Search this blog


Home About Me Contact
2009-07-26

വിഷാദത്തിന്റെ തുരുത്തില്‍ ഒറ്റപ്പെട്ട് ഇല്ലാതായ ആല്‍ഡ്രിന്‍  

പ്രശാന്തിയുടെ കടലിനരികെ ഒരു പരുന്തായി പറന്നിറങ്ങി ശീത യുദ്ധത്തില്‍ സോവിയറ്റ് യൂണിയനുമേല്‍ വിജയം കൊയ്‌ത ബഹിരാകാശയാത്രയില്‍, ചന്ദ്രനില്‍ ആദ്യം കാലുകുത്താന്‍ കഴിയാതെപോയ എഡ്വിന്‍ ആല്‍ഡ്രിന്‍ സ്വന്തം ജീവിതത്തില്‍ ഭീകരമായ തോ‌ല്‍‌വിക്ക് കീഴടങ്ങുകയായിരുന്നു. ചന്ദ്രനില്‍ നിന്നും തിരിച്ചെത്തി, സാഹസിക നേട്ടത്തിന്റെ മണം മാറും മുന്‍പേ വിഷാദ രോഗത്തിനടിപ്പെട്ട്, മുഴുകുടിയനും, തൊഴില്‍ രഹിതനുമായ് തന്നോട് തന്നെ പൊരുതി ജീവിതത്തിലെ സുവര്‍ണ്ണ നാളുകള്‍ മുഴുവന്‍ പരാജയത്തിന്റെ കൈയ്പുനീര്‍ കുടിച്ച് ജീവിതത്തിലും രണ്ടാമനായ് അരങ്ങൊഴിയേണ്ടവനായ് തീര്‍ന്നു ആല്‍ഡ്രിന്‍. ഇവയെല്ലാം റിട്ടേണ്‍ ടു എര്‍ത്ത്‌ എന്ന ആത്മകഥയിലും, അടുത്തിടെ എഴുതിയ മാഗ്‌നിഫിസെന്റ്‌ ഡിസൊലെയ്‌ഷന്‍ എന്ന ഓര്‍മക്കുറിപ്പിലും അദ്ദേഹം പറയുന്നുണ്ട്‌. അപ്പോളോ-11-ന്റെ കമാന്‍ഡറായിരുന്നിട്ടും ചന്ദ്രനില്‍ ആദ്യമായ് കാലുകുത്താന്‍ കഴിയാതെ, രണ്ടാമനന്ന പ്രതിച്‌ഛായയില്‍ നീല്‍ ആംസ്‌ട്രോങ്ങിന്റെ നിഴലായ് തീരേണ്ടി വന്നതിന് തനിക്കു തന്നയും പിന്നെ നീല്‍ ആംസ്‌ട്രോങ്ങിനും ഒരിക്കലും മാപ്പുനല്‍കാന്‍ കഴിഞ്ഞില്ല ആല്‍‍ഡ്രിന്. ചന്ദ്രനില്‍ വെച്ച്‌ ബൈബിളിലെ ഉല്‍പ്പത്തി പുസ്‌തകം വായിച്ചതിന്റെയും, വിശുദ്ധ കുര്‍ബാന സ്വീകരിച്ചതിന്റെയും പേരില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്നു ഈ ബഹിരാകശകന്. ചന്ദ്രന്റെ ഉപരിതലത്തില്‍ ചിലവഴിച്ച ഒന്നരമണിക്കൂറിനെ പറ്റി സംസാരിക്കാന്‍ കാശ് വേണമന്ന് എപ്പോഴും ആവശ്യപ്പെടുന്ന ആല്‍ഡ്രിന്‍ പാതാളത്തോളം തകര്‍ന്നുപോയ ജീവിതത്തെ കുറിച്ച് ഭ്രാന്തമായ് വാചാലനാവും.

