Search this blog


Home About Me Contact
2009-09-25

ബ്ലോഗ് വായനാക്കാരായ പപ്പരാസികളോടും, ഞരമ്പ് രോഗികളോടും  

സ്വവര്‍ഗ്ഗാനുരാഗവും സ്വവര്‍ഗ്ഗ ഭോഗവും ജീവശാസ്ത്രപരമായ അപഭ്രംശമാണന്ന സാങ്കേതികമായ വിശകലനങ്ങളെകുറിച്ചും, സമൂഹികമായ ഉപരിപ്ലവത്തെകുറിച്ചും എന്റെ ബ്ലോഗില്‍ വന്ന പോസ്റ്റുകളുടെ ചുവടുപിടിച്ച് ഒരുപാട് വ്യക്തികള്‍ മെയിലുവഴിയും ചാറ്റ് വഴിയും എന്നെ സമീപിക്കയുണ്ടായി. അവരില്‍ ഒരൊരുത്തരുടേയും ഉദ്ദേശ ലക്ഷ്യങ്ങളും പലതായിരുന്നു. സ്വവര്‍ഗ്ഗപ്രണയികളായ അവരില്‍ ചിലര്‍ പ്രണയാഭ്യര്‍ത്ഥനയുമായ് സമീപിച്ചപ്പോള്‍, ചിലര്‍ക്ക് രതിയില്‍ ഏര്‍പ്പടാനായിരുന്നു താല്പര്യം. സ്വവര്‍ഗ്ഗ പ്രണയത്തെ നഖശിഖാന്തം എതിര്‍ത്തുകൊണ്ട് പല ബ്ലോഗുകളിലും കമന്‍റ്റുകളിടാറുള്ള ഒരു പ്രമുഖ മലയാളം ബ്ലോഗറും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നുവന്നത് എന്നെ അല്‍ഭുതപ്പെടുത്തി. പൊതുജന സമക്ഷം താന്‍ പിടിക്കപ്പെടുമോ എന്ന ഭയത്താല്‍ സ്വവര്‍ഗ്ഗ പ്രണയത്തെ എതിര്‍ത്തുകൊണ്ട് അത് ആസ്വദിക്കുന്ന പലരും നമുക്കിടയിലുണ്ടന്നതിന്റെ ഉത്തമ ദ്യഷ്ടാന്തമാണിത്. ചില ബ്ലോഗര്‍മാര്‍ ഡയറക്ടായും, മറ്റുചിലര്‍ ഇന്‍ഡയറക്ടായും, ജീവിതത്തില്‍ എപ്പോഴങ്കിലും അത്തരം ഒരു ഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ടോ, ആരോടങ്കിലും അത്തരത്തില്‍ പ്രണയമുണ്ടൊ എന്ന് ആരാഞ്ഞപ്പോള്‍, ചിലര്‍ തുറന്ന കമന്റുകളുമായ് അതേ ചോദ്യം ഉന്നയിച്ചവരാണ്. ചിലരാകാട്ടെ ഭൂതവും വര്‍ത്തമാനവും മറ്റും പഠിച്ച്, എന്നെകുറിച്ച് നന്നായ് നിരീക്ഷണ ഗവേഷണങ്ങള്‍ തന്നെ നടത്തിയിട്ടായിരുന്നു ചോദ്യ ശരങ്ങളുമായ് വന്നത്. മുടി നീട്ടി വളര്‍ത്തുന്നതും, വിവാഹം കഴിക്കാതിരിക്കുന്നതിന്റെയും മറ്റും കാരണങ്ങള്‍ ഇതാണോ എന്നായിരുന്നു അവര്‍ക്ക് അറിയേണ്ടത്. അഭ്യുതയകാംക്ഷിയായ് ഉപദേശകന്റെ രൂപത്തില്‍ സമീപിച്ചവരും കുറവല്ല. ഇത്തരം പോസ്റ്റുകള്‍ ഭാവിയെയും കരിയറിനേയും ബാധിക്കും, ആളുകള്‍ താങ്കളെ തെറ്റുധരിക്കയും, താങ്കളോടുള്ള ബഹുമാനം ഇല്ലാതാക്കുകയും, താങ്കളുടെ വിവാഹത്തിനുവരെ തടസ്സമായി എന്നും വരാം, അതിനാല്‍ മേലില്‍ ഇത്തരം പോസ്റ്റുകള്‍ ഒഴിവാക്കുന്നതായിരുക്കും ആരോഗ്യകരമെന്നതായിരുന്നു അവരുടെ ഉപദേശം. ഇത്രയധികംപേര്‍ നേരിട്ട് സംശയനിവാരണം നടത്തിയപ്പോള്‍ അതിലും എത്രയോ മടങ്ങായിരിക്കും സംശയം മനസ്സില്‍ വച്ച് എന്റെ പോസ്റ്റുകള്‍ വായിച്ചു പോയത്. ഓരോരുത്തരോടും ഉത്തരം പറയാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഒരു വിശദീകരണം നല്‍കാം എന്നു കരുതുകയാണ്.

