Search this blog


Home About Me Contact
2009-04-20

അനാഥന്റെ നിലവിളി  

ഈ ലോകം,
എന്നും എനിക്ക് അന്യമായിരുന്നു

എന്റെ പകലുകള്‍,
വിഷാദം മറച്ച ചിരികളായിരുന്നു

മഴരാവുകളില്‍
ഒഴുക്കിയ കണ്ണീരിന് ഉപ്പിന്റെ രുചി

വാക്കുകള്‍കൊണ്ട്
മുറിവേല്പിക്കുമ്പോഴും ചിരിക്കന്‍ ശ്രമിച്ചു

എന്നിട്ടും ഇന്ന്
ഞാന്‍ നിനക്ക് ആരുമല്ലാതായിതീര്‍ന്നു

എന്റെ വക്കുകളില്‍
മഷി പുരണ്ടത് നിനക്കുവേണ്ടിയായിരുന്നു

എന്റെ ഹ്യദയത്തില്‍
പതിഞ്ഞത് നിന്റെ കൈയ്യൊപ്പായിരുന്നു

മിഴികളില്‍
ജ്വലിച്ചത് വ്യര്‍ത്ഥ സ്വപ്നങ്ങളായിരുന്നു.

ഹ്യദയത്തില്‍
നോവുകള്‍ വിതച്ചതും കൊയ്തതും നീ

മനസ്സില്‍
ചോരയുടെ ചാലുകള്‍ കീറിയപ്പോള്‍

പതിഞ്ഞ
നിലവിളിയില്‍ കേട്ടത് നിന്റെ സ്വരം

പുഞ്ചിരിച്ച്
ചോരയുടെ ചാലുകള്‍ മറക്കുമ്പോഴും

ഹ്യദയത്തില്‍
ആഴ്ന്നമുറിവുണ്ടന്ന് ആരും വിശ്വസിക്കില്ല

കടപ്പാട്: ചിത്രം
http://kaybaby666.xanga.com/645282808/item/

2009-03-22

പ്രണയത്തിന് സംഭവിക്കുന്നത്  

ഇനി എന്നില്‍ വ്യര്‍ത്ഥമായ പ്രതീക്ഷകളില്ല
കുങ്കുമം വാരിപൂശിയ സ്വപ്‌നങ്ങളില്ല
അവസാന പ്രതീക്ഷയും കുടമുടക്കുമ്പോള്‍
എന്നിലവശേഷിക്കുന്നത് ഓര്‍മ്മകള്‍ മാത്രം

നിന്റെ ലോകത്തില്‍ ഒരിക്കല്‍ പോലും
ഒരു മഴയായ് പൊഴിഞ്ഞില്ല ഞാന്‍
നെറ്റിയില്‍ തൊട്ടുതന്ന ചന്ദനത്തില്‍
സ്‌നേഹം ചാലിച്ചിരുന്നുവന്ന് നീയറിഞ്ഞില്ല

ഉരുകുന്ന ആത്മാവിന്റെ രോദനങ്ങള്‍
ശബ്‌ദമില്ലാതെ മരിക്കുമ്പോള്‍
ചാലിട്ടൊഴുകി വരുന്ന കണ്ണുനീര്‍
മഴയില്‍ കഴുകി പിഞ്ചിരിക്കയാണ് ഞാന്‍

എന്നിലവശേഷിക്കുന്ന നിന്റെ ജീവന്റെ തുടിപ്പിനെ
വ്യര്‍ത്ഥതയുടെ കാര്‍മേഘം മൂടുകയാണ്
മണ്ണിന്റെ മണം മാറാത്ത ശവകുഴിയിലേക്ക്
പൊഴിയുന്ന ഗുല്‍മോഹര്‍ പൂക്കള്‍ പോലെ
കാമത്തിന്റെ കറപുരണ്ട് വിഷമയമായ സ്‌നേഹവും
സ്വപ്‌നങ്ങളും ഇതള്‍ കൊഴിക്കുകയാണ്

കണ്ണുനീര്‍ വിണ് മഷി പടര്‍ന്നവ്യക്തമായ എന്റെ
ഡയറി താളുകളില്‍ എന്നേ നീ മരിച്ചു കഴിഞ്ഞു
ചുടു രക്‌തത്തില്‍ മുക്കി എഴുതി നീട്ടിയ കത്തുകള്‍
അഗ്‌നി നാവുകള്‍ നക്കി ചാമ്പലാക്കിയപ്പോള്‍
ഇനി എല്ലാം മറക്കാമന്ന് നീ പറഞ്ഞപ്പോള്‍
ഞാനറിഞ്ഞു നിനക്കെന്നില്‍ പ്രണയമില്ലന്ന്

കനകത്തിന്റെ കണക്കുകളില്‍ ഉരിയ കുറഞ്ഞുവന്ന്
അന്ന് നിനക്ക് തോന്നിയിരുന്നുവോ?
സ്‌നേഹത്തിന്റെ കണക്കുകളില്‍ നാഴി കൂടിയത്
എന്തേ നീ അറിയാതെ പോയത്?

സ്‌നേഹിക്കാനും ചിരിക്കാനും പഠിപ്പിച്ച നീ തന്നെ
വെറുക്കാനും കരയാനും എന്നെ പഠിപ്പിച്ചു തന്നു
വര്‍ണ്ണങ്ങള്‍ വറ്റിയ ലോകത്തില്‍ ജീവിത വര്‍ണ്ണങ്ങള്‍
തേടുന്നത് നിരര്‍ത്ഥകമാണന്ന് എന്തേ ഞാനറിയാതെ പോയി?

Picture: http://www.www-divorce.net/images/divorce.jpg

2009-03-20

ബലിതര്‍പ്പണം  

ചന്ദനമണമുള്ള ഗതകാല സ്‌മരണകളെ
കുതിര്‍ത്ത എള്ളും അരിയും വാരിയൂട്ടി
എണ്ണയും വിറകും അഗ്‌നിയെരിക്കുന്ന
ചിതയിലേക്കൊരുവേള വലിച്ചെറിയുന്നു

പ്രണയവും, മോഹവും കാമവും ചേര്‍ന്ന
വര്‍ണ്ണങ്ങള്‍ വറ്റിയ നഷ്ട നിമിഷങ്ങള്‍
പകര്‍ന്നാട്ടമാടാന്‍ ഇനി ഉരിയാട്ടമാടി
കണ്ണീരില്‍ കുതിര്‍ന്ന വേഷമഴിക്കുന്നു

കനവുകള്‍ വറ്റിയ സൗഹ്യദത്താല്‍
കാമിച്ചു പ്രണയിച്ച സ്നേഹ ബന്ധം
നിത്യ നിദ്രയിലേക്ക് പതിക്കവേയിനി
ഇത് നിനക്കയ് എന്റെ ബലിതര്‍പ്പണം

പറക്കുന്നടുക്കുന്ന ബലികാക്കകള്‍
ചൂഴ്‌ന്നെടുക്കുന്ന സൂര്യനേത്രങ്ങള്‍
ഇരുട്ടിലേക്കാഴ്‌തുമ്പോള്‍ വേഷങ്ങള്‍
അഴിഞ്ഞുവീഴുന്നത് ചിതയിലേക്ക്

