Search this blog


Home About Me Contact
2010-06-15

സ്വവർഗ്ഗാനുരാഗത്തിന്റെ ചരിത്രവും മതങ്ങളുടെ ഇടപെടലുകളും  

തൊട്ടാല്‍ പൊള്ളുന്ന വിഷയമാണ് സ്വവര്‍ഗ്ഗ പ്രണയം. അതുകൊണ്ടുതന്നെ സ്വവര്‍ഗ്ഗാനുരാഗം അധികമാരും ചര്‍ച്ച ചെയ്യപ്പെടാതെ മുഖ്യധാരാ മാധ്യമങ്ങൾ പോലും ഒരടി അകലം സൂക്ഷിക്കുന്ന വിഷയമാണ്. നമ്മുടെ പട്ടണങ്ങൾ സ്വവർഗ്ഗാനുരാഗികളേയും സ്വവർഗ്ഗ രതിക്കാരേയും കൊണ്ട് നിറയുമ്പോൾ വിഷയത്തെ കാര്യമാത്രപ്രസക്തമായ് കാണാതിരിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കും പോലെയാണ്‌. പ്രക്യതി വിരുദ്ധമന്നും അപകടകരമന്നും വിധിയെഴുതി നിയമം കൊണ്ടും സാമൂഹികമായ ഒറ്റപ്പെടുത്തൽ കൊണ്ടും സ്വവർഗ്ഗ രതിക്കാരെ ഒരു തീണ്ടാപാടകലെ നിർത്തുമ്പോൾ അരോഗ്യകരമല്ലാത്ത ഒരു സമൂഹത്തെ നാം വളർത്തിയെടുക്കുകയല്ലേ ചെയ്യുന്നത്?. സ്വവർഗ്ഗാനുരാഗവും സ്വവർഗ്ഗ രതിയും മനുഷ്യന്‌ പുത്തരിയില്ല. മനുഷ്യന്‍ ഉണ്ടായകാലം മുതല്‍ സ്വവര്‍ഗ്ഗാനുരാഗവും ഉണ്ടായിരുന്നു എന്നുവേണം അനുമാനിക്കാൻ. മനുഷ്യൻ കണ്ടെത്തിയ തെളിവുകൾ നിഗമനത്തിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്.

ഇന്നുള്ളതിൽവച്ച് സ്വവര്‍ഗാനുരാഗത്തെപ്പറ്റി ഏറ്റവും പ്രാചീനമായ തെളിവ് ഈജിപ്‌റ്റില്‍ നിന്നാണ് ലഭിച്ചിരിക്കുന്നത്. രണ്ടു പുരുഷന്‍‌മാര്‍ പരസ്‌പരം ചുംബിക്കുന്ന ഒരു ചിത്രം. ആ ചിത്രത്തിന്ന് 4500-ലധികം വര്‍ഷത്തെ പഴക്കമുണ്ടന്ന് കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും മധ്യ കാലഘട്ടത്തിന് ശേഷമായിരിക്കണം സ്വവര്‍ഗാനുരാഗം കൂടുതല്‍ വ്യാപകമായത് അല്ലങ്കിൽ വ്യാപകമായ് സമൂഹം അംഗീകരിച്ചു തുടങ്ങിയതന്നു വേണം അനുമാനിക്കാന്‍. എന്നാൽ സമൂഹത്തില്‍ സ്വവര്‍ഗ്ഗാനുരാഗത്തിന് കൂടുതല്‍ അംഗീകാരം ലഭിച്ചത് ആധുനിക സമൂഹത്തിലാണ്. യാന്ത്രിക സമൂഹത്തില്‍ ആധുനിക മനുഷ്യന്‍ സ്നേഹവും പ്രണയവും ലൈംഗികതയുമൊക്കെ പുനഃര്‍നിര്‍വ്വചിക്കപ്പെട്ടപ്പോള്‍ സ്വവര്‍ഗാനുരാഗത്തിനും കൂടുതല്‍ അംഗീകാരം ലഭിച്ചു. ഇന്ന് ലോകത്തിലെ ഏതാണ്ട് 20-ലധികം രാജ്യങ്ങളിലും അവിടുത്തെ മിലട്ടറി ബാരക്കുകളിലും സ്വവര്‍ഗ്ഗാനുരാഗവും സ്വവര്‍ഗ്ഗരതിയും നിയമപരമായ് അനുവദനീയമാണ്. കടുത്ത മത മൗലികവാദികളും മതാധിപത്യവും കൊടികുത്തി വാഴുന്ന ഇന്ത്യയിലും സ്വവര്‍ഗ്ഗ പ്രണയത്തെ നിയമവിധേയമാക്കാനുള്ള പ്രാരംഭ നടപടികള്‍ കൈകൊണ്ടുകഴിഞ്ഞു. സ്വവര്‍ഗാനുരാഗികള്‍ക്ക് സ്വാതന്ത്ര്യം നൽകി കൂടുതല്‍ സ്വതന്ത്രമായ ഒരു സാമൂഹ്യവ്യവസ്ഥയിലേക്ക് ഇന്ത്യ കാലെടുത്ത് കുത്തുകയാണ്.

