍മ്മചെപ്പില്‍ സൂക്ഷിക്കാന്‍ കഴിയുന്ന മൂന്നു നാളുകൾ.സൗഹ്യദത്തിന്റെ മഴക്കാടുകളിലൂടെ ആഹ്ലാദത്തിന്റെ രാത്രിയിലേക്ക് ഒരു മലകയറ്റം. വെൺനിലാവിൽ കുളിച്ച വനത്തിന്റെ നടുവില്‍ നക്ഷത്രങ്ങളുടെ താരാട്ടില്‍ ഒരു രാത്രി മയക്കം. പിന്നെ മഞ്ഞുപുതച്ച മലകള്‍ക്കിടയില്‍ വര്‍ണപ്രപഞ്ചം തീര്‍ത്തു ഒരു സൂര്യോദയം. ഒടുവില്‍ നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന സൂര്യകാന്തിപാടങ്ങളിലൂടെ, കര്‍ഷക ഭവനങ്ങളിലെ റാന്തല്‍ വെളിച്ചങ്ങള്‍ പിന്നിട്ട് കുളിരു ചൂളം കുത്തുന്ന ചോളപ്പാടങ്ങളിലൂടെ ഒരു മടക്കയാത്ര. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഒമർ ഗാവ്രിയേൽ എന്ന ഇസ്രയേലിയൻ സുഹ്യത്തിനോടൊപ്പം ചിലവിട്ട അവിസ്മരണീയ സൗഹ്യദത്തിന്റെ കുറേ നിമിഷങ്ങൾ.
                                -------------------------------------------------------

ഹരിതാഭയാർന്ന വയനാടൻ മലമുടികളും താഴ്വാരങ്ങളും എന്നും സഞ്ചാരികളുടെ പറുദീസയാണ്. കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ഏറ്റവും തലയുയർത്തിനിൽക്കുന്നതും, നനവാർന്ന കോടമഞ്ഞൊഴികിനടക്കുന്ന ഈ മലനിരകൾ തന്നെ. വർഷങ്ങൾക്ക് മുൻപ് കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ എഞ്ചിനീയറിങ്ങിനു പഠിക്കുന്ന കാലത്ത്, കോരിചൊരിയുന്ന മഴയുള്ള ഒരു കർക്കിടകമാസത്തിലാണ് ഇസ്രയേലിലെ ടെൽ-അവിവിൽ (Tel-Aviv) നിന്നുള്ള പ്രിയ സുഹ്യത്ത് ഒമർ ഗാവ്രിയേൽ (Omar Gavriel) കേരളം സന്ദർശികാനായ് എത്തുന്നത്. കേരളത്തിലേക്ക് വരുന്ന ഒമർ, തിരുവനന്തപുരവും വർക്കലയും കുമരകവും കൊച്ചിയും ഉൾപ്പെടുത്തി ആറുദിവസത്തെ വ്യക്തമായ ഒരു തയ്യാറെടുപ്പിലാണ് ടെൽ-അവിവിൽ-നിന്നും ഖത്തർ എയർവെയ്സിന്റെ എയർബസ് 321-ന് തിരുവനന്തപുരത്തേക്ക് പറന്നുയർന്നത്. ഒൻപത് ദിവസത്തെ സന്ദർശനത്തിനത്തിനായ് കേരളത്തിലെത്തുന്ന ഒമറിന്റെ ബാക്കിയുള്ള മൂന്നു ദിവസങ്ങളിലെ പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള പൂർണ്ണ അധികാരം സുഹ്യത്ത് എന്ന നിലയിൽ എനിക്ക് വിട്ടുതന്നു. അതുകൊണ്ടുതന്നെ ഒമറിന് ഒരിക്കലും മറക്കാനാവത്ത ഒരു സഞ്ചാരത്തിന്റെ സുന്ദരമായ ദിനങ്ങൾ സമ്മാനിച്ചു വേണം ടെൽ-അവിവിലേക്ക് മടക്കിയയക്കാൻ എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. പ്രക്യതി അറിഞ്ഞനുഗ്രഹിച്ച വശ്യസുന്ദരമായ പലസ്ഥലങ്ങളും മനസ്സിലേക്കെത്തിയങ്കിലും മഴക്കാലത്ത് കൂടുതൽ ആകർഷകമാകുന്ന വന്യഭംഗിയാർന്ന വയനാടൻ മലനിരകൾ വഴി സൂര്യകാന്തിപാടങ്ങളും ചോളവും ചെണ്ടുമല്ലിയും പൂക്കാലം തീർക്കുന്ന താഴ്വരകളുള്ള ഗോപാൽ സ്വമി ബട്ടയിലേക്കുള്ള യാത്ര ഒമറിന് ഒരു നവ്യാനുഭൂതിയായിരിക്കുമന്ന് തോന്നി. ട്രക്കിങ്ങും ഹിൽസ്റ്റേഷനുകളും ഒരുപാടിഷ്ടപ്പെടുന്ന ഒമറിനും എന്റെ പ്ലാൻ കേട്ടപ്പോൾ വല്ലാത്ത ആവേശം. അങ്ങനെ മുൻകൂട്ടി തീരുമാനിച്ച പ്രകാരം, ഒമർ വന്നതിന്റെ ആറം ദിവസം, എറണാകുളം നോർത്ത് റയിൽവേ സ്റ്റേഷനിൽ നിന്നും രാത്രി പന്ത്രണ്ടുമണിക്കുള്ള മലബാർ എക്സ്പ്രസ്സിലെ തേർഡ് എ.സി-ൽ വയനാട്ടിലേക്കുള്ള ഞങ്ങളുടെ യാത്ര ആരംഭിച്ചു. കോച്ചിനുള്ളിൽ തിരക്കുണ്ടായിരുന്നങ്കിലും, എ.സി-യുടെ സുഖശീതളിമയിൽ, നന്നായുറങ്ങി രാവിലെ അഞ്ചു മണിയോടെ കോഴിക്കോട് സ്റ്റേഷനിലിറങ്ങി. അവിടനിന്നും ഒരു ടക്സിയെടുത്ത്, റയിൽവേ സ്റ്റേഷനിൽ നിന്നും ഏതാണ്ട് രണ്ടുകിലോമീറ്റർ ദൂരെയുള്ള ഹോട്ടൽ ഹൈസൺ ഹെറിറ്റേജിലെത്തി  (Hotel Hyson Heritage) പ്രഭാതകർമ്മങ്ങളും നടത്തി,  ഷവറിൽനിന്നും ഹൈപ്രഷറിൽ ചീറ്റിയൊഴുകുന്ന ചൂടുവെള്ളത്തിൽ കുളിയും കഴിഞ്ഞ്, റസ്റ്റോറന്റിൽ നിന്നും പ്രാതലും കഴിച്ച് ആറരമണിയോടെ വയാനാടിന്റെ ഹരിതാഭയാർന്ന വന്യവശ്യതയിലേക്കുള്ള ഞങ്ങളുടെ യാത്ര തുടങ്ങി. ഗതാഗതക്കുരുക്കിൽപ്പെട്ട് ഇഴഞ്ഞും ഇന്റർ സ്റ്റേറ്റ്‌ ഹൈവേയിലൂടെ കുതിച്ചും സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 700 മീറ്റർ ഉയരത്തിലുള്ള ലക്കിടിയെ ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി.

