Search this blog


Home About Me Contact
2008-12-21

പ്ലാത്തിന് പകരം പ്ലാത്ത് മാത്രം  

വിശ്വപ്രശസ്തയായ, കവിതക്കുവേണ്ടി ജീവിച്ചു മരിച്ച കവയത്രി സില്‍‌വിയ പ്ലാത്ത്, അമേരിക്കന്‍ കവയത്രി എന്നതിനപ്പുറം ലോകത്തിന്റെ കവയത്രിയാണ്. കേവലം 8 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ തന്റെ ആദ്യ കവിത പ്രസിദ്ധീകരിച്ചുകൊണ്ട് കവിതാലോകത്തേക്ക് പിച്ചവെച്ചവള്‍. നന്നേ ചെറുപ്പത്തില്‍ തന്നെ ഫെലോഷിപ്പുകളും, സ്കോളര്‍ഷിപ്പുകളും അവാര്‍ഡുകളും അവളെ തേടിയിയത്തി. കവിതകള്‍ക്കു പുറമേ മനോഹരങ്ങളായ ഒരുപാട് കഥകളും, ജീവിത ഗന്ധിയായ ഒരു നോവലും സാഹിത്യലോകത്തിന് സമ്മാനിച്ചവള്‍. ജീവന്റെ തിരി സ്വയം ഊതികെടുത്തി മരണത്തിന്റെ മരവിപ്പിക്കുന്ന തണുപ്പിലേക്ക് നടന്നുപോകുന്നതിനുമുന്‍പ് എഴുതി തീരാത്ത നൂറുകണക്കിനു പേജുകള്‍ അഗ്നിക്ക് ഇരയാക്കി കടന്നു പോയ ഒരു അത്ഭുത പ്രതിഭ‍.

നന്ദിത കവയത്രി ആയിരുന്നോ, കവിത എഴുതിയിരുന്നൊ ഇതൊക്ക ഇന്നും തര്‍ക്ക വിഷയമാണ്. നന്ദിത, ആത്‌മഹത്യ ചെയ്യുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പേ എഴുതിയ ഡയറികുറിപ്പുകളോടൊപ്പം കുറെ ദുരൂഹതകളും അവശേഷിപ്പിച്ച് കടന്നുപോയ ഒരുവള്‍. അവര്‍ മരിച്ചുകഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഡയറികുറിപ്പുകള്‍ ഒരു കവിതാ പുസ്‌തകമായ് അച്ചടിച്ചുവന്നു. പുസ്‌തകത്തിലെ കവിതകളുടെ മൂല്യത്തെകാള്‍ നന്ദിത അവശേഷിപ്പിച്ച ദുരൂഹതകളാണ് ആ പുസ്‌തകത്തിന്റെ സര്‍ക്കുലേഷന് ഹേതുവായത്. "സത്യസന്ധമായി പറഞ്ഞാല്‍ നന്ദിതയുടെ ഒരു കവിത പോലും അത്യാകര്‍ഷകം എന്നു തോന്നിപ്പിക്കുന്നില്ല" എന്ന അഭിപ്രായക്കാരാണ് നന്ദിതയുടെ ആരാധകരില്‍ ഭൂരിഭാഗവും. പ്രണയം, വിലാപം, നൈരാശ്യം, സങ്കടം, മരണം, ദുരൂഹത ഇവയെല്ലാം കൂടി സ്യഷ്‌ടിച്ചടുക്കുന്ന സഹതാപം മാത്രമാണ് നന്ദിത. എന്നാല്‍ പ്ലാത്ത് ഇതൊന്നുമല്ല. പ്ലാത്ത് ജീവിക്കുന്നത് അവരുടെ കവിതകളിലൂടെയാണ്. മരണം അവരുടെ മാതൃത്വത്തിന് മാറ്റുകൂട്ടി എന്നതിനപ്പുറം കവിതയെയോ ആരാധകരെയോ സ്വാധീനിച്ചിട്ടില്ല. പ്ലാത്തിന്റെ കവിതകളിലൂടെ പ്ലാത്ത് എന്ന വ്യക്തിയിലേക്ക് എത്തുമ്പോള്‍, നന്ദിത എന്ന വ്യക്തിയില്‍ നിന്നുമാണ് അവരുടെ ഡയറികുറിപ്പുകളിലേക്ക് ഒരാള്‍ എത്തിപ്പെടുന്നത്.

ആരായിരുന്നു നന്ദിത? എന്തായിരുന്നു അവള്‍? പലരും പലതും പറയുന്നു. ഉരുക്കഴിക്കാന്‍ കഴിയാത്ത കുറെ ദുരൂഹതകള്‍ അവശേഷിപ്പിച്ച് വയനാടന്‍ ചുരങ്ങളെ മഞ്ഞുപൊതിയുന്ന മകര മാസത്തിലെ ഒരു തണുത്ത പാതിരാവില്‍, മൂടല്‍ മഞ്ഞിന്റെ പട്ടുകുപ്പായമണിഞ്ഞ് മഹാനിദ്രയുടെ തണുത്ത താഴ്വരയിലേക്ക്‌ സ്വയം നടന്നുപോയ ഒരു നിരാശാകാമുകി മാത്രമായിരുന്നില്ലേ നന്ദിത. പ്രണയത്തിന്റെയും പ്രണയനഷ്‌‌ടത്തിന്റെയും മാനസിക പിരിമുറുക്കത്തില്‍, ആരും കാണാതെ സ്വന്തം ഡയറിയില്‍ എഴുതിയ കുറെ ആത്മഹത്യാകുറിപ്പുകള്‍. നിരാകരിക്കപ്പെട്ട സ്‌നേഹത്തിന്റെ പേരില്‍ പലരെയും കണ്ണീരുകുടിപ്പിച്ച് തെറ്റായ വഴികളിലൂടെ സഞ്ചരിച്ച് കടന്നുപോയവള്‍.

