Search this blog


Home About Me Contact
2012-03-22

ശ്രീ ശ്രീ രവിശങ്കർ-ഞങ്ങളുടെ ഗുരുക്കന്മാരെ അവഹേളിക്കാൻ നീയാരാണ്?  

നക്സലിസത്തിന്റെ വളര്‍ത്തു കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ സ്കൂളുകളെന്ന് ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കർ. സര്‍ക്കാര്‍ സ്‌കൂളുകളിലെ മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയും ശ്രദ്ധയില്ലാത്ത മനോഭാവവും അധ്യാപകരുടെ ഉത്തരവാദിത്വമില്ലായ്മയുമാണ് കുട്ടികളെ വിമതന്‍മാരാക്കുന്നത്. അതുകൊണ്ട്, വിദ്യാഭ്യാസം സര്‍ക്കാര്‍ സ്വകാര്യവത്കരിക്കണം. സര്‍ക്കാര്‍ സ്കൂളുകള്‍ പൂട്ടണം-ശ്രീ ശ്രീ രവിശങ്കര്‍ അഭിപ്രായപ്പെട്ടു.
-----------------------------------------------------
-----------------------------------------------------
ജീവനകലയെ മുഴുവനായ് മൊത്തകച്ചവടം നടത്തുന്ന ശ്രീ ശ്രീ രവി ശങ്കർ, നാണമില്ലേ മനുഷ്യാ നിങ്ങൾക്ക് ഇങ്ങനെ അർത്ഥമില്ലാതെ കിടന്നു പുലമ്പാൻ?. പ്രതികരണ ശേഷിയില്ലാത്ത കുറേ ശിഷ്യന്മാരെ വളർത്തിയെടുക്കുന്ന നിങ്ങൾ എന്തിനെയാണ് ഭയപ്പെടുന്നത്?. മത്തിഷ്കമില്ലാതെ വളർന്ന നിങ്ങളുടെ കഴുതകൾ നിങ്ങൾ പറയുന്നതു കേൾക്കും, അനുസരിക്കും. പക്ഷേ അനീതിക്കും വിവേചനത്തിനുമെതിരേ ആഞ്ഞടിച്ച മഹാന്മാരുടെ വീരചരിതങ്ങൽ ഉരുവിട്ടു പഠിപ്പിച്ച സർക്കാർ സ്കൂളുകളിലെ ഞങ്ങളുടെ ഗുരുക്കന്മാർ തലമുറകളിലൂടെ കൊളുത്തി തന്ന പ്രതികരണ ശേഷി ഞങ്ങളിൽ ഉള്ളിടത്തോളം നിങ്ങളുടെ വാക്കു കേൾക്കാൻ നിങ്ങളുടെ പാദസേവ ചെയ്യാൻ ഞങ്ങൾക്ക് മനസ്സില്ല.

ഞങ്ങളുടെ മുൻ തലമുറക്കാർ;

വിലക്കപ്പെട്ട പാതകളിലൂടെ ഉശിരോടെനടക്കുകയും
മുന്നിൽ തഴുതിട്ടുപൂട്ടീയ ക്ഷേത്ര ഗോപുര നടകൾ ചവിട്ടിതുറക്കുകയും
ദുഷ്ടത നിറഞ്ഞ നിന്റെ ദൃഷ്ട്ടിയില്‍ പെട്ടെന്ന കുറ്റമാരോപിച്ച്
കണ്ണില്‍ ഉരുക്കിയ ഈയമൊഴിച്ച കൈകളെ ഊക്കോടെ തട്ടി മാറ്റുക്കുകയും,
കൊയ്ത്തരിവാളുകൊണ്ട് നിനക്ക് മുലയറുത്തു കരമായ് നല്കി
ഞങ്ങളൂടെ അമ്മമാരുടേയും സഹോദരിമാരുടേയും മാറുമറക്കുകയും
ഉരുട്ടിന്റെ മറപറ്റി അടിയപെണ്ണിന്റെ തുടച്ചൂട് തേടിവന്ന
നാട്ടുപ്രമാണിമാരുടെ അടിനാവിക്ക് ഊക്കോടെ തൊഴിക്കുകയും
എതിർവാ കൊണ്ട് തിരുവായ്കളെ നിശ്ബ്ദമാക്കുകയും
അധ്വാനത്തിന് അർഹതപ്പെട്ട കൂലി ചോദിച്ചു വാങ്ങിക്കുകയും
തമ്പ്രാക്കളെ മനുഷ്യരായി നടക്കാന്‍ താക്കീത് കൊടുക്കുകയും ചെയ്തവർ

അവര്‍ക്ക് ക്ഷോഭവും, വീര്യവും, ബോധവും, കരുണയും കൊടുത്ത പള്ളിക്കൂടങ്ങൾ, അതിലെ ജീവസ്സുറ്റ അക്ഷരങ്ങള്‍.....അതു തകർത്തുടക്കാൻ നിങ്ങൾക്കോ നിങ്ങൾ മത്തിഷ്കം പറിച്ചെടുത്ത് കഴുതകളായ് വളർത്തുന്ന ശിഷ്യ ഗണങ്ങൾക്കോ കഴിയില്ല. പാരതന്ത്യത്തിന്റെ വീർപ്പുമുട്ടലുകളില്ലാതെ, വാഴയിലയിൽ പുസ്തകകെട്ടിനൊപ്പം കൊണ്ടുവന്ന പൊതിച്ചോറ്, ജാതിമത ഭേദമില്ലാതെ പങ്കിട്ടെടുത്തും അസമത്വങ്ങളെ എതിര്‍ത്തും മനുഷ്യരാശിയോടും പ്രകൃതിയോടും കൂട്ട് കൂടിയും വളർന്ന ഞങ്ങളെ, ചോർന്നൊലിക്കുന്ന, ഭിത്തികൾ വീണ്ടുകീറീയ ഞങ്ങളുടെ പള്ളിക്കൂടങ്ങളെ, അതിന്റെ ഓലപ്പുരകളെ നിന്റെ ശ്രീ ശ്രീ ജഡ കൊണ്ട് തൊട്ട് അശുദ്ധമാക്കരുത്. ചുവന്ന പരവതാനി വിരിച്ച് ശീതീകരിച്ച മുറിക്കുള്ളിൽ നിന്നും ശീതീകരിച്ച ആഡംബര കാറുകളിലേക്ക് ശുഭ്ര വസ്ത്രത്തിനുള്ളിൽ പൊതിഞ്ഞു ജപവും ജീവനവും വിദ്യാഭ്യാസവും കൊണ്ടുനടന്ന് കച്ചവടം ചെയ്യുന്ന നിനക്ക്, ഞങ്ങൾക്ക് സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സഹനത്തിന്റെയും ഒരു വലിയ ലോകം തുറന്നിട്ടു തന്ന, ഹിന്ദുവിന്റെയും മുസൽമാന്റെയും ക്യസ്ത്യാനിയുടേയും നീല ഞരമ്പിലോടുന്നത് ചുവന്ന രക്തമാണന്ന് പഠിപ്പിച്ചുതന്ന ഞങ്ങളുടെ ഗുരുക്കന്മാർക്കുമേൽ ശാപവാക്കോതുവാൻ എന്തധികാരമാണുള്ളത്?. ദൈവ്വതുല്യരായ് ഞങ്ങൾ സ്നേഹിക്കുന്ന ഞങ്ങളുടെ ഗുരുക്കന്മാരെ അവഹേളിക്കാൻ നീയാരാണ്?.
.

