Search this blog


Home About Me Contact
2010-11-12

വിവാഹ ക്ഷണക്കത്ത്  

സ്നേഹം നിറഞ്ഞ സിന്ധുവിന്‌

അടുത്ത മാസം എന്റെ വിവാഹമാണ്‌. എനിക്കറിയാം അച്ചടിച്ച ക്ഷണകത്തുകളെക്കാൾ എന്നും നിനക്കിഷ്ടം വടിവും വ്യത്തിയുമില്ലാത്ത എന്റെ കൈപ്പടയിലെഴുതിയ ഇളം നീലനിറമുള്ള ഇൻലൻഡിലെ വരികളാണന്ന്. ജൂനിയേഴ്സിനെ പരിചയപ്പെടൽ എന്ന ഓമനപേരിട്ട് റാഗിങ്ങിനുവേണ്ടി യൂണിവേഴ്സിറ്റിയിലെ ഒന്നാം നമ്പർ ക്ളാസ് മുറി ചവിട്ടിതുറന്ന് വന്ന് ഷേക്ക് ഹാൻഡ് എന്ന് പറഞ്ഞ് വിറക്കുന്ന നിന്റെ കൈകൾ പിടിച്ച് ഞെരിച്ച നിമിഷം മുതൽ മറക്കാനാവാത്ത ഒരുപിടി നല്ല ഓർമ്മകൾ അവശേഷിപ്പിച്ച്, ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവ് ഹ്യദയത്തിൽ വരഞ്ഞിട്ട് നീ അക്കേഷ്യ മരങ്ങൾക്കിടയിലൂടെ മറഞ്ഞതുവരെയുള്ള നിമിഷങ്ങൾ ഇന്നലെപോലെ ഞാനോർക്കുന്നു. അന്ന് നമ്മൾ ഒന്നിച്ച് ഡിപ്പാർട്ട്മെന്റിന്റെ മുന്നിൽ നട്ട കണികൊന്ന പൂക്കുന്നതും, കാറ്റടിക്കുമ്പോൾ പൂക്കൾ മഴയായ് പൈയ്തിറങ്ങുന്നതും ഞാൻ സ്വപ്നം കാണാറുണ്ട്. അവസാനമായ് നീ യാത്ര ചോദിക്കുമ്പോൾ, ഈറനണിഞ്ഞ നിന്റെ കണ്ണുകൾ ഒപ്പി, നീ ആഗ്രഹിച്ചതുപോലെ അടുത്ത ജന്മത്തിൽ നമുക്ക് ഒന്നാകാം എന്ന ആശയോടെ നിനക്കു തന്ന വാക്ക് ഞാൻ പാലിക്കുകയാണ്‌.

അടുത്ത മാസം പന്ത്രണ്ടാം തീയതി എന്റെ വിവാഹമാണ്‌. വധു മെഡിക്കൽ കോളജിൽ സ്പെഷ്യലിസ്റ്റ് ഡോക്ടറാണ്‌. നിന്റെ അതേ പേരുകാരി. പണ്ട് നമ്മൾ ഒന്നിച്ച് എന്റെ സുഹ്യത്തിന്റെ വിവാഹത്തിനുപോയ ശില്പ റിസോർട്ടില്ലേ, അവിടവച്ചാണ്‌ വിവാഹം. രാവിലെ പത്തരക്കും പതിനൊന്നിനും ഇടക്കാണ്‌ മുഹൂർത്തം. അതിനു മുമ്പുതന്നെ നീ എത്തുമല്ലോ അല്ലേ? നീ വരുമന്ന പ്രതീക്ഷയോടെ...

സസ്നേഹം
നിന്റെ സ്വന്തം ഞാൻ

കത്തു മടക്കി പശയൊട്ടിച്ച് മേശവലിപ്പിലേക്കിട്ടു. വിലാസമില്ലാതെ കിടക്കുന്ന അനേകം കത്തുകൾക്കിടയിൽ ആ ക്ഷണക്കത്തും...ആരാലും വായിക്കപ്പെടുമന്ന പ്രതീക്ഷയില്ലാതെ അനാഥമായ് അതിലെ അക്ഷരങ്ങളും......
.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



5 comments: to “ വിവാഹ ക്ഷണക്കത്ത്