Search this blog


Home About Me Contact
2010-10-14

നോബൽ സമ്മാനത്തിലെ പ്രാദേശികതയും രാഷ്ട്രീയവും  

വലിയ കരിങ്കല്‍മടകളും ഖനികളും നിഷ്‍പ്രയാസം സുരക്ഷിതമായി പൊട്ടിത്തെറിപ്പിക്കാന്‍, അവശ്യ ഘടകമായിരുന്ന ഡൈനാമിറ്റ്‌ നിർമ്മിക്കാൻ നൈട്രോ ഗ്ലിസറിന്റെ ഉപയോഗം ലോകത്തിന്‌ സമർപ്പിച്ച ആൽഫ്രഡ് നോബലിന്‌, തന്റെ മഹത്തായ കണ്ടുപിടുത്തം സൈനിക മേഖലയിലും, രാഷട്രാന്തര കുടിപ്പകയിലും ഉപയോഗിച്ച് മനുഷ്യശരീരം ചിതറിപോകുന്ന ദാരുണദ്യശ്യങ്ങള്‍ കണ്ട്‌ മനസ്സ്‌ വേദനിച്ചു. നിരപരാധികളായ മനുഷ്യരെ നിഷ്:കരുണം കൊന്നുതള്ളികൊണ്ട് തന്റെ കണ്ടുപിടുത്തം നശീകരണ പ്രവർത്തനങ്ങൾക്കായ് ആവോളം ഉപയോഗിക്കുന്നതു നിസഹായനായ് നോക്കി നിൽക്കേണ്ടിവന്ന അദ്ധേഹം, പശ്ചാത്താപ വിവശനായ് 1895 നവംബർ 27-ന്‌ കോടാനുകോടി വരുന്ന തന്റെ സ്വത്തിന്റെ 94% ഭാഗം ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്‌ത്രം, സാഹിത്യം, സമാധാനപ്രവർത്തനങ്ങൾ എന്നീ വിഭാഗങ്ങളിൽ ലോകത്ത്‌ മികച്ച സംഭാവനകൾ നൽകിയവർക്കുള്ള പുരസ്‌കാരത്തിനു വേണ്ടി മാറ്റിവെച്ചുകൊണ്ട് വിൽപത്രം എഴുതിവെച്ചു. അതിന്റെ അവസാനഭാഗത്തിൽ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു

'സ്‌കാൻഡിനേവിയനായാലും അല്ലെങ്കിലും സമ്മാനാർത്ഥി ഏത്‌ രാജ്യക്കാരനാണന്നോ, ഏതു മതവിശ്വാസിയാണന്നോ എന്ന കാര്യത്തിൽ യാതൊരു വിധ പരിഗണനയും നൽകാതെ ഏറ്റവും അർഹതപ്പെട്ടവർക്ക്‌ തന്നെ പുരസ്‌കാരം നൽകണം എന്നതാണ്‌ എന്റെ ആഗ്രഹം '

