Search this blog


Home About Me Contact
2009-07-18

ഗൂഗിള്‍-സൈബര്‍ലോകത്തെ വിഴുങ്ങുന്ന വമ്പന്‍  

വമ്പന്‍ വിപണികളിലെ വമ്പന്‍ അട്ടിമറികള്‍ ലോകത്തിന് പുതുമയല്ല. അത്തരം അട്ടിമറികളുടെ പുതിയ ഒരു ചരിത്രം കുറിച്ചുകൊണ്ടാണ് അഡ്വര്‍ടൈസമെന്റില്ലാത്ത ലോകത്തിലെ ഏറ്റവും വലിയ അഡ്വര്‍ടൈസിംങ് കമ്പനിയായ ഗൂഗിള്‍ എന്ന വമ്പന്‍ സ്രാവ് സൈബര്‍‍ വേള്‍ഡിലേക്ക് പിച്ചവച്ചതും ചുരുങ്ങിയകാലം കൊണ്ട് യാഹൂവിനെപോലും കടത്തിവെട്ടി ഇന്റര്‍നെറ്റിലെ ഏകഛത്രാധിപതിയായി മാറികൊണ്ടിരിക്കുന്നതും. വന്ന നാള്‍മുതല്‍ ഇന്റര്‍നെറ്റ് യൂസേഴ്‌സിന് ലളിതവും വൈവിധ്യമാര്‍ന്നതുമായ നിരവധി വെബ് ജാലകങ്ങള്‍ തുറന്നിട്ടുകൊടുത്ത ഗൂഗിള്‍, എല്ലാം സ്വന്തമാക്കി വയ്‌ക്കുന്ന ഒരു ബിസിനസ്‌ മോഡലിനെതിരെ, കോർപ്പറേറ്റ്‌ രംഗത്തെ ഭീമൻ തന്നെ എല്ലാം പങ്കുവയ്‌ക്കുന്ന മധുരമനോഹരസ്വപ്‌നവുമായാണ്, ഓപ്പറേറ്റിങ് സിസ്റ്റത്തിലെ കുലപതിയായ മൈക്രോസോഫ്‌റ്റിനെ അട്ടിമറിക്കാന്‍ ഗൂഗിള്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നത്. ഗൂഗിള്‍ ഏതാനും മാസങ്ങള്‍ മുന്‍പ് പുറത്തിറക്കിയ മള്‍ട്ടിപ്രോസസ് വെബ് ബ്രൗസറായ ഗൂഗിള്‍ ക്രോം, പുതിയ ഒ.എസ് ആയി രൂപാന്തരപ്പെടുത്തികൊണ്ടാണ് ‍, ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ വിപ്ലവത്തിന് തയ്യാറെടുക്കുന്നത് . ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഗൂഗിളിന്റെ ബ്ലോഗില്‍ വായിക്കാം.