പാപനാശിനിയില്‍ മുങ്ങികുളിച്ച്
ഒരു പിടി ബലിചോറ് വാരി ഉണ്ട്
പ്രണയത്തെ ഹോമിക്കുമ്പോള്‍
നിറയുന്നത് മനസ്സില്‍ ശൂന്യത മാത്രം

പാറി പോയ അപ്പുപ്പന്‍താടിയായ്‌,
എന്നിലെ എന്നെ മറന്നുകൊണ്ട്
ഭൂതകാലത്തില്‍ നിന്നും ഓളിച്ചോടവേ
ആത്മാവില്‍ ഇനി നമുക്ക് മൂകതമാത്രം

ഹ്യദയത്തില്‍ നനുത്ത തണുപ്പേകി
അലിയുന്ന ഒരു മഞ്ഞുതുള്ളിയായ്
ആത്മാവില്‍ ബന്‌ധിച്ച സ്‌നേഹമേ
നിനക്കായ് രണ്ട് വരി മറന്നിട്ടു പോകാം

മറക്കുവാന്‍ വയ്യനിക്കങ്കിലും, നിന്നെ
തോല്‌പിക്കാതൊരുവേള ജയിക്കുവാന്‍,
വിടവാങ്ങാന്‍ സമയമായന്നൊരറിവിനാല്‍
ദഹിപ്പിക്കുന്നു ആത്മാവില്‍ നിന്നോര്‍മ്മകള്‍

Picture: http://www.amgmedia.com/freephotos/fire.jpg

2009-03-02

മറന്നിട്ടുപോയ വാക്കുകള്‍  

വരുവാനില്ലാരുമന്നറിഞ്ഞിട്ടുമെന്തിനോ
പടിവാതില്‍ ചാരാതെ ഞാന്‍ കാത്തിരുന്നു
ഇനി വരില്ല നീ എന്നറിഞ്ഞിട്ടുമെന്തിനോ
വ്യര്‍‌ത്ഥമായ് നിന്നെ ഞാന്‍ കാത്തിരുന്നു

മറന്നിട്ടുപോയ നിന്‍ വാക്കുകള്‍ ഹ്യത്തില്‍
മാറ്റൊലി കൊള്ളുന്നൊരു ഈറ നാദമായ്
വേണ്ട നാവെനിക്കിനി പാഴ്‌വാക്കോതുവാന്‍
കാഴ്‌ചകള്‍ മങ്ങുന്നൊരീ ജീവിത സന്ധ്യയില്‍

എരിഞ്ഞമരുന്ന സൂര്യനേത്രങ്ങള്‍ക്കു മുന്നിലും
എരിയുവാന്‍ മടിക്കുന്നു നിന്നോര്‍മ്മകള്‍
വെണ്ണീറായ് തീരുംമുമ്പൊരു നേരമങ്കിലും
കാണുവാനെന്തിനോ വെറുതേ നിനക്കുന്നു

ഈറകുഴല്‍ മുരളിയിലൊളിപ്പിച്ചുനല്‍കിയ
മയില്‍‌പീലിയെങ്ങോ കളഞ്ഞുപോയി
മൗനങ്ങള്‍ വാചാലമാകുമീ സന്ധ്യയില്‍
ഇനി മറക്കാം പഴയപകലിന്റെ നിറവുകള്‍

കാതുകൂര്‍പ്പിച്ചു കാത്തിരുന്നീ പടിവാതില്‍
വലിച്ചടക്കുന്നു ഒരു മാത്രമുന്‍പേ മറക്കാന്‍
വഴിതെറ്റിയാരും പടികടന്നെത്തിയെന്‍
ഹ്യദയം കവര്‍ന്നെന്നെ മുറിപ്പെടുത്താതെ

2009-02-28

നാവില്ലാത്ത സ്‌നേഹം  

നിധിയായ് നീ എന്റെ അടുത്തുണ്ടന്നാല്‍
എനിക്ക് എല്ലാം ഉണ്ടന്നു തോന്നും
ഭൂമിയും, ആകാശവും, നക്ഷത്രങ്ങളും
വസന്തവും ഗ്രീഷ്‌മവും ശരത്തും
എന്റെ ശിശിരവും വര്‍ഷവും വേനലും
സ്വപ്‌നങ്ങളും സ്നേഹവും നീ തന്നെ

നീ ഇല്ലങ്കില്‍ പിന്നെ ഞാനില്ല, എന്നില്‍
സ്വപ്‌നങ്ങളില്ലാ ശൂന്യത മാത്രം
പറയാന്‍ ഏറയുണ്ടന്നാകിലും
മൗനം വിഴുങ്ങുന്നെന്‍ വാക്കുകള്‍
നിശബ്‌ദതയില്‍ ‍മുങ്ങി വാക്കുകള്‍
എന്‍ വിരലിന്റെ തുമ്പില്‍ മരിക്കുന്നു

ഇരുട്ട് വന്ന് എന്നെ മൂടുമ്പോള്‍
നിഴലുപോലും എന്നെ വഞ്ചിക്കുന്നു
അര്‍ത്ഥ ശൂന്യമങ്കിലും, കേള്‍ക്കാന്‍
കൊതിച്ച നിന്റെ മധുര വാക്കുകള്‍
ജനിക്കാതെ നിന്നില്‍ മരിക്കുമ്പോള്‍
വ്യര്‍ത്ഥമാം പ്രതീക്ഷയാണന്നില്‍

നാവില്ലാത്ത നിന്റെ സ്‌നേഹം
അക്ഷരമറിയാത്ത പേനയാണ്‌
എനിക്കെന്തര്‍ഹത ചോദിച്ചീടാന്‍
വാക്കിനാലങ്കിലും സ്‌‌നേഹിച്ചുകൂടെ
മതിവരാത്ത സ്‌നേഹത്തിനായ്
ഇനിയത്രനാളിങ്ങനെ യാചിക്കണം?

2009-02-26

ഇഴപൊട്ടിപോയ മഴനൂലുകള്‍  

മരവിച്ചുപോയ വാക്കുകളില്‍ എന്റെ മൗനം തളിര്‍ക്കുകയാണ്. അക്ഞാതമായ ഒരു ഇരുട്ട് എന്നെ പൊതിയുമ്പോള്‍ ചൂണ്ടയില്‍ കോര്‍ക്കുന്ന മണ്ണിരയെപോലെ പുളയുകയാണ് ഞാന്‍. സന്തോഷത്തോടെ ഒരു വരികുറിക്കാന്‍ പോലും എനിക്ക് കഴിയുന്നില്ലല്ലോ ദൈവ്വമേ. ഞാന്‍ അരോടാണ് മനസ്സുതുറക്കേണ്ടത്? നിറം മങ്ങി ദ്രവിച്ചുതുടങ്ങിയ പുസ്തകതാളിലെ മയിപീലിയില്‍ എന്നങ്കിലും ഒരുപുനര്‍ജ്ജനി, ഇല്ല ഇനി അതുണ്ടാവില്ല. മാനം കാണാതെ കാത്ത സ്വപ്‌ങ്ങള്‍ എവിടയോ കളഞ്ഞുപോയി. പാതി വഴിയില്‍ രണ്ടു വരി മറന്നിട്ട് വഴിതെറ്റി വന്ന ഏകാന്ത പഥികനും തിരിച്ചുപോകുകയാണ്. എന്നിട്ടും എന്തോ എന്റെ പടിവാതില്‍ ചാരാതെ ആരയോ കാത്തിരിക്കുന്നു. മേഘങ്ങള്‍ ചന്ദ്രനെ വിഴുങ്ങുമ്പോഴും, നിലാവ് ഭൂമിയെ പൊതിയുമ്പോഴും, ആര്‍ത്തലച്ച് മഴ എന്റെ വാതില്‍ കടന്നെത്തുമ്പോഴും ഞാന്‍ പ്രതീക്ഷിക്കയാണ്. വിദൂരതയില്‍ നിന്നും ഒരു മുരളിയുടെ നേര്‍ത്ത നാദം എന്നെ തേടി എത്തുമന്ന്.