എന്നാൽ ആൽഫ്രഡ് നോബലിന്റെ ആ ആഗ്രഹം സ്വീഡിഷ് അക്കാഡമി എത്രത്തോളം നടപ്പിലാക്കപ്പെടുന്നു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ലണ്ടനിലെ പ്രശസ്തനായ ഗ്രന്ഥകര്‍ത്താവും പത്രപ്രവര്‍ത്തകനുമായ മാല്‍കം മഗ്ഗ്‌റിഡ്ജ്, നോബൽ സമ്മാന നിര്‍ണയത്തില്‍ വിഭാഗീയ പ്രവണതകളും നിക്ഷിപ്ത താല്‍പര്യങ്ങളുമാണുള്ളത് എന്നാരോപിച്ചുകൊണ്ട് സ്വീഡിഷ് അക്കാദമിയെ അതിനിശതിമായി വിമര്‍ശിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും പ്രശസ്ത പത്രങ്ങളിലൊന്നായ 'ലണ്ടന്‍ ടൈംസി'ല്‍ എഴുപതുകളില്‍ ഒരു ലേഖനം എഴുതുകയുണ്ടായി. സ്വീഡിഷ് അക്കാദമി നോബൽ സമ്മാനാർഹരെ കണ്ടെത്തുന്നതിൽ എത്രത്തോളം പ്രാദേശികതയും വിഭാഗീയതയും സൂക്ഷിക്കുന്നുണ്ടന്നതിന്റെ തെളിവുകളാണ്‌ വർഷം തോറും നൽകപ്പെടുന്ന നോബൽ സമ്മാനങ്ങൾ. സാഹിത്യം, സമാധാനം, ഭൗതിക ശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്‌ത്രം എന്നിവയിൽ ഇന്നോളം നൽകപ്പെട്ടിട്ടുള്ള നോബൽ സമ്മാനങ്ങളുടെ കണക്കെടുത്താൽ നോബൽ സമ്മാനങ്ങൾ യൂറോപ്പിന്‌ വെളിയിൽ പോകരുതന്ന് സ്വീഡിഷ് അക്കാദമിക്ക് നിർബന്ധമുള്ളതായ് കാണാം. ഇന്നുവരെ നൽകപ്പെട്ടിട്ടുള്ള നോബൽ സമ്മാനങ്ങളിൽ സാഹിത്യത്തിനുള്ള 80% വും സമാധാനത്തിനുള്ള 65% വും, ഭൗതികശാസ്ത്രത്തിനുള്ള 65% വും രസതന്ത്രത്തിനുള്ള 70% വും യൂറോപ്പിൽ തന്നെ ആണന്നത് ഇതിന്റെ നഗ്നമായ തെളിവാണ്‌. നോബൽ സമ്മാനത്തിന്റെ 30% മാത്രമാണ്‌ എന്നും യൂറോപ്പിന്‌ വെളിയിലേക്ക് വീതിച്ചു നൽകിയിട്ടുള്ളത്. അതിൽ ഏതാണ്ട് 20% യു.എസിന്‌. ബാക്കി 10% മാത്രമാണ്‌ ലാറ്റിൽ അമേരിക്കയും ഏഷ്യയുമുൾപ്പെടെയുള്ള മറ്റ് ലോകരാഷ്ട്രങ്ങൾക്ക് മുഴുവനായ്‌ ലഭിച്ചിട്ടുള്ളത്.

എമിലി സോള, സിൽ‍വിയ പ്ളാത്ത്, തോമസ് ഹാര്‍ഡി, ഡി.എച്ച്. ലോറന്‍സ്, ഇബ്‌സന്‍, ജെയിംസ് ജോയ്‌സ്, മാക്‌സിം ഗോര്‍ക്കി, ഫ്രാന്‍സ് കാഫ്ക, ചെഖോവ്, കസാന്‍ ദസാക്കിസ്, റെയ്‌നര്‍മറിയാ റില്‍കേ തുടങ്ങിയ വിശ്വമഹാസാഹിത്യകാർന്മാരെ തഴഞ്ഞുകൊണ്ടാണ്‌ ഒഡീന്യൂസ് എലിറ്റിസ്, യൂജെനിയോ മൊണ്ടേല്‍, ഇല്ലിന്‍ഡ് ജോണ്‍സണ്‍, ഹാരി മര്‍ത്തൂസണ്‍, ലിന്‍സന്റ് അലക്‌സാന്‍ഡ്ര തുടങ്ങിയവർക്ക് നോബൽ സമ്മാനം നൽകിയത്. ഇവരെയൊക്കെ ഇന്ന് നോബൽ സമ്മാന ജേതാക്കൾ എന്ന പേരിലങ്കിലും ആരങ്കിലും ഓർക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടിയിക്കുന്നു. വിശ്വ സാഹിത്യകാരനും മഹാനുമായ ലിയോ ടോള്‍സ്റ്റോയി ജീവിച്ചിരുന്ന കാലത്ത്, 1901-ൽ സാഹിത്യത്തിനുള്ള ആദ്യത്തെ നോബല്‍ സമ്മാനം ഫ്രഞ്ച് കവിയായ സള്ളി പൂഢോമിനാണ് നല്‍കപ്പെട്ടത്. വിശ്വസാഹിത്യത്തിലെ അതികായനായ ടോള്‍സ്റ്റോയിക്ക് നോബല്‍ സമ്മാനം ലഭിക്കുകയേ ഉണ്ടായില്ല എന്നത് നോബല്‍ സമിതിയുടെ കമ്യൂണിസ്റ്റ് വിരുദ്ധനിലപാടാണന്ന് വ്യക്തമാണ്‌.

