Search this blog


Home About Me Contact
2011-12-15

ഇന്ത്യയിലെ ആദ്യത്തെ ഡോക്ടറൽ ബിരുദധാരിയായ ശാസ്ത്രകാരി  

എഴുത്തുകാരും കലാകാരന്മാരും സാഹിത്യ പ്രവർത്തകരും രാഷ്ട്രീയക്കാരും പൊതു സമൂഹത്തിൽ അറിയപ്പെടുമ്പോൾ ഒരുജന്മം മുഴുവൻ ശാസ്ത്രഗവേഷണത്തിലൂടെ മാനവജനതയുടെ ജീവിത നിലവാരം ഉയർത്താൻ കെമിക്കലുകളോടും കാഴ്സനോജനിക് മെറ്റീരിയലുകളോടും മല്ലിടുന്ന ശാസ്ത്രകാരന്മാരെ മുഖ്യധാരാ സമൂഹവും മാധ്യമങ്ങളും അറിപ്പെടാതെപോകുന്നു. അറിയിക്കാൻ അവർ ശ്രമിക്കാറുമില്ല. പൊതുസമൂഹത്തെ നമുക്ക് വിടാം. സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ള എത്രപേർക്ക് കേരളത്തിൽ ഇന്നു ജീവിച്ചിരിക്കുന്ന 10 ശാസ്ത്രജ്ഞൻമാരുടെ പേരുകൾ പറയാൻ കഴിയും? ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള ഒരു ഉദ്യോഗാർത്ഥിയോട് മന:പ്പൂർവ്വം ഞാൻ രണ്ട് ചോദ്യങ്ങൽ ചോദിച്ചു. ഒന്നാമത്തെ ചോദ്യം മലയാളത്തിലെ പ്രമുഖനായ ഒരുനായകന്റെ 10 സിനിമകളുടെ പേരും രണ്ടാമത്തെ ചോദ്യം കേരളത്തിലെ ജീവിച്ചിരിക്കുന്ന 10 ശാസ്ത്രക്ഞ്ജന്മാരുടെ പേരുകളുമായിരുന്നു. ആദ്യത്തെ ചോദ്യത്തിന് വളരെ ക്യത്യമായ് ഉത്തരം തന്ന ഉദ്യോഗാർത്ഥി രണ്ടാമത്തെ ചോദ്യത്തിന് തന്നത് വെറും അഞ്ച് പേരുകൾ മാത്രം. നമുക്ക് ഇന്നും ആകെ അറിയുന്ന ജീവിച്ചിരിക്കുന്ന ഒരു ശാസ്ത്രജ്ഞൻ എ.പി.ജെ അബ്ദുൾ കലാം മാത്രമാണ്. അതും അദ്ദേഹം ഇന്ത്യൻ പ്രസിഡന്റായതുകൊണ്ടുമാത്രം. അത്രയേയുള്ളൂ നമ്മുടെ ശാസ്ത്രജ്ഞാനം. ഇ.കെ.ജാനകി അമ്മാള്‍ എന്ന പേര് കേരളത്തിലെ ശാസ്ത്ര സമൂഹത്തിനുപോലും അത്ര പരിചയമുണ്ടന്ന് എനിക്ക് തോന്നുന്നില്ല. വിദേശ രാജ്യങ്ങളിൽ പോലും ഇന്നും ക്യഷിചെയ്യുന്ന കരിമ്പിനങ്ങളായ സക്കാറം സീ (Saccharum x Zea), സക്കാറം എറിയാന്തസ് (Saccharum x Erianthus), സക്കാറം ഇംപെറാറ്റ് (Saccharum x Imperata), സക്കാറം സോര്‍ഘം (Saccharum x Sorghum) തുടങ്ങിയവ പലരും കേട്ടിട്ടുണ്ടങ്കിലും അതു വികസിപ്പിച്ചെടുത്ത പ്രതിഭയെകുറിച്ച് അധികം ആർക്കും അറിവില്ല എന്നതാണ് സത്യം. ഒരിക്കൽ ബോട്ടണിയിൽ എം.എസിയും ബി.എഡും ഉള്ള ഒരു കോളജ് അധ്യാപികയോട് ജാനകി അമ്മാളിനെ അറിയുമോ എന്നു ചോദിച്ചപ്പോൾ കിട്ടിയത് അവർ സംഗീതക്ഞയല്ലേ എന്ന വളരെ രസകരമായ മറുപടിയായിരുന്നു.