ശുഷ്‌കമായ നേത്രങ്ങളില്‍ സന്ധ്യമയങ്ങുമ്പോള്‍, സുഖലോലുപതയുടെ മഹാനഗരത്തിലെ എന്റെ കുടുസ്സു മുറിയില്‍ പണ്ടു പാടിയ ഗസലുകളുടെ ശീലുകള്‍ നിറയുന്നു. ഇഴ പൊട്ടിപോയ മഴനൂലുകള്‍ ഹ്യദയത്തെ വരിഞ്ഞുമുറുക്കുന്നു. അനിര്‍‌വ്വചനീയമായ് ഒരു വേദനയില്‍ മനസ്സ് വീര്‍പ്പുമുട്ടി പിടയുമ്പോള്‍ കൈയ്യില്‍ നിന്നും എന്നോ ഊര്‍ന്നുപോയ ആ മെലിഞ്ഞകരങ്ങളാലുള്ള ഒരു നേര്‍ത്ത തലോടനിന് വേണ്ടി മനസ്സ് വെമ്പും. മഴതുള്ളികള്‍ തട്ടിതെറിപ്പിച്ച ബാല്യകാലത്തില്‍ തോളില്‍ കൈയ്യിട്ട് നടന്ന ചങ്ങാതിയുടെ വിഷാദ ഭാവമുള്ള കണ്ണുകള്‍ അപരിചിതനെപോലെ എന്നെ തുറിച്ചുനോക്കുമ്പോള്‍ കൊയ്തൊഴിഞ്ഞപാടം പോലെ മനസ്സു ശൂന്യമാകുന്നു. ആരോടൊക്കയോ വാശിതീര്‍ക്കുമ്പോലെ വിജയങ്ങള്‍ ഓരോന്നായി പിടിച്ചടക്കുമ്പോള്‍ എനിക്ക് നഷ്‌ടമായത് എന്റെ മനസ്സാണ്. ആരവങ്ങളില്ലാതെ, ആഘോഷങ്ങളില്ലാതെ പകലുകള്‍ വറ്റുമ്പോള്‍, ചുട്ടുപഴുത്ത മണലാരണ്യത്തില്‍നിന്നും ഒഴുകിയെത്തുന്ന ഒരു ഉഷ്‌ണകാറ്റങ്കിലും എന്നെ തഴുകിയിരുന്നങ്കില്‍. വിളക്കില്‍ നിന്നും അടര്‍ന്നുപോയ ദീപളത്തിലെ സ്‌നേഹത്തിന്റെ നിഴലനക്കം നീയാണന്നറിയുമ്പോള്‍ കണ്ണീരില്‍ കൂട്ടികുഴച്ച ചോറിലെ ഉപ്പുരസത്തില്‍ മധുരംവിളയുന്നു. ഇനി ഒരിക്കലും ഒരു തിരിച്ചുവരവില്ലന്ന് അറിഞ്ഞുകൊണ്ട്, എന്റെതല്ലാതായ ഇന്നലകളില്‍ പകച്ചു നില്‍ക്കുമ്പോള്‍, ഇനി ഞാന്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്?

Orginally Posted in 25th February 2009

2009-02-14

എന്റെ പ്രണയം  

പൊയ്‌പോയ കാലത്തിന്റെ ശേഷിപ്പുകളില്‍
എന്നെ തിരഞ്ഞ് സമയം പാഴാക്കരുത്
ഏറയിഷ്ടമുള്ള ചെമ്പകങ്ങള്‍ പൂക്കുമ്പോള്‍
എന്നെ തേടി വെറുതേ അലയരുത് നീ
മഷിപടര്‍ന്ന അക്ഷരകടലസില്‍ ഇനി
എന്റെ പ്രണയം വായിക്കാന്‍ ശ്രമിക്കരുത്
നീ നെഞ്ചേറ്റിയ പ്രണയഗാനങ്ങളില്‍ ഞാനില്ല
കാരണം ഞാന്‍ ഒരിക്കലും പ്രണയിച്ചിട്ടില്ല

നീ പറഞ്ഞവാക്കുകളിലും എന്റ മൗനങ്ങളിലും
എന്റെ പ്രണയത്തെ തിരയാന്‍ മുതിരരുത് നീ
ഒരു ചെമ്പനീര്‍ പൂവുപോലും ഒരിക്കലും നിനക്ക്
പൊട്ടിച്ചു തരാന്‍ എനിക്ക് തോന്നിയിട്ടില്ല
വാക്കുകകളാല്‍ നിന്നെ മുറിവേല്പിച്ചു ഞാന്‍
കാരണം ഞാന്‍ ഒരിക്കലും പ്രണയിച്ചിട്ടില്ല

കാവിലേക്ക് നീളുന്ന വഴിയില്‍ ഇനി നീ
എന്നെയും കാത്തു നില്‍ക്കാന്‍ മിതിരരുത്
മുനകൂര്‍ത്ത വാക്കുകള്‍ ഞാന്‍ എറിഞ്ഞാല്‍
നിന്റെ മനസ്സില്‍ ഇനി ചോരപൊടിയരുത്
വര്‍ണ്ണങ്ങള്‍ വറ്റിയ ഒരു മനസ്സാണനിക്ക്
കാരണം ഞാന്‍ ഒരിക്കലും പ്രണയിച്ചിട്ടില്ല

എന്തുകൊണ്ട് ഞാന്‍ നിന്നെ പ്രണയിച്ചില്ല
തിരഞ്ഞുവോ എപ്പോഴങ്കിലും നീയതിന്നുത്തരം
നിന്റെ കണ്ണുകളില്‍ ഞാന്‍ പ്രതിഫലിച്ചപ്പോള്‍
അറിഞ്ഞുവോ എന്റെ മനസ്സില്‍ പ്രണയമില്ലന്ന്
നിറവില്ലാത്ത ഹ്യദയത്തില്‍ ജനിക്കാതെപോയ
എന്റെ പ്രണയത്തിനായ് ഇനി നീ കാക്കരുത്
കാരണം നാവില്ലാത്ത എനിക്ക് വാക്കുകളില്ല
ഹ്യദയമില്ലാത്ത എന്നില്‍ പ്രണയവര്‍ണ്ണവുമില്ല