യൂറോപ്യന്‍ കൊളോണിയലിസത്തിലധിഷ്ഠിതമായ ജൂത-ക്രൈസ്തവാഭിമുഖ്യവും കമ്യൂണിസ്റ്റ് വിരോധവുമാണ് നോബല്‍ സമിതിയുടെ മനോഭാവമെന്ന് സാഹിത്യത്തിന്റെയും സമാധാനത്തിന്റെയും നോബൽ സമ്മാനങ്ങൾ പരിശോധിച്ചാൽ മനസ്സിലാക്കാൻ കഴിയും. 103 നോബൽ സമ്മാനങ്ങൽ ഇതിനകം സാഹിത്യത്തിൽ നൽകപെട്ടു. ഇതിൽ മൂന്നെണ്ണം മാത്രമാണ്‌ ഏഷ്യൻ സാഹിത്യകാരന്മാർക്ക് ലഭിച്ചിട്ടൂള്ളത്. ലോക ജനസംഖ്യയിലെ പകുതിയിലേറെപ്പേര്‍ അധിവസിക്കുന്നതും യൂറോപ്പിനേക്കാള്‍ സമ്പന്നമായ ഒരു സാംസ്‌കാരിക പാരമ്പര്യവുമുള്ള ഏഷ്യയില്‍ ഉത്തമ സാഹിത്യകൃതികള്‍ രചിക്കപ്പെടുന്നില്ല എന്നാണോ ഇതിന്റെ അർത്ഥം? ജനസംഖ്യയിലെന്നപോലെ പുസ്തകപ്രസിദ്ധീകരണത്തിലും മുന്നിട്ടുനില്‍ക്കുന്ന ചൈനക്ക് ഇന്നോളം സാഹിത്യത്തിൽ ഒരു നോബൽ സമ്മാന ജേതാവിനെപോലും സ്യഷ്ടിക്കാൻ കഴിയാതെ പോയത് എന്തുകൊണ്ടാണ്‌? കമ്യൂണിസ്റ്റ്/ചൈനീസ് ഗവണ്‍മെന്റ് വിരുദ്ധനായതുകൊണ്ട് മാത്രമാണോ ഫ്രാന്‍സില്‍ അഭയം തേടിയിട്ടുള്ള ചൈനീസ് നാടകകൃത്ത് ഗ്യോ ക്‌സിന്‍ജിയാനും (2000), ലിയു സിയോബിനും (2010) നോബൽ സമ്മാനം നൽകി ആദരിക്കപ്പെട്ടതും, ബ്രസീലിയന്‍ സാഹിത്യത്തിലെ അതികായനായ ജോര്‍ജ് അമാദോവിനെ അദരിക്കതിരുന്നത് കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളോട് പ്രതിപത്തി വെച്ചുപുലര്‍ത്തിയത് കൊണ്ടുമാണോ? ടാഗോറിന്‌ (1913) നോബൽ സമ്മാനം ലഭിക്കുമ്പോൾ ഏഷ്യന്‍ സാഹിത്യത്തില്‍ വിദഗ്ദ്ധന്മാരായ ഇസൈസ് ടെഗ്നറും, യാസുനാരി കവാബാതക്ക് (1968) നോബൽ സമ്മാനം ലഭിക്കുമ്പോൾ എച്ച്.എസ്. നൈബെര്‍ഗും അക്കാദമി അംഗമായിരുന്നു. വില്യം ബട്‍ലർ യേറ്റ്സ് എന്ന ഐറിഷ് പോയറ്റ് ഉണ്ടായിരുന്നില്ലങ്കിൽ ടാഗോറിന്‌ നോബൽ സമ്മാനം ലഭിക്കുമായിരുന്നില്ലന്നതിന്‌ രണ്ടുപക്ഷമില്ല.

