Search this blog


Home About Me Contact
2009-06-27

ബ്ലോഗര്‍മാരുടെ പ്രത്യേക ശ്രദ്ധക്ക്  

സന്തോഷങ്ങള്‍ എന്ന ബ്ലോഗില്‍ വന്ന കവിതകള്‍ മാനഭംഗപ്പെടുമ്പോള്‍ എന്ന പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്. ഞാനും വല്ലപ്പോഴും കവിതകളെഴുതാറുണ്ട്. പലരുടേയും കവിതകള്‍ വായിക്കാറുമുണ്ട്. പക്ഷേ പലപ്പോഴും കമന്റുകള്‍ ഇടാറില്ലന്നുമാത്രം. അതിന്, മറ്റാരോടും കവിതയെകുറിച്ച് സം‌വാദിക്കാറില്ലന്നോ, മറ്റുള്ളവരുടെ കവിതകള്‍ വായിക്കാറില്ലന്നോ മറ്റുമുള്ള അര്‍ത്ഥമില്ല. ഗവിതയും, ഗബിതയും ഒക്കെ എഴുതി പുസ്തകമിറക്കി, കമന്റുകൊടുത്തും കള്ളുകൊടുത്തും പെരിഫറല്‍ ബട്ടറിംഗ് നടത്തി അവയൊക്കെ മഹാകാവ്യങ്ങളാക്കിയ പല ബൂലോക ഗവികളും, ഗബികളും ബ്ലോഗോസ്ഫിയറിലുണ്ടന്നിരിക്കിലും, ആത്മാര്‍ത്ഥമായും കവിത എഴുതുന്നവര്‍ അല്ലങ്കില്‍ എഴുതാന്‍ ശ്രമിക്കുന്നവര്‍ പലരും ഇന്ന് ബ്ലോഗില്‍ സജീവമാണ്. എല്ലാവരുടേയും കവിതകള്‍ നിലവാരം പുലര്‍ത്തണമന്നില്ല. പ്രശസ്തരായ പലകവികളൂടേയും ആദ്യകാല കവിതകള്‍ വായിച്ചാല്‍ ഇതിനെയും കവിത എന്നു വിളികാമോ എന്നു ചോദിച്ചുപോകാം. എ.ടിയുടെ ആദ്യ കഥയായ നീലകടലാസ് വായിച്ചാല്‍ ഇത് എം.ടി എഴുതിയതോ എന്നു തന്നെ സംശയിച്ചുപോകാം. ചങ്ങമ്പുഴടേയും, കുമാരനാശാന്റെയും, ബാലമണിയമ്മയുടെയും മറ്റും കവിതകളുടെ നിലവാരമുണ്ടങ്കില്‍ മാത്രമേ കവിത എഴുതാവൂ, അത് ബ്ലോഗില്‍ പോസ്റ്റുചെയ്യാവൂ എന്ന് ശാഠ്യം പിടിക്കേണ്ട കാര്യമില്ല. കാരണം ബ്ലോഗ് എന്നത് ഒരാളുടെ പേഴ്സണല്‍ ഡയറിപോലെ ഒരു സ്വകാര്യ സ്വത്താണ്. (പഴയ പേഴ്സണല്‍ ഡയറിയുടെ ഡിജിറ്റല്‍ ഫോം). അവിടെ അവനവന് ഇഷ്ടമുള്ളതെന്തും, ബ്ലോഗ് പ്രൊവൈഡറുടെ നിര്‍ദ്ദേശങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാകും വിധത്തില്‍ പ്രസിദ്ധീകരിക്കാനുള്ള പൂര്‍ണ്ണ അധികാരം ബ്ലോഗര്‍ക്കുണ്ട്. അതില്‍ വരുന്ന ഇഷ്ടമില്ലാത്ത കമന്റുകളോ നിര്‍ദ്ദേശങ്ങളോ ഡിലീറ്റ് ചെയ്യാന്‍ ബ്ലോഗിന്റെ ഉടമക്ക് പൂര്‍ണ്ണ സ്വതന്ത്യവുമുണ്ട്. അച്ചടിമാധ്യമം പോലെ ഒരു മാധ്യമമായ് ബ്ലോഗിനെ മാറ്റിയെടുത്ത് അവിടെ കഥകളും കവിതകളും സാഹിത്യ സ്യഷ്ടികളും മാത്രമേ പാടുള്ളൂ എന്നു ശാഠ്യം പിടിക്കുന്ന സങ്കുചിത മനസ്ഥിതിയോ, അല്ലങ്കില്‍ ബ്ലോഗില്‍ ഒരു പോസ്റ്റിട്ടാല്‍ അതില്‍ സാഹിത്യം കുത്തിനിറച്ചിരിക്കണമന്നോ ആയ തെറ്റായ ധാരണ ഉടലെടുക്കുകയും പ്രചരിക്കയും ചെയ്തിട്ടുണ്ട്. ബ്ലോഗ് മീറ്റുകളുടെ പാര്‍ശ്വഫലമായാണ് ഇങ്ങനെ ഒരു അബദ്ധധാരണ ഉണ്ടായിട്ടുള്ളതന്നാണ് എനിക്ക് തോന്നാറുള്ളത്.

