Search this blog


Home About Me Contact
2010-06-01

പുരുഷന്റെ പ്രത്യുല്‍പാദന വ്യവസ്ഥ-04  

ഉദ്ധാരണം:

ലൈംഗികബന്ധത്തിനു സജ്ജമാകും വിധം പുരുഷജനനേന്ദ്രിയം വിജൃംഭിതമായി നില്‍ക്കുന്ന അവസ്ഥയാണിത്. മനസ്സില്‍ ലൈംഗിക താല്‍പര്യം ഉണരുമ്പോള്‍ തലച്ചോറില്‍ നിന്നുള്ള ഉദ്ദീപനങ്ങള്‍ അനുസരിച്ച് ജനനേന്ദ്രിയത്തിലെ മാംസപേശികളില്‍ നൈട്രിക് ഓകൈ്‌സഡ് രൂപപ്പെടുന്നു. ശരീരത്തിലെ ചില എന്‍സൈമുകളും നൈട്രിക് ഓകൈ്‌സഡും ചേര്‍ന്നു പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ജനനേന്ദ്രിയത്തിലെ മൃദുലമായ ഉദ്ധാരക പേശികള്‍ വേഗം വികാസം പ്രാപിക്കും. തല്ഫലമായ് ഉദ്ധാരക കലകള്‍കൊണ്ടു നിര്‍മിച്ച ലിംഗപേശികളിലേക്ക് രക്തം ഇരച്ചു കയറുകയും ലിംഗോദ്ധാരണം സംഭവിക്കയും ചെയ്യുന്നു. സ്ഖലനം കഴിയുമ്പോള്‍ ചില എന്‍സൈമുകള്‍ പ്രവര്‍ത്തിക്കുന്നത്തിന്റെ ഫലമായ് ഉദ്ധാരണം അവസാനിച്ച് ലിംഗം സാധാരണ സ്ഥിതിയിലെത്തുകയും ചെയ്യുന്നു. ഉദ്ധാരണത്തെ സഹായിക്കുന്ന എന്‍സൈമുകളാണ് വയാഗ്ര പോലുള്ള ഉത്തേജന ഗുളികകളില്‍ അടങ്ങിയിരിക്കുന്നത്.

പുരുഷന്മാരുടെ കാര്യത്തില്‍ ജീവിത സാഹചര്യങ്ങള്‍ പ്രത്യുത്പാദനത്തെ ഏറെ ബാധിക്കാറുണ്ട്. പുരുഷന്റെ പ്രത്യുത്പാദനാവയവങ്ങളില്‍ പ്രധാനം വൃഷണങ്ങളാണ്. അതിലോലമായ ഈ അവയവം ചെറിയൊരു കാരണം കിട്ടിയാല്‍ തന്നെ പ്രവര്‍ത്തനം പതുക്കെയാക്കിക്കളയും. കുറേനേരം ചൂടുതട്ടിയാല്‍, ചെറിയൊരാഘാതമുണ്ടായാല്‍, ഒരു പനി വന്നാല്‍ ഒക്കെ വൃഷണപ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കും. സാഹചര്യങ്ങള്‍ സ്ഥിരമായി നിലനിന്നാല്‍ വൃഷണ പ്രവര്‍ത്തനങ്ങള്‍ അങ്ങനെ മന്ദീഭവിച്ചു തന്നെയിരിക്കും. അപ്പോള്‍ പ്രത്യുത്പാദനശേഷിയും കുറഞ്ഞിരിക്കുമെന്നതിനാല്‍ അത്തരം ജീവിത സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് ഉത്തമം.

