Search this blog


Home About Me Contact
2009-09-25

നിന്നെ മറക്കുകയെന്നാല്‍ മൃതിയാണ്-ഭാഗം-04  

മരണശേഷം നന്ദിതയുടെ ഇരുമ്പു പെട്ടിയില്‍ നിന്നും കണ്ടെടുത്ത ഡയറി തിരിച്ചേല്പിക്കുമ്പോള്‍ അതിലെ ചില താളുകള്‍ നഷ്ടപ്പെട്ടിരുന്നു എന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഡയറിയിലെ താളുകള്‍ നഷ്‌ടപ്പെട്ടിരുന്നു എന്നറിയുന്നത് പിന്നീട് മാത്രമാണന്നും, തന്നെ ആദ്യമായ് കാണുന്നതിനും മാസങ്ങള്‍ മുന്‍പ് എഴുതിയിരുന്ന ഡയറിയിലെ താളുകള്‍ നഷ്ടപ്പെടുത്തേണ്ടതിന്റെ ആവശ്യകത എന്താണ് എന്നും അജിത്ത് ചോദിക്കുന്നു. അജിത്തിന് എതിരായ് ഒരു വാക്ക് ആത്മസുഹ്യത്തായ ശ്രീലതയോടോ, സ്വന്തം വീട്ടുകാരോടുപോലും പറഞ്ഞിട്ടില്ലാത്ത നന്ദിത തന്റെ പഴയ ഡയറിയില്‍ അജിത്ത് കീറിമാറ്റാന്‍ തരത്തിലുള്ള ഒന്നും തന്നെ എഴുതിയിരുന്നില്ല എന്നു വേണം അനുമാനിക്കാന്‍.

1985 മുതല്‍ 1995 വരെയുള്ള കാലഘട്ടത്തിലായ് 59 കവിതകളെഴുതിയ നന്ദിതയുടെ ആദ്യകാല കവിതകള്‍ മുഴുവന്‍ പ്രണയവും പിന്നീട് പ്രണയ നഷ്ടവുമാണ്. 1994-ല്‍ അജിത്തിനെ കണ്ടശേഷം നന്ദിത എഴുതിയതായ ഒരു വരിപോലും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതില്‍ നിന്നും 1993-നു ശേഷം നന്ദിത കവിതകള്‍ എഴുതിയിരുന്നില്ല എന്ന് കരുതേണ്ടിയിരിക്കുന്നു. ഡൊക്യുമെന്റ്സ് എല്ലാം ശരിയായിട്ടും നന്ദിതയുടെ മരണ ശേഷം അജിത്ത് ഗള്‍ഫിലേക്ക് പോകാനോ, മറ്റൊരു ജോലി തേടാനോ തയ്യാറാകാതെ നന്ദിതയുടെ നിശ്വാസങ്ങള്‍ തങ്ങിനില്‍ക്കുന്ന സ്വന്തം വീട്ടില്‍ അവളുടെ നഷ്ടങ്ങള്‍ ശ്വസിച്ചുകൊണ്ട് ഒതുങ്ങുകയായിരുന്നു.
Continue.......Click Here

2009-09-22

നിന്നെ മറക്കുകയെന്നാല്‍ മൃതിയാണ്-ഭാഗം-03  

നന്ദിത മരിക്കുന്നതിന്, രണ്ടാഴ്ചമുന്‍പ് അവള്‍ ബോംബയില്‍ അജിത്തിന്റെ അടുത്തേക്കുപോയി. അപ്പോള്‍ അജിത്തിന് ഇഷ്ടമുള്ള സിഗരറ്റും, ദിനേശ് ബീഡിയും, സീസണല്ലാത്തതിനാല്‍ ലഭ്യമല്ലാതിരുന്നിട്ടും, കൂട്ടുകാരിയും ഓര്‍ഫനേജ് കോളജിലെ മലയാളം അധ്യാപികയുമായ ശ്രീലതയെയും കൂട്ടി നാടുനീളെ അലഞ്ഞ് മുത്താരം പൊടിയും ഒക്കെ അവള്‍ കൂടെ കരുതിയിരുന്നു. ബോംബയിലെ ദിവസങ്ങള്‍ ഒരുപാട് സന്തോഷത്തോടയായിരുന്നു അവള്‍ ചിലവിട്ടതന്ന് അജിത്ത് ഓര്‍ക്കുന്നു. ബോംബയില്‍ നിന്നും തിരികെ മടങ്ങും മുന്‍പ് നഗരം ചുറ്റാനിറങ്ങിയ ഒരു വൈകുന്നേരം ദാദറിലെ മുന്തിയ ഒരു ടെക്‌സ്റ്റയില്‍ ഷോപ്പില്‍ നിന്നും അവള്‍ക്കിഷ്ടപ്പെട്ട വസ്ത്രങ്ങള്‍ അജിത്ത് വാങ്ങികൊടുത്തു. അന്ന് വാങ്ങിയ ഒരു ചുരിദാറിന് ഇണങ്ങുന്ന ഷാള്‍ പത്തുകിലോമീറ്ററുകള്‍ ദൂരയുള്ള മറ്റൊരു ഷോപ്പിങ് മാളില്‍ പോയാണ് അവര്‍ വാങ്ങിയത്. സൗന്ദര്യവര്‍ദ്ധക വസ്തുക്കളോട് അത്ര കമ്പമില്ലായിരുന്നങ്കിലും, ദിവസവും രണ്ടുതവണയങ്കിലും ലാക്ടോ കലാമിന്‍ ഉപയോഗിക്കുമായിരുന്ന നന്ദിതക്ക് പലതരത്തിലും സുഗന്ധത്തിലുമുള്ളവ അജിത്ത് വാങ്ങി നല്‍കി. മധുവിധുപോലെ സുന്ദര സുരഭിലമായ രണ്ടാഴ്ചത്തെ ആ അവധിക്കാലത്തിനുശേഷം, ദാദര്‍ സ്റ്റേഷനില്‍ നിന്നും മുത്തം നല്‍കി നന്ദിത തിരികെപ്പോരുമ്പോള്‍, ഇനി അവളുടെ ചേതനയറ്റ ശരീരമാകും കാണേണ്ടിവരിക എന്ന് അജിത്ത് വിചാരിച്ചിരുന്നേയില്ല.
Continue.....Click Here

