ഫാദർ ഡേവിസ്-ഹ്യദയത്തിൽ ദൈവ്വത്തിന്റെ കൈയ്യൊപ്പുള്ള നല്ല ഇടയൻ
ഫാദർ ഡേവിസ് ചിറമ്മലിനെ എത്രപേർ അറിയും? മനുഷ്യനെ മതത്തിന്റെയും വർഗ്ഗത്തിന്റെയും വർണ്ണത്തിന്റെയും കണ്ണിലൂടെ കാണുന്ന മതമൗലിക വാദികൾ അറിഞ്ഞിരിക്കേണ്ട ഒരു നല്ല മനുഷ്യ സ്നേഹിയാണ് ഫാദർ ഡേവിഡ്. ജാതീയതയുടെ മതിൽ കെട്ടുകൾ തീർത്ത് മനുഷ്യൻ മനുഷ്യനെ ചുട്ടുകൊല്ലുമ്പോൾ മതത്തിനതീതമായ ദാനകർമ്മത്തിലൂടെ യഥാർത്ഥ ദൈവ്വ ദാസനായ് മാറിയ നല്ല ഇടയനാണ് ഫാദർ ഡേവിസ്. ദാനമില്ലാത്ത ഈ ലോകത്ത് സ്വന്തം ജീവൻ തന്നെ ദാനം ചെയ്യാൻ തയ്യാറായാണ് ഫാദർ ഡേവിഡ് ദൈവ്വ വഴികളിൽ സഞ്ചരിക്കുന്നത്. സഹോദരനുവേണ്ടി സ്വന്തം ജീവൻ പരിത്യജിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലന്ന് ഈ ദൈവ്വ ദാസൻ തന്റെ പ്രവർത്തികളിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്നു.
ത്യശൂർ ജില്ലയിലെ വാടനപള്ളിയിൽ ഇലക്ട്രീഷ്യനായ ഗോപിനാഥൻ ഭാര്യയും രണ്ടു കുട്ടികളുമുള്ള ഒരു സാധാരണക്കാരനാണ്. സന്തോഷത്തോടെ കുടുംബ ജീവിതം നയിച്ചിരുന്ന ഗോപിനാഥന് ഒരു പനിയെ തുടർന്ന് വ്യക്ക രണ്ടും തകരാറിലായി. ജീവിതം തനിക്കു മുന്നിൽ ഇല്ലാതാകുന്നത് അയാളറിഞ്ഞു. മരുന്നുകൾ കൊണ്ട് ഫലമില്ലാതെ വന്നപ്പോൾ പിന്നെ ഒരു മാർഗ്ഗമേ ഉണ്ടായിരുന്നുള്ളൂ. ആഴ്ചയിൽ രണ്ടും മൂന്നും ഡയാലിസിസ്. ചികിൽസക്കായ് കൈയ്യിൽ ഉണ്ടായ സമ്പാദ്യം മുഴുവൻ ചിലവിട്ട ഗോപിനാഥന് താങ്ങാവുന്നതിനപ്പുറമായിരുന്നു ഡയാലിസിസിനുള്ള ചിലവുകൾ. വ്യക്ക മാറ്റിവയ്ക്കാത്തിടത്തോളം തനിക്കു മുന്നിൽ ഒരു ജീവിതമില്ലന്ന് തിരിച്ചറിഞ്ഞ ഗോപിനാഥൻ തന്റെ മക്കളുടെയും കുടുംബത്തിന്റെയും ഭാവിയോർത്ത് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചുറച്ചു. പക്ഷേ ഗോപിനാഥനെ ദൈവ്വം കൈവിട്ടില്ല. വിവരങ്ങളറിഞ്ഞ് നാട്ടുകാരും സുഹ്യത്തുക്കളും ഗോപിനാഥന്റെ സഹായത്തിനെത്തി. ഗോപിനാഥന്റെ ചികിൽസാ ഫണ്ടിലേക്ക് നാട്ടുകാർ ഉദാരമായ് പണം നിക്ഷേപിച്ചു. ദിവസങ്ങൾക്കുള്ളിൽ ഫാദർ ഡേവിസിന്റെ നേത്യത്വത്തിൽ പത്തുലക്ഷത്തോളം രൂപ പിരിച്ചെടുത്തു. ഗോപിനാഥന്റെ വ്യക്ക മാറ്റിവെയ്ക്കുക. ഗോപിനാഥന്റെ സുഹ്യത്തുക്കൾ ദാദാവിനെ കണ്ടെത്തി വ്യക്ക വാങ്ങാനുള്ള ശ്രമം ആരംഭിച്ചു. ഇതറിഞ്ഞ ഫാദർ ഡേവിസ് ഒരു നിർദ്ദേശം മുന്നോട്ട് വച്ചു. വിലകൊടുത്ത് വ്യക്ക വാങ്ങുന്നത് തന്റെ കാഴ്ചപാടുകൾക്ക് എതിരാണന്നു മാത്രമല്ല അത് വ്യക്ക മാഫിയാ സംഘങ്ങളെ സഹായിക്കൽകൂടിയാണ്. അതിനാൽ ഗോപിനാഥന് തന്റെ വ്യക്ക കൊടുക്കാൻ താൻ തയ്യാറാണന്ന് ഫാദർ അറിയിച്ചു.
കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ വച്ചു. ചിലർ ഫാദറിന് ഭ്രാന്താണന്ന് പറഞ്ഞു പരിഹസിച്ചു. ഇടവകയിലെ അടുത്ത സുഹ്യത്തുക്കളിൽ പലരും സ്നേഹത്തോടെ ചോദിച്ചു ഒരു ഹിന്ദുവിന് വെറുതേ വ്യക്ക ദാനം ചെയ്യേണ്ടതുണ്ടോ? എന്നാൽ ഫാദർ ഡേവിസിന്റെ മനസ്സിൽ ഹിന്ദുവോ ക്യസ്ത്യനോ ഉണ്ടായിരുന്നില്ല. ഗോപിനാഥൻ എന്ന സഹോദരൻ മാത്രമായിരുന്നു. എങ്ങനെയും ഗോപിനാഥന് ജീവിതം തിരികെ കൊടുക്കുക. അതുമാത്രമേ ഫാദർ ഡേവിസ് ചിന്തിച്ചിരുന്നുള്ളൂ. സെപ്റ്റംബർ മുപ്പതിന് ലേക്‌ഷോർ ഹോസ്പിറ്റലിലെ ഓപ്പറേഷൻ ടേബിളിൽ കിടക്കുമ്പോൾ ഫാദർ ഡേവിസിന്റെ ആശങ്കയും പ്രാർത്ഥനയും അദ്ദേഹത്തിന്റെ ജീവനെകുറിച്ചോർത്തായിരുന്നില്ല മറിച്ച് ദാനം ചെയ്യുന്ന വ്യക്ക ഗോപിനാഥനിൽ മാറ്റിവക്കാൻ ഒരു തടസ്സവും ഉണ്ടാകരുതേ എന്നതായിരുന്നു. ഫാദർ ഡേവിന്റെ പ്രാർത്ഥനപോലെ ലേക്‌ഷോർ ഹോസ്പിറ്റലിലെ വിദഗ്ധരായ ഡോക്ടർമാർ ഫാദർ ഡേവിസിന്റെ വ്യക്ക ക്രയാറ്റിൻ ലെവൽ പതിനാറുവരെ എത്തി മരണത്തിന്റെ നിഴലിലായിരുന്ന ഗോപിനാഥനിൽ വിജയകരമായ് തുന്നിചേർത്തു. വിലപിടിപ്പുള്ളതായ് ഫാദർ ഡേവിസിനുണ്ടായിരുന്ന കാർകൂടി വിറ്റിട്ടാണ് ശസ്ത്രക്രിയയുടെ ആവശ്യത്തിനുള്ള പണം കണ്ടെത്തിയതന്നറിയുമ്പോൾ ആ മനസ്സിന്റെ വിശാലത ഊഹിക്കാൻ കഴിയും.
ഒരു ഹിന്ദുവിന് തന്റെ വ്യക്ക ദാനം ചെയ്തതിലൂടെ ഫാദർ സഭയുടെ യശസ്സുയർത്തി എന്ന് പറയുന്ന സുഹ്യത്തുക്കളോടും ഇടയജനതയോടും ഒരു ചെറു പുഞ്ചിരിയോടെ ഫാദർ ഡേവിസ് പറയും അത് ഹിന്ദു സഹോദരനല്ല മനുഷ്യ സഹോദരനാണ്. അരമനകളിലേയും കന്യാസ്ത്രീ മഠങ്ങളിലേയും നിന്ദിതരേയും പീഡിതരേയും ശുശ്രൂഷിക്കുന്ന, ആർക്കും വേണ്ടാത്ത ജനസമൂഹങ്ങളുടെ ഉന്നമനത്തിനായ് പ്രവർത്തിക്കുന്ന ആയിരങ്ങളിൽ ഒരാൾ മാത്രമാണ് ഫാദർ ഡേവിസങ്കിലും സ്വന്തം വ്യക്ക ദാനം നൽകി ഒരു മനുഷ്യജീവന് പ്രത്യാശപകർന്ന ഫാദർ വേറിട്ട ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ്. ഹ്യദയത്തിൽ ദൈവ്വത്തിന്റെ സ്വന്തം കൈയ്യൊപ്പുള്ള ഒരു യഥാർത്ഥ ഇടയൻ.
.