അദ്ദേഹത്തിന്റെ ആത്മകഥയില്‍ ജീവിതത്തില്‍ പരാജിതനായ് തീര്‍ന്നതിന്റെയും, ചന്ദ്രനില്‍ സംഭവിച്ചതിനെ കുറിച്ചും വിശദമായ് വിവരിക്കുന്നുണ്ട്. ചന്ദ്രന്റെ ചുറ്റുമുള്ള ഭ്രമണം പൂര്‍ത്തിയാക്കിയപ്പോള്‍ ചന്ദ്ര വാഹനത്തിലേക്ക് പ്രവേശിക്കുവാനുള്ള നിര്‍ദ്ദേശം ഹ്യൂസ്‌റ്റണിലെ കണ്‍‌ട്രോള്‍ റൂമില്‍ നിന്നുമെത്തി. പെട്ടന്ന് നീല്‍ ആംസ്‌ട്രോങ് 'ദേ നോക്കൂ ആല്‍ഡ്രിന്‍.....' എന്ന് ഒച്ചവച്ച് തന്റെ ശ്രദ്ധതിരിച്ചുകൊണ്ട്, അതിനിടയില്‍ കിട്ടിയ നൊടിയിടനേരം കൊണ്ട് അപ്പോളോ-11-ല്‍ നിന്ന് ചന്ദ്രവാഹനത്തിലേക്കുള്ള വാതിലിനരികിലേക്ക് കുതിച്ചു. 'ഞാനാണ് വാതിലിനടുത്ത്, അതുകൊണ്ട് ഞാന്‍ ആദ്യം പോകാം' വാതിലിനടുത്ത് നിന്ന് വിജയശ്രീലാളിതനെപോലെ സ്വതസിദ്ധമായ് ചിരിച്ചുകൊണ്ട് നീല്‍ പറഞ്ഞു. അപ്പോളൊ-11-ല്‍ നിന്നും ചന്ദ്രവാഹനത്തിലേക്കുള്ള ഇടുങ്ങിയ വതിലിലൂടെ നിരങ്ങി നീങ്ങുമ്പോഴാണ് കാര്യത്തിന്റെ ഗൗരവത്തെപറ്റി എനിക്ക് ബോധോദയമുണ്ടാകുന്നത്. ഇനി എനിക്ക് രണ്ടാമതേ ഇറങ്ങാനാകൂ. കടുത്ത നിരാശയാല്‍ എന്റെ അന്തരംഗം ചുട്ടുപൊള്ളി. ജീവിതത്തില്‍ ആദ്യമായ് എന്നോട് തന്നെ വെറുപ്പുതോന്നിയ നിമിഷങ്ങള്‍. ചന്ദ്രവാഹനത്തിലേക്ക് പ്രവേശിച്ച ഉടനെതന്നെ, ഞാന്‍ അപ്പോളോ 11-ല്‍ മോഡ്യൂള്‍ പൈലറ്റാണന്നോ, കമാന്‍ഡറാണന്നോ പോലും പരിഗണിക്കാതെ നീല്‍ വാഹനത്തിന്റെ നിയന്ത്രണം ചാടിയെടുത്തു. വാഹനം ചന്ദ്രനിലേക്ക് താഴ്‌ന്നുകൊണ്ടിരിക്കുമ്പോള്‍ ഡാഷ് ബോര്‍ഡില്‍ നിന്ന് ലാന്‍ഡിംഗിനുള്ള ചില നിര്‍ദ്ദേശങ്ങള്‍ ഞാന്‍ വായിച്ചുകൊടുത്തു. നിലം തൊട്ടപ്പോള്‍ ഞാന്‍ പറഞ്ഞു: 'ഞാനായിരുന്നങ്കില്‍ മുപ്പത് സെക്കന്റ് എങ്കിലും മുന്‍‌പേ ലാന്‍ഡ് ചെയ്തേനെ".