ഇരുപതാം നൂറ്റാണ്ടിലെ ബസ്റ്റ് സെല്ലിങ് ബുക്കായ Ariel എഴുതിയ പ്ലാത്തുമായ് നന്ദിതയെ എങ്ങനെ താരതമ്യം ചെയ്യാന്‍ കഴിയും? ഹെപ്‌റ്റണ്‍ സ്റ്റാല്‍-ലെ സെമിത്തേരിയിലെ നിശബ്‌ദതയില്‍ വെള്ളുള്ളിപൂക്കള്‍ പുതച്ച് ശാന്തമായുറങ്ങുന്ന ഇരുപതാം നൂറ്റണ്ടിന്റെ സ്വന്തം കവയത്രി സില്‍‌വിയ പ്ലാത്ത്. 1963-ലെ മഞ്ഞുപൊഴിയുന്ന ഫബ്രുവരി മാസത്തിലെ പതിനൊന്നാമത്തെ തണുത്ത വെളുപ്പാന്‍ കാലത്ത് സുഖസുഷുപ്‌തിയിലാണ്ടുകിടന്ന സ്വന്തം മക്കള്‍ക്ക് അവസാനത്തെ പ്രഭാതഭക്ഷണം തയ്യാറാക്കി അവരുടെ ശയനമുറിയില്‍ വിളമ്പിവച്ചിട്ട്, നനഞ്ഞ ഒരു പട്ടുപുതപ്പിനാല്‍ പുതപ്പിച്ച് മക്കള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തിയിട്ട്, ജനാലകളിലെയും വാതിലിലെയും എല്ലാ പഴുതുകളും നനഞ്ഞതുണികൊണ്ട് അടച്ച്, അടുക്കളയില്‍ കയറി പാചകവാതകം തുറന്നുവിട്ട്, ഓവനിലേക്കു മുഖംകയറ്റിവെച്ച്‌ മരണത്തിന്റെ മരവിപ്പിക്കുന്ന തണുപ്പിലേക്ക് നടന്നുപോകുമ്പോഴും പേറ്റുനോവിന്റെ സത്യസന്ധതയില്‍ ഒരുകി ഒലിച്ച സില്‍‌വിയ പ്ലാത്തില്‍ നിന്നും നന്ദിതയിലേക്കുള്ള ദൂരം പ്രകാശവര്‍ഷങ്ങള്‍പോലെ അനന്തമാണ്.

Out of the ash
I rise with my red hair
And I eat men like air.


(from 'Lady Lazarus', in Ariel)

2008-12-20

ഓര്‍മ്മകളിലെ ക്രിസ്‌മസ്  

ക്രസ്‌മസിന്റെ വരവ് വിളിച്ചറിയിച്ച് മുറ്റത്തെ കണികൊന്ന ഇലപൊഴിക്കാന്‍ തുടങ്ങുമ്പോള്‍ മുതല്‍ ക്രിസ്‌മസ് പരീക്ഷ അടുത്തുവല്ലോ എന്ന ഒരു മാനസിക സംഘര്‍ഷവും ഒപ്പം പരീക്ഷ കഴിഞ്ഞാല്‍ കിട്ടുന്ന പത്തു ദിവസത്തെ അവധിയെ കുറിച്ചോര്‍ത്തുള്ള സന്തോഷവും ആണ്. എന്നും എന്റെ ഏറ്റവും അടുത്ത ഗേള്‍ഫ്രണ്ടും വഴികാട്ടിയും ആയ അമ്മയോട് പലപ്പോഴും ഈര്‍ഷ്യതോന്നുന്ന അവസരവും ക്രിസ്‌മസ് കാലം തന്നെ. അതിനു മതിയായ കാരണവുമുണ്ട്. ക്രിസ്‌മസ് കാലമടുക്കുമ്പോഴേക്കും അടുത്തുള്ള ക്യസ്ത്യന്‍ വീടുകളിലെല്ലാം അവര്‍ വര്‍ണ്ണപേപ്പറുകള്‍കൊണ്ടുള്ള നക്ഷത്രകാലുകള്‍ ഉണ്ടാക്കി തൂക്കുകയും മനോഹരമായ പുല്‍കൂടുകള്‍ തീര്‍ത്ത് വര്‍ണ്ണകടലാസും, ഉണ്ണിയേശുവിന്റെയും, കന്യാമറിയത്തിന്റെയും മറ്റും രൂപങ്ങള്‍കൊണ്ട്‌ അലങ്കരിക്കയും ചെയ്യും. ഏതാണ്ട് ഡിസംബര്‍ ആദ്യം വാരം തന്നെ അവര്‍ അവയൊക്കെ ഒരുക്കി തൂക്കിയിട്ടുണ്ടാകും. അതുകാണുമ്പോള്‍ ഞാനും അനുജത്തിയും അതുപോലെ ഒരു നക്ഷത്രം ഞങ്ങളുടെ മുറ്റത്തും തൂക്കാനുള്ള ആഗ്രഹം ഏട്ടനോട് പറയും. കലാപരമായകഴിവ് വീട്ടില്‍ ഏട്ടനോളം മറ്റാര്‍ക്കും ഉണ്ടായിരുന്നില്ല.

വൈദ്യുതബള്‍ബ് തൂക്കാവുന്ന തരത്തിലുള്ള, മാര്‍ക്കറ്റില്‍ നിന്നും റെഡിമേഡായ് വാങ്ങുന്ന ഒരു നക്ഷത്രം വാങ്ങാന്‍ അന്ന് പത്തൊ ഇരുപതോ രൂപയങ്കിലും കൊടുക്കണം. അന്നൊന്നും അത് അത്ര സാധാരണമല്ലാത്തതിനാലും അതിനുള്ള കാശ് കയ്യില്‍ ഉണ്ടാകാറില്ലാത്തതിനാലും ഈറയുടെ പൊളി ചണചരടുകൊണ്ട് വച്ചുകെട്ടി രണ്ടുപാളികളുള്ള അഞ്ചു മൂലകളോടുകൂടിയ ഒരു നക്ഷത്രത്തിന്റെ ചട്ടകൂട് ഉണ്ടാക്കും. എന്നിട്ട് രണ്ടു പാളികളുടേയുംകൂടി ഇടയില്‍ ഏതാണ്ട് 20 സെന്റീമീറ്റര്‍ നീളമുള്ള ഈറപൊളി തിരുകി വെച്ച് നക്ഷത്രത്തിന്റെ ചട്ടകൂട് തീര്‍ക്കും. അതില്‍ മനോഹരമായ വര്‍ണ്ണകടലാസുകള്‍ ഒട്ടിച്ചുകഴിഞ്ഞാല്‍ നക്ഷത്രകാല്‍ പൂര്‍ണ്ണമായി. നക്ഷത്രത്തിനുവേണ്ട എല്ലാ സാമഗ്രികളും വീട്ടില്‍ നിന്നുതന്നെ ശേഖരിക്കാമന്നതിനാല്‍ രണ്ടുരൂപമാത്രം ചിലവാക്കി വര്‍ണ്ണകടലാസ് വാങ്ങിയാല്‍ മനോഹരമായ ഒരു നക്ഷത്രകാല്‍ ഞങ്ങളുടെ മുറ്റത്തും തൂക്കാമായിരുന്നു.