2010-06-21

ഫാദർ ഡേവിസ്-ഹ്യദയത്തിൽ ദൈവ്വത്തിന്റെ കൈയ്യൊപ്പുള്ള നല്ല ഇടയൻ  

എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു, ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; എന്റെ ഈ സഹോദരന്മാരിൽ ഒരുത്തനു നിങ്ങൾ ചെയ്തിടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. വിശക്കുന്നവന്‌ ആഹാരം കൊടുത്തപ്പോൾ എന്റെ വയറുനിറഞ്ഞു. ദാഹമുള്ളവന്‌ വെള്ളം കൊടുത്തപ്പോൾ എന്റെ ദാഹവും തീർന്നു. രോഗിയെ ശുശ്രൂഷിച്ചപ്പോൾ ഞാൻ ധന്യനായി. ദാനമാണ്‌ കർമ്മം എന്ന് ഞാൻ സത്യമായും നിങ്ങളോട് പറയുന്നു. (മത്തയി 40:25:35-45)

ഫാദർ ഡേവിസ് ചിറമ്മലിനെ എത്രപേർ അറിയും? മനുഷ്യനെ മതത്തിന്റെയും വർഗ്ഗത്തിന്റെയും വർണ്ണത്തിന്റെയും കണ്ണിലൂടെ കാണുന്ന മതമൗലിക വാദികൾ അറിഞ്ഞിരിക്കേണ്ട ഒരു നല്ല മനുഷ്യ സ്നേഹിയാണ്‌ ഫാദർ ഡേവിഡ്. ജാതീയതയുടെ മതിൽ കെട്ടുകൾ തീർത്ത് മനുഷ്യൻ മനുഷ്യനെ ചുട്ടുകൊല്ലുമ്പോൾ മതത്തിനതീതമായ ദാനകർമ്മത്തിലൂടെ യഥാർത്ഥ ദൈവ്വ ദാസനായ് മാറിയ നല്ല ഇടയനാണ്‌ ഫാദർ ഡേവിസ്. ദാനമില്ലാത്ത ലോകത്ത് സ്വന്തം ജീവൻ തന്നെ ദാനം ചെയ്യാൻ തയ്യാറായാണ്‌ ഫാദർ ഡേവിഡ് ദൈവ്വ വഴികളിൽ സഞ്ചരിക്കുന്നത്. സഹോദരനുവേണ്ടി സ്വന്തം ജീവൻ പരിത്യജിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലന്ന് ദൈവ്വ ദാസൻ തന്റെ പ്രവർത്തികളിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്നു.

ത്യശൂർ ജില്ലയിലെ വാടനപള്ളിയിൽ ഇലക്ട്രീഷ്യനായ ഗോപിനാഥൻ ഭാര്യയും രണ്ടു കുട്ടികളുമുള്ള ഒരു സാധാരണക്കാരനാണ്‌. സന്തോഷത്തോടെ കുടുംബ ജീവിതം നയിച്ചിരുന്ന ഗോപിനാഥന്‌ ഒരു പനിയെ തുടർന്ന് വ്യക്ക രണ്ടും തകരാറിലായി. ജീവിതം തനിക്കു മുന്നിൽ ഇല്ലാതാകുന്നത് അയാളറിഞ്ഞു. മരുന്നുകൾ കൊണ്ട് ഫലമില്ലാതെ വന്നപ്പോൾ പിന്നെ ഒരു മാർഗ്ഗമേ ഉണ്ടായിരുന്നുള്ളൂ. ആഴ്ചയിൽ രണ്ടും മൂന്നും ഡയാലിസിസ്. ചികിൽസക്കായ് കൈയ്യിൽ ഉണ്ടായ സമ്പാദ്യം മുഴുവൻ ചിലവിട്ട ഗോപിനാഥന്‌ താങ്ങാവുന്നതിനപ്പുറമായിരുന്നു ഡയാലിസിസിനുള്ള ചിലവുകൾ. വ്യക്ക മാറ്റിവയ്ക്കാത്തിടത്തോളം തനിക്കു മുന്നിൽ ഒരു ജീവിതമില്ലന്ന് തിരിച്ചറിഞ്ഞ ഗോപിനാഥൻ തന്റെ മക്കളുടെയും കുടുംബത്തിന്റെയും ഭാവിയോർത്ത് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചുറച്ചു. പക്ഷേ ഗോപിനാഥനെ ദൈവ്വം കൈവിട്ടില്ല. വിവരങ്ങളറിഞ്ഞ് നാട്ടുകാരും സുഹ്യത്തുക്കളും ഗോപിനാഥന്റെ സഹായത്തിനെത്തി. ഗോപിനാഥന്റെ ചികിൽസാ ഫണ്ടിലേക്ക് നാട്ടുകാർ ഉദാരമായ് പണം നിക്ഷേപിച്ചു. ദിവസങ്ങൾക്കുള്ളിൽ ഫാദർ ഡേവിസിന്റെ നേത്യത്വത്തിൽ പത്തുലക്ഷത്തോളം രൂപ പിരിച്ചെടുത്തു. ഗോപിനാഥന്റെ വ്യക്ക മാറ്റിവെയ്ക്കുക. ഗോപിനാഥന്റെ സുഹ്യത്തുക്കൾ ദാദാവിനെ കണ്ടെത്തി വ്യക്ക വാങ്ങാനുള്ള ശ്രമം ആരംഭിച്ചു. ഇതറിഞ്ഞ ഫാദർ ഡേവിസ് ഒരു നിർദ്ദേശം മുന്നോട്ട് വച്ചു. വിലകൊടുത്ത് വ്യക്ക വാങ്ങുന്നത് തന്റെ കാഴ്ചപാടുകൾക്ക് എതിരാണന്നു മാത്രമല്ല അത് വ്യക്ക മാഫിയാ സംഘങ്ങളെ സഹായിക്കൽകൂടിയാണ്‌. അതിനാൽ ഗോപിനാഥന്‌ തന്റെ വ്യക്ക കൊടുക്കാൻ താൻ തയ്യാറാണന്ന് ഫാദർ അറിയിച്ചു.

കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ വച്ചു. ചിലർ ഫാദറിന്‌ ഭ്രാന്താണന്ന് പറഞ്ഞു പരിഹസിച്ചു. ഇടവകയിലെ അടുത്ത സുഹ്യത്തുക്കളിൽ പലരും സ്നേഹത്തോടെ ചോദിച്ചു ഒരു ഹിന്ദുവിന്‌ വെറുതേ വ്യക്ക ദാനം ചെയ്യേണ്ടതുണ്ടോ? എന്നാൽ ഫാദർ ഡേവിസിന്റെ മനസ്സിൽ ഹിന്ദുവോ ക്യസ്ത്യനോ ഉണ്ടായിരുന്നില്ല. ഗോപിനാഥൻ എന്ന സഹോദരൻ മാത്രമായിരുന്നു. എങ്ങനെയും ഗോപിനാഥന്‌ ജീവിതം തിരികെ കൊടുക്കുക. അതുമാത്രമേ ഫാദർ ഡേവിസ് ചിന്തിച്ചിരുന്നുള്ളൂ. സെപ്റ്റംബർ മുപ്പതിന്‌ ലേക്‌ഷോർ ഹോസ്പിറ്റലിലെ ഓപ്പറേഷൻ ടേബിളിൽ കിടക്കുമ്പോൾ ഫാദർ ഡേവിസിന്റെ ആശങ്കയും പ്രാർത്ഥനയും അദ്ദേഹത്തിന്റെ ജീവനെകുറിച്ചോർത്തായിരുന്നില്ല മറിച്ച് ദാനം ചെയ്യുന്ന വ്യക്ക ഗോപിനാഥനിൽ മാറ്റിവക്കാൻ ഒരു തടസ്സവും ഉണ്ടാകരുതേ എന്നതായിരുന്നു. ഫാദർ ഡേവിന്റെ പ്രാർത്ഥനപോലെ ലേക്‌‍ഷോർ ഹോസ്പിറ്റലിലെ വിദഗ്ധരായ ഡോക്ടർമാർ ഫാദർ ഡേവിസിന്റെ വ്യക്ക ക്രയാറ്റിൻ ലെവൽ പതിനാറുവരെ എത്തി മരണത്തിന്റെ നിഴലിലായിരുന്ന ഗോപിനാഥനിൽ വിജയകരമായ് തുന്നിചേർത്തു. വിലപിടിപ്പുള്ളതായ് ഫാദർ ഡേവിസിനുണ്ടായിരുന്ന കാർകൂടി വിറ്റിട്ടാണ്‌ ശസ്ത്രക്രിയയുടെ ആവശ്യത്തിനുള്ള പണം കണ്ടെത്തിയതന്നറിയുമ്പോൾ മനസ്സിന്റെ വിശാലത ഊഹിക്കാൻ കഴിയും.