മൈക്രോസോഫ്‌റ്റിനെതിരെ ഇക്കാലമത്രയും പൊരുതി നിന്നത് ഫ്രീ സോഫ്‌റ്റ്വെയർ ഫൗണ്ടേഷനായിരുന്നു. ലിനക്‌സ് കെർണൽ അടിസ്ഥാനമാക്കി ഓപ്പൺ സോഴ്‌സ്‌ ആയി വികസിപ്പിച്ച ഗ്നൂ-ലിനക്‌സ് വിതരണങ്ങളായിരുന്നു അവരുടെ ആയുധം. എന്നാൽ തുറന്ന അറിവ്‌ എന്ന തത്വശാസ്‌ത്രം മുന്നോട്ട്‌ വയ്‌ക്കാൻ കഴിഞ്ഞു എന്നതിനപ്പുറം, ഓപ്പറേറ്റിങ് സിസ്റ്റത്തിലെ എക്കാലത്തെയും ഏകാധിപതികളായ മൈക്രോസോഫ്‌റ്റിന്റെ വിപണികളില്‍ ഇളക്കമൊന്നും സൃഷ്ടിക്കാൻ ഫ്രീ സോഫ്‌റ്റ്വെയർ ഫൗണ്ടേഷനായില്ല്ല. ഇതിന് ശക്തമായ വെല്ലുവിളിയുയര്‍ത്തികൊണ്ട് ഗൂഗിൾ, മൈക്രോസോഫ്‌റ്റിന്റെ ശത്രുപക്ഷത്തു വന്നതോടെ പോര്‍ക്കളത്തിന്റെ മുഖം മാറുകയാണ്‌. ഇന്റർനെറ്റിലെ പരസ്യവരുമാനത്തിന്റെ സിംഹഭാഗവും കവരുന്ന ഗൂഗിളിന്റെ അസൂയാവഹമായ മുന്നേറ്റം മൈക്രോസോഫ്‌റ്റിനെ വെകിളിപിടിപ്പിച്ചതിന്റെ ഫലമായാണ് ഗൂഗിളിനെ നേരിടാനാന്‍ നേരത്തെ യാഹൂവിനെ വൻ വിലകൊടുത്ത്‌ വാങ്ങാൻ മൈക്രോസോഫ്‌റ്റ് ശ്രമംനടത്തിയത്‌. എന്നാൽ യാഹൂ ഓഹരി ഉടമകളുടെ എതിർപ്പിനെ തുടർന്ന്‌ മൈക്രോസോഫ്‌റ്റിന് ആ ശ്രമം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. അപകടം മണത്ത ഗൂഗിള്‍ ഒട്ടും സമയം പാഴാക്കാതെ യാഹൂവുമായി തന്ത്രപരമായ പരസ്യ സഹകരണ കരാറിലേർപ്പെട്ട് തങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തി‌യതോടൊപ്പം, വന്‍‌വിലകൊടുത്ത് ഡബിൾ ക്ലിക്ക്‌ എന്ന കമ്പനി ഏറ്റെടുത്ത് ടാർഗെറ്റഡ്‌ അഡ്വർടൈസ്‌മന്റ്‌ ബിസിനസ്സ്‌ മേഖല വിപുലപ്പെടുത്തി.

എന്നാല്‍ ഇതിന് മൈക്രോസോഫ്‌റ്റ് മറുപടി പറഞ്ഞത്‌ ബ്രൗസറിലൂടെയാണ്‌. കോൺട‌ക്‌സ്‌റ്റ്‌ സെൻസിറ്റീവ്‌ സേർച്ചന്ന സാങ്കേതിക വിദ്യയിലൂടയാണ് ഗൂഗിൾ തങ്ങളുടെ ഉപയോക്താക്കളുടെ താല്‍‌പര്യമനുസരിച്ചുള്ള പരസ്യം നൽകുന്നത്‌. ഇത്തരം പരസ്യത്തിൽ വീഴുന്ന ക്ലിക്കുകളുടെ എണ്ണമനുസരിച്ചാണ് ഗൂഗിളിന് പരസ്യദാദാക്കള്‍ പണം നല്‍കുന്നത്. പിൻവാതിലിലൂടെ ഉപയോക്താവിന്റെ പ്രിയവിഷയങ്ങൾ തിരിച്ചറിഞ്ഞ് ഉപയോക്താവിനെ തന്റെ വലയില്‍ വീഴ്‌തുന്ന ആ വഴിയടയ്‌ക്കാനാണ് മൈക്രോസോഫ്‌റ്റ് വിഫലശ്രമം നടത്തിയത്‌. ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത ഇന്റർനെറ്റ്‌ എക്‌സ്‌പ്ലോറർ 8-ന്റെ പരീക്ഷണ റിലീസിലാണ്‌, 'പോൺമോഡ്‌' എന്ന്‌ ഓമന പേരിട്ട് വിളിക്കുന്ന 'ഇൻപ്രൈവറ്റ്‌' എന്ന സൗകര്യം മൈക്രോസോഫ്‌റ്റ് ഉൾപ്പെടുത്തിയിരിക്കുന്നത്‌. ഇതിലൂടെ ഉപയോക്താവ്‌ ഏതൊക്കെ സൈറ്റുകളാണ്‌ സന്ദർശിക്കുന്നത്‌, ഏതൊക്കെ വിഷയങ്ങളാണ്‌ തിരയുന്നത്‌, തുടങ്ങിയ വിവരങ്ങളൊന്നും രഹസ്യ കുക്കികളും ബോട്ടുകളുമുപയോഗിച്ച്‌ മറ്റാർക്കും കണ്ടെത്താനാവില്ല. താത്പര്യമില്ലാത്ത വിഷയങ്ങളിലെ പരസ്യങ്ങളില്‍ ഉപയോക്താവ്‌ ക്ലിക്ക്‌ ചെയ്യാൻ സാധ്യതയില്ലന്ന തത്വത്തിലൂടയാണ് 'ഇൻപ്രൈവറ്റ്‌' സംവിധാനത്തിലൂടെ ഗൂഗിളിന്റെ വരുമാനത്തില്‍ വിള്ളലുണ്ടാക്കാന്‍ മൈക്രോസോഫ്‌റ്റ് ശ്രമിച്ചത്.