ഒരു വര്‍ണ്ണകടലാസിന് അന്‍പതു പൈസയാണ് അന്നു വില. രണ്ടുരൂപക്ക് നാലു നിറത്തിലുള്ള കടലാസുമാത്രമേ വാങ്ങാന്‍ കഴിയൂ എന്നത് എന്നും ഞങ്ങള്‍ക്ക് ഒരു വിഷമം ആയിരുന്നു. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ മോഷണവും കള്ളത്തരങ്ങളും കാണിക്കുന്ന അവസരങ്ങളാണ് ക്രിസ്മസും ഓണവും. അതിനുള്ള കാരണങ്ങൾ, ക്രിസ്‌മസിന് വര്‍ണ്ണകടലാസ് വാങ്ങാനും, ഓണത്തിന് ഊഞ്ഞാലുകെട്ടാന്‍ കയര്‍ വാങ്ങാനുമുള്ള കാശ് ഒപ്പിക്കുക എന്നതാണ്. അതിനുള്ള വഴികള്‍ ഞാനും ഏട്ടനും അനുജത്തിയുമടങ്ങുന്ന മൂവര്‍ സംഘം കണ്ടുവച്ചിരുന്നു. ദൈവ്വത്തിന്റെ അനുഗ്രഹം ഈ രണ്ട് അവസരങ്ങളിലും പരീക്ഷപേപ്പറിന്റെ രൂപത്തില്‍ ഞങ്ങൾക്ക് മുന്നിലെത്തുമായിരുന്നു. ഏതാണ്ട് ഡിസംബര്‍ പത്താം തീയതിയോട് ക്രിസ്മസ് പരീക്ഷതുടങ്ങും. പരീക്ഷക്കുള്ള പേപ്പര്‍ സ്കൂളില്‍ നിന്ന് തന്നെ വാങ്ങണം. രണ്ടുതരം പേപ്പറുകളാണ് സ്കൂളില്‍ നിന്നും തരിക. ഫെയിസിം ഷീറ്റും അഡീഷണല്‍ ഷീറ്റും. എത്ര സബ്‌‌ജക്ടുകള്‍ ഉണ്ടോ അത്രയും ഫെയിസിങ് ഷീറ്റ് നിര്‍ബന്ധമായും വാങ്ങണം. അഡീഷണല്‍ ഷീറ്റ് ആവശ്യമനുസരിച്ച് വാങ്ങിയാല്‍ മതി. പേപ്പര്‍ വാങ്ങുന്നതിന് അമ്മ തന്നു വിടുന്ന രണ്ടുരൂപയില്‍ നിന്നും ഇരുപത്തഞ്ച് പൈസ വീതം ഞാനും അനുജത്തിയും ലാഭിക്കും. ഏട്ടന്‍ അന്ന് ഹൈസ്‌കൂളില്‍ ആയിരുന്നതിനാല്‍ പന്ത്രണ്ട് സബ്‌ജക്ടുകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ഏട്ടന് പേപ്പര്‍ വാങ്ങാനായ് കൊടുക്കുന്ന നാലുരൂപയില്‍ നിന്ന് അന്‍പതു പൈസ ഏട്ടന്‍ പേപ്പര്‍‌വാങ്ങാതെ കയ്യില്‍ സൂക്ഷിക്കും. അങ്ങനെ മൊത്തം ഒരു രൂപ സ്വരൂപിക്കും. .

ഇനിയും വേണം പൈസ. അതിന് വേറെ ഒരു വഴി ഞാന്‍ കണ്ടുവച്ചിരുന്നു. അന്ന് കടയില്‍പോയി സാധനങ്ങള്‍ വാങ്ങിക്കുക എന്നത് എന്റെ ജോലിയായിരുന്നു. ക്രിസ്‌മസിന് നക്ഷത്രകാല്‍ ഉണ്ടാക്കാനുള്ള ആലോചന തുടങ്ങിയാല്‍ പിന്നെ കടയില്‍ പോയ് വരുമ്പോള്‍ പത്തുപൈസ മുതല്‍ ഇരുപത്തഞ്ച് പൈസവരെ അമ്മയുടെ കണ്ണുവെട്ടിച്ച് കൈവശപ്പെടുത്തുമായിരുന്നു ഞാന്‍. സാധനങ്ങള്‍ വാങ്ങിയാല്‍ അതിന്റെ ലിസ്റ്റും ബാക്കി പൈസയും തിരിച്ച് അമ്മയെ ഏല്‍‌പിക്കണം എന്നത് നിര്‍ബന്ധമായിരുന്നു. അതിനാല്‍ അമ്മയുടെ കണ്ണുവെട്ടിച്ച് ഇരുപത്തഞ്ച് പൈസ മോഷ്ടിക്കുക എന്നത് ശരിക്കും ബുദ്ധിമുട്ടുള്ള പണിയായിരുന്നു അക്കാലത്ത്. അതിനും ഒരു സൂത്രപ്പണി ഉണ്ടായിരുന്നു എന്റെ കൈയ്യിൽ. കടയില്‍ പോയാല്‍ അമ്മപറഞ്ഞുവിടുന്നതില്‍വച്ച് ഏറ്റവും വിലകൂടുതലുള്ള ഒന്നോ രണ്ടോ സാധനം ഒഴികെ എല്ലാം വാങ്ങി കടക്കാരനെകൊണ്ട് വില എഴുതികൂട്ടിച്ച് കാശു കൊടുക്കും. അതിനു ശേഷം മനപ്പൂര്‍‌വ്വം വാങ്ങാതെ വിട്ടുപോയ സാധനങ്ങള്‍ കൂടി വാങ്ങും. അതിന്റെ വില കടക്കാരന്‍ എഴുതി തരില്ല. അതില്‍ നിന്നാവും മിക്കപ്പോഴും പത്തുപൈസ മുതല്‍ ഇരുപത്തഞ്ച് പൈസ വരെ മോഷ്ടിക്കുന്നത്. അതു പറ്റാത്ത ചിലദിവസങ്ങളില്‍ ലിസ്റ്റ് അമ്മയെ ഏല്പിക്കതെ മോഷ്‌ടിച്ചതിന്റെ ബാക്കി പൈസ മാത്രമേ കൊടുക്കൂ. അങ്ങനെ എല്ലാം കൂടി ഏതാണ്ട് ഡിസംബര്‍ പതിനഞ്ചാം തീയതി ആകുമ്പോഴേക്കും വര്‍ണ്ണകടലാസ് വാങ്ങാന്‍ ഒരു മൂന്നു രൂപയോളം എല്ലാവരുംകൂടി ഒപ്പിച്ചെടുക്കും. പക്ഷേ അപ്പോഴേക്കും ക്രിസ്‌മസ് പരീക്ഷ തുടങ്ങിയിട്ടുണ്ടാവും. പരീക്ഷ തുടങ്ങിയാല്‍ പിന്നെ പരീക്ഷ കഴിയും വരെ മറ്റൊന്നും ചെയ്യാന്‍ അമ്മ അനുവദിക്കില്ല. പരീക്ഷ മിക്കപ്പോഴും ഇരുപതാം തീയതിയോടയാവും കഴിയുക. പരീക്ഷ കഴിയുന്ന അന്ന്, മുന്‍പേ ഉണ്ടാക്കി വച്ചിരിക്കുന്ന നക്ഷത്രകാലിന്റെ ചട്ടകൂടില്‍ വര്‍ണ്ണപേപ്പര്‍ ഒട്ടിച്ച് പിറ്റേദിവസം വൈകുന്നേരത്തോടുകൂടി മുറ്റത്തുനില്‍ക്കുന്ന കൊന്നയുടെ താണകൊമ്പില്‍ കെട്ടിതൂക്കുക എന്നത് ഏട്ടന്റെ ജോലിയായിരുന്നു. നക്ഷത്രകാലില്‍ പേപ്പര്‍ ഒട്ടിക്കുമ്പോള്‍ ഏട്ടന്‍ എപ്പോഴും രാജാവും ഞങ്ങള്‍ പ്രജകളുമായിരുന്നു. പേപ്പര്‍ ഒട്ടിക്കാന്‍ തുടങ്ങുന്നതുമുതല്‍ ഏട്ടന്‍ പശ എടുക്ക്, പേപ്പര്‍ എടുക്ക്, ബ്ലയിഡ് എടുക്ക് എന്നിങ്ങനെ ഓരോന്ന് എന്നോടും അനുജത്തിയോടും ആക്‌ഞാപിക്കും. "എന്തങ്കിലും ചോദിച്ചുകൊണ്ട് ഞങ്ങളുടെ അടുത്തുവരും" എന്നു പിറുപിറുത്തുകൊണ്ട് ഞാനും അനുജത്തിയും ഒക്കെ അനുസരിക്കും. സന്ധ്യക്ക് വീട്ടില്‍ നിലവിളക്കു വെയ്ക്കുമ്പോള്‍ എണ്ണ ഒഴിച്ച ഒരു വിളക്ക് കത്തിച്ച് നക്ഷത്രകാലിനുള്ളിലും വയ്ക്കും. നക്ഷത്രകാലിനുള്ളില്‍ മുനിഞ്ഞുകത്തുന്ന ആ ചിരാത് കാണുമ്പോള്‍ "എന്നെ കബളിപ്പിച്ചുവന്ന് കരുതണ്ട എന്ന്" എല്ലാവര്‍ഷവും അമ്മ മനസ്സില്‍ പറയുന്നുണ്ടായിരുന്നുവന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞ് വന്ന ഒരു ക്രിസ്‌മസ് ദിവസമാണ് അറിയുന്നത്.

