2010-07-02
കന്യാകുമാരി-വിസ്മയ കാഴ്ചകളുടെ രാജകുമാരി
വിസ്മയ കാഴ്ചകളുടെ രാജകുമാരിയാണ് കന്യാകുമാരി. ഭൂമി കനിഞ്ഞു നല്‍കിയ അൽഭുത കാഴ്ചകളുമായി അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും ഒരുപോലെ തലോടുന്ന സമാനതകളില്ലാത്ത പുണ്യ ഭൂമി. ഇന്ത്യയുടെ എറ്റവും തെക്കുള്ള നഗരം എന്ന നിലയിലും മൂന്നു സാഗരങ്ങളുടെ സംഗമസഥാനം എന്ന നിലയിലും കന്യാകുമാരി ഇന്ത്യയുടെ വിനോദ സഞ്ചാര ഭൂപടത്തിൽ വളരെ അധികം പ്രാധാന്യമർഹിക്കുന്നു. ഭൂപ്രകൃതിയിയുടെ പ്രത്യേകതകളും, ചരിത്രപരമായ പ്രധാന്യവും, തീര്‍ത്ഥാടന കേന്ദ്രമെന്ന പ്രസക്തിയുമെല്ലാം ഒന്നിച്ചു വരുന്ന ഈ മുനമ്പ് ഋതുഭേദമെന്യേ സഞ്ചാരികളുടെ പറുദീസയാണ്. ഉദയകിരണങ്ങള്‍ ഭൂമിയെ തഴുകി എത്തുന്നതും അവ എരിഞ്ഞ് കനലായ് കടലില്‍ താഴുന്ന അസ്തമയക്കാഴ്ചയും ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. കാലം നോക്കാതെ സഞ്ചാരികളേറയും ആകർഷിക്കപ്പെടുന്നതും ഈ ഉദയാസ്തമയങ്ങൾക്ക് സാക്ഷ്യം വഹിക്കാനാണ്. ലോകത്തില്‍ വളരെ ചുരുക്കം സ്ഥലങ്ങളില്‍ മാത്രം കാണാന്‍ കഴിയുന്ന അപൂര്‍വ ദൃശ്യാനുഭവമാണ് ഈ സൂര്യാസ്തമയങ്ങൾ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. പ്രത്യേകിച്ച് സീസൺ ഇല്ലങ്കിലും ചിത്രാപൗര്‍ണമിനാളില്‍ അസ്തമയവും ചന്ദ്രോദയവും ഒന്നിച്ച് കാണാന്‍ സന്ദര്‍ശക പ്രവാഹകമാണിവിടെ.
ഹിന്ദുമതത്തിന്റെ ആവിർഭാവത്തിനും മുൻപ് നിലവിലിരുന്ന ദ്രാവിഡദേവതകളിലൊരാളായ കുമരി എന്ന ദേവതയിൽ നിന്നുമാണ് ഈ മുനമ്പിന് കന്യാകുമാരി എന്ന പേര് കിട്ടിയത്. ചേരന്മാരും ചോളന്മാരും പാണ്ഡ്യരാജാക്കന്മാരും വേണാട്ടരചന്മാരും തിരുവിതാംകൂര്‍ തമ്പുരാക്കന്മാരും പില്‍ക്കാലത്ത് വിദേശികളുമൊക്കെ കണ്ണുവച്ചതിന്റെ തിരുശേഷിപ്പുകൂടിയാണിവിടം. ബ്രിട്ടീഷ് ഭരണകാലത്ത് കേപ് കൊമറിൻ എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. പരശുരാമന്റെ മഴു ചെന്നുവീണ കാലം മുതലുള്ള സാംസ്‌കാരിക പെരുമ പേറുന്നു ഈ കൊച്ചു നഗരം. ചേര, ചോള, പാണ്ട്യ, നായക രാജാക്കന്മാർ കന്യാകുമാരി ഭരിച്ചിട്ടുണ്ട്. പിൽക്കാലത്ത് കന്യാകുമാരി പത്മനാഭപുരം ആസ്ഥാനമായ വേണാടിന്റെ ഭാഗമായിത്തീർന്നു. വേണാട് ഭരിച്ചിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ 1729 മുതൽ 1758 വരെയുള്ള കാലഘട്ടത്തിൽ വേണാടിന്റെ അതിർത്തി ആലുവ വരെ വികസിപ്പിച്ച് തിരുവിതാംകൂർ സ്ഥാപിച്ചതിനു ശേഷം കന്യാകുമാരി ജില്ല തെക്കൻ തിരുവിതാംകൂർ എന്ന് അറിയപ്പെട്ടിരുന്നു. 1947 വരെ കന്യാകുമാരി തിരുവിതാംകൂറിന്റെ ഭാഗമായ് തുടർന്നു. 1947-ഇൽ തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ചേരുകയും രാജഭരണം അവസാനിക്കുകയും ചെയ്തു. 1949 -ൽ തിരു-കൊച്ചി സംസ്ഥാനം രൂപവൽക്കരിച്ചപ്പോൾ കന്യാകുമാരിയും തിരു-കൊച്ചിയുടെ ഭാഗമായി. 1956-ൽ നാടാർ സമുദായക്കാർ മാഹാണം എന്നപേരിൽ വിഭജനവാദം ഉയർത്തി കന്യാകുമാരിയെ തമിഴ് നാട് സംസ്ഥാനത്തിന്റെ ഭാഗമാക്കി മാറ്റി. 85 കിലോമീറ്റർ ദൂരയുള്ള കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരമാണ് ഏറ്റവും അടുത്ത പട്ടണം. പശ്ചിമഘട്ടത്തിന്റെ താഴ്‌വാരഭൂമിയിലൂടെ തിരുവിതാംകൂറിന്റെ തേരുരുണ്ട രാജപാതകള്‍ താണ്ടി കന്യാകുമാരിയിലെത്താം.
