Search this blog


Home About Me Contact
2010-11-12

വിവാഹ ക്ഷണക്കത്ത്  

സ്നേഹം നിറഞ്ഞ സിന്ധുവിന്‌

അടുത്ത മാസം എന്റെ വിവാഹമാണ്‌. എനിക്കറിയാം അച്ചടിച്ച ക്ഷണകത്തുകളെക്കാൾ എന്നും നിനക്കിഷ്ടം വടിവും വ്യത്തിയുമില്ലാത്ത എന്റെ കൈപ്പടയിലെഴുതിയ ഇളം നീലനിറമുള്ള ഇൻലൻഡിലെ വരികളാണന്ന്. ജൂനിയേഴ്സിനെ പരിചയപ്പെടൽ എന്ന ഓമനപേരിട്ട് റാഗിങ്ങിനുവേണ്ടി യൂണിവേഴ്സിറ്റിയിലെ ഒന്നാം നമ്പർ ക്ളാസ് മുറി ചവിട്ടിതുറന്ന് വന്ന് ഷേക്ക് ഹാൻഡ് എന്ന് പറഞ്ഞ് വിറക്കുന്ന നിന്റെ കൈകൾ പിടിച്ച് ഞെരിച്ച നിമിഷം മുതൽ മറക്കാനാവാത്ത ഒരുപിടി നല്ല ഓർമ്മകൾ അവശേഷിപ്പിച്ച്, ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവ് ഹ്യദയത്തിൽ വരഞ്ഞിട്ട് നീ അക്കേഷ്യ മരങ്ങൾക്കിടയിലൂടെ മറഞ്ഞതുവരെയുള്ള നിമിഷങ്ങൾ ഇന്നലെപോലെ ഞാനോർക്കുന്നു. അന്ന് നമ്മൾ ഒന്നിച്ച് ഡിപ്പാർട്ട്മെന്റിന്റെ മുന്നിൽ നട്ട കണികൊന്ന പൂക്കുന്നതും, കാറ്റടിക്കുമ്പോൾ പൂക്കൾ മഴയായ് പൈയ്തിറങ്ങുന്നതും ഞാൻ സ്വപ്നം കാണാറുണ്ട്. അവസാനമായ് നീ യാത്ര ചോദിക്കുമ്പോൾ, ഈറനണിഞ്ഞ നിന്റെ കണ്ണുകൾ ഒപ്പി, നീ ആഗ്രഹിച്ചതുപോലെ അടുത്ത ജന്മത്തിൽ നമുക്ക് ഒന്നാകാം എന്ന ആശയോടെ നിനക്കു തന്ന വാക്ക് ഞാൻ പാലിക്കുകയാണ്‌.

അടുത്ത മാസം പന്ത്രണ്ടാം തീയതി എന്റെ വിവാഹമാണ്‌. വധു മെഡിക്കൽ കോളജിൽ സ്പെഷ്യലിസ്റ്റ് ഡോക്ടറാണ്‌. നിന്റെ അതേ പേരുകാരി. പണ്ട് നമ്മൾ ഒന്നിച്ച് എന്റെ സുഹ്യത്തിന്റെ വിവാഹത്തിനുപോയ ശില്പ റിസോർട്ടില്ലേ, അവിടവച്ചാണ്‌ വിവാഹം. രാവിലെ പത്തരക്കും പതിനൊന്നിനും ഇടക്കാണ്‌ മുഹൂർത്തം. അതിനു മുമ്പുതന്നെ നീ എത്തുമല്ലോ അല്ലേ? നീ വരുമന്ന പ്രതീക്ഷയോടെ...

സസ്നേഹം
നിന്റെ സ്വന്തം ഞാൻ

കത്തു മടക്കി പശയൊട്ടിച്ച് മേശവലിപ്പിലേക്കിട്ടു. വിലാസമില്ലാതെ കിടക്കുന്ന അനേകം കത്തുകൾക്കിടയിൽ ആ ക്ഷണക്കത്തും...ആരാലും വായിക്കപ്പെടുമന്ന പ്രതീക്ഷയില്ലാതെ അനാഥമായ് അതിലെ അക്ഷരങ്ങളും......
.

2009-02-01

മെഴുകുതിരി വെട്ടത്തെ പ്രണയിച്ച മഴപാറ്റ  

അവള്‍ എന്നും ഒറ്റക്കായിരുന്നു. നന്നേ ചെറുപ്പത്തില്‍ അഛ്ചന്‍ നഷ്‌ടമായി. ആകെ കൂട്ടിനുണ്ടായിരുന്നത് അമ്മമാത്രമായിരുന്നു. നേര്‍ത്ത മഴനനഞ്ഞ്, ഇലഞ്ഞിപൂക്കള്‍ വീണുകിടന്ന വഴികളിലൂടെ പള്ളികൂടത്തില്‍ പോകുമ്പോഴും പാടത്തിന്നര‍ഞ്ഞാണം തീര്‍ത്ത് ഒഴുകുന്ന കൈതോട്ടിലെ വെള്ളത്തോടൊപ്പം പരല്‍മീനെ കലുകൊണ്ട് ചെപ്പി എറിയുമ്പോഴും ആരും ഉണ്ടായിരുന്നില്ല അവള്‍ക്ക് കൂട്ടിന്. മഴയെ ആത്മാവോളം സ്‌നേഹിച്ചിരുന്ന അവളുടെ സ്വപ്നങ്ങള്‍ക്ക് എന്നും തനിക്കു നഷ‌്‌ടമായ തുളസിക്കതിരിന്റെ നരച്ച നിറമായിരുന്നു . പുസ്‌തകവും അമ്മയുമായിരുന്നു അവളുടെ കൂട്ട്. ഭൗതികശാസ്ത്രത്തില്‍ ബിരുദമെടുത്ത അവള്‍ അഖിലേന്ത്യാ പ്രവേശനപരീക്ഷയില്‍ എല്ലാവരെയും പിന്നിലാക്കികൊണ്ട് മറൈന്‍ എഞ്ചിനീയറിംങില്‍ ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടി. ഹോസ്റ്റലിലും ക്ലാസ് മുറിയിലും ഒരു പൂമ്പാറ്റയെപോലെ പറിനടന്ന അവള്‍ അവിടയും പഠിത്തത്തില്‍ ഒന്നാമതായിരുന്നു.

ക്ലാസ് മുറിയിലെ ഇടവേളകളിലും, ഹോസ്റ്റലില്‍ നിന്നും കാമ്പസിലേക്കും, തിരിച്ചുമുള്ള യാത്രകളില്‍ അവളോട് കിന്നാരം പറഞ്ഞ് എപ്പോഴും കൂടയുണ്ടായിരുന്ന സുന്ദരനായ സഹപാഠി "എന്നെ നനയിക്കാന്‍ മഴക്കിഷ്‌ടമാണങ്കില്‍ ഈ മഴയെ എനിക്ക് വേണം" എന്നെഴുതി നീട്ടിയ കവിതയില്‍ അവള്‍ ആയിരം മഴവില്ലു കണ്ടു. അവന്റെ കരിനീല മിഴികളില്‍ വളരെ മനോഹരമായ മഴനൂലുകള്‍.. നേര്‍ത്ത്... നനുത്ത് തന്നിലേക്കു പെയ്യുവാന്‍ വെമ്പുന്നത് അവള്‍ അറിഞ്ഞു. തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന അവന്റെ കണ്ണുകളുടെ മാസ്മരികതയില്‍, അവന്റെ വശ്യതയാര്‍ന്ന പുഞ്ചിരിയില്‍ അവള്‍ മറ്റാരോ ആകാന്‍ ശ്രമിച്ചു. ആളൊഴിഞ്ഞ കഫ്‌റ്റേറിയയുടെ മൂലയില്‍, ക്യാമ്പസിലെ ഇടനാഴികളില്‍, വാകമരതണലില്‍ അവന്‍ അവള്‍ക്കായ് പ്രണയം പകുത്തു. എല്ലാം അവനൊരു തമാശയാണന്നറിയാതെ പാര്‍ക്കുകളിലും നഗരങ്ങളിലും അവള്‍ തന്റെ നേര്‍ക്ക് നീണ്ടുവന്ന അവന്റെ മെലിഞ്ഞ കൈതുമ്പു പിടിച്ചുനടന്നു. അവന്റെ അനേകം കാമുകിമാരില്‍ ഒരുവള്‍ ആണന്നറിയാതെ കോണ്‍ഫറന്‍സുകളുടെയും സെമിനാറുകളുടേയും മറവില്‍, ഹോട്ടലുകളിലും ഗസ്‌റ്റ് ഹൗസുകളിലും അവള്‍ അവന്റെ കരവലയത്തിലൊതുങ്ങി അവനോടൊപ്പമുറങ്ങി. അവന്റെ നീണ്ടുമെലിഞ്ഞ കൈവിരലുകള്‍ മുറിയിലെ നേര്‍ത്ത നീലവെളിച്ചത്തില്‍ അവളുടെ ശരീരമധ്യത്തിലേക്ക് നിസദ്ദേഹവും ആധികാരികവുമായ് നീങ്ങുമ്പോള്‍ അവളുടെ ആത്മാവിന്റെ ഭാഗമാകുകയഅയിരുന്നു അവന്‍.

