Search this blog


Home About Me Contact
2008-05-28

ചിന്തകള്‍ എന്നെ ഭ്രാന്ത് പിടിപ്പിക്കും‌മുമ്പേ.... അവശേഷിച്ച ഈ ചലനവും നിലച്ചങ്കില്‍  

ചില ജന്മങ്ങളുണ്ട് - പൂമൊട്ടു പോലെ വിടര്‍ന്നു വരുന്നു, അഴകു ചൊരിയുന്നു, മണം വീശി തുടങ്ങുന്നു, പെട്ടെന്ന് സ്വയം പിച്ചിയെറിയുന്നു! വെറും മണ്ണിലേക്ക്. കാരണമെന്തെന്നറിയില്ല. ആര്‍ക്കും അത് ഗണിച്ചെടുക്കാനുമാകില്ല... നന്ദിത എന്ന പെണ്‍കുട്ടിയും അങ്ങനെ ഓടിച്ചെന്ന് മൃത്യുവിന്റെ കരം പിടിച്ചവളാണ്. സ്വയം കെടുത്തി കളയും മുന്‍പ് അവളുടെ മനസിലും ഒട്ടേറെ നക്ഷത്രങ്ങളുണ്ടായിരുന്നു. തിളങ്ങുന്നവ, അവള്‍ക്കു മാത്രം സ്വന്തമായവ:

-സുഗതകുമാരി-.

നന്ദിത...അകാലത്തില്‍ പൊലിഞ്ഞുപോയ നക്ഷത്രം

1969 മെയ്‌ 21ന്‌ വയനാട്‌ ജില്ലയിലെ മക്കടി മലയിലാണ്‌ നന്ദിത ജനിച്ചത്‌. അച്‌ഛന്‍ ശ്രീധര മേനോന്‍, അമ്മ പ്രഭാവതി... ഇഗ്ലീഷില്‍ M.A യും B. Ed ഉം എടുത്തു...
വയനാട്ടില്‍ വീട്ടിനടുത്തുള്ള മുട്ടില്‍ വയനാട്‌ മുസ്ലിം ഓര്‍ഫനേജ്‌ കോളേജില്‍ ഇഗ്ലീഷ്‌ അദ്ധ്യാപികയായിരുന്നു.... 1999 ജനുവരി 17ന്‌ സ്വയം ജീവിതം അവസാനിപ്പിച്ചു. കാരണം അജ്ഞാതം. നന്ദിത വിവാഹിതയായിരുന്നു. ഒരിക്കലും അഡ്ജസ്റ്റ്‌ ചെയ്യാന്‍ പറ്റില്ലെന്നറിഞ്ഞുകൊണ്ടു തന്നെയായിരുന്നു ബത്തേരിക്കാരനായ അജിത്തിനെ വിവാഹം കഴിച്ചത്‌... ഒരു വാശിതീര്‍ക്കലായി വേണം അതിനെ കാണാന്‍...

സ്നേഹത്തിനുവേണ്ടി ഉഴറുകയും ലഭിക്കാതെ വന്നപ്പോള്‍ തന്നോടുതന്നെ പ്രതികാരം വീട്ടുകയും വഴികളെല്ലാം അടഞ്ഞുപോയി എന്നു തോന്നിയപ്പോള്‍ ഈ ലോകം വിട്ടുപോവുകയും ചെയ്ത നന്ദിത സ്വന്തം ജീവിതത്തിന്റെ ബാക്കിപത്രമായി കുറെ കവിതകള്‍ അവശേഷിപ്പിച്ചിരുന്നു. പക്ഷെ എല്ലാം രഹസ്യമാക്കിവച്ചു. അമ്മയും അച്‌ഛനും അനിയനും പോലും അക്കാര്യം അറിയുന്നത്‌ നന്ദിത ഇവിടം വിട്ടു പോയശേഷമാണ്‌. മറ്റുള്ളവരെപ്പോലെ ഭാവനയില്‍ വിടരുന്ന ചിത്രങ്ങള്‍ അക്ഷരങ്ങളാക്കി കടലാസില്‍ കോറിയിടുകയായിരുന്നില്ല നന്ദിത ചെയ്തിരുന്നത്‌. പിന്നയോ, തന്റെ സ്വകാര്യങ്ങള്‍, അജ്ഞാതനായ കാമുകന്‍, സങ്കടങ്ങള്‍, ജീവിതത്തോടുള്ള കാഴ്ച്ചപ്പാട്‌, മരണം ഇവയെല്ലാമായിരുന്നു അവളുടെ കവിതകള്‍ക്ക്‌ വിഷയമായിരുന്നത്‌.

