Search this blog


Home About Me Contact
2008-12-27

അന്‍‌ഡോങ് - കൊറിയന്‍ ട്രഡീഷണല്‍ വില്ലേജ്‌ - യാത്രാ വിവരണം - രണ്ടാം ഭാഗം  

തീയ്യതി - 22 ഡിസംബര്‍ 2008

എന്റെ സീറ്റിന് പുറകില്‍ നിന്നും കര്‍ണ്ണങ്ങള്‍ക്ക് അരോചകമാം രീതിയിലുള്ള ഒരു തമിഴ് പാട്ടിന്റെ വരികള്‍ക്കൊപ്പം അലോസരപ്പെടുത്തുന്ന തരത്തില്‍ ചവിട്ടുനാടകത്തിലേതുപോലെയുള്ള ചുവടുവയ്പിന്റെ ശബ്ദം കേട്ട്‌ ഞാന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന് പിന്നോട്ടുനോക്കി. ഔചിത്യവും അനൗചിത്യവും ഒന്നും നോക്കാതെ, ഒരു മരണ വീട്ടില്‍ പോയാല്‍ പോലും തമാശപൊട്ടിച്ച് ആര്‍ത്തട്ടഹസിക്കാന്‍ മടിയില്ലാത്ത നമ്മള്‍ ഇന്ത്യക്കാര്‍ ഇവിടേയും വിഭിന്നമാകുന്നില്ല. ബസിലുള്ള സഹയാത്രികരെല്ലാം തങ്ങളെ കാത്തിരിക്കുന്ന സുന്ദര ദൃശ്യങ്ങളെ സ്വപ്നം കണ്ടും, ആഗോള സാമ്പത്തിക മാന്ദ്യത്തെകുറിച്ചും, തങ്ങളുടെ ഗവേഷണങ്ങളെകുറിച്ചുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, ഭാരത സംഗീതത്തില്‍ പുതിയ രാഗങ്ങളും താളങ്ങളും സന്നിവേശിപ്പിച്ച്‌, ഓടികൊണ്ടിരിക്കുന്ന ബസില്‍ ബഹളം വച്ച് മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. ഞാന്‍ ഉണര്‍ന്നു എന്നു മനസ്സിലാകിയപ്പേഴേക്കും എന്നയും അവരുടെ കൂട്ടത്തില്‍ കൂട്ടാനുള്ള ശ്രമമായി. കൂട്ടത്തില്‍ ഉണ്ടായിരുന്ന തമിഴ് പെണ്‍കൊടി എന്റെ കൈയ്യില്‍ പിടിച്ചു വലിച്ചു. അല്പം കഴിയട്ടെ എന്നു പറഞ്ഞ് തല്‍കാലത്തേക്ക് ഒഴിഞ്ഞുമാറി. എങ്കിലും ആ മൂന്നുപേര്‍ മുപ്പതുപേരുടെ ബഹളം ബസില്‍ ഉണ്ടാക്കികൊണ്ടിരുന്നു. ഇവര്‍ക്ക് എന്തേ മര്യാദ അറിയില്ലേ എന്ന് മനസ്സിലോര്‍ത്തിട്ടോ എന്തോ ഉസ്‌ബക്കിസ്ഥാനില്‍ നിന്നുമുള്ള Alam Iftekhar എന്ന ഗവേഷണ വിദ്യാര്‍‌ത്ഥി മൂവിക്യാമറയില്‍ ആ രംഗങ്ങള്‍ പകര്‍ത്തികൊണ്ടിരുന്നു. ക്യാമറ കണ്ണുകള്‍ തങ്ങള്‍ക്കുനേരെ തുറക്കുന്നതു കണ്ടപ്പോഴേക്കും ബഹളം അതിന്റെ പാരമ്യതയിലെത്തി. ബഹളം ഇനി സഹിക്ക വയ്യ എന്ന് തോന്നിപ്പിക്കുമാറ് കാമറൂണില്‍ നിന്നുമുള്ള റോഡ്‌റിഗോ മൈക്രഫോണ്‍ എടുത്ത് ചില പ്രത്യേക അറിയിപ്പുകള്‍ തരാന്‍ തുടങ്ങി. അപ്പോഴേക്കും ബഹളക്കാര്‍ തങ്ങളുടെ സീറ്റുകളില്‍ പോയി ഇരുന്നു.
(POSCO Museum though my flash)

12 മണിയോടെ ഞങ്ങള്‍ ഫോഹാങ് POSCO-യില്‍ എത്തി. ബസ് പാര്‍ക്ക് ചെയ്തിട്ട് എല്ലാവരും ഉച്ചഭക്ഷണത്തിനായ് പോയി. നമ്മള്‍ കേരളീയരെപോലെ പോകുന്നവഴി ഏതങ്കിലും തട്ടുകടയിലോ , വഴിയോര ഹോട്ടലിലോ കയറി ഭക്ഷണം കഴിക്കുന്ന രീതി കൊറിയക്കാരുടെ ഇടയില്‍ തീരെ ഇല്ല. കാലേകൂട്ടി തയ്യാറക്കുന്ന ട്രാവല്‍ പ്ലാന്‍ അനുസരിച്ച് ഭക്ഷണത്തിനും താമസത്തിനുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ടാകും. ഇത്തവണ ഞങ്ങള്‍ക്കുള്ള ഉച്ച ഭക്ഷണം POSCO-യുടെ മെസ്സിലായിരുന്നു തരപ്പെടുത്തിയിരുന്നത്.

ചെറിയ ഒരു കുന്നിന്‍ മുകളില്‍ വളരെ മനോഹരമായ്‌ പണിതീര്‍ത്തിട്ടുള്ള ഒരു ഇരുനില കെട്ടിടമാണ് POSCO മെസ്സ്. ഗ്ലാസ് ഭിത്തികളാല്‍ നിര്‍മ്മിച്ച രണ്ടാമത്തെ നിലയിലാണ് മെസ്സ് ഹാള്‍. 500 പേര്‍ക്ക് ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുള്ള വിശാലമായ ഒരു ഹാള്‍. അതിന്റെ പ്രധാന കവാടത്തില്‍ രണ്ട് കൊറിയന്‍ സുന്ദരികള്‍ മനോഹരമായ് ചിരിച്ച് അവരുടെ തനതു ശൈലിയില്‍ കുനിഞ്ഞ് വണങ്ങികൊണ്ട് "ആനേ ഹസയോ" എന്ന് പറഞ്ഞ് ഞങ്ങളെ ഓരോരുത്തരെയായി അകത്തേക്ക് സ്വീകരിച്ചു. ഹാളിലേക്ക് കയറിചെല്ലുന്നതിന്റെ വലതു വശത്തായി മൂന്നു വരികളിലായി ഞങ്ങള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കി ആതിഥേയര്‍ ഞങ്ങളേയും കാത്ത് നില്‌ക്കുന്നു. ചതുരാക്യതിയിലുള്ള ഒരു താലത്തില്‍ സൈഡ് ഡിഷസ് എടുക്കാനുള്ള നാലു കുഴികളോടുകൂടിയ ഒരു പ്ലയിറ്റും, സൂപ്പ് എടുക്കാനുള്ള പാത്രവും എടുത്തുവച്ച്‌ ച്യൂയിങ് സ്റ്റിക്കും, സ്‌‌പൂണും എടുത്ത് ഞങ്ങള്‍ വരിവരിയായി നീങ്ങി.