2009-09-20

നിന്നെ മറക്കുകയെന്നാല്‍ മൃതിയാണ്-ഭാഗം-02  

വിവാഹത്തിനുമുന്‍പ് നന്ദിതക്ക്, അവളുടെ കവിതകള്‍ക്ക് ചിലങ്കയണിയിച്ച ഒരു പ്രണയമുണ്ടായിരുന്നു. മതങ്ങളുടേയും, ബന്ധുക്കളുടേയും എതിപ്പുകള്‍ കാരണം ആ വിവാഹം നടക്കാതിരുന്നതിനാല്‍ നന്ദിത സ്വന്തം മാതാപിതാക്കളില്‍ നിന്നും അകന്നു. പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള അജിത് എന്ന കൂലിപണിക്കാരനെ നന്ദിത വിവാഹം കഴിച്ചത് അവരോടുള്ള പ്രതികാരമായ്‌ കാണേണ്ടിയിരിക്കുന്നു‍. "ഒരിക്കലും അഡ്ജസ്റ്റ്‌ ചെയ്യാന്‍ പറ്റില്ലെന്നറിഞ്ഞുകൊണ്ടു തന്നെയായിരുന്നു ബത്തേരിക്കാരനായ അജിത്തിനെ വിവാഹം കഴിച്ചത്. ഒരു വാശിതീര്‍ക്കലായി വേണം അതിനെ കാണാന്‍" എന്ന് നന്ദിതയുടെ കവിതകളുടെ മുഖവുരയില്‍ എഴുതിയിട്ടുള്ളതും, "അജിത്തും നന്ദിതയും തമ്മില്‍ പ്രണയമുണ്ടായിരുന്നോ എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല" എന്ന നന്ദിതയുടെ അമ്മ, പ്രഭാവതിയുടേയും വാക്കുകളും ഇതിന് അടിവരയിടുന്നു. വിവാഹത്തിന് മുമ്പ് തന്നെ, തന്നെകുറിച്ച് എല്ലാം തുറന്നു പറഞ്ഞിരുന്ന നന്ദിതയെ, അജിത്ത് ആത്മാര്‍ത്ഥമായും സ്നേഹിച്ചിരുന്നു. എന്നാല്‍ നന്ദിതക്ക് അജിത്തിനോടുണ്ടായിരുന്നത് സ്നേഹമോ അതോ പ്രണയ നഷ്ടത്തിന് കാരണക്കാരായവരോട് പ്രതികാരം ചെയ്യാന്‍ കണ്ടത്തിയ കാമുകനോ? നന്ദിതക്ക് ഇതു രണ്ടുമായിരുന്നു അജിത്ത് എന്നുവേണം കരുതാന്‍.
Continue.....Click Here

2009-09-18

നിന്നെ മറക്കുകയെന്നാല്‍ മൃതിയാണ്-ഭാഗം-01  

കേരളത്തിന്റെ ഹരിതഘട്ടം എന്നു വിശേഷിപ്പിക്കുന്ന പ്രക്യതി സുന്ദരമായ വയനാട്ടിലേക്ക് യാത്ര തിരിക്കുമ്പോള്‍, സ്നേഹത്തിനുവേണ്ടി ഉഴറുകയും അതു ലഭിക്കാതെ വന്നപ്പോള്‍ അകാലത്തില്‍ മരണത്തെ പുല്‍‌കുകയും ചെയ്ത നന്ദിത എന്ന കവയത്രിയായിരുന്നു മനസ്സുനിറയെ. വരണമാല്യം ചാര്‍ത്തി അവള്‍ വരിച്ച അജിത്തിന് എന്നും ഒരു വില്ലന്‍ പരിവേഷമായിരുന്നു വാമൊഴിയായും വരമൊഴിയായും കിട്ടിയിരുന്നത്. മേഘമുനകൊണ്ട് സ്വന്തം ഡയറിയില്‍ പ്രണയം കുറിച്ചിട്ട്, ആരോടും ഒന്നും പറയാതെ മലയാളികളുടെ മനസ്സില്‍ അവ്യക്ത സുന്ദരമായ ഒരു വളകിലുക്കം അവശേഷിപ്പിച്ച് കടന്നുപോയ നന്ദിതയുടെ മനസ്സ് കവര്‍ന്നെടുത്ത, അജിത്തിനെ കാണണം സംസാരിക്കണം എന്നതായിരുന്നു യാത്രയുടെ പ്രധാന ഉദ്ദേശം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെ ചീരാല്‍ വില്ലേജിലെ വീട്ടില്‍ എത്തുമ്പോള്‍, അജിത്ത് എങ്ങനെ ആകും പ്രതികരിക്കുക എന്ന ഒരു പേടി ഇല്ലാതിരുന്നില്ല. നന്ദിതയെകുറിച്ചും അവരുടെ ജീവിതത്തെ കുറിച്ചും , പ്രണയത്തെപറ്റിയും ചോദിക്കുമ്പോള്‍ എനിക്കുനേരെ നോക്കി പൊട്ടിതെറിച്ചേക്കുമോ എന്ന നേരിയ ഒരു ഭയം എന്നെ ഗ്രസിച്ചിരുന്നു. അതിനാല്‍ അജിത്തുമായ് സംസാരിക്കും മുന്‍പുതന്നെ ആ വീടിന്റെ ഒരു ചിത്രം എടുക്കാന്‍ സഹചാരിയായ ക്യാമറയും തയ്യാറാക്കികൊണ്ടാണ് ആ പടികടന്നത്. റോഡില്‍ നിന്നും അല്പം ഉയരത്തിലുള്ള, ചെമ്പകവും അരളിയും മന്ദാരവും പൂവിടര്‍ത്തില്‍ക്കുന്ന തൊടിയില്‍, ആഡ്യത്വം പ്രതിഫലിക്കുന്ന ഓടിട്ട ആ പഴയ വീടിന്റെ പടികടന്ന് മുറ്റത്തെത്തി ചിത്രം എടുക്കാന്‍ തുടങ്ങുമ്പോഴേക്കും അജിത്തിന്റെ അമ്മ ഉമ്മറത്തേക്കിറങ്ങിവന്നു.
Continue.....Click Here

2009-09-16

നന്ദിത - മരണത്തെ സ്നേഹിച്ച പ്രണയിനി  

വയനാടന്‍ ചുരങ്ങളെ മഞ്ഞുപൊതിയുന്ന മകര മാസത്തിലെ തണുത്ത രാത്രിയില്‍ അവ്യക്ത സുന്ദരമായ ഒരു വളകിലുക്കം അവശേഷി- പ്പിച്ചുകൊണ്ട് രണ്ടു മുഴം നീളമുള്ള ചുരിദാര്‍ ദുപ്പട്ടയില്‍ നന്ദിത എന്ന സംഗീത തുന്ദിലിതമായ നാമം പിടഞ്ഞു മരിച്ചപ്പോള്‍, സുഹ്യത്തു-ക്കളേയോ ബന്ധു ജനങ്ങളേയോ എന്നല്ല അവനവനെ തന്നെ ബോധ്യപ്പെടുത്താ- നാവാത്ത ഒരു സമസ്യയാണ് ആത്മഹത്യ എന്ന് നമുക്ക് കാട്ടിതരികയായിരുന്നു.

ദാമ്പത്യജീവിതത്തിലെ താളപിഴകളാണ് ആ മരണത്തിനു കാരണമന്ന് സുഹ്യത്തുക്കളും ബന്ധുക്കളും വിധിയെഴുതി. എന്നാല്‍ അജ്ഞാതമായ കാരണങ്ങളാല്‍ മരണത്തിന്റെ ഈറന്‍ വയലറ്റ് പൂക്കള്‍ തേടിപോയ സുന്ദരിയായ പെണ്‍കുട്ടിയുടെ തലയിണക്കടിയില്‍ നിന്നും കണ്ടെടുത്ത, ഡയറികുറിപ്പുകളായ് എഴുതിയ 59 കവിതകളടങ്ങിയ ഡയറി, ഉത്തരം കിട്ടാത്ത അനേകം ദുരൂഹതകളിലേക്കാണ് കൊണ്ടെത്തിച്ചത്. നന്ദിത രഹസ്യമാക്കി സൂക്ഷിച്ചിരുന്ന നമ്പര്‍ ലോക്കിട്ട് ഭദ്രമക്കപ്പെട്ട ഇരുമ്പുപെട്ടി കുത്തിപൊളിച്ചതും, കണ്ടെടുക്കപ്പെട്ട ഡയറിയിലെ താളുകള്‍ ചീന്തിയെടുക്കപ്പെട്ടതും എന്തിനെന്നത് നന്ദിതയുടെ ഭര്‍ത്താവായ അജിത്തിന് മാത്രം അറിയാവുന്ന രഹസ്യം.