ദിവങ്ങള്‍ ആവര്‍ത്തന വിരസതയുള്ളതായപ്പോള്‍, ഒരു ആലസ്യത്തിനൊടുവില്‍ നഗ്‌നമായ അവന്റെ മാറില്‍ ചാഞ്ഞ അവളുടെ കൈവിരലുകളെ ലാളിച്ചുകൊണ്ട് ഇനി നമുക്ക് പിരിയാം എന്നവന്‍ പറഞ്ഞു. മനസ്സിലെവിടയോ ഇടിമുഴങ്ങുന്നതായും ഒരു ഇരമ്പലോടെ മഴ വന്നണയുന്നതായും അവള്‍‍ക്ക് തോന്നി. സഹിക്കാന്‍ കഴിയുമായിരുന്നില്ല അവള്‍ക്ക്. എല്ലാം പകുത്തുവാങ്ങിയിട്ട് നടന്നകലുന്ന അവനെ മറക്കാന്‍ അവള്‍ക്ക് എങ്ങനെ കഴിയും? വീശിയടിക്കുന്ന കാറ്റിനൊപ്പം ജീവിതത്തില്‍ കാര്‍മേഘങ്ങള്‍ ഇരുണ്ട് കൂടുന്നതവള്‍ അറിഞ്ഞു.

ആരോടും ഒന്നും മിണ്ടാതെ, വലിയ കണ്ണുകളില്‍ ഒരു ജന്മത്തിന്റെ മുഴുവന്‍ നിഷ്കളങ്കതയുമൊളിപ്പിച്ച്‌, ഓണാഘോഷത്തിന് സെറ്റുസാരിയുടുത്ത്, വിടര്‍ത്തിയിട്ട മുടിയില്‍ മുല്ലപ്പൂചൂടി, ചന്ദന വളയിട്ട കൈകളാല്‍ പൂളക്ക‍മൊരുക്കാന്‍ അവളും ആഗ്രഹിച്ചു. കൂട്ടുകാരൊത്ത് തലയില്‍ ചൂടാനുള്ള മുല്ലപൂവും വാങ്ങി ഹോസ്റ്റലില്‍ തിരിച്ചെത്തിയ അവള്‍ കൂട്ടുകാരിയുടെ കൈയ്യില്‍ നിന്നും സെറ്റുസാരി വാങ്ങി ഇസ്തിരി ഇട്ടു വച്ചു. പതിവിലും ഉത്സാഹവതിയും സന്തോഷവതിയുമായിരുന്നു അന്നവള്‍.

ഓണാഘോഷത്തിന്റെ ഭാഗമായി രാത്രി ഗാനമേളയുണ്ടായിരുന്നു. എട്ടുമണിയോടെ എല്ലാവരും കൂട്ടുകാരൊത്ത് ഗാനമേള കേള്‍‍ക്കാന്‍ പോയപ്പോള്‍ , ആഡിറ്റോറിയത്തിനടുത്തുള്ള ഇന്ത്യന്‍ കോഫീ ഹൗസിന്റെ ആളൊഴിഞ്ഞ മൂലയില്‍ ആറിതണുത്ത ചായക്കപ്പും പിടിച്ച് നിര്‍‌വ്വികാരമായ് അവന്‍ പറയുന്നതെല്ലാം കേട്ടിരിക്കുകയായിരുന്നു അവള്‍. ഒരു വിടപറയലിന്റെ ചുവയുണ്ടായിരുന്ന അവന്റെ സംസാരം വാഗ്വാദങ്ങളിലേക്കും, തര്‍ക്കങ്ങളിലേക്കും, ഭീഷണിയിലേക്കും വഴിമാറി. ഗാനമേളകഴിഞ്ഞ് എല്ലാവരും തിരികെ പോരുമ്പോള്‍ അടച്ചിട്ട കോഫീ ഹൗസിനു മുന്നില്‍, വാകമരത്തിന്റെ ഇരുള്‍ പറ്റി, കണ്ണീര്‍ ഒഴുകുന്ന കവിളുകളുമായ് അവനോട് യാചിച്ച് അവള്‍ നില്‍ക്കുന്നത് കൂട്ടുകാര്‍ കണ്ടിരുന്നു. രാത്രി എപ്പോഴാണവര്‍ പിരിഞ്ഞത്? എന്തു പറഞ്ഞാണവന്‍ അവളെ യാത്രയാക്കിയത്? ഉത്തരമില്ലാത്ത ചോദ്യങ്ങള്‍.

അതിരാവിലെ ഉത്തരേന്ത്യക്കാരിയായ റൂമേറ്റിനെ വിളിച്ചുണര്‍ത്തി, ഞാന്‍ ഒരു ഫോണ്‍ ചെയ്ത് വരാം എന്നു പറഞ്ഞ് പേഴ്‌സുമെടുത്തവള്‍ ഹോസ്‌റ്റലിനടുത്തുള്ള എസ്. ടി.ഡി ബൂത്തിലേക്ക് പോയി. എന്തോ ഒരൊറ്റപ്പെടലിന്റെ തീക്ഷ്ണത അവളെ വരിഞ്ഞു മുറുക്കുന്നുണ്ടായിരുന്നു അപ്പോള്‍. ആരയായിരുന്നു അവള്‍ ഫോണ്‍ ചെയ്തത്? എന്തായിരുന്നു അവള്‍ക്ക് കിട്ടിയ മറുപടി? ഫോണ്‍ ചെയ്തിട്ട് എവിടേക്കാണവള്‍ പോയത്? സമയം ഏറചെന്നിട്ടും മടങ്ങിവരാഞ്ഞപ്പോള്‍, അവള്‍ എത്തിക്കോളും എന്നു കരുതി സഹപാഠികള്‍ കാമ്പസിലേക്ക് യാത്രയായി. പക്ഷേ പൂക്കളമിടാന്‍, സെറ്റുസാരിയുടുത്ത്, തലയില്‍ മുല്ലപ്പൂ ചൂടി, സിന്ദൂരകുറിയണിഞ്ഞ്, ചന്ദന വളയിട്ട കൈകളുമായ് അവള്‍ എത്തിയില്ല. അവളെ കാക്കാതെ സഹപാഠികള്‍ പൂക്കളമൊരുക്കി, ഏഴുതിരിയിട്ട് നിലവിളക്കുകൊളിത്തി, കൈകൊട്ടികളിയുടേയും ആര്‍പ്പുവിളിയുടേയും അകമ്പടിയോടെ മാവേലി മന്നനെ എതിരേറ്റു. ഓണാഘോഷങ്ങള്‍ തുടങ്ങി.