ഈഗിള്‍ ലാന്റ് ചെയ്‌തതും, ഞാന്‍ മുന്‍പേ എന്ന് വിളിച്ചുകൂവികൊണ്ട് നീല്‍ ചന്ദ്രനിലേക്ക് കാലെടുത്തു കുത്തി. എന്നിട്ട് ഉറക്കെ വിളിച്ചു പറഞ്ഞു 'മനുഷ്യന് ഇതൊരു ചെറിയ കാല്‍ വെയ്‌പ്, മാനവ രാശിക്കോ വന്‍ കുതിച്ചു ചാട്ടം'. നീലിന്റെ വാക്കുകള്‍ കേട്ട് ഞാന്‍ ഞെട്ടി തരിച്ചുപോയി. ചന്ദ്രനില്‍ കാലു കുത്തുമ്പോള്‍ താന്‍ പറയാന്‍ കരുതിവച്ചിരുന്ന വരികള്‍ മോഷ്‌ടിച്ചെടുത്തതും പോരാഞ്ഞ് അത് തെറ്റിച്ചും പറഞ്ഞിരിക്കുന്നു. ഇനി ചന്ദ്രനില്‍ കാലു കുത്തുന്ന എന്റെ ചരിത്ര നിമിഷത്തില്‍ പറയാന്‍ ഈ അവസാന നിമിഷത്തില്‍ എന്തങ്കിലും ആലോചിച്ചുണ്ടാക്കണം. നിരാശയുടെയും വിഷാദത്തിന്റെയും നിസഹായതയുടെയും ചുഴിയില്‍ പെട്ട് അവസാനം പറഞ്ഞത് "ലാന്‍ഡ് ചെയ്‌തപ്പോള്‍ നിങ്ങള്‍ ആ കമ്പി അല്‍‌പം വളച്ചു നീല്‍..' എന്നും.

