മനുഷ്യരെ മനുഷ്യരാക്കുന്നത് മനുഷ്യത്വമാണ്. ഹിംസ്രജന്തുക്കളെപോലും പരിപാലിച്ച് ജൈവ സംതുലിതാവസ്ഥ നില നിര്‍ത്താന്‍ ശ്രമിക്കുന്ന ഒരു സമൂഹം, മാറിവരുന്ന സംസ്‌ക്യതികളെയും മാറ്റങ്ങളേയും ഉള്‍ക്കൊള്ളാന്‍ കഴിവുള്ള ഒരു സമൂഹം, സ്വവര്‍ഗ പ്രണയത്തിനെതിരെ പടവാളെടുക്കുന്നതിലെ ചേതോ വികാരം എന്താണന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. മനുഷ്യരുടെ സ്വഭാവസവിശേഷതകളെ ശ്ലീലവും അശ്ലീലവും എന്ന് വേര്‍തിരിക്കാതെ പലതരത്തിലുള്ള ജൈവിക വൈശേഷ്യങ്ങളുടേയും, അവയുടെ തുടര്‍ച്ചയുമായിട്ടാണ് ആധുനിക വൈദ്യശാസ്ത്രവും നരവംശ ശാസ്ത്രവും സിദ്ധാന്തീകരിച്ചികിരിക്കുന്നത്. അങ്ങിനെ വരുമ്പോള്‍ സ്വവര്‍ഗ്ഗാനുരാഗവും സ്വവര്‍ഗ രതിയും സമൂഹത്തില്‍ നിലനില്‍ക്കുന്ന ശ്ലീലം എന്ന് നിര്‍വ്വചിക്കപ്പെട്ടിരിക്കുന്ന സമൂഹിക ചുറ്റുപാടുകളില്‍ നിന്നുള്ള ഒരു അപഭ്രംശമല്ല മറിച്ച്, ജീവശാസ്ത്രപരമായ അനേകം സ്വഭാവസവിശേഷതളില്‍ ഒന്നുമാത്രമാണ്. എന്നാല്‍ പൂരിപക്ഷം മനുഷ്യരും വലം കൈയ്യന്മാരായ് ജനിക്കുമ്പോള്‍, അതില്‍ ഒരു ന്യൂനപക്ഷം ഇടങ്കയ്യന്മാരായ് ജനിക്കുമ്പോലെ, സ്വവര്‍ഗനുരാഗവും സ്വവര്‍ഗ പ്രണയവും, ഒരു ജനിതക വാസനയാണന്നും, അതല്ല വളര്‍ച്ചയുടെ ഘട്ടാ ഘട്ടങ്ങളില്‍ പാരിസ്ഥികമായ സ്വാധീനങ്ങളുടെ ഫലമായ് ഉരുത്തിരിയുന്ന ഒരു സ്വഭാവ സവിശേഷതയാണ് എന്നും രണ്ട് അഭിപ്രായമാണ് പെതുവേ ഉയര്‍ന്നു വന്നിട്ടുള്ളത്. ഇതില്‍ ജനിതകപരമായാണ് ഒരാള്‍ സ്വവര്‍ഗ്ഗഭോഗിയോ സ്വവര്‍ഗാനുരാഗിയോ ആയിതീരുന്നതങ്കില്‍ ജനിതക ഘടനയില്‍ മാറ്റം വരുത്തുകയന്നത് അസാധ്യമോ ആനാവശ്യമോ ആയ ഒന്നാണ്. പാരിസ്ഥികമായ സ്വാധീനങ്ങളില്‍, ഗര്‍ഭസ്ഥ ശിശുവായിരിക്കുന്ന നാള്‍ മുതലുള്ള ചുറ്റുപാടുകള്‍, വളരുന്ന പരിസ്ഥിതി, സൗഹ്യദം മുതലുള്ള വ്യക്തിവിനിമയങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ജീവിതത്തിലെ ഒറ്റപ്പെടല്‍, ഏകാന്തത എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്തത്ര ഘടകങ്ങള്‍. എന്നാല്‍ യാഥാര്‍ത്ഥ്യം ഇവക്ക് രണ്ടിനുമിടയിലാണന്നു, അല്ലങ്കില്‍ ഇവരണ്ടിന്റെയും ഒരുമുച്ചുള്ള സ്വാധീനമോ ആണന്നാണ് വൈദ്യശാസ്ത്രത്തിന്റെ നിഗമനം. .