"റയില്‍‌വേ ട്രാക്കില്‍ ഒരു പെണ്‍കുട്ടിയുടെ ജഡം കിടക്കുന്നു, പേഴ്‌സില്‍ നിന്നും കിട്ടിയ തിരിച്ചറിയല്‍ കാര്‍ഡിലെ നമ്പര്‍ ആണ്. വന്ന് ബോഡി തിരിച്ചറിയൂ" എന്ന ഒരു സന്ദേശം പെട്ടന്ന് എല്ലാവരെയും മൂകരാക്കി. അത് അവള്‍ ആകുമോ? ഇല്ല അവള്‍ക്കതിനുള്ള ധൈര്യമില്ല. സഹപാഠികള്‍ സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു. അപ്പോഴും അതും അവന് ഒരു തമാശയായ് തോന്നിയിട്ടുണ്ടാകാം. ഓണാഘോഷങ്ങള്‍ നിര്‍ത്തിവച്ച് സഹപാഠികളില്‍ ചിലര്‍ അവിടേക്ക് പാഞ്ഞു. തിരിച്ചറിയാനായ് ഒന്നും ഉണ്ടായിരുന്നില്ല. അവിടവിടെയായി ചിതറികിടക്കുന്ന കുറേ മാംസ പിണ്ഡങ്ങള്‍. ചോരയില്‍ മുങ്ങിയ തുണികഷണങ്ങളും, പേഴ്‌സും കണ്ട് അവര്‍‍ അവളെ തിരിച്ചറിയുമ്പോള്‍, ചുറ്റും കൂടിനിന്നവര്‍ പറയുന്നതുകേട്ടു, ചീറിപാഞ്ഞുവരുന്ന തീവണ്ടിയുടെ മുന്നിലേക്ക് "ഞാന്‍ നിന്നെ സ്നേഹിക്കുന്നു, എന്റെ ആത്മാവിനോളം, നീയില്ലാതെ എനിക്ക് ജീവിക്കനാവില്ല" എന്നുവിളിച്ചു പറഞ്ഞ് ഭ്രാന്തമായ് നടന്നടുക്കുകയായിരുന്നു അവള്‍ എന്ന്. ചിതറിതെറിച്ച മാംസപിണ്ഡങ്ങള്‍ പോളിത്തീന്‍ ബാഗില്‍ വാരികൂട്ടി, ജനറല്‍ ഹോസ്‌പിറ്റലിലേക്ക് തിരി‍ക്കുമ്പോള്‍ സ്‌നേഹത്തിനുവേണ്ടി സ്വന്തമായതെല്ലാം പകുത്തു നല്‍കുകയും, അത് നിഷേധിക്കപ്പെട്ടപ്പോള്‍ ആരോടും ഒന്നും പറയാതെ കടന്നുപോയ അവളെയും കാത്തിരിക്കയായിരുന്നു അപ്പോഴും ചൂടാതെ പോയ ആ മുല്ലപൂക്കള്‍.

2008-03-18

നിനയാതെ പൈയ്തൊഴിഞ്ഞ മഴ  

ഞാന്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയില്‍ പഠിക്കുന്ന കാലം. എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്കുള്ള ഒരു ട്രയിന്‍ യാത്രയില്‍ മലബാര്‍ എക്സ്പ്രസ്സില്‍ പരിചയപ്പെട്ട ഒരു സുഹ്യത്ത്..ഡോ. രാജീവ് കുമാര്‍. അമ്യത ഇന്‍സ്‌റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഊര്‍‌ജ്ജസ്വലനായ യുവ ഡോക്ടര്‍. വെറുംരണ്ടു മണിക്കൂര്‍ മാത്രം നീണ്ട ഒരു ട്രയിന്‍ യാത്ര...ആ രണ്ടുമണിക്കൂര്‍ കൊണ്ട് ആത്മാവു തൊട്ടറിഞ്ഞ ഒരു സുഹ്യത്താകുക അതു ജീവന്റെ ഭാഗമയ് തീരുക....അങ്ങിനയുള്ള സൗഹ്യദങ്ങള്‍ ലോകത്തില്‍ എത്രപേര്‍ക്കുണ്ടായിട്ടുണ്ടാകും. അധികം ഉണ്ടാവനിടയില്ല.

മലബാര്‍ എക്സ്പ്രസ്സ് എറണാകുളം നോര്‍ത്ത് റയിവേസ്റ്റേഷനില്‍ നിന്നും പുറപ്പെടുമ്പോള്‍ രാത്രി മൂന്ന് മണി. മറ്റ് യാത്രക്കാരല്ലാവരും നല്ല ഉറക്കം. പൊതുവേ ഉറക്കം നഷ്ടപ്പെടുത്താന്‍ ഇഷ്ടമില്ലാത്ത അവന്‍ ആ രാത്രി മുഴുവന്‍ എന്നോട് സംസാരിച്ചുകൊണ്ടേ ഇരുന്നു. അത്യാവശ്യത്തിനു മാത്രം സംസാരിക്കുന്ന അവന്‍ പിന്നീട് അതില്‍ അതിശയം പ്രകടിപ്പിക്കയും ചെയ്തു. പരസ്പരം ഫോണ്‍ നമ്പറുകല്‍ കൈമാറി രാവിലെ ചെങ്ങന്നൂര്‍ റയില്‍‌വേ സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ വളരെ പ്രീയപ്പെട്ട ഒരു സുഹ്യത്തിനെ വിട്ടുപോകുന്നപോലെ ഒരു വേദനയായിരുന്നു മനസ്സില്‍. വീട്ടിലെത്തി കിടന്നുറങ്ങിയ ഞാന്‍ ഫോണ്‍ റിങ് ചെയ്യുന്നതു കേട്ടാണ് ഉണര്‍ന്നത്. മൊബൈല്‍ എടുത്ത് കോള്‍ അറ്റന്‍ഡ് ചെയ്തു. മറുതലക്കല്‍ നിന്നു "ഹലോ പ്രശാന്ത് ഞാന്‍ രാജീവാണ്, ഇപ്പോള്‍ വീട്ടിലെത്തിയതേയുള്ളൂ......". എന്നു പറഞ്ഞു തുടങ്ങിയ, അരമണിക്കൂറോളം നീണ്ട ആ സംസാരം "ശരി ഞാന്‍ ഇനി ഒന്നു കിടക്കട്ടെ, ഉറക്കം കഴിഞ്ഞു വിളിക്കാം" എന്നു പറഞ്ഞ് അവസാനിപ്പിച്ചു. പിന്നീട് ദിവസവും ഞങ്ങളുടെ ഫോണ്‍ തുടരെ ശബ്ദിച്ചുകൊണ്ടിരുന്നു. കോളുകളും മിസ്‌കോളുകളുമായി ഞങ്ങള്‍ സംവദിച്ചുകൊണ്ടേ ഇരുന്നു. ഒരു റിങ്, രണ്ടു റിങ് , ഒരു മിസ്കോള്‍, രണ്ടൂ മിസ് കോള്‍ എന്നിങ്ങനെ ഞങ്ങളൂടെ ഹ്യദയം തൊട്ടറിയുന്ന കുറേ കോഡുകള്‍. ഞങ്ങള്‍ സൗഹ്യദം അനുഭവിക്ക മാത്രം ആയിരുന്നില്ല ആഘോഷിക്കുക കൂടിയായിരുന്നു.

അന്നത്തെ ട്രയിന്‍ യത്രക്കുശേഷം പിന്നീട് ഒരിക്കല്‍ മാത്രം അടുത്ത ഒരു ബന്ധുവിനെ കാണാന്‍ അമ്യത ഇന്‍സ്‌റ്റിട്യൂട്ടില്‍ ചെന്നപ്പോഴാണ് അവനെ കാണുന്നത്. അന്ന് അവന്‍ നല്ലതിരക്കിലായിരുന്നു. അപ്രതീക്ഷിതമായ സന്ദര്‍ശനമായിരുന്നതിനാല്‍ നേരത്തെ അറിയിക്കാനും കഴിഞ്ഞില്ല, മാത്രമല്ല അവന് ഒരു സര്‍പ്രൈസ് ആകട്ടെ എന്നും കരുതി. അവിടെ ചെന്നപ്പോഴാണറിയുന്നത് അന്ന് അവന് ഓപ്പറേഷന്‍ തീയറ്റര്‍ ഉള്ള ദിവസം ആണ് എന്ന്. അതുകൊണ്ട് അധികസമയം അവന് എന്നോടോപ്പം ചിലവിടാന്‍ കഴിയുമായിരുന്നില്ല.