അന്ന് വീട്ടില്‍ രണ്ടു പള്ളികളില്‍ നിന്നും പിന്നെ ഒരു പ്രാദേശിക ക്ലബ്ബില്‍ നിന്നും എല്ലാവര്‍ഷവും മുടക്കമില്ലാതെ കരോള്‍ വരുമായിരുന്നു. എന്നും എന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു വീടിനടുത്തുള്ള പള്ളിയില്‍ നിന്നും ക്രിസ്‌മസ് കരോള്‍ വരുമ്പോള്‍ അമ്മ എല്ലാവര്‍ക്കും ചായയും ബിസ്‌കറ്റും കൊടുക്കുന്നത്. എല്ലാവര്‍ഷവും മുടക്കമില്ലതെ തുടരുന്ന ഒരു ചടങ്ങായിരുന്നതിനാല്‍ കരോള്‍ സംഘത്തിലെ ആരങ്കിലും കാലേകൂട്ടി അമ്മയെ അറിയിക്കുമായിരുന്നു എന്നാണ് ഞങ്ങളുടെ വീടിന്റെ ഭാഗത്തേക്ക് കരോള്‍ വരുന്നത് എന്ന്. സംഘത്തില്‍ എപ്പോഴും ഏതാണ്ട് മുപ്പത് പേരോളമുണ്ടാകുമായിരുന്നു. അത്രയുംപേര്‍ക്ക് ചായയും ബിസ്‌‌കറ്റുംകൊടുക്കുന്നതിനാല്‍ വീട്ടിൽ കരോള്‍ ഗാനം സൗജന്യമായിരുന്നു. മാത്രമല്ല രണ്ട് പാട്ടുകള്‍ എങ്കിലും വീട്ടില്‍ പടുക പതിവായിരുന്നു. ചായ കൊടുക്കുന്നതിന് മുപ് ഒന്നും അത് കഴിഞ്ഞ് ഒന്നും. പള്ളിയില്‍ നിന്നും വരുന്ന രണ്ടാമത്തെ കരോള്‍ സംഘത്തിന് പത്തുരൂപയും ക്ലബ്ബുകാര്‍ക്ക് അഞ്ചുരൂപയും ആയിരുന്നു പടി. വര്‍ണ്ണകടലാസ് വാങ്ങി ഒരു നക്ഷത്രവിളക്കുണ്ടാക്കി തൂക്കാന്‍ കാശ് തരാത്ത അമ്മ കരോള്‍ സംഘത്തിന് ഇത്രയും പൈസ കൊടുക്കുന്നത് എന്നും ഞങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു.

ഏതാണ്ട് 1990 ആയപ്പോഴേക്കും കരോളുകാരുടെ എണ്ണം കൂടി എന്നു മാത്രമല്ല മെഴുകുതിരികള്‍ കത്തിച്ചുവച്ച, നാനാ വര്‍ണ്ണത്തിലുള്ള നക്ഷത്രകാലുക്കാലുകളും കുരിശുരൂപങ്ങളും ചുമന്നുകൊണ്ട് കാല്‍നടയായി ഇടവഴികളെ പുളകംകൊള്ളിച്ചുകൊണ്ട് കരോള്‍ഗാനം പാടിവരുന്ന കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്നുള്ള സംഘങ്ങളുടെ സ്ഥാനം വൈദ്യുത ദീപങ്ങളും, വണ്ടികളില്‍ അലങ്കരിച്ച പുല്‍കൂടുകളും ഒക്കെ കൈവശപ്പെടുത്തുകയും, ഡ്രം സെറ്റിന്റെ ഉച്ച നീചങ്ങളുടെ അകമ്പടിയാല്‍ വായ്‌താരിയായ് പാടിയിരുന്ന കരോള്‍ ഗാനങ്ങള്‍ പാരഡിഗാനങ്ങള്‍ കൈയ്യടക്കുകയും ചെയ്തു. അന്നുവരെ ജാതിമത വ്യത്യാസമില്ലാതെ എല്ലാവീടുകളിലും കരോള്‍ഗാനം ആലപിച്ചിരുന്ന പള്ളിയിലെ കരോള്‍ സംഘങ്ങള്‍ ഇടവകയിലെ വീടുകളില്‍ മാത്രം കയറി ഇറങ്ങി കരോള്‍ ഗാനം ആലപിക്കാന്‍ തുടങ്ങിയതോടെ കരോള്‍ സംഘത്തിനുള്ള ചായയും ബിസ്‌കറ്റും മാത്രമല്ല കാശുകൊടുപ്പും അമ്മ നിര്‍ത്തി, മനോഹരമായ ഒരു നക്ഷത്രം മാര്‍ക്കറ്റില്‍ നിന്നും വാങ്ങി ഡിസംബര്‍ ഒന്നാം തീയതി മുതല്‍ വൈദ്യുത ബള്‍ബും ഇട്ട് രാവെളുക്കോളം കത്തിച്ചിടും. ക്രിസ്‌മസ് ഒക്കെ കഴിഞ്ഞു എന്നു പറഞ്ഞ് ഞങ്ങള്‍ ആരങ്കിലും അത് അഴിച്ചുമാറ്റുന്നതുവരെ.