എന്നാല്‍ ഇവിടെ "എന്റെ അക്ഷരങ്ങള്‍ നിങ്ങള്‍ക്കൊരു സാന്ത്വനമാകട്ടെയെന്ന് ആശിച്ചു കൊണ്ട് ഞാന്‍ എഴുതുന്നു" എന്നു മുഖവുരയോടെ "ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുക" എന്ന പഴമെഴിയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് എഴുതുകയും, അത് മെയില്‍ വഴിയും ഒര്‍ക്കട്ട് വഴിയും ചാറ്റ് വഴിയും മെസേജ് അയച്ച്, "എന്റെ പുതിയ കവിത വായിക്കുക അഭിപ്രായം പറയുക" എന്ന പരസ്യ വാചകത്തോട് നിരന്തരം ശല്യപ്പെടുത്തുന്നുവന്നതാണ് ഏറ്റവും വലിയ പ്രശ്നം. ഇഷ്ടമുണ്ടങ്കില്‍ ഞാന്‍ വന്നു വായിച്ചുകൊള്ളാം, മെയിലും മെസേജും അയച്ച് ബുദ്ധിമുട്ടേണ്ടതില്ല എന്ന് കാണിച്ച് പലതവണ മെസേജായും കമന്റായും നിശാഗന്ധി എന്ന പ്രസ്തുത ബ്ലോഗറോട് അഭ്യര്‍ത്ഥിച്ചതാണ്. എന്നാല്‍ ആ കമന്റുകളെല്ലാം, നിമിഷങ്ങള്‍ക്കുള്ളില്‍ ഡിലീറ്റ് ചെയ്യുകയും പിന്നീടും അതേ പല്ലവി ആവര്‍ത്തിക്കയുമാണ് ചെയ്തത്.

