Search this blog


Home About Me Contact
2009-07-19

ഓമനതിങ്കള്‍ കിടാവിന് നൂറ്റിതൊണ്ണൂറ്റഞ്ച് വയസ്സ്  

ഓരോ മനസ്സിലും ഗ്യഹാതുരത്വം ഉണര്‍ത്തുന്ന, ഓമനതിങ്കള്‍ കിടാവോ...നല്ല കോമള താമര പൂവോ...എന്നു മൂളാത്ത മലയാളിയുണ്ടാവില്ല. 'ഉറങ്ങ്' എന്ന വാക്ക് ഒരിക്കല്‍‌പോലും ഉപയോഗിക്കാതെ നൂറ്റാണ്ടുകളായ്, തലമുറകളെ ഇരയമ്മന്‍ തമ്പി ഈ ശീലുകള്‍ പാടി ഉറക്കുന്നു. ഗര്‍ഭശ്രീമാന്‍ ശ്രീ.സ്വതി തിരുനാളിനെ പാടിയുറക്കാന്‍ അമ്മ മഹാറാണി ഗൗരീലക്ഷ്‌മീ ഭായി തമ്പുരാട്ടിയുടെ ആവശ്യ പ്രകാരം ഇരയമ്മന്‍ തമ്പി രചിച്ച്, ശ്രീക്യഷ്‌ണ വിലാസം കൊട്ടാരത്തില്‍ വച്ച് നീലാംബരി രാഗത്തില്‍ ചിട്ടപ്പെടുത്തിയതാണ് ഈ ഉറക്കുപാട്ട്. സ്വാതിതിരുനാളിനെ ലോകത്തിലെ ഏറ്റവും വിശിഷ്‌ടവും ഉദാത്തവുമായ സ്യഷ്‌ടികളോട് ഉപമിക്കുന്ന കവി, ഗര്‍ഭശ്രീമാനെ വിശേഷിപ്പിക്കുമ്പോള്‍ ഉപമാപ്രയോഗത്തില്‍ കലശലായ സന്ദേഹം പുലര്‍ത്തുന്നു. ഈ താരാട്ടുപാട്ടിന്റെ ഏറ്റവും വലിയ അലങ്കാരം സസന്ദേഹം എന്ന ഈ വ്യത്താലങ്കാരമാണ്. ഓമനതിങ്കള്‍ കിടാവാണൊ അതോ കോമള താമര പൂവാണോ എന്നു തുടങ്ങി വാല്‍സല്യമൂറുന്ന സന്ദേഹങ്ങളുടെ മധുമഴയാണ് കവിയുടെ തൂലിക തുമ്പിലൂടെ ഉതിര്‍ന്നു വീണത്.

പഴക്കം ചെല്ലുംതോറും വീര്യം കൂടുന്ന, കുപ്പിയിലടച്ച വീഞ്ഞുപോലെയാണ് ഈ താരാട്ട് പാട്ട്. രണ്ട് നൂറ്റാണ്ട് മുമ്പെഴുതിയ ഈ താരാട്ടുപാട്ടിനെ, അമ്മമാര്‍ തങ്ങളുടെ പൊന്നോമനകളെ ഉറക്കാന്‍ ഇന്നും കൂട്ടുപിടിക്കുന്നതും ഇതുകൊണ്ട് തന്നെ. ഈ താരാട്ടു പാട്ടിന്റെ മാധുര്യം നുകരാത്ത മലയാളിയുണ്ടാവില്ല. എന്നിരുന്നാലും ഈ പാട്ടിന്റെ മുഴുവന്‍ വരികളും കേട്ട് ഉറങ്ങിയിട്ടുള്ള കുട്ടികള്‍ കുറവാണ്. ഏതാനും വരികളില്‍ തന്നെ കുഞ്ഞുങ്ങള്‍ ഉറങ്ങിപോകും. അതിനാല്‍ പാട്ട് മുഴുവനായ് അറിയുന്ന അമ്മമാരും കുറവാണ്. ആദ്യ നാലുവരി പലര്‍ക്കും പാടാനറിയാം. ബാക്കി മൂളും. പക്ഷേ മധുരംകിനിയുന്ന ആ ഈണം മതി വാല്‍സല്യത്തിന്റെ മത്ത്പിടിച്ച് കുരുന്നുകള്‍ ഉറക്കം പിടിക്കുവാന്‍.

ഇരയമ്മന്‍ തമ്പി മുപ്പൊത്തൊന്നാം വയസ്സില്‍ രചിച്ചതാണ് ഈ താരാട്ട് പാട്ട് എന്നാണ് ചരിത്രം. രണ്ടു നൂറ്റാണ്ട് മുമ്പ് ജീവിച്ചിരുന്ന ഇരയമ്മന്‍ തമ്പിയെ കാലത്തിന്റെ കുത്തൊഴുക്കില്‍ പുതു തലമുറ മറന്നുപോയിരിക്കാം. എന്നാല്‍ തമ്പിയുടെ ഈ മധുര കുഴമ്പിനെ ഓരോ അമ്മമാരും ചുണ്ടിലേറ്റി തലമുറകള്‍ കൈമാറുന്നു. എക്കാലത്തെയും താരാട്ടു പാട്ടുകളില്‍ എന്നും ഈ ഉറക്കുപാട്ട് തന്നയാണ് മുന്നില്‍. താരാട്ട് പാട്ട് എന്ന് കേള്‍ക്കുന്നമാത്രയില്‍ ഈ പാട്ട് മലയാളിയുടെ മനസ്സില്‍ ഓടിയെത്തുന്നതും അതുകൊണ്ടുതന്നെ. കാലങ്ങളായി ഒരു താരാട്ട് പാട്ട് എന്നതിനപ്പുറം ഇത് കേരളത്തിന്റെ തനതുകലയായ മോഹിനിയാട്ടത്തിനും പരക്കെ ഉപയോഗിച്ചുവരുന്നു. മാത്യത്വം തുളുമ്പി നില്‍ക്കുന്ന മോഹിനീ ഭാവമാണ് ഇതിനെ ചിലങ്ക കെട്ടിച്ച് അരങ്ങിലേക്കെത്തിച്ചത്.


What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



1 comments: to “ ഓമനതിങ്കള്‍ കിടാവിന് നൂറ്റിതൊണ്ണൂറ്റഞ്ച് വയസ്സ്

  • Dr. Prasanth Krishna
    Sunday, July 19, 2009 3:19:00 PM  

    ഓരോ മനസ്സിലും ഗ്യഹാതുരത്വം ഉണര്‍ത്തുന്ന, ഓമനതിങ്കള്‍ കിടാവോ...നല്ല കോമള താമര പൂവോ...എന്നു മൂളാത്ത മലയാളിയുണ്ടാവില്ല. ഉറങ്ങ് എന്ന വാക്ക് ഒരിക്കല്‍‌പോലും ഉപയോഗിക്കാതെ നൂറ്റാണ്ടുകകള്‍ക്കപ്പുറത്തുനിന്ന് ഇന്നും തലമുറകളെ ഇരയമ്മന്‍ തമ്പി ഈ ശീലുകള്‍ പാടി ഉറക്കുന്നു.