Search this blog


Home About Me Contact
2011-11-11

ത­ല­മു­ടി തരുന്ന ചില സാമൂകിഹാനുഭവങ്ങളും ചിന്തകളും  

പരിഷ്ക്യതമായ ഒരു സമൂഹം എന്നു സ്വയം നടിക്കുമ്പോഴും ഈ ഉത്തരാധുനിക കലഘട്ടത്തിലും നമ്മൾ ഭാരതീയർക്ക് നീണ്ടുവളർന്ന മുടി സ്ത്രീകളുടേയും സന്യാസിമാരുടേയും മാത്രം ചിഹ്നമാണ്. ശാസ്ത്രജ്ഞന്മാർക്കും ഗിറ്റാറിസ്റ്റുകൾക്കും ഒരു പരിധിവരെ നീണ്ട തലമുടി സമൂഹം അനുവദിച്ചിട്ടുണ്ടന്നതു വിസ്മരിക്കുന്നില്ല. പട്ടണങ്ങളിലെ പ്രഫഷണൽ കോളജുകളിൽ അപൂർവ്വം ചില വിദ്യാർത്ഥികൾ മുടി നീട്ടിവളർത്താറുണ്ടങ്കിലും അതിന് അത്ര ആയുസ്സുണ്ടാവില്ല. ഈ കോർപ്പറേറ്റ് യുഗത്തിൽ പോലും, മുടിനീട്ടി വളർത്തിയ ഒരു ചെറുപ്പക്കാരൻ ഒരു ഇന്റർവ്യൂവിന് വന്നാൽ, ഇന്റർവ്യൂ ബോർഡിനു മുൻപാകെ എക്സിക്യൂട്ടീവ സ്റ്റൈലിൽ മുടി വെട്ടി ഒതുക്കാം എന്ന ഒരു സമ്മതം, അല്ലങ്കിൽ വറുംകൈയ്യോടെ മടങ്ങേണ്ട അവസ്ഥ. ക്യഷ്ണനും, ക്യസ്തുവും, പൗരുഷത്തിന്റെ മൂർത്തീ ഭാവങ്ങളായ ഗ്രീക്ക് ദേവന്മാരുമെല്ലാം നീണ്ട മനോഹരമായ മുടിയുള്ളവരായിരുന്നു. അന്ന് അതൊക്കെ പൗരുഷത്തിന്റെ ലക്ഷണമായിരുന്നു. ഭാരതത്തിൽ ഒരുകാലത്ത് നീട്ടിവളർത്തിയ മുടി ആഡ്യത്വത്തിന്റെ അടയാളമായിരുന്നു. അഴിച്ചിട്ടാൽ നിതംബം മറയുന്ന മുടി കുടുമയാക്കി കെട്ടി വച്ചിരുന്ന നമ്മുടെ സമൂഹം, നവോത്ഥാനത്തിന്റെ ചുവടുപിടിച്ച് കുടുമ അറുത്തുമാറ്റി. കമ്യൂണിസവും വിപ്ലവങ്ങളും കുടുമ മുറിക്കാൻ പ്രേരിപ്പിച്ചു. പിന്നീട് തലമുറ ഒന്നു പിന്നിട്ടപ്പോഴേക്കും നീണ്ടിവളർത്തിയ മുടി സ്വവർഗ്ഗഭോഗികളായ പുരുഷന്മാരുടെ ചിഹ്നമായി പരിണമിച്ചു. അങ്ങനെ നീട്ടിവളർത്തിയ മുടി സ്ത്രീകളുടേയും പറ്റെവെട്ടിയൊതുക്കിയ മുടി പുരുഷത്വത്തിന്റെയും ചിഹ്നമായി. പിന്നീട് പുരുഷന്റെ നീണ്ട മുടി നക്സലിസത്തിന്റെയും തീവ്രവാദത്തിന്റെയും മയക്കുമരുന്നും ലഹരിയുമുപയോഗിക്കുന്ന എക്സട്രിക്കുകളുടേതും മാത്രമായി ചുരുങ്ങി. ഒരുപക്ഷേ അതുകൊണ്ടായിരിക്കണം സ്വാ­ഭാ­വി­ക­മാ­യി­ത്ത­ന്നെ തഴ­ച്ചു വള­രു­ന്ന തല­മു­ടി­യു­ള്ള ആണ്‍­കു­ട്ടി­ക­ളെ നീ­ട്ടി­വ­ളര്‍­ത്തു­ന്ന­തില്‍ നിന്നും വിലക്കാനും പെൺമക്കളെ നീണ്ട മുടിയുള്ള ചെറുപ്പക്കാർക്ക് വിവാഹം ചെയ്തു കൊടുക്കുന്നതിൽ നിന്നും പിന്തിരിയാൻ മാതാപിതാക്കളെ നിർബന്ധിതരാക്കുന്നതും.

എന്നും സമൂഹത്തോടും എന്നോട് തന്നെയും വളരെ വ്യക്തമായ ഒരു കാഴ്ചപാട് എനിക്ക് ഉള്ളതിനാലും, ചെറുപ്പം മുതൽ തന്നെ സ്വകാര്യജിവിതത്തിൽ സമൂഹത്തിന്റെ അനാവശ്യ ഇടപെടലുകളെ അനുവദിക്കാൻ ഇഷ്ടപ്പെടാത്ത ഒരു വ്യക്തി എന്ന നിലയിലും, കഴിഞ്ഞ അഞ്ചുവർഷക്കാലമായി മുടി നീട്ടി വളർത്തി നടക്കുന്ന ഒരാളാണു ഞാൻ. ജീവിതത്തിൽ എന്നെ ഏറ്റവും അധികം സ്വാധീനിച്ച രണ്ട് മഹത് വ്യക്തിത്വങ്ങൾ മുഖ്യധാരാ സമൂഹത്തിന്റെ ചൈയ്തികളിൽ നിന്നും അല്പം വ്യതിചലിച്ച ഒരു ജീവിത ശൈലി പിന്തുടർന്നവരും, മുടി നീട്ടി വളർത്തിയവരുമായിരുന്നു എന്നതും, ഒരു പക്ഷേ എന്റെ നീണ്ടമുടിയുമായ് ബന്ധപ്പെട്ടു കിടക്കുന്നുണ്ടായിരിക്കണം. ഒരാളെയും അന്ധമായ് ആരാധിക്കാനും അനുകരിക്കാനും ഇഷ്ടപ്പെടാത്ത ഒരു വ്യക്തി എന്ന നിലയിൽ, ഈ പറഞ്ഞത് എന്നും എനിക്ക് ഒരു വലിയ ചോദ്യ ചിഹ്നം തന്നെയാണ്. അത് എ­ന്തൊ­ക്കെ­യാ­യാ­ലും നീ­ട്ടി­വ­ളര്‍­ത്തിയ മു­ടി വളരെ വ്യത്യസ്ഥമായ ഒരു സാ­മൂ­ഹ്യാ­നു­ഭ­വ­മാ­ണെ­നി­ക്കു സമ്മാ­നി­ച്ച­തു­്. അരകിറുക്കൻ എന്ന് സമൂഹം പലപ്പോഴും വിശേഷിപ്പിക്കുന്ന അതികായന്മാരായ എക്സെന്‍­ട്രി­ക്കു­കള്‍ അപൂർവ്വമല്ലാത്ത ശാ­സ്ത്ര­ത്തി­ന്റെ ലോ­ക­ത്താ­യ­തു­കൊ­ണ്ട്, ഒരാളുടെ വേഷവിധാനങ്ങളെ മുൻവിധിയോടെ കാണരുതന്ന് ലോകത്തിനെ പഠിപ്പിച്ചുകൊടുത്ത ഐൻസ്റ്റീനും മെൻഡലീവും അനുവദിച്ചു തന്ന സ്വാതന്ത്യം ഞാനും ശരി­ക്ക് ഉപ­യോ­ഗി­ച്ചെ­ന്നു പറ­യാം.

ഇന്റർ നാഷണൽ സയൻസ് കോൺഗ്രസുകളിലും കോൺഫറൻസുകളിലും, ഞാനുൾപ്പെടുന്ന സയന്റിഫിക് കമ്യൂണിറ്റികളൂടെ ഇടയിലും, എന്റെ ഉയരവും നീട്ടിവളർത്തിയ ബ്രൗൺ നിറമുള്ള കോലൻ തലമുടിയും എനിക്ക് ചെ­റു­ത­ല്ല­താ­ത്ത ഒരു വി­സി­ബി­ലി­റ്റി തന്നി­ട്ടുണ്ട്. പലപ്പോഴും അത് എനിക്ക് ഒരു യുണീക് ഐഡന്റിറ്റി മാത്രമല്ല, എന്റെ കരിയറിലും ചെറുതല്ലാത്ത നേട്ടങ്ങൾക്ക് കാരണമായിട്ടുണ്ട്. ഒരിക്കൽ പോലും ഞാൻ പരിചയപ്പെടുകയോ സംസാരിക്കയോ ചെയ്തിട്ടില്ലാത്ത ഒരു സയിന്റിസ്റ്റ്, പിന്നീട് എപ്പോഴങ്കിലും ഏതങ്കിലും സാഹചര്യത്തിൽ I remember, I met you last year in Energy Materials Conference എന്നു പറയുന്നുവങ്കിൽ, കഴിഞ്ഞ ദിവസം (14 ഒക്ടോബർ 2011) ഇന്റർ കോണ്ടിനന്റൽ ഹോട്ടലിലെ ഗ്രാൻഡ് ബാൾറൂമിൽ വച്ച് സ്കൂൾ ആഫ് മെറ്റീരിയൽ സയൻസ് ആന്റ് എഞ്ചിനീയറിംങിന്റെ ചെയർ Prof. Ma Jan, ഞങ്ങൾ സ്റ്റാഫിനെ പരിചയപ്പെടുമ്പോൾ മറ്റുള്ളവരോടായ് I noticed this dynamic young guy, an energetic man with long hair എന്ന് പറഞ്ഞുവങ്കിൽ, അത് എന്റെ നീണ്ടമുടി എനിക്ക് തരുന്ന വിസിബിലിറ്റി ഒന്നുകൊണ്ട് മാത്രമാണ്.

ചെറുപ്പം മുതൽ ക്രമരാഹിത്യത്തിന്റെ ഒരു കോസ്മിക് പരീക്ഷണത്തിലായിരുന്നു ഞാൻ. ബഹു­സ്വ­ര­ത­യു­ടെ ഒരു സമൂ­ഹ­ത്തില്‍, ഒന്നി­ന്റേ­യും പ്ര­തി­നി­ധി­യാ­വാ­തെ എന്റെ ശബ്ദം വേറിട്ടു നിൽക്കാൻ അതെന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. നഗരജീവിതത്തിന്റെ കാപട്യങ്ങളെയും സമൂഹത്തിന്റെ സൃഷ്ടിയായ അലിഖിത നിയമങ്ങളേയും എന്നിലൂടെ സാധ്യമാകുന്ന ആത്മീയതയിലൂടെ നിരാകരിക്കുകയും സ്വയം നിരന്തരം നവീകരിക്കുകയും ചെയ്തുകൊണ്ടിരുന്നു ഞാൻ. പക്ഷേ ഒരു അരാജകവാദിയോ ആന്റിസോഷ്യലൊ ആകാൻ ഞാൻ ശ്രമിച്ചിട്ടില്ല. മുടി വളർത്താൻ ആഗ്രഹിക്കുന്ന ഒരുപാട് ചെറുപ്പക്കാരെ എനിക്കറിയാം. പക്ഷേ അടക്കി അനുശീലിച്ചു വരുന്ന സാമൂഹിക ചുറ്റുപാടിൽ അവൻ ഒറ്റപ്പെടുമോ എന്ന വ്യാധിയിൽ നിന്നുടലെടുക്കുന്ന ധൈര്യമില്ലയ്മയിൽ, അവരൊക്കെ തങ്ങളുടെ ആഗ്രഹത്തെ ഉള്ളിലൊതുക്കുകയാണ്.

ബ്രയിൻ കൊറിയ ഫെലോഷിപ്പിൽ ഡോക്ട്രേറ്റ് എടുക്കാൻ കൊറിയയിലേക്ക് പോകുന്നതിനും മുൻപേ ഞാൻ മുടി മുറിക്കൽ നിർത്തിയങ്കിലും അത്ര അധികം നീണ്ടിരുന്നില്ല. ഒരു വർഷം കഴിഞ്ഞ് അവധിക്ക് ആദ്യമായ് വീട്ടിലേക്കെത്തിയപ്പോൾ എല്ലാവരുടേയും മുഖത്ത് അൽഭുതമായിരുന്നു. ഇത്ര ചുരുങ്ങിയ കാലം കൊണ്ട് ഒരാളുടെ മുടി ഇത്ര നീണ്ടുവളരുമോ? പുറം മുഴുവനായ് മറയുന്നതരത്തിൽ ഇടുപ്പ് വരെ വളർന്നിറങ്ങിയ ഇടതൂർന്ന കറുത്ത മുടി കണ്ട് അസൂയപ്പെട്ട പെൺകുട്ടികൾ ഒരുപാടുണ്ട്. നാട്ടിൽ എവിടേങ്കെങ്കിലും പോയാൽ ആളുകൾ തുറിച്ചുനോക്കും. അതിൽ രണ്ടുപക്ഷക്കാരുണ്ടായിരുന്നു. അതിൽ ചില സംശയാലുക്കളുടെ കൊമ്പുവച്ച ചോദ്യങ്ങൾക്കു അർഹമായ മറുപടി കൊടുത്തും ഉപദേശിച്ച് നേരേയാക്കാൻ ശ്രമിച്ചവരോട് കാർക്കശ്യം നിറഞ്ഞ സ്വരത്തിൽ എനിക്ക്‌ ഉപദേശം കേള്‍ക്കാനിഷ്ടമില്ലെന്ന് പറഞ്ഞും നിശബ്ദരാക്കി. ബൈക്കിന്റെ പിൻസീറ്റ് യാത്രക്കാരായ പല ചെറുപ്പക്കാരും തന്റെ സഹയാത്രികനെ ദേ നോക്കടാ എന്നു പറഞ്ഞ് വിളിച്ച് കാണിക്കുന്നതിൽ തുടങ്ങി, പട്ടണങ്ങളിലൂടെയുള്ള യാത്രകളും ഷോപ്പിങ്ങുകളും മറക്കാനാവാത്ത ഒരു പാട് അനുഭവങ്ങൾ, നെറ്റി മറച്ച്‌, കണ്‍തടം വരെ നീണ്ടുകിടക്കുന്ന, കൊലുന്നനെയുള്ള എന്റെ തലമുടി എനിക്ക് സമ്മാനിച്ചിട്ടുണ്ട്. മുടി വളർത്തി, പുരോഗമന വാദികളായ മലയാളികളുടെ അലിഖിത നിയമത്തെ ഖണ്ഡിക്കുന്ന ആദ്യദിനങ്ങളിൽ, ഒരു സുഹ്യത്തിന്റെ കമന്റ് ഇങ്ങനെയായിരുന്നു, 'ഒറ്റകാതിൽ കടുക്കനൂടെ ആയാൽ ഒരു ഡ്രഗ് അഡിക്റ്റിന്റെ ചിത്രം പൂർണ്ണമാകും'. ‌ ആദ്യമായ് നീണ്ടമുടിയുമായ് എന്നെ കണ്ടദിവസം നിന്റെ തലമുടി വെട്ടിക്കണില്ലേ എന്ന് അമ്മയുടെ ചോദ്യം കേട്ടതായ് ഭാവിക്കാതെ, ഇവിടെ എന്തൊരു ചൂടാണിപ്പോൾ എന്ന് പറഞ്ഞുകൊണ്ട് വിഷയം മാറ്റി. ചെറുപ്രായത്തില്‍ത്തന്നെ, പൊതുധാരാജീവിതവുമായി ഞാൻ കലഹത്തിലാണന്നും ഉപദേശിച്ച് തീരുമാനങ്ങളുടെ ഗതി മാറ്റാൻ കഴിയില്ലന്നും നന്നായി മനസ്സിലാക്കിയിട്ടുള്ളതിനാൽ അമ്മ അവന്റെ ഇഷ്ടം പോലെ ആകട്ടെ എന്ന് ചിന്താഗതിയിലേക്കെത്തി. അന്ന് എന്റെ തലമുടി നാട്ടിൽ ഒരു സംസാര വിഷയമായിരുന്നു. നീണ്ടമുടിയെ പറ്റി ഒരുപാട് കാര്യങ്ങൾ പ്രായഭേദമെന്യേ വൈകുന്നേരങ്ങളിലെ ഒത്തുകൂടലിൽ നാട്ടുകാർക്ക് ചർച്ചാവിഷയമായിരുന്നു. കാലങ്ങൾകൊണ്ട് നാടും രാജ്യവും വിട്ട് പഠിക്കാൻ പോയതിനാലും സ്കൂൾ പഠനകാലത്തുതന്നെ പഠിപ്പിസ്റ്റ് എന്ന ഒരു ലേബൽ നാട്ടുകാർ ചാർത്തി തന്നിട്ടുള്ളതിനാലും ചർച്ച ചെയ്ത് ചർച്ച ചെയ്ത്, ഒരു ജീനിയസിന്റെ പരിവേഷം അവർ എനിക്ക് ചാർത്തിതന്നു. സംസാരിക്കുന്നതിനിടയിൽ, മങ്ങിയ പച്ചനിറം പ്രതിഫലിപ്പിക്കുന്ന എന്റെ അന്റിഗ്ലയർ കണ്ണടക്കുമുകളിലേക്ക് ഊർന്നു വീഴുന്ന മുടിയിഴകളെ, വലതു കൈകൊണ്ട്‌ കണ്ണുകള്‍ വെളിയില്‍ കാണത്തക്കവിധം വകഞ്ഞുമാറ്റുമ്പോൾ കിട്ടുന്ന വിസിബിലിറ്റികൊണ്ടുകൂടിയായിരിക്കണം അങ്ങനെ ഒരു നിഗമനത്തിലേക്ക് അവരെ കൊണ്ടെത്തിച്ചത്.

ചെറുപ്പം മുതൽതന്നെ പാരമ്പര്യത്തോടുള്ള ധാര്‍ഷ്ട്യം നിറഞ്ഞ ഒരു കലാപത്തിലായിരുന്നു ഞാന്‍. നന്നേ ചെറുപ്പത്തിൽ തന്നെ ഞാന്‍ അത് തിരിച്ചറിഞ്ഞുകഴിഞ്ഞു. അതെന്റെ കുറ്റമേയല്ല. അച്ചടിച്ച പുസ്തകങ്ങളിലെ കത്തുന്ന അക്ഷരങ്ങൾക്കും, ക്ലാസ്മുറികളിലെ ജ്യോമട്രിക് രൂപങ്ങളുടെ ആവർത്തന വിരസതകൾക്കും പിടികൊടുക്കാതെ നിരൂപകരുടെ ബുദ്ധിഗൗരവങ്ങളിലൂടെ ഗതികിട്ടാതെ അലയാനായിരുന്നു എനിക്ക് എന്നും താല്പര്യം. അതുകൊണ്ട് തന്നെ എനിക്ക് ശരിയന്നു തോന്നിയതൊക്കെ ഞാൻ ചെയ്തു. തെറ്റിനും ശരിക്കും അതിർവരമ്പുകൾ കല്പിച്ചിട്ടില്ലത്തതിനാൽ ഞാൻ ചെയ്തതൊക്കെ എനിക്ക് ശരിതന്നെയായിരുന്നു. എന്തു ചെയ്യുമ്പോഴും മൂന്നുതവണ ആലോചിച്ച് ഉറപ്പിച്ച് മാത്രം ചെയ്യാൻ അമ്മ പരിശീലിപ്പിച്ചിരുന്നതിനാൽ, ഒരിക്കൽ പോലും ചെയ്തതൊന്നും തെറ്റായിരുന്നു എന്ന് ആലോച്ചിക്കേണ്ടി വന്നിട്ടില്ല. അതുകൊണ്ടുതന്നെ സന്മാര്‍ഗം ബുദ്ധിയുടെ ബലഹീനതയാണ് എന്ന് വിശ്വസിച്ച റിംബോയുടെ കവിതകൾ നന്നേ ചെറുപ്പത്തിൽ തന്നെ എന്നെ ഒരുപാട് ഹരംകൊള്ളിച്ചിട്ടുണ്ട്. അതുകൊണ്ടുമാത്രമാണ് പ്രൈമറി സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്തുതന്നെ, സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിലെ ചൂതാട്ടകേന്ദ്രങ്ങളിൽ രാപകൽ തള്ളിനീക്കി, ജീവിതത്തെ മൊത്തമായി ചൂതാട്ടകളരിയിലേക്ക് കശക്കിയെറിഞ്ഞ ഫിയോദർ മിഖയലോവിച്ച് ദസ്തയേവ‌സ്കിയുടെ കുറ്റവും ശിക്ഷയും, ചൂതാട്ടകാരൻ മുതലായ വിശ്വസാഹിത്യങ്ങളിൽ തുടങ്ങി ലൈംഗികതയുടെ അതിപ്രസരമുള്ള മാധവികുട്ടിയുടെ എന്റെ കഥയും ചന്ദനമരങ്ങളും വരെ എന്റെ സ്വകാര്യ ലൈബ്രറിയിലെ ചില്ലിട്ട അലമാരകളിൽ പ്രദർശനോൽമുഖമാകും വിധം സ്ഥാനം പിടിച്ചത്. കുമ്പസാരിക്കുന്ന പാപിയാകാതെ, ഭ്രാന്തു പിടിച്ച നന്മകളുടെ മഴനനഞ്ഞു നടക്കാനായിരുന്നു, എന്നും ജീവിതത്തെകുറിച്ച് വ്യക്തമായ ഒരു ദീർഘവീക്ഷണം വച്ചുപുലർത്തിയിരുന്ന അമ്മ എന്നെ പഠിപ്പിച്ചത്. അതുതന്നയാണ് ഇക്കാലമത്രയും ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരുപക്ഷേ മുഖ്യധാരാ സ­മൂ­ഹ­ത്തിന്റെ അടിസ്ഥാനമില്ലാത്ത വിശ്വാസങ്ങളോട് പു­റം­തി­രി­ഞ്ഞു നില്‍­ക്കു­ന്ന­തി­നാ­ലാ­വ­ണം അധികം ആരും എന്നെ ഉപദേശിച്ച് നന്നാക്കാൻ ശ്രമിക്കാത്തത്. എന്റെ സന്തോഷങ്ങൾ എന്നിൽ ജനിച്ച് എന്നിൽ തന്നെ മരിക്കുന്നവയായിരിക്കണം എന്ന് ഒരു നിർബന്ധ ബുദ്ധി കൗമാരം കഴിഞ്ഞപ്പോൾ തന്നെ ഞാൻ വളർത്തിയെടുത്തിരുന്നു. അങ്ങനെ സ്വകാര്യജീവിതത്തിൽ നിന്നും സമൂഹത്തിന്റെ ഇടപെടലുകളെ പാടേനിരാകരിക്കുന്ന സങ്കീർണ്ണമായ ഒരു തലത്തിലേക്ക് സന്നിവേശിപ്പിക്കപ്പെട്ട എന്റെ ചിന്തകളുടെ ബൗദ്ധികമായ വളർച്ചക്ക് കാരണഭൂതനായ ബാല്യകാല സഖിയോട് എന്നും ഒരു കടപ്പാടുണ്ടന്നുപറയുന്നതിൽ തെറ്റില്ല. അപ്രതീക്ഷിതമായ് നിഷേധിക്കപ്പെട്ട ആ ബാല്യകാല സൗഹ്യദത്തിനോടുള്ള പ്രതിഷേധമായി, കണ്ണിലേക്ക് ഊർന്നുവീഴുന്നതരത്തിൽ മുറിക്കാതെ കൊണ്ടുനടന്ന ഏതാനും മുടിയിഴകളിലാണ് എന്റെ മുടിവളർത്തലിന്റെ തുടക്കം. ബന്ധങ്ങളെ കേവല വികാരങ്ങളുടെ വേലിയേറ്റങ്ങളായ് ഹ്യദയത്തോട് ചേർത്തുനിർത്തി, നമ്മുടെ സന്തോഷങ്ങളുടെ നിയന്ത്രണം മറ്റുള്ളവരെ ഏല്പിക്കാതെ, ഗീത അനുശാസിക്കുന്ന തരത്തിൽ സ്വയം സന്തോഷിക്കുവാനും അതിലൂടെ കൈവരിക്കുന്ന സംത്യപ്തിയിലൂടെമാത്രമേ ജീവിതവിജയം കൈവരിക്കുവാനും കഴിയുകയുള്ളൂ എന്ന തിരിച്ചറിവ് എന്നെ കൊണ്ടുവന്നെത്തിച്ചത് ശാസ്ത്രത്തിന്റെയും സാങ്കേതികത്വത്തിന്റെയും ഒരു വലിയ ലോകത്തിലേക്കായിരുന്നു. ആദ്യകാലങ്ങളിൽ കണ്ണിലേക്ക് വളർത്തിയിറക്കിയ ആ മുടിയിഴകൾ മുഖത്തേക്കൂർന്നിറങ്ങി പലപ്പോഴും എന്നെ അസ്വസ്ഥപ്പെടുത്തികൊണ്ടിരുന്നു. അന്നുമുതൽ പ്രീയപ്പെട്ടവരൊക്കെ എനിക്ക് വേണ്ടി ജീവിക്കേണ്ടവരാണന്നും എന്നെ സന്തോഷിപ്പിക്കേണ്ടവരാണന്നുമുള്ള സ്വാർത്ഥമായ ചിന്താഗതി തെറ്റാണന്നു മനസ്സിലാക്കി ഞാൻ എനിക്ക് വേണ്ടിയും എനിക്ക് ചുറ്റുമുള്ളവർക്കുവേണ്ടിയുമാണ് ജീവിക്കേണ്ടതന്ന ഒരു ബോധം എന്നിൽ വളർത്തിയെടുത്തു. അങ്ങനെ വരുമ്പോൾ എന്റെ ആവശ്യങ്ങള്‍ ഞാന്‍തന്നെ നിറവേറ്റേണ്ടതുണ്ട്. എന്റെ ആവശ്യമെന്നാല്‍ എഴുതുക, വായിക്കുക, എന്റെ മനസ്സ് വിളിക്കുന്ന ഭ്രാന്തമായ വഴികളിലൂടെ ഒക്കെ അലഞ്ഞുതിരിഞ്ഞ് സഞ്ചരിക്കുക, ഭ്രമാത്മകമായ ചിന്തകളെ സ്വതന്ത്രമായ തുരുത്തുകളിലേക്ക് യാതൊരുവിധ നിയന്ത്രണവുമില്ലാതെ അഴിച്ചു വിടുക. മുടി വളർത്തുക, ഷേവ് ചെയ്യാതിരിക്കുക, എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കുക ഇതൊക്കെ എന്റെ അവകാശങ്ങളാണ്. ഇതൊന്നും വേണ്ട എന്നു പറയാൻ ആർക്കും അധികാരമില്ല.