തൂവെള്ള വസ്ത്രം ധരിച്ച്, തലയില്‍ തൊപ്പിയും, കൈയ്യില്‍ സുതാര്യമായ പ്ലാസ്റ്റിക് ഗ്ലൗസും ഇട്ട കൊറിയന്‍ സുന്ദരികള്‍ ഒരു ചെറിയ പാത്രത്തില്‍ സ്റ്റീമഡ് റൈസ് എടുത്ത് "ആനേ ഹസയോ" എന്ന് പറഞ്ഞ് പുഞ്ചിരിച്ചുകൊണ്ട്, നമ്മള്‍ അമ്പലത്തില്‍ നിന്നും പ്രസാദം വാങ്ങാന്‍ കൈകള്‍ നീട്ടുന്നവിധത്തില്‍ ആദരവോടെ താലത്തിലേക്ക് വച്ചുതന്നു. ഭാരതിയര്‍ക്കാണ് ആതിഥ്യ മര്യാദ ഏറ്റവും കൂടുതല്‍ എന്നു നമ്മള്‍ പറയാറുണ്ടങ്കിലും കൊറിയക്കാരുടേയും, ജപ്പാന്‍ കാരുടേയും അത്ര ആതിഥ്യ മര്യാദ ഞാന്‍ മറ്റൊരു രാജ്യക്കാരനിലും കണ്ടിട്ടില്ല. "കംസാ ഹമീദ" എന്നു പറഞ്ഞുകൊണ്ട് റൈസ് താലത്തില്‍ വാങ്ങി, ആ വശ്യത്തിന് സൈഡ് ഡിഷും, മസാല പുരട്ടാതെ എണ്ണയില്‍ പൊള്ളിച്ച മത്സ്യവും, സൂപ്പും എടുത്ത് ഓരോരുത്തരായ് ഊണുമേശയിലേക്ക് നീങ്ങികൊണ്ടിരുന്നു.
(Employees, the central pillars of POSCO)

നാലു പേര്‍ക്കു വീതം ഇരുന്നു ഭക്ഷണം കഴിക്കാവുന്ന രീതിയിലായിരുന്നു തീന്‍‌മേശയുടെ ക്രമീകരണം. ടേബിളിനു മുകളില്‍ വ്യത്തിയുള്ള മനോഹരമായ സ്പടിക കുപ്പികളില്‍ കുരുമുളക് പൊടി, ടൊമാറ്റൊ സോസ്, ഉപ്പ് എന്നിവയും, തടിയില്‍ കൊത്തുപണി ചെയ്ത ഒരു പെട്ടിയില്‍ ടിഷ്യൂ പേപ്പറും വച്ചിട്ടുണ്ടായിരുന്നു. എന്റെ അടുക്കളയിലും പരീക്ഷണ ശാലയിലും ആവശ്യത്തിലധികം പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തുന്നതിനാല്‍ എല്ലാ സൈഡ് ഡിഷസും ടേസ്റ്റ് ചെയ്ത് ഒരു പരീക്ഷണം നടത്താന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. കിംചി എന്നു കേട്ടാലേ ഓക്കാനം വരുമായിരുന്ന ഞാന്‍ ചോറും പൊള്ളിച്ച മീനും സൂപ്പും ചേര്‍ത്ത് കഴിച്ച് സായൂജ്യമടഞ്ഞു. കേരളീയരുടെ തനതു ചക്കപായസം പോലെ മഞ്ഞനിറത്തിലുള്ള മാധുര്യമേറിയ ഒരു ഒരു പാനീയം എടുത്തുവങ്കിലും ഒരു സ്‌‌പൂണ്‍ മാത്രം കഴിച്ച് മതിയാക്കി.

ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ പാത്രങ്ങളും ഉച്ചിഷ്‌ടവും അതിനായുള്ള പ്രത്യേക സ്ഥലത്ത് നിക്ഷേപിക്കുക്ക എന്നത് കഴിക്കുന്നവര്‍ തന്നെ ചെയ്യേണ്ട ഒരു ജോലിയാണ്. ഹാളിന്റെ അങ്ങേ അറ്റത്തായി ക്രമീകരിച്ചിരിക്കുന്ന, സദാ മുന്നോട്ട് ചലിച്ചുകൊണ്ടിരിക്കുന്ന കണ്‍‌വെയറിലേക്ക് ഉച്ചിഷ്‌ടം നീക്കം ചെയ്ത് പാത്രങ്ങള്‍ വെയ്ക്കുക. കണ്‍‌വെയര്‍ പാത്രങ്ങളെ വാഷിങ് റൂമില്‍ എത്തിച്ചുകൊള്ളും. കണ്‍‌വെയറിന് അപ്പുറത്തായി കുടിവെള്ളത്തിനുള്ള അന്‍പതോളം പൈപ്പുകള്‍ ഉണ്ട്. ഓരോ പൈപ്പുകളിലും സദാ ചൂടുവെള്ളവും തണുത്ത വെള്ളവും ലഭ്യമാണ്. കഴുകി വ്യത്തിയാക്കി ഉണക്കിയ ഗ്ലാസ് ഒരു ചാനല്‍ വഴി പൈപ്പിന് മുകളിലെത്തും. ഒരു ഗ്ലാസ് എടുക്കുമ്പോള്‍ അടുത്ത ഒന്ന് ആ സ്ഥാനത്തേക്ക് എത്തും. വെള്ളം കുടിച്ച ശേഷം ഗ്ലാസ് പൈപ്പിന് അടിയിലായുള്ള ചാനലിലേക്ക് ഇടുക. ചാനല്‍ വഴി ഗ്ലാസ് വാഷ് റൂമിലേക്ക് എത്തികൊള്ളും.
(POSCO Tower in Seoul)