ആദ്യകാലങ്ങളില്‍ ഏതാനും കവിതകള്‍ക്ക് ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ കമന്റിട്ട് പ്രോല്‍സാഹിപ്പിക്കയും, കവിതയന്നതിനപ്പുറം പാട്ട് മാത്രമാണവയന്ന് ചൂണ്ടികാട്ടുകയും ചെയ്തു. അന്ന് "കവിതകളുടെയും പാട്ടുകളുടെയും കുറിച്ചുള്ള അഭിപ്രായങ്ങള്‍ എന്റെ ബ്ലോഗില്‍ ദയവ്വു ചെയ്തു എഴുതുമല്ലോ" എന്ന ശുദ്ധമലയാളം നിശാഗന്ധി പ്രൊഫൈലില്‍ എഴുതിചേര്‍ക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് കണ്ട പോസ്റ്റുകള്‍, മാത്യദിനത്തില്‍ ഒരു അമ്മപാട്ട്, കുടിവെള്ള ദിനത്തില്‍ കുടിവെള്ള പാട്ട്, മരദിനത്തില്‍ മരപ്പാട്ട് എന്നിങ്ങനെ ദിവസവും കവിതകള്‍ പോസ്റ്റുചെയ്യാന്‍ തുടങ്ങിയപ്പോള്‍, ഈ കവിതയെഴുത്തിന്റെ പോക്ക് എങ്ങോട്ടന്ന് മനസ്സിലാകാഞ്ഞപ്പോള്‍ മുതല്‍, മെയിലുകള്‍ വഴിയോ ഒര്‍ക്കട്ടുവഴിയോ തന്റെ കവിതകളിലേക്ക് ക്ഷണിച്ചിട്ടും ആവഴിപോകാന്‍ തോന്നിയില്ല. പല ബ്ലോഗുകളും വായിക്കുകയും, നന്ന് എന്ന് തോന്നിയില്‍ ഒന്നും മിണ്ടാതയും, വളരെ നന്ന് എന്നോ, വളരെ മോശം എന്നോ തോന്നിയാല്‍ അത് തുറന്ന ഒരു കമന്റായ് ഇടുകയും ചെയ്യുകയാണ് ഞാന്‍ ചെയ്യാറ്. എന്നാല്‍ പലപ്പോഴും നിശാഗന്ധിയില്‍ കമന്റിടാന്‍ നിര്‍ബന്ധിതനാകുകയാണ് പതിവ്. ഇല്ലങ്കില്‍ അവിടെ ഒരു കമന്റ് വീഴും വരെ എന്റെ ഇന്‍ബോക്സില്‍ മെയിലുകള്‍ വീണുകൊണ്ടിരിക്കും. മാത്യദിനം എന്ന കവിതയിലെ കമന്റുകള്‍ കാണാവുന്നതാണ്. ഒഫീഷ്യല്‍ മെയിലും, ബ്ലോഗിങിന് ഉപയോഗിക്കുന്ന മെയിലും ഒന്നു തന്നെ ആയതിനാല്‍ സ്പാം മെയിലുകള്‍ ഒരു ബുദ്ധിമുട്ടുതന്നയാണ്.

കവിതകള്‍ മാനഭംഗപ്പെടുമ്പോള്‍ എന്ന സന്തോഷങ്ങളിലെ പോസ്റ്റിനെ നഖശികാന്തം എതിര്‍ത്തും, നൂറുശതമാനം മാര്‍ക്ക് നല്‍കിയുമുള്ള കമന്റുകള്‍ കാണാവുന്നതാണ്. എന്നാല്‍ ഒരാള്‍ എങ്ങനെ കവിതയെഴുതുന്നു എന്നതിനപ്പുറം, അയാള്‍ എന്തും എഴുതട്ടെ, സ്വന്തം ബ്ലോഗില്‍ പോസ്റ്റുചെയ്യട്ടെ. എന്നാല്‍, അത് മറ്റുള്ളവര്‍ക്ക് ഒരു ശല്യമാകാതെ നോക്കുക എന്നതാണ് പ്രധാനം. വായിക്കേണ്ടവര്‍ വായിക്കട്ടെ അഭിപ്രായം എഴുതേണ്ടവര്‍ എഴുതട്ടെ. തന്റെ കവിതകള്‍ മറ്റുള്ളവര്‍ വായിക്കണമന്ന് നിര്‍ബന്ധം പിടിക്കയും, കന്റുകള്‍ ഇട്ട്പോകൂ എന്ന് ഇരക്കുകയും ചെയ്യുന്നവര്‍ ആര്‍ക്കുവേണ്ടിയാണ്, എന്തിനുവേണ്ടിയാണ് കവിതയെഴുതുന്നത് എന്നത് മനസ്സിലാക്കാന്‍ അധികം വിവരമൊന്നും ആവശ്യമില്ല. അങ്ങനെ ഒരു സ്ഥിതിവിശേഷത്തിലേക്ക് എത്തിപ്പെടുമ്പോള്‍ കവിയും കവിതയും പരാജയെപ്പെടുന്നു. മേലിലങ്കിലും ആരും ആര്‍ക്കും ശല്യമാകാത്തരീതിയില്‍ കവിതയും കഥയുമൊക്കെ ബ്ലോഗില്‍ പോസ്റ്റുചെയ്താല്‍ നാന്നായിരിക്കും. കഴിയുന്നിടത്തോളം എഴുതുക, പോസ്റ്റുചെയ്യുക, വായിക്കേണ്ടവര്‍ വന്ന് വായിച്ചുകൊള്ളൂം. അതിന് മെയിലിന്റെയോ, ഓര്‍ക്കട്ടിന്റെയോ, ഗൂഗിള്‍ ടോക്കിന്റെയോ ആവശ്യകതയില്ല. നിങ്ങളുടെ പോസ്റ്റുകള്‍ വായനക്കാരിലെത്തിക്കാന്‍ ഇന്ന് ധാരളം മലയാളം അഗ്രിഗേറ്ററുകളുണ്ട്. ആവശ്യക്കാര്‍ ‍‍അഗ്രിഗേറ്റര്‍ വഴിയോ, അല്ലങ്കില്‍ ബ്ലോഗ് ഫോളോ ചെയ്തോ, RSS ഫീഡുകള്‍ വഴിയോ, മറ്റ് ബ്ലോഗ് റീഡേഴ്സ് വഴിയോ വായിച്ചുകൊള്ളും. ഇനിയങ്കിലും വായനക്കാരനെ അവന്റെ വഴിക്കു വിട്ടേക്കുക.