2009-02-12

മഴ  

മഴ
നിനയാതെ പെയ്യുന്ന ഒരു മഴ
എനിക്ക് അതുമതി
സൗഹ്യദം ആഘോഷിക്കാന്‍
നേര്‍ത്തനൂലുകളായ്
എന്നിലേക്ക് പെയ്യുന്ന ഓരോമഴയും
സൗഹ്യദങ്ങളെ തഴുകി
ചാലുകള്‍ വെട്ടി
വേരുകളെ നനച്ച്
എന്നെ പൊതിയുന്ന സ്‌നേഹം
ഞാന്‍ ആത്മാവോളം സ്‌നേഹിക്കുന്ന
എന്റെ മഴനൂലുകള്‍
ഇലകളില്‍ തട്ടിതകര്‍ന്ന്
മുഖത്തേക്ക് തെറിച്ചുവീഴുന്ന
ചിന്നിചിതറിയ മഴതുള്ളികള്‍
കൈയ്യെത്തി പിടിക്കുമ്പോഴൊക്കയും
പൊട്ടിപോകുന്ന
നേര്‍ത്ത മഴനൂലുകള്‍
ഉന്മാദമുള്ള ലഹരിയായ്
എന്നും എന്നിലേക്ക് പൈതിറങ്ങട്ടെ
മടങ്ങിവരുമന്നു കാത്തിരിക്കുന്ന
ആ വെളുത്ത കാല്‍‌പാദങ്ങളെ
നനവാര്‍ന്ന കുളിരണിയിക്കാന്‍

2009-02-10

ജന്മനാളിലെ ഹരിചന്ദനം  



Add Image










മിഴിനീരുവാര്‍ക്കും സുരഭീ രാവിതില്‍
രാപ്പാടിപാട്ടിന്‍ താളവും നെഞ്ചേറ്റി
കുടമുടഞ്ഞൊഴുകും കണ്ണീരിലുപ്പുനുണയും
കനവുകള്‍ തേടി അലയില്ലിനിയീ ജന്മം

ഇന്നലയുടെ ശക്തിയായ് നീ ഇന്നിന്റെ
ശോകമായ്, ഒഴുകിയത്തും രാപ്പാടിഗീതം
ശിശിരത്തിലുറയുന്ന പകലിലും, ഹിമം
ഉരുകി ഇതളടരും ഹ്യത്തിലെന്‍വേനല്‍

ഉറവവറ്റാത്തൊരു പുഴയായി കുളിരായി
സ്നേഹമിറ്റിച്ചു കണ്ണിലെണ്ണയൊഴിക്കവേ
ഉണങ്ങിയ തുളസിതറയില്‍, കൊളുത്തിടാം
നിലവിളക്കിനിയും കെടാതെ കാത്തുവയ്ക്കാന്‍,

വേനലുംകടന്നെത്തി മുറ്റത്തു വിളയും വസന്തം
ലാസ്യമാര്‍ന്നണയും പാല്‍നിലാ കിനാവുകള്‍
ഇലകൊഴിച്ചാ സന്ധ്യയും മായവേ നിന്‍ നെറ്റിയില്‍
കനിവാര്‍ന്ന വിരലാല്‍ വരക്കാം ഹരിചന്ദനം.

വരും ജന്മനാളുകള്‍ മകരമസകുളിരില്‍ മുങ്ങി
എന്നിലലിയും രാതിങ്കളായ് നീയുദിക്കേ
നിധിയായ് മാറിലൊട്ടിചേര്‍ന്നീടുമൊരു മാത്ര
തലോടലില്‍ പിറന്നാള്‍ സമ്മാനമായീ വാക്കുകള്‍

ഇതെന്റെ ജീവനാണിതെന്റെ മാംസമാണിതെന്റെ
ഉയിരിന്റെ ഉയിരായ ശ്രുതിചേര്‍ന്ന കീര്‍ത്തനം
ഇതെടുത്തുകൊള്ളുക നെഞ്ചോട് ചേര്‍ത്തീടുക
കാണാത്ത തീരത്തുരുകി ഒഴികീടുമീ കനവുകള്‍

2009-01-10

മേധമരവിക്കുന്നവന്റെ ഓര്‍മ്മ കുറിപ്പ്  


ഒരുപാട് കാലങ്ങള്‍ക്ക് ശേഷം വീണ്ടും നിനക്ക് ഞാന്‍ എഴുതുകയാണ്. നീ മറുവാക്ക് കുറിക്കില്ലായിരിക്കാം. കഴിഞ്ഞ കത്തിന് നീ ഒരു വാക്കെങ്കിലും മറുപടി എഴുതുമന്ന് ഞാന്‍ പ്രതീക്ഷിച്ചു. ഞാന്‍ ഒരു വിഡ്ഡി, പണ്ടേ ചാര്‍ത്തികിട്ടിയ വേഷമല്ലേ, അഴിച്ചുവക്കാന്‍ കഴിയില്ലല്ലോ? ആരോടും പരിഭവമില്ല, പരാതിയുമില്ല. ഇങ്ങനെ ഒഴിക്കിനെതിരേ നീന്തി, കരിന്തിരിയായ് ചിതയില്‍ കത്തിയമരണം. ഇടക്കിടെ വിട്ടുപോകുന്ന എന്റെ ഓര്‍മകളില്‍ എന്നും നിന്റെ മുഖം ഞാന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കയായിരുന്നു. കാലങ്ങളായ് കിട്ടാതെപോകുന്ന സ്‌നേഹം തേടിയലയുകയാണ് ഞാന്‍. നഷ്‌ടപ്പെടാന്‍ സ്വന്തമായ് ഒന്നുമില്ലാഞ്ഞിട്ടും എല്ലാം നഷ്‌‌ടപ്പെട്ട ഒരു പാഴ്‌ജന്മം. ആര്‍ക്കും വേണ്ടാതെപോയ ഒരു ജീവിതം. ഇന്ന് എന്റെ മുന്നില്‍ വര്‍ണ്ണങ്ങളില്ല. ശബ്‌ദത്തിന് ,പ്രതിധ്വനിക്കാന്‍ കഴിയാത്ത, ആഴിപോലെ പരന്നുകിടക്കുന്ന ചുട്ടുപഴുത്ത മണല്‍പരപ്പില്‍ ഒറ്റപ്പെട്ടുപോയ ഒരു ഏകാന്തപഥികന്‍. എണ്ണയില്ലാതെ കത്തുന്ന ഈ ജീവന്റെ തിരി തല്ലികെടുത്തി അനന്തതയില്‍ അലിഞ്ഞില്ലാതാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