നന്ദിത പഠിക്കാന്‍ മിടുക്കിയായിരുന്നു; സുന്ദരിയായിരുന്നു. കോഴിക്കോട്‌ ചാലപ്പുറം ഗവണ്‍മന്റ്‌ ഗേള്‍സ്‌ ഹൈസ്കൂള്‍, ഗുരുവായൂരപ്പന്‍ കോളേജ്‌, ഫാറൂഖ്‌ കോളേജ്‌, Calicut University English Dept. Mother Theresa Women's University - Chennai എന്നിവിടങ്ങളില്‍ ഒന്നാം നിരക്കാരിയായി വിദ്യാഭ്യാസം. 1999 ജനുവരി 17ന്‌ പെട്ടന്ന് നന്ദിത ജീവിതം അവസാനിപ്പിച്ചു. കാരണം ദുരൂഹം.

അന്ന് കിടക്കാന്‍ പോവുന്നതിനുമുമ്പ്‌ അമ്മയോടു നന്ദിത പറഞ്ഞു; "അമ്മേ ഒരു ഫോണ്‍ വരും. ഞാന്‍ തന്നെ അറ്റന്റു ചെയ്തുകൊള്ളാം." ആ ഫോണ്‍ കോള്‍ വന്നതായി അച്‌ഛനോ അമ്മയോ കേട്ടില്ല. അര്‍ദ്ധരാത്രി എന്തിനോവേണ്ടി അമ്മ ഡ്രോയിംഗ്‌ റൂമിലേക്കു വന്നപ്പോള്‍ മുകളിലെമുറിയോട്‌ ചേര്‍ന്നുള്ള ടെറസ്സില്‍ നിന്നു താഴെക്കു സാരിയില്‍ കെട്ടിത്തൂങ്ങിക്കിടക്കുന്നു. അമ്മ എത്തുന്നതിന്‌ എത്രയോ മുമ്പേ അവള്‍ പോയിക്കഴിഞ്ഞിരുന്നു. യൂണിവേഴ്‌സിറ്റിയില്‍ നന്ദിതയെ പഠിപ്പിച്ച ഒരദ്ധ്യാപകന്‍ പറയുന്നു; "മിടുക്കിയായിരുന്നു, ബുദ്ധിപരമായ ചര്‍ച്ചകളില്‍ അവള്‍ക്ക്‌ പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. ഹൃദ്യവും ആകര്‍ഷണീയവുമായ പെരുമാറ്റം. ജീവിതത്തോട്‌ അഗാധമായ മമത. എങ്ങനെ സംഭവിച്ചു ഈ ദുരന്തം?"

എല്ലാം ഒരു പകപോക്കലായി കരുതേണ്ടിയിരിക്കുന്നു. സ്വന്തമാക്കാന്‍ ആഗ്രഹിക്കുകയും സാധിക്കാതെ പോവുകയും ചെയ്ത നക്ഷത്രസൗഹൃദത്തിന്റെ നിരാകരണമാവാം സ്വന്തം ജീവിതത്തോട്‌ ഇത്തരത്തിലൊരു ക്രൂരത കാട്ടാന്‍ അവളെ പ്രേരിപ്പിച്ചത്‌.

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പരിചിതര്‍ക്കും അര്‍ത്ഥം മനസ്സിലാവാതെ കിടക്കുന്ന ഒട്ടേറെ താളുകള്‍ നന്ദിതയുടെ ജീവിത പുസ്തകത്തിലുണ്ട്‌. പക്ഷേ, എല്ലാ നിഗൂഢതകള്‍ക്കും കടങ്കഥകള്‍ക്കും ഉത്തരം നല്‍കാന്‍ പോന്ന കുറേ കവിതകള്‍ നന്ദിത എഴുതിയിട്ടുണ്ട്‌, ഡയറിക്കുറിപ്പുകളായ്‌. 1985 മുതല്‍ 1993 വരെ എഴുതിയിട്ടുള്ള കവിതകള്‍ നന്ദിതയുടെ ആത്മകഥയുടെ ചില അദ്ധ്യായങ്ങളാണ്‌. 1993 മുതല്‍ 1999 വരെയുള്ള കവിതകള്‍ കണ്ടുകിട്ടേണ്ടതുണ്ട്‌.