ഒരു ഹിന്ദുവിന്‌ തന്റെ വ്യക്ക ദാനം ചെയ്തതിലൂടെ ഫാദർ സഭയുടെ യശസ്സുയർത്തി എന്ന് പറയുന്ന സുഹ്യത്തുക്കളോടും ഇടയജനതയോടും ഒരു ചെറു പുഞ്ചിരിയോടെ ഫാദർ ഡേവിസ് പറയും അത് ഹിന്ദു സഹോദരനല്ല മനുഷ്യ സഹോദരനാണ്‌. അരമനകളിലേയും കന്യാസ്ത്രീ മഠങ്ങളിലേയും നിന്ദിതരേയും പീഡിതരേയും ശുശ്രൂഷിക്കുന്ന, ആർക്കും വേണ്ടാത്ത ജനസമൂഹങ്ങളുടെ ഉന്നമനത്തിനായ് പ്രവർത്തിക്കുന്ന ആയിരങ്ങളിൽ ഒരാൾ മാത്രമാണ്‌ ഫാദർ ഡേവിസങ്കിലും സ്വന്തം വ്യക്ക ദാനം നൽകി ഒരു മനുഷ്യജീവന്‌ പ്രത്യാശപകർന്ന ഫാദർ വേറിട്ട ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ്‌. ഹ്യദയത്തിൽ ദൈവ്വത്തിന്റെ സ്വന്തം കൈയ്യൊപ്പുള്ള ഒരു യഥാർത്ഥ ഇടയൻ.
.

2009-04-28

വിനായകാഷ്ടകം  

നമദ്ദേ വൃന്ദം ലസദ്വേദ കന്ദം
ശിരഃശ്രീ മദിന്ദും ശ്രിതശ്രീ മുകുന്ദം
ബൃഹച്ചാരു തുന്ദം സ്‌തുത ശ്രീസനന്ദം
ജടാഹീന്ദ്ര കുന്ദം ഭജേ ഭീഷ്ട സന്ദം.

കിലദ്ദേവ ഗോത്രം കനദ്ധേമ ഗാത്രം
സദാനന്ദ മാത്രം മഹാഭക്ത മിത്രം
ശരച്ചന്ദ്ര വക്ത്രം ത്രയീപൂത പാത്രം
സമസ്‌താര്‍ത്തി ദാത്രം ഭജേ ശക്തി പുത്രം.

ഗളദ്ദാന മാലം ചലദ്‌ ഭോഗി മാലം
ഗളാംഭോദ കാലം സദാ ദാന ശീലം
സുരാരാതി കാലം മഹേശാത്മ ബാലം
ലസത്പുണ്‌ഡ ഫാലം ഭജേ ലോക മൂലം.

ഉരസ്‌താര ഹാരം ശരച്ചന്ദ്ര ഹീരം
സുരശ്രീ വിചാരം ഹൃതാര്‍ത്താരി ഭാരം
കടേ ദാന പൂരം ജടാ ഭോഗി പൂരം
കലാബിന്ദു താരം ഭജേ ശൈവ വീരം.

കരാരൂഢ മോക്ഷം വിപദ്‌ഭംഗ ദക്ഷം
ചലത്സാര സാക്ഷം പരാശക്തി പക്ഷം
ശ്രിതാമര്‍ത്ത്യ വൃക്ഷം സുരാരിദ്രു തക്ഷം
പരാനന്ദ പക്ഷം ഭജേ ശ്രീ ശിവാക്ഷം.

സദാശം സുരേശം സദാ പാതുമീശം
നിദാനോദ്ഭവം ശാങ്കര പ്രേമ കോശം
ധൃതശ്രീ നിശേശം ലസദ്ദന്ത കോശം
ചലച്ചൂല പാശം ഭജേ കൃത്ത പാശം.

തതാനേക സന്തം സദാ ദാന വന്തം
ബുധശ്രീ കരന്തം ഗജാസ്യം വിഭാന്തം
കരാത്മീയ ദന്തം ത്രിലോകകൈക വൃന്തം
സുമന്ദം പരന്തം ഭജേ ഹം ഭവന്തം.

ശിവ പ്രേമ പിണ്‌ഡം പരം സ്വര്‍ണ്ണ വര്‍ണ്ണം
ലസദ്ദന്ത ഖണ്‌ഡം സദാനന്ദ പൂര്‍ണ്ണം
വിവര്‍ണ്ണ പ്രഭാസ്യം ധൃത സ്വര്‍ണ്ണ ഭാണ്‌ഡം
ചല ശാരു ശുണ്‌ഡം ഭജേ ദന്തി തുണ്ഡം.

2009-04-25

അരമനകളിലെ പുരോഹിത വ്യഭിചാരം-ഒരു വിശദീകരണം  

കത്തോലിക്ക സഭയിലെ അരമനകളിലെ വ്യഭിചാരം എന്നെ എന്റെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് അഥവാ പറയാന്‍ ശ്രമിച്ചിരിക്കുന്നത് എന്തായിരുന്നു എന്ന് എന്റെ പലവായനക്കാര്‍ക്കും മനസ്സിലായില്ല അല്ലങ്കില്‍ അനുവാചകന്‍ തെറ്റിധരിക്കപ്പെട്ടു എന്നുവേണം കരുതാന്‍. ഒരുപക്ഷേ എന്റെ ശൈലിയുടെ അല്ലങ്കില്‍ ഭഷയില്‍ വന്ന ഋജുത ഇല്ലായ്‌കയുടെ പ്രശ്‌നമോ ആകാം അതിന്റെ പ്രധാന കാരണം. യാതൊരു വിധ മത താല്പര്യത്തിന്റെ അടിസ്ഥാനത്തിലോ, കത്തോലിക്ക സഭയെയോ, സഭാ വിശ്വാസികളെയോ ആക്ഷേപിക്കണമന്ന ഗൂഡഉദ്ദേശമോ ഒന്നും പ്രസ്തുതപോസ്റ്റ് ലക്ഷ്യം വെയ്ക്കുന്നില്ല. ബ്ലോഗുവഴി ക്രിസ്‌തീയ സമൂഹത്തെ അക്രമിക്കാമന്നോ, അവര്‍ സനോണികളായോ, അനോണികളായോ വന്നു അസഭ്യവര്‍ഷം നടത്തില്ലന്ന ധൈര്യത്തിന്റെ പിന്‍ബലത്തോടയോ, ക്രിസ്‌ത്യാനികളെ കുത്തിയാല്‍ എല്ലാവര്‍ക്കും രസിക്കും അതുവഴി വിവാദം ഉണ്ടാക്കി ബ്ലോഗില്‍ ഹിറ്റ് റേറ്റ് കൂട്ടാമന്നോ ഉള്ള വിലകുറഞ്ഞ ലക്ഷ്യമോ എനിക്കില്ല എന്ന് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കയാണ്. ശ്രീ. വര്‍ഗ്ഗീസ് കുര്യന്‍ തന്റെ കമന്റിലൂടെ ആരോപിച്ചതുപോലെ "ഒരു ചെറിയ ശതമാനം ആളുകള്‍ ചെയ്യുന്നു എന്നു പറയുന്ന കാര്യങ്ങള്‍ ഒരു വലിയ സഭയുടെ മൊത്തം അരമനകളിലെയും കാര്യമായിട്ട്" ഇവിടെ ചിത്രീകരിയ്ക്കുവാന്‍ ശ്രമിച്ചിട്ടുമില്ല. അനോണി കമന്റ് ഓപ്‌ഷന്‍ അടച്ചതിനാല്‍ ഇവിടെ സനോണിയായ് ആരും അസഭ്യവര്‍ഷം നടത്താന്‍ വരില്ല എന്ന് പറഞ്ഞതിനോട് യോജിക്കാന്‍ കഴിയില്ല. അത്തരം കമന്റുകള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് കമന്റ് മോഡറേഷന്‍ ഇടേണ്ടിവന്നത്. പ്രസ്തുതപോസ്റ്റ് പിന്‍‌വലിണമന്നാവശ്യപ്പെട്ട് പലരുടേയും അഭ്യര്‍ത്ഥനകളും സമ്മര്‍ദ്ദങ്ങളും ഉണ്ടാവുകയും, പോസ്റ്റ് പിന്‍‌വലിക്കാന്‍ കൂട്ടാക്കാത്തതിന്റെ പേരില്‍ എ‍നിക്കെതിരേ അടിസ്ഥാന രഹിതമായ ആരോപണങ്ങളും തേജോവധങ്ങളും ബ്ലോഗുകളില്‍ പ്രത്യക്ഷപ്പെടുന്നതും, ക്രിസ്‌ത്യാനികള്‍ നിശബ്ദമായി ഇതു വായിച്ചു നീങ്ങുകയെ ചെയ്യുകയുള്ളു, അല്ലാതെ പാപികള്‍ക്ക് വേണ്ടി ക്രൂശിതനായ നിരപരാധിയായാ യേശുവിന്റെ അനുയായികള്‍ പടക്ക് വരില്ലാ എന്ന് പറയുന്നത് പൂര്‍ണ്ണമായും ശരിയല്ല എന്നതിന്റെ തെളിവാണ്.