ഇതിന് ശക്തമായ ഭഷയില്‍ മറുപടി കൊടുത്തുകൊണ്ടാണ് 'ഗൂഗിള്‍ ക്രോം' എന്ന സ്വന്തം മള്‍ട്ടിപ്രോസസ് വെബ് ബ്രൗസർ ഗൂഗിൾ പ്രഖ്യാപിച്ചത്‌. മൈക്രോസോഫ്‌റ്റിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ട്‌ 'ഇൻപ്രൈവറ്റ്‌' സൗകര്യത്തിന്‌ സമാനമായ 'ഇൻകൊഗ്നീഷ്യ' സൗകര്യം ക്രോമിൽ ഉൾപ്പെടുത്തി. ‘വിവരം ചോര്‍ത്തിയെടുക്കുന്നവന്‍’ എന്ന മൈക്രോസോഫ്‌റ്റിന്റെ ആക്ഷേപത്തിന് ഉപയോക്താക്കളിലൂടയുള്ള വിവര ശേഖരണത്തിലൂടെയല്ല, തങ്ങൾ നില നിൽക്കുന്നത് എന്ന സ്വയം പ്രഖ്യാപിതമായ അഹങ്കാരത്തോടുകൂടിയുള്ള ശക്തമായ തിരി‍ച്ചടിയായിരുന്നു ഇത്. രഹസ്യം സൂക്ഷിക്കാൻ ഏറ്റവും നല്ലവഴി പരസ്യമായി സൂക്ഷിക്കുകയാണെന്ന പഴമൊഴിയെ ഓർമ്മിപ്പിച്ചുകൊണ്ട്, ഓപ്പൺസോഴ്‌സ് സോഫ്‌റ്റ്വെയറുകളായ ആപ്പിളിന്റെ വെബ്‌കിറ്റും, സൺ മൈക്രോസിസ്റ്റത്തിന്റെ ജാവയും, മോസില്ല ഫൗണ്ടേഷന്റെ ഫയർഫോക്‌സും ഉപയോഗിക്കുന്ന കോഡ്‌ പങ്കുവച്ചുകൊണ്ട്, തങ്ങളുടെ ബ്രൗസറും ഓപ്പൺസോഴ്‌സ് ആയിരിക്കുമെന്ന പ്രഖ്യാപനത്തോടയാണ് ക്രോമിന്റെ പ്രവർത്തനം ഗൂഗിള്‍ തുടങ്ങിയത്. ഇതിനു പുറമേയാണ് മൈക്രോസോഫ്‌റ്റിന് വമ്പന്‍ വെല്ലുവിളി ഉയര്‍ത്തികൊണ്ട് 'ക്രോം ഓപ്പറേറ്റിങ് സിസ്‌റ്റം' ഗൂഗിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നു് പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയുടെ സിംഹഭാഗവും അടക്കിവാഴുന്ന മൈക്രോസോഫ്‌റ്റിനെ ബ്രേക്ക് ചെയ്യുക എന്ന ലക്ഷ്യത്തോടെ, മൈക്രോസോഫ്‌റ്റ് കടന്നുപോയ അതേ വഴികളിലൂടെ ഒ. ഇ. എമ്മുകളുമായി നേരിട്ട് ബന്ധപ്പെട്ട്, ഡീഫോള്‍ട്ട് ഇന്‍സ്റ്റലേഷനായ് 2010 പകുതിയോടെ ക്രോം ഒ. എസ് നെറ്റ്ബുക്കുകളിലെത്തിച്ച്, അവിടെ നിന്നു് അതു് ഡെസ്‌ക്‌ടോപ്പ് പി. സി-കളിലേക്ക് പോര്‍ട്ട് ചെയ്യുകയന്നതാണ് ഗൂഗിളിന്റെ ബിസിനസ് തന്ത്രം.