­ലോകത്തിന്റെ പലകോണുകളിലും ഗവേഷണത്തിന്റെ ഭാഗമായ് യാത്ര ചെയ്യുമ്പോഴൊക്കെ വിദേശികളായ ഒരു എമിഗ്രേഷൻ ആഫീസർപോലും ചോദിച്ചിട്ടില്ലങ്കിലും ഇന്ത്യയിലെ ഏത് വിമാനാതാവളത്തിൽ വന്നിറങ്ങിയാലും സ്ഥി­ര­മാ­യി ഞാന്‍ കേൾക്കുന്ന ഒരു ചോ­ദ്യമുണ്ട്. മു­ടി­നീട്ടിവ­ളര്‍­ത്താന്‍ എന്തങ്കിലും കാ­ര­ണം? പ്രത്യേകിച്ച് കാരണമൊന്നുമില്ല എന്നു പറഞ്ഞാൽ പാസ്പോർട്ട് തിരിച്ചും മറിച്ചും നോക്കി സൂഷ്മ പരിശോധന നടത്തികൊണ്ട് ഉടൻ വരും അവരുടെ വക ഒരുപദേശം, വെട്ടി വ്യത്തിയാക്കി കൊണ്ടുനടക്കുന്നതല്ലേ നല്ലത്. അപ്പോൾ ആൽബർട്ട് ഐസ്റ്റീനും മെൻഡലീവും എ.പി.ജെ അബ്ദുൾ കലാമും മറ്റും വ്യത്തിയില്ലാത്തവരന്നാണോ പറഞ്ഞുവരുന്നത് എന്ന മറുചോദ്യത്തിന്, അവരൊക്കെ ശാസ്ത്രജ്ഞന്‍മാരല്ലേ എന്ന കൗശലം നിറഞ്ഞ ഒരു ചോദ്യം അവർ എനിക്ക് നേരേ എറിയും. എങ്കിൽ ഞാനും ഒരുശാസ്ത്രജ്ഞന്‍തന്നയാണന്നു പറയുമ്പോൾ ചിലർ, എവിടെ, എന്ത്, എങ്ങനെ എന്നൊക്കെ ചോദിച്ചറിഞ്ഞ് വേഗം പാസ്പോർട്ട് പഞ്ച് ചെയ്ത് വിടും. എന്നാൽ സംശയാലുക്കളായ ചിലർ ഐഡി ചോദിച്ച് അത് ഒന്നുരണ്ടു തവണ തിരിച്ചു മറിച്ച് നോക്കി ഉറപ്പു വരുത്തിയ ശേഷമേ പാസ്പോർട്ട് പഞ്ച് ചെയ്ത് കടത്തി വിടുകകയുള്ളൂ. നീട്ടിവളർത്തിയ മുടി തരുന്ന ഈ വിസിബിലിറ്റി യാത്രകളിൽ ചിലപ്പോഴൊക്കെ മാർഗ്ഗങ്ങളെ എളുപ്പമാക്കിയിട്ടുണ്ടങ്കിലും ഒരിക്കൽ വില്ലനായും കടന്നു വന്നിട്ടുണ്ട്. ഒരിക്കൽ സിംഗപ്പൂരിൽ നിന്നും സിൽക്ക് എയറിന്റെ ബോയിംങ് 737-ന് ബാംഗ്ലൂർ ഇന്റർ നാഷണൽ എയർപോർട്ടിലിറങ്ങി എമിഗ്രേഷൻ കൗണ്ടറിൽ വരുമ്പോൾ അവിടെ ഉണ്ടായിരുന്നത് ഒരു മലയാളി ആഫീസറായിരുന്നു. മുട്ടോളം മാത്രം ഇറക്കമുള്ള ഇറുകിയ ട്രൗസറിലും കൈയ്യില്ലാത്ത സിംങ്ലറ്റിലും, നീട്ടിവർത്തിയ ബ്രൗൺ നിറമുള്ള കോലൻ മുടിയുള്ള ക്യശഗാത്രനായ ഞാൻ സയന്റിസ്റ്റാണ് എന്നു പറഞ്ഞതിൽ വിശ്വാസം തോന്നാഞ്ഞതുകൊണ്ടോ എന്തോ, എന്തുകൊണ്ട് നേരെ തിരുവനന്തപുരത്തോ കൊച്ചിയിലോ ഇറങ്ങാതെ ബാംഗ്ലൂർ ഇറങ്ങി എന്ന മുന വച്ച ചോദ്യത്തിന്, തിരുവനന്തപുരത്തുനിന്നും ഇഷ്യൂ ചെയ്ത പാസ്പോർട്ടുമായ് ഇന്ത്യയിലെ ഏത് എയർപോർട്ടിലുമിറങ്ങാൻ എനിക്ക് അവകാശമുണ്ടന്ന് പറഞ്ഞ ഒറ്റകാരണത്താൽ, അരമണിക്കൂറിലധികം എയർപോർട്ടിൽ പിടിച്ചിരുത്തി എന്നെ ചോദ്യം ചെയ്യുകയും എന്റെ ലഗേജുകൾ മുഴുവൻ തുറന്നിട്ട് പരിശോധിക്കുകയും ചെയ്തു. സിംഗപൂരിൽ നിന്നും വന്ന എന്റെ പാസ്പോർട്ടിൽ വിസ പതിച്ചിട്ടില്ല എന്നതായിരുന്നു അന്ന് അയാൾ കണ്ടുപിടിച്ച കുറ്റം. നൻന്യാങ് യൂണിവേഴ്സിറ്റിയിലെ റിസേർച്ച് സയന്റിസ്റ്റ് എന്നു മുദ്രണം ചെയ്തു ഫോട്ടോപ്രിന്റുചെയ്ത എന്റെ ഐഡന്റിറ്റി കാർഡും സിംഗപ്പൂർ മിനിസ്റ്റിറി ആഫ് മാൻ പവർ ഇഷ്യൂ ചെയ്ത എംപ്ലോയിമന്റ് പാസിനുമൊന്നും അയാളെ കൺവിൻസ് ചെയ്യാൻ കഴിഞ്ഞില്ല. അവസാനം യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ഫോട്ടോയും ഡെസിഗ്നേഷനും കാണിച്ചു കൊടുക്കേണ്ടി വന്നു അന്ന് എയർപോർട്ടിൽ നിന്നും പുറത്തിറങ്ങാൻ. പക്ഷേ പാസ്പോർട്ട് തിരികെ തരുമ്പോൾ, ഒരു ക്ഷമപറഞ്ഞ് കൈ പിടിച്ചു കുലുക്കുമ്പോൾ അയാളുടെ മുഖത്ത് പടർന്ന ജാളയത നീട്ടിവളർത്തിയ മുടി തരുന്ന വിസിബിലിറ്റി നൽകിയ രസകരമായ ഒരു അനുഭവമാണ്. എന്നാൽ രസകരമായ ഈ സാമൂഹികാനുഭവങ്ങൾ എന്നെ കൊണ്ട് ചിന്തിപ്പിക്കുന്നത് പരിഷ്ക്യതരന്നു സ്വയം വിശേഷിപ്പിക്കുന്ന നമ്മുടെ സമൂഹത്തിനെ ഗ്രസിച്ചിരിക്കുന്ന അപകടകരമായ പപ്പരാസിത്തരത്തെ കുറിച്ചാണ്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ നിന്നും ഏതാണ്ട് അറുപത്തഞ്ച് വർഷങ്ങൾക്ക് മുൻപേ നമുക്ക് സ്വാതന്ത്യം കിട്ടിയിട്ടും മറ്റുള്ളവരുടെ വ്യക്തിപരമായ സ്വാതന്ത്യത്തിലേക്കുള്ള അനാവശ്യപരമായ ഇടപെടലുകളിൽ നിന്നും സ്വാതന്ത്യം നേടുവാൻ നമുക്ക് കഴിഞ്ഞിട്ടില്ല. സ്വന്തം തലയിൽ വളരുന്ന തലമുടി വെട്ടാനും വളർത്താനും, ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനും, പൊതുനിരത്തുകളിലൂടെ രാപകൽ വ്യത്യാസമില്ലാതെ ആണിനും പെണ്ണിനും ഒന്നിച്ചോ ഒറ്റക്കോ സഞ്ചരിക്കാനുള്ള സ്വാതന്ത്യം അനുവദിക്കുന്ന ഒരു സമൂഹം വളർന്നു വരുമന്ന പ്രത്യാശയോടെ, സങ്കുചിതമായ സ്വന്തം ചിന്താഗതികളെ നമുക്ക് കൊത്തിയുടച്ച്, വരും തലമുറയെ, നമ്മൾ അടക്കി അനുശീലിക്കേണ്ടി വരുന്ന ചെയ്‌വനകളിൽ നിന്നും സ്വതന്ത്രരാക്കാൻ കഴിയുമോ എന്ന ഒരു ചിന്ത എപ്പോഴും എന്നെ അലട്ടുന്നുണ്ട്. അറിഞ്ഞും അനുഭവിച്ചും കടന്നുപോകുന്ന ദിനങ്ങളിലൂടെ എന്നും അത് ഒരു വലിയ ചോദ്യചിഹ്നമായ് എന്റെ മുന്നിലവശേഷിക്കയാണ്.....

.

2010-10-10

നോബൽ ഗവേഷണത്തിന്‌ ചെപ്പുതുറന്നത് മലയാളിയോ?  

എന്തിനും ഏതിനും എവിടയും മലാളിയെ കൂട്ടികെട്ടുന്ന മലയാള പത്രങ്ങളുടെ പൊള്ളതരമാണ്‌ 2010 ലെ നോബൽ സമ്മാനവുമായും അതിലേക്കു നയിച്ച കണ്ടുപിടുത്തത്തിലേക്കും മലയാളിയുടെ പേര്‌ കൂട്ടിചേർക്കാൻ ശ്രമിക്കുന്നത്. നോബൽ ഗവേഷണത്തിനു ചെപ്പുതുറന്നതു മലയാളി എന്ന തലക്കെട്ടോടുകൂടി മലയാളിയായ രാഹുൽ ആർ നായരുടെ പഠനങ്ങളാണ്‌ ഗ്രാഫയിൻ കണ്ടുപിടുത്തത്തിലേക്ക് ആന്ദ്രെ ഗീമിനേയും, കോൺസ്റ്റാന്റിൻ നോവൊസെലോവിനയും നയിച്ചതന്ന മട്ടിലാണ്‌ പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വർഷങ്ങൾ മുൻപേ ആന്ദ്രെ ഗീമിന്റെ കീഴിൽ ഗവേഷണം ആരംഭിക്കുകയും ഡോക്ടറേറ്റ് നേടുകയും ചെയ്ത കോൺസ്റ്റാന്റിൻ നോവൊസെലോവ് ഗ്രാഫയിനെ പറ്റിയാണ്‌ വർഷങ്ങൾ കൊണ്ട് ഗവേഷണം നടത്തുന്നത്. മനോരമ വർത്തയിൽ പറഞ്ഞിരിക്കുന്നത് 2007 മുതലാണ്‌ രാഹുൽ ആർ നായർ ഗ്രാഫൈനിൽ ഗവേഷണം തുടങ്ങിയതന്നാണ്‌. ഇതിനും എത്രയോ വർഷം മുൻപേ ആന്ദ്രെ ഗീമിനേയും കോൺസ്റ്റാന്റിൻ നോവൊസെലോവിനയും ചേർന്ന് ഗ്രാഫയിൽ കണ്ടുപിടിക്കുകയും, ലോകത്തിന്റെ എല്ലാകോണുകളിലുമുള്ള വിവിധ ശാസ്ത്ര ശാഖകളിലുള്ള ഗവേഷകർ ഗ്രാഫൈനിൽ പഠനം തുടങ്ങുകയും എത്രയോ അധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കയും ചെയ്തിരിക്കുന്നു.

ലേഖനത്തിലെ നാലാമത്തെ ഖണ്ഡികയിൽ പറയുന്നത് 2007 മുതൽ മഞ്ചസ്റ്ററിൽ ഗവേഷണം നടത്തുന്ന റാഹുലാണ്‌ ഗ്രാഫൈൻ രണ്ടുശതമാനം പ്രകാശം ആഗീരണം ചെയ്യുന്നുണ്ടന്ന് കണ്ടെത്തിയതന്ന്. ഇതിൽ നിന്നും ഒന്നു വ്യക്തമാണ്‌. രാഹുലിന്റെ പഠനം ആന്ദ്രെ ഗീമിനേയും കോൺസ്റ്റാന്റിൻ നോവൊസെലോവിനയും ചേർന്ന് കണ്ടെത്തിയ ഗ്രാഫൈന്റെ ചില സ്വഭാവ സവിശേഷതകളിൽ മാത്രമായിരുനുവന്ന്. 2004-ൽ ഗ്രാഫൈൻ കണ്ടെത്തിയ നാൾ മുതൽ ലോകത്താകമാനമുള്ള ശാസ്ത്രജ്ഞരും ഗവേഷകരും ഗ്രാഫൈന്റെ പ്രത്യേകതകളും അതിന്റെ പ്രയോഗിക ഉപയോഗങ്ങളിലും പഠനം നടത്തുന്നുണ്ട്.

ഗ്രഫൈൻ ബാറ്ററി എലക്ട്രോടുകളിൽ പ്രത്യേകരീതിയിൽ വിന്യസിച്ച് ഇലക്ട്രിക് കാറുകൾക്കുള്ള ബാറ്ററി വികസിപ്പിച്ചെടുക്കുന്നതിൽ വിജയിച്ച ഒരു വ്യക്തി എന്ന നിലയിൽ അന്ദ്രെ ഗീമിനെയും കോൺസ്റ്റാന്റിൻ നോവൊസെലോവിനയും നോബൽ സമ്മാനത്തിലേക്കു നയിച്ചത് എന്റെ പഠനങ്ങളാണ്‌ എന്ന് പറഞ്ഞാൽ അത് എത്ര വങ്കത്തരമായിരിക്കും. 2004-ൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഗ്രാഫൈൻ കണ്ടെത്തുന്നത്, അതിനും കാലങ്ങൾക്ക് മുന്നേയാണന്ന വസ്തുത അറിയുമ്പോൾ, അന്ന് രാഹുൽ ആർ നായർ കോട്ടയത്ത് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ എം. എസി വിദ്യാർത്ഥിയായിരുന്നിരിക്കണം. കേരളത്തിലെ ഒരു ശരാശരി യൂണിവേഴ്സിറ്റിയിലെ സാധാരണ വിദ്യാർത്ഥിയായിരുന്ന രാഹുൽ അന്ന് ഒരുപക്ഷേ ഗ്രാഫൈൻ എന്നു കേട്ടിട്ടുകൂടി ഉണ്ടാവാനിടയില്ല. ആ രാഹുൽ ആർ നായർ ആണ്‌ നോബൽ ഗവേഷണത്തിനു ചെപ്പുതുറന്നതെന്നു പറഞ്ഞാൽ അത് നോബൽ സമ്മാനാർഹരായ ആന്ദ്രെ ഗീമിനോടും കോൺസ്റ്റാന്റിൻ നോവൊസെലോവിനോടുമുള്ള അവഹേളനമാണ്‌. മലയാള പത്രം വായിച്ചു മനസ്സിലാക്കുവാൻ നോബൽ ജേതാക്കൾക്ക് കഴിഞ്ഞാൽ രാഹുൽ ആർ നായർ ഇതിനു മറുപടി പറയേണ്ടി വരും.

കൗണ്ടർ മീഡിയ റിപ്പോർട്ട് ഇവിടെ.

മനോരമ വാർത്ത ഇവിടെ
.

2010-07-08

നീതി ശാസ്ത്രവും ന്യൂമാൻസ് കോളജിലെ വിവാദ ചോദ്യപേപ്പറും  

തിരക്കഥയും നീതി ശാസ്ത്രവും എന്ന പുസ്തകത്തിൽ (പേജ് നമ്പർ 58) പി.ടി കുഞ്ഞു മുഹമ്മദ്, തന്റെ ഗര്‍ഷോം എന്ന സിനിമയില്‍ മുരളി അവതരിപ്പിച്ച കഥാപാത്രത്തെ കുറിച്ച് പറയുന്ന ഭാഗത്തില്‍ നിന്ന് ഉണ്ടാക്കിയ ചോദ്യത്തിലാണ് തൊടുപുഴ ന്യൂമാന്‍സ് കോളേജ് അദ്ധ്യാപകന്റെ കൈ വെട്ടിമാറ്റിയത്. ന്യൂമാൻസ് കോളജിലെ മലയാളം ചോദ്യപേപ്പറിൽ വിവാദത്തിന്‌ തിരി കൊളുത്തിയ പതിനൊന്നാമത്തെ ചോദ്യം ഇതാണ്‌.

11. താഴെ കൊടുത്തിരിക്കുക്ക ഗദ്യഭാഗത്തിന്‌ ഉചിതമായ ചിഹ്നങ്ങൾ ചേർത്തെഴുതുക.

മുഹമ്മദ്: പടച്ചോനെ പടച്ചോനെ
ദൈവ്വം: എന്താടാ നായിന്റെ മോനേ
മുഹമ്മദ്: ഒരു അയില അത് മുറിച്ചാൽ എത്ര കഷണമാണ്‌
ദൈവ്വം: മൂന്നുകഷണമാണന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ

തിരക്കഥയും നീതി ശാസ്ത്രവും എന്ന പുസ്തകത്തിൽ (പേജ് നമ്പർ 58) പതിനൊന്നു മുതൽ പതിനേഴുവരെയുള്ള വരികൾ

എന്റെ നാട്ടിൽ ഒരു ഭ്രാന്തനുണ്ട്. ഈ ഭ്രാന്തൻ സ്ഥിരമായി ദൈവ്വത്തെ വിളിക്കും. "പടച്ചോനേ"..... "പടച്ചോനേ"......ദൈവ്വത്തിന്റെ മറുപടി "എന്താടാ നായിന്റെ മോനേ"......എന്നാണ്‌. ഇദ്ദേഹം ചോദിക്കുന്നു ഒരു അയല, അത് മുറിച്ചാൽ എത്ര കഷണമാണ്‌. ദൈവ്വത്തിന്റെ മറുപടി (ദൈവ്വം ഇദ്ദേഹം തന്നയാണ്‌). 3 കഷണമാണന്ന് നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ".........

പുസ്തകത്തില്‍ ഭ്രാന്തനായ കഥാപാത്രം തെരുവിലിരുന്ന് ദൈവ്വത്തോട് ചോദ്യം ചോദിക്കുകയും അതിനുള്ള മറുപടി ഭ്രാന്തന്‍ തന്നെ പറയുകയും ചെയ്യുന്നു. എന്നാൽ പുസ്തകം എഴുതിയത് പി.ടി. കുഞ്ഞുമുഹമ്മദ് ആയതിനാൽ ഭ്രാന്തൻ എന്നതിനു പകരം മുഹമ്മദ് എന്ന് അധ്യാപകൻ ഉപയോഗിച്ചതാണ്‌ വിവാദത്തിന്‌ വഴിവച്ചത്. യൂണിവേഴ്സിറ്റി തലത്തിൽ പഠിപ്പിക്കാൻ തിരഞ്ഞെടുത്ത പുസ്തകം ഗവണ്മന്റ് അംഗീകരിച്ചതും അന്ന് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നുമില്ല. ഇവിടെ ആരയാണ്‌ തെറ്റു പറയുക? ചോദ്യപേപ്പർ തയ്യാറാക്കാൻ വേണ്ടി പുസ്തകത്തിൽ നിന്നും പകർത്തിയെഴുതിയ അധ്യാപകനേയോ അതോ പ്രസ്തുത പുസ്തകം തിരഞ്ഞെടുത്ത സർ‍വ്വകലാശാലയേയോ അതോ അതിന്‌ അംഗീകാരം നൽകിയ ഭരണകൂടത്തെയോ?

എന്തുതന്നയായാലും മന:പൂർ‍വ്വം അല്ലാതെ വന്ന ഒരു കൈപ്പിഴക്ക്; ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ജാതിമത ഭേദമില്ലതെ സ്നേഹത്തോയും സാഹോദര്യത്തോടയും കഴിയുന്ന ദൈവ്വത്തിന്റെ സ്വന്തം നാട്ടിൽ ആ കൈ വെട്ടിയെടുത്ത് ശിക്ഷ നടപ്പാക്കിയത് കാലങ്ങൾകൊണ്ട് പടുത്തുയർത്തിയ മതേതരത്വത്തെ തകർക്കാൻ ശ്രമിക്കുന്നവരാണ്‌. ക്ഷമയും സഹാനുഭൂതിയും പഠിപ്പിച്ച നബിയുടെ അനുയായികൾ ഒരിക്കലും അതുചെയ്യില്ല. അതിനാൽ മതേതരത്വത്തെ തകർക്കാൻ ശ്രമിക്കുന്നവർക്ക് പിടികൊടുക്കാതിരിക്കുക.
.

2010-07-05

ഗാന്ധി-ഫലിക്കാതെപോയ അഹിംസയുടെ മന്ത്രം  

ഗാന്ധി എന്ന മഹാനെകുറിച്ച് എന്നും എന്റെ മനസ്സിൽ ഒരു സങ്കല്പമുണ്ടായിരുന്നു. ഓർമ്മ വച്ചനാൾ മുതൽ കേട്ടറിയുകയും പാഠപുസ്തകങ്ങളിലൂടെയും പത്ര താളുകളിലൂടയും വായിച്ചറിയുകയും ചെയ്ത ഗാന്ധി. ജീവിതം മുഴുവൻ അഹിംസയുടെ മാർഗ്ഗത്തിലൂടെ സമാധാനത്തിനു വേണ്ടി മാത്രം നിലകൊണ്ട ജീവിതം. ഇതൊക്കെയായിരുന്നു കുട്ടികാലത്ത് എന്റെ മനസ്സിലെ ഗാന്ധി. അലക്കി കഞ്ഞി പിഴിഞ്ഞ് ഇസ്തിരിയിട്ട തൂവെള്ള ഖദറിൽ എന്നും രാവിലെ അച്ഛൻ പടിയിറങ്ങുമ്പോൾ, അമ്മ മടിയിലിരുത്തി ഗാന്ധിയുടെയും സ്വാതന്ത്യ സേനാനികളുടേയും കഥകൾ പറഞ്ഞ് തരുമ്പോൾ നന്നേ ചെറുപ്പത്തിൽ തന്നെ ഗാന്ധിയെ കുറിച്ച് കൂടുതൽ അറിയണമന്ന് ആഗ്രഹം തോന്നിയിരുന്നു. എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ ഒരു സുഹ്യത്ത് സമ്മാനമായ് വർണ്ണ കടലാസിൽ പൊതിഞ്ഞു സ്വന്തം കൈയ്യൊപ്പിട്ട് തന്ന ഗാന്ധിയുടെ ആത്മകഥ ഒറ്റ ദിവസം കൊണ്ട് തന്നെ വായിച്ചു തീർത്തു. അങ്ങനെ ഒരു പകലിലെ ഏതാനും മണികൂറുകൾ കൊണ്ട് വായിച്ചു തീർത്ത അപൂർവ്വം പുസ്തകങ്ങളുടെ കൂട്ടത്തിൽ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളും ഇടം നേടി. അന്ന് ആ ആത്മകഥയിലെ ഓരോ വരികളിലൂടെയും ഊളിയിടുമ്പോൾ എവിടക്കയോ ചില കണ്ണികൾ വിട്ടു പോയതായ് അല്ലങ്കിൽ പറയാതെ പോയിരിക്കുന്നതായ് എനിക്ക് തോന്നി. അന്നു മുതൽ ആ നഷ്ടപ്പെട്ട കണ്ണികൾ കണ്ടെത്തി ഗാന്ധിയെ അറിയാൻ ശ്രമിക്കയായിരുന്നു. പലതും വായിച്ചും അറിഞ്ഞും വന്നപ്പോൾ ചെറുപ്പത്തിൽ ഞാൻ മനസ്സിലേറ്റിയ അർദ്ധ നഗ്നനായ ഫക്കീറിനപ്പുറം അയിത്തം, ജാതീയത, സവർണ്ണ പക്ഷപാതം, പന്തിഭോജനം തുടങ്ങിയ പലതിനെ പറ്റിയും പ്രതിലോമകരമായ കാഴ്ചപ്പാടുകള്‍ വച്ചു പുലർത്തി ബ്രാഹ്മണ്യത്തെ മുറുകെ പിടിച്ച ഒരു വ്യക്തിത്വത്തിന്റെ ഉടമകൂടിയായിരുന്നു എന്ന അറിവ് മനസ്സിലെ ഗാന്ധിയുടെ വിഗ്രഹമുടച്ചു കളഞ്ഞു.