1992 മാര്‍ച്ച്‌ 27 ന് ബി.സി.എം. കോളേജ്‌ വിദ്യാര്‍ഥിനിയായിരിക്കേ കോണ്‍‌വന്റ് ഹോസ്റ്റല്‍ വളപ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ അഭയയുടെ കേസ് ഡയറിയും, അന്വേഷണത്തിന്റെ നാള്‍ വഴികള്‍ ഇതുവരയും മനസ്സിലാക്കിയാല്‍, സഭക്ക് സിസ്റ്റര്‍ അഭയയുടെ കൊലപാതകികളെ പുറത്തുകൊണ്ടുവരുന്നതില്‍ യാതൊരുവിധ താല്പര്യവുമില്ല എന്ന് കാണാവുന്നതാണ്. സ്വന്തം കുടുംബവും ജീവിതവും ഉഴിഞ്ഞുവച്ച് ക്രിസ്തുവിന്റെ മണവാട്ടിയായി സഭാവസ്ത്രം സ്വീകരിച്ച സിസ്റ്റര്‍ അഭയ, കോണ്‍‌വന്റില്‍ കൊല്ലപ്പെട്ടതാണന്ന് സഭക്ക് വ്യക്തമായും അറുവുണ്ടായിട്ടും എന്തുകൊണ്ട് പാവപ്പെട്ട അവരുടെ മാതാപിതാക്കള്‍ക്ക് നീതികിട്ടണമന്ന് സഭ താല്പര്യം കാണിക്കാത്തത്?. അഭയയുടെ ശരീരം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം തെമ്മാടികുഴിയില്‍ അടക്കം ചെയ്യാതെ സെമിത്തേരിയില്‍ തന്നെ അതിനുള്ള ഇടം നല്‍കിയതില്‍ നിന്നും സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമാണന്ന് സഭക്ക് അറിവുണ്ടായിരുന്നുവന്ന് വ്യക്തം.

നിരന്തരമായ നിയമ യുദ്ധത്തിന്റെയും അന്വേഷണത്തിന്റെയും ഫലമായി നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ക്കു ശേഷം രണ്ട് പുരോഹിതന്മാരുള്‍പ്പെടെ സഭയിലെ മൂന്നു കുഞ്ഞാടുകളെ അറസ്റ്റുചെയ്തപ്പോള്‍ വാവിട്ടു നിലവിളിക്കുന്ന സഭയുടെ വികാരം എന്താണ്? ക്യതൃമ കന്യാചര്‍മ്മം വെച്ചുപിടിപ്പിച്ച് അതിബുദ്ധികാട്ടി നമ്മുടെ ജുഡീഷ്യറിയെപോലും കബളിപ്പിക്കാന്‍ ശ്രമിച്ച സിസ്റ്റര്‍. സെഫി, കന്യകയല്ലാതെ ക്രിസ്‌തുവിന്റെ മണവാട്ടിയായി സഭാവസ്ത്രം ധരിച്ച് വഞ്ചിച്ചിരിക്കുന്നത് സഭയെയാണ്. എന്നിട്ടും ഏതുചേതോവികാരത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ക്കുവേണ്ടി സമൂഹ പ്രാര്‍ത്ഥനയും ദിവ്യബലിയും നടത്തുന്നതും, ഇടയലേഖനങ്ങളിറക്കി സിസ്റ്റര്‍. സെഫിയെ വെള്ളപൂശാന്‍ ശ്രമിക്കുന്നതും? ശാസ്ത്രകജ്ഞനായ ഗലീലിയോ, ധീര വനിതയായ ജോയന്‍ ഓഫ് ആര്‍ക്ക് തുടങ്ങിയ എണ്ണമറ്റ നിരപരാധികളെ നിഷ്‌കരുണം ചുട്ടുകൊല്ലുകയും ശിക്ഷിക്കയും ചെയ്ത സഭ എന്തുകൊണ്ട് സിസ്റ്റര്‍ അഭയയുടെ കാര്യത്തില്‍ മൗനം പാലിക്കുന്നു?

ഒരു കാലഘട്ടത്തില്‍ വ്യഭിചാരം ചെയ്തു എന്ന കാരണത്താല്‍ ഫാ. ഗ്രാന്‍ഡിയറെ വിചാരണ ചെയ്ത് അതിക്രൂരമാം വിധത്തില്‍ ശിക്ഷിക്കാന്‍ തയ്യാറായ സഭ എന്തുകൊണ്ട് ഇന്ന് അതേ കുറ്റം ചെയ്ത കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നു? കാല്‍‌വരിയേറ്റുന്ന സമയം ക്രിസ്‌തു ഏല്‍ക്കേണ്ടിവന്നതിലും അതിക്രൂരമായ പീഡയാണ് ഫാ. ഗ്രാന്‍ഡിയറിന് സഭ കല്പിച്ച് നല്‍കിയത്. സഭയുടെ ഈ ഇരട്ടത്താപ്പ് നയം വളരെ വിരോധാഭാസമായ് തോന്നിയതിനാലും, പരിശുദ്ധയും നിരപരാധിയുമായ സിസ്റ്റര്‍ അഭയക്ക് നീതിനിഷേധിക്കുന്നതിന് കൂട്ടുനില്‍ക്കാന്‍ ശ്രമിക്കുന്ന സഭയോടുള്ള അമര്‍ഷവും കാരണം കത്തോലിക്ക സഭ കുറ്റവാളികളെ സം‌രക്ഷിക്കാന്‍ ശ്രമിച്ചിട്ടുള്ള ഒരു സമൂഹമല്ല മറിച്ച് മുഖം നോക്കാതെ അത് ഒരു പുരോഹിതനായാല്‍ പോലും കുറ്റവാളികളെ വിചാരണ ചെയ്യുകയും ശിക്ഷിക്കുന്നതില്‍ മാത്യകകാട്ടുകയും ചെയ്തിട്ടുള്ള സമൂഹമാണന്ന് പറയുകയും ചെയ്യാനാണ് പ്രസ്തുത പോസ്റ്റിലൂടെ ഞാന്‍ ശ്രമിച്ചത്.