ഇന്ത്യന്‍ മഹാസമുദ്രം, അറബിക്കടൽ, ബംഗാള്‍ ഉള്‍ക്കടൽ എന്നീ മൂന്നു മഹാ സമുദ്രങ്ങൾ തിരമാലകളാൽ വരിപുണർന്ന് ഒന്നായിതീരുന്ന ത്രിവേണി സംഗമം, രാമായണത്തിലും, മഹാഭാരതത്തിലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള കന്യാകുമാരി അമ്മൻ ക്ഷേത്രം, കടലിനുള്ളില്‍ ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ പാറയിലെ വിവേകാനന്ദ സ്മാരകവും ഇതിനോട് ചേര്‍ന്നുള്ള ധ്യാനകേന്ദ്രവും, കടലില്‍ പണിതുയര്‍ത്തിയ 133 അടി ഉയരമുള്ള, ഏഷ്യയിലെതന്നെ ഏറ്റവും വലിയ പ്രതിമകളിലൊന്നായ തമിഴ് കവി കവി തിരുവള്ളൂരിന്‍റെ കൂറ്റന്‍ പ്രതിമ, വന്‍കരയിലെ ഗാന്ധിസ്മാരകം, സര്‍ക്കാര്‍ മ്യൂസിയം എന്നിവയാണ് ഉദയാസ്തമയങ്ങള്‍ക്കിടയില്‍ ഇവിടെ കണ്ടു തീര്‍ക്കാവുന്ന സ്ഥലങ്ങൾ. മഹാത്മഗാന്ധിയുടെ ചിതാഭസ്മം ത്രിവേണിയിൽ നിമഞജനം ചെയ്യുന്നതിന് മുന്‍പ് ചിതാഭസമ കലശം പൊതു ദര്‍ശനത്തിന് വെച്ച സ്ഥലത്താണ് ഗാന്ധി സമാരകം നിര്‍മ്മിച്ചിരിക്കുന്നത്. അലറിയടിക്കുന്ന കൂറ്റൻ തിരമാലകളിലൂടെ കടല്‍ നീന്തിയെത്തിയ സ്വാമി വിവേകാനന്ദന്‍ ഈ പാറയില്‍ ദിവസങ്ങളോളം ധ്യാനമിരുന്നു എന്നാണ് ചരിത്രം. പ്രശസ്തമായ ശുചീന്ദ്രം ക്ഷേത്രത്തിലേക്ക് കന്യാകുമാരിയില്‍ നിന്ന് 13 കിലോമീറ്റർ ദൂരം മാത്രമാണുള്ളത്.
രാജ്യത്തെ ഏല്ലാ പ്രമുഖ നഗരങ്ങളില്‍ നിന്നും കന്യാകുമാരിയിലേക്ക് റെയില്‍ മാര്‍ഗവും റോഡ് മാര്‍ഗവും എത്തിച്ചേരാം. കന്യാകുമാരിക്ക് ഏറ്റവും സമീപമുള്ള വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ്. തമിഴ്‌നാട് സര്‍ക്കാരിന്റെ കന്യാകുമാരിയിലെ ടൂറിസ്റ്റ് ഓഫീസ് ഫോണ്‍ നമ്പർ: 04652 246276. ഇന്‍ഫര്‍മേഷന്‍ സെന്റർ, വിവേകാനന്ദ റോക്ക് മെമ്മോറിയൽ: 04652 246250, കന്യാകുമാരി റെയില്‍വെ സ്‌റ്റേഷൻ: 04652 246247, പോലീസ് സ്‌റ്റേഷൻ: 04652 246224.
ചിത്രം: സുമീത് ജയിൻ
Saturday, July 03, 2010 11:33:00 AM
വിസ്മയ കാഴ്ചകളുടെ രാജകുമാരിയാണ് കന്യാകുമാരി. ഭൂമി കനിഞ്ഞു നല്‍കിയ അൽഭുത കാഴ്ചകളുമായി അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും ഒരുപോലെ തലോടുന്ന സമാനതകളില്ലാത്ത പുണ്യ ഭൂമി.
Saturday, July 03, 2010 5:52:00 PM
താങ്കളുടെ വിവരണം വായിച്ചു,സുനാമിത്തിരകള്‍ ഈ പ്രതിമയുടെ മുകളിലൂടെ അടിച്ചു എന്നു പറഞു കേട്ടത് ശരിയായിരിക്കുമൊ?