ഉച്ച ഭക്ഷണം കഴിഞ്ഞ് കുന്നിന്‍ മുകളിലും അതിനു താഴയുള്ള കുളത്തിന് അരികിലും ഒക്കെയായി അല്പസമയം വിശ്രമിച്ച് ക്യത്യം 2 മണിക്ക് POSCO-യിലേക്ക് പുറപ്പെട്ടു. ആ ഉച്ച സമയത്തും അന്തരീക്ഷ ഊഷ്മാവ് -10 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സ്റ്റീല്‍ നിര്‍മ്മാണ കമ്പനിയായ POSCO 1968-ല്‍ ആണ് സ്ഥാപിതമായത്. വെറും മുപ്പത്തി ഒന്‍പത് ജോലിക്കാരുമായ് പ്രൊഡക്‌‌ഷന്‍ ആരംഭിച്ച POSCO-യില്‍ ഇന്ന് മുപ്പത്തി എണ്ണായിരത്തിലധികംപേര്‍ ജോലി ചെയ്യുന്നു. കൊറിയയെ, പട്ടിണിയില്‍ നിന്നും രക്ഷിക്കാന്‍ ഒരു പരിധിവരെ ഇരുമ്പു വ്യവസായത്തിന് കഴിയും എന്ന് മുന്നില്‍ കണ്ടുകൊണ്ട് പാര്‍ക്ക് തേ ജൂന്‍സ്-ന്റെ നേത്യത്വത്തിലാണ് POSCO സ്ഥാപിതമായത്. ജപ്പാന്‍, ആസ്‌ട്രേലിയ, ഇന്ത്യ, അമേരിക്ക, വിയ്‌റ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇരുമ്പയിര് ഇറക്കുമതി ചെയ്ത്, ഇരുമ്പു വ്യവസായം നടത്തുന്ന POSCO മുപ്പത്തി എണ്ണായിരത്തിലധികം പേര്‍ക്ക് ജോലി നല്‍കുന്ന ഒരു കമ്പനിയായ് വളര്‍ന്നു വന്നത് ദേശ സ്‌നേഹവും കൂട്ടായ്‌മയും ആയുധമാക്കികൊണ്ട് 1000 ഡിഗ്രി സെല്‍ഷ്യസില്‍ ഇരുമ്പ് ഉരുക്കുന്ന ഫര്‍ണസുകളോട് മല്ലടിച്ച അതിലെ ഓരോ ജീവനക്കാരന്റെയും വിയര്‍പ്പിന്റെ വിലകൊണ്ടാണ്. കൊടിപിടിക്കാനും, മുദ്രാവക്യം മുഴക്കനും, സത്യാഗ്രഹം നടത്താനും അറിയാതെപോയ ഒരു ജനസമൂഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലം. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യമായിരുന്ന കൊറിയ കേവലം അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകത്തെ ഏറ്റവും സമ്പന്നമായ എട്ടു രാജ്യങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചത് അവരുടെ കഠിനാധ്വാനം ഒന്നുകൊണ്ടുമാത്രമാണ്.
(POSCO and and its Port in the Night)

POSCO-യുടെ ഓഫീസിന് മുന്നില്‍ എത്തിയ ഞങ്ങളെ അവരുടെ പ്രതിനിധികള്‍ സ്വീകരിച്ചാനയിച്ച് അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ അഞ്ഞൂറ് പേര്‍ക്ക് ഇരിക്കാവുന്ന ഒരു ഡിജിറ്റല്‍ തീയറ്ററിലേക്കാണ്. സുന്ദരിയായ, സ്യൂട്ടിട്ട കൊറിയന്‍ സുന്ദരിയെ അനുഗമിച്ച് മൂന്ന് സുന്ദരികളായ പെണ്‍കുട്ടികളും തീയറ്ററിലേക്ക് കടന്നുവന്നു. തനതു ശൈലിയില്‍ വിഷ് ചെയ്ത് "അനേ ഹസയോ" എന്നു ചോദിച്ചുകൊണ്ട് POSCO-യെ കുറിച്ച് ഇംഗ്ലീഷില്‍ ഒരു ചെറു വിവരണം നല്‍കി. ഒപ്പം കൂടയുള്ള ആ മൂന്നു സുന്ദരികള്‍ POSCO-യുടെ ഉള്ളിലേക്ക് ഞങ്ങളെ കൂട്ടികൊണ്ടുപോകുവാന്‍ വന്ന ഗൈഡുകളാണന്നും പരിചയപ്പെടുത്തി. ഇംഗ്ലീഷിലുള്ള ആ ചെറു വിവരണം കഴിഞ്ഞപ്പോള്‍ സാവധാനം തീയേറ്ററിനുള്ളിലെ വൈദ്യുത ദീപങ്ങള്‍ അണഞ്ഞ് ഇരുട്ടു പരക്കുകയും, കാതടപ്പിക്കുന്ന ഒരു ശബ്ദത്തോടെ മുന്നിലുള്ള സ്ക്രീനില്‍ POSCO യെ കുറിച്ചുള്ള ഒരു ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിക്കയും ചെയ്തു. പോഹാങ്-ലും ഗ്വങ് ഗയങി-ലും ആയി രണ്ടൂ പ്ലാന്റുകളാണ് POSCO-യ്ക്ക് ഉള്ളത്. ഹെഡ് ഓഫീസ് പോഹങ്ങിലാണ്. ഒരു ഇന്‍‌ഡസ്‌ടിയല്‍ കോമ്പ്ലക്സ്, ഹെഡ് കോട്ടഴ്‌സ് കെട്ടിട സമുച്ചയം, POSCO മ്യൂസിയം, എപ്ലോയീസ് ഡോര്‍മിറ്റൊറീസ്, ഫുട്ബോള്‍ ഗ്രൗണ്ട്, ഹെലി പോര്‍ട്ട് എന്നിവ അടങ്ങുന്ന വിശാലമായ് ഒരു കോമ്പൗണ്ടാണ് പോഹാങ്ങില്‍ POSCO-യ്‌ക്കുള്ളത്.
(Korean Traditional dance)

പതിനഞ്ച് മിനിട്ട് നീണ്ടുനിന്ന പ്രദര്‍ശനത്തിനു ശേഷം ഗൈഡുകള്‍ ഞങ്ങളെ POSCO-യുടെ ഇന്‍ഡസ്‌ട്രിയല്‍ കോപ്ലക്‌സിലേക്ക് കൊണ്ടുപോയി. പ്രധാന പാതയുടെ ഇരുവശങ്ങളിലായ് ആകാശത്തോളം ഉയര്‍ന്നു നില്‍‌ക്കുന്ന സ്റ്റീല്‍ പ്ലാന്റുകള്‍‍. അതിന്റെ മുകളിലുള്ള പുകക്കുഴലുകളില്‍ കൂടി പഞ്ഞികെട്ടുകള്‍ പോലെ വെളുത്ത പുക ആകാശത്തേക്ക് ഉയര്‍ന്നു പൊങ്ങുന്നു. റോഡിനോട് ചേര്‍ന്ന് ഇരുവശങ്ങളിലായ് ഇരുപത് അടിയിലധികം ഉയരത്തില്‍ കൂറ്റന്‍ പൈപ്പു ചാനലുകളും കണ്‍‌വെയറുകളും കടന്നുപോകുന്നു. നൂറ്റി അന്‍പത് കിലോമീറ്റര്‍ നീളമുള്ളവയാണ് ആ കണ്‍‌വെയറുകള്‍ എന്ന് ഗൈഡ് വിശദീകരിച്ചു തന്നു. പ്രധാന കവാടത്തിന് അടുത്തായ് ഒരു അഴിമുഖം. അവിടെയായ് നാലു പടുകൂറ്റന്‍ ചരക്കു കപ്പലുകള്‍ വന്നു കിടക്കുന്നു. ഒരു വശത്ത് ആസ്‌ട്രേലിയയില്‍ നിന്നും ജപ്പാനില്‍ നിന്നുമൊക്കയായ് ഇരുമ്പയിര് കൊണ്ടുവരുന്ന കപ്പലുകളാണ്. മറുവശത്ത് സംസ്‌കരിച്ചെടുത്ത സ്റ്റീല്‍ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന കപ്പലുകളാണ്.
(One of the Bridges in the way to Seoul)