വിവിധ ജാതികൾ, വർണ്ണങ്ങള്‍ തമ്മിലുള്ള വ്യത്യാസം രക്തശുദ്ധിയെ അടിസ്ഥാനപ്പെടുത്തിയാണ് എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നതായ് അദ്ദേഹത്തിന്റെ പല ലേഖനങ്ങളിൽ നിന്നും വായിച്ചെടുക്കാൻ കഴിഞ്ഞു. മിശ്ര വിവാഹങ്ങളെ അദ്ദേഹം ശക്തിയുക്തം എതിർക്കാനുണ്ടായ കാരണം ഇതുതന്നെ എന്ന് മനസ്സിലാക്കാൻ അധികം ബുദ്ധുമുട്ടേണ്ടിവരില്ല. ഒരു ജാതി, ഒരു മതം, ഒരു ദൈവ്വം എന്ന ഗുരുവുന്റെ ആശയത്തോടും, നാനാജാതികൾ ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നതിനോടുമുള്ള അദ്ദേഹത്തിന്റെ എതിർപ്പ് നാരായണ ഗുരുവുനെ സന്ദർശിച്ച അവസരത്തിൽ അദ്ദേഹം തുറന്നു പറയുകയും, ഗുരുവുമായ് ഒരു വാദപ്രദിവാദം തന്നെ അന്ന് അരങ്ങേറുകയും ചെയ്തിരുന്നു.

സ്വജന പക്ഷപാതവും, സവർണ്ണ മേധാവിത്വവും അദ്ദേഹത്തിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നു. മുസ്ളീം പെൺകുട്ടിയെ സ്നേഹിച്ച സ്വന്തം മകനെ, നീ ഗാന്ധിയുടെ മകാനാണന്നു പറഞ്ഞ് അതിൽ നിന്നു പിന്തിരിപ്പിക്കുകയും, ശൈശവ വിവാഹത്തെ എതിർത്തിരുന്ന ഗാന്ധി ചെറുമകന്റെ കാര്യത്തിൽ അനുഗ്രഹ വർഷം ചൊരിഞ്ഞ് ശൈശവ വിവാഹം നടത്തികൊടുക്കയും ചെയ്തു. ലണ്ടനിൽ വിവാഹിതരായ ഇന്ദിരാ ഗാന്ധിയേയും ഫിറോസിനെയും അടിയന്തിരമായ് ഇന്ത്യയിൽ വിളിച്ചു വരുത്തി, ഫിറോസ് എന്ന പാഴ്സിയുവാവിനെ ഫിറോസ് ഗാന്ധിയായ് അഭിഷേകം ചെയ്ത് ബ്രാഹ്മണ മതാചാര പ്രകാരം വിവാഹം നടത്തിയതും ഗാന്ധിയുടെ പക്ഷപാതപരവും സവർണ്ണ മേധവിത്വപരവുമായ ചെയ്‍വനകളായ് കാണാതെ തരമില്ല. സൂര്യനസ്തമിക്കാത്ത കൊളോണിയലിസത്തിന്റെ സ്വാഭാവിക അന്ത്യത്തോടുകൂടി ഇല്ലാതാമാകുമായിരുന്ന ഇന്ത്യയിലെ ജാതിവ്യവസ്ഥയെ അതേപടി നിലനിർത്തി, വരും നൂറ്റാണ്ടുകളിലേക്ക് കൈപിടിച്ചുയർത്താനും അതുവഴി വരേണ്യ വർഗ്ഗത്തിന്റെ അധികാരം ഇന്ത്യയിൽ സ്ഥാപിച്ചെടുക്കാനും അദ്ദേഹത്തിന്‌ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ദാദാ സാഹിബ് അംബേദ്കറും, ഭഗത്സിംഗും, സുഭാഷ് ചന്ദ്രബോസും ഗാന്ധിക്ക് ആരൊക്കെയായിരുന്നെന്നും, അവരോട് ഗാന്ധിയുടെ സമീപനമെന്തായിരുന്നുവന്നും മനസ്സിലാക്കാൻ ഗാന്ധിയുടെ ആത്മകഥ തന്നെ ധാരാളമാണ്‌. വെള്ളക്കാരനിൽ നിന്നും ഇന്ത്യൻ സവർണ്ണനിലേക്കുള്ള അടിമത്വ കൈമാറ്റമല്ല ദളിതനു വേണ്ടത് എന്ന് ശപഥം ചെയ്ത്‌, ദളിതന്റെ അവകാശങ്ങൾക്കു വേണ്ടി വിലപേശിയ അംബേദ്ക്കർക്കെതിരേ യർവാദാ ജയിലിൽ മരണം വരെ നിരാഹാരം കിടക്കുമന്നു ഗാന്ധി ഭീഷണി മുഴക്കിയപ്പോൾ, ഗാന്ധി മരിക്കുന്നങ്കിൽ മരിക്കട്ടെ, എന്റെ ജനതയുടെ സ്വാതന്ത്യമാണ്‌ ഗാന്ധിയെക്കാൾ പ്രധാനമന്ന് അംബേക്കർ പറഞ്ഞുവങ്കിൽ അതിന്റെ അർത്ഥം ദളിതനെന്നും ഹരിജനായി തന്നെ തുടരട്ടെ എന്ന ഗാന്ധിയുടെ പക്ഷപാതം എന്നു തന്നെ പറയേണ്ടിയിരിക്കുന്നു.

നർസി മെഹ്ത എന്ന ഗുജറാത്തി കവിയുടെ ഹരിജൻ എന്ന കവിത വായിച്ച ഗാന്ധി ദളിതനെ ഹരിജൻ എന്ന് വിളിച്ചപ്പോൾ അത് തന്തയില്ലാത്ത മക്കൾ എന്നായിരുന്നുവന്ന് ഒരുപക്ഷേ ഗാന്ധി മാത്രമേ അറിഞ്ഞിട്ടുണ്ടാവൂ. ഗാന്ധിയുടെ സ്വന്തം നാടായ ഗുജറാത്തിൽ ദളിതനെ ഹരിജൻ എന്ന് അഭിസംബോധന ചെയ്യുന്ന പ്രയോഗം ആദ്യമായ് നിയമ പ്രകാരം തടഞ്ഞുവങ്കിൽ അതിന്റെ അർത്ഥം എന്താണ്‌? ഹരിജനന്നു വിളിച്ച് തൊട്ടുകൂടാത്ത അവർണ്ണനെ പൊതുധാരയില്‍ നിന്നും അകറ്റി നിർത്താനാണ്‌ എന്നും അദ്ദേഹം ശ്രമിച്ചത്. ഒരു മത മൗലികവാദിയുടെ എല്ലാ സ്വഭാവങ്ങളും പ്രകടിപ്പിച്ചിരുന്ന ഗാന്ധിക്ക്, തന്റെ കുശാഗ്ര ബുദ്ധികൊണ്ട് മതത്തെ അതി സമർത്ഥമായ് രാഷ്ട്രീയത്തിൽ ഉപയോഗിച്ച് ഇന്ത്യൻ സ്വതന്ത്യ സമരത്തെ സവർണ്ണ സ്വാതന്ത്യ സമരമാക്കി മാറ്റാൻ കഴിഞ്ഞു. തൊട്ടുകൂടായ്മക്കെതിരേ വാഗ്ധോരണം നടത്തിയ ഗാന്ധി, അതിന്റെ ഒരേയൊരു കാരണമായ ജാതീയതയുടെ അടിവേരുകളിലെവിടയും സ്പർശിക്കാൻ തയ്യാറായില്ലന്നു മാത്രമല്ല, ഗീതയനുശാസിക്കുന്ന ചാതുർ വർണ്യ സങ്കല്പങ്ങളെ തന്റെ സർവ്വ ശക്തിയുമെടുത്ത് സംരക്ഷിച്ചു നിർത്തി. മനുഷ്യനെ ജന്മത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ചു കാണുന്ന ക്രൂരതക്ക് എന്നും അദ്ദേഹം കൂട്ടുനിന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാന ഭൂമിക തന്നെ ജാതിയായിരുന്നു. 1920-ൽ ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ അതിന്റെ അലയൊലികൾ കേരളത്തിൽ വരെയെത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. കൊളോണിയലിസ്റ്റുകളുടെ കൈയ്യിൽ നിന്നും സ്വന്തക്കാരുടെ കൈയ്യിലേക്കുള്ള രാഷ്ട്രീയ അധികാരകൈമാറ്റം എന്ന ഒറ്റ അജണ്ടക്കപ്പുറം ഗാന്ധിക്ക് സ്വാതന്ത്യസമരത്തിൽ മറ്റ് ദീർഘ വീക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് പറയേണ്ടി വരും. സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ സ്വാതന്ത്യ സമരത്തിലേക്കും സ്വാതന്ത്യ സമര സേനാനികളിലേക്കും വലിച്ചിഴച്ച്, അവയൊക്കെ തന്റെ അപ്രഖ്യാപിത നയങ്ങളാക്കി നിലർത്തി അതിൽ വിജയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇന്ത്യക്കു സ്വാതന്ത്യം ലഭിക്കുമ്പോൾ ഭൂരി പക്ഷം വരുന്ന അടിസ്ഥാന വർഗ്ഗത്തിന്റെ സ്വാതന്ത്യത്തിനുവേണ്ടി ഒരു ചെറുവിരൽ പോലും ഗാന്ധി അനക്കിയില്ലന്നു മാത്രമല്ല, അവരെ എന്നും അധികാര വർഗ്ഗത്തിന്റെ കീഴിൽ നിരത്താൻ ജാതീയതയെ അതിസമർത്ഥമായ് ഉപയോഗിക്കയും ചെയ്തു.

അഹിംസയുടെ വക്താവായിരുന്ന, സത്യാഗ്രഹമെന്ന പുതിയ സമരമുറ ലോകത്തിനു കാട്ടിതന്ന ഗാന്ധിക്ക് രണ്ടുതവണ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന്‌ പേരു നിർദ്ദേശിച്ചങ്കിലും അതു കിട്ടാതെ പോയത് ഹിംസയുടെ പേരിലന്നത് വിരോധാഭാസമായ് തോന്നാം. 1899-ലെ ബോവർ യുദ്ധത്തിൽ ആംബുലൻസ് യൂണിറ്റുണ്ടാക്കി, രാക്ജ്ഞിയുടെ പ്രതിപത്തിക്ക് പാത്രമാകാൻ ഗാന്ധി ബ്രിട്ടീഷ്കാരന്റെ കൂലിപട്ടാളമായ് യുദ്ധത്തിൽ പങ്കെടുക്കുകയും തന്റെ ജനതെയെ യുദ്ധത്തിൽ അണിനിരത്തുകയും ചെയ്തു. യുദ്ധത്തിൽ പങ്കെടുത്ത ഗാന്ധിയുടെ ശുഷ്കാന്തിയിൽ സം‍പ്രീതയായ രാക്ജ്ഞി ഗാന്ധിക്ക് പട്ടും വളയും (War Medal) യുദ്ധാനന്തര ബഹുമതിയായി നൽകി ആദരിച്ചപ്പോൾ ഗന്ധിക്ക് കിട്ടേണ്ടിയിരുന്ന നോബൽ സമ്മാനത്തിനു മേൽ അടിച്ച ആദ്യ ആണിയായിരുന്നു അത്. പിന്നീട് രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടിഷുകാർക്ക് വേണ്ട ഒത്താശ ചെയ്തു കൊടുത്ത് പരോക്ഷമായ് ഹിംസക്ക് കൂട്ടുനിന്ന ഗാന്ധിക്ക് എങ്ങനെ സമാധനത്തിനുള്ള നോബൽ സമ്മാനം കൊടുക്കാനാകും? സ്വാതന്ത്യാനന്തരം ഇന്ത്യയിലെ ഏറ്റവും ആഡംബരകൊട്ടാരമായ ബിർളാ മന്ദിരത്തിൽ ആയിരുന്നു അധിക നാളും ഗാന്ധിയും അദ്ദേഹത്തിന്റെ ആശ്രമവാസികളും താമസിച്ചിരുന്നത്. തീവണ്ടിയിലെ ജനറൽ കമ്പാർട്ടുമെന്റുകളിൽ യാത്രചെയ്തിരുന്ന ഗാന്ധിയോട്, ജനറൽ കമ്പാർട്ട്മെന്റിനെ ആഡംബര കമ്പാർട്ട്മെന്റാക്കി യാത്രാസൗകര്യമൊരുക്കി അങ്ങയെ പാവപെട്ടവനാക്കി നിർത്താൻ എത്ര ഭീമമായ തുകയാണ്‌ രാജ്യം സാമ്പത്തികമായ് പ്രതിസന്ധി നേരിടുന്ന ഈ അവസരത്തിൽ ചിലവിടുന്നതെന്ന് ഓർക്കാറുണ്ടോ എന്ന ഒരു പത്രപ്രവർത്തകന്റെ ചോദ്യത്തിന്‌ മറുപടിയായി ഒന്നു പുഞ്ചിരിക്കമാത്ര ചെയ്തു ഗാന്ധി.

1893 മുതല്‍ 1914 വരെ സൗത്താഫ്രിക്കയില്‍ ഉണ്ടായിരുന്ന ഗാന്ധി, അവിടുത്തെ കറുത്ത വർഗ്ഗക്കാർക്കു വേണ്ടി പോരാടി എന്ന് സ്കൂളിൽ പാഠിപ്പിക്കുമ്പോൾ തോന്നിയ ബഹുമാനം പിന്നീട് ഗാന്ധിയുടെ ആത്മകഥ വായിച്ചപ്പോൾ ഇല്ലാതായി. ലണ്ടനിൽ നിന്നും നിയമ പഠനം കഴിഞ്ഞെത്തിയ ഗാന്ധിക്ക് ബോംബയിലെയും, രാജ്കോട്ടിലെയും ജോലിയിൽ ശോഭിക്കാൻ കഴിയാതെ അരക്ഷിതത്വത്തിൽ നിൽക്കുമ്പോൾ ദാദ അബ്ദുല്ലയുടെ നിയമോപദേശകനായ് വച്ചു നീട്ടിയ ജോലി സ്വീകരിച്ച് 1893-ൽ സൗത്താഫ്രിക്കയിലെത്തി. അവിടെ ഗാന്ധി, വരേണ്യ വർഗ്ഗത്തിന്റെ എല്ലാ വിധമായ ഹിപ്പോക്രസിയോടുംകൂടിയുള്ള ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്. അന്നത്തെ അദ്ദേഹത്തിന്റെ വസ്ത്ര ധാരണവും ജീവിതരീതിപോലും ഒരു ബ്രിട്ടീഷ് പൗരന്റെപോലെ ആയിരുന്നു.

പെറ്റോറിയയിൽ നിന്നും ഡർബനിലേക്കുള്ള യാത്രയിൽ തീവണ്ടിയിലെ കമ്പാർട്ട് മെന്റിൽ നിന്നും അദ്ദേഹത്തെ ബൂട്ട്സിട്ട കാലുകൊണ്ട് ചവിട്ടി പ്ളാറ്റ്ഫോമിലേക്കിട്ടില്ലായിരുന്നങ്കിൽ ഒരു അരിസ്റ്റോക്രാറ്റായി ആരും ആറിയപ്പെടാതെ ഡർബനിൽ ജീവിച്ചു മരിച്ചു പോയേനെ ഗാന്ധി. തീവണ്ടി മുറിയിൽനിന്നും നിന്നും തൂക്കി വെളിയിലക്ക് എറിയപ്പെട്ട ഗാന്ധി ആഫ്രിക്കയിലെ കറുത്ത വർഗ്ഗക്കാർക്കുവേണ്ടി പ്രവർത്തിച്ചു എന്നാണ്‌ നമ്മൾ പാഠപുസ്തകങ്ങളിൽ പോലും പഠിച്ചിരിക്കുന്നത്. ചരിത്രത്തെ എത്രത്തോളം വളച്ചൊടിക്കുന്നുവന്നതിന്റെയും പ്രചരിപ്പിക്കുന്നുവന്നതിന്റെയും ഒരു ഉദാഹരണമാണിത്. ആഫ്രിക്കയിൽ ഗാന്ധി പ്രവർത്തിച്ചത് അവിടുത്തെ കറുത്ത വർഗ്ഗക്കാരനുവേണ്ടിയായിരുന്നില്ല മറിച്ച് സവർണ്ണരായ ഇന്ത്യക്കാർക്കുവേണ്ടി (as per Gandhi’s opinion 'Clean Indians') മാത്രമാണ്‌. അന്നോളം ഇന്ത്യൻ വരേണ്യ വർഗ്ഗത്തിന്‌ കറുത്ത വർഗ്ഗക്കാരേക്കൾ ഉയർന്ന സ്ഥാനമാണ്‌ വെള്ളക്കാരുടെ ഇടയിലന്നായിരുന്നു ഗാന്ധി വിശ്വസിച്ചിരുന്നത്. തീവണ്ടിമുറിയിയിൽ നിന്നും പുറത്താക്കപ്പെട്ട സംഭവത്തോടയാണ്‌ ഗാന്ധിക്ക് ഭാരതീയനും കറുത്ത വർഗ്ഗക്കാരനും ബ്രിട്ടീഷുകാരുടെ മുന്നിൽ തുല്യ സ്ഥാനമാണുള്ളതന്ന ബോധോദയം ഉണ്ടായത്. അന്നുമുതൽ ഇന്ത്യക്കാർക്കു വെള്ളക്കാരോടൊപ്പം തീവണ്ടിയിൽ സഞ്ചരിക്കാനുള്ള സ്വാതന്ത്യത്തിനുവേണ്ടി മാത്രമാണ്‌ ഗാന്ധി ശ്രമിച്ചത്. മറിച്ച് കറുത്ത വർഗ്ഗക്കാർക്ക് അതിനുള്ള സ്വാതന്ത്യം വേണമന്ന് ഗാന്ധി ഒരിക്കൽ പോലും വാദിച്ചിട്ടില്ല.

സൗത്താഫ്രിക്കൻ സർക്കാർ ഇന്ത്യക്കാർക്ക് വെള്ളക്കാരോടൊപ്പം തീവണ്ടിയിൽ സഞ്ചരിക്കനുള്ള സ്വാതന്ത്യം അനുവദിച്ചപ്പോൾ 'ഇന്ത്യന്‍ ഒപ്പീനിയൻ' എന്ന സ്വന്തം പത്രത്തില്‍ ഗാന്ധി ഇങ്ങനെ എഴുതി "Thanks to the Court's decision, only clean Indians or colored people other than Kaffirs, can now travel in the trains." Clean Indians എന്നതുകൊണ്ട് ഗാന്ധി ഉദ്ദേശിച്ചത് സവർണ്ണരായ ഇന്ത്യക്കാർ എന്നു മാത്രമാണന്ന് പിന്നീടുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ നിന്നും വ്യക്തമാണ്‌.‌ അതായത് ഗാന്ധിക്ക് ഇന്ത്യക്കരെപോലും വർഗ്ഗീകരിച്ച് വിവേചനത്തോടെ മാത്രമേ കാണാൻ കഴിഞ്ഞിരുന്നുള്ളൂ. മാത്രമല്ല എന്നും ഇന്ത്യക്കാരയും തദ്ദേശീയരായ കറുത്ത വർഗ്ഗക്കാരേയും രണ്ടായി പരിഗണിക്കണം എന്നതായിരുന്നു ഗാന്ധിയുടെ ആവശ്യം. ഡർബൻ പോസ്റ്റാഫീസിൽ വെള്ളക്കാർക്കുവേണ്ടി ഒരു കവാടവും കറുത്ത വർഗ്ഗക്കാർക്കും ഇന്ത്യക്കാർക്കും വേണ്ടി മറ്റൊരു പ്രത്യേക കവാടവുമായിരുന്നു ഉണ്ടായിരുന്നത്. ആ രണ്ടുകവാടങ്ങൾ ഒന്നാക്കി തുല്യ സ്വാതന്ത്യം സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നതിനു പകരം എരിതീയിൽ എണ്ണ ഒഴിക്കും വിധം ഇന്ത്യക്കാർക്കു വേണ്ടി മൂന്നാമത് ഒരു കവാടം കൂടി സ്ഥാപിച്ചെടുത്ത് സൗത്താഫ്രിക്കയിലെ വർഗ്ഗ വിവേചനത്തെ രൂക്ഷമാക്കുകയാണ്‌ ഗാന്ധി ചെയ്തത്.

ഒരിക്കലും ഗാന്ധിക്ക് കറുത്ത വർഗ്ഗക്കാരെ ഇഷ്ടമായിരുന്നില്ല. ഇരുപത്തൊന്നു വർഷക്കാലം സൗത്താഫ്രിക്കയിലുണ്ടായിരുന്ന ഗാന്ധിയുടെ നൂറുകണക്കിന്‌ ചിത്രങ്ങളിലൊന്നിൽ പോലും ഒരു കറുത്ത വർഗ്ഗക്കാരന്റെ മുഖം ആർക്കും ഇന്നോളം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ അർത്ഥം ഗാന്ധി അത്രത്തോളം കറുത്ത വർഗ്ഗക്കാരെ വെറുത്തിരുന്നു എന്നാണ്‌. ആഫ്രിക്കന്‍ നാഷണല്‍ കോൺഗ്രസിന്റെ ആദ്യകാല പ്രവർത്തകരും ഗാന്ധിയുടെ സമകാലികരും ആയിരുന്ന Solomon Platjee, Walter Rubusana, John Tengo Jabavu, John. L. Dube തുടങ്ങിയവരെ കുറിച്ച് ഗാന്ധി അദ്ദേഹത്തിന്റെ ഒരു ലേഖനത്തിലും പറഞ്ഞിട്ടില്ല. കറുത്ത വർഗ്ഗക്കാരെ ജീവിതാന്ത്യം വരെയും സംസ്കാര ശൂന്യരായ ജന്തുക്കളായ് മാത്രമേ അദ്ദേഹത്തിന്‌ കാണാൻ കഴിഞ്ഞിരുന്നുള്ളൂ. ഇന്ത്യക്കാർ കറുത്ത വർഗ്ഗക്കാരേക്കാൾ ശ്രേഷ്ടരാണന്നായിരൂന്നു എന്നും അദ്ദേഹത്തിന്റെ മതം. ഗാന്ധി കറുത്ത വർഗ്ഗക്കാരെ കണ്ടിരുന്നത് എങ്ങനെയന്ന് ഗാന്ധിതന്നെ എഴുതിയിരിക്കുന്നതു കാണാം.

The cell was situated in the Native quarters and we were housed in one that was labelled “For Colured Debtors”. It was this experience for which we were perhaps all unprepared. We had fondly imagined that we would have suitable quarters apart from the Natives. As it was, perhaps, it was well that we were classed with the Natives. We would now be able to study the life of native prisoners, their customs and manners. I felt, too, that passive resistance had not been undertaken too soon by the Indian community. Degradation underlay the classing of Indians with Natives. The Asiatic Act seemed to me to be the summit of our degradation. It did appear to me, as I think it would appear to any unprejudiced reader, that it would have been simple humanity if we were given special quarters. The fault did not lie with the gaol authorities. It was the fault of the law that has made no provision for the special treatment of Asiatic prisoners. Indeed, the Governor of the gaol tried to make us as comfortable as he could within the regulations. The chief warder, as also the head warder, who was in immediate charge of us, completely fell in with the spirit that actuated the Governor. But he was powerless to accommodate us beyond the horrible din and the yells of the Native prisoners throughout the day and partly at night also. Many of the Native prisoners are only one degree removed from the animal and often created rows and fought among themselves in their cells. The Governor could not separate the very few Indian prisoners (It speaks volumes for Indians that among several hundred there were hardly half a dozen Indian prisoners) from the cells occupied by Native prisoners. And yet it is quite clear that separation is a physical necessity. So much was the classification of Indians and other Asiatics with the Natives insisted upon that our jumpers, which being new were not fully marked, had to be labelled “N”, meaning Natives. How this thoughtless classification has resulted in the Indians being partly starved will be clearer when we come to consider the question of food.

Gandhi said on September 26, 1896 about the African people: "Ours is one continued struggle sought to be inflicted upon us by the Europeans, who desire to degrade us to the level of the raw Kaffir, whose occupation is hunting and whose sole ambition is to collect a certain number of cattle to buy a wife, and then pass his life in indolence and nakedness."
(Collected Works of Gandhi, Vol. I, pp. 409-410)

Again in an editorial on the Natal Municipal Corporation Bill, in the Indian Opinion of March 18, 1905, Gandhi wrote: "Clause 200 makes provision for registration of persons belonging to uncivilized races (meaning the local Africans), resident and employed within the Borough.