പുരുഷ ലൈംഗികാവയവങ്ങളില്‍ ഏറ്റവും പ്രധാനമായത് വൃഷണമാണ്. പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ വൃഷണങ്ങളെ ബാധിക്കാറുണ്ട്. മിക്കവയും അത്ര ഗൗരവമുള്ളതായിരിക്കില്ലങ്കിലും വൃഷണങ്ങളുടെ കാര്യത്തില്‍ തികഞ്ഞ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. പ്രസവത്തിനു തൊട്ടുമുന്പായിട്ടാണ് വൃഷണങ്ങള്‍ അടിവയറ്റില്‍നിന്ന് വൃഷണ സഞ്ചിയിലേക്ക് ഇറങ്ങുക. വൃഷണങ്ങള്‍ സഞ്ചിയിലേക്ക് ഇറങ്ങി എത്താത്തതു കാരണം ചിലപ്പോള്‍ വൃഷണങ്ങള്‍ കാണാതിരിക്കുകയും ഒന്നു മാത്രമായിരിക്കുകയും ചെയ്യും. അങ്ങനെ ഇറങ്ങാതിരിക്കുന്നത് നേരത്തേ കണ്ടെത്തി ഉള്ളിലിരിക്കുന്ന വൃഷണത്തിനെ ശസ്ത്രക്രിയയിലൂടെ സഞ്ചിയിലേക്കിറക്കി കൊണ്ടുവരാം. വിശദ പരിശോധനകള്‍ നടത്തിയും സ്‌കാനിങ്ങിലൂടെയും മറ്റും പ്രശ്‌നങ്ങള്‍ കൃത്യമായി മനസ്സിലാക്കുകയും ചെയ്തതിനുശേഷമേ ശസ്ത്രക്രിയ നടത്താവൂ.

ചില പുരുഷന്മാരില്‍ അപൂര്‍വ്വമായി ഒരു വൃഷണം മാത്രമേ കാണപ്പെടാറുണ്ട്. എന്നാല്‍ ഇത് അത്ര കാര്യമാക്കേണ്ട പ്രശ്‌നമല്ല. ഉള്ള വൃഷണം പ്രവര്‍ത്തനശേഷിയുള്ളതായാല്‍ ആവശ്യത്തിനു ഹോര്‍മോണും ബീജങ്ങളും ഉത്പാദിപ്പിച്ചുകൊള്ളും. ഒരു വൃഷണം മാത്രമുള്ളവര്‍ക്ക് വന്ധ്യത ഉണ്ടാകുമന്ന ധാരണ തെറ്റാണ്. എന്നാല്‍ ഒരു വൃഷണം താഴെ സഞ്ചിയിലേക്കിറങ്ങാതെ ഉള്ളിലിരിക്കുന്നത് അപകടകരമാണ് . അത് ഉള്ളിലിരുന്നു കേടുപിടിച്ച് അണുബാധകളും മറ്റു പ്രശ്‌നങ്ങളും ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഒരു വൃഷണം ശോഷിച്ചു പോകുന്നതും എവിടെപ്പോയി കണ്ടെത്താനാവാതെ അത്ര്യക്ഷമാകുന്നതും അത്ര അപൂര്‍വ്വമല്ലാത്ത പ്രശ്‌നങ്ങളാണ്.

വൃഷണവീക്കം:

വളരെ സാധാരണമായ ഒരു പ്രശ്‌നമാണ് ഹൈഡ്രോസീല്‍ അല്ലെങ്കില്‍ വൃഷണവീക്കം. വൃഷണസഞ്ചിയില്‍ ലിംഫ് ദ്രവം കെട്ടിക്കിടന്ന് സഞ്ചി വീര്‍ത്തുവലുതാവുന്നതാണ് ഇതിനു കാരണം. തുടക്കത്തില്‍ ഇത് വേദനയോ മറ്റ് അസ്വാസ്ഥ്യങ്ങളോ ഉണ്ടാക്കാറില്ല. ക്രമേണ വലിപ്പം കൂടി വരുമ്പോള്‍ മാത്രമേ ശ്രദ്ധയില്‍ പെടാറുള്ളൂ. അപൂര്‍വ്വമായേ വൃഷണവീക്കം പ്രത്യുല്‍പാദനശേഷിയെ ബാധിക്കാറുള്ളൂ. എങ്കിലും വൃഷണവീക്കം മൂലം ലൈംഗികജീവിതം പ്രശ്‌നഭരിതമായി മാറാം. ബീജസംഖ്യ കുറയാനും ഇതു കാരണമാകാം. ലഘുവായൊരു ശസ്ത്രക്രിയയിലൂടെ രോഗം ഭേദമാക്കാനാവും.