എന്തിനായിരുന്നു നന്ദിത മരണത്തിന്റെ ഈറന്‍ വയലറ്റ് പൂക്കള്‍ തേടിപോയത്? കൗമാരകാലം മുതല്‍ ഒരു ഉന്മാദിയെപോലെ നന്ദിത എന്നും മരണത്തെ സ്നേഹിച്ചിരുന്നു എന്നു വേണം അനുമാനിക്കാന്‍. 1982-ല്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കവിതയെഴുതിതുടങ്ങിയ നന്ദിത, കവിതകള്‍ എഴുതിയിരുന്നു എന്നറിയുന്നത് 1999-ല്‍ അവള്‍ മരിച്ചതിനു ശേഷം മാത്രം. ഡയറിയില്‍ സ്വന്തം കുറിപ്പുകള്‍ക്ക് താഴെ കൈയ്യൊപ്പിടാറുണ്ടായിരുന്ന നന്ദിതയുടെ ചില കവിതകളുടെ താഴെ പവിത്രന്‍, അമ്മു എന്നീ അപരിചിതവും അജ്ഞാതവുമായ പേരുകള്‍ കൊണ്ട് വ്യത്യസ്തമായ കൈപ്പടയില്‍ ഒപ്പിട്ടിരുന്നു. അമ്മു എന്നത് നന്ദിത മകള്‍ക്കിടാന്‍ കാത്തുവച്ചിരുന്ന പേരായിരുന്നുവന്ന് അജിത് പറയുന്നു.

"ഇന്നലെ രാത്രിയിലും
ഏതോ ഒരു പൂവിരിഞ്ഞിരിക്കും
ആ സുഗന്ധത്തില്‍ ആരൊക്കെയോ
മരിച്ചു വീണിരിക്കും" എന്ന കവിതയുടെ അടിയില്‍ പവിത്രന്‍ എന്ന പേരില്‍ ഒപ്പിട്ടിരുന്നു. മറ്റു പല കവിതകളുടേയും അരികില്‍ It is great, Very Nice, Excellent എന്നിങ്ങനെ പവിത്രന്റെ തന്നെ കൈപ്പടയില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നിരാകരിക്കപ്പെട്ട നക്ഷത്ര സ്നേഹത്തിന്റെ അജ്ഞാത കരങ്ങളാകാം അതെന്ന് അജിത്തും വിശ്വസിക്കുന്നു.

നന്ദിത എന്നും വീട്ടുകാരില്‍ നിന്നും അകന്നു നിന്നായിരുന്നു സ്കൂള്‍ പഠനവും കലാലയ ജീവിതവും പൂര്‍ത്തിയാക്കിയത്. ഹോസ്റ്റലില്‍നിന്ന നന്ദിത തെന്റെ ജീവിതത്തിലെ സുവര്‍ണ്ണ കാലഘട്ടമായ കലാലയ ജീവിതം നന്നായി ആഘോഷിച്ചു. കോളജിലെ ആദ്യദിവസം, റാഗിംങ് ഗ്രൂപ്പിലുണ്ടായിരുന്ന നന്ദിത, നാട്ടുകാരി എന്ന പരിഗണനയില്‍ തന്നെ റാഗിംങില്‍ നിന്നും ഒഴിവാക്കിയതും, പച്ച ഹാഫ്‌ സ്ലീവ് ചുരിദാറുമിട്ട് ഹോസ്റ്റലിന്റെ മുന്നില്‍ വൈകുന്നേരങ്ങളില്‍ നന്ദിത സുഹ്യത്തുക്കളോട് സൊറപറഞ്ഞിരിക്കുന്നതും ജൂനിയറും നാട്ടുകാരിയുമായ സുമ ഇന്നലെപോലെ ഓര്‍ക്കുന്നു. കലാലയത്തില്‍ ഒരു പൂമ്പാറ്റയെപോലെ പറന്നുനടഞ്ഞ നന്ദിത സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും കലാസാഹിതിയിലും ഊര്‍ജ്ജസ്വലതയുള്ള ഒരു സംഘാടകകൂടിയായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി 1993-ല്‍ നന്ദിത വയനാട്ടിലെ സ്വന്തം വീട്ടില്‍ തിരിച്ചെത്തി.

വ്യക്തിപരമായ, ഇന്നും നന്ദിതയുടെ ആരാധകര്‍ ദുരൂഹമന്നു കരുതുന്ന ഒരു സംഭവത്തെ തുടര്‍ന്ന് നന്ദിത വീട് വിട്ട് ചിരാലിലുള്ള ചെറിയമ്മയുടെ വീട്ടിലേക്ക് താമസം മാറ്റി. അത് നന്ദിതയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ചെറിയമ്മയുടെ വീട്ടില്‍ വച്ചാണ് നന്ദിത അജിത്തെന്ന സുമുഖനായ അയല്‍‌വാസിയെ ആദ്യമായ് കാണുന്നത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും യാതൊരു വിധ സാമ്യതയുമില്ലാതിരുന്നിട്ടും നന്ദിത അജിത്തുമായ് അടുപ്പത്തിലായി. വയനാട്ടിലും കോഴിക്കോടും മറ്റുമായ് അജിത്തിന്റെ ഒപ്പം തന്റെ പ്രണയകാലം ആഘോഷിച്ച നന്ദിത ഫാറൂക്കില്‍ വച്ച് അജിത്തിനെ രജിസ്റ്റര്‍ മാര്യേജ് ചെയ്ത് സ്വന്തം വീട്ടുകാരോട് പകപോക്കി. എന്തിന്റെ പേരിലാണ് നന്ദിത അജിത്തിനെ വിവാഹം കഴിച്ചതന്ന് മനസ്സിലാകുന്നില്ലന്ന് നന്ദിതയുടെ ബന്ധുവായ അജിത് നായറും, അജിത്തും നന്ദിതയും തമ്മില്‍ പ്രണയമുണ്ടായിരുന്നോ എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലന്ന് നന്ദിതയുടെ അമ്മ പ്രഭാവതിയും, നന്ദിതയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയും, ക്യാന്‍സര്‍ ബാധിച്ച് അകാലത്തില്‍ പൊലിഞ്ഞുപോയ മുട്ടില്‍ വയനാട്‌ മുസ്ലിം ഓര്‍ഫനേജ്‌ കോളേജില്‍ മലയാളം അദ്ധ്യാപികയായിരുന്നു ശ്രീലതയും പറയുന്നു.

"നീ നിര്‍വ്വികാരനാണ്, മോഹമില്ലാത്തവന്‍, നിനക്ക് എന്റെ ദു:ഖങ്ങളോട് പ്രതികരിക്കാന്‍ കഴിയില്ല, നമ്മള്‍ തമ്മില്‍ ഒരേ സാമ്യത മാത്രം, നമ്മുടെ മനസ്സില്‍ ശൂന്യത കുടിയേറിയിരിക്കുന്നു" എന്ന് അജിത്തിനെ ആദ്യമായ് കാണുന്നതിനും വളരെ നാളുകള്‍ക്ക് മുന്‍പേ, തന്റെ ഡയറിയില്‍ എഴുതിയ നന്ദിത രണ്ടുതവണ വിവാഹമോചനത്തിന് ശ്രമിച്ചിരുന്നു. പക്ഷേ അജിത്തിന് സമ്മതമായിരുന്നില്ല. അജിത്തിന്റെ ഇഷ്ടപ്രകാരമല്ലാതെ വിവാഹമോചനത്തിന് നന്ദിതയും തയ്യാറായിരുന്നില്ല. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷമായിട്ടും അവര്‍ക്ക് കുട്ടികള്‍ ഇല്ലായിരുന്നുവങ്കിലും അജിത്തിന് നന്ദിതയെ പ്രാണനായിരുന്നുവന്ന് നന്ദിതയുടെ അമ്മയും കൂട്ടുകാരി ശ്രീലതയും ശരിവയ്ക്കുന്നു.