In the Indian Opinion of September 4, 1904, Gandhi wrote: "Under my suggestion, the Town Council (of Johannesburg) must withdraw the Kaffirs from the Location. About this mixing of the Kaffirs with the Indians I must confess I feel most strongly. It think it is very unfair to the Indian population, and it is an undue tax on even the proverbial patience of my countrymen."

ഗാന്ധിയുടെ കാലഘട്ടത്തിൽ Kaffir എന്നത് കറുത്ത വർഗ്ഗക്കാരെ വിളിക്കാൻ പരക്കെ ഉപയോഗിക്കപ്പെട്ടിരുന്ന വാക്കാണന്നും അതിന്‌ കാലാന്തരത്തിൽ അർത്ഥ പരിണാമം സംഭവിച്ച് ഇന്നത്തെ അർത്ഥ വ്യാപ്തിയിലേക്കെത്തിയതാണന്നും ഒരു വാദം നിലനിൽക്കുന്നുണ്ട്. എന്നാൽ 'Only one degree removed from the animal' എന്ന വിശേഷണത്തിലൂടെ ഗാന്ധി എന്താണ്‌ അർത്ഥമാക്കിയതന്നും, കറുത്ത വർഗ്ഗക്കാരോട് ഗാന്ധിക്കുണ്ടായിരുന്ന വെറുപ്പും വർണ്ണ വിവേചനവും എത്രത്തോളമുണ്ടായിരുന്നു എന്നും മനസ്സിലാക്കാൻ അതിബുദ്ധിയുടെ ആവശ്യമുണ്ടന്ന് തോന്നുന്നില്ല. ആഫ്രിക്കയിലെ കറുത്ത വർഗ്ഗക്കാരോട് ഗാന്ധിക്കുണ്ടായിരുന്ന അതേ മനോഭാവം തന്നയായിരുന്നു ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ബ്രാഹ്മണ്യം പടിക്കു പുറത്ത് നിർത്തിയ അധഃക്യതനോടുമുണ്ടായിരുന്നത്. ശ്രീനാരയണ ഗുരുവും ഗാന്ധിയും തമ്മിലുണ്ടായ ആശയപരമായ സംഘട്ടനത്തിന്റെ അടിസ്ഥാനവും അധഃക്യതനോട് അദ്ദേഹം വച്ചു പുലർത്തിയിരുന്ന മനോഭാവത്തിൽ നിന്നും ഉടലെടുത്തതാണ്‌. ഗാന്ധിയെപറ്റി ഇനിയും എന്തല്ലാം അറിയാനുണ്ടാവും. എന്നാൽ ഇതുകൊണ്ടൊന്നും ഗാന്ധിയുടെ മഹത്വം കുറയുന്നില്ല. ഒരാൾക്ക് എല്ലായ്പോഴും ഒരുപോലെ ആയിരിക്കാൻ കഴിയില്ല. എല്ലാവരിലെയും എന്നപോലെ ഗാന്ധിയിലും ഒരുപാട് പരിണാമങ്ങൾ സംഭവിച്ചിട്ടുണ്ട്.

ഒരു മഹാനും ലോകം മുഴുവൻ നന്നാക്കാനാവില്ല. പക്ഷേ ലോകം മുഴുവൻ നന്നാവാൻ ആഗ്രഹിക്കുന്നവനാണ്‌ മഹാത്മാവ്‌. മതത്തെയും ജാതി വ്യവസ്ഥയെയും മുറുകെ പിടിച്ചുകൊണ്ട് ഒരു മഹാനും സാമൂഹത്തിൽ മാറ്റങ്ങളുണ്ടാക്കാനാവില്ല. മതത്തെ രാഷ്ട്രീയവുമായി കൂട്ടികലർത്തി കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള സാഹചര്യത്തിന്‌ ഇന്ത്യയിൽ അടിത്തറയിട്ടത് ഗാന്ധിയാണ്‌. അതുകൊണ്ടുതന്നെ ലോകത്തിലെ മറ്റ് പല ദരിദ്ര രാജ്യങ്ങളും യുക്തിബോധത്തിന്റെയും സംസ്കാരത്തിന്റെയും സമൂഹികമാറ്റത്തിലേക്ക് പോയപ്പോൾ ഇന്ത്യ മതഭ്രാന്തിന്റെ സൈകതതട്ടുകളിലേക്ക് സഞ്ചരിച്ചു. ഗാന്ധിയുടെ ഈ നിലപാടുകൾ അധികാരത്തിന്റെ ലഹരി കൈവെടിഞ്ഞ്, ഓരോ പൗരനേയും വ്യക്തിപരമായ് പങ്കു ചേർക്കുകയും ചുമതലപ്പെടുത്തുകയും ചെയ്യുന്ന ജനായത്ത രാഷ്ടീയതന്ത്രം ഇന്ത്യയിൽ വളർത്തിയെടുക്കുന്നതിനു പകരം നേതാക്കൾക്ക് അതിമാനുഷികമായ പ്രതിഛായ നൽകി ഭാരതത്തിന്റെ ഭാഗധേയ നിർണ്ണയം ഒരു കുടുംബത്തിനു മാത്രമായ് തീറെഴുതികൊടുക്കുന്ന സാഹചര്യത്തിലേക്ക് കൊണ്ടെത്തിച്ചു. ഇത് ലോകത്തിലെ ദരിദ്ര നാരായൺ‍മാരായിരുന്ന രാജ്യങ്ങൾ വികസനത്തിന്റെ അത്യുംഗങ്ങളിലേക്ക് കുതിച്ചു ചാടിയപ്പോൾ ഇന്ത്യ നൂറ്റാണ്ടുകളോളം പിന്നോട്ട് പോകാനുള്ള സാഹചര്യമൊരുക്കി. സ്വാതന്ത്യം പങ്കുവച്ച് ഒരു അർദ്ധ രാത്രിയിൽ ഇന്ത്യയെ വെട്ടിമുറിക്കുമ്പോഴും തൊട്ടുകൂടാത്തവനന്നും തീണ്ടികൂടാത്തവനന്നും പറഞ്ഞ് ഒരുകാതം അകലെ നിർത്തിയിരുന്ന അധസ്ഥിതരായ അടിസ്ഥാന വർഗ്ഗത്തിനുവേണ്ടി ഇരന്നു വാങ്ങാൻ ഒരു അംബേക്കറില്ലായിരുന്നങ്കിൽ ഇന്ത്യയുടെ മുഖം ഇന്ന് അതിഭീകരമായിരുന്നേനെ. ഒരു മനുഷ്യായുസ്സുകൊണ്ട് ഒരുവനു ചെയ്യാവുന്നതിന്‌ പരിധിയുണ്ട്. പക്ഷേ ഒരു ജനതയെ അടിസ്ഥാന വർഗ്ഗമായ് നിലനിർത്താനുള്ള സാഹചര്യമുണ്ടാക്കുമാറ് ജാതീയതയെ വളർത്തിയെടുക്കുകയും പ്രീണിപ്പിച്ചും ചൂഷണം ചെയ്തും കൂടെ നിർത്തി എന്നത് കരണീയമായ് കരുതാനാവില്ല. ഇങ്ങനെയൊക്ക ആയാലും എടുത്തുപറയാൻ നമുക്ക് മറ്റൊരു നേതാവില്ലാത്തിടത്തോളം ഭാരതത്തിന്റെ ചരിത്രത്തിൽ ഗാന്ധിയുടെ പ്രാധാന്യം കുറയുന്നില്ല. പക്ഷേ വിമർശനങ്ങൾക്ക് സാംഗത്യമില്ലാത്ത ഒരു മഹാനാണ്, ക്രിസ്തുവോളമോ, ഗൗതമ ബുദ്ധനോളമോ സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും പര്യായമാ എല്ലാം തികഞ്ഞ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഗാന്ധി എന്ന് അംഗീകരിക്കാനാവില്ല. വിമർശനങ്ങൾകൊണ്ട് തകർത്തുകളയാവുന്ന ഒരു വിഗ്രഹമല്ല ഗാന്ധി. എങ്കിലും സത്യങ്ങൾ സത്യങ്ങളല്ലാതാകുന്നില്ല. അസാധാരണത്വമുള്ള ഒരു സാധാരണ മനുഷ്യനായ് ഒരു നാണയത്തിന്റെ രണ്ടുപുറങ്ങൾ പോലെ തറ്റും ശരിയും ചെയ്തു കടന്നുപോയ ഒരു വ്യക്തിത്വമാണത്. അവസാന നാളുകളിൽ ആ തിരിച്ചറിവ് അദ്ദേഹത്തെ വേട്ടയാടിയിരുന്നു. ജാതി വ്യവസ്ഥയെ സർ‍വ്വ ശക്തിയുമെടുത്ത് വളർത്തികൊണ്ട് വർഗ്ഗീയതയെ എതിർക്കാൻ കഴിയില്ലായിരുന്നു വന്നും, രാഷ്ട്രീയത്തിൽ മതത്തെ ചൂഷണം ചെയ്യാൻ പാടില്ലായിരുന്നുവന്നും അദ്ദേഹം മനസ്സിലാക്കിയപ്പൊഴേക്കും വൈകിപോയിരുന്നു. ഇല്ലങ്കിൽ ഒരു പാതിരാത്രിയിൽ സംസ്കാരങ്ങളുടെ കളിതൊട്ടിലായിരുന്ന ഒരു മഹാരാജ്യം മതത്തിന്റെ പേരിൽ വെട്ടിമുറിക്കുന്നത് കാണേണ്ടി വന്നപ്പോൾ, എന്തേ എന്റെ അഹിംസയുടെ മന്ത്രം ഫലിക്കാതെ പോയി എന്ന് ഗാന്ധിക്ക് സ്വയം ചോദിക്കേണ്ടി വരില്ലായിരുന്നു.

മിത്തുകളേയും മഹാന്മാരേയും ചോദ്യം ചെയ്യാൻ ആരും ധൈര്യം കാണിക്കാറില്ല. സിനിമയേയും പുസ്തകങ്ങളേയും അധികാരമുപയോഗിച്ച് നിരോധിക്കുകയും പത്രസ്വാതന്ത്യത്തിന്‌ കത്തിവയ്ക്കുകയും ചെയ്യുന്ന നാട്ടിൽ വിമർശനങ്ങൾ മാത്രം പ്രതീക്ഷിച്ചുകൊണ്ട് .

2010-06-21

ഫാദർ ഡേവിസ്-ഹ്യദയത്തിൽ ദൈവ്വത്തിന്റെ കൈയ്യൊപ്പുള്ള നല്ല ഇടയൻ  

എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു, ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; എന്റെ ഈ സഹോദരന്മാരിൽ ഒരുത്തനു നിങ്ങൾ ചെയ്തിടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. വിശക്കുന്നവന്‌ ആഹാരം കൊടുത്തപ്പോൾ എന്റെ വയറുനിറഞ്ഞു. ദാഹമുള്ളവന്‌ വെള്ളം കൊടുത്തപ്പോൾ എന്റെ ദാഹവും തീർന്നു. രോഗിയെ ശുശ്രൂഷിച്ചപ്പോൾ ഞാൻ ധന്യനായി. ദാനമാണ്‌ കർമ്മം എന്ന് ഞാൻ സത്യമായും നിങ്ങളോട് പറയുന്നു. (മത്തയി 40:25:35-45)

ഫാദർ ഡേവിസ് ചിറമ്മലിനെ എത്രപേർ അറിയും? മനുഷ്യനെ മതത്തിന്റെയും വർഗ്ഗത്തിന്റെയും വർണ്ണത്തിന്റെയും കണ്ണിലൂടെ കാണുന്ന മതമൗലിക വാദികൾ അറിഞ്ഞിരിക്കേണ്ട ഒരു നല്ല മനുഷ്യ സ്നേഹിയാണ്‌ ഫാദർ ഡേവിഡ്. ജാതീയതയുടെ മതിൽ കെട്ടുകൾ തീർത്ത് മനുഷ്യൻ മനുഷ്യനെ ചുട്ടുകൊല്ലുമ്പോൾ മതത്തിനതീതമായ ദാനകർമ്മത്തിലൂടെ യഥാർത്ഥ ദൈവ്വ ദാസനായ് മാറിയ നല്ല ഇടയനാണ്‌ ഫാദർ ഡേവിസ്. ദാനമില്ലാത്ത ലോകത്ത് സ്വന്തം ജീവൻ തന്നെ ദാനം ചെയ്യാൻ തയ്യാറായാണ്‌ ഫാദർ ഡേവിഡ് ദൈവ്വ വഴികളിൽ സഞ്ചരിക്കുന്നത്. സഹോദരനുവേണ്ടി സ്വന്തം ജീവൻ പരിത്യജിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലന്ന് ദൈവ്വ ദാസൻ തന്റെ പ്രവർത്തികളിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്നു.

ത്യശൂർ ജില്ലയിലെ വാടനപള്ളിയിൽ ഇലക്ട്രീഷ്യനായ ഗോപിനാഥൻ ഭാര്യയും രണ്ടു കുട്ടികളുമുള്ള ഒരു സാധാരണക്കാരനാണ്‌. സന്തോഷത്തോടെ കുടുംബ ജീവിതം നയിച്ചിരുന്ന ഗോപിനാഥന്‌ ഒരു പനിയെ തുടർന്ന് വ്യക്ക രണ്ടും തകരാറിലായി. ജീവിതം തനിക്കു മുന്നിൽ ഇല്ലാതാകുന്നത് അയാളറിഞ്ഞു. മരുന്നുകൾ കൊണ്ട് ഫലമില്ലാതെ വന്നപ്പോൾ പിന്നെ ഒരു മാർഗ്ഗമേ ഉണ്ടായിരുന്നുള്ളൂ. ആഴ്ചയിൽ രണ്ടും മൂന്നും ഡയാലിസിസ്. ചികിൽസക്കായ് കൈയ്യിൽ ഉണ്ടായ സമ്പാദ്യം മുഴുവൻ ചിലവിട്ട ഗോപിനാഥന്‌ താങ്ങാവുന്നതിനപ്പുറമായിരുന്നു ഡയാലിസിസിനുള്ള ചിലവുകൾ. വ്യക്ക മാറ്റിവയ്ക്കാത്തിടത്തോളം തനിക്കു മുന്നിൽ ഒരു ജീവിതമില്ലന്ന് തിരിച്ചറിഞ്ഞ ഗോപിനാഥൻ തന്റെ മക്കളുടെയും കുടുംബത്തിന്റെയും ഭാവിയോർത്ത് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചുറച്ചു. പക്ഷേ ഗോപിനാഥനെ ദൈവ്വം കൈവിട്ടില്ല. വിവരങ്ങളറിഞ്ഞ് നാട്ടുകാരും സുഹ്യത്തുക്കളും ഗോപിനാഥന്റെ സഹായത്തിനെത്തി. ഗോപിനാഥന്റെ ചികിൽസാ ഫണ്ടിലേക്ക് നാട്ടുകാർ ഉദാരമായ് പണം നിക്ഷേപിച്ചു. ദിവസങ്ങൾക്കുള്ളിൽ ഫാദർ ഡേവിസിന്റെ നേത്യത്വത്തിൽ പത്തുലക്ഷത്തോളം രൂപ പിരിച്ചെടുത്തു. ഗോപിനാഥന്റെ വ്യക്ക മാറ്റിവെയ്ക്കുക. ഗോപിനാഥന്റെ സുഹ്യത്തുക്കൾ ദാദാവിനെ കണ്ടെത്തി വ്യക്ക വാങ്ങാനുള്ള ശ്രമം ആരംഭിച്ചു. ഇതറിഞ്ഞ ഫാദർ ഡേവിസ് ഒരു നിർദ്ദേശം മുന്നോട്ട് വച്ചു. വിലകൊടുത്ത് വ്യക്ക വാങ്ങുന്നത് തന്റെ കാഴ്ചപാടുകൾക്ക് എതിരാണന്നു മാത്രമല്ല അത് വ്യക്ക മാഫിയാ സംഘങ്ങളെ സഹായിക്കൽകൂടിയാണ്‌. അതിനാൽ ഗോപിനാഥന്‌ തന്റെ വ്യക്ക കൊടുക്കാൻ താൻ തയ്യാറാണന്ന് ഫാദർ അറിയിച്ചു.

കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ വച്ചു. ചിലർ ഫാദറിന്‌ ഭ്രാന്താണന്ന് പറഞ്ഞു പരിഹസിച്ചു. ഇടവകയിലെ അടുത്ത സുഹ്യത്തുക്കളിൽ പലരും സ്നേഹത്തോടെ ചോദിച്ചു ഒരു ഹിന്ദുവിന്‌ വെറുതേ വ്യക്ക ദാനം ചെയ്യേണ്ടതുണ്ടോ? എന്നാൽ ഫാദർ ഡേവിസിന്റെ മനസ്സിൽ ഹിന്ദുവോ ക്യസ്ത്യനോ ഉണ്ടായിരുന്നില്ല. ഗോപിനാഥൻ എന്ന സഹോദരൻ മാത്രമായിരുന്നു. എങ്ങനെയും ഗോപിനാഥന്‌ ജീവിതം തിരികെ കൊടുക്കുക. അതുമാത്രമേ ഫാദർ ഡേവിസ് ചിന്തിച്ചിരുന്നുള്ളൂ. സെപ്റ്റംബർ മുപ്പതിന്‌ ലേക്‌ഷോർ ഹോസ്പിറ്റലിലെ ഓപ്പറേഷൻ ടേബിളിൽ കിടക്കുമ്പോൾ ഫാദർ ഡേവിസിന്റെ ആശങ്കയും പ്രാർത്ഥനയും അദ്ദേഹത്തിന്റെ ജീവനെകുറിച്ചോർത്തായിരുന്നില്ല മറിച്ച് ദാനം ചെയ്യുന്ന വ്യക്ക ഗോപിനാഥനിൽ മാറ്റിവക്കാൻ ഒരു തടസ്സവും ഉണ്ടാകരുതേ എന്നതായിരുന്നു. ഫാദർ ഡേവിന്റെ പ്രാർത്ഥനപോലെ ലേക്‌‍ഷോർ ഹോസ്പിറ്റലിലെ വിദഗ്ധരായ ഡോക്ടർമാർ ഫാദർ ഡേവിസിന്റെ വ്യക്ക ക്രയാറ്റിൻ ലെവൽ പതിനാറുവരെ എത്തി മരണത്തിന്റെ നിഴലിലായിരുന്ന ഗോപിനാഥനിൽ വിജയകരമായ് തുന്നിചേർത്തു. വിലപിടിപ്പുള്ളതായ് ഫാദർ ഡേവിസിനുണ്ടായിരുന്ന കാർകൂടി വിറ്റിട്ടാണ്‌ ശസ്ത്രക്രിയയുടെ ആവശ്യത്തിനുള്ള പണം കണ്ടെത്തിയതന്നറിയുമ്പോൾ മനസ്സിന്റെ വിശാലത ഊഹിക്കാൻ കഴിയും.

ഒരു ഹിന്ദുവിന്‌ തന്റെ വ്യക്ക ദാനം ചെയ്തതിലൂടെ ഫാദർ സഭയുടെ യശസ്സുയർത്തി എന്ന് പറയുന്ന സുഹ്യത്തുക്കളോടും ഇടയജനതയോടും ഒരു ചെറു പുഞ്ചിരിയോടെ ഫാദർ ഡേവിസ് പറയും അത് ഹിന്ദു സഹോദരനല്ല മനുഷ്യ സഹോദരനാണ്‌. അരമനകളിലേയും കന്യാസ്ത്രീ മഠങ്ങളിലേയും നിന്ദിതരേയും പീഡിതരേയും ശുശ്രൂഷിക്കുന്ന, ആർക്കും വേണ്ടാത്ത ജനസമൂഹങ്ങളുടെ ഉന്നമനത്തിനായ് പ്രവർത്തിക്കുന്ന ആയിരങ്ങളിൽ ഒരാൾ മാത്രമാണ്‌ ഫാദർ ഡേവിസങ്കിലും സ്വന്തം വ്യക്ക ദാനം നൽകി ഒരു മനുഷ്യജീവന്‌ പ്രത്യാശപകർന്ന ഫാദർ വേറിട്ട ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ്‌. ഹ്യദയത്തിൽ ദൈവ്വത്തിന്റെ സ്വന്തം കൈയ്യൊപ്പുള്ള ഒരു യഥാർത്ഥ ഇടയൻ.
.

2010-06-15

സ്വവർഗ്ഗാനുരാഗത്തിന്റെ ചരിത്രവും മതങ്ങളുടെ ഇടപെടലുകളും  

തൊട്ടാല്‍ പൊള്ളുന്ന വിഷയമാണ് സ്വവര്‍ഗ്ഗ പ്രണയം. അതുകൊണ്ടുതന്നെ സ്വവര്‍ഗ്ഗാനുരാഗം അധികമാരും ചര്‍ച്ച ചെയ്യപ്പെടാതെ മുഖ്യധാരാ മാധ്യമങ്ങൾ പോലും ഒരടി അകലം സൂക്ഷിക്കുന്ന വിഷയമാണ്. നമ്മുടെ പട്ടണങ്ങൾ സ്വവർഗ്ഗാനുരാഗികളേയും സ്വവർഗ്ഗ രതിക്കാരേയും കൊണ്ട് നിറയുമ്പോൾ വിഷയത്തെ കാര്യമാത്രപ്രസക്തമായ് കാണാതിരിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കും പോലെയാണ്‌. പ്രക്യതി വിരുദ്ധമന്നും അപകടകരമന്നും വിധിയെഴുതി നിയമം കൊണ്ടും സാമൂഹികമായ ഒറ്റപ്പെടുത്തൽ കൊണ്ടും സ്വവർഗ്ഗ രതിക്കാരെ ഒരു തീണ്ടാപാടകലെ നിർത്തുമ്പോൾ അരോഗ്യകരമല്ലാത്ത ഒരു സമൂഹത്തെ നാം വളർത്തിയെടുക്കുകയല്ലേ ചെയ്യുന്നത്?. സ്വവർഗ്ഗാനുരാഗവും സ്വവർഗ്ഗ രതിയും മനുഷ്യന്‌ പുത്തരിയില്ല. മനുഷ്യന്‍ ഉണ്ടായകാലം മുതല്‍ സ്വവര്‍ഗ്ഗാനുരാഗവും ഉണ്ടായിരുന്നു എന്നുവേണം അനുമാനിക്കാൻ. മനുഷ്യൻ കണ്ടെത്തിയ തെളിവുകൾ നിഗമനത്തിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്.

ഇന്നുള്ളതിൽവച്ച് സ്വവര്‍ഗാനുരാഗത്തെപ്പറ്റി ഏറ്റവും പ്രാചീനമായ തെളിവ് ഈജിപ്‌റ്റില്‍ നിന്നാണ് ലഭിച്ചിരിക്കുന്നത്. രണ്ടു പുരുഷന്‍‌മാര്‍ പരസ്‌പരം ചുംബിക്കുന്ന ഒരു ചിത്രം. ആ ചിത്രത്തിന്ന് 4500-ലധികം വര്‍ഷത്തെ പഴക്കമുണ്ടന്ന് കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും മധ്യ കാലഘട്ടത്തിന് ശേഷമായിരിക്കണം സ്വവര്‍ഗാനുരാഗം കൂടുതല്‍ വ്യാപകമായത് അല്ലങ്കിൽ വ്യാപകമായ് സമൂഹം അംഗീകരിച്ചു തുടങ്ങിയതന്നു വേണം അനുമാനിക്കാന്‍. എന്നാൽ സമൂഹത്തില്‍ സ്വവര്‍ഗ്ഗാനുരാഗത്തിന് കൂടുതല്‍ അംഗീകാരം ലഭിച്ചത് ആധുനിക സമൂഹത്തിലാണ്. യാന്ത്രിക സമൂഹത്തില്‍ ആധുനിക മനുഷ്യന്‍ സ്നേഹവും പ്രണയവും ലൈംഗികതയുമൊക്കെ പുനഃര്‍നിര്‍വ്വചിക്കപ്പെട്ടപ്പോള്‍ സ്വവര്‍ഗാനുരാഗത്തിനും കൂടുതല്‍ അംഗീകാരം ലഭിച്ചു. ഇന്ന് ലോകത്തിലെ ഏതാണ്ട് 20-ലധികം രാജ്യങ്ങളിലും അവിടുത്തെ മിലട്ടറി ബാരക്കുകളിലും സ്വവര്‍ഗ്ഗാനുരാഗവും സ്വവര്‍ഗ്ഗരതിയും നിയമപരമായ് അനുവദനീയമാണ്. കടുത്ത മത മൗലികവാദികളും മതാധിപത്യവും കൊടികുത്തി വാഴുന്ന ഇന്ത്യയിലും സ്വവര്‍ഗ്ഗ പ്രണയത്തെ നിയമവിധേയമാക്കാനുള്ള പ്രാരംഭ നടപടികള്‍ കൈകൊണ്ടുകഴിഞ്ഞു. സ്വവര്‍ഗാനുരാഗികള്‍ക്ക് സ്വാതന്ത്ര്യം നൽകി കൂടുതല്‍ സ്വതന്ത്രമായ ഒരു സാമൂഹ്യവ്യവസ്ഥയിലേക്ക് ഇന്ത്യ കാലെടുത്ത് കുത്തുകയാണ്.