വര്‍ഗീയ താല്പര്യങ്ങള്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തില്‍ ഇടപെടുന്നതുകൊണ്ടാണോ ഹെന്‍ട്രി കിസ്സിംഗര്‍ (അമേരിക്ക), മേനാച്ചെം യൈഗിന്‍ (ഇസ്രായേല്‍ ), ലില്ലി ബ്രാന്റ് (ജര്‍മനി), ഐസ്‌ക് സാട്ടോ (ജപ്പാന്‍), ആന്‍ഡ്രേ സഖറോവ് (റഷ്യ), അന്‍വര്‍ സാദത്ത് (ഈജിപ്ത്), മദർ തെരേസ (ഇന്ത്യ) എന്നിവരെ സമ്മാനാര്‍ഹരായി തെരഞ്ഞെടുത്തത്?. ഇല്ലങ്കിൽ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മതപരിവര്‍ത്തനം എന്ന ഏകലക്ഷ്യവുമായി ഇന്ത്യയിലെത്തിയ അല്‍ബേനിയന്‍ കന്യാസ്ത്രീയായ മദര്‍ തെരേസ അംഗീകരിക്കപ്പെട്ടപ്പോൾ, അക്രമരഹിത ജീവിതത്തിലൂടെ സത്യാഗ്രമെന്ന അഹിംസയുടെ പ്രായോഗികതലം ലോകത്തിന് കാഴ്ചവച്ച മഹാത്മാഗാന്ധിയെ നോബല്‍ സമ്മാന സമിതി അവഗണിച്ചത് എന്തുകൊണ്ടാണ്‌?

ഇന്തോനേഷ്യയിലെ ക്രൈസ്തവ ഭൂരിപക്ഷമുള്ള പ്രവിശ്യയായിരുന്ന കിഴക്കന്‍ തിമോർ‍. മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യയില്‍നിന്ന് സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് നടത്തിയ കലാപത്തിന്റെ നേതാവായ ബിഷപ്പ് കാര്‍ലോസ് ബൈലോക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നൽകിയപ്പോൾ (1996) ലോകസമാധാനത്തിനുവേണ്ടി അദ്ദേഹം എന്തുചെയ്തു എന്ന ഒരു ചോദ്യം നോബൽ സമതിക്കുമുന്നേ ഉയർന്നു വന്നു.

വർഷ വർഷങ്ങളിൽ ഇങ്ങനെ നൽകപ്പെടുന്ന നോബൽ സമ്മാനങ്ങളിൽ സ്വീഡിഷ് അക്കാഡമിക്ക് എത്രത്തോളം പ്രാദേശിക വർഗ്ഗീയ വിഭാഗീയതകളുണ്ടന്നത് അരമന രഹസ്യം അങ്ങാടിയിൽ പാട്ട് എന്നമട്ടിലാണ്‌. പുരസ്കാരം ഏറ്റവും അർഹതപ്പെട്ടവർക്ക് കിട്ടണം എന്ന് നിഷ്കർഷിച്ച ആൽഫ്രഡ് നോബലിനോട് സ്വീഡിഷ് അക്കാഡമി വഞ്ചനകാണിക്കുന്നില്ലേ? അതിന്റെ ഉത്തമ ഉദാഹരണമാണ്‌ അര്‍ബുദത്തിന് കാരണമായ ഒരു പരജീവിയെ കണ്ടെത്തിയന്ന അവകാശവാദമുന്നയിച്ച ജോഹന്നെസ് ആൻഡ്രിയാസ് ഗ്രിബ് ഫിബിഗെറിന് നൽകിയ നോബല്‍ സമ്മാനം. നോബൽ സമ്മാനം നൽകി അധികനാളുകൾക്കുള്ളിൽ ജോഹന്നെസ് ഫിബിഗെറി പറഞ്ഞത് പച്ചകള്ളമാണന്ന് തെളിയിക്കപ്പെട്ടു. എന്നിട്ടും ഇന്നും നോബൽ സമ്മാന ജേതാക്കളുടെ പട്ടികയിൽ ഈ ഡാനിഷ് കാരനെ കാണാം.