നീ, എന്തിന് ഒരു തീണ്ടാപ്പാടകലെ നിര്‍ത്തിയിരിക്കുന്നു എന്നെ? നിന്റെ സ്വസ്‌തമായ ജീവിതത്തിന്റെ സുരക്ഷ ഓര്‍ത്തിട്ടോ? അതോ നിനക്ക് എന്റെ സ്‌നേഹം ഒരു ഭാരമായ് തോന്നിയിട്ടോ? ഇന്ന് മരണത്തെ വല്ലാതെ പ്രണയിക്കുന്നു ഞാന്‍. ഓടി അടുത്തെത്താന്‍, ആ കരിമ്പടം എടുത്തുപുതച്ച് മഹാനിദ്രയുടെ മരവിപ്പിക്കുന്ന തണുപ്പില്‍ അലിഞ്ഞ് ഇല്ലാതാകാന്‍ ഞാന്‍ ആഗ്രഹിക്കയാണ്. കഴിഞ്ഞ നീണ്ട മൂന്നു വര്‍ഷങ്ങളായ് ഞാന്‍ ഒറ്റക്കാണ്. ഹ്യദയത്തിന്റെ കോണില്‍ അലയടിച്ചിരുന്ന സ്‌നേഹം പോലും എനിക്ക് നഷ്‌ടമായി. പ്രതിധ്വനിക്കാത്ത ശബ്‌ദംപോലും എനിക്ക് കൂട്ടിനില്ലാതായി. ഏതോ കിനാവിന്റെ നിഴലാളും തീരത്ത് പൊലിഞ്ഞുപോയ സ്വപ്‌നങ്ങളും പേറി മനസ്സിനെ കൊളുത്തി വലിക്കുന്ന സ്‌നേഹത്തിന്റെ ഒരു പുല്‍കൊടിതുമ്പില്‍ ജീവിതം എരിക്കുകയായിരുന്നു ഞാന്‍. നിറവുകള്‍ വറ്റിയ പകലിന്റെ ഓര്‍മ്മകളില്‍ നഷ്‌ടമോഹങ്ങള്‍ക്കുമേലെ അടയിരിക്കയാണ്. ഓര്‍മ്മകള്‍ വിട്ടുപോകുന്ന ഒരു മഹാരോഗത്തിന് അടിപെടുമ്പോഴും, മാറോടുചേര്‍ത്തുറങ്ങുന്ന തലയിണയില്‍ ചുംബിച്ച് നിന്റെ പേരു ഞാന്‍ ഉച്ചരിക്കുന്നു. ഓര്‍മ്മകള്‍ക്ക് തിമിരം ബാധിച്ച്, വര്‍ണ്ണങ്ങള്‍ വറ്റിയ ശുഷ്‌‌കനേത്രങ്ങളുമായ് ഒരിക്കല്‍ നമ്മള്‍ കണ്ടുമുട്ടി എന്നുവരാം. അന്ന് നിന്നെ ഞാന്‍ അറിഞ്ഞുവന്നു വരില്ല. നിന്റെ സ്വരം കേട്ടുവന്നു വരില്ല. അന്നു നീ പറയുന്നതൊക്കെ നിര്‍‌വ്വികാരമായ്, ഒരുകുട്ടിയെപോലെ നിന്നെയുംനോക്കി ഞാന്‍ ഇരുന്നുവന്നു വരാം. നാളയുടെ ഇന്നലകള്‍ക്കായ് കരുതി വയ്‌ക്കുന്ന പഴമ്പാട്ടുകളുമായ്, മറവിക്കുമുന്നില്‍ തന്മാത്രകളായ് ഓര്‍മ്മകള്‍ തോറ്റടിയും വരെ ഞാന്‍ കാത്തിരിക്കാം. നിന്നെ ഞാനുമായ് ബന്ധിപ്പിക്കുന്ന മഴനൂലിന്റെ ഇഴ എന്റെ ഓര്‍മ്മയില്‍ നിന്നും പൊട്ടിപോകും വരെ.

ചുട്ടുപഴുത്ത മണലാരണ്യത്തില്‍ പ്രതിധ്വനി ഇല്ലതെ പോകുന്ന ഒരു പാഴ്‌ശബ്‌ദമായി പോയേക്കാം ഇതും. മേധമരവിക്കുന്ന കാലം വരെ എനിക്ക് നിന്നെ മറക്കാന്‍ കഴിയില്ല. സ്‌നേഹിക്കതിരിക്കാനും. ഓര്‍മ്മവച്ചകാലം മുതല്‍ നീ എന്റെ ജീവിതത്തിന്റെ ഭാഗമായതാണ്. ശരീരത്തില്‍ നിന്നും ഒരു അവയവം മുറിച്ചുമാറ്റി ജീവിക്കാന്‍‍ ആരങ്കിലും ആഗ്രഹിക്കുമോ?. ഇനി ഇതില്‍ കൂടുതലായ് ഒന്നും എനിക്ക് പറയുവാന്‍......

ഒരു ദീര്‍ഘ നിശ്വാസത്തില്‍ വാക്കുകള്‍ മുറിഞ്ഞു. കണ്ണൂകളില്‍ ഇരുട്ടു നിറയുന്നതായും, സിരയിലേക്ക് രക്തമിരച്ചുകയറുന്നതായും ഓര്‍മ്മകള്‍ മുറിഞ്ഞുപോകുന്നതായും അപ്പോള്‍ അവന് അനുഭവപ്പെട്ടു......

2008-10-29

ചെമ്പകങ്ങള്‍ പൂക്കാത്ത താഴ്വര  

നീ എവിടെ, കാത്തിരുന്നു കണ്ണുകഴക്കുന്നു. എന്നാണ് ഇനി നീ എന്റെ കണ്മുന്നില്‍ വരുന്നത്? സ്വപ്നങ്ങളുറങ്ങുന്ന നിന്റെ ആത്മാവിനെ എന്റെ നെഞ്ചോട് ചേര്‍ത്തണക്കാന്‍.....ചെമ്പകങ്ങള്‍ പൂക്കാത്ത ഈ താഴ്വരയില്‍ നിനക്കായ് ഒരുകുല പൂക്കള്‍ ഞാന്‍ കാത്തുവച്ചിരിക്കുന്നു. ചേതനയറ്റ സ്വപ്നങ്ങള്‍, നഷ്ടപ്പെട്ട ഹ്യദയം, പടികളില്‍ പതിഞ്ഞമര്‍ന്ന കാലുകളെ അറച്ചുനോക്കുന്ന പാദമുദ്രകള്‍, അറിയില്ലെനിക്കെന്നെ. എന്തിനക്കയോവേണ്ടി എന്തക്കയോ ചെയ്തുകൂട്ടുകയാണ്. എന്തക്കയോ നേടുവാന്‍ ഓരോരോ മുഖങ്ങള്‍ കയറി ഇറങ്ങുകയാണ്? എന്തിനുവേണ്ടി? എനിക്കുതെന്നെ അറിയില്ല. ഒരിക്കലും മരിക്കാത്ത എന്റെ സ്നേഹം അനാഥമാകുമ്പോള്‍ ഉടഞ്ഞ കണ്ണാടിക്കുള്ളില്‍ ഞാന്‍ ആരോ ആകാന്‍ ശ്രമിക്കുകയാണ്.

ഓര്‍മ്മകളുടെ കിളിവാതിലിലൂടെ മനസ്സിലേക്കരിച്ചിറങ്ങുന്ന പ്രതീക്ഷയുടെ കിരണങ്ങള്‍ക്ക് തിമിരം ബാധിക്കുന്നുവോ? പുസ്തകതാളിലൊളിപ്പിച്ച മയില്‍‌പീലി തുണ്ടുപോലെ ആരുംകാണാതെസൂക്ഷിച്ച എന്റെ സ്വകാര്യനൊമ്പരങ്ങള്‍ അറിയാതെ തുളുമ്പിപോകുന്നുവോ? മന്‍സ്സിന്റെ വിങ്ങലുകളും, നഷ്ടസ്വപ്നങ്ങളും, കാലത്തിനുണക്കാന്‍ കഴിയാത്ത ചില മുറിവുകളും മാത്രമേ സ്നേഹിക്കുന്നവര്‍ക്ക് നല്‍കാന്‍ എനിക്ക് കഴിയുന്നുള്ളുവോ?