പുരുഷന്മാര്‍ക്കിടയിലെ സ്വവര്‍ഗരതി ആധുനികസമൂഹത്തിന്റെ പ്രശ്‌നമൊന്നുമല്ല. ലോകത്തിലെ പല പ്രാചീന സംസ്കാരങ്ങളിലും സ്വവര്‍ഗ്ഗ പ്രണയം അംഗീകരിക്കപ്പെട്ടിരുന്നു. കത്തോലിക്കാ സഭയുടെ ആസ്ഥാനമായ ഗ്രീസില്‍ സ്വവര്‍ഗ്ഗ പ്രണയവും സ്വവര്‍ഗ്ഗ രതിയും അനുവദനീയമായിരുന്നു. ജപ്പാനിലെ സമുറായ് വര്‍ഗക്കാരിലും ആഫ്രിക്കയിലെ ചില ഗോത്രങ്ങളിലും, പോളിനേഷ്യന്‍ ഗിരിവര്‍ഗക്കാര്‍ക്കിടയിലും ഇത്തരം സ്വവര്‍ഗപ്രേമത്തിന് ഇന്നും സമൂഹത്തിന്റെ അംഗീകാരമുണ്ട്. സുഹൃത്തുക്കളിലാരൊടങ്കിലും ലൈംഗികസൗഹൃദം കാണിക്കുന്നത് ക്ഷിണഅമേരിക്കയിലെ പല ഗോത്രങ്ങളും അനുവദിച്ചിരുന്നു. അറബികള്‍ക്കിടയിലും സ്വവര്‍ഗപ്രേമം സാധാരണമാണ്. സ്ത്രീകളുമായുള്ള ബന്ധം ഗൃഹാന്തരീക്ഷം നിലനിര്‍ത്താനും‍, സ്വവര്‍ഗ്ഗരതി മാനസിക, ശാരീരികസുഖത്തിനും എന്നതായിരുന്നു അറബികളുടെ മതം. യവനസാഹിത്യത്തിലും ഭാരതീയപുരാണങ്ങളിലും, ഖുജുരാഹോ, അജന്ത, എല്ലോറ തുടങ്ങിയ പല ഗുഹാ ചിത്രങ്ങളിലും സ്വവര്‍ഗരതിയുടെ ഭാഷ്യങ്ങളുണ്ട്.