ബസിനുള്ളില്‍ വച്ച് ഇരുമ്പയിര് എങ്ങനെയാണ് സംസ്‌കരിച്ചെടുക്കുന്നത് എന്ന് ഗൈഡ് വിശദീകരിച്ചുതരുമ്പോള്‍, പണ്ട് പത്താം ക്ലാസിലെ രസതന്ത്ര പുസ്തകം നോക്കി ഇരുമ്പയിര് എങ്ങനെ സംസ്‌കരിക്കാം എന്ന് കാണാപാഠം പഠിക്കുന്ന ഒരു പതിനാലു വയസ്സുകാരന്റെ മുഖം ഓര്‍മ്മയില്‍ വന്നു. ബസിന്റെ ഗ്ലാസ് വിന്‍ഡോയിലൂടെ, പുറത്ത് വളഞ്ഞു പുളഞ്ഞ് പോകുന്ന പടുകൂറ്റന്‍ കണ്‍‌വെയറുകളും പൈപ്പ് ലൈനുകളും ഒരു മായ കാഴ്‌ചയിലെന്നോണം ഞാന്‍ നോക്കിയിരുന്നു. 1000 ഡിഗ്രി സെല്‍ഷ്യസ് ഊഷ്‌മാവില്‍ ഇരുമ്പയിര് സംസ്‌കരിച്ചെടുക്കുന്ന ഫര്‍ണസുകള്‍ ക്രമീകരിച്ച പ്രൊഡക്‌ഷന്‍ പ്ലാന്റുകള്‍ക്ക് ഇടയിലൂടെയുള്ള റെയില്‍‌വേ പാളവും, അതുനടുത്തുള്ള, ഒരേ സമയം രണ്ട് ഹെലികോപ്‌റ്ററുകള്‍ക്ക് പര്‍ക്ക് ചെയ്യാവുന്ന വലിയ ഹെലി പാഡിനെയുംകാള്‍ അവിടുത്തെ നീറ്റ്നസും ഗ്രീനറിയും ആണ് എന്നെ അല്‍‌ഭുതപ്പെടുത്തിയത്. ഗ്രീന്‍ ആന്‍ഡ് ക്ലീന്‍ എന്ന് എല്ലാവരും പറയുമങ്കിലും അക്ഷരാര്‍ത്ഥത്തില്‍ അത് നടപ്പാക്കുന്നത് POSCO ആണന്നത് കൊറിയക്കാരുടെ സത്യസന്ധതക്ക് ഒരു തിലകക്കുറിയായ് എനിക്ക് തോന്നി.
(Green and Clean POSCO)

ഇരുമ്പ് ദണ്ഡുകള്‍ ഉണ്ടാക്കുന്ന ഫാകടറിക്കുള്ളിലേക്ക് ഞങ്ങളെ ആനയിക്കുമ്പോള്‍ ആ -10 ഡിഗ്രി സെല്‍ഷ്യസിലും കോട്ടുകളും ജാക്കറ്റുകളും ഊരി ബസില്‍ തന്നെ വച്ചുകൊള്ളാന്‍ ഗൈഡ് നിര്‍ദ്ദേശിച്ചു. അയ്യോ, ഞങ്ങള്‍ക്ക് തണുക്കില്ലേ എന്ന സംശയത്തോടയുള്ള നോട്ടത്തിന് മറുപടിയായി 1000 ഡിഗ്രി സെല്‍ഷ്യസില്‍ ഇരുമ്പ് ഉരുക്കി മോള്‍ഡ് ചെയ്യുന്ന ഫാകടറിയിലേക്കാണ് നമ്മള്‍ പോകുന്നത് എന്ന് ഗൈഡ് ഓര്‍മ്മിപ്പിച്ചു.

ഇരുമ്പുരുക്കി ദണ്ഡുകളാക്കുന്ന ആ ഫാക്ടറിയിലേക്ക്, കയറിയപ്പോള്‍ ജാക്കറ്റും സ്യൂട്ടും എല്ലാം അഴിച്ചു വച്ചിരുന്നുവങ്കിലും നല്ല ചൂട് അനുഭവപ്പെട്ടു. കനല്‍ പഴുത്തപോലെയുളള ഉരുകിയ ഇരു‍മ്പിനെ ദണ്ഡുകളാക്കി മോള്‍ഡ് ചെയ്യുന്നത് ആദ്യമായായിരുന്നു ഞങ്ങള്‍ എല്ലാവരും കാണുന്നത്. പല ഫാക്ടറികളിലും വിസിറ്റ് ചെയ്തിട്ടുണ്ടങ്കിലും തീര്‍ത്തും വ്യത്യസ്ഥമായ് ഒരു അനുഭവമായിരുന്നു അത്. ഏതാണ്ട് നാലുമണിയോടെ ഗൈഡിനോട് നന്ദി രേഖപ്പെടുത്തി POSCO-യില്‍ നിന്നും ഞങ്ങള്‍ ഫോഹാങ് ട്രഡീഷണല്‍ സിറ്റിയിലേക്ക് യാത്രയായി.

തുടരും..............