2008-12-17

സില്‍‌വിയ പ്ലാത്ത്-വിഷാദ രോഗിയായ രാജകുമാരി  


ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന എഴുത്തുകാരികളാണ് സില്‍വിയ പ്ലാത്തും, നന്ദിതയും, മാധവികുട്ടിയും. ഇതില്‍ ആദ്യത്തെ രണ്ടുപേര്‍ സ്വയം മരണത്തെ പുല്‍കിയവര്‍. അതുകൊണ്ട് തന്നെ മരണമെന്ന വാക്ക്‌ കേള്‍ക്കുമ്പോള്‍ പ്ലാത്തും, നന്ദിതയും മന‍സ്സിലേക്ക് ഓടിയെത്തുന്നു‌, ഒരു തണുത്ത മരവിപ്പുമായ്. ആഴകടലിന്റെ അഗാധനീലിമയിലേക്ക് ഊളിയിടാന്‍, സൂര്യന്റെ ജ്വാലയാല്‍ കത്തിയമരാന്‍ ആഗ്രഹിച്ച വിഷാദരോഗത്തിനടിമയായ പ്ലാത്തിനെ ലോകംമുഴുവനുള്ള കവിതാപ്രേമികള്‍ വേ‌ര്‍‌ഡ്‌സ് വര്‍ത്തിനും, ഷെല്ലിക്കുമൊപ്പം നെഞ്ചേറ്റുമ്പോള്‍, നന്ദിതയുടെ കവിതകളെ പ്രണയിക്കുന്നവര്‍ കൂടുതലും കിട്ടാതെപോയസ്നേഹത്തില്‍ അല്ലങ്കില്‍ കൈമോശം വന്നുപോയ പ്രണയത്തില്‍ ജീവിക്കുന്നവരോ ഉന്മാദികളോ ആണ്. പ്രപഞ്ചത്തെ ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടു കൂടി കണ്ട പ്ലാത്ത്. ഹെപ്‌റ്റണ്‍ സ്റ്റാല്‍-ലെ സെമിത്തേരിയിലെ നിശബ്‌ദതയില്‍ വെള്ളുള്ളിപൂക്കള്‍ പുതച്ച് ശാന്തമായുറങ്ങുന്ന അമേരിക്കയുടെ സ്വന്തം കവയത്രി സില്‍‌വിയ പ്ലാത്ത് (ഒക്‌ടോബര്‍ 27, 1932 – ഫബ്രുവരി 11, 1963). ജീവിതം അപൂര്‍ണ്ണമായൊരു കവിതയാണന്ന്‌ പ്ലാത്തിന്റെ രചനകള്‍ വിളിച്ചുപറയുന്നു.

Mirror

I am silver and exact.
I have no preconceptions.
Whatever I see I swallow immediately
Just as it is, unmisted by love or dislike.
I am not cruel, only truthful-
The eye of the little god, four cornered.
Most of the time I meditate on the opposite wall.
It is pink, with speckles.
I have looked at it so long
I think it is a part of my heart.
But it flickers.
Faces and darkness separate us over and over.

Now I am a lake.
A woman bends over me,
Searching my reaches for what she really is.
Then she turns to those liars, the candles or the moon.
I see her back, and reflect it faithfully.
She rewards me with tears and an agitation of hands.
I am important to her.

She comes and goes.
Each morning it is her face that replaces the darkness.
In me she has drowned a young girl, and in me an old woman
Rises toward her day after day, like a terrible fish.

-Sylvia Platha-

സില്‍‌വിയ പ്ലാത്തിന്റെ Mirror എന്ന ഈ കവിതയാണ് എനിക്ക് എന്നും ഏറെ ഇഷ്ടമുള്ള അവരുടെ കവിത.കണ്ണാടിയിലെ പ്രതിബിംബത്തില്‍ സ്വയം അന്വഷിക്കുമ്പോള്‍ അവിടെ‍ പ്രതിഫലിക്കുന്നത്‌ യാഥാര്‍‌ത്ഥ്യത്തിന്റെയും കാപട്യത്തിന്റെയും സീമകള്‍ക്കുള്ളിലെ 'പച്ചയായ് സ്ത്രീ' യാണ്‌. "ഞാന്‍ കാണുന്നതെല്ലാം അപ്പാടെ എന്നെ വിഴുങ്ങുന്നു" വരുകയും പോകുകയും ചെയ്യുന്ന അവളുടെ മുഖം ഇരുട്ടിനെ തുടച്ചുമാറ്റുമ്പോള്‍" ലോകത്തെ എല്ലാ സൗന്ദര്യങ്ങളുടെയും ഉറവിടങ്ങളെ പ്ലാത്ത്‌ അതി വികാരമായ വരികളിലൂടെ വരച്ചുകാട്ടുന്നു.

മരണം ഒരു കലയാണന്ന് വിശ്വസിച്ച് എന്നും അതിനെ തന്റെ കാവ്യോപാസനയായ് നെഞ്ചേറ്റി കൊണ്ടുനടന്ന സില്‍‌വിയ പ്ലാത്ത്, ഒരു നിമിഷത്തിനുമുന്‍പങ്കില്‍ അത്രവേഗം മരണത്തെ പുല്‍കണമന്ന ആവേശവുമായ് ജീവിച്ച പ്ലാത്ത്...1963 ഫബ്രുവരി മാസത്തിലെ പതിനൊന്നാമത്തെ തണുത്ത വെളുപ്പാന്‍ കാലത്ത് സുഖസുഷുപ്‌തിയിലാണ്ടുകിടന്ന സ്വന്തം മക്കള്‍ക്ക് പ്രഭാതഭക്ഷണം തയ്യാറാക്കി അവരുടെ ശയനമുറിയില്‍ വിളമ്പിവച്ചിട്ട്, നനഞ്ഞ ഒരു പട്ടുപുതപ്പിനാല്‍ പുതപ്പിച്ച് മക്കള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തിയിട്ട്, ജനാലകളിലെയും വാതിലിലെയും എല്ലാ പഴുതുകളും നനഞ്ഞതുണികൊണ്ട് അടച്ച്, അടുക്കളയില്‍ കയറി പാചകവാതകം തുറന്നുവിട്ട്, ഓവനിലേക്ക് മുഖം കയറ്റിവച്ച് മുപ്പത് വര്‍ഷത്തെ വിഷാദപര്‍‌വ്വത്തിന് അവസാനം കുറിക്കുമ്പോള്‍ കവിതകളെ പ്രണയിക്കുന്നവര്‍ക്ക് നഷ്‌ടമായത് ഒരു അല്‍ഭുതപ്രതിഭയെയാണ്. മനസ്സിന്റെ കോണില്‍ ഒരു നോവായും, പ്രണയത്തിന്റെ നനുത്ത ഒരു മൂടല്‍മഞ്ഞായും എന്നും സില്‍‌വിയ പ്ലാത്ത് ജീവിക്കുന്നു, വിടരും മുപേ കൊഴിഞ്ഞുപോയ പ്രണയകവിതകളുടെ രാജകുമാരിയായ്.......