ആണിനും പെണ്ണിനും നിര്‍വചിക്കപ്പെട്ട മാനസിക, ശാരീരിക ഘടനാവിശേഷങ്ങളുണ്ട്. ഇവ അടിസ്ഥാനപ്പെടുത്തിയാണ് പരസ്പരാകര്‍ഷണം, സ്ത്രീ പുരുഷ ബന്ധം, ദാമ്പത്യം എന്നീ കാര്യങ്ങളില്‍ നിയമങ്ങളും സദാചാര സംഹിതകളും സമൂഹത്തില്‍ രൂപം കൊണ്ടിട്ടുള്ളത്. സമൂഹം അംഗീകരിച്ചതും, സമൂഹത്തില്‍ പൊതുവേ കാണപ്പെടുന്നതുമായ സ്ത്രീ-പുരുഷ നിര്‍വചനങ്ങളുടെ പരിധിയില്‍പ്പെടാത്തവരാണു സ്വവര്‍ഗപ്രേമികള്‍‌‌‌‌‌ . ജീവശാസ്ത്ര പരമായ സവിശേഷതകളും മാനസികമായ ഉള്‍പ്രേരണകളും ചേർന്ന സങ്കീർണ്ണമായ അവസ്ഥാവിശേഷമാണ്‌ സ്വവര്‍ഗാനുരാഗികളെ സൃഷ്ടിക്കുന്നതെന്ന് ശാസ്ത്ര പഠനങ്ങള്‍ വിലയിരുത്തുന്നു. ഈ സവിശേഷതയെ ക്രിമിനല്‍ കുറ്റമാക്കുന്നതിനെ ഒരുതരം പ്രാകൃത തത്വമായാണു പരിഷ്കൃതസമൂഹങ്ങള്‍ കണക്കാക്കുന്നത്. ആണിന് ആണും, പെണ്ണിനു പെണ്ണും ഇണയാവുക എന്ന മാനസികാവസ്ഥയിലെത്തിപ്പെടുന്നവര്‍ക്ക്, അതിന്റെതായ ശാരീരികവും മാനസികവുമായ കാരണങ്ങളുണ്ട്. അതിനാല്‍ മതത്തിന്‍റെയോ സദാചാരത്തിന്‍റെയോ ശിക്ഷാനിയമങ്ങളുടെയോ പേരില്‍ ഇവരെ വേട്ടയാടുന്നതും ഒറ്റപ്പെടുത്തുന്നതും മാനുഷികതയല്ല.

എല്ലാ പൗരന്മാര്‍ക്കും തുല്യനീതി അടിസ്ഥാന പ്രമാണമായ് ഉറപ്പു നൽ‍കുന്ന ഇന്ത്യന്‍ ഭരണ ഘടനയില്‍ പോലും സ്വവര്‍ഗ്ഗ പ്രണയെത്തെയും സ്വവര്‍ഗ്ഗ രതിയേയും ക്രിമിനല്‍ കുറ്റമായ് കണക്കാക്കിയിരുന്നു. ഇന്ത്യ സ്വാതന്ത്യം നേടുന്ന സമയം ബ്രിട്ടീഷ്‌ നിയമത്തില്‍ നിന്നും അതേപടി പകര്‍ത്തിവെച്ച നിയമങ്ങളിലൊന്നാണ്‌ ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്‌ഷന്‍ 377. 150-ല്‍പരം വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ നിയമം കാലഹരണപ്പെട്ടതാണന്ന വാദങ്ങള്‍ കാലങ്ങളായ് നീതിപീഠത്തിനു മുന്നിലുണ്ടായിരുന്നു. ജനസംഖ്യയില്‍ ഏതാണ്ട് 0.4% വരുന്നവര്‍ സ്വവര്‍ഗ്ഗാനുരാഗികളാണന്ന് കണക്കാക്കപ്പെടുമ്പോള്‍ ജനസംഖ്യയില്‍ അത്ര ചെറുതല്ലാത്ത സ്വവര്‍ഗ്ഗാനുരാഗികളായ പൗരന്മാരോട് നിയമം വിവേചനം കാണിക്കുന്നില്ലേ എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നിരന്തരം ചോദിച്ചുകൊണ്ടേയിരുന്നു. 2009 ജൂലൈ രണ്ടിന്‌ ഡൽഹി ഹൈകോടതി പുറപ്പെടുവിച്ച ചരിത്ര പ്രധാനമായ വിധിന്യായത്തിലൂടെ സ്വവർഗ്ഗ പ്രണയം സാധാരണ ലൈംഗിക പ്രവർത്തിയായ് കണക്കാക്കുന്ന രാജ്യമായ് ഇന്ത്യ മാറികൊണ്ടിരിക്കുന്നു.