കോഴിക്കോട് സിറ്റിക്ക്‌ വടക്കുകിഴക്കായ് 70 മൈൽ (105 കി.മി.) അകലെയായിട്ടാണ് വന്യജീവി സങ്കേതവും, സംരക്ഷിത വനങ്ങളും അഞ്ചോളം വ്യത്യസ്ഥ നദികളും, ഒരു അണക്കെട്ടും, തടാകവും, ദ്വീപുമുൾപ്പെടെ, മനോഹരങ്ങളായ മൂന്ന് വെള്ളചാട്ടങ്ങളും അനേകം അരുവികളും, കനത്ത സസ്യസമൂഹവും, വൈവിധ്യമാർന്ന ജീവജാലങ്ങളും എല്ലാമുള്ള വയനാട് എന്ന പ്രക്യതി മനോഹരമായ ഹിൽസ്റ്റേഷൻ. പച്ച പട്ടുപുതച്ച് നീണ്ടുകിടക്കുന്ന സ്വപ്ന തുന്തിലിതമായ വയനാടൻ മലമടക്കുകളിൽ വെയിലും മഴയും പൈയ്തിറങ്ങുന്നതും മഞ്ഞുപൊതിയുന്നതുമൊക്കെ സ്വപ്നം കണ്ടുകൊണ്ട് ഞങ്ങൾ ദേശീയപാത 212-ന്റെ ഭാഗമായ താമരശ്ശേരിക്കടുത്ത് എത്തിയപ്പോഴേക്കും മെല്ലെ പെയ്യാൻ തുടങ്ങിയ മഴ, മലയുടെ അടിവാരത്തുനിന്ന് തുടങ്ങുന്ന 12 കിലോമീറ്ററോളം ദൈർഘ്യവും ഒമ്പത് ഹെയർപിൻ വളവുകളുമുള്ള ചുരത്തിലൂടെയുള്ള യാത്രയിലുടനീളം ചാറ്റലായും പേമാരിയായും പെയ്തുകൊണ്ടിരുന്നു. സമുദ്രം പോലെ പൈയ്തിറങ്ങുന്ന മഴയേയും, പ്രതികൂല സാഹചര്യത്തെയും വകവെയ്ക്കാതെ ദുർഘടമായ വളഞ്ഞുപുളഞ്ഞ കാനനപാതയിലൂടെ ഒരു ഒച്ചിനെപോലെ അപ്പോഴും ഞങ്ങളുടെ വാഹനം ഇഴഞ്ഞു നീങ്ങികൊണ്ടിരുന്നു. എങ്കിലും കുതിരസവാരി ചെയ്ത് വയനാട്ടിലെത്താൻ പാകത്തിൽ ബ്രിട്ടീഷ്കാർ നിർമ്മിച്ച പാതയ്ക്ക് ഇരുവശങ്ങളിലുമുള്ള, ഇടതൂർന്ന മഴക്കാടുകളുകൾക്കുമേൽ പെയ്തിറങ്ങുന്ന മഴയുടെ ശീതളിമയും, ചൂളംകുത്തി വീശിയടിക്കുന്ന കാറ്റിന്റെ സീൽക്കാരവും, അകലെനിന്ന് ഒഴുകിയെത്തുന്ന മുളങ്കാടിന്റെ സംഗീതവും വഴിവക്കുകളിൽ കണുന്ന സൗഹൃദ മനോഭാവമുള്ള കുരങ്ങുകളൊരുക്കുന്ന കുസൃതിക്കാഴ്ചകളുമൊക്കെ ഒമർ നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു. സഹ്യപർവ്വതത്തോടു ചേർന്നുകിടക്കുന്ന ഈ വന്യജീവി സംരക്ഷണ കേന്ദ്രം ആനകളുടേയും പുലികളുടേയും വിഹാരകേന്ദ്രമാണന്നറിഞ്ഞപ്പോൾ ഒമറിന്റെ നീല കണ്ണുകളിൽ വല്ലാത്ത ഒരു തിളക്കം ഞാൻ കണുന്നുണ്ടായിരുന്നു.

ചുരത്തിലൂടെയുള്ള യാത്രയിലുടനീളം പിശറിയടിക്കുന്ന കാറ്റും മഴയും വന്നും പോയുമിരുന്നു. അതൊന്നും കാര്യമാക്കാതെ മലമുകളിൽ ഞങ്ങളെയും കാത്തിരിക്കുന്ന അത്ഭുതങ്ങൾ എന്തൊക്കെയാവുമെന്ന് മനസ്സിൽ സങ്കൽപ്പിച്ച്‌, കുത്തനെയുള്ള ചുരത്തിലൂടെ മഴനൂലുകളെ പൊട്ടിച്ചെറിഞ്ഞ് ഞങ്ങൾ യാത്ര തുടർന്നു. അടിയൊന്നു തെറ്റിയാൽ അല്ലെങ്കിൽ വാഹനത്തിന്റെ നിയന്ത്രണം ഒന്നു വിട്ടുപോയാൽ ചെന്നു വീഴുന്നത്‌ അഗാധമായ കൊക്കയിലേക്കാണന്ന തോന്നൽ ഞങ്ങളെ ഭയപ്പെടുത്തുന്നുണ്ടായിരുന്നില്ല. കിളികളുടേ മനോഹര ഗാനങ്ങളും, കാടിന്റെ പേടിപ്പെടുത്തുന്ന മുരൾച്ചയും, കാറ്റിന്റെ മർമ്മരവുമെല്ലാം കൂടി ചേർന്നൊരുക്കുന്ന വന്യതയാർന്ന സൗന്ദര്യമാസ്വദിച്ച് ഏതാണ്ട് ഒരു മണിക്കൂറോളം നീണ്ട ഭഗീരഥ പ്രയത്നത്തിനൊടുവിൽ ഞങ്ങൾ വയനാടൻ ചുരത്തിന്റെ നെറുകയിലെത്തി. ചുരത്തിലെ ഒൻപതാം നമ്പർ ഹെയര്‍പിന്‍ വളവിലെ വ്യൂപോയിന്റിൽ ഞങ്ങള്‍ വാഹനം നിര്‍ത്തി ഇറങ്ങുമ്പോഴേക്കും, മഴ ഒന്നു ശമിച്ചങ്കിലും താഴ്വാരം മുഴുവൻ കോടമഞ്ഞ്‌ മൂടികഴിഞ്ഞിരുന്നു. ചുറ്റും ഇരുണ്ടുകൂടിയ മഴമേഘങ്ങൾ ചുറ്റുമുള്ള കാഴ്ചകളെ മറച്ചുപിടിക്കുന്ന അവ്യക്തതയിലും, അഖാഡകളിൽ നിന്ന് ഇറങ്ങിവരുന്ന തണുത്തുറഞ്ഞ മഞ്ഞുപുതച്ചു നീണ്ടുകിടക്കുന്ന നീലക്കുന്നുകളും ഇടതൂർന്ന മഴക്കാടുകളും ചേർന്ന് വളരെ മനോഹരങ്ങളായ ഒരു ദ്യശ്യവിസ്മയം ആ മലഞ്ചെരിവുകൾ അപ്പോഴും സഞ്ചാരികൾക്ക് നൽകുന്നുണ്ടായിരുന്നു.