ചാലുകള്‍ മുറിച്ച് കുത്തിയൊലിക്കുന്ന മഴവെള്ള പാച്ചിലുപോലെ ഓര്‍മ്മകള്‍. പെയ്തൊഴിയാത്ത മഴനൂലുകള്‍ക്കിടയിലൂടെ നടന്നകലുന്ന ആ വെളുത്ത കാല്പാടുകള്‍. എന്നെ തനിച്ചാക്കി പറന്നുപോയ എന്റെ ആത്മാവ്. അന്ന് നഷ്ടമായ എന്റെ പാവം മനസ്സ്. എല്ലാസ്നേഹത്തില്‍നിന്നും അകന്നുമാറിനിന്ന എന്റെ ഹ്യദയത്തിനുമുകളില്‍ എന്തിനാണ് നീ വിരലുകള്‍ കൊണ്ടെഴുതിയത്? നിന്റെ ഓരോ വാക്കുകളും സ്നേഹത്തില്‍ ചാലിച്ച മധുരമായിരുന്നു. ഹേമന്ദരാവുകളില്‍ പൊഴിയുന്ന മഞ്ഞിന്റെ പരിശുദ്ധിയുള്ള നിന്റെ പുഞ്ചിരി നീ എന്തിന് എനിക്കായ് കരുതി വച്ചു? ഇന്ദ്രിയങ്ങള്‍ ശൂന്യമാവും മുമ്പെ, നിര്‍വികാരികത കടന്നാക്രമണം നടത്തും മുമ്പ, മറവിക്ക് മുന്നില്‍ ഓര്‍മ്മകള്‍ തോറ്റടിയും മുമ്പേ സ്വപ്നങ്ങളെ പറത്തിവിടാന്‍ ഒരു കിളിവാതിലുണ്ടാക്കി നീ കാത്തിരിക്കുമ്പോള്‍‍, മാറത്ത് മറുകുള്ള മന്ദാരങ്ങളായ് നിന്റെ മൗനം എന്നില്‍ അലിയും വരെ, നടന്നുപോയ വഴികളില്‍ നീ എന്നെ തേടിയെത്തുന്ന നിമിഷങ്ങള്‍ക്കായ്, ചെമ്പകങ്ങള്‍ പൂക്കാത്ത ഈ താഴ്വരയില്‍ നിനക്കായ് ഒരുകുല പൂക്കളുമായ് ഞാനിവിടെ തനിച്ചിരിക്കാം. നിന്റെ വരവും പ്രതീക്ഷിച്ച്.

കടപ്പാട്: കിളിവാതില്‍

2008-10-07

പടിവാതില്‍ ചാരാതെ  

പടിവാതില്‍ ചാരാ
തെത്രനാളിങ്ങനെ
പ്രിയമുള്ളൊരാളിനെ
കാത്തിരിക്കും

വരുമന്നു ചൊല്ലി
കടന്നുപോയെന്നിട്ടും
വന്നണയാത്തതെന്തേ
ഇന്നും വന്നണയാത്തതെന്തേ

ഇരവറിയാതെ
പകലറിയാതെ
പടിവാതില്‍ ചാരാ
തെത്രനാളിങ്ങനെ

ഹ്യദയത്തിന്‍ തന്ത്രികള്‍
മെല്ലെയുണര്‍ ത്തിനീ
സ്നേഹത്തിന്‍ ചൂടു
പകര്‍ന്നു തന്നു

കനവറിയാതെ
നിനവറിയാതെ
ഋതുഭേദമറിയാ
തെത്രനാളിങ്ങനെ

വിരഹത്തിന്‍ ചൂടില്‍
ചുട്ടുപൊള്ളുന്നു
കുളിരായ് നീയെന്നു
വന്നു ചേരും

പടിവാതില്‍ ചാരാ
തെത്രനാളിങ്ങനെ
പ്രിയമുള്ളൊരാളിനെ
കാത്തിരിക്കും

2008-08-16

മേധാക്ഷയം  

ഓര്‍മ്മതന്‍ ചായങ്ങള്‍ മായ്‌ക്കുന്ന മസ്‌തിഷ്‌ക
രോഗമൊന്നുണ്ടുപോല്‍ "മേധാക്ഷയം"
ഹാ ദയനീയം! മറവിയിലാഴ്‌തിടും
ജീവിതമന്ന മഹാനിയോഗം
പേര്‍ത്തുമതാരോ പറഞ്ഞു കേട്ടിന്നു നീ
ഓര്‍ത്തുഴറുന്നുവോ സംശയത്താല്‍,
പെട്ടന്നു നാവില്‍ വരാത്തൊരു നാമമായ്
മൊട്ടിട്ടു നിന്നിലും രോഗമന്നായ്
സംശയം നന്ന് , നീയിന്നറിയുന്നതും
നന്നുതാന്‍ സത്യം, വിനാവിളംബം
ഓര്‍മ്മതന്‍ ചായങ്ങള്‍ മായ്‌ക്കുന്ന മസ്‌തിഷ്‌ക
രോഗമൊന്നുണ്ടുപോല്‍ "മേധാക്ഷയം"
ഹാ ദയനീയം! മറവിയിലാഴ്‌തിടും
ജീവിതമന്ന മഹാനിയോഗം

ഇല്ല നിന്‍ മേധക്കു രോഗ, മെന്നാകിലോ
വല്ലാതെ ബാധിച്ചു മാനസത്തെ
എന്നെ മറന്നു നീ, നിന്‍പാദമാദ്യമായ്
നന്നായ് പതിഞ്ഞൊരാപ്പൂഴിമുറ്റം
നേരേനടക്കുവാന്‍ കുഞ്ഞേ നിനക്കെന്നു
നേരോടെ നീണ്ടവിരല്‍തുമ്പുകള്‍
പാടലവര്‍ണ്ണമാം നിന്‍ മുഖമന്‍പിനാല്‍
പൂപോല്‍ത്തുടച്ച പുടവയറ്റം
കാണാന്‍ കൊതിച്ചുനീപോകും വഴികളില്‍
നോവാര്‍ന്നു പിന്‍‌വന്നൊരാര്‍ദ്രനോട്ടം
ഓര്‍മ്മതന്‍ ചായങ്ങള്‍ മായ്‌ക്കുന്ന മസ്‌തിഷ്‌ക
രോഗമൊന്നുണ്ടുപോല്‍ "മേധാക്ഷയം"

എന്തേ മറന്നു നിനക്കായ് നിരന്തരം
സ്‌പന്ദിക്കുന്ന ഹ്യത്തിന്റെ ശോകം
കുഞ്ഞേനീയൊരിക്കല്‍ വന്നെങ്കിലെന്നൊരു
നെഞ്ഞകം നൊന്ത വിലാപ ഗീതം
"ഒന്നിനി നിന്നെ ഞാന്‍ കാണുമോ" യെന്നിരുള്‍
തിന്നു തീര്‍ക്കും നെടുവീര്‍പ്പിനൊപ്പം
ഓര്‍മ്മതന്‍ ചായങ്ങള്‍ മായ്‌ക്കുന്ന മസ്‌തിഷ്‌ക
രോഗമൊന്നുണ്ടുപോല്‍ "മേധാക്ഷയം"
ഹാ ദയനീയം! മറവിയിലാഴ്‌തിടും
ജീവിതമന്ന മഹാനിയോഗം