ഇന്ത്യയുടെ ചരിത്രത്തിൽ ശാസ്ത്രവിഷത്തിൽ ഡോക്ട്രറേറ്റ് നേടിയ ആദ്യവനിതയന്ന ഇനി ഒരിക്കലും ആരാലും തകർക്കപ്പെടാൻ കഴിയാത്ത ചരിത്രം തങ്കലിപികളിൽ എഴുതി ചേർക്കപ്പെട്ട ഇ.കെ ജാനകി അമ്മാളിനെ കേരളം പോലും ഓർക്കാതെ പോകുന്നത് ദയനീയമാണ്. ശാസ്ത്രരംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകി മൺമറഞ്ഞുപോയ -നൽകികൊണ്ടിരിക്കുന്ന- ധാരളം ഇന്ത്യൻ വനിതകൾ ഉണ്ടന്നിരിക്കിലും ഉന്നത കുലജാതകളായ സ്ത്രീകളെപോലും വിദ്യാഭ്യാസം ചെയ്യിക്കുവാനോ ജോലിക്കു വിടുവാനോ തയ്യാറാകാതിരുന്ന തികച്ചും അപരിഷ്ക്യതമായ ഒരു സമൂഹിക ചുറ്റുപാടിൽ യാഥാസ്ഥിതികരായ ഒരു ജനസമൂഹത്തെ മുഴുവൻ വെല്ലുവിളിച്ചുകൊണ്ട് പുരുഷാധിപത്യം മാത്രം നിലനിന്ന ഒരു സമൂഹത്തിലേക്കാണ് ജാനകി അമ്മാൾ ശാസ്ത്ര ഗവേഷണങ്ങളുമായ് സധൈര്യം കടന്നു വന്നത്.

1987-ൽ തലശ്ശേരിയില്‍ സബ് ജഡ്ജിയായിരുന്ന ദിവാന്‍ ബഹാദൂര്‍ ഇ.കെ.കൃഷ്ണന്റെയും ദേവി അമ്മയുടെയും മകളായി ജനിച്ച ജാനകി അമ്മാള്‍ തലശ്ശേരിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം സ്വന്തം ഇഷ്ടപ്രകാരം, സാമൂഹികവും സാമുദായികവുമായ എല്ലാ വെല്ലുവിളികളേയും സ്വയം ഏറ്റെടുത്തുകൊണ്ട് ബിരുദപഠനത്തിനായി മദ്രാസിലേക്ക് വണ്ടികയറി. 1921 പ്രസിഡന്‍സി കോളേജില്‍ നിന്ന് സസ്യശാസ്ത്രത്തില്‍ ഹോണേഴ്‌സ് ബിരുദം നേടിയശേഷം മദ്രാസ് വിമന്‍സ് കൃസ്ത്യന്‍കോളേജില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. ചുരുങ്ങിയകാലത്തെ അധ്യാപനവ്യത്തിക്കുശേഷം ജാനകി അമ്മാൾ 1921-ല്‍ മിഷിഗണ്‍ സര്‍വകലാശാലയുടെ സ്‌കോളര്‍ഷിപ്പോടുകൂടി ബിരുദാനന്തര ബിരുദം നേടുന്നതിനായ് അമേരിക്കയിലേക്ക് പോയി. തിരിച്ച് കൃസ്ത്യന്‍കോളേജിലെത്തിയെങ്കിലും മിഷിഗണ്‍ സര്‍വകലാശാലയുടെ ആദ്യ ബാര്‍ബോര്‍ സ്‌കോളര്‍ഷിപ്പിനായ് തിരഞ്ഞെടുക്കപ്പെട്ട അവർ വീണ്ടും അമേരിക്കയിലേക്ക് തിരികെപോയി. 1931-ല്‍ അവർ സസ്യശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയപ്പോൾ ശാസ്ത്രവിഷയത്തില്‍ ഒരു ഇന്ത്യന്‍വനിത നേടുന്ന ആദ്യ ഗവേഷണ ബിരുദമായി അത്.