പിന്നീട് അവന്‍ അമ്യത ഇന്‍സ്‌റ്റിട്യൂട്ടില്‍ നിന്നും തിരുവനന്തപുരത്തുള്ള കിംമ്‌സ് ഹോസ്പിറ്റലിലേക്ക് മാറി. വീടിന് അടുത്തായതുകൊണ്ടും, വീട്ടില്‍ അമ്മ തനിച്ചായതുകൊണ്ടും അതായിരുന്നു അവന് കൂടുതല്‍ സൗകര്യം. അപ്പോഴും ഞങ്ങളുടെ ഫോണ്‍‌വിളിയും മിസ്‌കോളുകളും തുടര്‍ന്നുകൊണ്ടിരുന്നു. ഒരു ഡോക്ടര്‍ എന്ന തിരക്കിനിടയിലും മെസേജ് അല്ലഅങ്കില്‍ മിസ്കോള്‍ ഇടാന്‍ അവന്‍ ഒരിക്കലും മറക്കുമായിരുന്നില്ല. ഒരു വര്‍ഷത്തെ സൗഹ്യദത്തിനൊടുവില്‍ ഞാന്‍ ഡല്‍ഹിയില്‍ ഇന്ത്യന്‍ ഇന്‍‌സ്റ്റി‌‌ട്യൂട്ട് ഓഫ് ടെക്നോളജിയില്‍ സയിന്റിസ്റ്റായി ജോലികിട്ടി ‌പോയി. പിന്നെ തുടരെയുള്ള ഫോണ്‍ വിളികളും മിസ്കോളുകളും കഴിയാതെ ആയി. പിന്നീട് ഓരോ മൂന്നുമാസവും കൂടുമ്പോള്‍ നാട്ടിലെത്തുമ്പോള്‍ പഴയതുപോലെ ഫോണില്‍ സംസാരിക്കും. മണിക്കൂറുളോളം നീണ്ട സംസാരങ്ങള്‍. പൊതുവേ ഡോക്ടര്‍മാര്‍ ഇന്റര്‍നെറ്റ് വിരോധികള്‍ ആയതുകൊണ്ട് മെയിലും ചാറ്റും തീരെ ഇല്ലായിരുന്നു.

ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ അവനെ വിളിച്ചപ്പോള്‍, അമ്യത ഇന്‍സ്‌റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നും നല്ല ഓഫര്‍ വന്നു അതുകൊണ്ട് അവിടെ റീജോയിന്‍ ചെയ്തു എന്നു പറഞ്ഞു. പതിവുപോലെ ആ തവണയും അവനെ കാണുവാന്‍ കഴിഞ്ഞില്ല. വെറും പത്തുദിവസത്തെ അവധിയുമായ് നാട്ടില്‍ വരുന്ന എനിക്ക് അവനെ ചെന്നു കാണാന്‍ വേണ്ടി ഒരു ദിവസം കളയാന്‍ ഉണ്ടായിരുന്നില്ല അല്ലങ്കില്‍ അതിനുള്ള മനസ്സുണ്ടായിരുന്നില്ല എന്നു വേണം പറയാന്‍. പിന്നീട് നാട്ടില്‍ വന്നപ്പോള്‍ വിളിച്ചപ്പോഴൊന്നും അവനെ കിട്ടിയില്ല. കുറച്ച് ദിവസത്തെ അവധിക്കു വരുന്ന എനിക്ക് എപ്പോഴും തിരക്കയിരുന്നു. അങ്ങനെ ഒരുതവണ ഞാന്‍ നാട്ടില്‍ വന്നപ്പോള്‍ തൈറോഡക്ടമിയുമായ് ബന്ധപ്പെട്ട് അമ്മക്ക് അമ്യതയില്‍ പോയി എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. വിജയകുമാറിനെ കണ്‍സള്‍ട്ട് ചെയ്യേണ്ടിയിരുന്നു.

അമ്മയുമായി ഡോ. വിജയകുമാറിനെ കാണാന്‍ വരുന്നുണ്ട്, അവിടെവച്ചു കാണാം എന്നറിയിക്കാമന്ന്കരുതി ഞാന്‍ അവനെ വിളിച്ചു, പക്ഷേ ആ മൊബൈയില്‍ നംമ്പര്‍ നിലവിലില്ല എന്നമെസ്സേജാണ് കിട്ടിയത്. ഉടനെ ഹോസ്പിറ്റല്‍ നംമ്പറില്‍ വിളിച്ച് ഡയാലിസിസ് വിങില്‍ കണക്ട് ചെയ്യിച്ചു. ഒരു പുതിയ സ്റ്റാഫ് നേഴ്സാണ് ഫോണ്‍ എടുത്തത്. അവനെ കുറിച്ച് അന്വഷിച്ചപ്പോള്‍ അങ്ങനെ ഒരു ഡോക്ട്ര്‍ ഇല്ല എന്നുപറഞ്ഞ് പഴയ സ്റ്റാഫിന് ഫോണ്‍ കൊടുത്തു. അവരോട് അവനെപറ്റി ചോദിച്ചപ്പോള്‍ നാലുമസം മുന്‍പ് അവിടനിന്നും റിസയിന്‍ ചെയ്തുപോയി എന്നുപറഞ്ഞു. അവനെ കാണാന്‍ കഴിയില്ലല്ലോ എന്ന ഒരുനിരാശയോടെ ഉടനെ തന്നെ അവന്റെ വീട്ടിലെ നംമ്പറില്‍ വിളിച്ചു. നിര്‍ഭാഗ്യവശാല്‍ റിംങ് ഉണ്ടായിട്ടും ആരും ഫോണ്‍ എടുത്തില്ല. പലതവണ പല സമയങ്ങളില്‍ വിളിച്ചുനോക്കി. രാത്രിവൈകിയും അതിരാവിലെയും ഒക്കെ. എപ്പോഴും റിംങ് ഉണ്ടാവും ആരും ഫോണ്‍ എടുക്കില്ല. അവസാനം അവധികഴിഞ്ഞ് ഞാന്‍ ഡല്‍‍ഹിക്ക് തിരിച്ച്പോയി.

ഡല്‍ഹിയില്‍ നിന്നും പലതവണ വിളിച്ചുനോക്കി പതിവുപോലെ റിംങ് ഉണ്ടാവും ആരും ഫോണ്‍ എടുക്കില്ല. കുറെദിവസം കഴിഞ്ഞപ്പോള്‍ പിന്നെ റിംങ്ങും ഇല്ലാതെ ആയി. എന്നിട്ടും ഇടക്കൊക്കെ വീട്ടിലേക്കു ഫോണ്‍ ചെയ്യുമ്പോള്‍ അവന്റെ നംമ്പറിലും വിളിച്ചു കൊണ്ടേ ഇരുന്നു. അങ്ങനെ ഒരു ദിവസം പ്രായം ചെന്ന ഒരു സ്ത്രീ ഫോണ്‍ എടുത്തു. ആശ്വസത്തോടെ ഡോ. രാജീവ് ഉണ്ടോ എന്നു ചോദിച്ചപ്പോള്‍ റോങ് നംബര്‍ എന്നു പറഞ്ഞ് അവര്‍ ഫോണ്‍ കട്ട് ചെയ്തു. വീണ്ടും വിളിച്ചു അപ്പോഴും പഴയ ആ പ്രായം ചെന്ന സ്ത്രീ തന്നെ ഫോണ്‍ എടുത്ത് റോങ് നംബര്‍ എന്നു പറഞ്ഞു. അവസാനം ഒന്നുകൂടി വിളിച്ച് ചോദിച്ചു ഇതു പുതിയ കണകഷന്‍ ആണോ എന്ന്. അതെ, പുതിയ കണക്ഷന്‍ ആണ് എന്നു പറഞ്ഞപ്പോള്‍ മനസ്സിലായി ലാന്റ് ലൈന്‍ അവന്‍ കട്ട് ചെയ്തിരിക്കുന്നു എന്ന്. അന്ന് മൊബൈല്‍ ഫോണുകള്‍ പോപ്പുലറായ് വരികയും, ലാന്റ് ലൈനുകള്‍ ലാഭകരമല്ലാത്തതിനാല്‍ പലരും കട്ട് ചെയ്യുകയും ചെയ്യുന്ന സമയമായിരുന്നതിനാല്‍ അതില്‍ അസ്വാഭാവികത ഒന്നും തോന്നിയില്ല. എന്നിരുന്നാലും നം‌മ്പര്‍ മാറിയപ്പോള്‍ എന്നെ ഒന്നു അറിയിക്കാഞ്ഞതിലും, ഒന്നു വിളിക്കാഞ്ഞതിലും തെല്ലൊരു ഈര്‍ഷ്യ അവനോട് തോന്നാതിരുന്നില്ല.