വൃഷണവേദന:

പല കാരണങ്ങള്‍ കൊണ്ട് വൃഷണത്തില്‍ വേദന വരാം. കൗമാരകാലത്ത് വൃഷണവേദന കൂടുതലായി അനുഭവപ്പെടാം. കൂടുതല്‍ സമയം ലൈംഗികോദ്ധാരണം ഉണ്ടാവുകയും എന്നാല്‍ സ്ഖലനം നടക്കാതിരിക്കുകയും ചെയ്യുന്നത് വേദനയുണ്ടാക്കും. ഉദ്ധാരണമുണ്ടാകുമ്പോള്‍ ശുക്ലവും ബീജവും ഉത്പാദിപ്പിക്കപ്പെടുകയും സ്ഖലനം നടന്ന് പുറത്തുപോകാതിരിക്കുകയും ചെയ്യുമ്പോഴാണ് വേദന ഉണ്ടാകുന്നത്. അടുത്തടുത്ത് പലതവണ സ്ഖലനമുണ്ടാകുന്നതും വൃഷണവേദനയുണ്ടാക്കും. പലപ്പോഴും ഇത് ഗൗരവമുള്ള പ്രശ്‌നമായിരിക്കില്ല. ചുരുക്കം ചിലര്‍ക്ക് വൃഷണങ്ങളില്‍ തൊടുന്നത് അസ്വാസ്ഥ്യമുണ്ടാക്കാം. വൃഷണസഞ്ചിയുടെ പ്രശ്‌നങ്ങളാണ് ഇതിനു കാരണം. വിദഗ്ധ യൂറോളജിസ്റ്റിന് പ്രശ്‌നം എളുപ്പംരിഹരിക്കാനാവും. വൃക്കയിലെ കല്ല്, മറ്റു വൃക്കരോഗങ്ങള്‍, മൂത്രാശയക്കല്ല്, മൂത്രാശയ അണുബാധ തുടങ്ങി പലകാരണങ്ങള്‍ കൊണ്ടും ഉണ്ടാകുന്ന വേദന വൃഷണങ്ങളെയും ബാധിക്കാറുണ്ട്. വേദനയുടെ യഥാര്‍ഥകാരണം കണ്ടെത്തി ചികിത്സിക്കാന്‍ ശ്രദ്ധിക്കുകയാണു വേണ്ടത്. ഓര്‍ക്കൈറ്റിസ്, ഫൈലേറിയ തുടങ്ങി ചില രോഗങ്ങള്‍ മൂലവും വൃഷണങ്ങളില്‍ വേദനയുണ്ടാകാം. സ്ഖലനശേഷമുണ്ടാകുന്ന വേദനയും അസ്വാസ്ഥ്യങ്ങളും കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ഇങ്ങനെ അനുഭവപ്പെടുന്നുവെങ്കില്‍ വൈകാതെ ഡോക്ടറെ കാണണം.


വലിപ്പവ്യത്യാസം:

വളരെയധികം പേരെ അങ്കലാപ്പിലാക്കുന്ന ഒരു സാധാരണപ്രശ്‌നമാണ് വൃഷണങ്ങളുടെ വലിപ്പവ്യത്യാസം. ഒരു വൃഷണം മറ്റേതിനേക്കാള്‍ അല്‍പം വലുതായിരിക്കുന്നത് സ്വാഭാവികം മാത്രമാണ്. വലിപ്പവ്യത്യാസം 50 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ മാത്രമേ ഇതിനെ ഗൗരവമായി കാണേണ്ടതുള്ളൂ. ചിലപ്പോള്‍ വൃഷണവീക്കമോ മറ്റു പ്രശ്‌നങ്ങളൊ കൊണ്ടാവാം വലിപ്പവ്യത്യാസം. വെരിക്കോസില്‍ മൂലവും വൃഷണങ്ങളുടെ വലിപ്പവ്യത്യാസം കാണാറുണ്ട്. ഉദ്ധാരണത്തിനും ലൈംഗികബന്ധത്തിനും പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ വലിപ്പവ്യത്യാസത്തെക്കുറിച്ച് പേടിക്കാനില്ല.