അങ്ങിനെ വരുമ്പോള്‍ സ്വവര്‍ഗാനുരാഗം എന്നത് ഒരു വ്യക്തിയുടെ മാനസിക വ്യാപാരമാണന്നോ, മാനസികാവസ്ഥയാണന്നോ പറയുവാന്‍ കഴിയുകയില്ല. എന്താണ് സ്വവര്‍ഗ്ഗ അനുരാഗം. നിങ്ങളില്‍ ആരെങ്കിലൂം എന്നെങ്കിലും സ്വവര്‍ഗഅനുരാഗി ആയിരുന്നിട്ടുണ്ടോ? ഒരു അര്‍ത്ഥത്തില്‍ പൂരിപക്ഷത്തിലും ഇങ്ങനെ ഒരു വികാരം കാണുന്നുവന്നതാണ് മനശാസ്ത്ര മതം. പ്രത്യേകിച്ച് കൗമാര കാലഘട്ടത്തില്‍ ഇത് കൂടുതല്‍ പ്രകടമാകുന്നു. എന്നാല്‍ ഇത് ഒരിക്കലും അതിരു വിട്ട ബന്ധമായോ അല്ലങ്കില്‍ രതിയിലേക്കോ എത്തപ്പെടുന്നില്ല എന്നുമാത്രം. ഒരാള്‍ തന്റെ തന്നെ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നല്‍കുന്ന മാനസികമായ പിന്തുണ, സ്നേഹം, അടുപ്പം, വാല്‍സല്യം. വെറും സൗഹ്യദത്തില്‍ തുടങ്ങുന്ന ബന്ധങ്ങളാണ് എപ്പോഴും സ്വവര്‍ഗ പ്രണയമായ് രൂപാന്തരപ്പെടുന്നത്. തന്നെ മനസ്സിലാക്കുന്ന സുഹ്യത്ത്‍, തന്റെ കഴിവുകളേയും കഴിവുകേടുകളേയും അംഗീകരിക്കുമ്പോള്‍, സ്വന്തം വീട്ടിലും സമൂഹത്തില്‍ തന്നയും ഒറ്റപ്പെടുമ്പോള്‍, തന്റെ ചിന്തകള്‍ക്കും ചെയ്‌വനകള്‍ക്കും നല്‍കുന്ന അംഗീകാരം ഇവ ഒരേതോണിയിലെ യാത്രക്കാരന്നവണ്ണം വല്ലാതെ വലിച്ചടുപ്പിക്കുന്നു. പലപ്പോഴും ഇത്തരം ബന്ധങ്ങളാണ് അവരെ വിഷാദത്തില്‍ നിന്നും, ആത്മഹത്യയില്‍ നിന്നുപോലും പിന്തിരിപ്പിക്കുന്നത്.