പുരുഷന്മാര്‍ക്കിടയിലെ സ്വവര്‍ഗരതി ആധുനികസമൂഹത്തിന്റെ പ്രശ്‌നമൊന്നുമല്ല. ലോകത്തിലെ പല പ്രാചീന സംസ്കാരങ്ങളിലും സ്വവര്‍ഗ്ഗ പ്രണയം അംഗീകരിക്കപ്പെട്ടിരുന്നു. കത്തോലിക്കാ സഭയുടെ ആസ്ഥാനമായ ഗ്രീസില്‍ സ്വവര്‍ഗ്ഗ പ്രണയവും സ്വവര്‍ഗ്ഗ രതിയും അനുവദനീയമായിരുന്നു. ജപ്പാനിലെ സമുറായ് വര്‍ഗക്കാരിലും ആഫ്രിക്കയിലെ ചില ഗോത്രങ്ങളിലും, പോളിനേഷ്യന്‍ ഗിരിവര്‍ഗക്കാര്‍ക്കിടയിലും ഇത്തരം സ്വവര്‍ഗപ്രേമത്തിന് ഇന്നും സമൂഹത്തിന്റെ അംഗീകാരമുണ്ട്. സുഹൃത്തുക്കളിലാരൊടങ്കിലും ലൈംഗികസൗഹൃദം കാണിക്കുന്നത് ക്ഷിണഅമേരിക്കയിലെ പല ഗോത്രങ്ങളും അനുവദിച്ചിരുന്നു. അറബികള്‍ക്കിടയിലും സ്വവര്‍ഗപ്രേമം സാധാരണമാണ്. സ്ത്രീകളുമായുള്ള ബന്ധം ഗൃഹാന്തരീക്ഷം നിലനിര്‍ത്താനും‍, സ്വവര്‍ഗ്ഗരതി മാനസിക, ശാരീരികസുഖത്തിനും എന്നതായിരുന്നു അറബികളുടെ മതം. യവനസാഹിത്യത്തിലും ഭാരതീയപുരാണങ്ങളിലും, ഖുജുരാഹോ, അജന്ത, എല്ലോറ തുടങ്ങിയ പല ഗുഹാ ചിത്രങ്ങളിലും സ്വവര്‍ഗരതിയുടെ ഭാഷ്യങ്ങളുണ്ട്.

ആണിനും പെണ്ണിനും നിര്‍വചിക്കപ്പെട്ട മാനസിക, ശാരീരിക ഘടനാവിശേഷങ്ങളുണ്ട്. ഇവ അടിസ്ഥാനപ്പെടുത്തിയാണ് പരസ്പരാകര്‍ഷണം, സ്ത്രീ പുരുഷ ബന്ധം, ദാമ്പത്യം എന്നീ കാര്യങ്ങളില്‍ നിയമങ്ങളും സദാചാര സംഹിതകളും സമൂഹത്തില്‍ രൂപം കൊണ്ടിട്ടുള്ളത്. സമൂഹം അംഗീകരിച്ചതും, സമൂഹത്തില്‍ പൊതുവേ കാണപ്പെടുന്നതുമായ സ്ത്രീ-പുരുഷ നിര്‍വചനങ്ങളുടെ പരിധിയില്‍പ്പെടാത്തവരാണു സ്വവര്‍ഗപ്രേമികള്‍‌‌‌‌‌ . ജീവശാസ്ത്ര പരമായ സവിശേഷതകളും മാനസികമായ ഉള്‍പ്രേരണകളും ചേർന്ന സങ്കീർണ്ണമായ അവസ്ഥാവിശേഷമാണ്‌ സ്വവര്‍ഗാനുരാഗികളെ സൃഷ്ടിക്കുന്നതെന്ന് ശാസ്ത്ര പഠനങ്ങള്‍ വിലയിരുത്തുന്നു. ഈ സവിശേഷതയെ ക്രിമിനല്‍ കുറ്റമാക്കുന്നതിനെ ഒരുതരം പ്രാകൃത തത്വമായാണു പരിഷ്കൃതസമൂഹങ്ങള്‍ കണക്കാക്കുന്നത്. ആണിന് ആണും, പെണ്ണിനു പെണ്ണും ഇണയാവുക എന്ന മാനസികാവസ്ഥയിലെത്തിപ്പെടുന്നവര്‍ക്ക്, അതിന്റെതായ ശാരീരികവും മാനസികവുമായ കാരണങ്ങളുണ്ട്. അതിനാല്‍ മതത്തിന്‍റെയോ സദാചാരത്തിന്‍റെയോ ശിക്ഷാനിയമങ്ങളുടെയോ പേരില്‍ ഇവരെ വേട്ടയാടുന്നതും ഒറ്റപ്പെടുത്തുന്നതും മാനുഷികതയല്ല.

എല്ലാ പൗരന്മാര്‍ക്കും തുല്യനീതി അടിസ്ഥാന പ്രമാണമായ് ഉറപ്പു നൽ‍കുന്ന ഇന്ത്യന്‍ ഭരണ ഘടനയില്‍ പോലും സ്വവര്‍ഗ്ഗ പ്രണയെത്തെയും സ്വവര്‍ഗ്ഗ രതിയേയും ക്രിമിനല്‍ കുറ്റമായ് കണക്കാക്കിയിരുന്നു. ഇന്ത്യ സ്വാതന്ത്യം നേടുന്ന സമയം ബ്രിട്ടീഷ്‌ നിയമത്തില്‍ നിന്നും അതേപടി പകര്‍ത്തിവെച്ച നിയമങ്ങളിലൊന്നാണ്‌ ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്‌ഷന്‍ 377. 150-ല്‍പരം വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ നിയമം കാലഹരണപ്പെട്ടതാണന്ന വാദങ്ങള്‍ കാലങ്ങളായ് നീതിപീഠത്തിനു മുന്നിലുണ്ടായിരുന്നു. ജനസംഖ്യയില്‍ ഏതാണ്ട് 0.4% വരുന്നവര്‍ സ്വവര്‍ഗ്ഗാനുരാഗികളാണന്ന് കണക്കാക്കപ്പെടുമ്പോള്‍ ജനസംഖ്യയില്‍ അത്ര ചെറുതല്ലാത്ത സ്വവര്‍ഗ്ഗാനുരാഗികളായ പൗരന്മാരോട് നിയമം വിവേചനം കാണിക്കുന്നില്ലേ എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നിരന്തരം ചോദിച്ചുകൊണ്ടേയിരുന്നു. 2009 ജൂലൈ രണ്ടിന്‌ ഡൽഹി ഹൈകോടതി പുറപ്പെടുവിച്ച ചരിത്ര പ്രധാനമായ വിധിന്യായത്തിലൂടെ സ്വവർഗ്ഗ പ്രണയം സാധാരണ ലൈംഗിക പ്രവർത്തിയായ് കണക്കാക്കുന്ന രാജ്യമായ് ഇന്ത്യ മാറികൊണ്ടിരിക്കുന്നു.

എന്നാൽ ഇന്ത്യൻ ഭരണ ഘടനയിലെ 377 വകുപ്പ് പൊളിച്ചഴുതുന്നതിൽ ചില മതസംഘടനകൾ വാളുമെടുത്ത് അങ്കത്തിന്‌ ഒരുങ്ങുന്നതിന്റെ ധാർമ്മികത എന്താണന്ന് മനസ്സിലാകുന്നില്ല. പുരാതനകാലം മുതല്‍ക്കേ പല മതങ്ങളും സ്വവര്‍ഗ്ഗാനുരാഗത്തെ ശക്തമായും എതിര്‍ത്തിരുന്നു. ക്രിസ്തുമതവും ഇസ്ലാം മതവുമാണ് സ്വവര്‍ഗ്ഗാനുരാഗത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്തിട്ടുള്ളത്. പഴയനിയമത്തില്‍ സ്വവര്‍ഗ്ഗാനുരാഗത്തെകുറിച്ച് പലയിടത്തും പരാമര്‍ശിച്ച് കാണാം. സ്വവര്‍ഗ്ഗാനുരാഗികള്‍ പെരുകിയതിനാലാണ് സോദോം, ഗോമോറ എന്നീ പുരാതന നഗരങ്ങള്‍ ദൈവ്വം നശിപ്പിച്ചതന്ന് പഴയനിയമത്തില്‍ പറയുന്നു. സ്വവര്‍ഗാനുരാഗത്തെ പാപമായാണ് ക്രൈസ്‌തവര്‍ കണക്കാക്കുന്നത്. എന്നാല്‍ മത സംഘടനകൾ ഒന്ന് അറിയേണ്ടിയിരിക്കുന്നു. ഏതെങ്കിലുമൊരു മതത്തിന്‍റെയോ സമുദായത്തിന്‍റെയോ ചട്ടക്കൂടുകള്‍ക്കുള്ളില്‍പ്പെടുന്നവര്‍ക്കു മാത്രമാണ് മതത്തിന്‍റെ ചട്ടങ്ങള്‍ ബാധകമാവുക. മതത്തിന്റെ പൊള്ളതരങ്ങളിലോ ദൈവ്വത്തിലോ വിശ്വസിക്കാത്ത പൗരന്മാർക്ക് പരസ്പരം ആശ്രയിച്ചും പൊതുസമൂഹത്തിന്‍റെ മാനദണ്ഡങ്ങള്‍ നിര്‍വചിച്ചിട്ടില്ലാത്ത ബന്ധങ്ങളില്‍ ഏര്‍പ്പെട്ടും ജീവിക്കാന്‍ ആഗ്രഹമോ അവകാശമോ പാടില്ല എന്നു വിധിക്കുവാൻ എന്തധികാരമാണുള്ളത്? അതോ ഇന്ത്യൻ ഭരണകൂടത്തെ നിയന്ത്രിക്കുന്നത് മത മേധാവികളാണന്നുണ്ടോ?

ഒരു പുരുഷന് ഒന്നിലധികം ഭാര്യമാരുണ്ടാവാമെന്നും, ഭര്‍ത്താവു മരിച്ച സ്ത്രീ വൈധവ്യത്തിന്‍റെ കാരാഗൃഹത്തില്‍ ഒറ്റപ്പെടണമെന്നുമുള്ള കല്‍പ്പനകള്‍ ശരിവയ്ക്കുകയും പ്രോൽസാഹിപ്പിക്കുകയും ചയ്യുന്ന മതനേതാക്കള്‍ സുലഭമായുള്ള നാട്ടിൽ, വിധവയ്ക്കു ശിരോമുണ്ഡനവും, ഭര്‍തൃചിതാഗ്നിയില്‍ ജീവത്യാഗവും പുണ്യമെന്നു വിധിച്ച്‌ ആചരിച്ചുപോന്ന മതനിയമങ്ങളെ, നിയമം കൊണ്ടുതന്നെ പൊളിച്ചെഴുതി ഉൽ‍മൂലനം ചെയ്ത നാടാണ്‌ നമ്മുടേതന്ന് മത നേതാക്കൾ ഓർക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
.

2009-07-28

സ്വവര്‍ഗ പ്രണയികള്‍ ഉണ്ടാകുന്നത്  

തൊട്ടാല്‍ പൊള്ളുന്ന വിഷയമാണു സ്വവര്‍ഗ അനുരാഗം. നിയമങ്ങളും സാമൂഹിക ചുറ്റുപാടുകളും എതിരായ ഒരു സമൂഹത്തില്‍, വേശ്യാവ്യത്തിയെ പ്രോല്‍സാഹിപ്പിച്ചും, അവരുടെ അവകാശ സം‌രക്ഷണങ്ങള്‍ക്കുവേണ്ടിയും എണ്ണമറ്റ സന്നദ്ധ സംഘടനകള്‍ വാദിക്കുന്ന ഒരു സമൂഹത്തില്‍, അത്മസംഘര്‍ഷത്തിന് അടിപ്പെട്ട് ദ്വൈത വ്യക്തിത്വത്തിന് ഉടമകളായ് സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നുമകന്ന് അന്തര്‍മുഖന്മാരായ് ജീവിക്കേണ്ടിവരുന്ന സ്വവര്‍ഗ്ഗ പ്രണയികള്‍ക്കു വേണ്ടി സംസാരിക്കുവാനോ, അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുവാനോ അധികം വ്യക്തികളോ സംഘടനകളൊ ഇനിയും മുന്നോട്ട് വന്നിട്ടില്ല. സ്വവ‌ര്‍ഗ പ്രണയികള്‍ക്കുവേണ്ടി സംസാരിച്ചാല്‍, അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിച്ചാല്‍, തന്നെയും അവരിലൊരാളായ് സമൂഹം മുദ്രകുത്തുമോ എന്ന ഭയമാണ് പലരേയും ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്ന ഘടകം. ഒരു പരിധിവരെ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വരെ ഈ വിഷയത്തെകുറിച്ച് ഒരു പോസ്റ്റിടുന്നതില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചിരുന്ന ഘടകവും ഇതുതന്നെ. സ്വവര്‍ഗരതി നിയമ വിധേയമാക്കണമെന്ന ഡല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് പല മതസംഘടനകളും സാമൂഹിക സംഘടനകളും അരയും തലയും മുറുക്കി മുന്നോട്ട് വന്നിട്ടുണ്ട്. സ്വവര്‍ഗാനുരാഗം പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒന്നാണന്നോ നിയമം കൊണ്ടു ശരിവയ്‌ക്കപ്പെടേണ്ടതാണന്നോ ഞാന്‍ പറയുന്നില്ല. എന്നാല്‍ ജൈവശാസ്ത്രപരമായ ഈ വൈജാത്യം തുറുങ്കിലടയ്ക്കപ്പെടേണ്ട കുറ്റമാണെന്നു വിധിക്കുന്നവര്‍, അത് ഏതു ധാര്‍മികതയുടെ പേരിലായാലും ശരിവയ്ക്കപ്പെടേണ്ട ഒന്നല്ല. എല്ലാ ജീവജാലങ്ങള്‍ക്കും ഒരേപോലെ അവകാശപ്പെട്ട ഈ ഭൂമിയില്‍ മറ്റുള്ളവര്‍ക്ക് ശല്യമാകാതെ ജീവിക്കാന്‍ സ്വവര്‍ഗാനുരാഗികള്‍ക്കും അവകാശമുണ്ട്. അതിനെ നിയമംകൊണ്ടു നേരിടുന്നത്, ആത്മഹത്യയെ ക്രിമിനല്‍ കുറ്റമാക്കുന്നതുപോലുള്ള ഒരു വിഡ്ഡിത്തം മാത്രമാണ്.

മനുഷ്യരെ മനുഷ്യരാക്കുന്നത് മനുഷ്യത്വമാണ്. ഹിംസ്രജന്തുക്കളെപോലും പരിപാലിച്ച് ജൈവ സംതുലിതാവസ്ഥ നില നിര്‍ത്താന്‍ ശ്രമിക്കുന്ന ഒരു സമൂഹം, മാറിവരുന്ന സംസ്‌ക്യതികളെയും മാറ്റങ്ങളേയും ഉള്‍ക്കൊള്ളാന്‍ കഴിവുള്ള ഒരു സമൂഹം, സ്വവര്‍ഗ പ്രണയത്തിനെതിരെ പടവാളെടുക്കുന്നതിലെ ചേതോ വികാരം എന്താണന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. മനുഷ്യരുടെ സ്വഭാവസവിശേഷതകളെ ശ്ലീലവും അശ്ലീലവും എന്ന് വേര്‍തിരിക്കാതെ പലതരത്തിലുള്ള ജൈവിക വൈശേഷ്യങ്ങളുടേയും, അവയുടെ തുടര്‍ച്ചയുമായിട്ടാണ് ആധുനിക വൈദ്യശാസ്ത്രവും നരവംശ ശാസ്ത്രവും സിദ്ധാന്തീകരിച്ചികിരിക്കുന്നത്. അങ്ങിനെ വരുമ്പോള്‍ സ്വവര്‍ഗ്ഗാനുരാഗവും സ്വവര്‍ഗ രതിയും സമൂഹത്തില്‍ നിലനില്‍ക്കുന്ന ശ്ലീലം എന്ന് നിര്‍വ്വചിക്കപ്പെട്ടിരിക്കുന്ന സമൂഹിക ചുറ്റുപാടുകളില്‍ നിന്നുള്ള ഒരു അപഭ്രംശമല്ല മറിച്ച്, ജീവശാസ്ത്രപരമായ അനേകം സ്വഭാവസവിശേഷതളില്‍ ഒന്നുമാത്രമാണ്. എന്നാല്‍ പൂരിപക്ഷം മനുഷ്യരും വലം കൈയ്യന്മാരായ് ജനിക്കുമ്പോള്‍, അതില്‍ ഒരു ന്യൂനപക്ഷം ഇടങ്കയ്യന്മാരായ് ജനിക്കുമ്പോലെ, സ്വവര്‍ഗനുരാഗവും സ്വവര്‍ഗ പ്രണയവും, ഒരു ജനിതക വാസനയാണന്നും, അതല്ല വളര്‍ച്ചയുടെ ഘട്ടാ ഘട്ടങ്ങളില്‍ പാരിസ്ഥികമായ സ്വാധീനങ്ങളുടെ ഫലമായ് ഉരുത്തിരിയുന്ന ഒരു സ്വഭാവ സവിശേഷതയാണ് എന്നും രണ്ട് അഭിപ്രായമാണ് പെതുവേ ഉയര്‍ന്നു വന്നിട്ടുള്ളത്. ഇതില്‍ ജനിതകപരമായാണ് ഒരാള്‍ സ്വവര്‍‌ഗ്ഗഭോഗിയോ സ്വവര്‍ഗാനുരാഗിയോ ആയിതീരുന്നതങ്കില്‍ ജനിതക ഘടനയില്‍ മാറ്റം വരുത്തുകയന്നത് അസാധ്യമോ ആനാവശ്യമോ ആയ ഒന്നാണ്. പാരിസ്ഥികമായ സ്വാധീനങ്ങളില്‍, ഗര്‍ഭസ്ഥ ശിശുവായിരിക്കുന്ന നാള്‍ മുതലുള്ള ചുറ്റുപാടുകള്‍, വളരുന്ന പരിസ്ഥിതി, സൗഹ്യദം മുതലുള്ള വ്യക്തിവിനിമയങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ജീവിതത്തിലെ ഒറ്റപ്പെടല്‍, ഏകാന്തത എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്തത്ര ഘടകങ്ങള്‍. എന്നാല്‍ യാഥാര്‍ത്ഥ്യം ഇവക്ക് രണ്ടിനുമിടയിലാണന്നു, അല്ലങ്കില്‍ ഇവരണ്ടിന്റെയും ഒരുമുച്ചുള്ള സ്വാധീനമോ ആണന്നാണ് വൈദ്യശാസ്ത്രത്തിന്റെ നിഗമനം. ‍.

അങ്ങിനെ വരുമ്പോള്‍ സ്വവര്‍ഗാനുരാഗം എന്നത് ഒരു വ്യക്തിയുടെ മാനസിക വ്യാപാരമാണന്നോ, മാനസികാവസ്ഥയാണന്നോ പറയുവാന്‍ കഴിയുകയില്ല. എന്താണ് സ്വവര്‍ഗ്ഗ അനുരാഗം. നിങ്ങളില്‍ ആരെങ്കിലൂം എന്നെങ്കിലും സ്വവര്‍ഗഅനുരാഗി ആയിരുന്നിട്ടുണ്ടോ? ഒരു അര്‍ത്ഥത്തില്‍ പൂരിപക്ഷത്തിലും ഇങ്ങനെ ഒരു വികാരം കാണുന്നുവന്നതാണ് മനശാസ്ത്ര മതം. പ്രത്യേകിച്ച് കൗമാര കാലഘട്ടത്തില്‍ ഇത് കൂടുതല്‍ പ്രകടമാകുന്നു. എന്നാല്‍ ഇത് ഒരിക്കലും അതിരു വിട്ട ബന്ധമായോ അല്ലങ്കില്‍ രതിയിലേക്കോ എത്തപ്പെടുന്നില്ല എന്നുമാത്രം. ഒരാള്‍ തന്റെ തന്നെ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നല്‍കുന്ന മാനസികമായ പിന്തുണ, സ്നേഹം, അടുപ്പം, വാല്‍സല്യം. വെറും സൗഹ്യദത്തില്‍ തുടങ്ങുന്ന ബന്ധങ്ങളാണ് എപ്പോഴും സ്വവര്‍ഗ പ്രണയമായ് രൂപാന്തരപ്പെടുന്നത്. തന്നെ മനസ്സിലാക്കുന്ന സുഹ്യത്ത്‍, തന്റെ കഴിവുകളേയും കഴിവുകേടുകളേയും അംഗീകരിക്കുമ്പോള്‍, സ്വന്തം വീട്ടിലും സമൂഹത്തില്‍ തന്നയും ഒറ്റപ്പെടുമ്പോള്‍, തന്റെ ചിന്തകള്‍ക്കും ചെയ്‌വനകള്‍ക്കും നല്‍കുന്ന അംഗീകാരം ഇവ ഒരേതോണിയിലെ യാത്രക്കാരന്നവണ്ണം വല്ലാതെ വലിച്ചടുപ്പിക്കുന്നു. പലപ്പോഴും ഇത്തരം ബന്ധങ്ങളാണ് അവരെ വിഷാദത്തില്‍ നിന്നും, ആത്മഹത്യയില്‍ നിന്നുപോലും പിന്തിരിപ്പിക്കുന്നത്.

എന്നും സ്വന്തം മകനെയോ മകളേയോ കോണ്‍വന്റ് സ്‌കൂളുകളിലോ, ബോര്‍ഡിങ്ങുകളിലോ നിര്‍ത്തി പഠിപ്പിക്കുക എന്നത് രക്ഷകര്‍ത്താക്കള്‍ക്ക് വലിയ അഭിമാനമാണ്. എന്നാല്‍ അവര്‍ സ്വന്തം കുഞ്ഞുങ്ങളെ ഭീതിപ്പെടുത്തുന്ന ഏകാന്തയിലേക്കും, അരക്ഷിതത്വത്തിലേക്കുമാണ് എറിഞ്ഞുകൊടുക്കുന്നത്. മാനുഷിക പരിഗണനയോ, സ്നേഹമോ ഇല്ലാത്ത വാര്‍‌ഡന്മാരുടേയും, പട്ടാളാചിട്ടകള്‍ മാത്രം പഠിപ്പിക്കുന്ന അധ്യാപകരുടേയും കീഴില്‍ വല്ലാത്ത മാനസിക സംഘര്‍‌ഷമാണ് അനുഭവിക്കേണ്ടി വരുന്നത്.

ഇത്തരം സ്‌കൂളുകള്‍ ബോര്‍‌ഡിംങ് സ്‌കൂളുകള്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന മോള്‍ഡിംങ് സ്‌കൂളുകള്‍ മാത്രമാണ്. വ്യക്തിത്വ വികസനം എന്നതിന് പകരം വ്യക്തിത്വ പാര്‍‌ശ്വീകരണവും ഹത്യകളുമാണ് നടക്കുന്നത്. ഇഷ്‌ടമുള്ള ഭാഷ പറയുവാനോ, വസ്ത്രം ധരിക്കുവാനോ, ഭക്ഷണം കഴിക്കുവാനോ എന്തിന് ഒന്ന് ഉറങ്ങുവാനോപോലുമുള്ള സ്വാതന്ത്യം നിഷേധിക്കപ്പെട്ട വ്യക്തികളായാണ് ഇവര്‍ വളര്‍ന്നു വരുന്നത്. ഒരു വശത്ത് സ്വന്തം ഇഷ്ടാനിഷ്ഠങ്ങള്‍. മറുവശത്ത് മാതാപിതാക്കളുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നു വരാനുള്ള ശ്രമം. ഇതിനു രണ്ടിനുമിടയില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന അധ്യാപകര്‍. ഇതിനിടയില്‍ ആത്മസംഘര്‍ഷത്തില്‍ വീര്‍പ്പുമുട്ടി പുളയുകയാവും അവര്‍.

മറ്റുള്ളവരുടെ ചിട്ടക്കൊത്ത് ജീവിക്കുന്ന മരപാവകളായ് മാറുകയാണ് അവര്‍. ഒരോ ദിവസങ്ങളും തുടങ്ങുന്നതും അവസാനിക്കുന്നതും മണിക്കണക്കിനാണ്. രാവിലെ അഞ്ചുമണിക്ക് അലാറാം മുഴങ്ങുമ്പൊള്‍ എഴുനേല്‍ക്കണം. ഹോം‌വര്‍ക്ക്, കുളി, പ്രഭാത ഭക്ഷണം, വസ്ത്ര ധാരണം എല്ലാറ്റിനും ബല്‍ മുഴങ്ങും. രാത്രി ഒന്‍പത് മണിക്ക് ലൈറ്റ് അണയും. ഉറക്കം വന്നാലും ഇല്ലങ്കിലും നൈറ്റ് ഡ്രസ് ധരിച്ച് കിടക്കണം. അതാണ് ചട്ടം.