2008-12-25

അന്‍‌ഡോങ് - കൊറിയന്‍ ട്രഡീഷണല്‍ വില്ലേജ്‌ - യാത്രാ വിവരണം - ഒന്നാം ഭാഗം  

തീയ്യതി - 22 ഡിസംബര്‍ 2008

കൊറിയയില്‍ വന്നിട്ട് ഇത് അഞ്ചാമത്തെ പിക്‌നിക്കാണ്. അതിനിടയില്‍ ലാബ് മേറ്റ്സിന്റെയും പ്രഫസറിന്റെയും ഒപ്പം ചെറിയ ചെറിയ സഞ്ചാരങ്ങള്‍ നടത്തിയിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല. രാവിലെ എട്ടുമണിയോടെ അത്യാവശ്യ സാമഗ്രികള്‍ അടങ്ങിയ ബാഗും എടുത്ത് വീടും പൂട്ടി ഇറങ്ങുമ്പോള്‍ ആകെ ഒരു ത്രില്ലിലായിരുന്നു. കാരണം ഇത് ഒരു വലിയ സംഘത്തോടൊപ്പമുള്ള യാത്രയായിരുന്നു. പലരാജ്യങ്ങളില്‍ നിന്നുള്ളവര്‍, പലവേഷക്കാര്‍, പല ഭാഷക്കാര്‍. എന്നാല്‍ എല്ലാം പരിചയമുള്ളവര്‍. എല്ലാ വര്‍ഷവും ഡിസംബറില്‍ ഇങ്ങനെ ഒരു യാത്ര പതിവുള്ളതാണ്.
(Our Group, lots are missing)

എപ്പോഴും സന്തത സഹചാരിയായ എന്റെ ബൈക്ക് ഇന്റര്‍ നാഷണല്‍ ഓഫീസിനടുത്ത് പാര്‍ക്ക ചെയ്തിട്ട് ഒഫീഷ്യല്‍സിന്റെ കയ്യില്‍ നിന്നും എന്റെ നെയിം കാര്‍ഡുവാങ്ങി മുന്നെകൂട്ടി അറിയിച്ചതനുസരിച്ച് എനിക്കായ് അനുവദിച്ചിരുന്ന ബസ്‌നമ്പര്‍ മൂന്നില്‍, ഇരുപത്തിരണ്ടാമത്തെ സീറ്റില്‍ പോയിരുന്നു. ഊഷ്മാവ് നിയത്രിത ബസിനുള്ളിലേക്ക് കയറിയപ്പോള്‍ പുറത്തെ മരവിപ്പിക്കുന്ന തണുപ്പില്‍ നിന്നും തെല്ലൊരാശ്വാസം കിട്ടി. എന്റെ ഒപ്പം സീറ്റ് പങ്കു വച്ചത്, ഉസ്‌ബക്കിസ്ഥാനില്‍ നിന്നുമുള്ള Konstatin Tsoyi എന്ന ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നു. സരസനായി സംസാരിക്കുന്ന അവനുമായി‍ യാത്രയിലുടനീളം ഗവേഷണത്തെ കുറിച്ചും തങ്ങളുടെ രാജ്യങ്ങളെകുറിച്ചും അതിന്റെ സംസ്‌കാരത്തെകുറിച്ചും, എലികളിലും മുയലുകളിലും ഒക്കെ അവന്‍ നടത്തുന്ന പരീക്ഷണങ്ങളെകുറിച്ചും പേപ്പറിന്റെ കനമുള്ള ഭാരം തീരെയില്ലാത്ത റീ ചാര്‍ജബിള്‍ ബാറ്ററികള്‍ വികസിപ്പിച്ചെടുത്തുകൊണ്ടിരിക്കുന്ന എന്റെ കണ്ടുപിടുത്തങ്ങളെ കുറിച്ചും ഒക്ക സംസാരിച്ചുകൊണ്ടിരുന്നു.
(International Students Office in the University)

പൊതുവേ ക്യത്യനിഷ്‌ഠയുടെ കാര്യത്തില്‍ വളരെ മുന്നിലാണ് കൊറിയക്കാര്‍. മുന്‍‌കൂട്ടി തയ്യാറാക്കുന്ന ട്രാവല്‍ പ്ലാന്‍ അതേപടി കൃത്യതയോടെ പാലിക്കുന്ന ഒരു ജനവിഭാഗമാണ് അവര്‍. ഒരുമിനുട്ട്പോലും തെറ്റിക്കില്ല. ആഴ്‌ചകള്‍ക്കു മുന്‍പേ അറിയിച്ചതനുസരിച്ച് ക്യത്യം 8.30 -ന് തന്നെ 180 പേര്‍ അടങ്ങുന്ന ഞങ്ങളുടെ സംഘം മൂന്നു ബസുകളിലായി ജിയോങ്സാങ് നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്റര്‍ നാഷണല്‍ ഓഫീസിന്‍ മുന്‍പില്‍ നിന്നും പുറപ്പെട്ടു. കൊറിയയില്‍ ഇത് പൊതുവേ നല്ല തണുപ്പുള്ള സമയമാണങ്കിലും അന്നത്തെ പ്രഭാതത്തിന് തണുപ്പ് വളരെ കൂടുതലായിരുന്നു. വഴിയിയുടെ ഇരുവശവും മഞ്ഞുവീണ് കിടക്കുന്നു. എന്നാല്‍ റോഡില്‍ ഒരു മഞ്ഞുതുള്ളിപോലും കാണാനില്ല.
എല്ലാം യൂണീവേഴ്‌സിറ്റി സ്‌റ്റുഡന്‍സാണ്. മലയാളിയായ് സംഘത്തില്‍ ഞാന്‍ മാത്രം. രണ്ട് തമിഴ് വിദ്യാര്‍ത്ഥികളും ഒരു മഹാരാഷ്‌ട്രക്കാരനും ഉണ്ടന്നതൊഴിച്ചാല്‍ പിന്നെ വേറെ ഇന്ത്യക്കാര്‍ ആരും തന്നയില്ല. ഭൂരിഭാഗവും ചൈനീസ് സ്‌റ്റുഡന്‍സാണ്. കൂടാതെ ഉസ്‌ബക്കിസ്ഥാന്‍, പാകിസ്ഥാന്‍, ബം‍ഗ്ലാദേശ്, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, അമേരിക്ക, ജപ്പാന്‍, ഇറാന്‍, റഷ്യ, കംബോഡിയ, വിയറ്റ്നാം, നൈജീരിയ, കാമറൂണ്‍, ശ്രീലങ്ക, താന്‍സാനിയ, റുമേനിയ, മംഗോളിയ, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. കൊറിയയില്‍ നിന്നും സംഘാടകരുടെ പ്രതിനിധിതകളായ രണ്ടുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
(Our Chariots, I was in the left most one)