ആയിരകണക്കിനു വരുന്ന ക്രിസ്ത്യന്‍ മിഷനറിമാരും കന്യാസ്ത്രീകളും പ്രതിഫലേഛ്ചയില്ലാതെ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ കണ്ടില്ലന്നു നടിച്ചുകൊണ്ടോ, പ്രീണിപ്പിച്ചും പ്രീതിപ്പെടുത്തിയും നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍ വിസ്മരിച്ചുകൊണ്ടോ അല്ല പ്രസ്തുത പോസ്റ്റ് പബ്ലിഷ് ചെയ്തത്. മാതാ അമ്യതാനന്ദമയിയുടെ ബിസിനസ്സ് ലോകത്തെ വിമര്‍ശിക്കുമ്പോള്‍, ലോകത്തിന്റെ ഇരുണ്ട കോണുകളില്‍ ആര്‍ക്കും വേണ്ടാത്ത പട്ടിണികോലങ്ങളായി അക്ഷരാഭ്യാസമില്ലാതെ മ്യഗതുല്യരായ് ജീവിച്ച വറും മനുഷ്യകോലങ്ങളെ മനുഷ്യരാക്കിമാറ്റിയ മിഷിനറിമാരുടേയും, പുരോഹിതന്മാരുടേയും കന്യാസ്ത്രീകളുടെയും പ്രവര്‍ത്തനങ്ങളെ മുക്തകണ്ഡം പ്രശംസിക്കുമ്പോള്‍ ഹിന്ദുത്വ വിരോധിയായ് എന്നെ മുദ്രകുത്തപ്പെടുമ്പോഴും നന്മയെ നന്മയന്നും , തിന്മയെ തിന്മയെന്നും വിളിച്ചുപറയാന്‍ തന്നയാണ് എനിക്കിഷ്ടം. കല്‍ക്കട്ടയിലെ വ്യത്തിഹീനമായ തെരുവുകളില്‍ ഇതിഹാസം രചിച്ച മദര്‍ തെരേസയിലും, കുഷ്‌ഠരോഗികള്‍ക്കുവേണ്ടി ജീവിച്ച് കുഷ്‌ഠ രോഗിയായ് മാറിയ ഫാ. ഡാമിയനിലും ദൈവ്വത്തെയാണ് ഞാന്‍ കാണുന്നത്.

ഹിന്ദുവായ് ജനിച്ചങ്കിലും അമ്പലത്തില്‍ പോകുന്നതോടൊപ്പം പള്ളിയിലും പോകുകയും, അവസരം കിട്ടിയാല്‍ (ഒരിക്കല്‍ മാത്രമേ സാധിച്ചിട്ടുള്ളൂ) ഇസ്ലാമിക മസ്‌ജിദുകളിലും, ഗുരുദ്വാരകളിലും പോകുകയും ചെയ്യുന്ന ഞാന്‍ ഒരു പ്രത്യേക മതത്തിന്റെയും വക്താവല്ല. ക്രിസ്‌തുവും ക്യഷ്‌ണനും പങ്കുവയ്ക്കുന്ന പീഠത്തില്‍ സന്ധ്യാദീപം കൊളുത്തി ഭഗവത് ഗീതയും ബൈബിളും വായിക്കുന്ന ഒരമ്മയുടെ മകനായ് ജനിച്ച എനിക്ക് ഓം എന്ന് പറയുന്നതോടൊപ്പം ആമേന്‍ എന്നും നാവില്‍ വഴങ്ങുന്നതിനാല്‍ എല്ലാമതങ്ങളേയും ഒരുപോലെ അംഗീകരിക്കാനും ഹിന്ദുവുനേയും മുസല്‍മാനേയും ക്രിസ്‌ത്യാ നിയേയും എല്ലാം മനുഷ്യരായ് മാത്രം കാണാനും സാധിക്കും.

ഇസ്ലാമിനുവേണ്ടി സംസാരിക്കുമ്പോള്‍, ഭീകര വാദത്തിന്റെ വക്താവായും, ഒറീസ്സയില്‍ ചുട്ടുകൊന്ന ഫാ. സ്റ്റെയിനിനും അദ്ദേഹത്തിന്റെ മക്കള്‍ക്കുവേണ്ടിയും, കപട ഹിന്ദുത്വത്തിന്റെ പേരില്‍ നിരപരാധികളായ കന്യാസ്‌ത്രീകളും പുരോഹിതന്മാരും വേട്ടയാടപ്പെട്ടപ്പോള്‍ അവര്‍ക്കുവേണ്ടിയും വാദിക്കുമ്പോള്‍, പള്ളികള്‍ തകര്‍ക്കപ്പെടുകയും മസ്‌ജിദുകള്‍ പൊളിച്ചുമാറ്റപ്പെടുമ്പോള്‍ പ്രതികരിക്കയും ചെയ്യുമ്പോള്‍ ഹിന്ദു വിരോധിയായ് ചിത്രീകരിക്കുമ്പോള്‍, പുരോഹിതന്മാരും കന്യാസ്ത്രീകളും ചെയ്യുന്ന വിക്രിയകള്‍ക്കെതിരേ പ്രതികരിക്കുമ്പോള്‍ ഹിന്ദുത്വവാദിയായ് മുദ്രകുത്തുമ്പോള്‍ കാല്‍‌വരിയില്‍ കിടന്ന് ക്രിസ്തു പറഞ്ഞ "പിതാവേ, ഇവര്‍ ചെയ്യുന്നത് എന്തന്ന് ഇവര്‍ അറിയുന്നില്ല, ഇവരോട് ക്ഷമിക്കേണമേ (ലൂക്ക. 23:34)" എന്ന വാക്കുകള്‍ എന്നെ ശക്തിപ്പെടുത്തുന്നു.

എന്റെ പോസ്റ്റിന്റെ ഉദ്ദേശ ശുദ്ധിമനസ്സിലാക്കിയ പലരില്‍ ഒരാള്‍ എന്ന നിലയില്‍ കുഞ്ഞികുട്ടന്‍ ഇട്ട ഒരു കമന്റ് ഇവിടെ പേസ്റ്റ് ചെയ്യുന്നു.