ക്യാന്‍സര്‍

40 വയസ്സിനു താഴെയുള്ള പുരുഷന്മാരിലാണ് വൃഷണത്തിലെ ക്യാന്‍സര്‍ കൂടുതലായി കാണപ്പെടുന്നത്. പലപ്പോഴും ആദ്യഘട്ടത്തില്‍ ഇത് വേദനയുണ്ടാക്കാറില്ല. അതിനാല്‍ വൃഷണ ക്യാന്‍സര്‍ തിരിച്ചറിയാനും വൈകാറുണ്ട്. വൃഷണത്തില്‍ കാണുന്ന ചെറിയ തടിപ്പുകള്‍ ചിലപ്പോള്‍ കാന്‍സറിന്റെ സൂചനയാവാം. സ്വയം പരിശോനയിലൂടെ ഇവ കണ്ടെത്താവുന്നതേയുള്ളൂ. വിരലുകള്‍കൊണ്ട് സാവാനം പരിശോധിക്കുമ്പോള്‍ വൃഷണങ്ങളില്‍ തടിപ്പോ വലിപ്പവ്യത്യാസമോ ഉണ്ടോയെന്നു ശ്രദ്ധിക്കണം. തടിപ്പുകള്‍ കാണുന്നുവെങ്കില്‍ ചികിത്സ തേടാന്‍ വൈകരുത്. നേരത്തെ കണ്ടെത്തിയാല്‍ ലഘുവായൊരു ശസ്ത്രക്രിയയിലൂടെ വൃഷണ അര്‍ബുദം സുഖപ്പെടുത്താം. വൃഷണത്തിലെ വെരിക്കോസില്‍ പലപ്പോഴും ഇത്തരം തടിപ്പുകളായി അനുഭവപ്പെടാറുണ്ട്. അവ കാന്‍സറാണെന്നു തെറ്റിദ്ധരിച്ച് പേടിക്കേണ്ടതില്ല.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



3 comments: to “ പുരുഷന്റെ പ്രത്യുല്‍പാദന വ്യവസ്ഥ-04

  • Dr. Prasanth Krishna
    Wednesday, June 02, 2010 4:05:00 PM  

    40 വയസ്സിനു താഴെയുള്ള പുരുഷന്മാരിലാണ് വൃഷണത്തിലെ ക്യാന്‍സര്‍ കൂടുതലായി കാണപ്പെടുന്നത്.

  • Anonymous
    Tuesday, August 02, 2011 7:40:00 AM  

    എനിക്ക് ഹൈഡ്രോസീലിന്‍റെ ശസ്ത്രക്രിയ കഴിഞ്ഞിട്ട് രണ്ട് മാസമായി. ഇപ്പോള്‍ എന്‍റെ ഇടത് വൃഷണത്തില്‍ വേദനയുണ്ട്. ഡോക്ടര്‍ പറയുന്നത് ചിലര്‍ക്ക് വേദന കാണും മാറില്ല എന്നാണ്. ഞാന്‍ ഏത് ഡോക്ടറെ കാണണം. മറുപടി പ്രതീക്ഷിക്കുന്നു.

  • Dr. Prasanth Krishna
    Tuesday, August 09, 2011 12:08:00 PM  

    സാധാരണയായി കുറച്ചു നാളേക്ക് സ്വല്പം വേദന അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ എതു വ്യഷണത്തിനായിരുന്നു സർജറി? ശസ്ത്രക്രിയ കഴിഞ്ഞ ശേഷം വീണ്ടും എന്തങ്കിലും അഅക്യുമുലേഷൻസ് ഉണ്ടോ എന്ന് പരിശോധനയിലൂടെ മാത്രമേ അറിയാൻ കഴിയൂ. നിങ്ങൾ സർജനെ ആയിരിക്കും കൺസൾട്ട് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് കരുതുന്നു. സർജനാണ്‌ ശസ്ത്രക്രിയക്ക് ശേഷവും ചിലര്‍ക്ക് വേദന കാണും മാറില്ല എന്ന് പറഞ്ഞതെങ്കിൽ ഇനി ഒരു ന്യൂറോളജിസ്റ്റിന്റെ ഉപദേശം തേടാം.