ചന്ദ്രനിലേക്ക് പോയ നിസാരന്മാരായ മനുഷ്യരായിട്ടായിരുന്നില്ല, നിമിഷങ്ങള്‍ കൊണ്ട് അതിപ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിയിയ ചന്ദ്രനെ കീഴടക്കിവന്ന അല്‍ഭുത ജീവികളായിട്ടായിരുന്നു ഞങ്ങള്‍ ഭൂമിയില്‍ തിരിച്ചെത്തിയത്. സ്വപ്‌നം കാണാന്‍ പോലും കഴിയാത്തത്ര ഗംഭീരമായിട്ടായിരുന്നു ഞങ്ങള്‍ക്കുള്ള സ്വീകരണം ഒരുക്കിയിരുന്നത്. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസിലേക്ക് വാദ്യഘോഷത്തിന്റെ അകമ്പടിയോടെ, ഔദ്യോഗിക ബഹുമതികളോടുകൂടി ആനയിച്ചികൊണ്ടുപോകുമ്പോള്‍, എന്റെ മനസ്സില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന തീക്കനലിനെ ഊതി പെരുപ്പിച്ചുകൊണ്ട് പ്രസിഡന്റ് നിക്‌സണ്‍ പറഞ്ഞ വാക്കുകള്‍ 'നീലിനോടും മറ്റു രണ്ടുപേരോടും മാനവ രാശി കടപ്പെട്ടിരിക്കുന്നു' എന്നത് എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. തിരിച്ചറിയപ്പെടാത്തവന്റെ പ്രശസ്‌തി എനിക്ക് താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു. ഞാന്‍ കുടിച്ചു തുടങ്ങി. ശാന്തതയോടയും സന്തോഷത്തോടയും ഒരു അരുവിപോലെ ഒഴുകുകൊണ്ടിരുന്ന ജോവാനുമായുള്ള എന്റെ ദാമ്പത്യ ബന്ധം തകര്‍ന്നു. ഞങ്ങളുടെ പ്രശസ്‌തി മുതലാക്കാന്‍ നാസ ഞങ്ങളെ ഒരു ലോക പര്യടനത്തിനയച്ചു. ഇറ്റലിയന്‍ സുന്ദരിയായ ജിന ലോലാ ബ്രിജഡയോടൊപ്പം ന്യത്തം ചെയ്യാന്‍ ഞാന്‍ ക്ഷണിക്കപ്പെട്ടു. നുരഞ്ഞുപൊന്തുന്ന മദ്യ ചഷകം കൈയ്യിലേന്തി,വാദ്യത്തിന്റെ മുറുകുന്ന താളത്തിനൊപ്പം ചുവടുവയ്‌ക്കുമ്പോള്‍, താമര വള്ളി പോലുള്ള കൈകളാല്‍ വരിഞ്ഞുകൊണ്ട് അവള്‍ എന്റെ കാതില്‍ മന്ത്രിച്ചു 'നിങ്ങളുടെ ചുവടുകള്‍ വളരെ മനോഹര മായിരിക്കുന്നു നീല്‍...'. എനിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു ആ വാക്കുകള്‍. ചൊവ്വയിലേക്ക് 200 പേരെ ഒന്നിച്ചയക്കാനുള്ള എന്റെ സ്വപ്‌ന പദ്ധതിയില്‍ നാസ താല്‍‌പര്യം കാട്ടിയില്ല. എല്ലാം തകര്‍ന്നവനെപോലെ മദ്യത്തിന്റെ ലഹരിയില്‍ എന്നെ ഞാന്‍ തളച്ചിട്ടു. ജോലി സ്ഥലത്ത് കാര്യങ്ങള്‍ ദിവസം ചെല്ലുംതോറും വഷളായി. ഒടുവില്‍ ഒന്നുമില്ലാതെ നാസയോട് വിടപറഞ്ഞു. മുന്നില്‍ മറ്റു മാര്‍ഗ്ഗങ്ങല്‍ ഇല്ലാതെ സെക്കന്റ് ഹാന്‍ഡ് കാര്‍ ഡീലറുടെ ഷോറൂമില്‍ ഞാന്‍ എന്റെ പ്രശസ്‌തി വിറ്റു. 'Buy a Second Hand Car from the Second Man on the Moon' എന്ന പരസ്യ വാചകത്തിന്റെ കീഴിയില്‍ പണിയെടുത്തു. ദിനം പ്രതി എന്റെ കുടി വര്‍ദ്ധിച്ചുകൊണ്ടിരുന്നു. പതുക്കെ അല്‍ക്കഹോളിക് അനോണിമസം എന്നെ ഗ്രസിച്ചു തുടങ്ങി. ആ നാളുകളില്‍ മദ്യത്തിന്റെ ലഹരിയില്‍ ഞാന്‍ പറഞ്ഞു തുടങ്ങി 'ഞാന്‍ നീല്‍ ആംസ്‌ട്രോങ്, മുഴുക്കുടിയന്‍'. മദ്യത്തിന്റെയും വിഷാദത്തിന്റെയും ചുഴിയിലും മലരിയിലും മുങ്ങികൊണ്ടിരുന്ന എന്നിലേക്ക് സ്‌‌നേഹത്തിന്റെ വിത്തുകള്‍ പാകി സുന്ദരിയായ ലൊയിസ് കടന്നു വന്നു. നാശത്തിന്റെ പടുകുഴിയിലേക്ക് കടപുഴകി വീണുകൊണ്ടിരുന്ന എന്നെ 'ഞാനെന്താണന്ന് സ്വയം അംഗീകരിക്കാന്‍ പഠിപ്പിച്ചതിന്' ഞാന്‍ എന്നും ലോയിസിനോട് കടപ്പെട്ടിരിക്കുന്നു. കമാന്‍‌ഡ് മോഡ്യൂളില്‍ വെറുതേ പൊങ്ങികിടന്ന് തിരിച്ചു പോരേണ്ട ഗതികേട് ഉണ്ടായില്ലല്ലോ, രണ്ടാമനായങ്കിലും ചന്ദ്രധൂളികള്‍ തട്ടി തെറിപ്പിച്ച് ലോകം കീഴടക്കിയില്ലേ' എന്ന അവളുടെ ചോദ്യങ്ങള്‍ ഞാന്‍ എന്നോട് തന്നെ ചോദിച്ചു തുടങ്ങി. ഒടുവില്‍ ലോയിസ് പറഞ്ഞതാണ് ശരി എന്ന് ഞാന്‍ പ്രഖ്യാപിച്ചു. 'സ്വന്തം പേരില്‍ ഒരു കാര്‍ട്ടൂണ്‍ കഥാ പാത്രം പോലുമില്ലല്ലോ നീല്‍ ആംസ്‌ട്രോങ്ങിന്'' എന്ന് പറഞ്ഞ് ഞാന്‍ എന്നെ തന്നെ ആശ്വസിപ്പിച്ചു. പിന്നീട് ലോയിസിനെ വിവാഹം ചെയ്ത് കാലിഫോര്‍ണിയയിലെ ലൂണാ ബീച്ചിലെ വീട്ടിലേക്ക് പറിച്ചു നട്ടു ആല്‍ഡ്രിന്‍. 1988-ല്‍ എഡ്വിന്‍ ആല്‍ഡ്രിന്‍ ജൂനിയര്‍ എന്ന പേര് ഒന്നുകൂടി പരിഷ്‌കരിച്ച് എഡ്വിന്‍ എന്നത് എടുത്തുകളഞ്ഞ് ആ സ്ഥാനത്ത് വിളിപ്പേരായിരുന്ന ബസ് ചേര്‍ത്ത് ബസ് ആല്‍‍ഡ്രിന്‍ ജൂനിയറായി. 1930 ജനവരി 20ന്‌ ന്യൂ ജഴ്‌സിയിലെ ഗ്ലെന്‍ റിഡ്‌ജില്‍ ജനിച്ച ആല്‍ഡ്രിന്‍, കൊറിയന്‍ യുദ്ധത്തില്‍ പൈലറ്റായി സേവനം ചെയ്‌ത പരിചയവുമായാണ്‌ ബഹിരാകാശ സഞ്ചാരിയായത്‌. 1966 നവംബര്‍ 12-ന് ജെമിനി-12 ലായിരുന്നു ആദ്യ ബഹിരാകാശ സഞ്ചാരം.