കുഞ്ഞിക്കുട്ടന്‍
Friday, April 24, 2009 1:30:00 AM

ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നത് കത്തോലിക്കരാണന്നു ഏതു അടിസ്ഥാനത്തില്‍ ആണ് പറഞ്ഞത് സുഹൃത്തേ?. ഒരുവന്‍ ചെയ്യുന്ന തെറ്റിനെ ചൂണ്ടിക്കാട്ടുന്നത് മാത്രമല്ല അവനെ സംരക്ഷിക്കാന്‍ , ഒരു സമൂഹത്തിന്റെ മൊത്തം വെളിച്ചമാവേണ്ടവര്‍ തുനിഞ്ഞിറങ്ങുമ്പോള്‍ അതൊക്കെ ചൂണ്ടിക്കട്ടുന്നതാണോ തെറ്റ്?. കത്തോലിക്കര്‍ എന്നത് കുറച്ചു പുരോഹിതര്‍ മാത്രമാണോ?. എത്രയോ ലക്ഷം ആളുകള്‍, വിവിധ തുറകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചവര്‍ പ്രശംസാ പാത്രമായവര്‍ , അവരെയൊന്നും ആരും അപമാനിക്കില്ല . നേരെ മറിച്ച്‌ തെറ്റുകള്‍ ചെയ്യുകയും, തെറ്റ് ചെയ്‌തവര്‍ക്ക് കൂട്ട് നില്‍ക്കുകയും, കുടപിടിക്കുകയും ചെയ്യുന്ന ഒരു പറ്റം ആളുകള്‍ക്കെതിരെ മാത്രമേ ഈ ശരങ്ങള്‍ ചെല്ലൂ . അതിനെയൊക്കെ മതവിശ്വാസത്തെയും കുഞ്ഞാടിന്‍ കൂട്ടങ്ങളേയും മറപിടിച്ചു എതിര്‍ക്കുന്നവരെ എന്ത് വിളിക്കണം?. നാണക്കെടുണ്ടാവുന്നുണ്ടങ്കില്‍‍ അതിനു കാരണക്കാരായവരെ വേണം ശിക്ഷിക്കാന്‍. അല്ലാതെ അത് ചൂണ്ടി കാട്ടുന്നവനെയല്ല. മദര്‍ തെരേസ്സ, കപ്പൂച്ചിന്‍ സന്യാസിമാര്‍, മറ്റു മിഷനറി മാര്‍ ചെയ്ത സേവനങ്ങളെയൊന്നും ഒരു കാലത്തും കേരള ജനത തമസ്കരിച്ചിട്ടില്ല. എന്നാല്‍ ആ നിഴലിന്റെ മറവില്‍ നിന്ന് എത്രകാലം കഴിച്ചുകൂട്ടാമെന്ന് ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.

2009-03-31

ദൈവ്വദശകം  

ജീവിച്ചിരുന്നപ്പോഴും മരിച്ചതിനുശേഷവും ശ്രീനാരായണഗുരുവിനെപ്പോലെ ഇത്രയധികം ആരാധനയ്‌ക്കും, പഠനത്തിനും പാത്രമായ മറ്റൊരു മഹത്‌വ്യക്തി ലോകത്തില്‍ എവിടെയെങ്കിലും ജീവിച്ചിരുന്നതായ് തോന്നുന്നില്ല. ലോകം കണ്ട സാമൂഹിക പരിഷ്‌കര്‍ത്താവ് എന്നതിനപ്പുറം വിലപിടിപ്പുള്ള ഒട്ടേറേ ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ സംഭാവനായായ് നമുക്ക് ലഭിച്ചിട്ടുണ്ട്. സ്വന്തം മതത്തിലൂടെമാത്രമേ മോക്ഷം ലഭിക്കൂ, ദൈവ്വസന്നിധിയില്‍ എത്തിചേരാന്‍ കഴിയൂ എന്നു ഉദ്‌ഘോഷിച്ച മതങ്ങളുടെയും മതാചര്യന്മാരുടേയും സങ്കുചിത ചിന്താഗതികള്‍ക്ക് പ്രഹരം ഏല്പിച്ചുകൊണ്ട് 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന മഹത്തായ ആശയം മാനവജനതക്കു നല്‍കിയ ഗുരുവിന്റെ കാഴ്‌ചപ്പാട് എത്രത്തോളം ബൃഹത്തായിരുന്നുവന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഗുരുവിനെപറ്റിയും ഗുരുവിന്റെ ക്യതികളെ പറ്റിയും ധാരളം പഠനങ്ങള്‍ ലോകത്തിന്റെ പലകോണുകളിലും നടന്നിട്ടുണ്ട്. ഗുരുവിനെപ്പറ്റി 1916 മുതല്‍ ഇന്നുവരെയുള്ള കാലയളവില്‍ മലയാളത്തിലും ഇംഗ്ലീഷിലും മറ്റു ഭാഷകളിലുമായി മൂന്നൂറിലധികം കൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ടാവും. ഇതിലും എത്രയോ മടങ്ങുകൂടുതലാണ് അദ്ദേഹത്തിന്റെ ക്യതികളെകുറിച്ചുള്ള പഠനങ്ങള്‍. എടുത്തുപറയത്തക്ക ശാസ്ത്രീയതയോ വസ്തുനിഷ്ഠതയോ പുലര്‍ത്തുന്നവ വളരെക്കുറച്ചേ അദ്ദേഹത്തിന്റെ ക്യതികളില്‍ ഉണ്ടായിട്ടുള്ളൂ എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ആരാധനാപ്രധാനമാണ് അദ്ദേഹത്തിന്റെ ക്യതികളില്‍ മിക്കതും - വിശേഷിച്ച് ആദ്യകാലകൃതികള്‍. എന്നാല്‍ ശാസ്‌ത്രത്തിന്റെയും ഭൗതിക വളര്‍ച്ചയുടെയുമായ ഈ കാലഘട്ടത്തില്‍ സ്വാതന്ത്ര്യത്തെപ്പറ്റി അധിക വിചാരം കൊളളുന്ന ആധുനിക മനുഷ്യന്റെ ഭാഷയില്‍ എഴുതപ്പെട്ട പ്രാര്‍ത്ഥനാഗീതങ്ങളാണ് ആധുനിക യുഗത്തിന്റെ പ്രവാചകനായ നാരായണ ഗുരുവിന്റെ അമൃതവാണികള്‍. ഉപനിഷത്‌കളുടെ സംക്ഷിപ്‌തമായ് അറിയപ്പെടുന്ന അദ്ദേഹത്തിന്റെ ദൈവ്വ ദശകം എന്ന പ്രാര്‍ത്ഥനാഗീതം ഒട്ടേറെ പഠനങ്ങള്‍ക്ക് വിധേയമായ ഒന്നാണ്. ഗുരുവിന്റെ സ്മരണാര്‍ത്ഥം ചെറുപ്പത്തില്‍തന്നെ മനപാഠമാക്കിയ ദൈവ്വദശകം എന്ന പ്രാര്‍ത്ഥനാഗീതം ഇവിടെ സമര്‍പ്പിക്കുന്നു.


ദൈവമേ! കാത്തുകൊള്‍കങ്ങു, കൈവിടാതിന്നു ഞങ്ങളെ
നാവികന്‍ നീ ഭവാബ്‌ധിക്കു, രാവിവന്‍തോണി നിന്‍പദം
ഒന്നൊന്നാ എണ്ണി എണ്ണി, തൊട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം, നിന്നിലസ്‌പന്ദമാകണം.

അന്നവസ്ത്രാദി മുട്ടാതെ, തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു, തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍
ആഴിയും തിരയും കാറ്റും, ആഴവും പോലെ ഞങ്ങളും
മായയും നിന്‍ മഹിമയും, നീയുമെന്നുള്ളിലാകണം.

നീയല്ലോ സൃഷ്ടിയും, സൃഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടിയ്ക്കുള്ള സാമഗ്രിയായതും
നീയല്ലോ മായയും മായാവിയും, മായാവിനോദനും
നീയല്ലോ മായയെനീക്കി, സായൂജ്യം നല്‍കുമാര്യനും.

നീ സത്യം ജ്ഞാനമാനന്ദം, നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറല്ലോതും, മൊഴിയുമോര്‍ക്കില്‍ നീ
അകവും പുറവും തിങ്ങും,മഹിമാവാര്‍ന്ന നിന്‍ പദം
പുകഴ്‌തുന്നൂ ഞങ്ങളങ്ങെ, ഭഗവാനേ, ജയിക്കുക.

ജയിയ്ക്കുക മഹാദേവ, ദീനവന പരായണാ
ജയിയ്ക്കുക ചിദാനന്ദ, ദയാസിന്ധോ ജയിയ്ക്കുക
ആഴമേറും നിന്‍ മഹസ്സാമാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം.