2009-06-26

തമിഴ്‌നാട്ടില്‍ ചികിത്സ പൂര്‍ണമായും സൗജന്യം-കേരളം കണ്ടുപഠിക്കട്ടെ  

തമിഴ്‌നാട്ടില്‍ എല്ലാ സര്‍ക്കാര്‍ ആസ്‌പത്രികളിലും ഇനിമുതല്‍ ചികിത്സ സൗജന്യമായിരിക്കും. സര്‍ക്കാര്‍ ആസ്‌പത്രികളില്‍ ഇതുവരെ സൗജന്യ ചികിത്സയ്‌ക്ക്‌ വരുമാന പരിധിയുണ്ടായിരുന്നു. ഈ വരുമാനപരിധി എടുത്തു കളയുന്നതോടുകൂടി സംസ്ഥാനത്തെ എല്ലാപൗരന്മാര്‍ക്കും സര്‍ക്കാര്‍ ആസ്‌പത്രികളുടെ സേവനം സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. പ്രതിമാസം 1999 രൂപയില്‍ താഴെയുള്ളവര്‍ക്ക്‌ മാത്രമാണ്‌ ഇതുവരെ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ആസ്‌പത്രികളില്‍ സൗജന്യ ചികിത്സ നല്‍കിയിരുന്നത്‌. ''ഈ വര്‍ഷം മുതല്‍ സര്‍ക്കാര്‍ ആസ്‌പത്രികളില്‍ സൗജന്യ ചികിത്സയ്‌ക്ക്‌ വരുമാന പരിധിയുണ്ടായിരിക്കില്ല. എല്ലാവര്‍ക്കും സര്‍ക്കാറിന്റെ മെഡിക്കല്‍ സേവനങ്ങള്‍ സൗജന്യമായിരിക്കും.

എന്നാണാവോ കേരളത്തിലെ പാവപ്പെട്ടവര്‍ക്കെങ്കിലും സൗജന്യമായ് വൈദ്യസഹായം ലഭ്യമാകുക. കേരളത്തില്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് പേരിന് ഇങ്ങനെ ഒരു പദ്ധതി കൊണ്ടുവന്നിരുന്നു. എന്നിട്ട് എല്ലാവരേയും ദാരിദ്ര്യരേഖക്ക് മുകളിലാക്കി. എങ്ങനെയുണ്ട് സാക്ഷരകേരളത്തിന്റെ ബുദ്ധി.

2009-06-25

ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ ഗൂഡാലോചന നടത്തി. ദേശാഭിമാനിയുടെ മുഖ പ്രസംഗം.  

മുന്‍ വിദ്യുത്ഛക്തി മന്ത്രി കോണ്‍ഗ്രസിലെ ജി കാര്‍ത്തികേയനെക്കൂടി പ്രതിയാക്കാനുളള ആവേശത്തിനിടക്ക് പിണറായി വിജയന്‍ ലാവലിന്‍ ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നെന്ന് ഇടതുപക്ഷത്തിന്റെ മുഖപത്രം ദേശാഭിമാനി സമ്മതിച്ചിരിക്കുന്നു. ഇന്നത്തെ ദേശാഭിമാനിയുടെ ലാവലിന്‍ കേസിലെ രാഷ്‍‍ട്രീയം എന്ന മുഖപ്രസംഗത്തിലാണ് പിണറായിയുടെ ഗൂഢാലോചനയെക്കുറിച്ച് വ്യക്തമായി പറഞ്ഞിരിക്കുന്നത്.