ഫോണ്‍ വഴി ബന്ധപ്പെടാന്‍ കഴിയാതെ വന്നപ്പോള്‍ പലതവണ മെയില്‍ ചെയ്തു. ഒരു റിപ്ലേയും കണ്ടില്ല. അവസാനം അടുത്ത അവധിക്ക് നാട്ടില്‍ എത്തിയപ്പോള്‍ വീണ്ടൂം അമ്യത ഇന്‍സ്‌റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വിളിച്ചു പഴയ ആ സ്റ്റാഫിനോട് അവന്‍ എവിടെ ആണന്ന് എന്തങ്കിലും വിവരം ഉണ്ടോ എന്നന്വഷിച്ചു. അപ്പോള്‍ അറിഞ്ഞ കാര്യങ്ങള്‍ ശരിക്കും വിഷമിപ്പിക്കുന്നതായിരുന്നു.

അമ്മ ഹോസ്പിറ്റലില്‍ ആണ് എന്നു പറഞ്ഞ് അവധി എടുത്ത് വീട്ടിലേക്കു പോയ അവന്‍, പിന്നീട് റിസൈയിന്‍ ലെറ്ററുമായാണ് അമ്യതയില്‍ എത്തിയതന്നും, അപ്രതീക്ഷിതമായ അമ്മയുടെ മരണം അവന് താങ്ങാവുന്നതിലധികമായിരുന്നുവന്നും അവര്‍ പറഞ്ഞപ്പോള്‍ അമ്മയുടെ മരണം എത്രത്തോളം ആഘാതം അവനുണ്ടാക്കിയിട്ടുണ്ടാവുമന്ന് എനിക്ക് ഊഹിക്കാന്‍ കഴിയുമായിരുന്നു. നന്നേ ചെറുപ്പത്തില്‍ തന്നെ അഛ്ചനെ നഷ്ടപ്പെട്ട അവന്റെ താങ്ങും തണലും എന്നും അമ്മമാത്രമായിരുന്നു. അമ്മയുടെ ആഗ്രഹം സാധിക്കാന്‍ വേണ്ടികൂടിയാണ് അവന്‍ മെഡിസിനുചേര്‍ന്നതന്നും, അമ്മയെ ഒറ്റക്കാക്കി പോകാന്‍ വയ്യാത്തതുകൊണ്ടാണ് വിദേശത്തേക്ക് പോകാത്തതന്നും ആദ്യ ട്രയിന്‍ യാത്രയില്‍ തന്നെ അവന്‍ എന്നോടു പറഞ്ഞപ്പോള്‍ അമ്മയോടുള്ള അവന്റെ സെന്റിമെന്റല്‍ അറ്റാച്ച്മെന്റ് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു.

അമ്യതയില്‍ നിന്നും റിസൈന്‍ ചെയ്തുപോയ അവനെ കുറെ കാലത്തിനു ശേഷം അവിടുത്തെ ഒരു സ്റ്റാഫ് കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ചു കണ്ടു എന്നും, അപ്പോള്‍ പ്രൊഫഷന്‍ ഒക്കെ വിട്ട് അമ്യത ആശ്രമത്തില്‍ ജോയിന്‍ ചെയ്തു എന്ന് പറഞ്ഞുവന്നും അവര്‍ പറഞ്ഞു. അന്നുമുതല്‍ ഞാന്‍ അവനെ തിരയുകയാണ്. നിര്‍ഭാഗ്യവശാല്‍ അവന്റെ മറ്റ് സുഹ്യത്തുക്കളെയോ, ബന്ധുക്കളയോ എനിക്കറിയില്ല.

അവനെ അറിഞ്ഞിടത്തോളം അത്ര അടുപ്പമുള്ള സുഹ്യത്തുക്കള്‍ ആരും അവനുള്ളതായ് അറിവില്ല. പലപ്പോഴും അവന്‍ പറയുമായിരുന്നു ഞാന്‍ ആണ് അവന്റെ ഏറ്റവും അടുത്ത സുഹ്യത്ത് എന്ന്. അവന്റെ റസിഡന്‍സ് അഡ്രസ്സും എന്റെ കയ്യില്‍ ഇല്ലാതെ പോയി. എന്നിട്ടും അവനെ കണ്ടുപിടിക്കാന്‍ എന്നെ കൊണ്ട് കഴിയും പോലെ എല്ലാം ശ്രമിച്ചു നോക്കി. ഇതുവരെയും ഒരു തുമ്പും കിട്ടിയിട്ടില്ല. ഞാന്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് അവനെ തിരയുകയാണ്. ഇവിടെ കൊറിയയില്‍ ‍ എത്തിയിട്ടും ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കയാണ് അവന്‍ എവിടെ ഉണ്ട് എന്ന് അറിയാന്‍. എന്നങ്കിലും കാണുമന്നോ, കണ്ടുപിടിക്കാമന്നോ എന്ന് ഇന്നും പ്രതീക്ഷിക്കയാണ്. ഒന്നിനുമല്ല ഒന്നു കാണണം ഒന്നു കണ്ടാല്‍ മാത്രം മതി.

സമര്‍പ്പണം

.......ചന്ദനത്തിന്റെ മണമുള്ള സൗഹ്യദം പകര്‍ന്നുതന്നിട്ട് ഒരു വാക്കുപറയാതെ എങ്ങോട്ടോ മറഞ്ഞുപോയ പ്രീയപ്പെട്ട എന്റെ സ്വന്തം രാജുവിന്...നിന്നെ എന്നങ്കിലും ഒരിക്കല്‍ കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെ.......
നിന്റെ സ്വന്തം ക്യഷ്‌ണ

2007-07-06

വെളുത്ത സാരിയിലെ വൈധവ്യം  


അദ്ദേഹത്തിന്റെ ശവസംസ്ക്കാരം കഴിഞ്ഞ് ജോലിസ്ഥലത്തുള്ള വാടക വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് നീലിമ ഒറ്റപ്പെടലിന്റെ വേദന അറിഞ്ഞത്. എന്നും കളിയും ചിരിയും നിറഞ്ഞുനിന്ന ആ വീട്ടില്‍ ശ്മശാന മൂകത അവള്‍ അറിയുകയായിരുന്നു....................
ഒരാഴ്ചകൊണ്ട് നനക്കാഞ്ഞതുകൊണ്ട് പനിനീര്‍ച്ചെടികളൊക്കെ വാടിതുടങ്ങിയിരിക്കുന്നു. അദ്ദേഹം എന്നും സ്നേഹിച്ചിരുന്ന പനിനീര്‍ച്ചെടികള്‍........ഇനി അയാള്‍ക്കുവേണ്ടി അവള്‍ക്കു ചയ്യന്‍ കഴിയുന്നത്‌ അതുമാത്രമാണ്.

അവള്‍ പൂച്ചെരുകയില്‍ വെള്ളമെടുത്ത് റോസാച്ചെടികളെ ഓരോന്നായിങ്ക്കാന്‍ തുടങ്ങി.

അപ്പോള്‍ അടുത്ത വീട്ടിലെ അലമേലു പാട്ടി ശവദാഹത്തെകുറിച്ചും വീട്ടുകാരെകുറിച്ചും ഒക്കെ കുശലം ചേദിക്കാന്‍ വന്നു. അവസാനം തന്റെ സാരിയിലേക്കുനോക്കി ഒരുപദേശം. "ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍‍ നിറമുള്ള സാരി ഉടുക്കാന്‍ പാടില്ല" എന്ന്.
അത് തനിക്കും അറിവു‌ള്ളതാണന്നും, അലമേലുപാട്ടി ഒരിക്കലും വെള്ളസാരി ഉടുത്ത് കണ്ടിട്ടില്ലല്ലോ എന്നും പറയണമന്ന് അവള്‍ക്കുതോന്നി...........പക്ഷേ പറഞ്ഞില്ല.

അയാള്‍ക്ക് എന്നും നീലിമ പി‌ങ്ക് നിറമുള്ള സാരി ധരിച്ചുകാണാനായിരുന്നു ഇഷ്ടം. അതുകൊണ്ട് ആഫീസില്‍ പോകുമ്പോള്‍ കൂടുതലും ആ നിറത്തിലുള്ള സാരി ധരിക്കാന്‍ അവള്‍ പ്രത്യേകം ശ്രദ്ധിച്ചു......