ഏതാണ്ട് പത്തുമിനിട്ടോളം പ്രക്യതിയുടെ മാസ്മരികമായ ആ വശ്യതയെ ഉള്ളിലേക്ക് ആവാഹിച്ചുകൊണ്ട് ഞങ്ങൾ അവിടെ ചിലവഴിച്ചു. അപ്പോഴേക്കും ഇടിയുടെ അകമ്പടിയോടെ മേഘപാളികൾക്കിടയിലൂടെ ആർത്തലച്ച് വീണ്ടും മഴവന്നു. കാട്ടുവഴികൾ വെള്ളത്തിൽ മുങ്ങി. മലമുകളിൽ നിന്നും നീർച്ചാലുകൾ കുത്തിയൊലിച്ചിറങ്ങി വന്ന് വഴിയിൽ അരുവികൾ തീർത്തു. പക്ഷി മ്യഗാദികൾ ഇലകൾക്കിടയിലും കുറ്റികാട്ടിലും അഭയം തേടി. ഞാൻ കയ്യിൽ കരുതിയിരുന്ന കാലൻകുട നിവർത്തിപിടിച്ച് മഴ ആസ്വദിക്കുമ്പോൾ, ഒമർ ചുവപ്പുനിറത്തിലുള്ള തന്റെ റെയിന്‍ കോട്ടണിഞ്ഞു സന്തത സഹചാരിയായ തന്റെ നിക്കോണ്‍ എഫ്.ടു ക്യാമറയില്‍ മഴയുടെ മര്‍മ്മരങ്ങളില്‍ നിന്ന് നനവാര്‍ന്ന ശകലങ്ങള്‍ ഒപ്പിയെടുത്തുകൊണ്ടിരുന്നു. ഏതാനും നിമിഷങ്ങൾകൂടി അവിടെ ചിലവിട്ടശേഷം, സംഗീത തുന്ദിലിതമായ ആ മഴചിത്രങ്ങൾ കട്ടെടുത്തുകൊണ്ട് ഞങ്ങൾ ലക്കിടിയിലേക്കും അവിടനിന്നും ചെമ്പ്ര കൊടുമുടിയിലേക്കും യാത്ര തിരിച്ചു. പോകുന്നവഴിയിൽ വയനാട് ചുരം നിർമ്മിച്ചത് ബ്രിട്ടീഷ്കാരാണന്നും, അന്നോളം ഇരുൾ മൂടികിടന്നിരുന്ന അക്ഞാതമായ ഈ വഴി അവർക്ക് കാണിച്ചുകൊടുത്ത കരിന്തണ്ടൻ എന്ന ആദിവാസിയെ, ഈ കണ്ടുപിടിത്തത്തിന്റെ ഖ്യാതി സ്വന്തമാക്കുവാനായി ബ്രിട്ടീഷ്കാർ കൊന്നു കളഞ്ഞു എന്നുമുള്ള കഥ ഞാൻ ഒമറിനു പറഞ്ഞുകൊടുത്തു. ലക്കടിയിലെത്തിയപ്പോൾ കരിന്തണ്ടന്റെ ആത്മാവിനെ ബന്ധിച്ചിരിക്കുന്ന ചങ്ങല മരം കാണിച്ചു കൊടുത്തപ്പോൾ ഒമറിന് അത് ഒരു യക്ഷികഥപോലെ തോന്നി. ട്രക്കിങും സാഹസികതയും ഭ്രാന്തമായ് ഇഷ്ടപ്പെടുന്ന ഓമർ അവിടനിന്നും ചെമ്പ്രയിലേക്കുള്ള യാത്രയിലുടനീളം വല്ലാത്ത ആവേശത്തിലായിരുന്നു. ലക്കടിയിൽ നിന്നും വൈത്തിരിയിലെത്തി, ഉച്ച ഭക്ഷണവും കഴിച്ച് ഏതാണ്ട് പന്ത്രണ്ടുമണിയോടെ ഞങ്ങൾ ചെമ്പ്രയിലെ  ബേസ്‌ ക്യാമ്പിലെത്തി. അല്പനേരം അവിടെ വിശ്രമിച്ച ശേഷം, അത്യാവശ്യ സാധനങ്ങളെല്ലാം ഒരു ബാഗിലാക്കി വനം വകുപ്പിന്റെ ഒരു ഗൈഡിനെയും കൂട്ടി മലകയറ്റം തുടങ്ങി. ചെമ്പ്രയിലെ വാച്ച്‌ ടവറിനടുത്തുനിന്നും കല്ലും മുള്ളും, ചോരയൂറ്റുന്ന അട്ടയും കൊതുകും നിറഞ്ഞ ദുർഘടമായ പാതയിലൂടെ തുടങ്ങിയ മലകയറ്റം, കുറ്റിക്കാടുകള്‍ക്കും, പുൽമേടുകൽക്കുമിടയിലൂടെ നീണ്ടുകിടക്കുന്ന മനോഹരമായ കാട്ടുപാതകളിലൂടെ, സമുദ്രനിരപ്പിൽ നിന്നും 1200 മീറ്റർ (ഏതാണ്ട് 7000 അടി) മുകളിലേക്ക് നീണ്ടു. പ്രധാനമായും ട്രക്കിങ്ങ്‌ നടത്തുന്ന യാത്രികരുടെ നിരന്തര സഞ്ചാരം മുഖേന പുല്‍മേടുകള്‍ക്കുള്ളില്‍ രൂപപ്പെട്ട ഒരു ചെറിയ നടപാതയിലൂടെ, വാതോരാതെ സംസാരിച്ചുകൊണ്ട് ശുദ്ധ വായുവും ശ്വസിച്ച്‌  സാവധാനമാണ് ഞങ്ങള്‍  മല കയറിയത്‌.

ആദ്യത്തെ 300 മീറ്റര്‍ മുന്നോട്ട് നീങ്ങുന്നതുവരെ വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. പിന്നീടങ്ങോട്ട് എന്റെ ശ്വാസഗതി ഉയര്‍ന്നുയര്‍ന്നുവന്നു. പക്ഷേ അപ്പോഴും ഒമർ കിതക്കുന്നുണ്ടായിരുന്നില്ല. അവിടനിന്നും മുന്നോട്ടുള്ള കയറ്റം കുറേക്കൂടെ കുത്തനെയുള്ളതായി മാറാന്‍ തുടങ്ങി. ചോടപുല്ലുകളാലും കുറ്റിചെടികളാലും നിബിഡമായ കുന്നിൻ ചരിവിലൂടെയായി പിന്നീടുള്ള കയറ്റം. ഒരാൾക്ക് മാത്രം നടന്നുപോകാൻ പാകത്തിൽ പുല്ലുവകഞ്ഞുണ്ടാക്കിയ ഇടുങ്ങിയ വഴിയിൽ പലയിടത്തും ഉരുളൻ കല്ലുകളും ചെന്നിതെറിച്ചുകിടക്കുന്ന വഴുക്കലുള്ള മണ്ണും മലകയറ്റം ദുർഘടമാക്കി. സൂക്ഷിച്ചില്ലങ്കിൽ അറിയാതെ വഴുതിവീഴും. സാധാരണ നല്ല മഴയുള്ള അവസരത്തില്‍ മല കയറാന്‍ വരുന്നവരെ ബേസ്ക്യാമ്പിൽ നിന്നും തിരിച്ചയക്കുകയാണ് പതിവെങ്കിലും വിദേശികളുടെ കാര്യത്തില്‍ വനംവകുപ്പ് ഈ കടുംപിടുത്തം കാണിക്കാറില്ലെന്നതുകൊണ്ടാണ് ഞങ്ങൾക്ക് മലകയറ്റത്തിനുള്ള അനുമതി കിട്ടിയത്.

