2012-03-22
ശ്രീ ശ്രീ രവിശങ്കർ-ഞങ്ങളുടെ ഗുരുക്കന്മാരെ അവഹേളിക്കാൻ നീയാരാണ്?
നക്സലിസത്തിന്റെ വളര്‍ത്തു കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ സ്കൂളുകളെന്ന് ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കർ. സര്‍ക്കാര്‍ സ്‌കൂളുകളിലെ മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയും ശ്രദ്ധയില്ലാത്ത മനോഭാവവും അധ്യാപകരുടെ ഉത്തരവാദിത്വമില്ലായ്മയുമാണ് കുട്ടികളെ വിമതന്‍മാരാക്കുന്നത്. അതുകൊണ്ട്, വിദ്യാഭ്യാസം സര്‍ക്കാര്‍ സ്വകാര്യവത്കരിക്കണം. സര്‍ക്കാര്‍ സ്കൂളുകള്‍ പൂട്ടണം-ശ്രീ ശ്രീ രവിശങ്കര്‍ അഭിപ്രായപ്പെട്ടു.
----------------------------------------------------------------------------------------------------------
ജീവനകലയെ മുഴുവനായ് മൊത്തകച്ചവടം നടത്തുന്ന ശ്രീ ശ്രീ രവി ശങ്കർ, നാണമില്ലേ മനുഷ്യാ നിങ്ങൾക്ക് ഇങ്ങനെ അർത്ഥമില്ലാതെ കിടന്നു പുലമ്പാൻ?. പ്രതികരണ ശേഷിയില്ലാത്ത കുറേ ശിഷ്യന്മാരെ വളർത്തിയെടുക്കുന്ന നിങ്ങൾ എന്തിനെയാണ് ഭയപ്പെടുന്നത്?. മത്തിഷ്കമില്ലാതെ വളർന്ന നിങ്ങളുടെ കഴുതകൾ നിങ്ങൾ പറയുന്നതു കേൾക്കും, അനുസരിക്കും. പക്ഷേ അനീതിക്കും വിവേചനത്തിനുമെതിരേ ആഞ്ഞടിച്ച മഹാന്മാരുടെ വീരചരിതങ്ങൽ ഉരുവിട്ടു പഠിപ്പിച്ച സർക്കാർ സ്കൂളുകളിലെ ഞങ്ങളുടെ ഗുരുക്കന്മാർ തലമുറകളിലൂടെ കൊളുത്തി തന്ന പ്രതികരണ ശേഷി ഞങ്ങളിൽ ഉള്ളിടത്തോളം നിങ്ങളുടെ വാക്കു കേൾക്കാൻ നിങ്ങളുടെ പാദസേവ ചെയ്യാൻ ഞങ്ങൾക്ക് മനസ്സില്ല.
ഞങ്ങളുടെ മുൻ തലമുറക്കാർ;വിലക്കപ്പെട്ട പാതകളിലൂടെ ഉശിരോടെനടക്കുകയും
മുന്നിൽ തഴുതിട്ടുപൂട്ടീയ ക്ഷേത്ര ഗോപുര നടകൾ ചവിട്ടിതുറക്കുകയും
ദുഷ്ടത നിറഞ്ഞ നിന്റെ ദൃഷ്ട്ടിയില്‍ പെട്ടെന്ന കുറ്റമാരോപിച്ച്
കണ്ണില്‍ ഉരുക്കിയ ഈയമൊഴിച്ച കൈകളെ ഊക്കോടെ തട്ടി മാറ്റുക്കുകയും,
കൊയ്ത്തരിവാളുകൊണ്ട് നിനക്ക് മുലയറുത്തു കരമായ് നല്കി
ഞങ്ങളൂടെ അമ്മമാരുടേയും സഹോദരിമാരുടേയും മാറുമറക്കുകയും
ഉരുട്ടിന്റെ മറപറ്റി അടിയപെണ്ണിന്റെ തുടച്ചൂട് തേടിവന്ന
നാട്ടുപ്രമാണിമാരുടെ അടിനാവിക്ക് ഊക്കോടെ തൊഴിക്കുകയും
എതിർവാ കൊണ്ട് തിരുവായ്കളെ നിശ്ബ്ദമാക്കുകയും
അധ്വാനത്തിന് അർഹതപ്പെട്ട കൂലി ചോദിച്ചു വാങ്ങിക്കുകയും
തമ്പ്രാക്കളെ മനുഷ്യരായി നടക്കാന്‍ താക്കീത് കൊടുക്കുകയും ചെയ്തവർ
അവര്‍ക്ക് ക്ഷോഭവും, വീര്യവും, ബോധവും, കരുണയും കൊടുത്ത പള്ളിക്കൂടങ്ങൾ, അതിലെ ജീവസ്സുറ്റ അക്ഷരങ്ങള്‍.....അതു തകർത്തുടക്കാൻ നിങ്ങൾക്കോ നിങ്ങൾ മത്തിഷ്കം പറിച്ചെടുത്ത് കഴുതകളായ് വളർത്തുന്ന ശിഷ്യ ഗണങ്ങൾക്കോ കഴിയില്ല. പാരതന്ത്യത്തിന്റെ വീർപ്പുമുട്ടലുകളില്ലാതെ, വാഴയിലയിൽ പുസ്തകകെട്ടിനൊപ്പം കൊണ്ടുവന്ന പൊതിച്ചോറ്, ജാതിമത ഭേദമില്ലാതെ പങ്കിട്ടെടുത്തും അസമത്വങ്ങളെ എതിര്‍ത്തും മനുഷ്യരാശിയോടും പ്രകൃതിയോടും കൂട്ട് കൂടിയും വളർന്ന ഞങ്ങളെ, ചോർന്നൊലിക്കുന്ന, ഭിത്തികൾ വീണ്ടുകീറീയ ഞങ്ങളുടെ പള്ളിക്കൂടങ്ങളെ, അതിന്റെ ഓലപ്പുരകളെ നിന്റെ ശ്രീ ശ്രീ ജഡ കൊണ്ട് തൊട്ട് അശുദ്ധമാക്കരുത്. ചുവന്ന പരവതാനി വിരിച്ച് ശീതീകരിച്ച മുറിക്കുള്ളിൽ നിന്നും ശീതീകരിച്ച ആഡംബര കാറുകളിലേക്ക് ശുഭ്ര വസ്ത്രത്തിനുള്ളിൽ പൊതിഞ്ഞു ജപവും ജീവനവും വിദ്യാഭ്യാസവും കൊണ്ടുനടന്ന് കച്ചവടം ചെയ്യുന്ന നിനക്ക്, ഞങ്ങൾക്ക് സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സഹനത്തിന്റെയും ഒരു വലിയ ലോകം തുറന്നിട്ടു തന്ന, ഹിന്ദുവിന്റെയും മുസൽമാന്റെയും ക്യസ്ത്യാനിയുടേയും നീല ഞരമ്പിലോടുന്നത് ചുവന്ന രക്തമാണന്ന് പഠിപ്പിച്ചുതന്ന ഞങ്ങളുടെ ഗുരുക്കന്മാർക്കുമേൽ ശാപവാക്കോതുവാൻ എന്തധികാരമാണുള്ളത്?. ദൈവ്വതുല്യരായ് ഞങ്ങൾ സ്നേഹിക്കുന്ന ഞങ്ങളുടെ ഗുരുക്കന്മാരെ അവഹേളിക്കാൻ നീയാരാണ്?.
.
.