ഇന്നു നീ കൂട്ടികിഴിക്കലിലാണതി
ന്നെന്നും നിനക്കു തിടുക്കമേറെ
ഒട്ടല്ലനിക്കിനിക്കീഴടക്കാനുള്ള
പട്ടങ്ങളന്നു നിന്‍ കൂര്‍മ്മബുദ്ധി
വെട്ടാം നിരത്താം കീഴടക്കാം
ലോകമെത്രക്കു വേഗമാംമത്രവേഗം
തട്ടിത്തെറിപ്പിച്ചൂ പോന്നകല്‍ച്ചീളുകള്‍
തട്ടിപ്പരിക്കേറ്റു വീണതാരോ
ജന്മദാദാക്കളോ സോദരരോ കളി-
ച്ചങ്ങാതിമാരോ പ്രിയരവര്‍‍‌വേറയോ
ആരുമാകട്ടെ തിരിഞ്ഞൊന്നുനോക്കുവാന്‍
നേരമില്ലാതെ നീ പാഞ്ഞിടുമ്പോള്‍
ഇല്ല, പഴുതു ചികില്‍സിക്കുവാ, നകം-
പൊള്ളയാമീ പുറന്തോടുമായി
നീ യശ്വമേധം തുടരുകയേറിടും
നിന്‍ ജയശ്യംഗങ്ങളേറെയെന്നാല്‍
നാളയതിന്നും മുകളിലായ് ഭാവിതന്‍
ജേതാക്കള്‍ വെന്നിക്കൊടി നാട്ടവേ
നീയും മറവിയിലാഴുന്നൊരിന്നലെ
യാകുമവര്‍ക്കൊരു പാഴ്‌ക്കിനാവായ്

ഓര്‍മ്മതന്‍ ചായങ്ങള്‍ മായ്‌ക്കുന്ന മസ്‌തിഷ്‌ക
രോഗമൊന്നുണ്ടുപോല്‍ "മേധാക്ഷയം"
ഹാ ദയനീയം! മറവിയിലാഴ്‌തിടും
ജീവിതമന്ന മഹാനിയോഗം
ഒന്നു യാചിക്കുക ദേവകളോടു നീ-
യന്നുനിനക്കു വരം നല്‍കുവാന്‍
കേവലം സം‌മ്പൂര്‍ണ്ണ മേധാക്ഷയം, നിന
ക്കേകുവാന്‍ മുക്തി, സ്വത്വത്തില്‍ നിന്നും

സുരേഷ് കാഞ്ഞിരക്കാട്ട് സംഗീതം പകര്‍ന്ന ഈ കവിത അദ്ദേഹത്തിന്‍റെ മധുര ശബ്ദത്തില്‍ ഇവിടെ നിന്നും കേള്‍ക്കാം.

പ്ലെയര്‍ വഴി കേള്‍ക്കാന്‍ കഴിയുന്നില്ലങ്കില്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.


2008-08-14

ഞാന്‍-നഷ്ടപ്പെട്ട ആത്മാവ്  

ഞാന്‍
നഷ്ടപ്പെട്ട ആത്മാവ്
വേനല്‍ മഴയാകാനായിരുന്നു
എന്നും എന്‍റെ വിധി

എന്‍റെ ആത്മാവ്
അകന്നുപോകാനായിരുന്നു
എന്നും നിനക്കിഷ്ടം
ഞാനന്ന സമസ്യയില്‍ നിന്നും

എന്‍റെ സന്തോഷം
വേനല്‍ മഴയുടെ കുളിരില്‍
വിരിയുന്ന പൂക്കള്‍ പോലെ
വേഗം കൊഴിയുന്നവ

എന്‍റെ മനസ്സ്
ആരും കാണാതെ പോയ
നഷ്‌ട്സ്വപ്നങ്ങളുടെ
ഒരു കലവറ

എന്‍റെ ജീവിതം
പാഥേയമില്ലാതെ വന്ന
സഞ്ചാരികളുടേതായ
ഒരു വഴിയമ്പലം

എന്‍റെ ശബ്ദം
എന്നേ എനിക്ക് നഷ്ടമായി
ഒച്ച ഉണ്ടാക്കാതിരിക്കാന്‍
നാവിനെ ഞാന്‍ കെട്ടിയിട്ടു

ഞാന്‍
എല്ലാവരാലും തോല്പിക്കപ്പെട്ടവന്‍
ഇന്ന് എന്‍റെ ആത്മാവിനാലും
തോല്പിക്കപ്പെട്ടിരിക്കുന്നു

2008-08-13

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍  

ഞാനാര്? ഞാനെന്ത്?
ഉത്തരമില്ലാത്ത എന്‍റെ ആത്മാവിന്‍റെ
ചോദ്യങ്ങള്‍ക്കുമുന്‍പില്‍
തോറ്റടിയുകയാണ് ഞാന്‍

എന്തിനുവേണ്ടി
ആര്‍ക്കുവേണ്ടിയായിരുന്നു
ഈ ജന്മമത്രയും
എന്‍റെ കാത്തിരിപ്പ്

എനിക്ക് ആരോടും ജയിക്കേണ്ട
ആരയും തോല്പിക്കയും വേണ്ട
എന്‍റെ മനസ്സിനെ
ഇനി ആര്‍ക്കുവേണ്ടിയും
തുറക്കാന്‍ കഴിയാത്തവിധം
മണിച്ചിത്രത്താഴിട്ടു പൂട്ടാന്‍
കഴിഞ്ഞങ്കില്‍
മുട്ടിയാല്‍ തുറക്കപ്പെടാത്ത
ഇരുളടഞ്ഞ ഒരു
ഗുഹാകവാടം പോലെ

2008-08-12

വേനല്‍ മഴ  

നിന്നെ കുളിര്‍പ്പിക്കും വേനല്‍ മഴയോ
നിന്നെ കരിക്കുന്ന ഹോമാഗ്നിയോ
നിന്നില്‍ പടരുന്ന സ്നേഹമായി
നിന്നെ തലോടുന്ന കൈകളാകാന്‍

ഏകാന്തമീ വേനലില്‍ മഴയായി വന്നുനീ
എന്നെ കെട്ടിപ്പുണര്‍ന്നു പൊന്നുമ്മ തന്നു
എനിക്കായി നീ എന്നും ഉണര്‍ന്നെണീറ്റു
എന്നിട്ടുമെന്നും കരഞ്ഞു പതം പറഞ്ഞു

സാഡിസം കൊണ്ടുഞാന്‍ വ്രണപ്പെടുത്തും-
സന്തോഷം കൊണ്ടുഞാന്‍ പൊട്ടിച്ചിരിച്ചു
സന്താപം കൊണ്ടുനീ നീറിപുകയവേ
സന്താപമില്ലാതെ കണ്ണീരൊഴുക്കി ഞാന്‍

കാണാത്ത കണ്ണിലെ സ്വപ്നങ്ങളായ്
കാത്തുവച്ചീടുകീ സ്നേഹബന്ധം
കാണാത്തതീരത്തു കണ്ടുമുട്ടാം
കാത്തിരുന്നീടാം വരും ജന്മത്തിനായ്