ബേസ്ക്യാമ്പിൽ നിന്ന് ഏതാണ്ട് ഒന്നരമണിക്കൂർ കൊണ്ട് ഞങ്ങൾ ഹൃദയസരസ്സെന്ന ശാന്ത സുന്ദരമായ തടാകത്തിന്റെ കരയിലെത്തി. അപ്പോഴേക്കും ബേസ്ക്യാമ്പും അവിടെയുള്ള വാച്ച് ടവറുമെല്ലാം ഞങ്ങളുടെ കാഴ്ച്ചയില്‍ നിന്ന് മറഞ്ഞു കഴിഞ്ഞിരുന്നു. മലയുടെ മുകളിൽ കണ്ട ആ തടാകം മനം മയക്കുന്ന ഒരു കാഴ്ചയായിരുന്നു. മലയുടെ മുകളിൽ മേഘങ്ങൾക്കു നേരെ പിടിച്ച കണ്ണാടിപോലെ വെട്ടിതിളങ്ങി ഹൃദയത്തിന്റെ ആകൃതിയിൽ അത് അങ്ങനെ നിശ്ചലമായി കിടക്കുന്നു. തടാകത്തിലെ തെളിമയാർന്ന തണുത്ത വെള്ളത്തില്‍ കൈയ്യും മുഖവും കഴുകി, കയ്യിൽ കരുതിയ കുപ്പിവെള്ളം കുടിച്ച് വീണ്ടും മലകയറാൻ തുടങ്ങി. രണ്ടു കൈയ്യും കാലും ഒരുപോലെ ഉപയോഗിച്ചുകൊണ്ടുള്ള ആ കയറ്റം തികച്ചും സാഹസികവും ദുസ്സ:ഹവുമായിരുന്നു. പക്ഷേ ഒമർ അപ്പോഴും ഒരു ഉടുമ്പിനെപോലെ, അനായാസം  മല മുകളിലേക്ക് കയറികൊണ്ടിരിക്കുന്നു. ട്രക്കിങ്ങിലുള്ള ഒമറിന്റെ വൈദഗ്ദ്യവും അനുഭവ സമ്പത്തും എന്നെ അൽഭുതപ്പെടുത്തുന്നുണ്ടായിരുന്നു. ഇനി ഏതാനും മീറ്ററുകൾ കൂടി കയറിയാൽ വെള്ളിമേഘങ്ങൾ തൊട്ടുമ്മവയ്ക്കുന്ന ഗിരിശ്യംഗത്തിലെത്താം. കഴുത്തിൽ തൂക്കിയ ക്യാമറയും, പുറത്ത് തൂക്കിയിട്ട സഞ്ചിയുമായ് ഒമർ സാഹസികമായ് മുകളിലേക്ക് കയറികൊണ്ടിരിക്കുകയാണ്. അത്യധികം ആപത്‌കരമായ ആ മലകയറ്റത്തിൽ എനിക്ക് താഴേക്കു നോക്കാൻ ഭയമുള്ളതുപോലെ തോന്നി. രണ്ടുവശവും കരിനീല നിറത്തിൽ ഒരു പെരുമ്പാപിനെപോലെ നീണ്ടു കിടക്കുന്ന അഗാധമായ കൊക്ക. അതിനിടയിൽ ഒരു വരമ്പുപോലെ ഇടുങ്ങിയ പാതയിലൂടെ ഞങ്ങൾ പൊത്തിപിടിച്ചു കയറികൊണ്ടിരുന്നു. ഭയം ഞരമ്പുകളെ ത്രസിപ്പിച്ച  കയറ്റത്തിന്റെ അവസാനം ഒമറിനു പിന്നാലെ ഞാനും മലയുടെ നെറുകയിലെത്തി. ഇനി ഒരു മലകൂടിയുണ്ട് കയറാൻ. അവിടേക്കെത്തണമങ്കിൽ ഇനിയും ഒന്നര മണിക്കൂർ കൂടി എടുക്കും. മഴപെയ്യാൻ സാധ്യതയുള്ളതിനാലും, തിരിച്ചിറങ്ങുമ്പോഴേക്ക് ഇരുട്ടു വീണേക്കുമന്ന ഭയത്താലും അവിടനിന്നും മുകളിലേക്കുള്ള കയറ്റത്തിൽ നിന്നും ഞാൻ ഒമറിനെ നിരുസാഹപ്പെടുത്തി. കുറച്ചു നേരം മലമുകളിലിരുന്ന് ഞങ്ങൾ കിതപ്പാറ്റി, കൈയ്യിൽ ബാക്കിയുണ്ടായിരുന്ന വെള്ളവും കുടിച്ചു തീർത്തു. പെട്ടന്ന് അവിടമാകെ കറുത്ത മേഘപാളികൾ വന്നു നിറഞ്ഞു ചുറ്റുമുള്ള കാഴചകൾ മുഴുവൻ മറച്ചു കളഞ്ഞു. എനിക്ക് ഒമറിനെയും, ഒമറിന് എന്നെയും മാത്രമേ കാണാൻ കഴിയുന്നുള്ളൂ. ഇനി വൈകിയാൽ ചിലപ്പോൾ മഴപെയ്യുമന്ന് ഗൈഡു ഞങ്ങൾക്ക് മുന്നറിയിപ്പു തന്നു. ഉടനെ 'ഇത് എന്നെ ഇവിടേക്ക് കൂട്ടികൊണ്ടുവന്നതിന്' എന്നു പറഞ്ഞുകൊണ്ട് മേഘത്തിന്റെ കറുത്ത പട്ടുമേലങ്കിയണിഞ്ഞ്, 7000 അടി ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന ആ മല മുടിയിൽ നിന്നുകൊണ്ട് ഒമർ എന്നെ കെട്ടിപിടിച്ച് ചുണ്ടുകളിൽ ഉമ്മ വച്ചു. സന്തോഷം കൊണ്ടും സംത്യപ്തികൊണ്ടും വികാരധീനനായ ഒമറിന്റെ ആ വക്കുകൾ കേട്ടപ്പോൾ എന്റെ മനസ്സു വല്ലാതെ നിറഞ്ഞു. പിന്നെ വൈകിയില്ല, ഒരു ഗിരിശ്യംഗംകൂടി കീഴടക്കിയ സന്തോഷത്തോടെ ഞങ്ങൾ മെല്ലെ മലയിറങ്ങാൻ തുടങ്ങി. ഏതാണ്ട് മുക്കാൽ മണിക്കൂറുകൊണ്ട് മലയിറങ്ങി, ഞങ്ങൾ ബേസ്ക്യാമ്പിലെത്തി.