-Caricature by Prasanth R Krishna-

2008-12-12

സിനദിന്‍ സിദാന്‍-ദുരന്തനായകനായ രാജകുമാരന്‍  

1972 ജൂണ്‍ 23-ന് ഫ്രാന്‍സിലെ മാര്‍സെയിലി (Marseille) ല്‍ സ്‌മെയിലിന്റെയും മലികയുടെയും (Smail and Malika) മകനായ് ജനിച്ച സിദാന്‍ ഫ്രാന്‍സിനുവേണ്ടി പത്താം നമ്പര്‍ ജേഴ്‌സിയണിഞ്ഞ് കളികളത്തിലേക്കിറങ്ങുമ്പോള്‍, വംശാധിക്ഷേപമുള്‍പ്പെടെ കുടിയേറ്റക്കാര്‍ക്കുമേല്‍ ഫ്രഞ്ചുവരേണ്യത കല്‍പിച്ചിരുന്ന അപമാനങ്ങല്‍ അഴിഞ്ഞുവീഴുകയായിരുന്നു. അന്നുവരെ അടിച്ചമര്‍ത്തപ്പെട്ടുകിടന്ന ലാ കാസ്റ്റലന്‍ പ്രവിശ്യയിലെ അറബ് കുടിയേറ്റ കുടുംബങ്ങള്‍ക്ക് ഫ്രാന്‍സിന്റെ ദേശീയ വികാരത്തിന്റെ ഭാഗമാവുകയെന്നത് അസാധ്യമായ കാര്യമായിരുന്നു. അള്‍ജീരിയയൈലെ കബ്യലിയ (Kabylia) പ്രവിശ്യയില്‍ നിന്നും 1953-ല്‍ പാരീസിലേക്ക് കുടിയേറിയവരായിരുന്നു സിദാന്റെ മാതാപിതാക്കള്‍. ഇന്ന്, അള്‍ജീരിയന്‍ വംശജനായ സിദാന്‍ ഫ്രാന്‍സിന്റെ ദേശീയ ബിംബങ്ങളിലൊന്നാണ്. കാനഡയിലും, ബോര്‍ഡോയിലും കളിച്ചുവളര്‍ന്നപ്പോള്‍ത്തന്നെ സിദാനെ ഫ്രാന്‍സ് കണ്ടിരുന്നു. 1986-ല്‍ കേവലം 14 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍, 1909-ല്‍ തുടക്കംകുറിച്ച ഫ്രഞ്ച് ഫുട്ബോള്‍ ക്ലബ്ബായ Association Sportive de Cannes Football ( AS Cannes) സിദാനെ നോട്ടമിട്ടു. 1988-ല്‍ Cannes-ന്റെ ജേഴ്‌സി അണിഞ്ഞ സിദാന്‍ 1991-ല്‍ ആദ്യ ലീഗിന് കളിക്കളത്തിലേക്കിറിങ്ങി, ഫബ്രുവരി 8-ന് തന്റെ ആദ്യ ചരിത്ര ഗോള്‍ നേടി തുടക്കം കുറിച്ചു. 1994ല്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെ ദേശീയ ടീമിലരങ്ങേറിയപ്പോഴേക്കും കളിയുടെ മികവില്‍ സിദാനെ ഫുട്‌ബോളിലെ ഇതിഹാസങ്ങള്‍ക്കൊപ്പം ഉയര്‍ത്തപ്പെട്ടുതുടങ്ങി. അന്ന് അരങ്ങേറ്റ മത്സരത്തില്‍ 17 മിനിറ്റുകള്‍ക്കിടയില്‍ രണ്ടു ഗോളടിച്ച് സിദാന്‍ വിസ്മയം തീര്‍ത്തു. 1996ല്‍ ബോര്‍ഡോയെ യുവേഫ കപ്പ് റണ്ണര്‍ അപ്പാക്കിയതോടെ പല വമ്പന്മാരും സിദാന് വിലപറഞ്ഞു. 1996ല്‍ അന്നത്തെ റെക്കോഡ് തുകയായ മൂന്നു ദശലക്ഷം പൗണ്ട് ട്രാന്‍സ‌ര്‍ ഫീയുമായ് സിദാന്‍ ഇറ്റാലിയന്‍ ടീംആയ യുവന്റസിലെത്തി.

ഫുട്‌ബോളിന്റെ തീവ്ര ചലനങ്ങളിലേക്ക് നിമിഷാര്‍ദ്ധംകൊണ്ട് കാലുകളെയും മനസിനെയും സംക്രമിപ്പിക്കുന്ന സിദാന്‍ ഏത് കാവല്‍നിരയുടേയും പഴുതുകള്‍ കണ്ടെത്തുന്നു. മധ്യരേഖയിലൂന്നി, തന്റെ ടീമിന് മിന്നല്പിണരിന്റെ വേഗത്തിനനുസരിച്ച് പന്തെത്തിക്കുന്നതിലും ചിലപ്പോള്‍ വേഗതയാര്‍ന്ന നീക്കങ്ങളിലൂടെ സ്വയം ചാട്ടുളിയായും സിദാന്‍ ഫുട്‌ബോള്‍ലോകം ദര്‍ശിച്ചുട്ടള്ള മിഡ്‌ഫീല്‍ഡ് ജനറല്‍മാര്‍ക്കിടയില്‍ ഒന്നാം പേരുകാരിലൊരാളായി.