വിവാഹത്തിനു മുന്‍പും അതിനു ശേഷവും ഒരിക്കലും ഒന്നും ആവശ്യപ്പെട്ടിട്ടില്ലാത്ത നന്ദിത ഒരിക്കല്‍ മാത്രം പച്ചകല്ലു വച്ച ഒരു നഗപടതാലി വേണമന്ന് അജിത്തിനോട് ആവശ്യപ്പെട്ടു. ജോലിയോ മറ്റ് വരുമാനമോ ഒന്നും ഇല്ലാതിരുന്നിട്ടും അജിത് ആ ആഗ്രഹം സാധിച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് ഗള്‍ഫില്‍ പോകാനായ് ബോംബെയിലേക്ക് പോയ അജിത്തിന് ചില സാങ്കേതിക കാരണങ്ങളാല്‍ പോകാന്‍ കഴിയാതെ വരികയും ബോബെയില്‍ തന്നെ കുറെ നാള്‍ തങ്ങേണ്ടി വരികയും ചെയ്തു. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നാടുമുഴുവന്‍ അലഞ്ഞ് അജിത്തിന് ഇഷ്ടമുള്ള സാധനങ്ങളെല്ലാം വാങ്ങികൂട്ടി, കോളജില്‍ നിന്നും ലീവെടുത്ത് നന്ദിത ബോംബയിലെക്ക് പോയി. ഒരുപാട് സന്തോഷവതിയായ് ഏതാനും ദിവസങ്ങള്‍ ബോംബയില്‍ അജിത്തിനൊപ്പം ചിലവഴിച്ച് നന്ദിത നാട്ടിലേക്ക് തിരിച്ചുപോന്നു. മുസ്ലിം ഓര്‍ഫനേജ്‌ കോളേജില്‍ മറ്റൊരാളുടെ ലീവ് വേക്കന്‍സിയിലായിരുന്നു നന്ദിത ജോലി ചെയ്തിരുന്നത്. ഇടക്കൊക്കെ കൊടൈകനാലിലേക്ക് പോയിരുന്ന നന്ദിത ബോംബെയില്‍ നിന്നും തിരിച്ചെത്തിയ ശേഷം ഒരിക്കല്‍ കൂടി കൊടൈകനാലിലേക്ക് പോയി. അവിടനിന്നും തിരിച്ചെത്തുമ്പോള്‍ നന്ദിതക്ക് കോളജില്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍കൂടിയായിരുന്നു ബാക്കി.

സി‌ല്‍‌വിയ പ്ലാത്തിന്റെ മരണ വാസനയുള്ള കവിതകളേയും, ആത്മഹത്യാരീതിയേയും ആരാധിച്ചിരുന്ന നന്ദിത, അവരുടെ കവിതകള്‍ക്കായി തന്റെ സ്വകാര്യ ഗ്രന്ഥശാലയില്‍ പ്രത്യേക ഇടം കണ്ടത്തിയിരുന്നു. മരിക്കുന്ന ദിവസം രാത്രിയില്‍ അത്താഴം കഴിഞ്ഞ് "എനിക്ക് ഒരു എസ്. റ്റി. ഡി കോള്‍ വരാനുണ്ട്, ഞാന്‍ തന്നെ അറ്റന്‍ഡ് ചെയ്തോളാം" എന്ന് അമ്മയോട് പറഞ്ഞ് ഫോണ്‍കോളിനായ് കാത്തിരുന്നു. രാത്രി ക്യത്യം പത്തരക്ക് വന്ന ഫോണ്‍കോള്‍ നന്ദിതതന്നെ അറ്റന്‍ഡ് ചെയ്തു. വളരെ സന്തോഷവതിയായ് സംസാരിച്ചു തുടങ്ങിയ നന്ദിത ഫോണ്‍ കട്ട് ചെയ്യുമ്പോഴേക്കും വല്ലാതെ അസ്വസ്ഥയായിരുന്നു. മുകളിലത്തെ മുറിയില്‍ കൂട്ടിലിട്ട വെരുകിനെപോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന നന്ദിതയെ കണ്ടുകൊണ്ടാണ് അമ്മ പ്രഭാവതി ഉറങ്ങാന്‍ കിടന്നത്. കുറെ കഴിയുമ്പോള്‍ അവള്‍ കയറികിടന്ന് ഉറങ്ങിക്കൊള്ളും എന്നു കരുതിയ അവര്‍ ഉറങ്ങിപോയി. എന്തോ ഒരു ശബ്ദം കേട്ടു ഞെട്ടിയുണര്‍ന്ന് ഓടിചെന്ന് നോക്കുമ്പോള്‍ ചുവരില്‍ ഒരു മുഴുനീളന്‍ നിഴല്‍ ആടുന്നതാണ് കണ്ടത്. അറുത്ത് താഴയിടുമ്പോള്‍ നല്ല ചൂടുണ്ടായിരുന്ന അവളുടെ ശരീരത്തില്‍ ജീവന്‍ നിലച്ചിരുന്നോ എന്നു സംശയം.

"ഞാന്‍ ഉരുകുകയാണ് ഉരുകുകയാണ്
ഉരുകുകയാണ്
നീയല്ലാതെ യാതൊന്നും
എന്നില്‍ ശേഷിക്കുന്നില്ല" എന്ന മാധവികുട്ടിയുടെ വരികള്‍ ഡയറിയിലെ മുഖകുറിപ്പായ് കുറിച്ചിട്ടിരുന്ന നന്ദിതയെ ഇത്രത്തോളം ഉരുക്കിയതെന്തായിരുന്നു? ഡയറിയിലെ ചില താളുകളില്‍ ചില പ്രത്യേക തീയ്യതികളുടെ അടിയില്‍ Missed you terribly എന്ന് എഴുതി വച്ചിട്ടുണ്ട്. ആരെയായിരുന്നു നന്ദിത ഇത്രത്തോളം നഷ്ടപ്പെടുത്തിയത്? "എനിക്ക് നഷ്ടമായത് എന്റെ ലക്ഷ്യമാണ്, എന്റെ ഹ്യദയമാണ്, എന്റെ നഷ്ടത്തെ ഞാന്‍ ശ്വസിക്കുന്നു" എന്നെഴുതിയ നന്ദിതയുടെ ഹ്യദയത്തിനുമേല്‍ കൈയ്യൊപ്പിട്ട ആ കരങ്ങള്‍ നഷ്ടമാകാന്‍ ആരായിരുന്നു കാരണക്കാര്‍? മരിക്കുന്നതിനു തൊട്ടുമുന്‍പ് വന്ന ആ അജ്ഞാത ഫോണ്‍കോള്‍ ആരുടേതായിരുന്നുവന്ന് വ്യക്തമായും അറിയുന്ന അജിത്ത്, അത് വെളിപ്പെടുത്താന്‍ തയ്യാറാകാത്തിടത്തോളം നന്ദിതയുടെ ആരാധകര്‍ക്ക് അത് എന്നും ഒരു ദുരൂഹത മാത്രമായിരിക്കും.

പുനപ്രസിദ്ധീകരണം.