വീണുപോയ ഇളംപൂവിനെയോര്‍ത്തു കണ്ണുനിറഞ്ഞിട്ടെന്തു കാര്യം? നന്ദിത ജന്മദുഃഖങ്ങളുടെ മഹാന്ധകാരത്തിനു മുന്നില്‍ പകച്ചുനിന്നുപോയി. ആ അന്ധകാരത്തിന്റെ ഒരു ചീളുവന്ന് അവളെ തന്നിലേക്കുചേര്‍ത്തണച്ചു. മറ്റൊന്നും സാധ്യമല്ലായിരുന്നു. പെട്ടന്നു കെട്ടുപോവാന്‍ മാത്രം തെളിഞ്ഞൊരു കാര്‍ത്തിക വിളക്ക്‌. സൗമ്യപ്രകാശവും സുഗന്ധവും സൗന്ദര്യവും തികഞ്ഞതെങ്കിലും രണ്ടുതുള്ളി മാത്രം എണ്ണപകര്‍ന്നൊരു ഒറ്റത്തിരി വിളക്ക്‌ - അതിനു കെടാതെ വയ്യല്ലോ?

നന്ദിതയുടെ കവിതകള്‍ ഇവിടെ.
-നന്ദിതയെകുറിച്ച് ‍എഴുതിയ സുഹൃത്ത് ഹേമനന്ദിന് നന്ദി-

-ഒലിവ് പബ്ലിക്കേഷന്‍സിനോട് കടപ്പാട്-

2008-05-25

സര്‍‌വ്വകലാശാല-അതിരു കാക്കും മലയൊന്നു തുടുത്തേ...  

ഒരു നീണ്ട ഇടവേളക്കുശേഷമാണ് ഇവിടെ ഒരു പോസ്റ്റ്.

വര്‍ഷങ്ങള്‍കൊണ്ട് മൂളിനടന്ന ഒരു കവിത. ഒരുകാലഘട്ടത്തില്‍ സൂപ്പര്‍ ഹിറ്റായിരുന്ന "സര്‍‌വകലാശാല" (1987) എന്ന സിനിമയിലെ ഗാനം. ഗാനം എന്നതിലുപരി‍ ഒരു ചെറുകവിത. അന്ന് കാമ്പസ്സുകളിലെ ഇടനാഴികളില്‍ ‍ യുവമനസ്സുകള്‍ മൂളിനടന്ന കാവാലം നാരായണപണിക്കറുടെ ആ വരികള്‍ ഒരു പോസ്റ്റായി ഇവിടെ ഇടുകയാണ്..

ചിത്രം: സര്‍‌വകലാശാല.
രചന: കാവാലം നാരായണ പണിക്കര്‍
സം‌ഗീതം: എം. ജി രാധാക്യഷ്‌ണന്‍

അതിരു കാക്കും മലയൊന്നു തുടുത്തേ തുടുത്തേ തകതകതാ.....
അങ്ങു കിഴക്കത്തെ ചെന്താമര കുളിരിന്റെ ഈറ്റില്ല തറയിലെ
പേറ്റുനോവിന്‍ പേരാറ്റുറവ ഉരുകിയൊലിച്ചേ തകതകതാ.....

ചതിച്ചില്ലേ,നീരാളി ചതി ചതിച്ചില്ലേ,
നീ ചതിച്ചേ തകതകതാ .....
മാനത്തുയര്‍ന്ന മനകോട്ടയല്ലേ തകര്‍ന്നേ തകതകതാ.....
തകര്‍ന്നിടത്തൊരുതരി തരിയില്ല പൊടിയില്ല,പുകയുമില്ലേ തകതകതാ.....
മാനത്തുയര്‍ന്ന മനകോട്ടയല്ലേ തകര്‍ന്നേ തകതകതാ.....

തകര്‍ന്നിടത്തൊരുതരി തരിയില്ല പൊടിയില്ല,പുകയുമില്ലേ തകതകതാ.....
കാറ്റിന്റെ ഉലച്ചിലില്‍ ഒരു വള്ളിക്കുരുക്കില്‍ കുരലൊന്നു മുറുകി,തടിയൊന്നു ഞെരിഞ്ഞു
ജീവന്‍ ഞരങ്ങി..തക ..തക.. താ....