ഉന്നതനിലയിൽ ഗവേഷണം പൂർത്തിയാക്കിയ ജാനകി അമ്മാളെ തേടി ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും ധാരാളം ഓഫാറുകൾ വന്നങ്കിലും ഇന്ത്യയെ തന്നെ തന്റെ കർമ്മ മണ്ഡലമായ് അവർ തിരഞ്ഞെടുത്തു.തിരുവനന്തപുരം മഹാരാജാസ് കേളേജ് ഓഫ് സയന്‍സില്‍ സസ്യശാസ്ത്ര പ്രൊഫസറായി രണ്ടുവര്‍ഷം സേവനം അനുഷ്ഠിച്ചശേഷം കോയമ്പത്തൂര്‍ ഷുഗര്‍കേന്‍ ബ്രീഡിങ് ഇന്‍സ്റ്റിറ്റിയൂട്ടിൽ ശാസ്ത്രജ്ഞയായ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുമ്പോഴും അന്താരാഷ്ട്ര ശാസ്ത്രസമൂഹം ജാനകി അമ്മാളിന്റെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 1940 ല്‍ ലണ്ടനിലെ പ്രശസ്തമായ ജോണ്‍ ഇന്‍സ് ഹോട്ടികള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആ ഗവേഷകയെ അവിടേക്ക് ക്ഷണിച്ചു. അവിടെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ സസ്യശാസ്ത്രജ്ഞന്‍ സി.ഡി.ഹാമില്‍ട്ടനുമായി ചേര്‍ന്നെഴുതിയ 'ദ ക്രോമസോം അറ്റ്‌ലസ് ഓഫ് കള്‍ട്ടിവേറ്റഡ് പ്ലാന്റ്‌സ് ' എന്ന ഗ്രന്ഥം ഇന്നും സസ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗദര്‍ശിയാണ്. സ്വാതന്ത്യാനന്തരം അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹറുവിന്റെ പ്രത്യേക ക്ഷണപ്രകാരം അവർ ഇന്ത്യയിലേക്ക് വീണ്ടും മടങ്ങിവന്നു. 1956 ല്‍ മിഷിഗണ്‍ സര്‍വകലാശാല ഹോണററി ഡോക്ടറേറ്റും 1957 ല്‍ ഇന്ത്യ പദ്മശ്രീയും നല്‍കി ആദരിച്ച ജാനകിഅമ്മാള്‍ സസ്യശാസ്ത്രത്തിന് നല്‍കിയ സംഭാവനകള്‍ അമൂല്യമാണ്. 1970-ല്‍ മദ്രാസ് സര്‍വകലാശാലയിൽ എമിററ്റസ് സയന്റിസ്റ്റായി നിയമിച്ചതോടെ ജാനകി അമ്മാള്‍ കര്‍മമണ്ഡലം വീണ്ടും മദ്രാസിലേക്ക് മാറ്റി. അവിവാഹിതയായിരുന്ന ജാനകി അമ്മാള്‍ 1984 ല്‍ മരിക്കുന്നതുവരെ പഠനഗവേഷണങ്ങളുമായി മദ്രാസില്‍ കഴിഞ്ഞു. പ്രാക്തനമായ ഒരു കാലഘട്ടത്തിന്റെ പരിമിതികളെ ഭേദിച്ച് അനസ്യൂതം തന്റെ കര്‍മപഥത്തില്‍ മുന്നേറിയ അവർ തന്റെ നേട്ടങ്ങളെ സ്വന്തം സുഖസൗകര്യങ്ങള്‍ക്ക് ഉപയോഗിക്കാതെ തികച്ചും ലളിതമായ ജീവിതം നയിച്ച് ശാസ്ത്രഗവേഷണത്തിനായ് തന്റെ ജീവിതം ഉഴിഞ്ഞുവച്ചു. കേരളത്തിൽ അധികം ആരും അറിയപ്പെടാതെ പോയ അപൂർവ്വമായ ആ പ്രതിഭയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.
.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



1 comments: to “ ഇന്ത്യയിലെ ആദ്യത്തെ ഡോക്ടറൽ ബിരുദധാരിയായ ശാസ്ത്രകാരി

  • maya
    Friday, March 23, 2012 2:38:00 PM  

    thanks doctor for your valable writing ..even I am working at sugarcane breeding institute I was not aware of DR EK Janakiammal's life history..we used to refer her articles ..there are some classic papers of her on sugarcane cytogenetics