2009-05-18

നന്ദിത - മരണത്തെ സ്നേഹിച്ച പ്രണയിനി  

വയനാടന്‍ ചുരങ്ങളെ മഞ്ഞുപൊതിയുന്ന മകരമാസത്തിലെ തണുത്തരാത്രിയില്‍ അവ്യക്തസുന്ദരമായ ഒരു വളകിലുക്കം അവശേഷിപ്പിച്ചുകൊണ്ട് രണ്ടു മുഴം നീളമുള്ള ചുരിദാര്‍ ദുപ്പട്ടയില്‍ നന്ദിത എന്ന സംഗീത തുന്ദിലിതമായ നാമം പിടഞ്ഞു മരിച്ചപ്പോള്‍, സുഹ്യത്തുക്കളേയോ ബന്ധുജനങ്ങളേയോ എന്നല്ല അവനവനെ തന്നെ ബോധ്യപ്പെടുത്താനാവാത്ത ഒരു സമസ്യയാണ് ആത്മഹത്യ എന്ന് നമുക്ക് കാട്ടിതരികയായിരുന്നു. ദാമ്പത്യജീവിതത്തിലെ താളപിഴകളാണ് ആ മരണത്തിനു കാരണമന്ന് സുഹ്യത്തുക്കളും ബന്ധുക്കളും വിധിയെഴുതി. എന്നാല്‍ അക്ഞാതമായ കാരണങ്ങളാല്‍ മരണത്തിന്റെ ഈറന്‍ വയലറ്റ് പൂക്കള്‍ തേടിപോയ സുന്ദരിയായ പെണ്‍കുട്ടിയുടെ തലയിണക്കടിയില്‍ നിന്നും കണ്ടെടുത്ത ഡയറികുറിപ്പുകളായ് എഴുതിയ 59 കവിതകളടങ്ങിയ ഡയറി, ഉത്തരം കിട്ടാത്ത അനേകം ദുരൂഹതകളിലേക്കാണ് കൊണ്ടെത്തിച്ചത്. നന്ദിത രഹസ്യമാക്കി സൂക്ഷിച്ചിരുന്ന നമ്പര്‍ ലോക്കിട്ട് ഭദ്രമക്കപ്പെട്ട ഇരുമ്പുപെട്ടി കുത്തിപൊളിച്ചതും, കണ്ടെടുക്കപ്പെട്ട ഡയറിയിലെ താളുകള്‍ ചീന്തിയെടുക്കപ്പെട്ടതും എന്തിനന്നത് നന്ദിതയുടെ ഭര്‍ത്താവായ അജിത്തിന് മാത്രം അറിയാവുന്ന രഹസ്യം.

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഇവിടെയും ക്ലിക്കിയാല്‍ വായിക്കാം
.

2008-08-19

കുറ്റസമ്മതം  

മാവിന്‍ കൊമ്പിലിരുന്ന് കുയിലുകള്‍ പാടുന്നു
നിറഞ്ഞൊഴുകുന്ന സംഗീതം.
വൈകിയറിഞ്ഞു; സ്വരമിടറാതെ
അവള്‍ കരയുകയായിരുന്നു.

തുമ്പികള്‍ മുറ്റത്ത്‌ ചിറകടിച്ചാര്‍ത്തപ്പോള്‍
സ്നേഹിക്കയാണെന്ന് ഞാന്‍ കരുതി
അവ മത്സരിക്കയാണെന്ന്
നിന്‍റെ മൌനം എന്നോട്‌ പറഞ്ഞു.

കാറ്റ്‌ പൂക്കളോട്‌ പറഞ്ഞു;
വെറുതെ അതുമിതും പറഞ്ഞിരിക്കാം
നാലുമണിപ്പൂക്കളും നന്ത്യാര്‍വട്ടങ്ങളും
സ്നേഹം ചിരിയിലൊതുക്കുന്നു.
ആ പുഞ്ചിരിയില്‍ വേദനയാണെന്നോ?

ശൂന്യത സത്യമാണെന്നോ?
അരുത്‌ എന്നെ വെറുതെ വിടൂ
എന്നെ ഉറങ്ങാനനുവദിക്കൂ.
സ്വപ്നങ്ങളിലെന്‍റെ അമ്മയുണ്ട്‌…

കണ്ണുകള്‍ കൊണ്ടെന്നെ മുറിപ്പെടുത്താതെ,
നിഷേധത്തിനിനി അര്‍ത്ഥമില്ല; ഞാന്‍
സമ്മതിക്കുന്നു
എനിക്ക്‌ തെറ്റുപറ്റി.

  • 1992

- നന്ദിത ഈ കവിതക്ക്‌ തലക്കെട്ട്‌ ഇട്ടിരുന്നില്ല-

2008-08-01

യാത്രാമൊഴി  

തിരക്കൊഴിഞ്ഞ രണഭൂമി
ആളൊഴിഞ്ഞ ശിബിരം
ഉടയുന്ന കുപ്പിവളകള്‍
മായുന്ന സിന്ദൂരം,
മണ്‍കുടം ഉടഞ്ഞു തെറിച്ച സ്നേഹം
വരണ്ട ഭൂമി നക്കിത്തുടയ്ക്കുന്നു.

ചേലത്തുമ്പില്‍ ഉടക്കി നിന്ന
ഒരു പുഞ്ചിരി;
നനഞ്ഞ കണ്ണുകള്‍…
ചേലയുടെ നിറങ്ങളോടൊപ്പം
ഒരു യാത്രാമൊഴി കൂടി
വെളുപ്പില്‍ കുതിരുമ്പോള്‍
സ്നേഹം
ഈശ്വരന്‍ വഞ്ചിച്ച പതിവ്രതയായി
തുളസിയായി പുനര്‍ജ്ജനിയില്ലാതെ
മൂര്‍ച്ഛിക്കുന്നു.

ഞാന്‍ വീണ്ടും ഒറ്റയാവുന്നു.

  • 1993 ഡിസംബര്‍ 23

-നന്ദിത ഈ കവിതക്ക്‌ തലക്കെട്ട്‌ ഇട്ടിരുന്നില്ല-

2008-07-20

ലയനം  

എന്റെ വ്യന്ദാവനം
ഇന്ന്
ഓര്‍മ്മകളില്‍ നിന്നെ തിരയുകയാണ്
അതിന്റെ ഒരുകോണിലിരുന്ന്
ഞാന്‍ നിന്നെ മറക്കാന്‍ ശ്രമിക്കുകയും
ഹ്യദയവും മനസ്സും രണ്ടാണന്നോ?