തെരുവു വേശ്യകള്‍ക്കും, അവരുടെ അവകാശങ്ങള്‍ക്കും വേണ്ടി വാദിക്കുകയും, അവരുടെ സം‌രക്ഷണത്തിനുവേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന മനുഷ്യാവകാശികളെ, വേശ്യകളായോ, കൂട്ടികൊടുപ്പുകാരായോ കാണാത്ത സമൂഹത്തില്‍, ക്രിമിനല്‍ കുറ്റവാളികളുടെ പുനരധിവാസത്തിനു വേണ്ടി പ്രവര്‍ത്തിക്കയും, അവര്‍ ജയിലുകളില്‍ അനുഭവിക്കുന്ന നീതി നിഷേധത്തിനെതിരേ പോരാടുകയും ചെയ്യുന്നവരെ ക്രിമിനലുകളായോ, ക്രിമിനല്‍ വാസനയുള്ളവരായോ കാണാത്ത ഒരു സമൂഹത്തില്‍, സ്വവര്‍ഗ്ഗ പ്രണയികളുടെ അവകാശങ്ങള്‍ക്കുവേണ്ടി ഒരക്ഷരം മിണ്ടിയാല്‍ അവരെ സ്വവര്‍ഗ്ഗ പ്രണയിയായ് സംശയിക്കുന്ന പ്രവണതയാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. ഇത്തരം ചാപ്പകുത്തലുകളിലൂടെ, സമൂഹം സ്വവര്‍ഗ്ഗ പ്രണയികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന സാമൂഹിക പ്രവര്‍ത്തകരെ നിരുല്‍സാഹപ്പെടുത്തി, സ്വവര്‍ഗ്ഗ പ്രണയികളുടെ വ്യക്തി സ്വാതന്ത്യങ്ങളേയും അവകാശങ്ങളേയും അടിച്ചമര്‍ത്തുകയും നിഷേധിക്കയുമാണ് ചെയ്യുന്നത്. തല്‍ഫലമായ് കടുത്ത മാനസിക സംഘര്‍ഷത്തിനടിമയായ ദ്വൈത വ്യക്തിത്വത്തിന്റെ ഉടമകളായ ഒരുസമൂഹത്തെ വാര്‍ത്തെടുക്കുകയാണ് ചെയ്യുന്നത്.