ഇനി ഞങ്ങൾക്ക് പോകേണ്ടത് സഞ്ചാരികളെ ആവേശം കൊള്ളിക്കുന്ന സെന്റിനല്‍ റോക്ക് വാട്ടര്‍ ഫാള്‍സ് എന്നറിയപ്പെടുന്ന സൂചിപ്പാറ വെള്ളചാട്ടത്തിലേക്കാണ്. അഞ്ചുമണി വരെ മാത്രമാണ് സഞ്ചാരികൾക്ക് അവിടേക്ക് പ്രവേശിക്കാനാവുക. ചെമ്പ്ര ബെയ്സ്ക്യാമ്പിൽ നിന്നും ഏകദേശം മുപ്പതു മിനുട്ട് യാത്രയുണ്ട് സൂചിപ്പാറയിലേക്ക്. ഇനിയുള്ള ഒരോ മിനുട്ടും ക്യത്യയോടെ സൂക്ഷിച്ചുപയോഗിച്ചില്ലങ്കിൽ സമയത്ത് സൂചിപ്പറയിലെത്താൻ കഴിയില്ല എന്നബോധത്തിൽ, ഒരു നിമിഷം പോലും പാഴക്കാതെ ഞങ്ങൾ നേരെ  സൂചിപ്പാറയിലേക്ക് തിരിച്ചു. ഏതാണ്ട് നാലരയോടുകൂടി ഹരിതാഭയാർന്ന തെയിലതോട്ടങ്ങളുടെ ഭംഗിയാസ്വദിച്ചുകൊണ്ട് ഞങ്ങൾ സൂചിപ്പാറയിലെത്തി. വാഹനം പാർക്കു ചെയ്യുന്നിടത്തുനിന്നും ഒരു കിലോമീറ്റര്‍ കാനന പാതയിലൂടെ കാല്‍നടയായി വേണം സൂചിപ്പാറയുടെ നനവാർന്ന വശ്യസൗന്ദര്യത്തിലേക്കെത്താൻ. കാട്ടിലൂടെ നടന്ന്, ഒരു വെള്ളിയരിഞ്ഞാണം പോലെ ഒഴുകിയിറങ്ങുന്ന വെള്ളചാട്ടത്തിന്റെ അടുത്തെത്താനായ് നിർമ്മിച്ച കല്ലുപാകിയ വഴി, കാടിന്റെ മാസ്മരിക സൗന്ദര്യത്തെ നശിപ്പിക്കുന്നു എന്നു ഞങ്ങൾക്ക് തോന്നി. പക്ഷികളുടെ കൂജനങ്ങളും വെള്ളച്ചാട്ടത്തിന്റെ ശബ്ദവും ചേർന്നൊരുക്കുന്ന അപൂർവ്വമായ മധുര സംഗീതം കേട്ടുകൊണ്ട് നടക്കുന്നത്‌ വല്ലാത്തൊരു അനുഭൂതിയായിരുന്നു. കാനന പാത അവസാനിക്കുന്നിടത്തുനിന്നും പാറകള്‍ ചാടിക്കടന്നുവേണം വെള്ളച്ചാട്ടത്തിന്റെ അടുത്തെത്താന്‍.  അവിടെയെത്തിയപ്പോൾ മുതൽ ഒമർ തന്റെ ക്യാമറയിൽ വെള്ളചാട്ടത്തിന്റെ വശ്യതകൾ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. പാറക്കെട്ടുകളില്‍ തട്ടി പതഞ്ഞൊഴുകി തിരുജടയില്‍ നിന്നൊരു ഗംഗപോലെ 300 അടി താഴ്ചയിലേക്ക് പതിക്കുന്ന വെള്ളചാട്ടവും, പാറക്കെട്ടുകളില്‍ വേരുപടര്‍ത്തിയ കുള്ളന്‍ മരങ്ങളും, ജൈവവൈവിധ്യവും മതിമറന്നുപോകുന്ന നയനാനന്ദകരമായ ഒരു കാഴ്ച തന്നെയായിരുന്നു. വെള്ളചാട്ടത്തിന്റെ ആ സൗന്ദര്യത്തിലേക്ക് നോക്കി നിൽക്കുമ്പോൾ, സൂചിപോലുള്ള പാറകള്‍ മാനത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന ഭൂമിയുടെ തുരങ്കമാണ് ആ വെള്ളചാട്ടമന്നു തോന്നിപോയി. അല്പനേരം ആ സൗന്ദര്യം ആസ്വദിച്ച്, പരസ്പരം കൈകോർത്തുപിടിച്ചുകൊണ്ട് ഞങ്ങൾ വെള്ള ചാട്ടത്തിനടിയിലേക്ക് പോയി. പാറയിടുക്കുകളില്‍ നല്ല വഴുക്കലുള്ളതിനാൽ വളരെ കരുതലോടെ വേണമായിരുന്നു ഇറങ്ങിയെത്താന്‍. വേനലിലും മഴ പാറുന്ന വെള്ളച്ചാട്ടത്തിനു സമീപം ആര്‍ത്തലയ്ക്കുന്ന ശബ്ദങ്ങള്‍ക്കിടയില്‍ തിരക്കിന്റെ എല്ലാ ഭാണ്ഡവുമിറക്കിവച്ച് ഇത്തിരി നേരം. താഴെ വെള്ളം വന്നു വീഴുന്ന ചെറിയ തടാകത്തിലെ തെളിനീരിൽ എല്ലാം മറന്ന് ഒരു മുങ്ങികുളി. അപ്പോഴേക്കും അവിടമാകെ ഇരുട്ടു വീഴാൻ തുടങ്ങിയിരുന്നു.

അവസാനം ഒരു പകലിന്റെ മുഴുവൻ സൗന്ദര്യവും കട്ടെടുത്ത് അവിടനിന്നും നേരെ സുൽത്താൻ ബെത്തേരിയിലെ കെ.റ്റി.ഡി.സി-യുടെ പെപ്പർ ഹൗസിലേക്ക്. ഏതാണ്ട് എട്ടുമണിയോടെ ഞങ്ങൾ പെപ്പർ ഹൗസിലെത്തി. മലഞ്ചരിവുകളിൽ പടർന്നു പന്തലിച്ച കുരുമുളക് വള്ളികളേയും കാപ്പിതോട്ടങ്ങളേയും ഉമ്മവച്ചുകൊണ്ട് അലസമായ് കോടമഞ്ഞൊഴുകി നടക്കുന്ന ആ രാത്രിയിൽ നുരഞ്ഞു പൊന്തുന്ന തണുപ്പുള്ള ഒരോ ബിയർ നുണഞ്ഞുകൊണ്ട്, നെരിപ്പോടിന്റെ ചൂടത്തിരുന്ന് കുറേനേരം സംസാരിച്ചിരിക്കണമന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ചുരം കയറിയുള്ള യാത്രയുടേയും, ട്രക്കിങിന്റെയും ക്ഷീണം കാരണം അതിനു മുതിർന്നില്ല. അടുത്ത ദിവസത്തെ യാത്രയുടെ കാര്യങ്ങൾ  മനസ്സില്‍ ചിട്ടപ്പെടുത്തി, അത്താഴം കഴിച്ച് നേരത്തെ ഉറങ്ങാൻ കിടക്കുന്നു. അപ്പോൾ, മുറിയിലെ അരണ്ട മഞ്ഞ വെളിച്ചത്തിൽ എന്റെ കൈതണ്ടയിൽ മ്യദുവായി ഉമ്മവച്ചുകൊണ്ട് ഒമർ എന്നോട് ചോദിച്ചു "മഴക്കാലത്താണ്‌ വെള്ളച്ചാട്ടങ്ങള്‍ ഏറെ സുന്ദരമാവുന്നത്‌ അല്ലേ?". ഒമറിന് എന്തുതോന്നുന്നു എന്നു ചോദിച്ചുകൊണ്ട് ഞാൻ തലയിലൂടെ പുതപ്പ് വലിച്ചിട്ട്, ഗോപാൽ സ്വാമി ബട്ടയിലേക്കുള്ള വഴിയരികുകളിൽ ഞങ്ങളെയും കാത്തിരിക്കുന്ന സുന്ദര ദൃശ്യങ്ങളെ മനസ്സിൽ സങ്കൽപ്പിച്ച്‌ ഉറക്കത്തിലേക്ക് വഴുതി വീണു. 