അങ്ങനെ ഇരിക്കെ പച്ചക്കറി കൊണ്ടുകൊടുത്തുകൊണ്ടിരുന്ന പയ്യന്‍ വരാതെ ആയി. അതുകാരണം നീലിമക്ക് ആഫീസില്‍ നിന്നു പോരുമ്പോള്‍ ദിവസവും ചന്തയില്‍ കയറണ്ടി വന്നു.

ആഫീസില്‍ നിന്നും വന്നാല്‍ എന്നും അവള്‍ അലമേലു പാട്ടിയോടുചോദിക്കും ഇന്ന്‌ പച്ചക്കറിക്കാരന്‍ പയ്യന്‍ വന്നിരുന്നോന്ന്. അപ്പോള്‍ അലമേലു പാട്ടിപറയും ഇല്ല ഇന്നും കണ്ടില്ല അവനെ.

അതുകേള്‍ക്കുമ്പോള്‍ നീലിമക്ക് എന്തോ ഒരു അസ്വസ്തതതോന്നും................

അങ്ങനെ കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ഒരു സ്ത്രീ ഒരുകുട്ടിയെ ഒക്കത്തുവച്ച് പച്ചക്കറിവണ്ടിയും ഉന്തി വന്നു.

അവളോട് പച്ചക്കറി വാങ്ങുമ്പോള്‍ നീലിമ പറഞ്ഞു "മുന്‍പ് ഇതുപോലെ പച്ചക്കറി കൊണ്ടൂവന്നിരുന്നത് ഒരു പയ്യനായിരുന്നു, ഇപ്പോള്‍ കുറച്ചുദിവസമായി കാണുന്നില്ല"

അപ്പോള്‍ അവളുടെ കണ്ണുകളില്‍ നനവു പടരുന്നത്‌ നീലിമ കണ്ടു.

സാരിതലപ്പുകൊണ്ട് കണ്ണുകള്‍ തുടച്ചുകൊണ്ട് അവള്‍ പറ്ഞ്ഞു "അദ്ദേഹം മരിച്ചുപോയി, പച്ചകറിയുമായി പോകുമ്പോല്‍ കാറിടിക്കയായിരുന്നു"........

വെ‌ളുത്ത സാരി ഉടുത്തിരിക്കുന്ന ആ പെണ്‍കുട്ടി അയാളുടെ ഭാര്യ ആണ് എന്നും ഒക്കത്ത് ഇരിക്കുന്നത് അയാളുടെ കുട്ടിയാണ് എന്നും നീലിമക്ക് മനസ്സിലായി.

എന്നും പിങ്ക് നിറത്തിലുള്ള സാരി ഉടുത്ത് ആഫീസില്‍ പോയിരുന്ന നീലിമയെ പിന്നെ വെളുത്ത സാരിയില്‍ മാത്രമേ എല്ലാരും കണ്ടിട്ടുള്ളൂ .................

2007-07-05

ഏകാന്തതയിലൊരു തീര്‍ഥാടനം  


ഇവിടെ ഈ വാകമരത്തണലി‌ല്‍ ഇരിക്കു‌മ്പോള്‍‍ ഞാന്‍ നിന്നെ കുറിച്ചോ‌ര്‍ക്കുന്നു..... വര്‍ഷങ്ങള്‍ക്കു മുന്‍പ് കൈവിട്ടുപോയ ആ നല്ല ദിവസങ്ങളെക്കുറിച്ച്. അന്ന് നീ എന്റേതായിരുന്നു. എന്റേതു മാത്രം. അന്ന് നീ എന്റെ മടിയില്‍ തലവച്ച് ഉറങ്ങുമായിരുന്നു. എന്നോടെപ്പം ചിരിക്കുകയും കര‌യുക‌യും ചെയ്യുമായിരുന്നു.

നിന്റെ കൈവിര‍ലുകള്‍ തെരുപിടിക്കുമ്പോ‌ള്‍, നിന്റെ മുടിയിഴകളെ ലാളിക്കുമ്പോ‌ള്‍.....നിന്റെ കൈവിരലുകളുടെ അഗ്രം ചുണ്ടുകള്‍ പോലെ ചുവന്നിരുന്നു. അന്ന് നിനക്ക് ചന്ദനത്തിന്റെ മണമായിരുന്നു. ആ മാസ്മര ഗ‌ന്ധത്തി‌ല്‍ മണിക്കൂറുകളോളം ഞാന്‍ മയങ്ങി കിടന്നിട്ടുണ്ട്. അത് നിന്നെപോലെ എന്റെ മനസ്സിലേക്കും, ആത്മാവിലേക്കും പട‌‌ര്‍ന്നു കയറിയിട്ടുണ്ട്. എന്നിട്ടും ഒരിക്കലും നമ്മള്‍ തെറ്റുചെയ്യാന്‍ ആഗ്രഹിച്ചില്ല.

ചന്ദന നിറമുള്ള നിന്റെ നാസികയും കൈവിരലുകലും ഒന്നും ഞാന്‍ മറന്നിട്ടില്ല. മറക്കാനാവില്ല എന്നു പറയുന്നതാവും ശ‌രി.

ഈ വാകയുടെ ചുവട്ടില്‍ എത്രയോ തവണ നാം സന്ധിച്ചിട്ടുണ്ട്. എത്രയോ ദിവസങ്ങള്‍ നീ എന്റെ മടിയില്‍ തലവച്ചുറങ്ങിയിട്ടുണ്ട്. എത്രയോ നേരം കിനാവു നെയ്തു കൊണ്ട് ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി ഇരുന്നിട്ടുണ്ട്.

നാം നിരന്തരം ചാരിയിരിക്കുന്നതുകൊണ്ടാണ് ഈ വാക ഇങ്ങനെ ചാഞ്ഞുവളരുന്നതെന്നുപറഞ്ഞ് പലരും നമ്മെ കളിയാക്കി. എന്നിട്ടും നീ എന്നെ വിട്ടുപോയി.

ഒരു ഓട്ടകാലണയുടെ വിലപോലും ഇല്ലാതെയായി എന്റെ സ്നേഹത്തിന്‌.......എന്തായിരുന്നു നിന്റെ മനസ്സില്‍......

ഇന്ന് ഈ വാക വീണ്ടും പൂത്തിരിക്കുന്നു. അത് നമുക്കുവേണ്ടി പൂമെത്ത തീര്‍ത്തിരിക്കുന്നു. ഒരിക്കല്‍ ഈ പൂമെത്ത‌യില്‍ കിടന്നുകൊണ്ട് നീ പറഞ്ഞു "ഇങ്ങനെ മന്വന്തര‌ങ്ങളോളം നിന്റെ മടിയില്‍ തലവച്ച് പൂക്കളുടെ മീതെ കിടക്കാന്‍ കഴിഞ്ഞിരുന്ന‌ങ്കിലന്ന്".

എന്നിട്ടും ഇന്നും നീ വന്നില്ലല്ലോ?.

ഇന്നുമാത്രമല്ലല്ലോ? എത്രയോ വര്‍ഷങ്ങളായി നീ ഇവിടെ വന്നിട്ട്. എന്നിട്ടും എനിക്കു നിന്നെ മറക്കാനാവുന്നില്ല...

ഞാന്‍ ഓര്‍ക്കുകയാണ്‌, എന്തു ഭംഗിയായിരുന്നു നിനക്ക്. മഞ്ഞയില്‍ മഞ്ചാടിക്കുരു വിതറിയപോലെയുള്ള നനുത്ത സാരിയില്‍ നീ ഒരുപാടു സുന്ദരിയായിരുന്നു.

മഞ്ഞ.... ഐശ്വര്യത്തിന്റെ, സമ്ര്യദ്ധിയുടെ നിറം. എന്റെയും നിന്റെയും, കാര്‍മുകില്‍ വര്‍ണ്ണന്റെയും ഇഷ്‌ടനിറം. ഒരിക്കല്‍ നീ എന്നോടൊപ്പം ഉണ്ടായിരുന്നു. പിന്നീട് എന്നെ തനിച്ചാക്കി പോയപ്പോള്‍ നിന്റെ ഓര്‍മ്മകളില്‍ ഞാന്‍ ഉണ്ടായിരുന്നു. ഇന്ന് നിന്റെ മനസ്സില്‍ നിന്നുപോലും ഞാന്‍ മാഞ്ഞു പോയിരിക്കുന്നു.