യാത്ര തുടങ്ങി അരമണിക്കൂര്‍ ആയപ്പോഴേക്കും മിസ്. ലീ എല്ലാവര്‍ക്കും പ്രഭാത ഭക്ഷണത്തിന്റെ പാക്കറ്റ് അവരവരുടെ സീറ്റില്‍ കൊണ്ടുവന്നു തന്നു. എപ്പോഴും ചിരിച്ച് മുഖമുള്ള സുന്ദരിയായ മിസ്. ലീ-ക്കാണ് ഇന്റര്‍ നാഷണല്‍ സ്‌റ്റുഡന്‍സിന്റെ ചാര്‍ജ്. ഇതുപോലെ യുള്ള പിക്‌നിക്കുകളും, ഇന്റര്‍ നാഷണല്‍ സ്‌റ്റുഡന്‍സിന്റെ അഡ്‌മിഷനും മറ്റും കൈകാര്യം ചെയ്യുന്നത് മിസ്. ലീ-യാണ്. ഒരു പാക്കറ്റ് ബിസ്കറ്റ്, ബര്‍ഗര്‍, മുന്തിരി ജ്യൂസ്, കുറച്ച് ഫ്രൂട്‌സ്, ഒരുകുപ്പി മിനിറല്‍ വാട്ടര്‍ എത്രയും ആയിരുന്നു പാക്കറ്റില്‍. പൊതുവേ പ്രഭാത ഭക്ഷണം ശീലമില്ലാത്ത ഞാന്‍ ഒരു ഓറഞ്ച് പകുതി കഴിച്ച് അല്പം മിനിറല്‍ വാട്ടറും കുടിച്ച് മൃദുലമായ സീറ്റ് പുറകോട്ട് നിവര്‍ത്തിവച്ച് നീണ്ടു നിവർന്നുകിടന്നുകൊണ്ട് മുന്നിലെ ഡിസ്‌പ്ലേയില്‍ ബസിന്റെ സഞ്ചാരപഥവും വേഗതയും നോക്കി വെറുതേ കിടന്നു. പതിവിലും നേരത്തെ കിടക്ക വിട്ട് എഴുനേറ്റതിനാല്‍ പെട്ടന്ന്തന്നെ എന്റെ കണ്ണുകളെ ഉറക്കം തഴുകി അടച്ചു.

തുടരും..............

2008-02-07

ഗ്രാമം നന്മകളാല്‍ സമ്യദ്‌ധം  

അഗ്രഹാരങ്ങള്‍ മലയാളിക്കെന്നും ഒരു ഹരമാണ്. കല്പാത്തിപ്പുഴയും അവിടുത്തെ രഥോല്‍സവവും ഒരു മഹത്തായ പാരമ്പര്യത്തിന്റെ ശീലുകളാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അഗ്രഹാരങ്ങളു‌ള്ളത് പാലക്കടുതന്നയാണ്. അവിടുത്തെ ശേഖരീപുരം അഗ്രഹാരമാണ് കേരളത്തിലെ ആദ്യത്തെ അഗ്രഹാരമന്ന് വിശ്വസിക്കുമ്പോഴും, കല്പാത്തിയാണ് അങ്ങനെ വിശേഴിപ്പിക്കപ്പെടുന്നത്. വെങ്കിടേശ്വര സുപ്രഭാതവും ശംഖനാദവും കേട്ടുണരുന്ന അഗ്രഹാരങ്ങള്‍ കേരളത്തിന്റെ തനതു സംസ്കാരത്തില്‍ നിന്നും വേറിട്ട് തമിഴ് സംസ്കാരമാണ് പിന്തുടരുന്നത്. തലമുറകള്‍ പലതു കഴിഞ്ഞിട്ടും ഇന്നും അഗ്രഹാരങ്ങളില്‍ തമിഴ് തന്നെ സംസാരഭാഷ. തിരുവനന്തപുരത്ത് കരമനയുള്ള അഗ്രഹാരത്തില്‍ നിന്നുമുള്ള കാഴ്ച.
അമ്പലവും അമ്പലക്കുളവും മലയാളിയുടെ മനസ്സില്‍ ഒരു ഗ്രഹാതുരതായാണ്. അമ്പലക്കുളത്തിനരികിലുള്ള അരയാല്‍ തറയില്‍ ചുറ്റമ്പലത്തിലെ കുത്തുവിളക്കുകളില്‍ തെളിഞ്ഞു കത്തുന്ന സന്‌ധ്യാദീപങ്ങളെ നോക്കിയിരിക്കുമ്പോഴുണ്ടാകുന്ന ആത്മ നിര്‍‌വ്യതി ലോകത്തില്‍ മറ്റൊരിടത്തുനിന്നും കിട്ടില്ല. കോതമംഗലത്തുള്ള ഒരു ക്ഷേത്രക്കുളം.
പിത്തള പൊതിഞ്ഞ ചുറ്റമ്പലം കേരളീയ ക്ഷേത്രങ്ങളുടെ പ്രത്യേകതയാണ്. ദീപാരാധന സമയത്ത് തെളിഞ്ഞുകത്തുന്ന കുത്തുവിളക്കുകളുടെ പ്രകാശത്തില്‍ പ്രഭാപൂരിതമായ ചുറ്റമ്പലം ഭക്‌തന്റെ മനസ്സില്‍ നിറക്കുന്ന അനുഭൂതി അവര്‍ണ്ണനീയമാണ്. ആലപ്പുഴ കളര്‍കോട് ക്ഷേത്രത്തിന്റെ പിത്തള പൊതിഞ്ഞ ചുറ്റമ്പലം

നൂറിലധികം ത‌രം വാഴകളാല്‍ അനുഗ്രഹീതമായ കേരളം ദൈവ്വത്തിന്റെ സ്വന്തം നാട് എന്നു വിശേഷിപ്പിക്കുന്നതില്‍ എന്താണ് അതിശയോക്തി. ലോകത്തില്‍ ഒരിടത്തും ഇത്ര അധികം വിവിധ തരം വാഴകളും വാഴപ്പഴങ്ങളും ഇല്ല എന്നത് നമ്മില്‍ അത്‌ഭുതം ഉളവാക്കിയേക്കാം. എന്റെ വീട്ടുമുറ്റത്ത് കുലച്ചു നില്‌‌കുന്ന വാഴ.
ഒരുകാലത്ത് കേരളത്തിന്റെ ഭക്ഷണ ക്രമത്തില്‍ മരച്ചീനിക്കും ചക്കക്കും വലിയ പ്രധാന്യമുണ്ടായിരുന്നു. ഫാസ്റ്റ്ഫുഡ് സംസ്കാരവും ഹോട്ടല്‍ ഭക്ഷണവും നമ്മുടെ ജീവിതത്തെ കീഴടക്കിയപ്പോള്‍ നഷ്ടപ്പെടുത്തുന്നത് നമുടെ തന്നെ ആരോഗ്യവും പണവുമാണ്. നമ്മുടെ അമ്മൂമ്മമാര്‍ ചക്കവരട്ടി മുതല്‍ ചക്കപ്പായസം വരെ നൂറിലധികം വിഭവങ്ങള്‍ ചക്കകൊണ്ട് തയ്യാറാകുമായിരുന്നു. പണ്ട് ചക്കകൊണ്ടുള്ള പത്ത് വിഭവങ്ങള്‍ ഉണ്ടാക്കിയായിരുന്നു പത്താമുദയം ആഘോഷിക്കുക. അങ്ങിനയാണ് പത്താമുദത്തിന് ചക്കപത്താമുദയം എന്ന പേരുകൂടി വന്നത്. എന്റെ വീടിന്റെ തൊടിയിലെ വരിക്കപ്ലാവില്‍ ഉണ്ടായ ചക്കക്കള.