1998 ലെ ലോകകപ്പില്‍ ഫ്രാന്‍സിനുവേണ്ടി നമ്പര്‍ 10 ജേഴ്‌സി അണിഞ്ഞ സിദാന്‍ ഒത്തിണക്കമില്ലാതിരുന്ന ഫ്രഞ്ചുപടയെ ഒരു സ്വര്‍ണ നൂലിഴയായി ചേര്‍ത്തു നിര്‍ത്തുകയായിരുന്നു. മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് സൗത്താഫ്രിക്കയെയും (0-3), നാലുഗോളുകള്‍ക്ക് സൗദി അറേബ്യയേയും (0-4), ഒരു മറുപടിഗോള്‍ ഏറ്റുവാങ്ങി ഡന്മാര്‍ക്കിനെയും (1-2) ഫ്രഞ്ചുപട കീഴടക്കുമ്പോള്‍ സിനദിന്‍ സിദാന്‍ ലോകത്തിന്റെ മുന്നില്‍ ഒരു ഹീറോയായി മാറുകയായിരുന്നു.


ഫ്രാന്‍സ് ആതിഥേയത്വം വഹിച്ച ആ ലോകകപ്പില്‍ പരേഗ്വയെ (0-1) നും, ഇറ്റലിയെ (3-4) നും തോല്പിച്ച് മറുപടിയില്ലാതെ ബ്രസീലിനെ (0-3) മൂന്നു ഗോളുകള്‍ക്കും തോല്പിച്ച് ലോകകപ്പില്‍ ഫ്രാന്‍സ് മുത്തമിടുമ്പോള്‍ സിനദിന്‍ യാസിദ് സിദാന്‍ എന്നും ഫുട്‌ബോള്‍ലോകം കണ്ടിട്ടുള്ള മിഡ്‌ഫീല്‍ഡ് ജനറല്‍മാര്‍ക്കിടയില്‍ ഒന്നാം പേരുകാരനായി. ലോകകപ്പിന്റെ ഫൈനലില്‍ ഫ്രാന്‍സിനുവേണ്ടി എണ്‍പതിനായിരത്തിലധികം വരുന്ന കാണികള്‍ തിങ്ങിനിറഞ്ഞ Stade de France, നാഷണല്‍ സ്റ്റേഡിയത്തില്‍ സുന്ദരമായ രണ്ടു ഗോളുകള്‍ ചാട്ടുളിപോലെ ബ്രസീലിന്റെ ഗോള്‍ വലക്കുള്ളില്‍ എത്തിച്ചുകൊണ്ട് സിദാന്‍ ലോകത്തിന്റെ മുഴുവന്‍ ആരാധ്യപുരുഷനായി. യൂറോ 2000-ല്‍ നിര്‍ണ്ണായകമായ രണ്ടുഗോളുകള്‍ സമ്മാനിച്ചുകൊണ്ട് ഫ്രാന്‍സിനെ ചാമ്പ്യനാക്കിയപ്പോള്‍ സിദാന്‍ തിരുത്തികുറിച്ചത് വേള്‍ഡ് കപ്പും യൂറോകപ്പും ഒരുമിച്ചു കരസ്ഥമാക്കുന്ന ടീം എന്ന ഇരുപത്താറുവര്‍ഷം പഴക്കമുള്ള ചരിത്രമായിരുന്നു. 2001-ല്‍ എക്കാലത്തെയും റക്കോര്‍ഡ് തുകയായ 46 ദശലക്ഷം പൗണ്ട് ട്രാന്‍സ്‌ഫര്‍ഫീയില്‍ യുവന്റസില്‍ നിന്നും ഇരുപതാം നൂറ്റാണ്ടിലെ മോസ്റ്റ് സക്‌സസ്‌ഫുള്‍ ടീം ആയി FIFA വോട്ടുചെയ്ത സ്‌പാനിഷ് ക്ലബ്ബായ റിയല്‍ മാഡ്രിഡിലെത്തി.


2002-ല്‍ ഏറപ്രതീക്ഷയോടെ ദക്ഷിണകൊറിയയില്‍ എത്തിയ ഫ്രഞ്ച് പടക്ക് സിയോള്‍ വേള്‍ഡ് കപ്പ് സ്റ്റേഡിയത്തില്‍ സെനഗലിനോടു (1-0) വഴങ്ങി , ബുസാന്‍ ഏഷ്യാഡ് മെയിന്‍ സ്റ്റേഡിയത്തില്‍ ഉറേഗ്വയോട് സമനില നേടി, ഇഞ്ചന്‍ മുന്‍‌ഹാക്ക് സ്റ്റേഡിയത്തില്‍ ഡന്മാര്‍ക്കിനോടു (2-0) കീഴടങ്ങി കളം വിടാനായിരുന്നു വിധി. ദക്ഷിണ കൊറിയക്കെതിരെ നടന്ന സന്നാഹ മത്സരത്തില്‍ തുടയ്ക്ക് സാരമായ പരിക്കു പറ്റി ആദ്യത്തെ രണ്ടുകളികളില്‍ നിന്നുമാറിനില്‍ക്കേണ്ടി വന്ന സിദാന്‍ തന്റെ ടീമിനെ പരാജയത്തില്‍ നിന്നും രക്ഷിക്കാന്‍ ഡന്മാര്‍ക്കിനെതിരെ കളിക്കിറങ്ങിയങ്കിലും തുടയിലെ പരിക്ക് കാരണം എതിരാളികള്‍ക്ക്നേരെ പാഞ്ഞുകയറാനായില്ല.

2006-ല്‍ ഒരുപാട് വിവാദങ്ങളോടെ ഫ്രാന്‍സിനുവേണ്ടി കളിക്കാനിറങ്ങിയ സിദാന്‍ ഫ്രഞ്ചുപടയെ ഫൈനലില്‍ വരെ എത്തിച്ചു. മററെരാസിയുടെ പ്രതിരോധക്കാലില്‍ തട്ടിത്തടഞ്ഞ് മലൂദ വീഴുമ്പോള്‍ അര്‍ജന്‍റീന റഫറി എലിസാന്‍ഡോ പെനല്‍ററി സ്പോട്ടിലേക്ക് വിരല്‍ ചൂണ്ടി. ലോകറെക്കോര്‍ഡു മോഹിച്ചു മുന്നില്‍ നിന്ന ഇററാലിയന്‍ ഗോളി ബഫണു മുന്നില്‍ ഫൈനലില്‍ ഒന്നു വിറച്ചെങ്കിലും സിദാന്‍ ഫ്രഞ്ച് ജനതയുടെ വിശ്വാസം കാത്തു. ബാറിന് മുകളില്‍ ഇടിച്ച പന്ത് ഗോള്‍ വര കടന്ന് അകത്തു മുത്തി തിരിച്ചുവന്നപ്പോള്‍ ബഫണിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. റെക്കോഡ് മോഹം തകര്‍ന്നെന്നു ബഫണ്‍ ഉറപ്പിക്കുമ്പോള്‍, ഗോളാണോ എന്ന സംശയത്തോടെ സിദാന്‍ വിരലുയര്‍ത്തി പായുമ്പോള്‍ റഫറി ഉറപ്പിച്ചു. അതുഗോള്‍ തന്നെ. സിദാന്‍റെ ലോകകപ്പിലെ മൂന്നാം ഗോള്‍. ഗാലറികളില്‍ ഫ്രഞ്ചുകാരുടെ ആരവം. ലോകകപ്പില്‍ ഇററലിയുടെ പോസ്ററില്‍ എതിരാളികള്‍ വീഴ്ത്തുന്ന ആദ്യ ഗോള്‍.