രാത്രികളില്‍
നിലാവ് വിഴുങ്ങിതീര്‍ക്കുന്ന കാര്‍മേഘങ്ങള്‍
നനഞ്ഞ പ്രഭാതങ്ങള്‍
വരണ്ട സായാഹ്‌നങ്ങള്‍
ഇവ മാത്രമാണ്
ഇന്നെന്റെ ജീവന്‍ പങ്കുവയ്‌ക്കുന്നത്
എനിക്കും നിനക്കുമിടയില്‍
അനന്തമായ അകലം

എങ്കിലും
നനുത്ത വിരലുകലള്‍കൊണ്ട്
നീയെന്റെ ഉള്ളുതൊട്ടുണര്‍ത്തുമ്പോള്‍
നിന്റെ അദ്യശ്യമായ സാമീപ്യം
ഞാനറിയുന്നു

പങ്കുവയ്‌ക്കുമ്പോള്‍
ശരീരം ഭൂമിക്കും
മനസ്സ് എനിക്കും ചേര്‍ത്തുവച്ച
നിന്റെ സൂര്യനേത്രം
എന്റെ ആകാശം നിറഞ്ഞുകത്തുകയാണ്
മനസ്സ് ഉരുകിയൊലിക്കുമ്പോള്‍
നിന്റെ സ്‌നേഹത്തിന്റെ നിറവ്
സിരകളില്‍ അലിഞ്ഞു ചേരുന്നു

ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുകയാണ്
നിന്നെ മറക്കുകയെന്നാല്‍ മ്യതിയാണന്ന്
ഞാന്‍, നീ മാത്രമാണന്ന്

- നന്ദിത-

2008-07-18

യാത്ര  

യാത്ര അവസാനമില്ലാത്ത യാത്ര
പ്രിയ ഗുരു ഇന്നെന്റെ സാരഥി
ചീനയില്‍ നിന്നൊരു സഹയാത്രിക
ബുദ്ധന്റെ ചിരി കണ്ടു മടങ്ങുന്ന യാത്ര

ഓരോ യാത്രയുടെ അന്ത്യവും
പുതിയൊരു യാത്രയുടെ തുടക്കം
ഇരുട്ടു തിന്നുന്ന ഗുഹകളില്‍ കൂടി
ദ്രുതവേഗമുള്ളൊരു യാത്ര

കാണുന്നു ദൂരെ മലനിരകളില്‍
ചിരിമാഞ്ഞ്പോയൊരാ നിന്‍ മുഖം
നിന്റെ സൂര്യനേത്രത്തില്‍ നിന്നെന്‍
മുടിയിഴകളിലേക്കഗ്നി പടര്‍ത്തുക
സ്വപ്നങ്ങളില്ലാതെ വേപഥുകൊള്ളാതെ
എന്നേക്കുക്കുമായെനിക്കൊന്നുറങ്ങാന്‍

2008-07-12

നിന്നെ ഞാന്‍ സ്നേഹിക്കുന്നു…  

നീ ചിന്തിക്കുന്നു
നിനക്കു കിട്ടാത്ത സ്നേഹത്തെ കുറിച്ച്‌.
നിനക്ക്‌ ഭൂമിയാണ്‌ മാതാവ്‌
നിന്നെ കരള്‍ നൊന്തു വിളിക്കുന്ന
മാതാവിനെ നീ കാണുന്നില്ല.
നീ അകലുകയാണ്‌.
പിതാവിനെത്തേടി,
മാതാവിനെ ഉപേക്ഷിച്ച്‌…..
ഹേ മനുഷ്യാ നീ എങ്ങോട്ടുപോയിട്ടെന്ത്‌?
ക്ഷമിക്കൂ, നിന്നെ ഞാന്‍ സ്നേഹിക്കുന്നു…
നിന്റെ കരുവാളിച്ച മുഖത്തെ,
എല്ലുന്തിയ കവിള്‍ത്തടങ്ങളെ,
നിന്റെ വെളുത്ത ഹൃദയത്തെ
എന്നോട്‌ ക്ഷമിക്കൂ.

  • 1886
- നന്ദിത ഈ കവിതക്ക്‌ തലക്കെട്ട്‌ ഇട്ടിരുന്നില്ല-

2008-07-11

മൃതി  

ഉഷ്ണമാപിനികളിലൂടെ ഒഴുകുന്ന രക്തം
തലച്ചോറില്‍ കട്ട പിടിക്കുന്നതിനു മുന്‍പ്‌
എനിക്ക്‌ ശ്വസിക്കാനൊരു തുളസിക്കതിരും
ഒരു പിടി കന്നിമണ്ണും തരിക.
ദാഹമകറ്റാന്‍ ഒരിറ്റ്‌ ഗംഗാജലം
അടഞ്ഞ കണ്ണുകളില്‍ തേഞ്ഞുതുടങ്ങുന്ന
ചിന്തകളെ പുതപ്പിക്കാന്‍
എനിക്ക്‌ വേണ്ടതൊരു മഞ്ഞപ്പട്ട്‌.
തല വെട്ടിപ്പൊളിക്കാതെ
ഉറഞ്ഞു കൂടിയ രക്തം ഒഴുക്കിക്കളയാന്‍
നെറ്റിയില്‍ മഴമേഘങ്ങളില്‍ പൊതിഞ്ഞൊരു കൈത്തലം
എള്ളും എണ്ണയുമൊഴിച്ചെന്റെ ചിതയെരിയുമ്പോള്‍
അഗ്നി ആളിപ്പടരാന്‍, വീശിയറ്റിക്കുന്ന കാറ്റായ്‌
ജ്വലിക്കുന്നൊരു മനസ്സും.
കാറ്റും അഗ്നിയും ചേര്‍ന്നലിഞ്ഞ്‌
ഓരോ അണുവിലും പടര്‍ന്നു കയറട്ടെ.
ആ ജ്വാലയാണിന്നെന്റെ സ്വപ്നം.

  • 1992

- നന്ദിത ഈ കവിതക്ക്‌ തലക്കെട്ട്‌ ഇട്ടിരുന്നില്ല-

2008-07-10

മൂഢത  

നിന്റെ മൂഢതയോര്‍ത്ത്‌
ലോകം അട്ടഹസിക്കുന്നു;
നിന്നെ ഭ്രാന്തിയെന്നു വിളിക്കുന്നു.
ആ കൂര്‍മ്മ നേത്രങ്ങള്‍ ഒന്നും കാണുന്നില്ല.
നിന്നെയവര്‍ കാണുന്നില്ല.
നീ അകലെയാണ്‌
ആയിരം കാതങ്ങള്‍ക്കുമപ്പുറത്ത്‌.
അവരുടെ കണ്ണുകള്‍ നിന്നെ കാണുമ്പോള്‍
നീ അട്ടഹസിക്കുകയാണ്‌.
നിന്റെ മൂഢതയോര്‍ത്തല്ല;
അവരുടെ മൂഢതയോര്‍ത്ത്‌…

  • 1986
- നന്ദിത ഈ കവിതക്ക്‌ തലക്കെട്ട്‌ ഇട്ടിരുന്നില്ല-

2008-07-09

മരണം  

വേദനയുടെ ചാലുകള്‍ കീറി
മനസ്സിലൊഴുക്കിയ നീരത്രയും വലിച്ചെടുത്ത്‌
വിരിഞ്ഞൊരു താമരപ്പൂവ്‌;
തിരിച്ചറിവിന്റെ സന്തതി
മൂര്‍ച്ഛിച്ചു വീണ മാതാവിന്റെ കണ്ണുകളില്‍
മരണം.
പൊട്ടിച്ചിരിക്കുന്ന താമരപ്പൂവിന്‌
ജ്വാല പകരുന്ന സൂര്യന്‍,
ഇനി കത്തിയമരാനുള്ള ഊഴം
നമ്മുടെ മനസ്സുകള്‍ക്ക്‌.