എന്നും സ്വന്തം മകനെയോ മകളേയോ കോണ്‍വന്റ് സ്‌കൂളുകളിലോ, ബോര്‍ഡിങ്ങുകളിലോ നിര്‍ത്തി പഠിപ്പിക്കുക എന്നത് രക്ഷകര്‍ത്താക്കള്‍ക്ക് വലിയ അഭിമാനമാണ്. എന്നാല്‍ അവര്‍ സ്വന്തം കുഞ്ഞുങ്ങളെ ഭീതിപ്പെടുത്തുന്ന ഏകാന്തയിലേക്കും, അരക്ഷിതത്വത്തിലേക്കുമാണ് എറിഞ്ഞുകൊടുക്കുന്നത്. മാനുഷിക പരിഗണനയോ, സ്നേഹമോ ഇല്ലാത്ത വാര്‍ഡന്മാരുടേയും, പട്ടാളാചിട്ടകള്‍ മാത്രം പഠിപ്പിക്കുന്ന അധ്യാപകരുടേയും കീഴില്‍ വല്ലാത്ത മാനസിക സംഘര്‍ഷമാണ് അനുഭവിക്കേണ്ടി വരുന്നത്.
ഇത്തരം സ്‌കൂളുകള്‍ ബോര്‍ഡിംങ് സ്‌കൂളുകള്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന മോള്‍ഡിംങ് സ്‌കൂളുകള്‍ മാത്രമാണ്. വ്യക്തിത്വ വികസനം എന്നതിന് പകരം വ്യക്തിത്വ പാര്‍ശ്വീകരണവും ഹത്യകളുമാണ് നടക്കുന്നത്. ഇഷ്‌ടമുള്ള ഭാഷ പറയുവാനോ, വസ്ത്രം ധരിക്കുവാനോ, ഭക്ഷണം കഴിക്കുവാനോ എന്തിന് ഒന്ന് ഉറങ്ങുവാനോപോലുമുള്ള സ്വാതന്ത്യം നിഷേധിക്കപ്പെട്ട വ്യക്തികളായാണ് ഇവര്‍ വളര്‍ന്നു വരുന്നത്. ഒരു വശത്ത് സ്വന്തം ഇഷ്ടാനിഷ്ഠങ്ങള്‍. മറുവശത്ത് മാതാപിതാക്കളുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നു വരാനുള്ള ശ്രമം. ഇതിനു രണ്ടിനുമിടയില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന അധ്യാപകര്‍. ഇതിനിടയില്‍ ആത്മസംഘര്‍ഷത്തില്‍ വീര്‍പ്പുമുട്ടി പുളയുകയാവും അവര്‍.
മറ്റുള്ളവരുടെ ചിട്ടക്കൊത്ത് ജീവിക്കുന്ന മരപാവകളായ് മാറുകയാണ് അവര്‍. ഒരോ ദിവസങ്ങളും തുടങ്ങുന്നതും അവസാനിക്കുന്നതും മണിക്കണക്കിനാണ്. രാവിലെ അഞ്ചുമണിക്ക് അലാറാം മുഴങ്ങുമ്പൊള്‍ എഴുനേല്‍ക്കണം. ഹോംവര്‍ക്ക്, കുളി, പ്രഭാത ഭക്ഷണം, വസ്ത്ര ധാരണം എല്ലാറ്റിനും ബല്‍ മുഴങ്ങും. രാത്രി ഒന്‍പത് മണിക്ക് ലൈറ്റ് അണയും. ഉറക്കം വന്നാലും ഇല്ലങ്കിലും നൈറ്റ് ഡ്രസ് ധരിച്ച് കിടക്കണം. അതാണ് ചട്ടം.