2007-08-14

Love in its Purest form  

LOVE CAN BE NON SEXUAL

2007-07-13

കൊറിയയിലെ വസന്തം 2007...ഫോട്ടോഫ്ലാഷ്  

പൂക്കളെ ഇഷ്ടമല്ലാത്തവര്‍ ആരാണ്‌....മഴയെ ഇഷ്ടമല്ലാത്തവര്‍ പോലും പൂക്കളെ സ്നേഹിക്കും......ജീവിതത്തില്‍ സ്വന്തം വീടിന്റെ മുറ്റത്ത് ഒരു ചെടിയങ്കിലും നട്ടിട്ടില്ലാത്തവര്‍ ആരാണ്.....പൂക്കാലം എന്നും എനിക്കു ഹരമാണ്‌.......കൊറിയയിലെ വസന്തകാലം......അത് അനുഭവൈക്കുമ്പോഴേ അറിയൂ..........ജിയോങ്സാങ് സര്‍വ്വകലാശാലയിലെ കഴിഞ്ഞ വസന്തത്തിലെടുത്ത ചില ചിത്രങ്ങള്‍................


നമ്മുടെ നാട്ടിലെ മുക്കുറ്റിപോലെ തോന്നുന്ന ഒരു ചെടി......ഇലകളും പൂക്കളും നമ്മുടെ മുക്കുറ്റിയോട് നല്ല സാദ്യശ്യമുണ്ട്......മുക്കുറ്റിയെക്കാള്‍ കുറച്ചുകൂടി വലുതാണ്‌ ഈ പൂക്കള്‍......

പാറകളുടെ ഇടയില്‍ വളര്‍ന്ന് പൂത്തു നില്‍ക്കുന്ന ഒരു ചെടി.....വസന്ത കാലത്ത് ഈ പൂക്കള്‍ ഇവിടെ സാധാരണമാണ്‌.....കൊറിയന്‍സിന്‌ ഏറ്റവും ഇഷ്ടമുള്ള നിറവും ഇതുതന്നെ.........

ഈ ചെടികളുടെ ഒന്നും പേര്‌ എനിക്കറിയില്ല......ഇവിടെ പൂക്കാലത്ത് എല്ലാ ചെടികളിലും പൂക്കള്‍ മത്രമേ കാണൂ......ഒരുപുക്ഷേ ശിശിരകാല്‍ത്ത് ഇലകള്‍ മുഴവനായ് കൊഴിയുന്നതുകൊണ്ടാകാം.........


ശിശിരം കഴിഞ്ഞ് ഇലകള്‍ തളിരിടും മുന്‍പേ പൂക്കള്‍ വരും ഈ ചെടികള്‍ക്കെല്ലാം......പൂത്തുനില്‍ക്കുന്ന ഒരു പാഴ്ചെടി..........

നമ്മുടെ നാട്ടിലെ പനിനീര്‍ പൂപൊലെയുള്ളതാണ്‌ ഈ പൂക്കള്‍.....മണവും അതുപോലെ തന്നെ......പക്ഷേ ചെടിക്ക് പനിനീര്‍ ചെടിയുമായ് ചെറിയ സാദ്യശ്യമുണ്ടങ്കിലും ഇത് പനിനീര്‍ ചെടി അല്ല........

പനിനീര്‍ പൂ പോലെ മനോഹരം.......ചെടിയില്‍ ചെറിയ മുള്ളുകളും കാണാം.............

വര്‍ഷകാലത്ത് ഇലകള്‍‍മാത്രം......ശിശിരകാലത്ത് ഉണങ്ങിയ മരം പോലെ.......ഇലകളോ പൂക്കളോ കാണില്ല.....വസന്ത കാലത്ത് നിറയെ പൂക്കള്‍ മാത്രം...........പൂക്കളുടെ ഭാരംകൊണ്ട് കൊമ്പുകള്‍ ചാഞ്ഞു വരും......



പൂക്കളുടെ ഭാരംകൊണ്ട് കൊമ്പുകള്‍ ചാഞ്ഞ്‌ തറയിലോളം മുട്ടിനില്‍ക്കുന്നു.............

നട്ടിലെ ശീമകൊന്നയുടെ പൂക്കള്‍ പോലെയുള്ളതാണ്‌ ഈ പൂക്കള്‍......പക്ഷേ പൂക്കള്‍ നല്ല വയലറ്റ് നിറമുള്ളതാണ്‌.....യൂണിവേഴ്സിറ്റിക്കുള്ളിലെ ഒരു കുന്നിന്‍ ചരിവില്‍നിമ്മുള്ള ചിത്രം.........


നമ്മുടെ നാട്ടിലെ നമ്പ്യാ‌‌ര്‍‌വട്ടം‌പോലെയാണ്‌ ഈ പൂക്കള്‍..........എന്നാല്‍ നമ്പ്യാ‌‌ര്‍‌വട്ടം‌ അല്ല......ഈ പൂക്കളുടെയും പേര്‌ എനിക്കറിയില്ല............

ആക്യതിയിലും വലിപ്പത്തിലും ഒരേപോലെയുള്ള പൂക്കള്‍........തറയില്‍ പട‌ര്‍ന്നാണ് വളരുക.............ഇതിന്റെ പലനി‌റത്തിലുള്ള പൂക്കള്‍ കാണാം............
ആക്യതിയിലും വലിപ്പത്തിലും ഒരേപോലെയുള്ള പൂക്കള്‍........ഇതിന്റെ പലനി‌റത്തിലുള്ള പൂക്കള്‍ കാണാം............


നല്ല തൂവെള്ള നിറമാണ്‌ ഈ പൂക്കള്‍ക്ക്‌....വെളുത്ത പൂക്കള്‍ക്ക്‌ എപ്പോഴും നല്ല മണമുണ്ടാകും......പക്ഷേ ഈ പൂക്കള്‍ക്ക്‌ വാസന ഇല്ല.........




ഇത് പൂക്കള്‍ അല്ല വെറും ഇലകള്‍ മാത്രം.............


ദൂരെ നിന്നു നോക്കിയാല്‍ പൂക്കളാണന്നേ തോന്നൂ..........ഇതും വെറും ഇലകള്‍ മാത്രം.............


ഈ പൂക്കള്‍ ഞാന്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിള്‍ കണ്ടിട്ടുണ്ട്.........ഇതിന്റെ പേരും എനിക്കറിയില്ല......വയലറ്റ് നിറത്തിലുള്ള ഈ പൂക്കള്‍ മനോഹരമല്ലേ?..........