“ഗൂഢാലോചനക്ക് തുടക്കം കുറിക്കുകയും ഒരു ഘട്ടംവരെ ഗൂഢാലോചനയില്‍ പിണറായി ഇല്ലാതെതന്നെ പങ്കാളിയാവുകയും ചെയ്ത കാര്‍ത്തികേയനെ പ്രതിയാക്കാതിരുന്നത് കാര്‍ത്തികേയന്‍ കോണ്‍ഗ്രസ് നേതാവായതുകൊണ്ടു മാത്രമാണെന്നു കരുതിയാല്‍ തെറ്റില്ലല്ലോ”. എന്നാണ് ദേശാഭിമാനിയുടെ മുഖപ്രസംഗത്തിലെ വാചകം. എല്ലാം പുറത്താകും എന്ന സ്ഥിതിവിശേഷത്തിലേക്ക് ലാവലിന്‍ വരുന്നുവന്ന് മനസ്സിലാക്കുന്ന കമ്യൂണിസ്റ്റ്പാര്‍ട്ടി പിണറായി വിജയനെ കൈവിട്ട് പാര്‍ട്ടിയുടെ മാനം രക്ഷിക്കാന്‍ തീരുമാനിച്ചു എന്നുവേണം കരുതാന്‍.

ദേശാഭിമാനിയിലെ മുഖപ്രസംഗം ഇവിടെ വായിക്കാം.

കടപ്പാട്: ദേശാഭിമാനി ജൂണ്‍ 24

2009-06-22

ഒരു സങ്കീര്‍ത്തനംപോലെ അറബി ഭാഷയിലേയ്ക്ക്‌  

പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനംപോലെ എന്ന നോവല്‍ അറബിഭാഷയിലേയ്ക്ക് മൊഴിമാറ്റം ചെയ്യുന്നു. ഈജിപ്ഷ്യന്‍ കവി മുഹമ്മദ് ഈദ് ഇബ്രാഹിമാണ് പരിഭാഷകന്‍. കലിമ ബുക്‌സാണ് അറബി പതിപ്പിന്റെ പ്രസാധകര്‍. മൊഴിമാറ്റം സംബന്ധിച്ച കരാര്‍ കഴിഞ്ഞ ദിവസം ഒപ്പിട്ടു. ഡോ. അലി ബിന്‍ തമീം, മസ്‌റൂഈ, ഐഷാ അല്‍ കഅബി, എസ്. എ.ഖുദ്‌സി എന്നിവരുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പിട്ടത്. 15 വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ഒരു സങ്കീര്‍ത്തനംപോലെ ഇതുവരെയായി നാലു ഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. പതിനഞ്ച് പതിപ്പുകള്‍ ഇറങ്ങി. നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഇതിന് പുറമെ മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ അഗ്‌നിച്ചിറകുകള്‍, അമൃതാപ്രീതത്തിന്റെ അസ്ഥിക്കൂടം, സത്യജിത്‌റായുടെ ജീവചരിത്രം, അമിതാവ് ഘോഷിന്റെ ഒരു പുരാതനദേശം എന്നിവയും കലിമ അറബി ഭാഷയില്‍ മൊഴിമാറ്റം ചെയ്ത് പ്രസിദ്ധീകരിക്കുന്നുണ്ട്.