2007-06-25

കുരുക്ഷേത്ര യുദ്ധം വായിക്കാത്ത ഏട്  

കുരുക്ഷേത്ര യുദ്ധം അധര്‍മ്മത്തിനുമുകളിലുള്ള ധര്‍മ്മത്തിന്റെ വിജയമായിരുന്നുവന്ന് പറയുമ്പോള്‍ അത് എങ്ങനെ ധര്‍മ്മത്തിന്റെ ജയമാകുമന്ന് സ്വാഭാവികമായും നമ്മള്‍ ചോദിച്ചുപോകാറുണ്ട്. പാണ്ഡുവിന് പുത്രന്മാരില്ലാത്തിടത്തോളം അവര്‍ പാണ്ഡവര്‍ എന്ന പേരിനുപോലും അര്‍ഹരല്ലന്നും, കുരുക്ഷേത്രയുദ്ധത്തില്‍ എല്ലാധര്‍മ്മങ്ങളും നിഷ്:കരുണം തെറ്റിച്ചവരാണന്നും, ധര്‍മ്മപുത്രര്‍ പോലും സ്വന്തം ഗുരുവായ ദ്രോണാചാര്യരെ വധിക്കാന്‍ ധര്‍മ്മം വെടിഞ്ഞുവന്ന് അറിയുമ്പോള്‍ കുരുക്ഷേത്രയുദ്ധം ധര്‍മ്മയുദ്ധം തന്നയായിരുന്നുവോ എന്ന് ചിന്തിച്ചുപോകും

പാണ്ഡവരുടേയോ കൗരവരുടേയോ ഭാഗത്തുനിന്ന് ചിന്തിച്ച് ഇതിന് ഉത്തരം കണ്ടത്താന്‍ ശ്രമിച്ചാല്‍ കുരുക്ഷേത്രയുദ്ധം ധര്‍മ്മത്തിന്മേലുള്ള അധര്‍മ്മത്തിന്റെ വിജയമായിരുനുവന്ന നിഗമനത്തിലെത്തിചേരേണ്ടിവരും എന്നാല്‍ തന്ത്രപൂര്‍‌വ്വം യുദ്ധം ചമച്ച കൗശലക്കാരനായ ക്യഷ്ണന്റെ ഭാഗത്തുനിന്ന് തുടങ്ങി പിന്നോട്ട് സഞ്ചചരിച്ച് യയാതിമഹാരാജാവിലേക്കെത്തുമ്പോള്‍ മാത്രമേ ഭാരതയുദ്ധം അധര്‍മ്മത്തിന്മേലുള്ള ധര്‍മ്മത്തിന്റെ വിജയമായിരുന്നുവന്ന് മനസ്സിലാക്കാന്‍ കഴിയൂ.

ബ്രഹ്മാവില് തുടങ്ങി അത്രിമഹര്‍ഷിയിലൂടെ അഞ്ചു തലമുറകള്‍ പിന്നിട്ട് വംശാവലി യയാതി മഹാരാജാവിലെത്തും. മഹാഭാരത കഥ തുടങ്ങുന്നത് അവിടനിന്നാണ്. വാര്‍ദ്ധക്യത്തോടടുത്ത യയാതി മാഹാരാജന്‍, അശ്രുബിന്ദുമതി എന്നകന്യകയില്‍ അനുരുക്തനാകുകയും, വിവാഹം കഴിക്കാന്‍ ആഗ്രഹിക്കയും ചെയ്തു.

എന്നാല്‍ വ്യദ്ധനായ യയാതിമഹാരാജാവിനെ വരിക്കാന്‍ അശ്രുബിന്ദുമതി തയ്യാറല്ലായിരുന്നു. അതിനാല്‍ യൗവ്വനം നേടിവന്നാല്‍ യയാതിയെ വിവാഹം കഴിക്കാമന്ന് അശ്രുബിന്ദുമതി ശഠിച്ചു. കൊട്ടാരത്തില്‍ എത്തിയ യയാതി മഹാരാജന്‍ തന്റെ മക്കളില്‍ മൂത്തവനായ യദുവിനോട് യൗവ്വനം കടം ചോദിച്ചു. എന്നാല്‍ യദു തന്റെ യൗവ്വനം സംഭാവനചെയ്യാന്‍ തയ്യാറായില്ല. പക്ഷേ മകനായ പുരു സ്വമനസ്സാലെ തന്റെ യൗവ്വനം പിതാവിനു നല്കുകയും അങ്ങനെ രാജാവ് അശ്രുബിന്ദുമതിയെ വിവാഹം കഴിക്കുകയും ചെയ്തു. തനിക്ക് യൗവ്വനം നല്‌കുവാന്‍ യദു തയ്യാറാകാത്തതില്‍ കോപിഷ്ട്നായ രാജാവ് യദുവിനെ രാജ്യത്തുനിന്ന് പുറത്താക്കുകയും "നിന്റെ വംശത്തിലെ പുരുഷന്‍ മാതുല പുത്രിയെ വിവാഹം കഴിച്ച് മാതാവിന്റെ രാജ്യത്തിനുമാത്രം അധികാരിയായ് തീരട്ടെ" എന്ന് ശപിക്കയും ചെയ്തു. അങ്ങനെ യദുവിനെ നാടുകടത്തി സീമന്തപുത്രനായ യദുവിന് അവകാശപ്പെട്ട രാജ്യം പുരുവിന് ദാനം നല്‌കുകയും ചെയ്യുന്നു.

പുരുവിന്റെ നാലാം തലമുറയായ കുരുവിലെത്തുന്നതോടെ ശരിക്കുള്ള മഹാഭാരത കഥ തുടങ്ങുകയായി. കുരു വംശത്തിലെ പിന്തലമുറക്കാരനായ ഭരതനിലെത്തുമ്പോള്‍ രാജ്യം ഭാരതം എന്നറിയപ്പെടാന്‍ തുടങ്ങി. ഭരതനിലൂടെ തലമുറ പിന്നിട്ട് കുരുവംശം ശന്തനുവിലെത്തുന്നു. ശന്തനു മഹാരാജന് രണ്ടൂമക്കള്‍. ഭീഷ്മാചാര്യരും വിചിത്രവീര്യനും ശന്തനുവിനു നല്കിയ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ ഭീഷ്മര്‍ വിവാഹം കഴിക്കുന്നില്ല. വിചിത്ര വീര്യന് രണ്ടുഭാര്യമാര്‍. അംബിക അംബാലിക. എന്നാല്‍ മക്കളില്ലാതെ വിചിത്ര വീര്യന്‍ മരിക്കുന്നു. ഇതോടെ കുരുവംശം അവസാനിക്കുന്നു.

പിന്നീട് വിചിത്രവീര്യന്റെ ഭാര്യമാര്‍ക്ക് വ്യാസമഹാമുനിയില്‍ രണ്ടു പുത്രന്മാര്‍ ജനിക്കുന്നു. ധ്യതരാഷ്ടരും പാണ്ഡുവും. ധ്യതരാഷ്ട്രരില്‍ നിന്നു കൗരവരും പാണ്ഡുവിന്റെ ഭാര്യയായ കുന്തിയില്‍ നിന്നും പാണ്ഡവരും ഉണ്ടാകുന്നു. അങ്ങനെ യയാതിയുടെ സീമന്തപുത്രനായ യദുവിന് അവകാശപ്പെട്ട രാജ്യം കൗരവരുടെ കൈവശമെത്തുന്നു.

യയാതി മഹാരാജാവിനാല്‍ നാടുകടത്തപ്പെട്ട യദു സ്വന്തമായ് ഒരു നാട്ടുരാജ്യമുണ്ടാക്കി രാജാവാകുന്നു. അവിടനിന്നും യദുവംശം അഥവാ യാദവര്‍ ഉണ്ടാകുന്നു. യദുവില്‍ തുടങ്ങി പതിനേഴു തലമുറകള്‍ പിന്നിട്ട് യദുവംശം ചിത്രരഥന്റെ മക്കളായ വിഡൂരനിലും കുകൂരനിലുമെത്തുന്നു. കുകൂരനില്‍ നിന്നും വീണ്ടും ഒന്‍പത് തലമുറകള്‍ പിന്നിട്ട് യദുവംശം അഹൂകനില്‍ എത്തുന്നു.