ഒരുപാട് പറയാനുണ്ട് എനിക്ക്..............

കേള്‍ക്കാനുള്ള മനസ്സ് നിനക്ക് നഷ്‌ടപ്പെട്ടുപോയില്ലേ? ഒരുപാട് പാപക്കറ പുരണ്ട കൈകളാണ്‌ എന്റേത് എന്നെനിക്കറിയാം. എത്രയെത്ര രാത്രികള്‍, എത്ര എത്ര മുഖങ്ങള്‍........ ഒന്നും മനപ്പൂര്‍‌വ്വമായിരുന്നില്ല എന്ന് അറിഞ്ഞിരുന്നില്ലേ നീ?. എന്നിട്ടും മഴ‌യിലും മഞ്ഞിലും, പാതിരാവിലും, വെളുപ്പാന്‍‌കാലത്തും പാതി തുറന്നിട്ടിരുന്ന വാതിലുകള്‍ എനിക്കുനേരെ കൊട്ടിയടക്കപ്പെട്ടപ്പോള്‍ തികച്ചും ഒറ്റപ്പെട്ടുപോയി ഞാന്‍..............

എല്ലം നീ അറിഞ്ഞു......

പുക്ഷേ അറിയാതെ പോയത് എന്റെ മനസ്സുമാത്രം. .......അനാഥമായത് വന്യമായ എന്റെ സ്നേഹമാണ്.

എന്നെ വിട്ട് നീ മറ്റൊരിടം തേടിപോയപ്പോള്‍ നഷ്‌ടപ്പെട്ടത് എന്റെ ജീവിതമാണ്‌...........

അല്ലങ്കിലും എന്നും നഷ്‌ടങ്ങളുടെ തടവുകാരനായിരുന്നല്ലോ ഞാന്‍?...........

നീയും ഒന്നും നേടിയില്ല.....

ഒരു പകപോക്കലായിരുന്നോ?...അതോ മിഥ്യയുടെ മൂടുപടത്തിനുള്ളില്‍ സ്വയം ഒതുങ്ങിയതോ?..........

നീ പോയതു മുതല്‍ ഞാന്‍ ഒറ്റക്കായിരുന്നു....

ഒറ്റക്ക് എന്നു തീര്‍ത്തുപറയാനാവില്ല.

എപ്പോഴും നിന്റെ ഓര്‍മ്മകളുണ്ടായിരുന്നു കൂട്ടിന്‌....ആ നനുത്ത പുഞ്ചിരി, ആ വിടര്‍ന്ന കണ്ണുകള്‍.....

കന്യാകുമാരി മുതല്‍ വൈഷ്ണവീ ദേവി കുടിയിരിക്കുന്ന ഇരുണ്ട ഗുഹകളില്‍ വരെ യാത്ര ചെയ്തു.

കുടജാദ്രിയിലെ മഞ്ഞിലും തണുപ്പിലും അലിഞ്ഞില്ലാതാകാന്‍ ആഗ്രഹിച്ചു......രുദ്രപ്രയാഗിലും ഗംഗയിലും‌മുങ്ങി......

എല്ലായിടവും നീ ആയിരുന്നു....

കന്യാകുമാരിയുടെ വൈരമൂക്കൂത്തിയില്‍ നിന്റെ കണ്ണുകളിലെ തിളക്കമായിരുന്നു. വൈഷ്ണവീദേവിയുടെ ചില്ലു ലോക്കറ്റില്‍ നിന്റെ രൂപമായിരുന്നു.

കാശീനാഥന്റെ ചന്ദ്രക്കലയില്‍ നിന്റെ മുഖ‌മായിരുന്നു.

കണ്ണടച്ചാല്‍ കാണുന്നത് നിന്റെ മുഖം......

കേള്‍ക്കുന്നത് നിന്റെ ശബ്‌ദം........

സ്നേഹത്തിനും വേര്‍പിരിയലിനുമിടയിലുള്ള ആ വേദന, ആത്മസംഘര്‍ഷം....അതൊരു ഹരമായിരുന്നു.

ഏതു ഗംഗയില്‍ മു‌ങ്ങിയാലും, ഏതു കഷായം ധരിച്ചാലും മനസ്സില്‍ നിന്ന് പറിച്ചെറിയാന്‍ കഴിയില്ലന്നു തിരി‌ച്ചറി‌ഞ്ഞ അന്ന്‌ ഗംഗയില്‍ ഒഴുക്കി എന്റെ കഷായവും രുദ്രാക്ഷവും.

പിന്നെ അടുത്ത ഒരു തീര്‍ഥയാത്രയായിരുന്നു.

നിന്നെ കണ്ടെത്തുവാന്‍. ഒടുവില്‍ യാത്ര ചെയ്ത് ക്ഷീണിതനായ് ഇവിടെ വരെ എത്തി......

ഈ പുഴക്ക‌ര‌യില്‍, ഈ വാകയുടെ ചുവട്ടില്‍, ഡിസംബറിലെ മഞ്ഞുള്ള എത്രയോ സായഹ്‌നങ്ങളില്‍ ഒരു പുതിയ സൂര്യോദയം കാത്തിരുന്നിട്ടുണ്ട് നാം. എത്രയോ സന്ധ്യകളില്‍ കുന്നിന്‍ മുകളിലെ ക്ഷേത്രത്തിലെ അന്ധനായ ദൈവത്തിന്റെ കണ്ണുകളില്‍ ഒരു നല്ല നാളയുടെ പ്രഭാതം നാം കണ്ടിട്ടുണ്ട്. നിറഞ്ഞ നിലവിളക്കിലെ ദീപം പോലെ സ്വപ്നങ്ങ‌ള്‍ നമ്മെ മൂടിയിട്ടുണ്ട്. എന്നിട്ടും ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടംപോലും ഇല്ലാത്ത ഇരുട്ടറകളില്‍ പരസ്പരം കാണാതെ പോയി നമ്മള്‍.

മഞ്ഞിന്റെ പഞ്ഞികെട്ടുപോലെയുള്ള തണുത്ത പുതപ്പണിഞ്ഞ് നീ എന്റെ അടുത്ത് എത്തിയിരുന്ന‌ങ്കില്‍ നിന്റെ ചെവിയില്‍ ഇക്കിളി കൂട്ടി പറയുമായിരുന്നു നിന്നെ ഞാന്‍ ആത്മാവിനോളം സ്‌നേഹിക്കുന്നുവന്ന്.

എന്തു കറുപ്പായിരുന്നു നിന്റെ കണ്ണുകള്‍ക്ക്......

ഇന്ന് അത് വെളുത്ത് നരച്ചിട്ടുണ്ടാകും........

ഒന്നു കാണാന്‍..........ഒന്നു കണ്ടാല്‍ മാത്രം മതി.........

ചിരി നിറ‌ഞ്ഞ വശ്യമായ നിന്റെ ആ പതി‌ഞ്ഞ ശബ്ദം ഒന്നു കേള്‍ക്കാന്‍...........

വര്‍ഷങ്ങ‌ള്‍ കൊണ്ട് ഞാന്‍ നിന്നെ തിരയുകയാണ്...........

നീ ഏ‌തു വനമധ്യത്തിലെ കുടിലിലാണ്‌ വസിക്കുന്നത്‌.........

അറിയാമായിരുന്നങ്കില്‍ അങ്ങോട്ടു വരുമായിരുന്നു......പിന്നെ നിന്നെ ഞാന്‍ ഒരിടത്തും വിടില്ല.

എത്രയോ വ‌ര്‍ഷങ്ങളായി നിന്നെ പ്രതീക്ഷിച്ചിരിക്കാന്‍ തുടങ്ങിയിട്ട്. ഇന്നും എന്റെ മനസ്സ് നരച്ചിട്ടില്ല. അത് ചെറുപ്രായക്കാരുടെ മനസ്സുപോലെ ഇരിക്കുന്നു.

എന്തുകൊണ്ടന്നു നിനക്കറിയുമോ?.......