  • 1993 June 26
- നന്ദിത ഈ കവിതക്ക്‌ തലക്കെട്ട്‌ ഇട്ടിരുന്നില്ല-

2008-07-08

മഞ്ഞ്‌ പെയ്യാത്ത ഡിസംബര്‍  

മഞ്ഞ്‌ പെയ്യാത്ത ഡിസംബര്‍
തണുത്തുറയാത്ത നെയ്യ്‌
നിറതിരി പടര്‍ന്നുകത്തുന്ന നിലവിളക്ക്‌
തുളസിത്തറയില്‍ ഉഷ്ണം പെറ്റുപെരുകുന്നു
എന്റെ തളിര്‍ വാടകക്ക്‌ നീറുന്നു
രക്തസിന്ദൂരം ചാര്‍ത്തി നിറഞ്ഞുപൂക്കാന്‍
ഞാനവളോട്‌ പറഞ്ഞില്ല.
ഡിസംബറിന്റെ ഉഷ്ണം അവളെ അലട്ടുന്നുണ്ടാവാം.
പക്ഷേ
എനിക്ക്‌ ക്രൂരയായേ പറ്റൂ
കാലത്തിലൂടെ പിറകോട്ട്‌ പോവാന്‍
ഞാനവളോട്‌ എങ്ങിനെ പറയും?…

  • 1993 ഡിസംബര്‍ 4
- നന്ദിത ഈ കവിതക്ക്‌ തലക്കെട്ട്‌ ഇട്ടിരുന്നില്ല-

2008-07-07

മടക്കയാത്ര  

ശിരസ്സുയര്‍ത്താനാവാതെ
നിന്റെ മുഖം കൈകളിലൊതുക്കി
നെറ്റിയിലമര്‍ത്തി ചുംബിക്കാനാവാതെ
ഞാനിരുന്നു
നീണ്ട യാത്രയുടെ ആരംഭത്തില്‍
കടിഞ്ഞാണില്ലാത്ത കുതിരകള്‍ കുതിക്കുന്നു
തീക്കൂനയില്‍ ചവുട്ടി വേവുന്നു,
ഇനി നമ്മളെങ്ങോട്ടു പോവാന്‍…?
എനിക്കിനി മടക്കയാത്ര.
എന്നെ തളര്‍ത്തുന്ന നിന്റെ കണ്ണുകളുയര്‍ത്തി
ഇങ്ങനെ നോക്കാതിരിക്കൂ
നിന്നെത്തേടിയൊരു ജ്വലിക്കുന്ന അശ്വമെത്തുമെന്ന്
ഇരുളിനപ്പുറത്ത്‌ നിന്നെത്തുന്ന കുളമ്പൊച്ചയും,
കിഴക്ക്‌ പടരുന്ന അഗ്നിയുമെന്നോട്‌ പറയുന്നു.
സാഗരത്തിന്റെ അനന്തതയില്‍ പൂക്കുന്ന
സ്വപ്നങ്ങള്‍ അറുത്തെടുത്ത്‌
ഞാനിനി തിരിച്ചു പോകട്ടെ

  • 1992

- നന്ദിത ഈ കവിതക്ക്‌ തലക്കെട്ട്‌ ഇട്ടിരുന്നില്ല-

2008-07-06

വരിക നീ കണ്ണാ....  

ദാഹിക്കുന്നു…
നീട്ടിയ കൈക്കുടന്നയില്‍ തീര്‍ത്ഥമായി
ഒരു തുള്ളി കനിവ്‌ നല്‍കുക,
കണ്ണുകളില്‍ പുഞ്ചിരി നിറച്ച്‌
നെറുകയില്‍ ചുണ്ടുകള്‍ ചേര്‍ത്ത്‌
വിഹ്വലതകള്‍ ഒപ്പിയെടുക്കുക.
സ്നേഹത്തിന്റെ കര്‍പ്പൂരം
കണ്ണുകളിലേക്ക്‌ പകര്‍ന്ന് തന്ന്
പെയ്യാത്ത കണ്ണുനീര്‍ ചാലിട്ടൊഴുക്കുക
പെയ്തൊഴിയുന്ന അശാന്തിയാല്‍
ദാഹം ശമിപ്പിക്കാന്‍
വരിക നീ കണ്ണാ ദാഹിക്കുന്നു…

  • 1993
- നന്ദിത ഈ കവിതക്ക്‌ തലക്കെട്ട്‌ ഇട്ടിരുന്നില്ല.

2008-06-27

സ്വന്തം വന്ധ്യത  

കാറ്റ്‌ ആഞ്ഞടിക്കുന്നു…
കെട്ടുപോയ എന്നിലെ കൈത്തിരി നാളം ഉണരുന്നു…
ഞാന്‍ ആളിപ്പടരുന്നു…
മുടികരിഞ്ഞ മണം,
അസ്ഥിയുടെ പൊട്ടലുകള്‍, ചീറ്റലുകള്‍,
ഉരുകുന്ന മാംസം,
ചിരിക്കുന്ന തലയോട്ടി,
ഞാന്‍ ചിരിക്കുന്നു…
സ്വന്തം വന്ധ്യത
മൂടി വെയ്ക്കാന്‍ ശ്രമിക്കുന്ന ഭൂമിയെ നോക്കി
ഞാന്‍ ചിരിക്കുന്നു…
ഭ്രാന്തമായി…

  • 1985
- നന്ദിത ഈ കവിതക്ക്‌ തലക്കെട്ട്‌ ഇട്ടിരുന്നില്ല-

2008-05-28

ചിന്തകള്‍ എന്നെ ഭ്രാന്ത് പിടിപ്പിക്കും‌മുമ്പേ.... അവശേഷിച്ച ഈ ചലനവും നിലച്ചങ്കില്‍  

ചില ജന്മങ്ങളുണ്ട് - പൂമൊട്ടു പോലെ വിടര്‍ന്നു വരുന്നു, അഴകു ചൊരിയുന്നു, മണം വീശി തുടങ്ങുന്നു, പെട്ടെന്ന് സ്വയം പിച്ചിയെറിയുന്നു! വെറും മണ്ണിലേക്ക്. കാരണമെന്തെന്നറിയില്ല. ആര്‍ക്കും അത് ഗണിച്ചെടുക്കാനുമാകില്ല... നന്ദിത എന്ന പെണ്‍കുട്ടിയും അങ്ങനെ ഓടിച്ചെന്ന് മൃത്യുവിന്റെ കരം പിടിച്ചവളാണ്. സ്വയം കെടുത്തി കളയും മുന്‍പ് അവളുടെ മനസിലും ഒട്ടേറെ നക്ഷത്രങ്ങളുണ്ടായിരുന്നു. തിളങ്ങുന്നവ, അവള്‍ക്കു മാത്രം സ്വന്തമായവ:

-സുഗതകുമാരി-.

നന്ദിത...അകാലത്തില്‍ പൊലിഞ്ഞുപോയ നക്ഷത്രം

1969 മെയ്‌ 21ന്‌ വയനാട്‌ ജില്ലയിലെ മക്കടി മലയിലാണ്‌ നന്ദിത ജനിച്ചത്‌. അച്‌ഛന്‍ ശ്രീധര മേനോന്‍, അമ്മ പ്രഭാവതി... ഇഗ്ലീഷില്‍ M.A യും B. Ed ഉം എടുത്തു...
വയനാട്ടില്‍ വീട്ടിനടുത്തുള്ള മുട്ടില്‍ വയനാട്‌ മുസ്ലിം ഓര്‍ഫനേജ്‌ കോളേജില്‍ ഇഗ്ലീഷ്‌ അദ്ധ്യാപികയായിരുന്നു.... 1999 ജനുവരി 17ന്‌ സ്വയം ജീവിതം അവസാനിപ്പിച്ചു. കാരണം അജ്ഞാതം. നന്ദിത വിവാഹിതയായിരുന്നു. ഒരിക്കലും അഡ്ജസ്റ്റ്‌ ചെയ്യാന്‍ പറ്റില്ലെന്നറിഞ്ഞുകൊണ്ടു തന്നെയായിരുന്നു ബത്തേരിക്കാരനായ അജിത്തിനെ വിവാഹം കഴിച്ചത്‌... ഒരു വാശിതീര്‍ക്കലായി വേണം അതിനെ കാണാന്‍...