2009-06-14

എന്റെ ഗുരുനാഥന്‍  

രണ്ടിലോ മൂന്നിലോ വച്ച്‌, എന്റെ അമ്മയും, ഏട്ടനും, ഞാനും ഒക്കെ പഠിച്ച ഒരു പദ്യം. സ്കൂളില്‍ പഠിക്കുന്നകാലത്ത് അമ്മയായിരുന്നു എന്നെ പാഠങ്ങള്‍ ചൊല്ലി പഠിപ്പിച്ചിരുന്നത്. ഈണത്തില്‍ അന്ന് അമ്മ പാടിപഠിപ്പിച്ച മാമ്പഴം, ക്യഷ്ണ ഗാഥ, ചണ്ഡാല ഭിക്ഷുകി തുടങ്ങിയ പദ്യങ്ങളെല്ലാം ഇന്നലെപോലെ ഓര്‍മ്മയിലുണ്ട്. വഷങ്ങള്‍ പലതു കഴിഞ്ഞങ്കിലും അമ്മക്ക് ഇന്നും ആ വരികളൊക്കെ ഓര്‍മ്മയില്‍ ഭദ്രം. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ സന്ദര്‍ഭവശാല്‍ അമ്മ എന്റെ ഗുരുനാഥന്‍ എന്ന പദ്യം ഒരിക്കല്‍കൂടി ചൊല്ലികേള്‍ക്കാനിടയായി. ഏട്ടനെ അമ്മ ചൊല്ലിപഠിപ്പിക്കുന്നതുകേട്ട്, ഞാന്‍ സ്‌കൂളില്‍ പോയി തുടങ്ങുന്നതിനും മുന്‍പേ ഹ്യദിസ്ഥമാക്കിയ ഈ കവിത ഒരു ഗ്രഹാതുരതയുടെ ഓര്‍മ്മക്കായി പോസ്റ്റുചെയ്യുന്നു. നിസ്വാര്‍ത്ഥരായ നാട്ടിലെ അധ്യാപക ദമ്പതികള്‍ തന്റെ മക്കളെപോലെ സ്വന്തം വീട്ടില്‍ താമസിപ്പിച്ചു പഠിപ്പിക്കുന്ന കുറേ കുട്ടികള്‍ മനോഹരമായ ഈ കവിത ചൊല്ലുന്നതിന്റെ വീഡിയോകൂടി ഇവിടെ ചേര്‍ക്കുന്നു.

തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയം
ഇന്നലെ കണ്ണീര്‍വാര്‍ത്തു കരഞ്ഞീടിനവാന-
മിന്നിതാ ചിരിക്കുന്നു പാലോളി ചിതറുന്നു
മുള്‍ച്ചെടിത്തലപ്പിലും പുഞ്ചിരിവിരിയാറു-
ണ്ടച്ചെറു പൂന്തോപ്പിലെ പനിനീരുരയ്‌ക്കുന്നു
മധുവിന്‍ മത്താല്‍ പാറി, മൂളുന്നു മധുപങ്ങള്‍,
മധുരമീ ജീവിതം, ചെറുതാണെന്നാകിലും
ആരെല്ലെന്‍ ഗുരുനാഥരാല്ലെന്‍ ഗുരുനാഥര്‍
‍പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ
തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയം



2009-06-01

'ടൈറ്റാനിക്കിലെ' അവസാന യാത്രികയും മരിച്ചു  

ടൈറ്റാനിക്‌ കപ്പല്‍ ദുരന്തത്തില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ ജീവിച്ചിരുന്നവരില്‍ അവസാന ആളായിരുന്ന മില്‍വിന ഡീന്‍ (97) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ സൗത്ത്‌ ഇംഗ്ലണ്ടിലെ ആസ്‌പത്രിയില്‍ ചികിത്സയിലായിരുന്നു അവര്‍. 1912 ല്‍ ടൈറ്റാനിക്‌ കപ്പല്‍ തകര്‍ന്നപ്പോള്‍ അതില്‍ യാത്ര ചെയ്‌തിരുന്ന മില്‍വിനയ്‌ക്ക്‌ രണ്ട്‌ മാസം മാത്രമായിരുന്നു പ്രായം. മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പമായിരുന്നു മില്‍വിന. അപകടത്തില്‍ മറ്റ്‌ 1500 യാത്രക്കാരോടൊപ്പം മില്‍വിനയുടെ പിതാവും മരിച്ചു.

അവസാന കാലത്ത്‌ സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടര്‍ന്ന്‌ ടൈറ്റാനിക്ക്‌ കപ്പലുമായി ബന്ധപ്പെട്ട ചില വസ്‌തുക്കള്‍ ലേലത്തിന്‌ വെച്ച മില്‍വിന വീണ്ടും വാര്‍ത്തയായിരുന്നു. ഇതേത്തുടര്‍ന്ന്‌ ടൈറ്റാനിക്കിന്റെ കഥ അഭ്രപാളികളിലെത്തിച്ച ജയിംസ്‌ കാമറൂണും ചിത്രത്തിലെ നായികാ നായകന്മാരും മില്‍വിനയെ സഹായിച്ചു.