ആക്രമണ പരമ്പരകള്‍ക്കിടെ പത്തൊന്‍പതാം മുനുട്ടില്‍, കിട്ടിയ കോര്‍ണര്‍ കിക്കില്‍ തലവച്ച ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ മാര്‍ക്കോ മറ്റെരാസി പന്ത് വലയിലാക്കി സമനിലനേടി. എക്സ്ട്രാ ടൈമില്‍ ചാട്ടുളിപോലെ പാഞ്ഞുവന്ന സിദാന്റെ ഹെഡ്ഡര്‍ ബഫണ്‍ വിഷമിച്ച് കുത്തിക്കളഞ്ഞിരുന്നില്ലങ്കില്‍ ഫുട്ബാള്‍ ചരിത്രത്തിലെ അമരത്വവുമായിട്ടാകുമായിരുന്നു സിദാന്‍ കളിക്കളം വിടുക. ശാന്തത എന്നും മുഖമുദ്രയാക്കിയിരുന്ന സിദാന്‍, അധിക സമയത്തിന്‍റെ ഇരുപത്തൊന്നാം മിനിറ്റില്‍ പ്രകോപനങ്ങള്‍ക്ക് വഴങ്ങി മാര്‍ക്കോ മറ്റെരാസിയെ തലകൊണ്ട് ഇടിച്ചിട്ട് ചുവപ്പു കാര്‍ഡുമായി കരിയര്‍ അവസാനിപ്പിച്ചു. ദുരന്തനായകനായി സിനദിന്‍ സിദാന്‍ കളമൊഴിഞ്ഞപ്പോഴാണ് ഇറ്റലി നേടിയത്. ലോകകപ്പ് ഫൈനല്‍ ചരിത്രത്തില്‍ രണ്ടാമത്തെ മാത്രം പെനാല്‍റ്റി ഷൂട്ടൗട്ട്. സിദാന്റെ അഭാവം പെനാല്‍റ്റിയിലും പ്രതിഫലിച്ചതോടെ ഫ്രാന്‍സിനു രണ്ടാം സ്ഥാനവുമായി മടക്കയാത്ര.

ഫൈനലില്‍ ഇറ്റലിക്കെതിരേ ഏഴാം മിനുട്ടില്‍ സുവര്‍ണ്ണ ഗോള്‍ നേടിയങ്കിലും ലോകകപ്പും മാറത്തു ചേര്‍ത്ത് പടിയിറങ്ങാമെന്ന സ്വപ്നങ്ങള്‍ക്ക് തിരശീല വീഴ്ത്തി ദുരന്തനായകനായി സിനദിന്‍ സിദാന്‍ ഫുട്ബോള്‍ കളമൊഴിയേണ്ടിവന്നു. അപ്പോഴും ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരന് ഫിഫ നല്‍കുന്ന സ്വര്‍ണപന്തുമായാണ് ആറടി ഒരിഞ്ചു നീളമുള്ള ഫ്രാന്‍സ് ക്യാപ്റ്റന്‍ സിനദിന്‍ സിദാന്‍ ലോക ഫുട്ബോളില്‍ നിന്നും വിടവാങ്ങിയത് എന്നതില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് എന്നും അഭിമാനിക്കാം. മൂന്നുതവണ ലോക ഫുട്ബോളര്‍ കിരീടം ചൂടിയ സിനദിന്‍ സിദാന്‍ വിടവാങ്ങല്‍ വേളയില്‍ ലോക ഫുട്‌ബോള്‍ പ്രേമികളുടെ ഇടനെഞ്ചില്‍ കോരിയിട്ട തീ അണയുമന്ന് ഒരിക്കലും ഞാന്‍ വിശ്വസിക്കുന്നില്ല.

2008-12-01

മേജര്‍ സന്ദീപ് ഉണ്ണിക്യഷ്‌ണന് ജന്മനാടിന്റെ യാത്രാമൊഴി  

The Gate Way of India എന്ന് ലോകം വിളിക്കുന്ന ബോംബെ. ലോകത്തിലെ ഏറ്റവും വലിയ വ്യവസായ നഗരങ്ങ‌ളിലൊന്ന്. രൂപ ഭാവങ്ങള്‍ മാറ്റി ശത്രു, ബോംബയിലെ ഒരോ തെരുവുകളിലും സംഹാരതാണ്ടവമാടുമ്പോള്‍, അത് സ്വന്തം കര്‍മ്മ ഭൂമിയായ് സ്വയം തിരഞ്ഞെടുത്ത്, "നിങ്ങള്‍ ശാന്തമായ് ഉറങ്ങിക്കോളൂ ഞങ്ങള്‍ ഉണര്‍ന്നിരിക്കുന്നു" എന്ന് ഉറക്കെ പറഞ്ഞുകൊണ്ട്, പിറന്ന നാടിനുവേണ്ടി ജീവന്‍ ത്യജിച്ച ധീര ദേശാഭിമാനി, മേജര്‍ സന്ദീപ് ഉണ്ണിക്യഷ്‌ണന്‍. ശത്രുവിന്റെ ശ്രമങ്ങളെ ചെറുത്തുതോല്പിക്കുവാന്‍, നമ്മുടെ സഹോദരങ്ങള്‍ വര്‍ണ്ണ ഭാഷാ വൈവിധ്യങ്ങ‌ള്‍ മറന്ന് സ്വന്തം ജീവന്‍ പണയപ്പെടുത്തി ഭീകരരുമായ് ഏറ്റുമുട്ടുമ്പോള്‍ അവരുടെ ജീവന്റെ വില അറിയാതെ പോകുന്നു നമ്മുടെ രാഷ്‌ട്രീയക്കാര്‍.

വാലില്ലാ പട്ടികളുടെ സഹതാപവും, ഖേദവും നിന്നെപ്പോലെ ഒരു ധീര ജവാന് ആവശ്യമില്ല. പതാകയില്‍ പൊതിഞ്ഞ നിന്റെ ശരീരം....... മറക്കില്ല നിന്നെ ദേശാഭിമാനിയായ ഒരു മലയാളിയും. നീ മരിച്ചിട്ടില്ല, ഞങ്ങളിലൂടെ ഇന്നും ജീവിക്കുന്നു.

ജന്മനാടിനെ കാക്കാന്‍ സ്വയം ബലിയര്‍പ്പിച്ച ധീര ജവാന്‍, നിന്റെ പാവന സ്മരണക്കു മുന്‍പില്‍ ഒരിറ്റു കണ്ണീര്‍...