.                                                                                                                                      തുടരും ........

2013-08-17

പ്രഫഷണൽ നേട്ടങ്ങൾക്കായ് സ്വവർഗ്ഗരതിയും ഉപയോഗിക്കപ്പെടുന്നു  

രണ്ട് വർഷങ്ങള്‍ക്ക് മുൻപ്, തിരുവനന്തപുരത്തുകാരനായ ഒരു പ്രഫഷണലിന് ജോലിയുടെ ഭാഗമായ് ബോംബയിൽ ഒരു ട്രെയിനിംങ്ങിന് പോകേണ്ടതായ് വന്നു. ആദ്യമായ് മുംബൈ നഗരത്തിലേക്കുള്ള അവന്റെ യാത്രയാണ്. അംബരചുംബികളായ കെട്ടിടങ്ങളും, തിരക്കിലലിയുന്ന ജീവിതവുമൊക്കെയായിരുന്നു മുംബയെകുറിച്ച് അതുവരെയുള്ള അവന്റെ അറിവുകൾ. തിരുവനന്തപുരം പോലൊരു ചെറു നഗരം മാത്രം കണ്ടിട്ടുള്ള അവൻ വലിയ ആവേശത്തിലാണ് ഛത്രപതി ശിവജി ഇന്റർനാഷണൽ എയർപ്പോർട്ടിന്റെ ഡൊമസ്റ്റിക് ടെർമിനലിൽ വിമാനമിറങ്ങിയത്. അവന്റെ ജീവിതത്തിലെ ആദ്യ വിമാന യാത്ര. തിരക്കേറിയ സന്താക്രൂസ് റയില്‍‌വേസ്റ്റേഷന് അടുത്തുതന്നെയുള്ള ഗ്രാൻഡ് ഹയാത് ഹോട്ടലിലായിരുന്നു അവനു കമ്പനി താമസം ഒരുക്കിയിരുന്നത്. ഒരു റൂം രണ്ടുപേര്‍ ഷയര്‍ ചെയ്യണം. അവന്റെ ഒപ്പം റൂം പങ്കുവയ്ക്കുന്നത് ഡൽഹിയിൽ നിന്നുള്ള ഹരിന്ദർ അറോറയാണ്. കാഴ്ചയിൽ സുമുഖൻ, സുന്ദരൻ. വെളുത്തു കൊലുന്നനെയുള്ള ശരീരം. ഷേവ് ചെയ്ത് സുന്ദരമാക്കിയ മുഖം. കറുത്ത ഫ്രയിമുള്ള കണ്ണടയിൽ തിളങ്ങുന്ന നീല കണ്ണുകൾ. നല്ല ഇംഗ്ലീഷിൽ ഒഴുക്കോടയുള്ള സംസാരം. പരിചയെപ്പെടുന്ന ആർക്കും പെട്ടന്ന് മറക്കാൻ കഴിയാത്ത പേഴ്സണാലിറ്റി. തങ്ങളുടെ കമ്പനിയുടെ ഡൽഹി ബ്രാഞ്ചിന്റെ എക്സിക്യൂട്ടീവാണന്നുകൂടി അറിഞ്ഞപ്പോൾ ഇങ്ങനെ ഒരാളോടൊപ്പം താമസിക്കുന്നത് വ്യക്തിപരമായ് തനിക്കു ഗുണം ചെയ്യുമന്നവൻ മനസ്സിൽ കരുതി.

യാത്ര ചെയ്ത ക്ഷീണത്തിൽ അന്ന് എങ്ങോട്ടും പോയില്ല. രാത്രി നേരത്തെ അത്താഴം കഴിച്ച്, എ.സി ഒന്നുകൂടി കൂട്ടിവച്ച് ഉറങ്ങാൻ കിടന്നു. അവൻ ഉറങ്ങാൻ കിടക്കുമ്പോൾ അയാൾ മുറിയിലുണ്ടായിരുന്നില്ല. രാത്രി എപ്പോഴോ വൈകിയാണന്നു തോന്നു അയാൾ വന്നുകിടന്നത്. ഉറക്കത്തിൽ, ചുംബനത്തിന്റെ ചൂടിൽ, ഒരു തണുത്ത കൈ തന്റെ ശരീര മധ്യത്തിലേക്ക് പരതിയിറങ്ങുന്നത് അറിഞ്ഞുകൊണ്ടാണ് അവൻ ഞെട്ടിയുണർന്നത്. അവൻ ഉണർന്നതറിഞ്ഞിട്ടാകണം, അയാളുടെ കൈകളുടെ ചലനം നിന്നു. അയാൾ ഗാഡമായ ഉറക്കത്തിലാവും എന്നു കരുതി അവന്റെ മേൽ ഉയർത്തി വച്ചിരുന്ന കാൽ അവൻ മെല്ലെ എടുത്തിമാറ്റി. വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീഴവേ അയാളുടെ കൈകൾ അവനിലേക്ക് നീണ്ടുവന്നു, ഷർട്ടിനുള്ളിലൂടെ താഴേകൂർന്നു പോകുന്നു. കൈകൾ വീണ്ടും എറ്റുത്തുമാറ്റി പുതപ്പു വലിച്ചു  പുതച്ചുകൊണ്ട് തിരിഞ്ഞു കിടന്നു. പിന്നീട് അന്നു രാത്രി ഉറക്കം വന്നില്ല. കാര്യമായി പ്രതികരിക്കാഞ്ഞതുകൊണ്ടും പ്രതിഷേധിക്കാഞ്ഞതുകൊണ്ടുമാകാം ഇടക്കിടക്ക് അയാളുടെ കൈകൾ അവനെ തലോടുകയും ചുംബിക്കുകയും ഒക്കെ ചെയ്തുകൊണ്ടിരുന്നു. 