എന്നാൽ ഇന്ത്യൻ ഭരണ ഘടനയിലെ 377 വകുപ്പ് പൊളിച്ചഴുതുന്നതിൽ ചില മതസംഘടനകൾ വാളുമെടുത്ത് അങ്കത്തിന്‌ ഒരുങ്ങുന്നതിന്റെ ധാർമ്മികത എന്താണന്ന് മനസ്സിലാകുന്നില്ല. പുരാതനകാലം മുതല്‍ക്കേ പല മതങ്ങളും സ്വവര്‍ഗ്ഗാനുരാഗത്തെ ശക്തമായും എതിര്‍ത്തിരുന്നു. ക്രിസ്തുമതവും ഇസ്ലാം മതവുമാണ് സ്വവര്‍ഗ്ഗാനുരാഗത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്തിട്ടുള്ളത്. പഴയനിയമത്തില്‍ സ്വവര്‍ഗ്ഗാനുരാഗത്തെകുറിച്ച് പലയിടത്തും പരാമര്‍ശിച്ച് കാണാം. സ്വവര്‍ഗ്ഗാനുരാഗികള്‍ പെരുകിയതിനാലാണ് സോദോം, ഗോമോറ എന്നീ പുരാതന നഗരങ്ങള്‍ ദൈവ്വം നശിപ്പിച്ചതന്ന് പഴയനിയമത്തില്‍ പറയുന്നു. സ്വവര്‍ഗാനുരാഗത്തെ പാപമായാണ് ക്രൈസ്‌തവര്‍ കണക്കാക്കുന്നത്. എന്നാല്‍ മത സംഘടനകൾ ഒന്ന് അറിയേണ്ടിയിരിക്കുന്നു. ഏതെങ്കിലുമൊരു മതത്തിന്‍റെയോ സമുദായത്തിന്‍റെയോ ചട്ടക്കൂടുകള്‍ക്കുള്ളില്‍പ്പെടുന്നവര്‍ക്കു മാത്രമാണ് മതത്തിന്‍റെ ചട്ടങ്ങള്‍ ബാധകമാവുക. മതത്തിന്റെ പൊള്ളതരങ്ങളിലോ ദൈവ്വത്തിലോ വിശ്വസിക്കാത്ത പൗരന്മാർക്ക് പരസ്പരം ആശ്രയിച്ചും പൊതുസമൂഹത്തിന്‍റെ മാനദണ്ഡങ്ങള്‍ നിര്‍വചിച്ചിട്ടില്ലാത്ത ബന്ധങ്ങളില്‍ ഏര്‍പ്പെട്ടും ജീവിക്കാന്‍ ആഗ്രഹമോ അവകാശമോ പാടില്ല എന്നു വിധിക്കുവാൻ എന്തധികാരമാണുള്ളത്? അതോ ഇന്ത്യൻ ഭരണകൂടത്തെ നിയന്ത്രിക്കുന്നത് മത മേധാവികളാണന്നുണ്ടോ?

ഒരു പുരുഷന് ഒന്നിലധികം ഭാര്യമാരുണ്ടാവാമെന്നും, ഭര്‍ത്താവു മരിച്ച സ്ത്രീ വൈധവ്യത്തിന്‍റെ കാരാഗൃഹത്തില്‍ ഒറ്റപ്പെടണമെന്നുമുള്ള കല്‍പ്പനകള്‍ ശരിവയ്ക്കുകയും പ്രോൽസാഹിപ്പിക്കുകയും ചയ്യുന്ന മതനേതാക്കള്‍ സുലഭമായുള്ള നാട്ടിൽ, വിധവയ്ക്കു ശിരോമുണ്ഡനവും, ഭര്‍തൃചിതാഗ്നിയില്‍ ജീവത്യാഗവും പുണ്യമെന്നു വിധിച്ച്‌ ആചരിച്ചുപോന്ന മതനിയമങ്ങളെ, നിയമം കൊണ്ടുതന്നെ പൊളിച്ചെഴുതി ഉൽ‍മൂലനം ചെയ്ത നാടാണ്‌ നമ്മുടേതന്ന് മത നേതാക്കൾ ഓർക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



1 comments: to “ സ്വവർഗ്ഗാനുരാഗത്തിന്റെ ചരിത്രവും മതങ്ങളുടെ ഇടപെടലുകളും

  • Dr. Prasanth Krishna
    Wednesday, June 16, 2010 9:42:00 PM  

    വിധവയ്ക്കു ശിരോമുണ്ഡനവും, ഭര്‍തൃചിതാഗ്നിയില്‍ ജീവത്യാഗവും പുണ്യമെന്നു വിധിച്ച്‌ ആചരിച്ചുപോന്ന മതനിയമങ്ങളെ, നിയമം കൊണ്ടുതന്നെ പൊളിച്ചെഴുതി ഉൽ‍മൂലനം ചെയ്ത നാടാണ്‌ നമ്മുടേതന്ന് മത നേതാക്കൾ ഓർക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.