അര്‍ബുദസംബന്ധമായ ഗവേഷണത്തിനാണ് 1966-ൽ അമേരിക്കയിലെ ഫ്രാന്‍സിന് പെയ്റ്റന്‍ റൗസിന് നോബല്‍ സമ്മാനം നല്‍കപ്പെട്ടത്‍. മുപ്പത്തഞ്ചാം വയസ്സിൽ നടത്തിയ ഗവേഷണത്തിന്‌ പുരസ്ക്കാരം കിട്ടുന്നത് എൺപത്തിയേഴാം വയസ്സിൽ. അതുപോലെ രസകരമാണ്‌ ഈ വർഷത്തെ വൈദ്യശാസ്ത്ര നോബൽ സമ്മാനവും. ഓൾഡ്‍ഹാം ജനറൽ ഹോസ്പിറ്റലിലെ ഗൈനക്കോളജി വാർഡിൽ ആദ്യത്തെ ടെസ്റ്റ്യൂബ് ശിശുവായ ലൂയി ബ്രൗൺ ജനിക്കുന്നത് 1977-ൽ. അതിന്‌ മുഖ്യകാരണക്കാരനായ പട്രിക് സ്റ്റെപ്ടോക്ക് ഒരിക്കലും നോബൽ സമ്മാനം ലഭിക്കയുണ്ടായില്ല. എന്നാൽ ലൂയി ബ്രൗണിന്‌ ജന്മം നൽകാൻ അന്ന് ഓൾഡ്‍ഹാം ജനറൽ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റായിരുന്ന പാട്രിക്കിനെ സഹായിച്ച പന്ത്രണ്ട് വർഷം ജൂനിയറായ ബയോളജിസ്റ്റ് റോബർട്ട് എഡ്വാർഡിന്‌ ഈ വർഷം നോബൽ സമ്മാനം നൽകുകയുണ്ടായി.

ഓരോ വർഷത്തെയും നോബൽ സമ്മാനത്തിന്റെ പിന്നിലെ കണ്ടുപിടുത്തങ്ങളെകുറിച്ചറിയുമ്പോൾ നോബൽ സമ്മാനം യൂറോപ്പ് വിട്ട് വെളിയിൽ പോകാതിരിക്കാൻ നോബൽ സമ്മാന സമിതിയിലെ പ്രാദേശിക താല്പര്യങ്ങളും വിഭാഗീയ പ്രവണതകളും മനസ്സിലാക്കാൻ കഴിയും. ലോകത്തിലെ ഒരു സമ്മാനവും നീതിപൂര്‍വ്വമായല്ല നിര്‍ണയിക്കപ്പെടുന്നത്. ശതവാര്‍ഷികത്തിലെത്തിയ നോബല്‍ സമ്മാനത്തിന്റെ കാര്യവും വ്യത്യസ്തമല്ല. 1786ല്‍ സ്ഥാപിക്കപ്പെട്ട 'സ്വീഡിഷ് അക്കാദമി'യാണ് നോബല്‍ സമ്മാനാര്‍ഹരെ നിശ്ചയിക്കുന്നത്. നോബൽ സമ്മാനത്തിലെ ഓരോ വിഭാഗത്തിനും അഞ്ചുവരെ അംഗങ്ങളുള്ള ഉപസമിതിയുണ്ടങ്കിലും സമ്മാനം നിശ്ചയിക്കുന്നതിൽ സമിതി അംഗങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായാല്‍ അത് രേഖപ്പെടുത്തരുതെന്ന് നിഷ്കർഷിച്ചിരിക്കുന്നതും ഈ പിന്നാമ്പുറ രഹസ്യം പുറത്താകാകരുതന്നു കരുതിയാകണം.
.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



2 comments: to “ നോബൽ സമ്മാനത്തിലെ പ്രാദേശികതയും രാഷ്ട്രീയവും

  • Dr. Prasanth Krishna
    Friday, October 15, 2010 9:23:00 PM  

    ഓരോ വർഷത്തെയും നോബൽ സമ്മാനത്തിന്റെ പിന്നിലെ കണ്ടുപിടുത്തങ്ങളെകുറിച്ചറിയുമ്പോൾ നോബൽ സമ്മാനം യൂറോപ്പ് വിട്ട് വെളിയിൽ പോകാതിരിക്കാൻ നോബൽ സമ്മാന സമിതിയിലെ പ്രാദേശിക താല്പര്യങ്ങളും വിഭാഗീയ പ്രവണതകളും മനസ്സിലാക്കാൻ കഴിയും. ലോകത്തിലെ ഒരു സമ്മാനവും നീതിപൂര്‍വ്വമായല്ല നിര്‍ണയിക്കപ്പെടുന്നത്. ശതവാര്‍ഷികത്തിലെത്തിയ നോബല്‍ സമ്മാനത്തിന്റെ കാര്യവും വ്യത്യസ്തമല്ല.

  • Sureshkumar Punjhayil
    Thursday, October 21, 2010 11:56:00 AM  

    Sammanitharkkulla Sammanaam..>!

    Manoharam, Ashamsakal...!!!