ഉറക്കം വരാതെ കിടക്കുന്ന രാത്രികളില്‍ ചിന്തകള്‍ മനസ്സിനെ മഥിക്കും. ഓര്‍മ്മകള്‍, അരക്ഷിതത്വം, നിസഹായതകള്‍ ഇങ്ങനെ ഒരോന്നായി തികട്ടിവരും. അഛ്ചന്‍, അമ്മ, സഹോദരങ്ങള്‍, വീട് അങ്ങിനെ താന്‍ നഷ്ടപ്പെടുത്തുന്ന ഓരോന്നും കടന്നുവരും ചിന്തകളിലേക്ക്. ചില സമയങ്ങളില്‍ നിയന്ത്രണം വിട്ടുപോകും. ഒന്ന് ഉറക്കെ കരയണമന്നു തോന്നും. പക്ഷേ ശബ്‌ദം തൊണ്ടയില്‍ കുരുങ്ങിമരിക്കും. കരയുന്ന ശബ്‌ദം കേട്ടാല്‍ അതിനുള്ള ശിക്ഷ വേറെ വാങ്ങണം അതിനാല്‍ അടക്കി പിടിച്ച് തേങ്ങികരയും. അടുത്ത കട്ടിലില്‍ കിടക്കുന്ന സഹപാഠി അല്ലങ്കില്‍ സുഹ്യത്ത് അറിയുമ്പോള്‍ എണീറ്റ് വരും. പുതപ്പിനുള്ളില്‍ കെട്ടിപിച്ച് അല്ലങ്കില്‍ ഒരുതലോടലാല്‍ കൂട്ടിരിക്കും. ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. പിന്‍ഡ്രോപ്പ് സയലന്‍സാണ്.

പക്ഷേ ആ ഒരു തലോടല്‍, ആശ്ലേഷം അത് തരുന്ന ആശ്വാസം, വാക്കുകളാല്‍ അതു വിവരിക്കാന്‍ കഴിയില്ല. പിന്നെ എപ്പോഴങ്കിലും സ്വകാര്യതയുള്ള, മിണ്ടാന്‍ അനുവാദമുള്ള നേരത്താവും എന്തിനാണ് കരഞ്ഞത് എന്ന് ചോദിക്കുന്നത്. പലപ്പോഴും ഒന്നും മിണ്ടാതെ മറ്റെന്തിനെകുറിച്ചങ്കിലും സംസാരിക്കും. വിണ്ടും ഇതു തുടരും. പിന്നെ ഒരു ദിവസം മനസ്സു തുറക്കും. അങ്ങനെ പതുക്കെ അടുക്കും. വ്യസനിച്ചിരിക്കുമ്പോള്‍ ഹേയ് സാരമില്ലടാ എന്ന ഒരു വാക്ക്, ഒരു തലോടല്‍, ഒരു ആലിഗനം അതിന്റെ ബലത്തിലാവും പിന്നീടുള്ള ദിവസങ്ങള്‍ മുന്നോട്ട് പോകുന്നത്. പലപ്പോഴും അതില്‍ ലൈഗികതക്കായിരിക്കില്ല മുന്തൂക്കം. എന്നാല്‍ പലപ്പോഴും കെട്ടിപിടിക്കും ഉമ്മവയ്‌ക്കും, ഒരേ പുതപ്പിനുള്ളില്‍ വാര്‍ഡന്റെ കണ്ണുവെട്ടിച്ചു ആലിംഗന ബദ്ധരായ് ഉറങ്ങും. പതുക്കെ ചില ബന്ധങ്ങള്‍ ലൈംഗികതയിലേക്ക് വഴിമാറും. .

കാര്യങ്ങള്‍ ഇങ്ങനെയാകുമ്പോള്‍, ഏകാന്തത, ഒറ്റപ്പെടല്‍, സ്‌കൂളില്‍ നിന്ന് വരുമ്പോള്‍ ശൂന്യമായ വീട്, വഴക്കിടുന്ന അച്ഛനമ്മമാര്‍, കാര്‍ക്കശ്യമായ ചിട്ടകള്‍, സ്നേഹം പ്രകടിപ്പിക്കാത്ത രക്ഷിതാക്കള്‍, ബന്ധുക്കളില്‍ നിന്നും മാതാപിതാക്കളില്‍ നിന്നുമുള്ള പറിച്ചെറിയല്‍, ഇതിന്റെ ഒക്കെ ഒരു ബൈ പ്രോഡകറ്റുകൂടിയാണ് സ്വവര്‍ഗാനുരാഗികളും സ്വവര്‍ഗഭോഗികളും. ഇതിനിടയില്‍ രാത്രികാലങ്ങളില്‍ വാര്‍ഡന്മാര്‍ സ്വന്തം മുറിയിലേക്ക് കൂട്ടികൊണ്ടുപോയി അവരുടെ ഇച്ഛാനുവര്‍ത്തികളാക്കപ്പെടുന്ന കുട്ടികള്‍. അവിവാഹിതരായ ക്രിസ്ത്യന്‍ മിഷണറിമാരുടെ മേല്‍നോട്ടത്തില്‍ നടത്തികൊണ്ടുപോകുന്ന ബോയ്സ് ഹോസ്റ്റലുകളില്‍ ഇത്തരം അനുഭവങ്ങള്‍ അപൂര്‍‌വ്വമല്ല. പാപഭാരം തോന്നുന്ന ആദ്യ അനുഭവങ്ങള്‍ ആരോടും പറയാന്‍ കഴിയാതെ വരുന്ന കുട്ടികള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ സാവധാനം ആസ്വദിച്ചു തുടങ്ങുന്നു. പിന്നീട് ഒരിക്കലും കരകയറാനാവാത്ത സ്വവര്‍ഗ ഭോഗത്തിന്റെ ഗര്‍ത്തത്തിലേക്കാവും ഇവര്‍ എടുത്തെറിയപ്പെടുന്നത്.

ഇവിടെ ആരയാണ് നമ്മള്‍ കുറ്റപ്പെടുത്തുക? സാഹചര്യത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെട്ടോ, ദുരഭിമാനത്തിന്റെ പരിപ്രേക്ഷ്യതയാലോ നമ്മുടെ കുഞ്ഞുങ്ങളെ അരക്ഷിതത്വത്തിലേക്കും വിഷാദത്തിലേക്കും തള്ളിവിടുന്ന രക്ഷകര്‍ത്താക്കളയോ? ഭയപ്പെടുത്തുന്ന ഏകാന്തതയിലും അനാഥത്വത്തിലും വീര്‍പ്പുമുട്ടുമ്പോള്‍ സ്‌നേഹത്തിന്റെ പട്ടുനൂലുകളാല്‍ ബന്ധിച്ച് സ്വവര്‍ഗ പ്രണയത്തിന്റെ കയങ്ങളിലേക്ക് സ്വയം ഊളിയിടുന്ന കുട്ടികളെയോ? അടിച്ചേല്പിക്കുന്നതോ അടക്കിവച്ചനുശീലിക്കുന്നതോ ആയ ബ്രഹ്മചര്യം വഴി ജന്മസിദ്ധമായ ലൈംഗികവാസനയെ പരിപൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിയാത്ത വാര്‍ഡന്മാരയോ?. ഉത്തരം എന്തുതന്നയായാലും പാമ്പിനും, പഴുതാരക്കും, പട്ടിക്കും, പൂച്ചക്കും, മാനിനും, മയിലിനും ജീവിക്കാന്‍ അവകാശമുള്ള ഈ ഭൂമിയില്‍, വേശ്യാവ്യത്തിയും, ബഹുഭാര്യാത്വവും അംഗീകരിച്ചുകൊടുക്കുന്ന സമൂഹത്തെ ഉള്‍ക്കൊള്ളുന്ന ഈ ഭൂമിയില്‍ അവരയും സ്വൈരമായ് ജീവിക്കാന്‍ അനുവദിക്കുക. നിയമങ്ങളുടേയും മതങ്ങളുടേയും ചങ്ങലകള്‍കൊണ്ട് ബന്ധിച്ച് ഒരുതീണ്ടാപാടകലെ നിര്‍ത്താതെ അവരയും സമൂഹത്തിന്റെ ഭാഗമായ് അംഗീകരിക്കുക. അതല്ലേ മനുഷ്യത്വം?.

ഒരു അനോണിമസ് കമന്തിന്റെ ചുവടുപിടിച്ച് എഴുതിയത്
ചിത്രം: ഇവിടനിന്നും.

2009-07-26

വിഷാദത്തിന്റെ തുരുത്തില്‍ ഒറ്റപ്പെട്ട് ഇല്ലാതായ ആല്‍ഡ്രിന്‍  

പ്രശാന്തിയുടെ കടലിനരികെ ഒരു പരുന്തായി പറന്നിറങ്ങി ശീത യുദ്ധത്തില്‍ സോവിയറ്റ് യൂണിയനുമേല്‍ വിജയം കൊയ്‌ത ബഹിരാകാശയാത്രയില്‍, ചന്ദ്രനില്‍ ആദ്യം കാലുകുത്താന്‍ കഴിയാതെപോയ എഡ്വിന്‍ ആല്‍ഡ്രിന്‍ സ്വന്തം ജീവിതത്തില്‍ ഭീകരമായ തോ‌ല്‍‌വിക്ക് കീഴടങ്ങുകയായിരുന്നു. ചന്ദ്രനില്‍ നിന്നും തിരിച്ചെത്തി, സാഹസിക നേട്ടത്തിന്റെ മണം മാറും മുന്‍പേ വിഷാദ രോഗത്തിനടിപ്പെട്ട്, മുഴുകുടിയനും, തൊഴില്‍ രഹിതനുമായ് തന്നോട് തന്നെ പൊരുതി ജീവിതത്തിലെ സുവര്‍ണ്ണ നാളുകള്‍ മുഴുവന്‍ പരാജയത്തിന്റെ കൈയ്പുനീര്‍ കുടിച്ച് ജീവിതത്തിലും രണ്ടാമനായ് അരങ്ങൊഴിയേണ്ടവനായ് തീര്‍ന്നു ആല്‍ഡ്രിന്‍. ഇവയെല്ലാം റിട്ടേണ്‍ ടു എര്‍ത്ത്‌ എന്ന ആത്മകഥയിലും, അടുത്തിടെ എഴുതിയ മാഗ്‌നിഫിസെന്റ്‌ ഡിസൊലെയ്‌ഷന്‍ എന്ന ഓര്‍മക്കുറിപ്പിലും അദ്ദേഹം പറയുന്നുണ്ട്‌. അപ്പോളോ-11-ന്റെ കമാന്‍ഡറായിരുന്നിട്ടും ചന്ദ്രനില്‍ ആദ്യമായ് കാലുകുത്താന്‍ കഴിയാതെ, രണ്ടാമനന്ന പ്രതിച്‌ഛായയില്‍ നീല്‍ ആംസ്‌ട്രോങ്ങിന്റെ നിഴലായ് തീരേണ്ടി വന്നതിന് തനിക്കു തന്നയും പിന്നെ നീല്‍ ആംസ്‌ട്രോങ്ങിനും ഒരിക്കലും മാപ്പുനല്‍കാന്‍ കഴിഞ്ഞില്ല ആല്‍‍ഡ്രിന്. ചന്ദ്രനില്‍ വെച്ച്‌ ബൈബിളിലെ ഉല്‍പ്പത്തി പുസ്‌തകം വായിച്ചതിന്റെയും, വിശുദ്ധ കുര്‍ബാന സ്വീകരിച്ചതിന്റെയും പേരില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്നു ഈ ബഹിരാകശകന്. ചന്ദ്രന്റെ ഉപരിതലത്തില്‍ ചിലവഴിച്ച ഒന്നരമണിക്കൂറിനെ പറ്റി സംസാരിക്കാന്‍ കാശ് വേണമന്ന് എപ്പോഴും ആവശ്യപ്പെടുന്ന ആല്‍ഡ്രിന്‍ പാതാളത്തോളം തകര്‍ന്നുപോയ ജീവിതത്തെ കുറിച്ച് ഭ്രാന്തമായ് വാചാലനാവും.

അദ്ദേഹത്തിന്റെ ആത്മകഥയില്‍ ജീവിതത്തില്‍ പരാജിതനായ് തീര്‍ന്നതിന്റെയും, ചന്ദ്രനില്‍ സംഭവിച്ചതിനെ കുറിച്ചും വിശദമായ് വിവരിക്കുന്നുണ്ട്. ചന്ദ്രന്റെ ചുറ്റുമുള്ള ഭ്രമണം പൂര്‍ത്തിയാക്കിയപ്പോള്‍ ചന്ദ്ര വാഹനത്തിലേക്ക് പ്രവേശിക്കുവാനുള്ള നിര്‍ദ്ദേശം ഹ്യൂസ്‌റ്റണിലെ കണ്‍‌ട്രോള്‍ റൂമില്‍ നിന്നുമെത്തി. പെട്ടന്ന് നീല്‍ ആംസ്‌ട്രോങ് 'ദേ നോക്കൂ ആല്‍ഡ്രിന്‍.....' എന്ന് ഒച്ചവച്ച് തന്റെ ശ്രദ്ധതിരിച്ചുകൊണ്ട്, അതിനിടയില്‍ കിട്ടിയ നൊടിയിടനേരം കൊണ്ട് അപ്പോളോ-11-ല്‍ നിന്ന് ചന്ദ്രവാഹനത്തിലേക്കുള്ള വാതിലിനരികിലേക്ക് കുതിച്ചു. 'ഞാനാണ് വാതിലിനടുത്ത്, അതുകൊണ്ട് ഞാന്‍ ആദ്യം പോകാം' വാതിലിനടുത്ത് നിന്ന് വിജയശ്രീലാളിതനെപോലെ സ്വതസിദ്ധമായ് ചിരിച്ചുകൊണ്ട് നീല്‍ പറഞ്ഞു. അപ്പോളൊ-11-ല്‍ നിന്നും ചന്ദ്രവാഹനത്തിലേക്കുള്ള ഇടുങ്ങിയ വതിലിലൂടെ നിരങ്ങി നീങ്ങുമ്പോഴാണ് കാര്യത്തിന്റെ ഗൗരവത്തെപറ്റി എനിക്ക് ബോധോദയമുണ്ടാകുന്നത്. ഇനി എനിക്ക് രണ്ടാമതേ ഇറങ്ങാനാകൂ. കടുത്ത നിരാശയാല്‍ എന്റെ അന്തരംഗം ചുട്ടുപൊള്ളി. ജീവിതത്തില്‍ ആദ്യമായ് എന്നോട് തന്നെ വെറുപ്പുതോന്നിയ നിമിഷങ്ങള്‍. ചന്ദ്രവാഹനത്തിലേക്ക് പ്രവേശിച്ച ഉടനെതന്നെ, ഞാന്‍ അപ്പോളോ 11-ല്‍ മോഡ്യൂള്‍ പൈലറ്റാണന്നോ, കമാന്‍ഡറാണന്നോ പോലും പരിഗണിക്കാതെ നീല്‍ വാഹനത്തിന്റെ നിയന്ത്രണം ചാടിയെടുത്തു. വാഹനം ചന്ദ്രനിലേക്ക് താഴ്‌ന്നുകൊണ്ടിരിക്കുമ്പോള്‍ ഡാഷ് ബോര്‍ഡില്‍ നിന്ന് ലാന്‍ഡിംഗിനുള്ള ചില നിര്‍ദ്ദേശങ്ങള്‍ ഞാന്‍ വായിച്ചുകൊടുത്തു. നിലം തൊട്ടപ്പോള്‍ ഞാന്‍ പറഞ്ഞു: 'ഞാനായിരുന്നങ്കില്‍ മുപ്പത് സെക്കന്റ് എങ്കിലും മുന്‍‌പേ ലാന്‍ഡ് ചെയ്തേനെ".

ഈഗിള്‍ ലാന്റ് ചെയ്‌തതും, ഞാന്‍ മുന്‍പേ എന്ന് വിളിച്ചുകൂവികൊണ്ട് നീല്‍ ചന്ദ്രനിലേക്ക് കാലെടുത്തു കുത്തി. എന്നിട്ട് ഉറക്കെ വിളിച്ചു പറഞ്ഞു 'മനുഷ്യന് ഇതൊരു ചെറിയ കാല്‍ വെയ്‌പ്, മാനവ രാശിക്കോ വന്‍ കുതിച്ചു ചാട്ടം'. നീലിന്റെ വാക്കുകള്‍ കേട്ട് ഞാന്‍ ഞെട്ടി തരിച്ചുപോയി. ചന്ദ്രനില്‍ കാലു കുത്തുമ്പോള്‍ താന്‍ പറയാന്‍ കരുതിവച്ചിരുന്ന വരികള്‍ മോഷ്‌ടിച്ചെടുത്തതും പോരാഞ്ഞ് അത് തെറ്റിച്ചും പറഞ്ഞിരിക്കുന്നു. ഇനി ചന്ദ്രനില്‍ കാലു കുത്തുന്ന എന്റെ ചരിത്ര നിമിഷത്തില്‍ പറയാന്‍ ഈ അവസാന നിമിഷത്തില്‍ എന്തങ്കിലും ആലോചിച്ചുണ്ടാക്കണം. നിരാശയുടെയും വിഷാദത്തിന്റെയും നിസഹായതയുടെയും ചുഴിയില്‍ പെട്ട് അവസാനം പറഞ്ഞത് "ലാന്‍ഡ് ചെയ്‌തപ്പോള്‍ നിങ്ങള്‍ ആ കമ്പി അല്‍‌പം വളച്ചു നീല്‍..' എന്നും.

ചന്ദ്രനിലേക്ക് പോയ നിസാരന്മാരായ മനുഷ്യരായിട്ടായിരുന്നില്ല, നിമിഷങ്ങള്‍ കൊണ്ട് അതിപ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിയിയ ചന്ദ്രനെ കീഴടക്കിവന്ന അല്‍ഭുത ജീവികളായിട്ടായിരുന്നു ഞങ്ങള്‍ ഭൂമിയില്‍ തിരിച്ചെത്തിയത്. സ്വപ്‌നം കാണാന്‍ പോലും കഴിയാത്തത്ര ഗംഭീരമായിട്ടായിരുന്നു ഞങ്ങള്‍ക്കുള്ള സ്വീകരണം ഒരുക്കിയിരുന്നത്. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസിലേക്ക് വാദ്യഘോഷത്തിന്റെ അകമ്പടിയോടെ, ഔദ്യോഗിക ബഹുമതികളോടുകൂടി ആനയിച്ചികൊണ്ടുപോകുമ്പോള്‍, എന്റെ മനസ്സില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന തീക്കനലിനെ ഊതി പെരുപ്പിച്ചുകൊണ്ട് പ്രസിഡന്റ് നിക്‌സണ്‍ പറഞ്ഞ വാക്കുകള്‍ 'നീലിനോടും മറ്റു രണ്ടുപേരോടും മാനവ രാശി കടപ്പെട്ടിരിക്കുന്നു' എന്നത് എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. തിരിച്ചറിയപ്പെടാത്തവന്റെ പ്രശസ്‌തി എനിക്ക് താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു. ഞാന്‍ കുടിച്ചു തുടങ്ങി. ശാന്തതയോടയും സന്തോഷത്തോടയും ഒരു അരുവിപോലെ ഒഴുകുകൊണ്ടിരുന്ന ജോവാനുമായുള്ള എന്റെ ദാമ്പത്യ ബന്ധം തകര്‍ന്നു. ഞങ്ങളുടെ പ്രശസ്‌തി മുതലാക്കാന്‍ നാസ ഞങ്ങളെ ഒരു ലോക പര്യടനത്തിനയച്ചു. ഇറ്റലിയന്‍ സുന്ദരിയായ ജിന ലോലാ ബ്രിജഡയോടൊപ്പം ന്യത്തം ചെയ്യാന്‍ ഞാന്‍ ക്ഷണിക്കപ്പെട്ടു. നുരഞ്ഞുപൊന്തുന്ന മദ്യ ചഷകം കൈയ്യിലേന്തി,വാദ്യത്തിന്റെ മുറുകുന്ന താളത്തിനൊപ്പം ചുവടുവയ്‌ക്കുമ്പോള്‍, താമര വള്ളി പോലുള്ള കൈകളാല്‍ വരിഞ്ഞുകൊണ്ട് അവള്‍ എന്റെ കാതില്‍ മന്ത്രിച്ചു 'നിങ്ങളുടെ ചുവടുകള്‍ വളരെ മനോഹര മായിരിക്കുന്നു നീല്‍...'. എനിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു ആ വാക്കുകള്‍. ചൊവ്വയിലേക്ക് 200 പേരെ ഒന്നിച്ചയക്കാനുള്ള എന്റെ സ്വപ്‌ന പദ്ധതിയില്‍ നാസ താല്‍‌പര്യം കാട്ടിയില്ല. എല്ലാം തകര്‍ന്നവനെപോലെ മദ്യത്തിന്റെ ലഹരിയില്‍ എന്നെ ഞാന്‍ തളച്ചിട്ടു. ജോലി സ്ഥലത്ത് കാര്യങ്ങള്‍ ദിവസം ചെല്ലുംതോറും വഷളായി. ഒടുവില്‍ ഒന്നുമില്ലാതെ നാസയോട് വിടപറഞ്ഞു. മുന്നില്‍ മറ്റു മാര്‍ഗ്ഗങ്ങല്‍ ഇല്ലാതെ സെക്കന്റ് ഹാന്‍ഡ് കാര്‍ ഡീലറുടെ ഷോറൂമില്‍ ഞാന്‍ എന്റെ പ്രശസ്‌തി വിറ്റു. 'Buy a Second Hand Car from the Second Man on the Moon' എന്ന പരസ്യ വാചകത്തിന്റെ കീഴിയില്‍ പണിയെടുത്തു. ദിനം പ്രതി എന്റെ കുടി വര്‍ദ്ധിച്ചുകൊണ്ടിരുന്നു. പതുക്കെ അല്‍ക്കഹോളിക് അനോണിമസം എന്നെ ഗ്രസിച്ചു തുടങ്ങി. ആ നാളുകളില്‍ മദ്യത്തിന്റെ ലഹരിയില്‍ ഞാന്‍ പറഞ്ഞു തുടങ്ങി 'ഞാന്‍ നീല്‍ ആംസ്‌ട്രോങ്, മുഴുക്കുടിയന്‍'. മദ്യത്തിന്റെയും വിഷാദത്തിന്റെയും ചുഴിയിലും മലരിയിലും മുങ്ങികൊണ്ടിരുന്ന എന്നിലേക്ക് സ്‌‌നേഹത്തിന്റെ വിത്തുകള്‍ പാകി സുന്ദരിയായ ലൊയിസ് കടന്നു വന്നു. നാശത്തിന്റെ പടുകുഴിയിലേക്ക് കടപുഴകി വീണുകൊണ്ടിരുന്ന എന്നെ 'ഞാനെന്താണന്ന് സ്വയം അംഗീകരിക്കാന്‍ പഠിപ്പിച്ചതിന്' ഞാന്‍ എന്നും ലോയിസിനോട് കടപ്പെട്ടിരിക്കുന്നു. കമാന്‍‌ഡ് മോഡ്യൂളില്‍ വെറുതേ പൊങ്ങികിടന്ന് തിരിച്ചു പോരേണ്ട ഗതികേട് ഉണ്ടായില്ലല്ലോ, രണ്ടാമനായങ്കിലും ചന്ദ്രധൂളികള്‍ തട്ടി തെറിപ്പിച്ച് ലോകം കീഴടക്കിയില്ലേ' എന്ന അവളുടെ ചോദ്യങ്ങള്‍ ഞാന്‍ എന്നോട് തന്നെ ചോദിച്ചു തുടങ്ങി. ഒടുവില്‍ ലോയിസ് പറഞ്ഞതാണ് ശരി എന്ന് ഞാന്‍ പ്രഖ്യാപിച്ചു. 'സ്വന്തം പേരില്‍ ഒരു കാര്‍ട്ടൂണ്‍ കഥാ പാത്രം പോലുമില്ലല്ലോ നീല്‍ ആംസ്‌ട്രോങ്ങിന്'' എന്ന് പറഞ്ഞ് ഞാന്‍ എന്നെ തന്നെ ആശ്വസിപ്പിച്ചു. പിന്നീട് ലോയിസിനെ വിവാഹം ചെയ്ത് കാലിഫോര്‍ണിയയിലെ ലൂണാ ബീച്ചിലെ വീട്ടിലേക്ക് പറിച്ചു നട്ടു ആല്‍ഡ്രിന്‍. 1988-ല്‍ എഡ്വിന്‍ ആല്‍ഡ്രിന്‍ ജൂനിയര്‍ എന്ന പേര് ഒന്നുകൂടി പരിഷ്‌കരിച്ച് എഡ്വിന്‍ എന്നത് എടുത്തുകളഞ്ഞ് ആ സ്ഥാനത്ത് വിളിപ്പേരായിരുന്ന ബസ് ചേര്‍ത്ത് ബസ് ആല്‍‍ഡ്രിന്‍ ജൂനിയറായി. 1930 ജനവരി 20ന്‌ ന്യൂ ജഴ്‌സിയിലെ ഗ്ലെന്‍ റിഡ്‌ജില്‍ ജനിച്ച ആല്‍ഡ്രിന്‍, കൊറിയന്‍ യുദ്ധത്തില്‍ പൈലറ്റായി സേവനം ചെയ്‌ത പരിചയവുമായാണ്‌ ബഹിരാകാശ സഞ്ചാരിയായത്‌. 1966 നവംബര്‍ 12-ന് ജെമിനി-12 ലായിരുന്നു ആദ്യ ബഹിരാകാശ സഞ്ചാരം.