ഉറക്കം വരാതെ കിടക്കുന്ന രാത്രികളില്‍ ചിന്തകള്‍ മനസ്സിനെ മഥിക്കും. ഓര്‍മ്മകള്‍, അരക്ഷിതത്വം, നിസഹായതകള്‍ ഇങ്ങനെ ഒരോന്നായി തികട്ടിവരും. അഛ്ചന്‍, അമ്മ, സഹോദരങ്ങള്‍, വീട് അങ്ങിനെ താന്‍ നഷ്ടപ്പെടുത്തുന്ന ഓരോന്നും കടന്നുവരും ചിന്തകളിലേക്ക്. ചില സമയങ്ങളില്‍ നിയന്ത്രണം വിട്ടുപോകും. ഒന്ന് ഉറക്കെ കരയണമന്നു തോന്നും. പക്ഷേ ശബ്‌ദം തൊണ്ടയില്‍ കുരുങ്ങിമരിക്കും. കരയുന്ന ശബ്‌ദം കേട്ടാല്‍ അതിനുള്ള ശിക്ഷ വേറെ വാങ്ങണം അതിനാല്‍ അടക്കി പിടിച്ച് തേങ്ങികരയും. അടുത്ത കട്ടിലില്‍ കിടക്കുന്ന സഹപാഠി അല്ലങ്കില്‍ സുഹ്യത്ത് അറിയുമ്പോള്‍ എണീറ്റ് വരും. പുതപ്പിനുള്ളില്‍ കെട്ടിപിച്ച് അല്ലങ്കില്‍ ഒരുതലോടലാല്‍ കൂട്ടിരിക്കും. ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. പിന്‍ഡ്രോപ്പ് സയലന്‍സാണ്.
പക്ഷേ ആ ഒരു തലോടല്‍, ആശ്ലേഷം അത് തരുന്ന ആശ്വാസം, വാക്കുകളാല്‍ അതു വിവരിക്കാന്‍ കഴിയില്ല. പിന്നെ എപ്പോഴങ്കിലും സ്വകാര്യതയുള്ള, മിണ്ടാന്‍ അനുവാദമുള്ള നേരത്താവും എന്തിനാണ് കരഞ്ഞത് എന്ന് ചോദിക്കുന്നത്. പലപ്പോഴും ഒന്നും മിണ്ടാതെ മറ്റെന്തിനെകുറിച്ചങ്കിലും സംസാരിക്കും. വിണ്ടും ഇതു തുടരും. പിന്നെ ഒരു ദിവസം മനസ്സു തുറക്കും. അങ്ങനെ പതുക്കെ അടുക്കും. വ്യസനിച്ചിരിക്കുമ്പോള്‍ ഹേയ് സാരമില്ലടാ എന്ന ഒരു വാക്ക്, ഒരു തലോടല്‍, ഒരു ആലിഗനം അതിന്റെ ബലത്തിലാവും പിന്നീടുള്ള ദിവസങ്ങള്‍ മുന്നോട്ട് പോകുന്നത്. പലപ്പോഴും അതില്‍ ലൈഗികതക്കായിരിക്കില്ല മുന്തൂക്കം. എന്നാല്‍ പലപ്പോഴും കെട്ടിപിടിക്കും ഉമ്മവയ്‌ക്കും, ഒരേ പുതപ്പിനുള്ളില്‍ വാര്‍ഡന്റെ കണ്ണുവെട്ടിച്ചു ആലിംഗന ബദ്ധരായ് ഉറങ്ങും. പതുക്കെ ചില ബന്ധങ്ങള്‍ ലൈംഗികതയിലേക്ക് വഴിമാറും. .