സ്വയം ഭോഗവും, പരസ്ത്രീ ബന്ധവും തെറ്റായി കണക്കാക്കാത്ത ഒരു സമൂഹത്തില്‍, ബഹുഭാര്യാത്വം സംസ്കാരത്തിന്റെ ഭാഗമായ് നിലനിര്‍ത്തിയിരിക്കുന്ന ഒരു സമൂഹത്തില്‍, സ്വവര്‍ഗ്ഗ പ്രണയവും സ്വവര്‍ഗ്ഗ രതിയും ഒരു പാപമോ കുറ്റമോ ആണന്നു വിശ്വസിക്കാത്തതിനാല്‍ സ്വവര്‍ഗ്ഗ പ്രണയികളേയും സാധാരണ മനുഷ്യരായ് കാണുന്ന ഒരു വ്യക്തിയാണ് ഞാന്‍. എല്ലാ മനുഷ്യരുടേയും മൗലിക അവകാശങ്ങള്‍ സം‌രക്ഷിക്കപ്പെടണമന്ന് ആഗ്രഹിക്കുന്ന ഒരു പൗരനെന്ന നിലയില്‍, മനുഷ്യാവകാശ സം‌രക്ഷകരോ സംഘടനകളോ ശബ്ദമുയര്‍ത്താന്‍ ഭയപ്പെടുന്ന സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശ സം‌രക്ഷണത്തിനു വേണ്ടി എന്നാലാവും വിധം എന്തങ്കിലും ചെയ്യാന്‍ കഴിയുമങ്കില്‍ ചെയ്യണമന്ന ആഗ്രഹം കൊണ്ടും, അധികം ആരും കടന്നു വരാന്‍ ധൈര്യം കാണിക്കാത്തതുമായ വിഷയമായതുകൊണ്ടും ഇതേകുറിച്ച് പോസ്റ്റുകളിടാന്‍ തീരുമാനിച്ചതും, ഏതാനും പോസ്റ്റുകള്‍ ഇട്ട് സമൂഹത്തിന് സ്വവര്‍ഗ്ഗ പ്രണയികളോടുള്ള മനോഭാവത്തില്‍ അല്പം മാറ്റമുണ്ടാക്കാന്‍ ശ്രമിച്ചതും. അന്ന് ആ പോസ്റ്റുകള്‍ ഇടുമ്പോള്‍തന്നെ ഇത്തരം ചോദ്യങ്ങളും, സമീപനങ്ങളും ഞാന്‍ മുന്നില്‍ കണ്ടിരുന്നതിനാല്‍ ഇത്തരത്തിലുള്ള അപവാദങ്ങളും, സമീപനങ്ങളും എന്നെ അല്‍ഭുതപ്പെടുത്തുന്നില്ല.