Picture caption: Picture 1: Edwin "Buzz" Aldrin, Lunar Module pilot of Apollo 11 speaks during a panel discussion on the Apollo legacy at the Newseum in Washington on July 20, 2009.

Picture Caption: Picture 2: Neil Armstrong (L) and Edwin Eugene "Buzz" Aldrin, Jr., speak together as they honored during the 40th anniversary of their Apollo 11 flight which put the first man on the moon on Capitol Hill in Washington on July 21, 2009.

അവലംബം. വിക്കിപീഡിയ, മാത്യഭൂമി, മലയാള മനോരമ
ചിത്രം: ഒന്ന് ഇവിടെനിന്നും, രണ്ട് ഇവിടെ നിന്നും

2009-07-25

ചന്ദ്രനെതൊട്ട ആദ്യമനുഷ്യര്‍ക്ക് എന്ത് സംഭവിച്ചു?  

നാലുപതിറ്റാണ്ട് മുന്‍പ്, ചന്ദ്രമണ്ഡലത്തിലെ അനന്തതയോളം പുരാതനമായ മൗനം ഭേദിച്ച് ചന്ദ്രനില്‍ കാലുകുത്തിയ ധൈര്യശാലികളായ നീല്‍ ആംസ്‌ട്രോംങ്, എഡ്വിന്‍ ആല്‍ഡ്രിന്‍ മൈക്കിള്‍ കോളിന്‍സ് എന്നീ ബഹിരാകാശ സഞ്ചാരികള്‍ക്ക് ഭൂമിയില്‍ തിരിച്ചെത്തിയ ശേഷം എന്തു സംഭവിച്ചു? അമ്മൂക്കഥകളിലെന്നോണം തന്നെ തൊട്ടശുദ്ധമാക്കിയ മനുഷ്യനുമേല്‍ ചന്ദ്രന്‍ ചൊരിഞ്ഞ ശാപത്തില്‍ നശിച്ചുപോയവരാണോ ഈ ശാസ്ത്രകാരന്മാര്‍? കുറ്റം ചെയ്യുന്നവന് ശിക്ഷ കൂടുതല്‍ കൂട്ടുനില്‍ക്കുന്നവന് കുറവ് എന്ന ലോക നിയമത്തെ ഓര്‍മ്മിപ്പിക്കുമാറ്, ഉപരിതലത്തില്‍ സ്പര്‍ശിക്കാതെ, തന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തുന്ന മനുഷ്യരുടെ ചെയ്‌വനകള്‍ക്ക് സാക്ഷിയായി ലൂണാന്‍ മോഡ്യൂളില്‍ പൊങ്ങികിടന്ന മൈക്കിള്‍ കോളിന്‍സിന് മേല്‍ ചന്ദ്രന്‍ ചൊരിഞ്ഞ ശാപവര്‍ഷത്തിന്റെ കഠിന്യം കുറവായിരുന്നുവോ എന്നു സംശയമുളവാക്കുന്നു, ചന്ദ്രനിനെ കീഴടക്കി തിരിച്ചുവന്ന ഈ മൂന്നുമനുഷ്യരുടെ പിന്നീടുള്ള ജീവിതം. 1969 ജൂലൈ 20-ല്‍ അമ്പിളിമാമനെതൊട്ട്, തിരിച്ചെത്തിയ നീല്‍ ആംസ്‌ട്രോങ്ങും, എഡ്വിന്‍ ആല്‍ഡ്രിനും, മൈക്കിള്‍ കോളിന്‍സും അതിപ്രശസ്തിയുടെ ചുഴലികാറ്റിലേക്കാണ് എടുത്തെറിയപ്പെട്ടത്. മൂവരുടേയും ജീവിതം പിന്നീട് ഒരിക്കലും പഴയതുപോലെയായില്ല. ലക്ഷക്കണക്കിനാളുകളുടെ സ്നേഹാദരങ്ങളോടെ വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസിലേക്കുള്ള ആനയിക്കല്‍, ആട്ടോഗ്രാഫിനായ് പിന്തുടരുന്ന ആരാധകര്‍, ജനലക്ഷങ്ങല്‍ പങ്കെടുക്കുന്ന സ്വീകരണങ്ങള്‍, ലോകത്തിന്റെ എല്ലാ കോണുകളിലേക്കുമുള്ള പര്യടനങ്ങള്‍, യാത്രകള്‍, എപ്പോഴും പിന്തുടരുന്ന പത്രങ്ങള്‍, മീഡിയ പ്രവര്‍ത്തകര്‍. എന്നിട്ടും മൂവരും അധികനാള്‍ നാസയില്‍ തുടര്‍ന്നില്ല. അടുത്ത രണ്ടൂവര്‍ത്തിനുള്ളില്‍ മൂവരും നാസ വിട്ട് തട്ടകം മറി.

നീല്‍ ആംസ്‌ട്രോംങ്-മൗനത്തിന്റെ മാഹാനിദ്രയില്‍

കൊറിയന്‍ യുദ്ധകാലത്ത്, നാവിക സേനാ പൈലറ്റായും, 1966-ല്‍ ജെമിനി എട്ടിന്റെ കമാന്‍ഡ് പൈലറ്റായ് ആദ്യ ബഹിരാകാശ യാത്ര നടത്തിയ അനുഭവ സമ്പത്തുമായുമാണ് നീല്‍ ‍ആംസ്‌ട്രോങ് ചന്ദ്രനിലേക്ക് പുറപ്പെട്ടത്. എന്നാല്‍ സ്വയം തീര്‍ത്ത അഗാധമായ മൗനത്തിന്റെയും, ഭീതിപ്പെടുത്തുന്ന ഒറ്റപ്പെടലിന്റെയും മഹാസമുദ്രത്തിലേക്ക് ഊളിയിട്ടു പോകാനായിരുന്നു ആദ്യമായ് ചന്ദ്രനെ സ്പര്‍ശിച്ച ആ മനുഷ്യന്റെ വിധി. ഓഹായോയിലെ വാപാകെന്റ-യില്‍, 1930 ആഗസ്‌ത്‌ 5-ന്‌ ജനിച്ച നീല്‍ ആംസ്‌ട്രോങ്, ചന്ദ്രനില്‍ കാലുകുത്തിയ ആദ്യമനുഷ്യന്‍ എന്ന വാനോളമുയര്‍ന്ന പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്ന് മൗനത്തിന്റെ അഗാധമായ നീലിമയിലേക്ക് അത്മഹത്യാപരമായ് ഒളിച്ചോടുകയായിരുന്നു. 'മൗഷ്യന് ഒരു കാല്‍‌വെയ്‌പ്, മാനവരാശിക്കോ വന്‍ കുതിച്ചു ചാട്ടം' എന്ന് ചന്ദ്രനില്‍ നിന്നും ഭൂമിയിലെ മനുഷ്യരോട് വിളിച്ചുപറഞ്ഞ നിമിഷം മുതല്‍, നീല്‍ ആംസ്‌ട്രോങ്ങില്‍ എന്തക്കയോ രാസമാറ്റം സംഭവിച്ചുതുടങ്ങുകയായിരുന്നു.

മുന്‍പും പിന്‍പും നോക്കാതെ പണം വാരിയെറിഞ്ഞുകൊണ്ടുള്ള ഒരു കളിയായിരുന്നു അപ്പോളോ-11-ന്റെ കുതിച്ചുചാട്ടം. ഇന്നത്തെ മൂല്യം വച്ച് ലക്ഷം കോടിഡോളര്‍ [അന്‍പത ലക്ഷം കോടി രൂപ] കൊണ്ടുള്ള ഞാണിന്മേല്‍ കളി. നാലു ലക്ഷത്തിലധികം ജനങ്ങള്‍ വിശ്രമമെന്തന്നറിയാതെ ഏതാണ്ട് ഒന്‍പത് വര്‍ഷകാലം പണിയെടുത്തു. അപ്പോളൊ-11 നിര്‍മ്മിച്ച ന്യൂജേഴ്‌സിയിലെ തൊഴിലാളികള്‍ ദിവസവും വൈകിട്ട് അഞ്ചുമണിക്ക് പണി നിര്‍ത്തി മുന്‍‌വാതിലിലൂടെ പുറത്തിറങ്ങി, പിന്‍‌വാതിലിലൂടെ അകത്തുകയറി പാതിരാവെളുക്കോളം പണിയെടുത്തു. ഇത്രയധികം പണവും വിയര്‍പ്പും ചിലവിട്ടിട്ട് അവസാനം അതില്‍ കയറി ചന്ദ്രനില്‍ ഇറങ്ങിയന്ന ഒറ്റകാര്യം കൊണ്ട് എല്ലാ പ്രശസ്തിയും എനിക്കാവുന്നതെങ്ങിനയന്നു ചോദിച്ചുകൊണ്ട് സ്വയം തീര്‍ത്തെടുത്ത കൊക്കൂണിനുള്ളിലേക്ക് സ്വയം ഒതുങ്ങുകയായിരുന്നു നീല്‍ ആംസ്‌ട്രോങ്ങ്. പിന്നീട് അദ്ദേഹം ആര്‍ക്കും അഭിമുഖങ്ങള്‍ നല്‍കിയില്ല. എവിടയും പ്രസംഗിച്ചില്ല. കഴിവതും പ്രശസ്തിയില്‍ നിന്നും മറ്റെല്ലാ തിരക്കുകളില്‍ നിന്നും വിട്ടു നിന്നു.

1971-ല്‍ നാസയില്‍ നിന്നും വിടപറഞ്ഞ്, അദ്ദേഹം, സിന്‍സിനാറ്റി സര്‍‌വകലാശാലയില്‍ പ്രൊഫസറായി ജോലി സ്വീകരിച്ചു. ജോലിയില്‍ പ്രവേശിച്ച ആദ്യദിവങ്ങളില്‍ മണികൂറുകളോളം അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായ് ഒപ്പിട്ടുകൊടുക്കുകയായിരുന്നു നീല്‍ ആംസ്‌ട്രോങ്ങിന്റെ ജോലി. സ്വസ്തമായ് സര്‍‌വ്വകലാശാലാ കാമ്പസില്‍ കൂടി നടക്കാന്‍പോലും ആരാധകര്‍ അദ്ദേഹത്തെ വിട്ടില്ല. എവിടേക്കു പോയാലും ചുറ്റും ഓടികൂടുന്നവരുടെ എണ്ണമറ്റ ചോദ്യങ്ങള്‍. ഒന്നിനും അദ്ദേഹം മറുപടി പറഞ്ഞില്ല. അടച്ചുപൂട്ടി തന്റെ ഓഫീസ് മുറിയിലിരുന്നാല്‍, പുറത്ത് മനുഷ്യ പിരമിഡുകള്‍ തീര്‍ത്ത് മുകളിലുള്ള ജനലിലൂടെ ആളുകള്‍ എത്തിനോക്കി. ഒടുവില്‍ എല്ലാം മതിയാക്കി ജന്മനാട്ടിലേക്ക് തിരിച്ചുപോയി. ചന്ദ്രനില്‍ എന്തു സംഭവിച്ചുവന്നോ, ചന്ദ്രനില്‍ കാലുകുത്തിയപ്പോഴും, അവിടെ ചന്ദ്രധൂളികള്‍ പറത്തി നടന്നപ്പോഴും തനിക്ക് എന്തു തോന്നി എന്നും ഒരിക്കലും അദ്ദേഹം ആരോടും പറഞ്ഞില്ല. 1994-ന് ശേഷം ആര്‍ക്കും ആട്ടോഗ്രാഫ് നല്‍കിയില്ല. കഴിഞ്ഞ നാല്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ രണ്ടു തവണ മാത്രമാണ് അദ്ദേഹം ടി. വി പരിപാടികളില്‍ പങ്കെടുത്തത്. തന്റെ കയ്യൊപ്പ് പതിനായിരക്കണക്കിന് ഡോളറുകള്‍ക്ക് വിറ്റു കാശാക്കി. ബഹിരാകാശ യാത്രികരുടെ ആരാധകര്‍ക്ക് തന്റെ മുടി വില്‍ക്കുന്നു എന്ന പരാതിയുമായ് 2005-ല്‍ മുടിവെട്ടുകാരനെതിരേ കോടതിയില്‍ പരാതി നല്‍കി. ഇപ്പോള്‍ ഓഹായോയിലെ സിന്‍സാനിറ്റിയിലെ ഇന്ത്യന്‍ ഹില്‍സ് എന്ന ചെറുപട്ടണത്തില്‍ എല്ലാ തിരക്കില്‍ നിന്നും ഒഴിഞ്ഞ് അദ്ദേഹം ഒറ്റപ്പെട്ട് ജീവിക്കുന്നു.
തുടരും.........
Picture caption: Astronaut Neil Armstrong, the first human to step on the Moon on July 20, 1969, speaks during a lecture in honor of Apollo 11 at the National Air and Space Museum in Washington, Sunday, July 19, 2009.
അവലംബം. വിക്കിപീഡിയ, മാത്യഭൂമി, മലയാള മനോരമ
ചിത്രം: ഇവിടെ നിന്ന്

2009-07-22

ചന്ദ്രയാത്രക്ക് നാല്‍‌പത് വയസ്സ്  

മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയിട്ട്‌ നാല്‍പ്പത് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു‌. ഇന്നോളം മനുഷ്യന്‍ നടത്തിയ ഏറ്റവും സാഹസികമായ പര്യവേഷണമായിരുന്നു മൂന്നു മനുഷ്യരെ പരലോകത്തേക്കയച്ച അമേരിക്കന്‍ ഐക്യ നാടുകളുടെ ഈ ദൗത്യം. എന്നാല്‍ സോവിയറ്റ് യൂണിയനും അമേരിക്കന്‍ ഐക്യനാടുകളും തമ്മിലുള്ള ശീതസരത്തിന്മേല്‍ വിജയം നേടാനുള്ള ഒരു തന്ത്രം മാത്രമായിരുന്നു ഈ ആകാശയാത്ര എന്നതാണ് ഇതിലെ ഏറ്റവും രസാവഹമായ കാര്യം. സ്‌പുട്‌നിക്‌-1നും, സോവിയറ്റ്‌ വോസ്‌റ്റോക്‌-1നും ഒപ്പം യൂറി ഗഗാറിനെയും ബഹിരാകാശത്തെത്തിച്ച സോവിയറ്റ്‌ യൂണിയനെ തോല്‍പ്പിക്കാന്‍ അന്നത്തെ യു. എസ്‌ പ്രസിഡന്റ്‌ ജോണ്‍ എഫ്‌. കെന്നഡിയുടെ മുന്നില്‍ ഇതല്ലാതെ വേറെ വഴികണ്ടില്ല. 'ഈ പതിറ്റാണ്ട്‌ തീരുംമുമ്പ്‌ മനുഷ്യനെ ചന്ദ്രനിലിറക്കി സുരക്ഷിതനായി തിരിച്ചെത്തിക്കും' എന്ന് സോവിയറ്റ് യൂണിയനെ വെല്ലുവിളിച്ചുകൊണ്ട് അമേരിക്കന്‍ ഐക്യനാട് ഇന്നോളം കണ്ടിട്ടുള്ള ഏറ്റവും ശക്തനായ പ്രസിഡന്റ് , വെടിയേറ്റ് മരിക്കുന്നതിന് രണ്ട് വര്‍ഷം മുമ്പ്, 1961, മെയ് 26-ന് പ്രഖ്യാപിച്ചു. പക്ഷേ നീല്‍ ആംസ്‌ട്രോങ്‌ ചന്ദ്രനില്‍ യു. എസ്‌. പതാക നാട്ടിയതും രണ്ടര മണിക്കൂര്‍ സമയം നടന്നതും കാണാന്‍ കെന്നഡി ഉണ്ടായിരുന്നില്ല. 1969 ജൂലായ്‌ 21-ന്‌ 'മിസ്റ്റര്‍ പ്രസിഡന്റ്‌, ഈഗിള്‍ ഹാസ്‌ ലാന്‍ഡഡ്‌ ' എന്ന് ആരോ എഴുതിയത് അദ്ദേഹം അറിഞ്ഞിട്ടുണ്ടാവുമോ?

നീല്‍ ആംസ്‌ട്രോങ്ങും, എഡ്വിന്‍. ഇ. ആല്‍ഡ്രിന്‍ ജൂനിയറും, മൈക്കല്‍ കോളിന്‍സും പേടകത്തിലേക്ക് കാലെടുത്തു വയ്‌ക്കുമ്പോള്‍ അമേരിക്കന്‍ ഐക്യനാടിന്റെ ഹ്യദയമിടിപ്പിന്റെ താളം മുറുകി. സെക്കന്റില്‍ ആയിരം ഗ്യാലന്‍ ഇന്ധനം എരിച്ചുതള്ളിക്കൊണ്ട്‌ 1969 ജൂലായ്‌ 16-ലെ പ്രഭാതത്തില്‍, പ്രാദേശിക സമയം 9.32-ന്, സാറ്റേണ്‍-v, ഈഗിള്‍ എന്ന ഓമനപേരിട്ടു വിളിച്ച അപ്പോളോ 11മായി ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നും കുതിച്ചുയര്‍ന്നപ്പോള്‍ ഹ്യദയാഘാത്തില്‍ ചിലര്‍ മരിച്ചുവീണു. പക്ഷഘാതത്തില്‍ ചിലര്‍ തളര്‍ന്നു വീണു. സമ്മര്‍ദ്ദം താങ്ങാനാവാതെ ലക്ഷങ്ങള്‍ വാവിട്ടു നിലവിളിച്ചു. വൈറ്റ് ഹൗസിലെ ഓവല്‍ ആഫീസിലിരുന്ന പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണും, ദശലക്ഷകണക്കിന് ജനങ്ങളും,ടി. വിയില്‍ കണ്ടുകൊണ്ടിരുന്ന വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാന്‍ പത്തുലക്ഷത്തിലധികം ജനങ്ങള്‍ കെന്നഡി സ്‌പെ‌യ്‌സ് സെന്ററിനടുത്ത് തടിച്ചുകൂടിയിരുന്നു.

ചന്ദ്രനിലിറങ്ങുക എന്ന സ്വപ്‌ന ദൗത്യവുമായ് മനുഷ്യരേയും വഹിച്ചുകൊണ്ടുള്ള മൂന്നാമത്തെ ബഹിരാകാശ യാത്ര. മൂന്നു മനുഷ്യരേയും വഹിച്ചുകൊണ്ട് അന്ന് സാറ്റന്‍-v കുതിച്ചുയര്‍ന്നത് ചരിത്രത്തിലേക്കായിരുന്നു. ഹ്യദയം പൊട്ടിപോകുന്ന ആകാംഷയുടെ നീണ്ട മൂന്നു ദിവസങ്ങള്‍ക്കൊടുവില്‍ ജൂലായ്‌ 20-ന്‌ ആ ചെറുപേടകം ചന്ദ്രനിലിറങ്ങാന്‍ ഇടം തേടി നടന്നു. പെട്ടെന്ന്‌ അപായസൂചന നല്‍കി വാഹനത്തിലെ മഞ്ഞവെളിച്ചം തുടരെ മിന്നി. അമൂല്യമായ ഇന്ധനം എരിഞ്ഞു തീരുന്നു. ചന്ദ്രനരികെ, അതിനെ തൊടാനാകാതെ. എല്ലാം അവസാനിച്ചുവന്ന് തോന്നിയ നിമിഷങ്ങള്‍. കാലുകുത്താനിടം കാണാതെ അപ്പോഴും ഈഗിള്‍ ചന്ദ്രനുചുറ്റും കറങ്ങി നടന്നു. ഒരുമിനിറ്റു നേരംകൂടി പറക്കാനുള്ള ഇന്ധനം മാത്രം ബാക്കി. ഈഗിള്‍ ഇനിയും ചന്ദ്രനെ തൊട്ടിട്ടില്ല. ആകാക്ഷയുടേയും പ്രാര്‍ത്ഥനകളുടേയും ഒടുവില്‍ കോര്‍ഡിനേറ്റഡ് യൂണിവേഴ്‌സല്‍ സമയം 20. 17-ന്, വെറും ഇരുപത്തിയഞ്ച് സെക്കന്‍ഡ് കൂടി മാത്രം കത്താനുള്ള ഇന്ധനവുമായി ഈഗിള്‍ ചന്ദ്രോപരിതലം തൊട്ടു. ഫ്ലോറിഡയിലെ പ്രാദേശിക സമയം രാത്രി 10.56-ന് ചന്ദ്രനില്‍ ആദ്യമായ് മനുഷ്യന്‍ കാലുകുത്തി. അങ്ങനെ നീല്‍ ആംസ്‌ട്രോങ് ചന്ദ്രന്റെ ആദമായി. അവിടെ നിന്ന്‌ ആദം ഭൂമിയോട്‌ വിളിച്ചു പറഞ്ഞു: 'മനുഷ്യന്‌ ഒരു കാല്‍വെപ്പ്‌; മനുഷ്യരാശിക്ക്‌ ഒരു കുതിച്ചു ചാട്ടം'. നീണ്ട നാല്‍‌പത് കൊല്ലങ്ങള്‍ കടന്നുപോയിട്ടും മനുഷ്യരാശി കുതിച്ചു ചാടിയില്ല. പുത്തന്‍ ബഹിരാകാശ പര്യവേഷണങ്ങള്‍ക്കും, ചന്ദ്രനില്‍ പുതിയ പഠനങ്ങള്‍ക്കും തുടക്കമാവുമെന്നു കരുതിയ അപ്പോളോ 11-ന്റെ യാത്ര തുടര്‍ന്നു പത്തുപേരെകൂടി ചന്ദ്രനിലെത്തിച്ചുകൊണ്ട്, നടന്ന നാലു‌ യാത്രകളിലായ്, മൂന്നു മനുഷ്യരുടെ അസാമാന്യ ധീരതയുടെയും വൈദഗ്‌ധ്യത്തിന്റെയും തെളിവും സാങ്കേതികവിദ്യയുടെ നേട്ടവും മാത്രമായൊതുങ്ങി. ശീതയുദ്ധത്തില്‍ സോവിയറ്റ്‌ യൂണിയനുമേല്‍ വിജയം നേടുക-റഷ്യക്കാര്‍ക്കു മുമ്പേ ചന്ദ്രനിലെത്തുക- എന്ന ലക്ഷ്യം നിറവേറ്റിയതോടെഅമേരിക്കയുടെ ബഹിരാകാശ സ്വപ്‌നങ്ങള്‍ അവസാനിച്ചു. ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സാറ്റേണ്‍ v-യുടെ, നിര്‍മാതാവ്‌ വെര്‍നെര്‍ വോണ്‍ ബ്രൗണിന്റെ 'സമുദ്ര ജീവികള്‍ കരയിലേക്കിഴഞ്ഞുകയറിവന്ന പരിണാമത്തിന്റെ നിമിഷത്തിനു തുല്യം ഈ നിമിഷം' എന്ന അതിഭാവുകത്വം നിറഞ്ഞ വാക്കുകളെ വെറും ജല്‍‌പനങ്ങളായ് അവശേഷിപ്പിച്ചുകൊണ്ട് അവസാനിച്ചത് ബഹിരാകാശ പര്യവേഷണത്തെപ്പറ്റിയുള്ള ലോകത്തിന്റെ മുഴുവന്‍ സ്വപ്‌നങ്ങളായിരുന്നു.
തുടരും........


അവലംബം. വിക്കിപീഡിയ, മാത്യഭൂമി, മലയാള മനോരമ
ചിത്രം: വിക്കിപീഡിയ ഒന്ന്, രണ്ട്


2009-07-18

ഗൂഗിള്‍-സൈബര്‍ലോകത്തെ വിഴുങ്ങുന്ന വമ്പന്‍  

വമ്പന്‍ വിപണികളിലെ വമ്പന്‍ അട്ടിമറികള്‍ ലോകത്തിന് പുതുമയല്ല. അത്തരം അട്ടിമറികളുടെ പുതിയ ഒരു ചരിത്രം കുറിച്ചുകൊണ്ടാണ് അഡ്വര്‍ടൈസമെന്റില്ലാത്ത ലോകത്തിലെ ഏറ്റവും വലിയ അഡ്വര്‍ടൈസിംങ് കമ്പനിയായ ഗൂഗിള്‍ എന്ന വമ്പന്‍ സ്രാവ് സൈബര്‍‍ വേള്‍ഡിലേക്ക് പിച്ചവച്ചതും ചുരുങ്ങിയകാലം കൊണ്ട് യാഹൂവിനെപോലും കടത്തിവെട്ടി ഇന്റര്‍നെറ്റിലെ ഏകഛത്രാധിപതിയായി മാറികൊണ്ടിരിക്കുന്നതും. വന്ന നാള്‍മുതല്‍ ഇന്റര്‍നെറ്റ് യൂസേഴ്‌സിന് ലളിതവും വൈവിധ്യമാര്‍ന്നതുമായ നിരവധി വെബ് ജാലകങ്ങള്‍ തുറന്നിട്ടുകൊടുത്ത ഗൂഗിള്‍, എല്ലാം സ്വന്തമാക്കി വയ്‌ക്കുന്ന ഒരു ബിസിനസ്‌ മോഡലിനെതിരെ, കോർപ്പറേറ്റ്‌ രംഗത്തെ ഭീമൻ തന്നെ എല്ലാം പങ്കുവയ്‌ക്കുന്ന മധുരമനോഹരസ്വപ്‌നവുമായാണ്, ഓപ്പറേറ്റിങ് സിസ്റ്റത്തിലെ കുലപതിയായ മൈക്രോസോഫ്‌റ്റിനെ അട്ടിമറിക്കാന്‍ ഗൂഗിള്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നത്. ഗൂഗിള്‍ ഏതാനും മാസങ്ങള്‍ മുന്‍പ് പുറത്തിറക്കിയ മള്‍ട്ടിപ്രോസസ് വെബ് ബ്രൗസറായ ഗൂഗിള്‍ ക്രോം, പുതിയ ഒ.എസ് ആയി രൂപാന്തരപ്പെടുത്തികൊണ്ടാണ് ‍, ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ വിപ്ലവത്തിന് തയ്യാറെടുക്കുന്നത് . ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഗൂഗിളിന്റെ ബ്ലോഗില്‍ വായിക്കാം.