കാര്യങ്ങള്‍ ഇങ്ങനെയാകുമ്പോള്‍, ഏകാന്തത, ഒറ്റപ്പെടല്‍, സ്‌കൂളില്‍ നിന്ന് വരുമ്പോള്‍ ശൂന്യമായ വീട്, വഴക്കിടുന്ന അച്ഛനമ്മമാര്‍, കാര്‍ക്കശ്യമായ ചിട്ടകള്‍, സ്നേഹം പ്രകടിപ്പിക്കാത്ത രക്ഷിതാക്കള്‍, ബന്ധുക്കളില്‍ നിന്നും മാതാപിതാക്കളില്‍ നിന്നുമുള്ള പറിച്ചെറിയല്‍, ഇതിന്റെ ഒക്കെ ഒരു ബൈ പ്രോഡകറ്റുകൂടിയാണ് സ്വവര്‍ഗാനുരാഗികളും സ്വവര്‍ഗഭോഗികളും. ഇതിനിടയില്‍ രാത്രികാലങ്ങളില്‍ വാര്‍ഡന്മാര്‍ സ്വന്തം മുറിയിലേക്ക് കൂട്ടികൊണ്ടുപോയി അവരുടെ ഇച്ഛാനുവര്‍ത്തികളാക്കപ്പെടുന്ന കുട്ടികള്‍. അവിവാഹിതരായ ക്രിസ്ത്യന്‍ മിഷണറിമാരുടെ മേല്‍നോട്ടത്തില്‍ നടത്തികൊണ്ടുപോകുന്ന ബോയ്സ് ഹോസ്റ്റലുകളില്‍ ഇത്തരം അനുഭവങ്ങള്‍ അപൂര്‍വ്വമല്ല. പാപഭാരം തോന്നുന്ന ആദ്യ അനുഭവങ്ങള്‍ ആരോടും പറയാന്‍ കഴിയാതെ വരുന്ന കുട്ടികള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ സാവധാനം ആസ്വദിച്ചു തുടങ്ങുന്നു. പിന്നീട് ഒരിക്കലും കരകയറാനാവാത്ത സ്വവര്‍ഗ ഭോഗത്തിന്റെ ഗര്‍ത്തത്തിലേക്കാവും ഇവര്‍ എടുത്തെറിയപ്പെടുന്നത്.
ഇവിടെ ആരയാണ് നമ്മള്‍ കുറ്റപ്പെടുത്തുക? സാഹചര്യത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെട്ടോ, ദുരഭിമാനത്തിന്റെ പരിപ്രേക്ഷ്യതയാലോ നമ്മുടെ കുഞ്ഞുങ്ങളെ അരക്ഷിതത്വത്തിലേക്കും വിഷാദത്തിലേക്കും തള്ളിവിടുന്ന രക്ഷകര്‍ത്താക്കളയോ? ഭയപ്പെടുത്തുന്ന ഏകാന്തതയിലും അനാഥത്വത്തിലും വീര്‍പ്പുമുട്ടുമ്പോള്‍ സ്‌നേഹത്തിന്റെ പട്ടുനൂലുകളാല്‍ ബന്ധിച്ച് സ്വവര്‍ഗ പ്രണയത്തിന്റെ കയങ്ങളിലേക്ക് സ്വയം ഊളിയിടുന്ന കുട്ടികളെയോ? അടിച്ചേല്പിക്കുന്നതോ അടക്കിവച്ചനുശീലിക്കുന്നതോ ആയ ബ്രഹ്മചര്യം വഴി ജന്മസിദ്ധമായ ലൈംഗികവാസനയെ പരിപൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിയാത്ത വാര്‍ഡന്മാരയോ?. ഉത്തരം എന്തുതന്നയായാലും പാമ്പിനും, പഴുതാരക്കും, പട്ടിക്കും, പൂച്ചക്കും, മാനിനും, മയിലിനും ജീവിക്കാന്‍ അവകാശമുള്ള ഈ ഭൂമിയില്‍, വേശ്യാവ്യത്തിയും, ബഹുഭാര്യാത്വവും അംഗീകരിച്ചുകൊടുക്കുന്ന സമൂഹത്തെ ഉള്‍ക്കൊള്ളുന്ന ഈ ഭൂമിയില്‍ അവരയും സ്വൈരമായ് ജീവിക്കാന്‍ അനുവദിക്കുക. നിയമങ്ങളുടേയും മതങ്ങളുടേയും ചങ്ങലകള്‍കൊണ്ട് ബന്ധിച്ച് ഒരുതീണ്ടാപാടകലെ നിര്‍ത്താതെ അവരയും സമൂഹത്തിന്റെ ഭാഗമായ് അംഗീകരിക്കുക. അതല്ലേ മനുഷ്യത്വം?.
ഒരു അനോണിമസ് കമന്തിന്റെ ചുവടുപിടിച്ച് എഴുതിയത്
ചിത്രം: ഇവിടനിന്നും.