Search this blog


Home About Me Contact
2011-07-07

ഇടപ്പള്ളിയുടെ ആത്മഹത്യ-മലയാള മനോരമ റിപ്പോർട്ട്  

ഇടപ്പള്ളി രാഘവൻ പിള്ള തൂങ്ങിമരിച്ചു

ഒരു യുവകവിയുടെ അവസാനം.
(സ്വന്തം ലേഖകൻ)

കൊല്ലം
മിഥുനം 22

തുഷാരഹാരം, ഹ്യദയാമ്യതം മുതലായ പലനല്ല കവിതാഗ്രന്ഥങ്ങളുടെ കർത്താവും ഒരു യുവകവിയെന്നു പ്രസിദ്ധി സമ്പാദിച്ചിട്ടുള്ളയാളുമായ മി. ഇടപ്പള്ളി രാഘവൻ പിള്ള സ്ഥലം ഗൗഡ സരസ്വതി ബ്രാഹ്മണ ക്ഷേത്രത്തിനു സമീപമുള്ള വക്കീൽ മി. വി. എൻ നാരായണപിള്ള ബി.എ ബി.എൽ-ന്റെ വസതിയിലുള്ള വക്കീലാപ്പീസിൽ തൂങ്ങിച്ചത്തു നിൽക്കുന്നതായ് ഇന്നു രാവിലെ കാണപ്പെട്ടിരിക്കുന്നു.മി. രാഘവൻ പിള്ള മി. നാരായണ പിള്ളയുടെ കുട്ടികളെ ട്യൂഷൻ പഠിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ വസതിയിൽ താമസിക്കയായിരുന്നു. സ്കൂൾ ഫൈനൽ പരീക്ഷ പാസായിട്ടുള്ള മി. രാഘവൻ പിള്ള കഴിഞ്ഞ പ്രാവശ്യം നടന്ന വിദ്വാൻ പരീക്ഷക്ക് ചേർന്നിരുന്നതായും അതിൽ തോൽ‍വി ഭവിച്ചതായുമറിയുന്നു. പരേതൻ മരിക്കുന്നതിനു മുമ്പായി "ഒരു ഒടുക്കത്തെ കത്തു" എഴുതി വച്ചിരുന്നതായും, തന്റെ ആശകളൊന്നും സാധ്യമാകാതിരിക്കുന്നതു നിമിത്തം താൻ ജീവിതമവസാനിപ്പിക്കുന്നുവന്നും, ഇതിൽ മറ്റാരും കുറ്റക്കാരനല്ലന്നു അതിൽ എഴുതിയിട്ടുള്ളതായും കേൾക്കുന്നു. പ്രേതത്തിന്റെ കാലുകളുടെ തള്ളവിരലുകൾ തറയിൽ തൊട്ടിരുന്നുവത്രെ. പരേതന്റെ കഴുത്തിൽ ഒരു പൂമാലയുമണിഞ്ഞിരുന്നു. "പ്രണയ നൈരാശ്യ"മായിരിക്കണം മരണഹേതുവന്നനുമാനിക്കപ്പെടുന്നു.

to my friends and foes എന്നായിരുന്നുവത്രെ ഒടുക്കത്തെ കത്തിൽ മേൽ‍വിലാസം കുറിച്ചിരുന്നത്. മരണത്തെപറ്റിയും മറ്റും പ്രസ്താവിക്കുന്ന ഏതാനും ഇംഗ്ളീഷ് പുസ്തകങ്ങളും സമീപത്ത് വച്ചിട്ടുണ്ടായിരുന്നു. പോലീസുകാർ എത്തി മഹസ്സർ മുതലായവ തയ്യാറാക്കിയ ശേഷം പ്രേതം പോസ്റ്റുമാർട്ടത്തിനയച്ചിരിക്കുന്നു.
.