കമ്പ്യൂട്ടറില്‍ ഒ. എസ്‌ അല്ലാതെ മറ്റൊന്നും ആവശ്യമില്ലാത്ത അവസ്ഥ ഉണ്ടാക്കാനാണ് ഇതിലൂടെ ഗൂഗിള്‍ ശ്രമിക്കുന്നത്. അതായത് ഒ. എസിന്റെ പ്രാധാന്യം കുറച്ച് ബ്രൗസറിന്റെ പങ്ക് വര്‍ദ്ധിപ്പിക്കുക. എന്നാല്‍ അതോടൊപ്പം കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള ഭാവി പ്രവര്‍ത്തനങ്ങളെല്ലാം വെബ്ബില്‍ തന്നെയാവും നടക്കുക എന്നും ഗൂഗിള്‍ ഉറപ്പാക്കും. ഇതിലൂടെ വര്‍ഷാവര്‍ഷം ആന്റി വൈറസ് പ്രോഗ്രാമുകളുടെ പുതിയ വേര്‍ഷനുകളും, ഓഫീസ് പാക്കേജുകളും വന്‍ വിലകൊടുത്തു് വാങ്ങി ഇന്‍‍സ്റ്റോള്‍ ചെയ്യേണ്ട അവസ്ഥയെ നാമാവശേഷമാക്കി, സാധാരണ ഉപയോക്താവിനു് വേണ്ടതും അതിലപ്പുറവും വെബ്ബില്‍ തന്നെ ചെയ്യാനുള്ള സാങ്കേതികത്വം സംജാതമാകും. ഒ. എസിന്റെ സെക്യൂരിറ്റി ആര്‍ക്കിടെക്‌ചര്‍ റീ-ഡിസൈന്‍ ചെയ്ത്, സെക്യൂരിറ്റി അപ്‌ഡേറ്റുകള്‍, വൈറസുകള്‍, മാല്‍വെയറുകള്‍, തുടങ്ങിയ തലവേദനകള്‍ ഉപയോക്താവില്‍ നിന്നു് സ്വന്തം തലയിലേക്ക് ഗൂഗിള്‍ പറിച്ചുനടുന്നു. ഇതു് മൈക്രോസോഫ്‌റ്റിന്റെ ബിസിനസ് രീതിക്കു് ഉണ്ടാക്കാവുന്ന ആഘാതം നിസ്സാരമായിരിക്കില്ല. ഫ്രീ സോഫ്‌റ്റ്വെയര്‍ എന്ന വാക്കിനു പകരം, ഓപ്പണ്‍ സോഴ്‌സ് എന്ന വാക്കാണു് ഗൂഗിള്‍ തിരഞ്ഞെടുത്തിരിക്കുന്നതു് എന്നതിനാല്‍, ഗൂഗിളിന്റെ ഫിനിഷ്‌ഡ് പ്രോഡക്‌ട് സ്വതന്ത്രമാവുമെന്ന് പറയാന്‍ കഴിയില്ല. പുതുപുത്തന്‍ സേവനങ്ങള്‍കൊണ്ട് എന്നും നമ്മെ അമ്പരപ്പിക്കുന്ന ഈ ഭീമന്റെ വരവും കാത്തിരിക്കയാണ് ലോകമെമ്പാടുമുള്ള ഗൂഗിള്‍ ആരാധകര്‍.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



2 comments: to “ ഗൂഗിള്‍-സൈബര്‍ലോകത്തെ വിഴുങ്ങുന്ന വമ്പന്‍