വേനല്‍ മഴയില്‍ നനയാനിറങ്ങാം
വേദനിപ്പിച്ചതിന്‍ പാപം കഴുകാന്‍
വാടാത്തനിന്‍ മുഖമന്‍പിനാല്‍ കാണുവാന്‍
വാടാത്ത പുഞ്ചിരി നീ കാത്തുവയ്ക്കൂ

-7 August 2008-

2008-08-08

ആത്മാവിന്‍റെ തേങ്ങല്‍  

പാതിമരിച്ചൊരാ ദേഹത്തുനിന്നും
പറിച്ചെടുക്കുന്നു നിന്നാത്മാവിനെ
പാതിവഴില്‍ ഉപേക്ഷിച്ചുവങ്കിലും
പാതിജീവനായ് നീ എന്നിലലിഞ്ഞു

നഷ്ടങ്ങള്‍ക്കപ്പുറം നേട്ടങ്ങള്‍കാംക്ഷിക്കേ
നഷ്ടങ്ങളറിയാതെ നഷ്ടപ്പെടുന്നുനാം
നഷ്ടവും ലാഭവും ജീവിത തുലാസുകള്‍
നഷ്ടങ്ങള്‍ക്കപ്പുറം നഷ്ടസ്വപ്നങ്ങള്‍

നേടുവാന്‍ നാമല്ലാം മല്‍സരിക്കുന്നു
നേട്ടമായ് നാമെന്തുകൊണ്ടുപോകും
നേട്ടങ്ങളെല്ലാം അഗ്‌നിവിഴുങ്ങവേ
നേട്ടങ്ങള്‍ക്കെന്തിനു നെട്ടോട്ടമോടണം

ജീവിച്ചീടുവാന്‍ മറന്നുപോയ് നാമീജന്മം
ജീവിച്ചു തീര്‍ക്കുവാന്‍ മാത്രകള്‍ മാത്രം
ജീവന്‍റെ ജീവനില്‍ പൂത്തൊരാത്മാവായ്
ജീവന്‍ വെടിഞ്ഞാലും നീ ജീവിച്ചിടും

-സമര്‍പ്പണം-
ഇന്നും, സാമ്പ്രദായിക കവിതാസങ്കേതത്തില്‍ ശുദ്ധകവിത സ്പുടം ചെയ്തെടുക്കുന്ന എന്‍റെ പ്രീയപ്പെട്ട ശ്രീദേവിചേച്ചിക്ക്

2008-08-04

മനസ്സ് വില്‍‌പനക്ക്  

സ്നേഹം എന്നും എന്‍റെ ബലഹീനത
ഞാന്‍ എന്നും അതിന്‍റെ ഒരു അടിമ
ശൂന്യമായ എന്‍റെ ലോകം ശ്യൂന്യമാക്കിയ
സ്നേഹിതര്‍, പ്രിയരാം സഖികള്‍

എന്‍റെ പാവം മനസ്സ്, എന്നും കൊതിച്ചു
നിന്‍റെ ഒരിറ്റു സ്നേഹത്തിനായി
നാട്യമായാലും അതുമതിയായിരുന്നു
ശൂന്യമായ എന്‍റെ പാവം മനസ്സിന്

ശൂന്യമായ കൈകള്‍, ശൂന്യമായ മനസ്സ്
ഞാന്‍ അലയുകയായിരുന്നു, സ്നേഹംതേടി
മധുരം പുരട്ടിയവാക്കില്‍ നീ സ്നേഹം വിളമ്പി
കൈകകള്‍ ശൂന്യമന്നറിഞ്ഞ് മനസ്സെടുത്തുപോയി

ആരാലും തലോടാതെപോയ പാവം മനസ്സ്
അറുത്തുവയ്ക്കുന്നു ഞാന്‍ വില്‍‌പനക്കായ്
വിലപറയാതെ, ആര്‍ക്കും വേണ്ടാതനാഥമായി
രക്തമൊഴുകുന്ന ശൂന്യമായ എന്‍റെ മനസ്സ്

ആത്മാര്‍ത്ഥതയില്ലാത്ത ഈലോകത്ത്
ആത്മാര്‍ത്ഥത പ്രതീക്ഷിച്ച ഒരു മനസ്സ്
എനിക്കും വേണ്ടാതായിരിക്കുന്നു ഇന്ന്
ശൂന്യമായ എന്‍റെ പാവം മന‍സ്സിനെ

ഇതെടുത്തുകൊള്ളുക, വിലയായ് നിന്‍റെ
സ്നേഹം, ഇരുട്ടിലങ്കിലും പങ്കുവയ്ക്കുക
ഇത് എന്‍റെ രക്‌തമാണ്, ഇത് എന്‍റെ
മാംസമാണ്, ഇത് നീ എടുത്തുകൊള്ളുക

2008-07-25

വിഡ്ഡിവേഷം  

ഇന്ന്,
എനിക്കും നിനക്കുമിടയില്‍
അനന്തമായ അകലം
മൗനം നമ്മുടെ നിമിഷങ്ങളെ
വിഴുങ്ങുമ്പോള്‍, നീയും ഞാനുമറിയുന്നു
നഷ്ടപ്പെട്ട ജന്മങ്ങളാണന്ന്


ഇന്ന്,
എന്റെ വക്കുകകള്‍ ശബ്ദമില്ലാതെ
തൊണ്ടയില്‍ കുരുങ്ങി മരിക്കുന്നു
പരസ്പരം ബോധിപ്പിക്കുന്ന
വക്കുകളില്‍ കനംതൂങ്ങുന്ന ചിന്തകള്‍

ഞാന്‍,
ആടികഴിഞ്ഞ കഥാപാത്രം
ഇനി വേഷമഴിക്കാനുള്ള സമയം
മുടിഅറുത്തുമാറ്റി
എന്റെ വേഷമഴിച്ചുവയ്ക്കാം
കൂത്തരങ്ങിലെ, ചമയങ്ങളില്ലാത്ത
വെറും വിഡ്ഡിവേഷം

2008-07-23

നിനക്കായ് മാത്രം  

മണിരത്നവും ഏ ആര്‍ റഹ്മാനും ചേര്‍ന്നൊരുക്കിയ “ദില്‍സേ“ എന്ന ചിത്രത്തിനു വേണ്ടി ഉദിത്‌ നാരായണ്‍ പാടിയ ഗാനം സുഹ്യത്ത് കിരണ്‍സിന്റെ ശബ്ദത്തില്‍. എന്തുകൊണ്ടോ നൊസ്റ്റാള്‍ജിയയുടേയും വിരഹത്തിന്റെയും ഒറ്റപ്പെടലിന്റെയും ഒക്കെ ഒരു പ്രത്യേക മൂഡ്‌ സൃഷ്ടിക്കാനുള്ള മാസ്മരികമായ ഒരു കഴിവ്‌ ഈ ഗാനത്തിനുണ്ട്.



പ്ലേയര്‍ വഴി കേള്‍ക്കാന്‍ കഴിയുന്നില്ലങ്കില്‍ ഇവിടെ നിന്നും ഡൗണ്‍ലോഡുചെയ്യാം.