മൈക്രോസോഫ്‌റ്റിനെതിരെ ഇക്കാലമത്രയും പൊരുതി നിന്നത് ഫ്രീ സോഫ്‌റ്റ്വെയർ ഫൗണ്ടേഷനായിരുന്നു. ലിനക്‌സ് കെർണൽ അടിസ്ഥാനമാക്കി ഓപ്പൺ സോഴ്‌സ്‌ ആയി വികസിപ്പിച്ച ഗ്നൂ-ലിനക്‌സ് വിതരണങ്ങളായിരുന്നു അവരുടെ ആയുധം. എന്നാൽ തുറന്ന അറിവ്‌ എന്ന തത്വശാസ്‌ത്രം മുന്നോട്ട്‌ വയ്‌ക്കാൻ കഴിഞ്ഞു എന്നതിനപ്പുറം, ഓപ്പറേറ്റിങ് സിസ്റ്റത്തിലെ എക്കാലത്തെയും ഏകാധിപതികളായ മൈക്രോസോഫ്‌റ്റിന്റെ വിപണികളില്‍ ഇളക്കമൊന്നും സൃഷ്ടിക്കാൻ ഫ്രീ സോഫ്‌റ്റ്വെയർ ഫൗണ്ടേഷനായില്ല്ല. ഇതിന് ശക്തമായ വെല്ലുവിളിയുയര്‍ത്തികൊണ്ട് ഗൂഗിൾ, മൈക്രോസോഫ്‌റ്റിന്റെ ശത്രുപക്ഷത്തു വന്നതോടെ പോര്‍ക്കളത്തിന്റെ മുഖം മാറുകയാണ്‌. ഇന്റർനെറ്റിലെ പരസ്യവരുമാനത്തിന്റെ സിംഹഭാഗവും കവരുന്ന ഗൂഗിളിന്റെ അസൂയാവഹമായ മുന്നേറ്റം മൈക്രോസോഫ്‌റ്റിനെ വെകിളിപിടിപ്പിച്ചതിന്റെ ഫലമായാണ് ഗൂഗിളിനെ നേരിടാനാന്‍ നേരത്തെ യാഹൂവിനെ വൻ വിലകൊടുത്ത്‌ വാങ്ങാൻ മൈക്രോസോഫ്‌റ്റ് ശ്രമംനടത്തിയത്‌. എന്നാൽ യാഹൂ ഓഹരി ഉടമകളുടെ എതിർപ്പിനെ തുടർന്ന്‌ മൈക്രോസോഫ്‌റ്റിന് ആ ശ്രമം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. അപകടം മണത്ത ഗൂഗിള്‍ ഒട്ടും സമയം പാഴാക്കാതെ യാഹൂവുമായി തന്ത്രപരമായ പരസ്യ സഹകരണ കരാറിലേർപ്പെട്ട് തങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തി‌യതോടൊപ്പം, വന്‍‌വിലകൊടുത്ത് ഡബിൾ ക്ലിക്ക്‌ എന്ന കമ്പനി ഏറ്റെടുത്ത് ടാർഗെറ്റഡ്‌ അഡ്വർടൈസ്‌മന്റ്‌ ബിസിനസ്സ്‌ മേഖല വിപുലപ്പെടുത്തി.

എന്നാല്‍ ഇതിന് മൈക്രോസോഫ്‌റ്റ് മറുപടി പറഞ്ഞത്‌ ബ്രൗസറിലൂടെയാണ്‌. കോൺട‌ക്‌സ്‌റ്റ്‌ സെൻസിറ്റീവ്‌ സേർച്ചന്ന സാങ്കേതിക വിദ്യയിലൂടയാണ് ഗൂഗിൾ തങ്ങളുടെ ഉപയോക്താക്കളുടെ താല്‍‌പര്യമനുസരിച്ചുള്ള പരസ്യം നൽകുന്നത്‌. ഇത്തരം പരസ്യത്തിൽ വീഴുന്ന ക്ലിക്കുകളുടെ എണ്ണമനുസരിച്ചാണ് ഗൂഗിളിന് പരസ്യദാദാക്കള്‍ പണം നല്‍കുന്നത്. പിൻവാതിലിലൂടെ ഉപയോക്താവിന്റെ പ്രിയവിഷയങ്ങൾ തിരിച്ചറിഞ്ഞ് ഉപയോക്താവിനെ തന്റെ വലയില്‍ വീഴ്‌തുന്ന ആ വഴിയടയ്‌ക്കാനാണ് മൈക്രോസോഫ്‌റ്റ് വിഫലശ്രമം നടത്തിയത്‌. ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത ഇന്റർനെറ്റ്‌ എക്‌സ്‌പ്ലോറർ 8-ന്റെ പരീക്ഷണ റിലീസിലാണ്‌, 'പോൺമോഡ്‌' എന്ന്‌ ഓമന പേരിട്ട് വിളിക്കുന്ന 'ഇൻപ്രൈവറ്റ്‌' എന്ന സൗകര്യം മൈക്രോസോഫ്‌റ്റ് ഉൾപ്പെടുത്തിയിരിക്കുന്നത്‌. ഇതിലൂടെ ഉപയോക്താവ്‌ ഏതൊക്കെ സൈറ്റുകളാണ്‌ സന്ദർശിക്കുന്നത്‌, ഏതൊക്കെ വിഷയങ്ങളാണ്‌ തിരയുന്നത്‌, തുടങ്ങിയ വിവരങ്ങളൊന്നും രഹസ്യ കുക്കികളും ബോട്ടുകളുമുപയോഗിച്ച്‌ മറ്റാർക്കും കണ്ടെത്താനാവില്ല. താത്പര്യമില്ലാത്ത വിഷയങ്ങളിലെ പരസ്യങ്ങളില്‍ ഉപയോക്താവ്‌ ക്ലിക്ക്‌ ചെയ്യാൻ സാധ്യതയില്ലന്ന തത്വത്തിലൂടയാണ് 'ഇൻപ്രൈവറ്റ്‌' സംവിധാനത്തിലൂടെ ഗൂഗിളിന്റെ വരുമാനത്തില്‍ വിള്ളലുണ്ടാക്കാന്‍ മൈക്രോസോഫ്‌റ്റ് ശ്രമിച്ചത്.

ഇതിന് ശക്തമായ ഭഷയില്‍ മറുപടി കൊടുത്തുകൊണ്ടാണ് 'ഗൂഗിള്‍ ക്രോം' എന്ന സ്വന്തം മള്‍ട്ടിപ്രോസസ് വെബ് ബ്രൗസർ ഗൂഗിൾ പ്രഖ്യാപിച്ചത്‌. മൈക്രോസോഫ്‌റ്റിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ട്‌ 'ഇൻപ്രൈവറ്റ്‌' സൗകര്യത്തിന്‌ സമാനമായ 'ഇൻകൊഗ്നീഷ്യ' സൗകര്യം ക്രോമിൽ ഉൾപ്പെടുത്തി. ‘വിവരം ചോര്‍ത്തിയെടുക്കുന്നവന്‍’ എന്ന മൈക്രോസോഫ്‌റ്റിന്റെ ആക്ഷേപത്തിന് ഉപയോക്താക്കളിലൂടയുള്ള വിവര ശേഖരണത്തിലൂടെയല്ല, തങ്ങൾ നില നിൽക്കുന്നത് എന്ന സ്വയം പ്രഖ്യാപിതമായ അഹങ്കാരത്തോടുകൂടിയുള്ള ശക്തമായ തിരി‍ച്ചടിയായിരുന്നു ഇത്. രഹസ്യം സൂക്ഷിക്കാൻ ഏറ്റവും നല്ലവഴി പരസ്യമായി സൂക്ഷിക്കുകയാണെന്ന പഴമൊഴിയെ ഓർമ്മിപ്പിച്ചുകൊണ്ട്, ഓപ്പൺസോഴ്‌സ് സോഫ്‌റ്റ്വെയറുകളായ ആപ്പിളിന്റെ വെബ്‌കിറ്റും, സൺ മൈക്രോസിസ്റ്റത്തിന്റെ ജാവയും, മോസില്ല ഫൗണ്ടേഷന്റെ ഫയർഫോക്‌സും ഉപയോഗിക്കുന്ന കോഡ്‌ പങ്കുവച്ചുകൊണ്ട്, തങ്ങളുടെ ബ്രൗസറും ഓപ്പൺസോഴ്‌സ് ആയിരിക്കുമെന്ന പ്രഖ്യാപനത്തോടയാണ് ക്രോമിന്റെ പ്രവർത്തനം ഗൂഗിള്‍ തുടങ്ങിയത്. ഇതിനു പുറമേയാണ് മൈക്രോസോഫ്‌റ്റിന് വമ്പന്‍ വെല്ലുവിളി ഉയര്‍ത്തികൊണ്ട് 'ക്രോം ഓപ്പറേറ്റിങ് സിസ്‌റ്റം' ഗൂഗിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നു് പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയുടെ സിംഹഭാഗവും അടക്കിവാഴുന്ന മൈക്രോസോഫ്‌റ്റിനെ ബ്രേക്ക് ചെയ്യുക എന്ന ലക്ഷ്യത്തോടെ, മൈക്രോസോഫ്‌റ്റ് കടന്നുപോയ അതേ വഴികളിലൂടെ ഒ. ഇ. എമ്മുകളുമായി നേരിട്ട് ബന്ധപ്പെട്ട്, ഡീഫോള്‍ട്ട് ഇന്‍സ്റ്റലേഷനായ് 2010 പകുതിയോടെ ക്രോം ഒ. എസ് നെറ്റ്ബുക്കുകളിലെത്തിച്ച്, അവിടെ നിന്നു് അതു് ഡെസ്‌ക്‌ടോപ്പ് പി. സി-കളിലേക്ക് പോര്‍ട്ട് ചെയ്യുകയന്നതാണ് ഗൂഗിളിന്റെ ബിസിനസ് തന്ത്രം.

കമ്പ്യൂട്ടറില്‍ ഒ. എസ്‌ അല്ലാതെ മറ്റൊന്നും ആവശ്യമില്ലാത്ത അവസ്ഥ ഉണ്ടാക്കാനാണ് ഇതിലൂടെ ഗൂഗിള്‍ ശ്രമിക്കുന്നത്. അതായത് ഒ. എസിന്റെ പ്രാധാന്യം കുറച്ച് ബ്രൗസറിന്റെ പങ്ക് വര്‍ദ്ധിപ്പിക്കുക. എന്നാല്‍ അതോടൊപ്പം കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള ഭാവി പ്രവര്‍ത്തനങ്ങളെല്ലാം വെബ്ബില്‍ തന്നെയാവും നടക്കുക എന്നും ഗൂഗിള്‍ ഉറപ്പാക്കും. ഇതിലൂടെ വര്‍ഷാവര്‍ഷം ആന്റി വൈറസ് പ്രോഗ്രാമുകളുടെ പുതിയ വേര്‍ഷനുകളും, ഓഫീസ് പാക്കേജുകളും വന്‍ വിലകൊടുത്തു് വാങ്ങി ഇന്‍‍സ്റ്റോള്‍ ചെയ്യേണ്ട അവസ്ഥയെ നാമാവശേഷമാക്കി, സാധാരണ ഉപയോക്താവിനു് വേണ്ടതും അതിലപ്പുറവും വെബ്ബില്‍ തന്നെ ചെയ്യാനുള്ള സാങ്കേതികത്വം സംജാതമാകും. ഒ. എസിന്റെ സെക്യൂരിറ്റി ആര്‍ക്കിടെക്‌ചര്‍ റീ-ഡിസൈന്‍ ചെയ്ത്, സെക്യൂരിറ്റി അപ്‌ഡേറ്റുകള്‍, വൈറസുകള്‍, മാല്‍വെയറുകള്‍, തുടങ്ങിയ തലവേദനകള്‍ ഉപയോക്താവില്‍ നിന്നു് സ്വന്തം തലയിലേക്ക് ഗൂഗിള്‍ പറിച്ചുനടുന്നു. ഇതു് മൈക്രോസോഫ്‌റ്റിന്റെ ബിസിനസ് രീതിക്കു് ഉണ്ടാക്കാവുന്ന ആഘാതം നിസ്സാരമായിരിക്കില്ല. ഫ്രീ സോഫ്‌റ്റ്വെയര്‍ എന്ന വാക്കിനു പകരം, ഓപ്പണ്‍ സോഴ്‌സ് എന്ന വാക്കാണു് ഗൂഗിള്‍ തിരഞ്ഞെടുത്തിരിക്കുന്നതു് എന്നതിനാല്‍, ഗൂഗിളിന്റെ ഫിനിഷ്‌ഡ് പ്രോഡക്‌ട് സ്വതന്ത്രമാവുമെന്ന് പറയാന്‍ കഴിയില്ല. പുതുപുത്തന്‍ സേവനങ്ങള്‍കൊണ്ട് എന്നും നമ്മെ അമ്പരപ്പിക്കുന്ന ഈ ഭീമന്റെ വരവും കാത്തിരിക്കയാണ് ലോകമെമ്പാടുമുള്ള ഗൂഗിള്‍ ആരാധകര്‍.

2009-07-17

ഇതിഹാസത്തില്‍ നിന്നൊരേട്  

വിജനമായ വനത്തിലൂടെ കടന്നുപോകുന്ന മുനിമാരേയും, ആള്‍ക്കാരേയും ഉപദ്രവിച്ച്, അവരുടെ കൈയിലുള്ളതൊക്കെ തട്ടിപ്പറിച്ച്, തന്റെ കുടുംബത്തെ പോറ്റുന്ന ഒരു അസാന്മാര്‍ഗ്ഗിയായ മനുഷ്യനായിരുന്നു രത്നാകരന്‍. ഒരിക്കല്‍ സപ്തര്‍ഷികള്‍ എന്നറിയപ്പെടുന്ന ദ്യുമന്‍, വസുഭ്രുത്യാനന്‍, ഉലബണന്‍, മിത്രന്‍, വരചന്‍, പുരോചിസ്സ്‌, ചിത്രകേതു എന്നിവര്‍ ആ വനത്തിലൂടെ വരുകയും, രത്നാകരന്‍ മഹര്‍ഷി പുംഗുവന്മാരെ ആക്രമിച്ച്, കൈയ്യിലുള്ള കമണ്ഡലുവുള്‍പ്പെടെ പിടിച്ചു പറിക്കയും ചെയ്തു. എന്നാല്‍ കോപിഷ്ഠരാകാത്ത സപ്തര്‍ഷികള്‍ രത്നാകരനോട്, എന്തിനാണ് ഞങ്ങളെപോലെയുള്ള മഹര്‍ഷിമാരെ ഉപദ്രവിച്ച് കൊള്ളയടിക്കുന്നത് എന്നു ചോദിച്ചു. തന്റെ ഭാര്യയേയും മക്കളേയും പുലര്‍ത്താന്‍ വേണ്ടിയാണ് താന്‍ ഇതൊക്കെ ചെയ്യുന്നതന്ന രത്നാകരന്റെ മറുപടി കേട്ടപ്പോള്‍ മഹര്‍ഷിമാര്‍ ശാന്തതയോടെ പറഞ്ഞു.

“എങ്കില്‍ നീ ഞങ്ങള്‍ ചൊല്ലുന്നതു കേള്‍ക്കണം
നിന്‍ കുടുംബത്തോടു ചെന്നു ചോദിക്ക നീ
നിങ്ങളെച്ചൊല്ലി ഞാന്‍ ചെയ്യുന്ന പാപങ്ങള്‍
നിങ്ങള്‍ കൂടെ പകുത്തൊട്ടു വാങ്ങീടുമോ?
എന്നു നീ ചെന്നു ചോദിച്ചു വരുവോളം
നിന്നീടുമത്രൈവ ഞങ്ങള്‍ നിസ്സംശയം.”

[വീട്ടില്‍ ചെന്നിട്ട്, നിന്റെ കുടുംബത്തോട്, അവര്‍ക്കുവേണ്ടി ചെയ്യുന്ന ഈ പാപങ്ങളുടെ ഫലം അവര്‍ കൂടി പകുത്തുവാങ്ങുമൊ എന്ന് ചോദിച്ചുവരിക. അതുവരെ തങ്ങള്‍ ഇവിടെത്തന്നെ നില്‍ക്കാമെന്ന് മുനിമാര്‍ രത്നാകരന് ഉറപ്പുകൊടുത്തു]

ഇഥമാകര്‍ണ്യ ഞാന്‍ വീണ്ടുപോയ് ചെന്നുമല്‍-
പുത്രദാരാദികളോടു ചോദ്യം ചെയ്‌തേന്‍
“ദുഷ്:കര്‍മ്മസഞ്ചയം ചെയ്തു ഞാന്‍ നിങ്ങളെ-
യൊക്കെഭരിച്ചുകൊള്ളുന്നു ദിനം‌പ്രതി.
തല്‍ഫലമൊട്ടു നിങ്ങള്‍ വാങ്ങീടുമോ?
മല്‍പ്പാപമൊക്കെ ഞാന്‍ തന്നെ ഭുജിക്കെന്നോ?

“സത്യം പറയേണ” മെന്നു ഞാന്‍ ചൊന്നതി
നുത്തരമായവരെന്നോടു ചൊല്ലിനാര്‍
"നിത്യവും ചെയ്യുന്ന കര്‍മ്മ ഗുണഫലം
കര്‍ത്താവൊഴിഞ്ഞു മറ്റന്യന്‍ ഭുജിക്കുമോ?
താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍
‍താന്താനനുഭവിച്ചീടുകെന്നേ വരൂ."

അങ്ങനെ സപ്തര്‍ഷിമാരുടെ വാക്കു വിശ്വസിച്ച രത്നാകരന്‍, വീട്ടില്‍ പോയി ഭാര്യയോടും മക്കളോടും ചോദിച്ചു. ഞാന്‍ പിടിച്ചുപറിച്ചും, കൊള്ളയടിച്ചും, മറ്റുള്ളവരെ ഉപദ്രവിച്ചും നിങ്ങളെ സം‌രക്ഷിക്കുന്നു. എന്നങ്കിലും ഇതിന്റെയൊക്കെ ഫലം അനുഭവിക്കേണ്ടിവന്നാല്‍ നിങ്ങള്‍ കൂടി അത് പങ്കിട്ടെടുക്കുമോ അതോ ചെയ്തുതുകൂട്ടുന്ന ഈ പാപങ്ങള്‍ക്കൊക്കെയുള്ള ഫലം ഞാന്‍ തന്നെ അനുഭവിക്കേണ്ടി വരുമോ?”

രത്നാകരന്റെ ഈ ചോദ്യം കേട്ട്, ഭാര്യയും മക്കളും ഒരേ സ്വരത്തില്‍ തിരിച്ചു ചോദിച്ചു, ദിവസവും ചെയ്തു കൂട്ടുന്ന കര്‍മ്മങ്ങളുടെ ഗുണഫലം മറ്റാര്‍ക്കങ്കിലും അനുഭവിക്കാന്‍ കഴിയുമോ? അതുകൊണ്ട് അവനവന്‍ ചെയ്യുന്ന മുഴുവന്‍ പ്രവര്‍ത്തികളുടെയും ഫലം, അവനവന്‍ തന്നെ അനുഭവിക്കേണ്ടിവരും.

ഇതുകേട്ട് രത്നാകരന്‍ അതീവ വിഷണ്ണനാവുകയും, താന്‍ ചെയ്തുകൊണ്ടിരുന്നതുമുഴുവന്‍ പാപങ്ങളാണന്ന് തിരിച്ചറിയുകയും, പശ്ചാത്താപ വിവശനായ് സപ്തര്‍ഷിമാരുടെ അടുക്കല്‍ തിരിച്ചെത്തി, വിവരങ്ങള്‍ ധരിപ്പിക്കയും ചെയ്തു. രത്നാകരന്റെ മനം‌മാറ്റത്തില്‍ സന്തുഷ്ടരായ മുനിമാര്‍‍, ഇനിയും നല്ലൊരു മനുഷ്യനായ് സല്‍‌പ്രവര്‍ത്തികള്‍ ചെയ്ത് ശിഷ്ടകാലം ജീവിക്കുവാന്‍ ഉപദേശിച്ചു. അറിവും ജ്ഞാനവുമില്ലതിരുന്ന രത്നാകരന്, സിംഹവ്യാഘ്രഗജാദികളുടെ ഗര്‍ജ്ജനം കൊണ്ടു് മുഖരിതമായ കൊടും വനത്തില്‍ രണ്ടു മരങ്ങള്‍ കാണിച്ചുകൊടുത്തിട്ട് "ആ മരം, ഈ മരം" എന്നു ജപിച്ചുകൊണ്ട് ‍ ആ മരങ്ങളുടെ ഇടയില്‍ ഇരുന്നുകൊള്ളാന്‍ ഉപദേശിച്ച് യാത്ര തുടരുകയും ചെയ്തു. അങ്ങനെ രത്നാകരന്‍ 'ആ മരം, ഈ മരം' എന്ന് ജപിച്ചുകൊണ്ട് അവിടെ ഇരിക്കുകയും കാല‍ഭേദങ്ങളറിയാതെയുള്ള ഉരുവിടലിലൂടെ 'ആ മരം, ഈ മരം' എന്നത് 'രാമ രാമ' എന്നായ്ത്തീരുകയും, രത്നാകരനെ മുഴുവനായ് ചിതല്‍ പുറ്റ് (വാല്‌‍മീകം) മൂടുകയും ചെയ്തു. അവസാനം പുറ്റുപൊളിച്ച്‍, വാല്‌‍മീകി എന്ന ഇതിഹാസ പുരുഷനായ മഹര്‍ഷി പുംഗവനായ് രാമയണം തീര്‍ത്തു. .


ഇതിന്‍ നിന്നും പഠിക്കേണ്ട പാഠം:

നമ്മള്‍ ചെയ്യുന്ന ഏതു പ്രവര്‍ത്തികള്‍ക്കും കൂട്ടുനില്‍ക്കാനും പ്രോല്‍സാഹിപ്പിക്കാനും, അത് കണ്ട് ചിരക്കാനും, നമ്മള്‍ കാണാതെ നമ്മെ പരിഹസിക്കാനും പലരും നമുക്കു ചുറ്റുമുണ്ടാകും. അവര്‍ നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തികളിലെ തിന്മയെ പ്രോല്‍സാഹിപ്പിച്ച് കൂടുതല്‍ കൂടുതല്‍ മോശമായ വാക്കുകള്‍ പറയാനും പ്രവര്‍ത്തിക്കാനും നമ്മെ ഉല്‍സാഹകുതുകികളാക്കും. എന്നാല്‍ ഇതുകൊണ്ട് നമുക്കുണ്ടാകുന്ന ദോഷഫലങ്ങള്‍ അനുഭവിക്കാനും, ആ സന്ദര്‍ഭങ്ങളില്‍ നമ്മോടൊപ്പം നില്‍ക്കാനും ഇവരാരും ഉണ്ടാകില്ല. അത് നമ്മള്‍ തിരിച്ചറിയുമ്പോഴേക്കും സമയം ഒരുപാട് വൈകിയിട്ടുണ്ടാകും. നമുക്കുണ്ടാകുന്ന നഷ്ടങ്ങളും അപമാനങ്ങളും നമ്മള്‍ തന്നെ സഹിക്കേണ്ടിവരും. കാലം കഴിയുമ്പോള്‍ നമ്മുടെ അറിവ് കൂടുകയും, പക്വത ഏറുകയും ചെയ്യുമ്പോള്‍, ഇന്നും ഇന്നലെയും നമ്മള്‍ ചെയ്ത പ്രവര്‍ത്തികളും പറഞ്ഞ വാക്കുകളും മോശമായിരുന്നു എന്ന് നമുക്ക് തോന്നാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒരു കള്ളുകുടിയന്‍ കോപ്രായങ്ങള്‍ കാട്ടി പുലഭ്യം പറഞ്ഞാല്‍, അത് കണ്ട് ചിരിക്കാനും കൈയ്യടിച്ചു പ്രോല്‍സാഹിപ്പിക്കാനും ചുറ്റും കൂടുന്നവര്‍ക്ക് ഒരു രസമാണ്. അത് കാണുമ്പോള്‍ കള്ളുകുടിയന്‍ ഉടു തുണി പറിച്ച് തലയില്‍ കെട്ടുമ്പോള്‍ അവന്‍ അറിയുന്നുണ്ടാവില്ല അവന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ അവനെ തന്നെ ഹനിക്കുന്നതാണന്ന്. വല്ലവന്റെയും അമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല രസമാണ് എന്ന് എല്ലാവരും എപ്പോഴും ഓര്‍ക്കുന്നത് നന്നായിരിക്കും.