എന്നങ്കിലും ഒരിക്കല്‍ നീ വരുമന്ന് എനിക്കറിയാം. ഒരു വേനല്‍ക്കാലത്തോ, മഞ്ഞുകാലത്തോ, അതുമല്ലങ്കില്‍ ഒരു വര്‍ഷകാലത്തോ, പുലരിയിലോ, ഉച്ചക്കോ, സന്ധ്യക്കോ.........

എത്രയോ കാലംകൊണ്ട് നിന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു. നിന്നെ പ്രതീക്ഷിച്ചുകൊണ്ടുള്ള ഈ ഇരുപ്പിന്റെ സുഖം ഒന്നു വേറെതന്നയാണ്.

നീ പോയതിനു ശേഷം എത്രയോ തവണ ഈ വാക പൂക്കുകയും ഗര്‍ഭം ധരിക്കയും പ്രസവിക്കുകയും ചെയ്തു. എന്നിട്ടും നീ എന്താണ് വരാത്തത്.

ദേ നോക്ക്......

ചക്രവാളം കറുക്കുകയാനണ്.

ദൂരെ എവിടയോ ഒരു മുരളിയുടെ ശബ്ദം എന്നിലേക്കൊഴികിയെത്തുന്നു.......അതിന്റെ അടുത്തേക്ക് ഓടി എത്താന്‍ ഒരുപാട് മോഹമുണ്ട്............

പക്ഷേ കാലി‌ല്‍ ചങ്ങലകള്‍ ആണല്ലോ?.........

എല്ലായിടവും ഇരു‌ള്‍ മൂടുകയാണല്ലോ?.........

എന്റെ കണ്ണുകള്‍ കാണാതാകുന്നു. ഇനി എന്നാണ്‌ നീ വരിക?........നിന്റെ വരവിനുവേണ്ടിയുള്ള കാത്തിരുപ്പാണ് എന്റെ ജീവിതം. എന്റെ ജീവെതം പൂര്‍ണ്ണമാക്കാന്‍ നീ വരണം. വരും....ക്യഷ്ണന്റെ രാധ വരും എന്നു ഞാന്‍ പ്രതീക്ഷിക്കട്ടെ?.........

ഈ വാക മരം അടുത്ത വസന്തത്തിനായ് കാത്തിരിക്കയാണ്.......വീണ്ടും പൂക്കാന്‍, തളിര്‍ക്കാന്‍, ഗര്‍ഭം ധരിക്കാന്‍.

ഞാനും കാത്തിരിക്കയാണ്. വരും വരാതിരിക്കില്ല എന്ന പ്രതീക്ഷയോടെ..............

2007-07-04

മണം  

എന്റെ കുട്ടിക്കാലത്തു എന്റെ വീടിന് അടുത്ത് ഒരു അമ്മൂമ്മയുണ്ടായിരുന്നു. പേര് ഞാന്‍ ഓര്‍ക്കുന്നില്ല. പക്ഷേ ഇപ്പോഴും ആ മുഖം ഓര്‍മ്മയിലുണ്ട്. വെളുത്ത് സമ്യദ്ധമായ നീളമുളള മുടി...... ആ മുടിക്ക് ഒരു പ്രത്യേക വാസനയും തിളക്കവും ഉണ്ടായിരുന്നു......

എപ്പോഴും ഒരു തുളസി കതിര് അവര്‍ മുടിയില്‍ ചൂടിയിരുന്നു.വെളള മുണ്ടും നേര്യേതും ആയിരുന്നു അവര്‍ ഉടുക്കാറ്. നടക്കാന്‍ ഊന്നുവടി വേണമായിരുന്നു എങ്കിലും നന്നായി സംസാരിക്കുമായിരുന്നു....
നീലത്തില്‍ മുങ്ങിയ കുറുക്കന്റെയും, മരപ്പട്ടി എന്നു കരുതി അപ്പൂപ്പനെ ഉലക്കകൊണ്ട് അടിച്ചുകൊന്ന അമ്മുമ്മയുടെയും,ഗന്ധര്‍വ്വനെ സ്നേഹിച്ച യക്ഷിയുടെയും ഒക്കെ ക‌ഥകള്‍ എനിക്കു പറഞ്ഞുതന്ന‌ത് ഈ അമ്മൂമ്മയാണ്.

ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയം ഒരു ദിവസം അമ്മൂമ്മക്ക് എന്തോ അസുഖം വന്നു. മൂന്നാം നാള്‍ സ്കൂള്‍ വിട്ടുവന്നപ്പോള്‍ അമ്മ പറഞ്ഞു അപ്പുറത്തെ അമ്മൂമ്മ മരിച്ചുപോയീ എന്ന്.

അന്ന് മരണം എന്താണന്ന് എനിക്കു അറിയില്ലായിരുന്നു. അമ്മയുടെ സാരിതുമ്പു പിടിച്ച് ഞാനും അമ്മൂമ്മയെ കാണാന്‍ പോയി. അന്നാണ് ആദ്യമായി ഞാന്‍ മരണവീടു കാണുന്നത്.

വെള്ളപുതപ്പിച്ച് അമ്മൂമ്മയെ കോലായില്‍ കിടത്തിയിരിക്കുന്നു. തലയുടെ ഭാഗത്തായി തേങ്ങാമുറിയില്‍ കോളുത്തിവച്ച ദീപത്തിനരികിലായി പുകയുന്ന ചന്ദനത്തിരി. അതിന്റെ വാസന ആ അന്തരീക്ഷം മുഴുവന്‍ വ്യാപിച്ചിരുന്നു.

ഒരു വല്ലാത്ത മണം ആയിരുന്നു അതിന്. അതിനുശേഷം ആ മണം എന്നും എന്നില്‍ അസ്വസതതയുണ്ടാക്കി...... അത് എപ്പോഴും മരണത്തെ ഓര്‍മ്മിപ്പിക്കും..... മരിച്ചുകിടക്കുന്ന അമ്മൂമ്മയുടെ മുഖം ഓര്‍മ്മവരും.

അന്ന് ആ ചന്ദനത്തിരിയുടെ പേര് എനിക്കു അറിയില്ലായിരുന്നു. കുറെകൂടി വളര്‍ന്നുകഴിഞ്ഞാണ് അറിഞ്ഞത് സൈക്കിള്‍ ത്രീ ഇന്‍ വണ്‍ ആയിരുന്നു ആ ചന്ദനത്തിരികള്‍ എന്ന്.

ഇന്നും ഏതുമരണവീട്ടില്‍ പോയാലും അവിടെ അന്നത്തെ ആ മണം തന്നെ ആണ്. ആ മണം ഇന്നും എന്നില്‍ അസ്വസതതയുണ്ടാക്കുന്നു. അത് ഒരു നഷ്ട്പ്പെടലിനെയും അനാധത്വത്തെയും ഓര്‍മ്മിപ്പിക്കുന്നു.

ചിലപ്പോ‌‌‌ള്‍ ചില വാഹനങ്ങളില്‍, ആശുപത്രികളില്‍, മറ്റുചിലപ്പോള്‍ ചില വിവാഹങ്ങ‌ള്‍ക്കു പോകു‌‌മ്പോ‌‌ള്‍ അവിടെ ആ മണം ഉണ്ടാകാറുണ്ട്. സന്തോഷത്തോടെ ഒരു സുഹൃത്തിന്റെ അല്ലങ്കില്‍ ഒരു ബന്ധുവിന്റെ വിവാഹത്തിന് എത്തുന്ന ഞാന്‍ അസ്വസ്തനാകും. എന്തോ ഒരു സുഖമില്ലായ്ക.

എല്ലാ മണങ്ങളും നമുക്ക് ഉന്മേഷം തരു‌ന്നതാണ്. പ‌ക്ഷേ അതില്‍ ഒരു മണം നമ്മെ എപ്പോഴും അസ്വസ്തരാക്കാറില്ലേ?. അത് എപ്പോഴും ഒരു നഷ്ടപ്പെടലിന്റെ മണമായിരിക്കും. സൈക്കിള്‍ ത്രീ ഇന്‍ വണ്‍ തന്നെയല്ലേ മിക്കപ്പോഴും നമ്മെ അസ്വസ്തരാക്കുന്ന ആ മണം?. കാരണം അതിനു എപ്പോഴും മരണത്തിന്റെ മണ‌മാണ്............