രാവിലെ കുളികഴിഞ്ഞു റസ്റ്റോറന്റിൽ പോയി പ്രഭാത ഭക്ഷണം കഴിച്ചു വന്നപ്പോൾ, മുട്ടോളമെത്താത്ത ഒരു ട്രൗസറിൽ, കൈയ്യിൽ ആവിപറക്കുന്ന ഒരു കപ്പു കാപ്പിയും നുണഞ്ഞ് അയാൾ ഇരിക്കുന്നു. തലേരാത്രി ഒന്നും സംഭവിച്ചിട്ടില്ലാത്തപോലെ സൗഹ്യദത്തോടെ ചിരിക്കുന്നു. മധുരമായി സംസാരിക്കുന്നു. ഒരു പത്തു മിനിട്ടു വൈയ്റ്റ് ചെയ്യൂ, ഒന്നിച്ചു ട്രയിനിംങിനു പോകാമന്നു അയാൾ പറഞ്ഞു. രാവിലെ ട്രയിനിംങ് സെന്ററിലേക്കും, തിരിച്ചു ഹോട്ടലിലേക്കുമുള്ള യാത്രയിൽ, പലകാര്യങ്ങളേയും പറ്റി വാചാലനായി അയാൾ സംസാരിച്ചു കൊണ്ടേയിരുന്നു. കേരളത്തെകുറിച്ചും കൊച്ചിയേകുറിച്ചും, കായൽ പരപ്പിന്റെ വശ്യതയിൽ ഒഴുകി നടക്കുന്ന ഹൗസ്ബോട്ടുകളെ കുറിച്ചുമൊക്കെ അയാൾ ഒരുപാട് സംസാരിച്ചു. അപ്പോൾ സ്വന്തം നാടിനെകുറിച്ച് അവനേക്കാൾ അയാൾക്കറിവുണ്ടന്ന് അവൻ മനസ്സിലാക്കി. തിരുവനന്തപുരം ബ്രാഞ്ചിൽ വരാൻ പോകുന്ന ഒഴിവുകളെ കുറിച്ചും, അയാൾ നേരിട്ട് ബാംഗ്ലൂർ ഉൾപ്പെടെയുള്ള പല ബ്രാഞ്ചുകളിലും പലർക്കും അപ്പോയ്മെന്റുകൾ നൽകിയ വിവരവും ഒക്കെ പറയുകയുണ്ടായി. കൂട്ടത്തിൽ തിരുവനന്തപുരം ബ്രാഞ്ചിൽ വരുന്ന എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് അവന് അപ്പോയിന്റ്മെന്റ് നൽകാമന്ന് വാഗ്ദാനം ചെയ്യാനും അയാൾ മറന്നില്ല. ജോലിയിൽ പ്രവേശിച്ച് രണ്ടുവർഷം മാത്രമായ അവന് ഒരു എക്സിക്യൂട്ടിവ് ലെവലിലേക്കെത്തുക എന്നതു ഒരു വലിയ സ്വപ്നമായിരുന്നു. അഞ്ചുവർഷത്തെ എക്സ്പീരിയൻസില്ലാതെ ഒരാൾക്കും ആ സ്ഥാനത്തേക്കെത്തുക അത്ര എളുപ്പമല്ലന്നവന് നന്നായ് അറിയാമയിരുന്നു. ട്രയിനിംങ് ഹാളിൽ വച്ച് അയാളുടെ പൊസിഷനേകുറിച്ചും, സ്വാധീനത്തെകുറിച്ചും മനസ്സിലാക്കിയ അവൻ, അയാൾ വാഗ്ദാനം ചെയ്ത എക്സിക്യൂട്ടീവ് പദവിയെകുറിച്ച് സ്വപ്നം കാണാൻ തുടങ്ങി.  

അന്നു രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അയാൾ മുറിയിൽ തന്നെയുണ്ടായിരുന്നു. ഗുഡ്നൈറ്റ് പറഞ്ഞ്, ധ്യതിയിൽ മൊബൈലിൽ എന്തക്കയോ മെസേജയിച്ചിട്ടയാളും കയറികിടന്നു. അവൻ ഉറങ്ങിയിട്ടില്ലന്ന് അയാൾക്കറിയാമായിരുന്നു. എന്നിട്ടും അയാളുടെ കൈകൾ, ഒരു നീരാളിയെപോലെ അവനിലേക്ക് നീണ്ടു. മെല്ലെ കെട്ടിപിടിച്ചു, ചുംബിച്ചു. തനിക്കു കിട്ടാൻ പോകുന്ന എക്സിക്യൂട്ടിവ് പദവിയെകുറിച്ച് ഓർത്തപ്പോൾ, റെഡ് വൈനിന്റെ മണമുണ്ടായിരുന്ന അയാളുടെ ചുണ്ടുകളെ തടയാനോ, തലേരാത്രിയിലെപോലെ അയാളുടെ കൈകൾ തട്ടിമാറ്റാനോ അവനു തോന്നിയില്ല. അതയാൾ മനസ്സിലാക്കിയിട്ടവണ്ണം ഒരു കടലിരമ്പൽ പോലെ അവനിലേക്ക് പടർന്നു കയറി. 

മൂന്നു ദിവസത്തെ ട്രയിനിംങ് കഴിഞ്ഞ്, ഹോട്ടൽ വെക്കേറ്റ് ചെയ്യുമ്പോൾ, വിളിക്കാൻ മറക്കണ്ട എന്നുപറഞ്ഞുകൊണ്ട് തന്റെ നേർക്കു നീട്ടിയ അയാളുടെ വിസിറ്റിംങ് കാർഡ്, ഒരു ഗൂഡമായ പുഞ്ചിരിയോടെ വാങ്ങി അവൻ ഭദ്രമായ് പേഴ്സിൽ സൂക്ഷിച്ചു വച്ചു. തിരിച്ച് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ, ദേഹത്ത് പറ്റിപിടിച്ച കടൽകാറ്റിന്റെ ഉപ്പുരസം അവനെ അലോസര പെടുത്തുന്നുണ്ടായിരുന്നങ്കിലും, വിദേശ നിർമ്മിത പെർഫ്യൂമുകളിൽ അവന്റെ ശരീരത്ത് തങ്ങിനിൽക്കുന്ന അയാളുടെ മണത്തെ അവൻ മുക്കികളഞ്ഞു. പിന്നീട് മാസങ്ങൾക്കു ശേഷം കൈവന്ന എക്സിക്യൂട്ടീവ് സ്ഥാനംകൊണ്ട് അവന്റെ ദേഹത്തു ശേഷിച്ച ആ ഉപ്പുരസത്തെയും അവൻ കഴുകി കളഞ്ഞു.

Popular posts  

1. ത­ല­മു­ടി തരുന്ന ചില സാമൂകിഹാനുഭവങ്ങളും ചിന്തകളും


3. ഗാന്ധി-ഫലിക്കാതെപോയ അഹിംസയുടെ മന്ത്രം

4. സന്തോഷ് പണ്ടിറ്റിനെ മലയാള സിനിമ ഭയക്കുന്നത് എന്തുകൊണ്ട്?

5.ഉറുമി കണ്ടവർ മൂന്നുനാലു മുങ്കൂർ ജാമ്യം ഏടുത്തു വച്ചേക്കുക ഇല്ലങ്കിൽ മമ്മിയും മോനും കൂടി പോലീസിൽ പിടിപ്പിക്കും

6. നോബൽ സമ്മാനത്തിലെ പ്രാദേശികതയും രാഷ്ട്രീയവും

7. ഇതിഹാസത്തില്‍ നിന്നൊരേട്


















2012-10-11

The Freedom  

I am not feeling alone here
In the midst of deep and dark night
Why should I?
You all are there to set me free
Your tears, praying and hopes
Making me to comes out from the ashes
But not dare to die

The iron rods are making cages
I am burning inside
Lots of thinking and planning
How I can share it
Why should I fear off
Free thinking and speech is my right
How can I insult the prophet?
He is my friend campaign and lover
O’ dear I love you
Come and behold my hands
Set me free from the dark of light
Take me out from this silence
Its killing me inside
I want walk alone
On the golden sands of deserts
O’ dear I love you
Come and behold my hands

2012-03-22

ശ്രീ ശ്രീ രവിശങ്കർ-ഞങ്ങളുടെ ഗുരുക്കന്മാരെ അവഹേളിക്കാൻ നീയാരാണ്?  