സുഹ്യത്തുക്കളെ സ്നേഹിക്കുന്നതും, അവരോടൊപ്പം യാത്ര പോകുന്നതും, അവരുടെ കൈ പിടിച്ച് നടക്കുന്നതും, അവരെ കെട്ടിപിടിക്കുന്നതും, ചുംബിക്കുന്നതും, അവരോടൊപ്പം ഉറങ്ങുന്നതും സ്വവര്‍ഗ്ഗ പ്രണയമാണങ്കില്‍ ഞാനും ഒരു സ്വവര്‍ഗ്ഗ പ്രണയിതന്നയാണ്. സ്വവര്‍ഗ്ഗത്തില്‍ പെട്ട ഒരു വ്യക്തിയെ കെട്ടിപിടിച്ച് ഉറങ്ങുന്നതും, അവരുടെ മടിയില്‍ തലവച്ചു കിടക്കുന്നതും, ചുംബിക്കുന്നതുമൊക്കെ സ്വവര്‍ഗ്ഗ പ്രണയമാണങ്കില്‍, ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന എന്റെ സഹോദരനോടുള്ളതും അതേ പ്രണയമാണ്. എന്തിലും ഏതിലും അശ്ലീലം മാത്രം കാണാന്‍ കഴിയുന്ന ഒരു ജനത നമുക്ക് ചുറ്റുമുണ്ടന്ന് തിരിച്ചറിയുമ്പോള്‍, അടുത്ത ഒരു സുഹ്യത്തിന്റെ കൈപിടിച്ച് നടക്കുവാനും അവനെ ഒന്ന് ആശ്ലേഷിക്കാനുമുള്ള ആഗ്രഹങ്ങളില്‍ നിന്നും പിന്മാറുന്നവരല്ലേ നമ്മളില്‍ പലരും. സഹോദരീ സഹോദരന്മാര്‍ സംസാരിച്ചുകൊണ്ട് നമ്മുടെ നിരത്തുകളിലൂടെ പോയാല്‍, ഒരു സിനിമകാണാന്‍ തീയറ്ററില്‍ പോയാല്‍ കാമുകീ കാമുകന്മാരാണന്ന് കരുതി (എന്റെ അനുഭവം കൂടിയാണ്) കഴുകന്‍ കണ്ണുകളോടൊപ്പം കമന്റുകളെറിയുന്ന നമ്മുടെ സമൂഹത്തില്‍, ഒരു ആത്മ മിത്രത്തിന്റെ കൈപിടിച്ച് നടക്കുന്നതുകണ്ടാല്‍ സ്വവര്‍‌ഗ്ഗ ഭോഗികളന്നു കരുതുന്ന സമൂഹത്തില്‍, സ്വവര്‍ഗ്ഗ പ്രണയികള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവരെ സ്വവര്‍ഗ്ഗ രതിക്കാരായ് മാത്രം കാണുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. എന്റെ ഭാവിയും, ഭൂതവും വിവാഹവുമൊക്കെയോര്‍ത്ത് വ്യാകുലപ്പെടുന്നവര്‍ ദയവായ് നിങ്ങളുടെ രക്ത സമ്മര്‍ദ്ദം കൂട്ടാതിരിക്കുക. വിവാഹം കഴിക്കണമോ വേണ്ടയോ എന്നും, എപ്പോള്‍ വിവാഹം കഴിക്കണമന്നും ഞാന്‍ തീരുമാനിച്ചുകൊള്ളാം. എന്നെ പഠിപ്പിക്കയും വളര്‍ത്തി ഈ നിലയിലെത്തിക്കുകയും ചെയ്തവര്‍ക്ക് എന്റെ വിവാഹത്തെകുറിച്ചോ, കരിയറിനെ കുറിച്ചോ ഉല്‍കണ്ഠയില്ലാത്തിടത്തോളം എന്റെ മാന്യ ബ്ലോഗ് വായനാക്കാര്‍ക്കും അതിന്റെ ആവശ്യമില്ല. എനിക്ക്, എന്റെ ബ്ലോഗ് വായനക്കാരുടേയോ, മലയാളം ബ്ലോഗേഴ്സിനിടയിലെ പപ്പരാസികളായ ബ്ലോഗര്‍മാരുടേയോ ഒരു സാക്ഷ്യപത്രവും ആവശ്യമില്ലാത്തതിനാലും, ഞാന്‍ അറിയുന്ന, എന്നെ അറിയുന്ന സുഹ്യത്തുക്കള്‍ക്കും, സമൂഹത്തിനും ഞാന്‍ ആരാണന്നും എന്താണന്നും നല്ല നിശ്ചയമുള്ളതിനാല്‍, ഇവിടെ തെളിവുകള്‍ നിരത്തേണ്ടതിന്റെയോ, അരോപണങ്ങള്‍ നിഷേധിക്കേണ്ടതിന്റയോ ആവശ്യകതയില്ല. ബ്ലോഗ് വായിക്കുന്നവര്‍ വായിക്കുക, അഭിപ്രായങ്ങള്‍ അറിയിക്കാന്‍ അവിടെ അതിനുള്ള സൗകര്യം നല്‍കിയിട്ടുണ്ട്. വ്യാജ ഇ-മെയില്‍ ഐഡികളും ചാറ്റ് ഐഡികളും ഉണ്ടാക്കി വെറുതേ സമയം കളയേണ്ടതില്ല.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



2 comments: to “ ബ്ലോഗ് വായനാക്കാരായ പപ്പരാസികളോടും, ഞരമ്പ് രോഗികളോടും

  • Dr. Prasanth Krishna
    Saturday, September 26, 2009 5:25:00 PM  

    എനിക്ക്, എന്റെ ബ്ലോഗ് വായനക്കാരുടേയോ, മലയാളം ബ്ലോഗേഴ്സിനിടയിലെ പപ്പരാസികളായ ബ്ലോഗര്‍മാരുടേയോ ഒരു സാക്ഷ്യപത്രവും ആവശ്യമില്ലാത്തതിനാലും, ഞാന്‍ അറിയുന്ന, എന്നെ അറിയുന്ന സുഹ്യത്തുക്കള്‍ക്കും, സമൂഹത്തിനും ഞാന്‍ ആരാണന്നും എന്താണന്നും നല്ല നിശ്ചയമുള്ളതിനാല്‍, ഇവിടെ തെളിവുകള്‍ നിരത്തേണ്ടതിന്റെയോ, അരോപണങ്ങള്‍ നിഷേധിക്കേണ്ടതിന്റയോ ആവശ്യകതയില്ല.

  • ★ Shine
    Tuesday, September 29, 2009 2:32:00 PM  

    Bravo! Keep it man!

    I am happy to see that you are not trying to please anyone while talking and not trying to part of any Bloggers caucus !!