Picture caption: Picture 1: Edwin "Buzz" Aldrin, Lunar Module pilot of Apollo 11 speaks during a panel discussion on the Apollo legacy at the Newseum in Washington on July 20, 2009.

Picture Caption: Picture 2: Neil Armstrong (L) and Edwin Eugene "Buzz" Aldrin, Jr., speak together as they honored during the 40th anniversary of their Apollo 11 flight which put the first man on the moon on Capitol Hill in Washington on July 21, 2009.

അവലംബം. വിക്കിപീഡിയ, മാത്യഭൂമി, മലയാള മനോരമ
ചിത്രം: ഒന്ന് ഇവിടെനിന്നും, രണ്ട് ഇവിടെ നിന്നും

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



1 comments: to “ വിഷാദത്തിന്റെ തുരുത്തില്‍ ഒറ്റപ്പെട്ട് ഇല്ലാതായ ആല്‍ഡ്രിന്‍

  • Dr. Prasanth Krishna
    Sunday, July 26, 2009 8:35:00 PM  

    പ്രശാന്തിയുടെ കടലിനരികെ ഒരു പരുന്തായി പറന്നിറങ്ങി ശീത യുദ്ധത്തില്‍ സോവിയറ്റ് യൂണിയനുമേല്‍ വിജയം കൊയ്‌ത ബഹിരാകാശയാത്രയില്‍, ചന്ദ്രനില്‍ ആദ്യം കാലുകുത്താന്‍ കഴിയാതെപോയ എഡ്വിന്‍ ആല്‍ഡ്രിന്‍ സ്വന്തം ജീവിതത്തില്‍ ഭീകരമായ തോ‌ല്‍‌വിക്ക് കീഴടങ്ങുകയായിരുന്നു.