നക്സലിസത്തിന്റെ വളര്‍ത്തു കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ സ്കൂളുകളെന്ന് ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കർ. സര്‍ക്കാര്‍ സ്‌കൂളുകളിലെ മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയും ശ്രദ്ധയില്ലാത്ത മനോഭാവവും അധ്യാപകരുടെ ഉത്തരവാദിത്വമില്ലായ്മയുമാണ് കുട്ടികളെ വിമതന്‍മാരാക്കുന്നത്. അതുകൊണ്ട്, വിദ്യാഭ്യാസം സര്‍ക്കാര്‍ സ്വകാര്യവത്കരിക്കണം. സര്‍ക്കാര്‍ സ്കൂളുകള്‍ പൂട്ടണം-ശ്രീ ശ്രീ രവിശങ്കര്‍ അഭിപ്രായപ്പെട്ടു.
-----------------------------------------------------
-----------------------------------------------------
ജീവനകലയെ മുഴുവനായ് മൊത്തകച്ചവടം നടത്തുന്ന ശ്രീ ശ്രീ രവി ശങ്കർ, നാണമില്ലേ മനുഷ്യാ നിങ്ങൾക്ക് ഇങ്ങനെ അർത്ഥമില്ലാതെ കിടന്നു പുലമ്പാൻ?. പ്രതികരണ ശേഷിയില്ലാത്ത കുറേ ശിഷ്യന്മാരെ വളർത്തിയെടുക്കുന്ന നിങ്ങൾ എന്തിനെയാണ് ഭയപ്പെടുന്നത്?. മത്തിഷ്കമില്ലാതെ വളർന്ന നിങ്ങളുടെ കഴുതകൾ നിങ്ങൾ പറയുന്നതു കേൾക്കും, അനുസരിക്കും. പക്ഷേ അനീതിക്കും വിവേചനത്തിനുമെതിരേ ആഞ്ഞടിച്ച മഹാന്മാരുടെ വീരചരിതങ്ങൽ ഉരുവിട്ടു പഠിപ്പിച്ച സർക്കാർ സ്കൂളുകളിലെ ഞങ്ങളുടെ ഗുരുക്കന്മാർ തലമുറകളിലൂടെ കൊളുത്തി തന്ന പ്രതികരണ ശേഷി ഞങ്ങളിൽ ഉള്ളിടത്തോളം നിങ്ങളുടെ വാക്കു കേൾക്കാൻ നിങ്ങളുടെ പാദസേവ ചെയ്യാൻ ഞങ്ങൾക്ക് മനസ്സില്ല.

ഞങ്ങളുടെ മുൻ തലമുറക്കാർ;

വിലക്കപ്പെട്ട പാതകളിലൂടെ ഉശിരോടെനടക്കുകയും
മുന്നിൽ തഴുതിട്ടുപൂട്ടീയ ക്ഷേത്ര ഗോപുര നടകൾ ചവിട്ടിതുറക്കുകയും
ദുഷ്ടത നിറഞ്ഞ നിന്റെ ദൃഷ്ട്ടിയില്‍ പെട്ടെന്ന കുറ്റമാരോപിച്ച്
കണ്ണില്‍ ഉരുക്കിയ ഈയമൊഴിച്ച കൈകളെ ഊക്കോടെ തട്ടി മാറ്റുക്കുകയും,
കൊയ്ത്തരിവാളുകൊണ്ട് നിനക്ക് മുലയറുത്തു കരമായ് നല്കി
ഞങ്ങളൂടെ അമ്മമാരുടേയും സഹോദരിമാരുടേയും മാറുമറക്കുകയും
ഉരുട്ടിന്റെ മറപറ്റി അടിയപെണ്ണിന്റെ തുടച്ചൂട് തേടിവന്ന
നാട്ടുപ്രമാണിമാരുടെ അടിനാവിക്ക് ഊക്കോടെ തൊഴിക്കുകയും
എതിർവാ കൊണ്ട് തിരുവായ്കളെ നിശ്ബ്ദമാക്കുകയും
അധ്വാനത്തിന് അർഹതപ്പെട്ട കൂലി ചോദിച്ചു വാങ്ങിക്കുകയും
തമ്പ്രാക്കളെ മനുഷ്യരായി നടക്കാന്‍ താക്കീത് കൊടുക്കുകയും ചെയ്തവർ

അവര്‍ക്ക് ക്ഷോഭവും, വീര്യവും, ബോധവും, കരുണയും കൊടുത്ത പള്ളിക്കൂടങ്ങൾ, അതിലെ ജീവസ്സുറ്റ അക്ഷരങ്ങള്‍.....അതു തകർത്തുടക്കാൻ നിങ്ങൾക്കോ നിങ്ങൾ മത്തിഷ്കം പറിച്ചെടുത്ത് കഴുതകളായ് വളർത്തുന്ന ശിഷ്യ ഗണങ്ങൾക്കോ കഴിയില്ല. പാരതന്ത്യത്തിന്റെ വീർപ്പുമുട്ടലുകളില്ലാതെ, വാഴയിലയിൽ പുസ്തകകെട്ടിനൊപ്പം കൊണ്ടുവന്ന പൊതിച്ചോറ്, ജാതിമത ഭേദമില്ലാതെ പങ്കിട്ടെടുത്തും അസമത്വങ്ങളെ എതിര്‍ത്തും മനുഷ്യരാശിയോടും പ്രകൃതിയോടും കൂട്ട് കൂടിയും വളർന്ന ഞങ്ങളെ, ചോർന്നൊലിക്കുന്ന, ഭിത്തികൾ വീണ്ടുകീറീയ ഞങ്ങളുടെ പള്ളിക്കൂടങ്ങളെ, അതിന്റെ ഓലപ്പുരകളെ നിന്റെ ശ്രീ ശ്രീ ജഡ കൊണ്ട് തൊട്ട് അശുദ്ധമാക്കരുത്. ചുവന്ന പരവതാനി വിരിച്ച് ശീതീകരിച്ച മുറിക്കുള്ളിൽ നിന്നും ശീതീകരിച്ച ആഡംബര കാറുകളിലേക്ക് ശുഭ്ര വസ്ത്രത്തിനുള്ളിൽ പൊതിഞ്ഞു ജപവും ജീവനവും വിദ്യാഭ്യാസവും കൊണ്ടുനടന്ന് കച്ചവടം ചെയ്യുന്ന നിനക്ക്, ഞങ്ങൾക്ക് സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സഹനത്തിന്റെയും ഒരു വലിയ ലോകം തുറന്നിട്ടു തന്ന, ഹിന്ദുവിന്റെയും മുസൽമാന്റെയും ക്യസ്ത്യാനിയുടേയും നീല ഞരമ്പിലോടുന്നത് ചുവന്ന രക്തമാണന്ന് പഠിപ്പിച്ചുതന്ന ഞങ്ങളുടെ ഗുരുക്കന്മാർക്കുമേൽ ശാപവാക്കോതുവാൻ എന്തധികാരമാണുള്ളത്?. ദൈവ്വതുല്യരായ് ഞങ്ങൾ സ്നേഹിക്കുന്ന ഞങ്ങളുടെ ഗുരുക്കന്മാരെ അവഹേളിക്കാൻ നീയാരാണ്?.
.