സ്നേഹത്തിനുവേണ്ടി ഉഴറുകയും ലഭിക്കാതെ വന്നപ്പോള്‍ തന്നോടുതന്നെ പ്രതികാരം വീട്ടുകയും വഴികളെല്ലാം അടഞ്ഞുപോയി എന്നു തോന്നിയപ്പോള്‍ ഈ ലോകം വിട്ടുപോവുകയും ചെയ്ത നന്ദിത സ്വന്തം ജീവിതത്തിന്റെ ബാക്കിപത്രമായി കുറെ കവിതകള്‍ അവശേഷിപ്പിച്ചിരുന്നു. പക്ഷെ എല്ലാം രഹസ്യമാക്കിവച്ചു. അമ്മയും അച്‌ഛനും അനിയനും പോലും അക്കാര്യം അറിയുന്നത്‌ നന്ദിത ഇവിടം വിട്ടു പോയശേഷമാണ്‌. മറ്റുള്ളവരെപ്പോലെ ഭാവനയില്‍ വിടരുന്ന ചിത്രങ്ങള്‍ അക്ഷരങ്ങളാക്കി കടലാസില്‍ കോറിയിടുകയായിരുന്നില്ല നന്ദിത ചെയ്തിരുന്നത്‌. പിന്നയോ, തന്റെ സ്വകാര്യങ്ങള്‍, അജ്ഞാതനായ കാമുകന്‍, സങ്കടങ്ങള്‍, ജീവിതത്തോടുള്ള കാഴ്ച്ചപ്പാട്‌, മരണം ഇവയെല്ലാമായിരുന്നു അവളുടെ കവിതകള്‍ക്ക്‌ വിഷയമായിരുന്നത്‌.

നന്ദിത പഠിക്കാന്‍ മിടുക്കിയായിരുന്നു; സുന്ദരിയായിരുന്നു. കോഴിക്കോട്‌ ചാലപ്പുറം ഗവണ്‍മന്റ്‌ ഗേള്‍സ്‌ ഹൈസ്കൂള്‍, ഗുരുവായൂരപ്പന്‍ കോളേജ്‌, ഫാറൂഖ്‌ കോളേജ്‌, Calicut University English Dept. Mother Theresa Women's University - Chennai എന്നിവിടങ്ങളില്‍ ഒന്നാം നിരക്കാരിയായി വിദ്യാഭ്യാസം. 1999 ജനുവരി 17ന്‌ പെട്ടന്ന് നന്ദിത ജീവിതം അവസാനിപ്പിച്ചു. കാരണം ദുരൂഹം.

അന്ന് കിടക്കാന്‍ പോവുന്നതിനുമുമ്പ്‌ അമ്മയോടു നന്ദിത പറഞ്ഞു; "അമ്മേ ഒരു ഫോണ്‍ വരും. ഞാന്‍ തന്നെ അറ്റന്റു ചെയ്തുകൊള്ളാം." ആ ഫോണ്‍ കോള്‍ വന്നതായി അച്‌ഛനോ അമ്മയോ കേട്ടില്ല. അര്‍ദ്ധരാത്രി എന്തിനോവേണ്ടി അമ്മ ഡ്രോയിംഗ്‌ റൂമിലേക്കു വന്നപ്പോള്‍ മുകളിലെമുറിയോട്‌ ചേര്‍ന്നുള്ള ടെറസ്സില്‍ നിന്നു താഴെക്കു സാരിയില്‍ കെട്ടിത്തൂങ്ങിക്കിടക്കുന്നു. അമ്മ എത്തുന്നതിന്‌ എത്രയോ മുമ്പേ അവള്‍ പോയിക്കഴിഞ്ഞിരുന്നു. യൂണിവേഴ്‌സിറ്റിയില്‍ നന്ദിതയെ പഠിപ്പിച്ച ഒരദ്ധ്യാപകന്‍ പറയുന്നു; "മിടുക്കിയായിരുന്നു, ബുദ്ധിപരമായ ചര്‍ച്ചകളില്‍ അവള്‍ക്ക്‌ പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. ഹൃദ്യവും ആകര്‍ഷണീയവുമായ പെരുമാറ്റം. ജീവിതത്തോട്‌ അഗാധമായ മമത. എങ്ങനെ സംഭവിച്ചു ഈ ദുരന്തം?"

എല്ലാം ഒരു പകപോക്കലായി കരുതേണ്ടിയിരിക്കുന്നു. സ്വന്തമാക്കാന്‍ ആഗ്രഹിക്കുകയും സാധിക്കാതെ പോവുകയും ചെയ്ത നക്ഷത്രസൗഹൃദത്തിന്റെ നിരാകരണമാവാം സ്വന്തം ജീവിതത്തോട്‌ ഇത്തരത്തിലൊരു ക്രൂരത കാട്ടാന്‍ അവളെ പ്രേരിപ്പിച്ചത്‌.

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പരിചിതര്‍ക്കും അര്‍ത്ഥം മനസ്സിലാവാതെ കിടക്കുന്ന ഒട്ടേറെ താളുകള്‍ നന്ദിതയുടെ ജീവിത പുസ്തകത്തിലുണ്ട്‌. പക്ഷേ, എല്ലാ നിഗൂഢതകള്‍ക്കും കടങ്കഥകള്‍ക്കും ഉത്തരം നല്‍കാന്‍ പോന്ന കുറേ കവിതകള്‍ നന്ദിത എഴുതിയിട്ടുണ്ട്‌, ഡയറിക്കുറിപ്പുകളായ്‌. 1985 മുതല്‍ 1993 വരെ എഴുതിയിട്ടുള്ള കവിതകള്‍ നന്ദിതയുടെ ആത്മകഥയുടെ ചില അദ്ധ്യായങ്ങളാണ്‌. 1993 മുതല്‍ 1999 വരെയുള്ള കവിതകള്‍ കണ്ടുകിട്ടേണ്ടതുണ്ട്‌.

വീണുപോയ ഇളംപൂവിനെയോര്‍ത്തു കണ്ണുനിറഞ്ഞിട്ടെന്തു കാര്യം? നന്ദിത ജന്മദുഃഖങ്ങളുടെ മഹാന്ധകാരത്തിനു മുന്നില്‍ പകച്ചുനിന്നുപോയി. ആ അന്ധകാരത്തിന്റെ ഒരു ചീളുവന്ന് അവളെ തന്നിലേക്കുചേര്‍ത്തണച്ചു. മറ്റൊന്നും സാധ്യമല്ലായിരുന്നു. പെട്ടന്നു കെട്ടുപോവാന്‍ മാത്രം തെളിഞ്ഞൊരു കാര്‍ത്തിക വിളക്ക്‌. സൗമ്യപ്രകാശവും സുഗന്ധവും സൗന്ദര്യവും തികഞ്ഞതെങ്കിലും രണ്ടുതുള്ളി മാത്രം എണ്ണപകര്‍ന്നൊരു ഒറ്റത്തിരി വിളക്ക്‌ - അതിനു കെടാതെ വയ്യല്ലോ?

നന്ദിതയുടെ കവിതകള്‍ ഇവിടെ.
-നന്ദിതയെകുറിച്ച് ‍എഴുതിയ സുഹൃത്ത് ഹേമനന്ദിന് നന്ദി-

-ഒലിവ് പബ്ലിക്കേഷന്‍സിനോട് കടപ്പാട്-