2011-07-06

ഇടപ്പള്ളിയുടെ ആത്മഹത്യാകുറിപ്പ്  

ഞാൻ ഒന്നുറങ്ങിയിട്ട് ദിവസങ്ങളല്ല മാസങ്ങൾ വളരെയായി. കഠിനമായ ഹ്യദയവേദന. ഇങ്ങനെ അല്‌‍പാല്‌‍പം മരിച്ചുകൊണ്ട് എന്റെ അവസാനദിനത്തെ പ്രതീക്ഷിക്കുവാൻ ഞാൻ അശക്തനാണ്‌. ഒരു കർമ്മ ധീരനാകുവാൻ നോക്കി. ഒരു ഭ്രാന്തനായി മാറുവാനാണ്‌ ഭാവം. സ്വാതന്ത്യത്തിന്‌ കൊതി. അടിമത്വത്തിനു വിധി. മോചനത്തിനുവേണ്ടിയുള്ള ഓരോ മറിച്ചിലും ഈ ചരടിനെ കൊടുമ്പിരിക്കൊള്ളിക്ക മാത്രമാണ്‌ ചെയ്യുന്നത്. എന്റെ രക്ഷിതാക്കൾ എനിക്കു ജീവിക്കുവാൻ വേണ്ടുന്നവ സന്തോഷത്തോടും സ്നേഹത്തോടും തരുന്നുണ്ടായിരിക്കാം. പക്ഷേ ഈ ഔദാര്യമെല്ലാം എന്റെ ആത്മാഭിമാനത്തെ പാതാളം വരെയും മർദ്ദിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാഭാരമായിട്ടാണ്‌ തീരുന്നത്. ഞാൻ ശ്വസിക്കുന്ന വായു ആകമാനം അസ്വാതന്ത്യത്തിന്റെ വിഷ ബീജങ്ങളാൽ മലീമസമാണ്‌. ഞാൻ കഴിക്കുന്ന ആഹാരമെല്ലാം ദാസ്യത്തിന്റെ കല്ലുകടിക്കുന്നവയാണ്‌. ഞാൻ ഉടുക്കുന്ന വസ്ത്രം പോലും പാരതന്ത്യത്തിന്റെ കാരിരുമ്പാണി നിറഞ്ഞതാണ്‌.

പ്രവർത്തിക്കുവാൻ എന്തങ്കിലും ഉണ്ടായിരിക്കുക, സ്നേഹിക്കുവാൻ എന്തെങ്കിലും ഉണ്ടായിരിക്കുക, ആശിക്കുവാൻ എന്തങ്കിലും ഉണ്ടായിരിക്കുക-ഈ മൂന്നിലുമാണ്‌ ലോകത്തിലെ സുഖം അന്തർഭവിച്ചിരിക്കുന്നത്. ഇവയിലെല്ലാം എനിക്ക് നിരാശതയാണ്‌ അനുഭവം. എനിക്ക് ഏക രക്ഷാമാർഗം മരണമാണ്‌. അതിനെ ഞാൻ സസന്തോഷം വരിക്കുന്നു. ആനന്ദപ്രദമായ ഈ വേർപാടിൽ ആരും നഷ്ടപ്പെടുന്നില്ല; ഞാൻ നേടുന്നുമുണ്ട്. മനസ്സാ വാചാ കർമ്മണാ ഇതിൽ ആർക്കും ഉത്തരവാദിത്തമില്ല. സമുദായത്തിന്റെ സംശയദ്യഷ്ടിയും നിയമത്തിന്റെ ഖഡ്ഗവും നിരപരാധിത്വത്തിന്റെ മേൽ പതിക്കരുതേ!

എനിക്ക് പാട്ടുപാടുവാൻ ആഗ്രഹമുണ്ട്; എന്റെ മുരളി തകർന്നു പോയി.

കൂപ്പുകൈ
കൊല്ലം ഇടപ്പള്ളി രാഘവൻ പിള്ള
23-11-1111
.