ഈ പൂക്കള്‍ ബാഗ്ലൂരിലെ ലാല്‍ബാഗിലും കാണാം....


ഈ പൂക്കള്‍ ബാഗ്ലൂരിലെ ലാല്‍ബാഗിലും കാണാം....





എന്റെ ഹോസ്റ്റലിനുമുമ്പിലുള്ള ഒരു വള്ളിക്കുടില്‍..........ഇവിടെ സ്നാക്സും കോഫിയും ഒക്കെ കിട്ടും....പൈസ ഇട്ട്‌ ബട്ടന്‍ അമര്‍ത്തിയാല്‍ മതി...........

എന്റെ ഹോസ്റ്റല്‍ മുറിയുടെ പുറകുവശം.....

2007-07-12

മൈസൂര്‍...ഒരു ഫോട്ടോ ഫ്ലാഷ്  

ബാംഗ്ലൂരിനെ പൂന്തോട്ട നഗരം എന്നു പറയുമ്പോഴും ശരിക്കും മൈസൂറിനാണ് ആ പേര് ചേരുക എന്നാണ്‌ എനിക്ക് തോന്നിയിട്ടുള്ളത്. വ്യന്ദാവന്‍ ഗാര്‍ഡന്‍ ആ പേര് അന്വര്‍ത്ഥമാക്കുന്നു...... ഇന്ത്യയിലെ ഏറ്റവും സുന്ദരമായ നഗരം മൈസൂര്‍ ആണന്നതില്‍ സംശയമില്ല...... നാഗരികജീവിതം അത്രയധികം മലീനസപ്പെടുത്താത്ത ഒരു മനോഹര നഗരം.....ചരിത്ര പരമായും സാംസ്കാരികമായും പ്രാധാന്യമുള്ളതുകൊണ്ട് ഇവിടം എന്നും സഞ്ചാരികലുടെ പറുദീസയാണ്...... ഇന്ത്യന്‍ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ട ഹൈദരാലിയും ടിപ്പുസുല്‍ത്താനും വീരഗാധകള്‍ രചിച്ചത് ഈനഗരം ആസ്ഥാനമാക്കിയാണ്‌.....മനോഹരങ്ങളായ പൂന്തോട്ടങ്ങളും കൊട്ടാരങ്ങളും അമ്പലങ്ങളും ധാരളമുള്ള മൈസൂര്‍ നഗരം പ്രക്യതിയോട് ഇഴുകിചേര്‍ന്നുനില്കുന്ന നഗരംകൂടിയാണ്‌.......മൈസൂര്‍ എന്നും എന്റെ സ്വപ്നങ്ങളുടെ താഴ്വാരം തന്നയാണ്‌..............




കൊട്ടാരങ്ങളുടെ നഗരം (City of Palaces)എന്നാണ്‌ മൈസൂര്‍ വിളിക്കപ്പെടുന്നത്.... മൈസൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം നമ്മുടെ മനസ്സില്‍ ഓര്‍മ്മവരുന്നത് എന്താണ്‌? മൈസൂര്‍ പാലസ്.....ഇന്ത്യയിലെ ഏറ്റവും മനോഹരമായ പാലസ് മൈസൂര്‍ പാലസ് ആണ്‌......1897-ല്‍ തുടങ്ങിയ പാലസിന്റെ പണി 1912ലാണ്‌ പൂര്‍ത്തിയായത്......പാലസിന്റെ നിര്‍മ്മാണ ചിലവ് 42 ലക്ഷം രൂപയായിരുന്നു അന്ന്.....


വൈദ്യുത ദീപങ്ങളാല്‍ പ്രകശിതമായ മൈസൂര്‍ കൊട്ടാരം......എല്ലാ ഞായറാഴ്ചകളിലും സഞ്ചാരികള്‍ക്ക് ഈ സൗന്ദര്യം ആനുഭവിക്കാം.....കൊട്ടാരം വൈദ്യുത ദീപങ്ങളാല്‍ പ്രകശിതമാകുമ്പോള്‍ ദര്‍ബാര്‍ ഹാളില്‍ നിന്നു‌മുയരുന്ന തനതു കര്‍ണ്ണാടക സംഗീതത്തിന്റെ ശീലുകള്‍ അമ്പലപ്പുഴ പാല്പായസംത്തേക്കാള്‍ മാധുര്യമേറിയതാണ്...ഇതുവരയും റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടില്ലാത്ത സുന്ദര സംഗീതം.....മൈസൂറിലുള്ളപ്പോള്‍ എല്ലാഞായറാഴ്ചകളിലും ഈ സംഗീതമധുര്യ‌മാസ്വദിക്കാന്‍ ഞാനും എന്റെ സുഹ്യത്ത് സതീഷും ദര്‍ബാര്‍ ഹാളിനുമുന്‍പില്‍ ഉണ്ടാകുമായിരുന്നു..............

ഈട്ടിയില്‍ തീര്‍ത്ത ചൈനീസ് ബൊമ്മകൊലു.....പാലസിന്റെ മതില്‍കട്ടിനു വെളിയിലുള്ള കരകൗശല കടയില്‍ നിന്നുള്ള ഒരു ഫോട്ടോ.....


ഈട്ടിയിലും ചന്ദനത്തിലുമായ് കടഞ്ഞെടുത്ത ഗീതോപദേശം......


ഈട്ടിയിലും തേക്കിലും ചെയ്തെടുത്ത ചിത്ര പണികളുള്ള ആഭരണ പെട്ടികള്‍............പിത്തള തകിടുകള്‍ കൊണ്ട് മോടിപിടിപ്പിച്ചവയാണ്‌ കൂടുതലും.....


വിലപനക്ക് തയ്യാറായിരിക്കുന്ന ഈട്ടിയില്‍ ചെയ്‌തെടുത്ത കരകൗശല വസ്തുക്കള്‍... പാലസിന്റെ മതില്‍കട്ടിനു വെളിയിലുള്ള കരകൗശല കടയില്‍ നിന്നുള്ള ചിത്രം.....


രാധാക്യഷ്ണന്‍.....ഫ്ലാഷ് വീണപ്പോള്‍ ചിത്രം വികലമായോ എന്നൊരു സംശയം.....


പാലസിനോടു ചേര്‍ന്നുള്ള പൂന്തോട്ടത്തില്‍ നിന്നുള്ള ഒരു ദ്യശ്യം.......

വഴിയില്‍ കണ്ട ഒരു പേരാല്‍........വേരുകള്‍ തൂങ്ങി ഒരു മുതുമുത്തഛന്‍............


യാത്രക്കിടയില്‍ കണ്ട് ഒരു പാലം......വെറുതെ എടുത്ത ഒരു ചിത്രം.................