അഹൂകന്റെ മക്കള്‍ ദേവയാനും ഉഗ്രസേനനും. ദേവയാന്റെ മകന്‍ ദേവാപാന്‍, ദേവേപാന്റെ മകള്‍ ദേവകി.

കുകൂരന്റെ സഹോദരന്‍ വിഡൂരന്റെ വംശം പതിനൊന്ന് തലമുറകള്‍ പിന്നിട്ട് ശൂരനിലെത്തുന്നു. ശൂരന്റെ മകന്‍ വാസുദേവന്‍. വാസുദേവന്‍ അമ്മാവന്റെ മകളായ ദേവകിയെ വിവാഹം കഴിക്കുന്നു.വാസുദേവന്‍ - ദേവകി ദമ്പതികളില്‍ ശ്രീക്യഷ്ണന്റെ ജനനം. ഇവിടെ യയാതി യദുവിനു നല്കിയ ശാപം ക്യഷ്ണനില്‍ വരെ എത്തിനില്ക്കുന്നു.

ഇവിടെ, മഥുരയിലെ രാജാവയ് വാഴുന്ന ക്യഷ്ണനില്‍ കൗരവരുടെ കൈവശമിരിക്കുന്ന ഹസ്തിനപുരത്തിന്റെ (യദുവിന് അവകാശപ്പെട്ട രാജ്യം അല്ലങ്കില്‍ ഭാരതം) അവകാശം എത്തിനില്ക്കുന്നു. തന്റെ പൂര്‍‌വ്വികന്മാരിലൂടെ യാദവകുലത്തിന് കൈവിട്ടുപോയ രാജ്യം തിരിച്ചുപിടിക്കുവാന്‍ കൗശലക്കാരനായ ക്യഷ്ണന്‍ തന്ത്രങ്ങള്‍ മെനയുന്നു. അതിന്റെ ആദ്യപടിയായി ക്യഷ്ണന്‍ തന്റെ സഹോദരി സുഭദ്രയെ അര്‍ജ്ജുനന് വിവാഹം കഴിച്ചുകൊടുത്തുകൊണ്ട് കുരുവംശവും യാദുവംശവും തമ്മില്‍ ബന്ധിപ്പിക്കുന്നു. അതിലുണ്ടായ പുത്രന്‍ അഭിമന്യുകുമാരനില്‍ എത്തുമ്പോള്‍ കുരുവംശം ഭാഗികമായ് യദുവംശമായ്‌തീരുന്നു. യദുവംശത്തിലെ ഉത്തരയെ അഭിമന്യുകുമാരനെകൊണ്ട് വിവാഹം കഴിപ്പിക്കുന്നു. അതിലുണ്ടാകുന്ന പുത്രന്‍ പരീക്ഷിത്ത് പൂര്‍ണ്ണമായും യാദവ വംശജനായ് തീരുന്നു.

മാതുലനായ കംസനെ വധിച്ച ക്യഷ്ണനെ അഭിമന്യുവിനാല്‍ വധിക്കപ്പെട്ടേക്കാം എന്ന ഒരു ഭയം വേട്ടയാടപ്പെട്ടിരുന്നു. അതിനാല് ഗര്‍ഭത്തിലിരുക്കുമ്പോള്‍തന്നെ അഭിമന്യുവിനെ ഇല്ലാതാക്കാനുള്ള തന്ത്രങ്ങളും ഭഗവാന്‍ ക്യഷ്ണന്‍ തയ്യാറാക്കി. കുരുക്ഷേത്ര യുദ്ധത്തില്‍ പദ്മവ്യൂഹം ചമക്കുമ്പോള്‍ അത് ഭേദിച്ച് ഉള്ളിള്‍ കടക്കാനുള്ള തന്ത്രങ്ങള്‍വരെ പറഞ്ഞു നിര്‍ത്തി, അഭിമന്യുകുമാരനെ പദ്മവ്യൂഹത്തിലകപ്പെടുത്തി, തന്ത്രത്തിള്‍ പിതാവായ അര്‍ജ്ജുനനെ മനപ്പൂര്‍വ്വം അവിടനിന്നും മാറ്റി അഭിമന്യുവിനെ പദ്മവ്യൂഹത്തില്‍ വച്ച് വധിക്കുന്നു. കുരുക്ഷേത്രയുദ്ധത്തില്‍ പാര്‍ത്ഥന്റെ സാരഥിയാകാന്‍ ക്യഷ്ണന്‍ തീരുമ്മനിച്ചതും ഇതുകൊണ്ടുതന്നെ. ഭീമപുത്രനായ ഘടോല്കചന്‍ മരിച്ചപ്പോള്‍ കണ്ണുകലങ്ങിയ ഭഗവാന്‍ മരുമകനായ അഭിമന്യുകുമരന്‍ പത്ന്മവ്യൂഹത്തില്‍ മരിച്ചപ്പോള്‍ ഗൂഡമായ് ചിരിച്ചതും ഇതുകൊണ്ടുതന്നെ.

യുദ്ധം കഴിഞ്ഞ് അശ്വദ്ഥാമാവ് പടകുടീരങ്ങളില്‍ കയറി എല്ലാവരെയും അരിഞ്ഞുവീഴ്തുമന്ന് അറിഞ്ഞിരുന്ന ക്യഷ്ണന്‍ പാഞ്ചാലിയുടെ ഒറ്റപുത്രന്മാരെപോലും രക്ഷിക്കാതെ പാണ്ഡവരേയും പാഞ്ചാലിയേയും മാത്രം തന്ത്രപൂര്‍‌വ്വം ശിബിരങ്ങളില്‍ നിന്നും പുറത്തു കടത്തി. യുദ്ധത്തില്‍ മക്കളെ ഓരോരുത്തരെയായി പാണ്ഡവര്‍ക്കു നഷ്ടപ്പെടുമ്പോള്‍ ഗൂഡമായ് ചിരിച്ച ക്യഷ്ണന്‍ പാഞ്ചാലിയുടെ ഒരു പുത്രനെപോലും ജീവിപ്പിച്ചില്ല? എന്തുകൊണ്ട്? അങ്ങനെ വന്നാല്‍ രാജ്യം യാദവര്‍ക്ക് തിരികെ ലഭിക്കില്ല. അതിനാല്‍ ഉത്തരയുടെ ഗര്‍ഭത്തില് വച്ച് അശ്വദ്ഥാമാവിന്റെ നാരായണാസ്ത്രമേറ്റ് മരിച്ച പരീക്ഷിത്തിനെ ജീവിപ്പിച്ച് കിരീട ധരണം നടത്തി. അങ്ങനെ യാദവര്‍ക്കവകാശപ്പെട്ട രാജ്യം കുരുവംശത്തില് നിന്നും ക്യഷ്ണന്‍ പിടിച്ചടക്കുന്നതിലൂടെ കുരുക്ഷേത്രയുദ്ധം അധര്‍മ്മത്തിന്മേലുള്ള ധര്‍മ്മത്തിന്റെ വിജയമായി.

യദാ യദാ ഹി ധര്‍മ്മസ്യ, ഗ്ലാനിര്‍ഭവതി ഭാരത!
അഭ്യുത്ഥാനമധര്‍മ്മസ്യ, തദാത്മാനം സൃജാമ്യഹം
പരിത്രാണായ സാധൂനാം, വിനാശായ ദുഷ്കൃതാം
ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ, സംഭവാമി യുഗേ യുഗേ

എന്ന് ഭഗവാന്‍ ഭഗവത് ഗീതയില്‍ പാടിയതിന്റെ അര്‍ത്ഥം ഇതുതന്നെ.